Monday 23 October 2017

കാട്

"അടിപൊളി! എന്തൊരു കനത്ത കാട്?"
സൂര്യന്റെ ഒരു രശ്മിക്കും താഴെ ഒരു മൺതരിയെ സ്പർശിക്കാൻ സാധിക്കുന്നില്ല. അടിക്കാടുകൾ കഴിഞ്ഞ വേനലിനു തുടങ്ങിയ ശ്രമം ഉപേക്ഷിച്ചു മരച്ചു നിൽക്കുന്നു - വെള്ളം മാത്രം പോരല്ലോ!
ദൂരേക്കു നോക്കിയപ്പോൾ പച്ചയുടെ പല മാത്രകളിൽ ജ്വലിച്ചു നിൽക്കുന്ന മലനിരകൾ. 
"കാണാൻ നല്ല ഭംഗ്യാല്ലേ?" ഞാൻ ചോദിച്ചു.
ആരും മറുപടിയായൊന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കൂടെയാരെയും കണ്ടില്ല. ഒപ്പമുണ്ടായിരുന്നവരെവിടെ?
എല്ലാവരെയും വിട്ട് ഏറെ ദൂരം ഞാൻ നടന്നിരിക്കുന്നുവെന്നു മനസ്സിലായപ്പോഴേക്കും ഉമിനീരിന്റെ നനവും എന്റെ വായിൽ നിന്നപ്രത്യക്ഷമായിരുന്നു.
ഒരക്ഷരം ഞാൻ ശബ്ദിച്ചില്ല. ആത്മാവിനെപ്പോലും ചലിപ്പിക്കാൻ എനിക്കാവുമായിരുന്നില്ല്ലപ്പോൾ. എന്റെ ഒപ്പമുണ്ടായിരുന്ന എന്നെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന കാട് എത്രപെട്ടെന്നാണ് സംഹാരരുദ്രയെപ്പോലെ നിശ്ശബ്ദയായത്!


Sunday 15 October 2017

പുറപ്പാടിൻറെ നൊമ്പരം

സന്ധ്യയായി, ഒരാളെ കാണാനുണ്ട്. ആന്ദ്രൂ ഉറുമ്പ് മാളത്തിനു ചുറ്റും നടന്നു, കൊമ്പ് വളഞ്ഞ, മുഖത്തു കണ്ണിന്റെ താഴെ ഒരു പൊട്ടു പാടുള്ള കുഞ്ഞനുറുമ്പ്  തിരിച്ചെത്തിയിട്ടില്ല. സ്പർശികകൾ നിലത്തുരസി സ്രവങ്ങൾക്കൊണ്ടൊരടയാളം  സൃഷ്ടിച്ച് ആന്ദ്രൂ തലയുയർത്തി നോക്കി. അങ്ങിനെയാണ് കായുറുമ്പുകൾ ആശയ വിനിമയം നടത്തുന്നത്. അതിന്റെയർത്ഥം എല്ലാവർക്കും മനസ്സിലായി, കുഞ്ഞനുറുമ്പിന് എന്തു സംഭവിച്ചുവെന്നാണ് നേതാവ് ആന്ദ്രൂ ചോദിച്ചത്.

ഉറുമ്പുകൾക്ക് പേരില്ല, ആന്ദ്രൂവിന് പേരു കിട്ടിയതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. പള്ളിക്കുള്ളിലെ ഒരു പീഠത്തിനു കീഴെയുള്ള ദ്വാരത്തിലായിരുന്നു ഉറുമ്പുകളുടെ കൂട്.  ദിവസവും ഏതാനും സമയം മാത്രം ആളുകൾ ഉപയോഗിക്കുന്ന, ഇത്രയും സൗകര്യമുള്ള സ്ഥലങ്ങൾ പട്ടണത്തിൽ വളരെ കുറവായിരുന്നതുകൊണ്ടാണ് എല്ലാവരെയും കൂട്ടി ആന്ദ്രൂ അവിടെ കുടിയുണ്ടാക്കിയത്. ആയിരത്തിലേറെ ഉറുമ്പുകൾക്കുള്ള മാളങ്ങൾ അതിലുണ്ടാക്കുക എളുപ്പവുമായിരുന്നു. തുരന്നെടുത്ത മണ്ണ് ദൂരെ കൊണ്ടുപോയി കളയേണ്ടി വന്നുവെന്ന ബുദ്ധിമുട്ടേ ഉണ്ടായുളളൂ. അവിടെ ഉറുമ്പ് മാളം ഉണ്ടെന്നാരും അറിയരുതെന്ന് ആന്ദ്രുവിന് നിർബന്ധമായിരുന്നു.

കുട്ടികളെ മാമ്മോദീസാ ചെയ്യുന്ന പീഠത്തിനു മുകളിൽ ആന്ദ്രൂ വലിഞ്ഞു കയറിയത്, അവിടുത്തെ പൈപ്പിൽനിന്നിറ്റു വീഴുന്ന വെള്ളത്തുള്ളിയിൽ മേലാകെ ഒന്നു നനക്കാനായിരുന്നു. അപ്പോഴാണ് ഒരു കുപ്പായക്കാരൻ മനുഷ്യൻ, 'നീ ഇന്നു മുതൽ ആന്ദ്രൂവെന്നറിയപ്പെടും' എന്നുറക്കെ പറഞ്ഞത്. അവിടെ ഒരു മാമ്മോദിസാ നടക്കുകയായിരുന്നു. തിരിച്ചു ചെന്ന് തനിക്കു പേരു കിട്ടിയ വിവരം ആന്ദ്രൂ എല്ലാവരെയും അറിയിച്ചു - അന്നു മുതൽ നേതാവിന്റെ പേര് ആന്ദ്രൂവെന്നായി.

ആന്ദ്രുവിന്റെ ചോദ്യം എല്ലാവരും കേട്ടു. അടഞ്ഞ വാതിലിനിടയിലൂടെ കുശിനിപ്പുരയിലേക്ക് പോയപ്പോൾ നിരയിൽ കുഞ്ഞനുണ്ടായിരുന്നുവെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞു.  മുട്ടയിടുന്ന രാജ്ഞിയുറുമ്പിന് കൊടുക്കേണ്ട ഭക്ഷണം ശേഖരിക്കുന്ന സംഘത്തിലായിരുന്നു കുഞ്ഞൻ. ഒറ്റതിരിഞ്ഞു ഭക്ഷണം അന്വേഷിച്ചു പോയ കുഞ്ഞൻ അതെവിടെങ്കിലും കണ്ടിരുന്നെങ്കിൽ തിരിച്ചു വന്നു പറയേണ്ടതായിരുന്നു. പക്ഷെ, കുഞ്ഞൻ മടങ്ങി വന്നില്ല. പോയ ദിശയും സമയവുമെല്ലാം അറിഞ്ഞപ്പോൾ ആന്ദ്രൂവിനു കാര്യം മനസ്സിലായി - കുഞ്ഞൻ പോയത് അവിടുത്തെ ഊണുമുറിയിലേക്കാണ്, ഭക്ഷണത്തിനെല്ലാവരും വരുന്ന സമയത്തുമാണയാൾ പോയത്. വഴുവഴുപ്പുള്ള ആ മുറിയുടെ തറയിലൂടെ കാലുകളുറപ്പിച്ചു നടക്കാൻ തന്നെ ബുദ്ധിമുട്ട്, ഒളിക്കാനൊരു മറയും തറയിലില്ല. ആകെ മേലുമരവിപ്പിക്കുന്ന തണുപ്പുള്ള ആ മുറിയിൽ വെച്ച് