Tuesday, 26 January 2016

മാതൃകാ ദമ്പതികൾ

"അറിഞ്ഞോ? കാത്തുവിനു മൂന്നാമതും...." മീനുവമ്മ  ചോദിച്ചു.
"ലബ്ബപ്പാ പറഞ്ഞിരുന്നു." മാധവനാശാരി പറഞ്ഞു. 
മാധവനാശാരിയും മീനുവമ്മയും ഭാര്യാഭർത്താക്കന്മാരാണ്. അവരുടെ സ്വകാര്യ നിമിഷങ്ങളാണ് രാത്രി ഒന്പത് മുതൽ പത്തു വരെ. ഇങ്ങിനെ ഏതെങ്കിലും ഒരു ചൂടൻ നാട്ടുവാർത്തയുമായാണ് അവരുടെ ചർച്ചാസമ്മേളനം സാധാരണ  തുടങ്ങുക.

അവർക്കു മക്കളില്ല, മക്കളുണ്ടാവാൻ മണ്ണാർക്കാട്ടോ വേളാങ്കണ്ണിയിലൊ ഹെൽത്ത് സെന്ററിലോ ഒന്നും അവർ ഇന്നേവരെ പോയിട്ടുമില്ല; അതിനേപ്പറ്റി ഒരുൽക്കണ്ഠയും അവർക്കുള്ളതായി ആരും പറഞ്ഞു കേട്ടിട്ടുമില്ല.

രാവിലെ ഒരെട്ടുമണിയോടെ മാധവനാശാരി ഉളിയും സഞ്ചിയുമായിറങ്ങും; മീനുവമ്മ തൊഴിലുറപ്പുമായി പോകും, പിന്നാലെ. മീനുവമ്മ അഞ്ചു മണിയാകുമ്പോൾ തിരിച്ചു വരും, അത്യാവശ്യം അരിസാമാനങ്ങളുമായി; മാധവനാശാരി വരുമ്പോൾ ഒന്പത് മണി കഴിയും.

വീടിനു പൂട്ടും താക്കോലുമില്ലാത്തതുകൊണ്ട് ആർക്കു വേണേലും, എപ്പോ വേണേലും ആ വീട്ടിൽ കേറാം, ഇരിക്കാം, കുടിക്കാം, കിടക്കാം. കോളണിയിലുള്ളവർക്കറിയാം അതിനുള്ളിൽ കയറിയാൽ കള്ളനും പ്രാകിയിട്ടേ ഇറങ്ങി പോകൂവെന്ന്.

ആശാരിക്കു സ്വന്തം, ഓലക്കുടിലെന്നു പറഞ്ഞതു പോലെയാ മാധവനാശാരിയുടേയും  കാര്യം. മാധവനാശാരി കണക്കു കുറിച്ചിട്ട് അവിടൊരു വീടുണ്ടാകില്ല, ഉണ്ടാകാഞ്ഞിട്ട് മീനുവമ്മക്കും പരാതിയുണ്ടായിരുന്നില്ല; അതൊരൽഭുതമെന്നേ പറയേണ്ടൂ. ഒത്തിരി മക്കളും ഇട്ടുമൂടാൻ സ്വത്തുള്ളവരുമായ സഹൃദയരായ നാട്ടുകാർക്ക്, അത്ഭുത പ്രതിഭാസങ്ങളായിരുന്നു മാധവനാശാരിയും മീനുവമ്മയും. ഇവരൊരിക്കലും പരസ്പരം പടവെട്ടിയതായി കോളണിക്കാർക്കും പറയാനില്ലായിരുന്നു.

മാധവനാശാരി സ്ഥലത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ആശാരിയാണെന്നു പറയാം. വലിയും ചീട്ടുകളിയുമൊന്നും മാധവനാശാരിക്കില്ല. പണിയുവാണേൽ നല്ലപോലെ പണിയുകയും ചെയ്യും. മാധവാനാശാരി ഉളി പുറത്തെടുത്താൽ ആയിരം പണം ഉറപ്പ്. പക്ഷേ, ഇതിലൊരു ചില്ലി പോലും വീട്ടിലെത്തില്ല. കേരളാ ഗവണ്മെന്റിനെ ആ പണം കൈക്കൊള്ളാനുള്ള ഭാഗ്യമുണ്ടാവൂ. സിവിൽ സപ്ലൈസ് അടഞ്ഞു കിടന്നാൽ അന്നു കിട്ടുന്നതിൽ പകുതി ഗീവർഗ്ഗീസ് പുണ്യവാളനും കൊടുക്കും, പകുതി പരമശിവനും കൊടുക്കും. രോഗങ്ങളിൽ നിന്നവരെ രക്ഷിക്കുന്നതിന് വി. ഗീവർഗ്ഗീസിനേയും ശത്രുക്കളിൽ നിന്നവരെ രക്ഷിക്കുന്ന ചുമതല സാക്ഷാൽ പരമശിവനേയുമാണ് മാധവനാശാരി ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്.

സിവിലുകാരുടെ ജവാൻ പക്ഷേ, കുടിച്ചു തീർക്കുന്നത് മാധവനാശാരി തനിച്ചല്ല. ചന്തയുടെ ഒഴിഞ്ഞ മൂലയിലുള്ള ഇറച്ചിക്കടയുടെ തട്ടിലെത്തുന്ന മാധവാനാശാരിയെ കാത്ത്, ഒരിറക്കിനു സമ്പാദിക്കാൻ കഴിവില്ലാത്ത കുഞ്ഞൂട്ടനും, ചുക്കനും, താന്തുവും, പരമനും എല്ലാം കാണും. ആയിരം രൂപക്കുള്ളതു മുഴുവൻ കപ്പയായും, കറിയായും വെള്ളമായും വാങ്ങിത്തീർത്താൽ മാധവനാശാരിക്കു തൃപ്തിയാവും. എത്ര താമസിച്ചാലും അറവുശാല വൃത്തിയാക്കിക്കഴിഞ്ഞേ മാധവനാശാരി സഞ്ചിയെടുക്കൂ. എല്ലാം കഴിയുമ്പോഴേക്കും ഒരെട്ടര കഴിയും. ഈ ഒന്നര-രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആ ദിവസങ്ങളിൽ നാട്ടിൽ നടന്നതും, ഉടനെ നടക്കാനിടയുള്ളതുമായ സർവ്വ കാര്യങ്ങളും എല്ലാരും എല്ലാരോടും പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു.

വീട്ടിൽ വന്നാൽ, അതറിഞ്ഞോ, ഇതറിഞ്ഞോയെന്ന് അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതല്ലാതെ പരസ്പരം ഒന്നും വിശദീകരിക്കേണ്ടി വരാറില്ലായിരുന്നീ ദമ്പതികൾക്ക്, തൊഴിലുറപ്പില്ലാത്ത ചുരുക്കം ചില ദിവസങ്ങളിലും ഞായറാഴ്ചകളിലുമൊഴികെ.

മാധവനാശാരിക്കു കിട്ടുന്നതിൽ ഒരു പങ്കെങ്കിലും വീട്ടിൽ കൊണ്ടു വരാത്തതുകൊണ്ടോ, ഒരു കഷണം തുണി വാങ്ങി കൊടുക്കാത്തതു കൊണ്ടോ ഒരു സിനിമയ്ക് കൊണ്ടുപോകാത്തതുകൊണ്ടോവൊന്നും, മീനുവമ്മക്കു പരാതിയില്ലായിരുന്നു; വീട്ടിലൊരു ദിവസം അടുപ്പ് പുകഞ്ഞില്ലെങ്കിൽ മാധവനാശാരിക്കും പരാതിയില്ലായിരുന്നു. മീനുവമ്മയോ മാധവനാശാരിയോ പരസ്പരം ഒരു പൈസാ പോലും കടം ചോദിച്ചിട്ടുമില്ല. മീനുവമ്മക്ക് കിട്ടുന്നതിൽ വീട്ടുചിലവ് കഴിഞ്ഞുള്ള മിച്ചം ജൗളിക്കടക്കാർക്കുള്ളതായിരുന്നു. 

പതിവു ചർച്ചാസമ്മേളനം കഴിയുമ്പോൾ മാധവനാശാരി അടുക്കളയിലേക്കു നോക്കി എടീയേയെന്നു വിളിക്കും; അന്ന് വല്ലതും വെച്ചിട്ടുണ്ടെങ്കിൽ അതെടുക്കാൻ മീനുവമ്മ അകത്തേക്ക് പോകും. മീനുവമ്മ എണീറ്റില്ലെങ്കിൽ അന്നൊന്നുമില്ലെന്നു സാരം. വയറുനിറയെ കഴിച്ചാലെന്നതു പോലെ ഒരേമ്പക്കവും വിട്ട് മാധവനാശാരി പോയി പാ വിരിച്ചു തറയിൽ കിടക്കും. മാധവനാശാരി കിടക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചു കഴിയുമായിരുന്നു. അതുപോലെ സമാധാനത്തോടെയും ആരോഗ്യത്തോടേയും കഴിഞ്ഞിരുന്ന മാധവാനാശാരിയെയാണ് പോലീസ്  പൊക്കിയത്. 

അറസ്റ്റ് നടന്നത് ഏഴുമണി കഴിഞ്ഞ സമയത്ത് അറവുശാലയിൽ നിന്നായിരുന്നതു കൊണ്ടും, നാടിനെ നടുക്കിയ വൃദ്ധദമ്പതികളുടെ കൊലപാതകം നടന്നിട്ട് വെറും രണ്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെന്നതു കൊണ്ടും, നാട്ടിൽ കഞ്ചാവ് വേട്ട സ്ഥിരമായിരുന്നതു കൊണ്ടും, ഒന്ന് രണ്ടു കള്ള നോട്ടുകൾ അവിടുത്തെ സിവിൽ സപ്ലൈസിൽ കിട്ടിയിരുന്ന വാർത്ത എല്ലാവരും അറിഞ്ഞിരുന്നതു കൊണ്ടും എന്തിനാ പോലീസ് മാധവനാശാരിയെ അറസ്റ്റ് ചെയ്തതെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. 

രാത്രിയിൽ ഒരാളെ പോലീസ് കൊണ്ടുപോയെന്നു പറഞ്ഞാൽ ഇഞ്ചനാരു പോലെയാക്കിയിട്ടെ തിരിച്ചു വിടൂവെന്നു കേട്ടിരുന്നതുകൊണ്ട് മീനുവമ്മ ആ രാത്രി മുഴുവൻ ഉറങ്ങാതെ മൂക്ക് പിഴിഞ്ഞുകൊണ്ടിരുന്നു. 

ആശ്വസിപ്പിക്കാൻ എത്തിയ കോളണിക്കാരോട് മിണ്ടാൻ മീനുവമ്മ കൂട്ടാക്കിയില്ല; എന്തെങ്കിലും ഒരു ക്ലൂ കോളനിക്കാർ പ്രതീക്ഷിച്ചിരുന്നുവെന്നു സ്പഷ്ടം. മീനുവമ്മ ഒന്നും പറയാതിരുന്നതും, പോലീസുപട്ടി ഇറച്ചിക്കട വരെ വന്നു പോയതും അവിടെ മാധനാശാരി വരാറുണ്ടെന്നറിഞ്ഞതും എല്ലാം കൂട്ടി വെച്ചു കോളനിക്കാർ ഉറപ്പിച്ചു - വൃദ്ധ ദമ്പതികളെ കൊന്നു പണം അപഹരിച്ചത് മാധവനാശാരി തന്നെ. 

പിറ്റേന്ന് പള്ളിയിൽ ഉച്ചമണിയടിക്കുന്നതിനു മുമ്പേ കൊലപാതകിയെ പിടിച്ചുവെന്ന വാർത്ത ചന്തയുടെ എല്ലാ മുക്കുകളിലും നാടിന്റെ എല്ലാ കോണുകളിലും എത്തിക്കഴിഞ്ഞിരുന്നു. മാധവനാശാരി അത്തരം ഒരു പാതകം ചെയ്യില്ലെന്നുറപ്പുള്ള ഒരേയൊരു വ്യക്തി മീനുവമ്മ മാത്രമായിരുന്നു. ഒരു മീനുവമ്മ ഒറ്റക്കു നിന്നതുകൊണ്ടെന്തു ഫലം?

പക്ഷേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആ ദിവസം സന്ധ്യ മയങ്ങുന്നതിനു മുമ്പ്, ഏമാന്മാർ മാധവനാശാരിയെ പോലീസ് ജീപ്പിൽ തന്നെ വീടിന്റെ മുറ്റത്തു കൊണ്ടിറക്കി. 

ചിരിച്ചുകൊണ്ട് ഒരു കൂസലും കൂടാതെ വീട്ടിലേക്കു കയറിയ മാധവനാശാരിയെ കണ്ടതിശയിച്ചു വാ പൊളിച്ച മീനുവമ്മ അതുപോലെതന്നെ അവിടെ നിന്നു. പോലീസ് ജീപ്പ് കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ മീനുവമ്മ ചോദിച്ചു,
"അവരുപദ്രവിച്ചോ?"
"ഇല്ല!" മാധവനാശാരി പറഞ്ഞു.
"അവരെന്നാത്തിനാ കൊണ്ടുപോയത്?"
"അതോ? ......  ഒരു കാര്യം ചോദിക്കാനായിരുന്നു. വല്യേമാൻ ഇന്നുച്ചക്കാ വന്നെ. അതുകൊണ്ടാ താമസിച്ചെ. മോനിപ്പടിക്കലെ വാവച്ചന്റെ കാർന്നോമ്മാരെ കൊന്നിട്ട് സ്വർണ്ണോം പണോം കൊണ്ടുപോയ കേസില്ലെ? അന്വേഷിക്കാൻ വന്ന പട്ടി ചന്തയിലെ ഇറച്ചിക്കട വരെ വന്നിട്ടു തിരിച്ചു പോയി. അത് കൊണ്ടാ അവരു സംശയിച്ചെ."
"ആരാന്നു മനസ്സിലായോ?"
"അവർക്കറിയില്ല, എനിക്കറിയാം. ആ പട്ടി മടങ്ങിയ വഴി മുക്കിലെ കലുങ്കിലും കുറേ നേരം മണം പിടിച്ചു നിന്നിരുന്നു. രാത്രിയിൽ അവിടുത്തെ ആളൊഴിഞ്ഞ കലുങ്കിൽ കിടന്നു വിശ്രമിക്കുന്ന ഒരേയൊരാൾ വർക്കിയാ, മേനോച്ചാലിലെ ഔസേപ്പച്ചന്റെ അനുജൻ. അവൻ കൊലപാതകവും കഴിഞ്ഞു മടങ്ങുന്ന വഴി ഇറച്ചിക്കടയിലും കിടന്നിരിക്കും കലുങ്കിലും കിടന്നിരിക്കും." 
"നിങ്ങളു പോലീസിനോട് വർക്കിയുടെ പേരു പറഞ്ഞോ?"
"ഇല്ല!"
"അതെന്താ?"
"ആരോ ഇല്ലാത്തവരാ വീട്ടിൽ കയറിയതെന്ന് പോലീസിനറിയാം. ഈ നാട്ടിലെ കുടിക്കുന്നവരാരൊക്കെയാണ്, വലിക്കുന്നവരാരൊക്കെയാണ് പണിയില്ലാത്തവരാരൊക്കെയാണ് എന്നൊക്കെയായിരുന്നവർക്കറിയേണ്ടത്. കൊന്നതാരാന്നും പോലീസ് ചോദിച്ചില്ല, ആരെയെങ്കിലും സംശയമുണ്ടോന്നും ചോദിച്ചില്ല. ഞാൻ നോക്കിയപ്പോ, ഒരു ഗതീം ഇല്ലാഞ്ഞകൊണ്ടാണല്ലൊ ആരാണേലും കട്ടത്. അവൻ നന്നാകട്ടെന്നോർത്തു കുറ്റം ഞാനങ്ങേറ്റു. ഞാനാ അവരെ കുത്തികൊന്നതെന്ന് പറഞ്ഞു. അതാ പിന്നേം താമസിച്ചെ."
"എന്നിട്ടു പോലീസ് തല്ലിയില്ലേ?"
"ഇപ്പോ പണ്ടത്തെപ്പോലെയല്ല. കൊല്ലാനെടുത്ത കത്തി കാണിച്ചു കൊടുക്കണം. വല്യേമാൻ കത്തിയെവിടേന്നു ചോദിച്ചപ്പോൾ ഞാനെന്നാ പറയാനാ? അന്നേരം അങ്ങേരെനിക്കൊട്ടൊന്നു തന്നു. വീട്ടി പോടാന്നു പറഞ്ഞു." 
"കഷ്ടമായിപ്പോയി! അവർക്കു ചേട്ടൻ പറഞ്ഞതങ്ങു കേട്ടാൽ പോരാരുന്നോ?" മീനുവമ്മ ചോദിച്ചു. 
"ശരിക്കും കഷ്ടമായിപ്പോയി! വാവച്ചന്റെ കാർന്നോമ്മാരെ കഴുത്തു ഞെരിച്ചാ കൊന്നതെന്ന കാര്യം ഞാനും മറന്നു പോയായിരുന്നു."

No comments:

Post a Comment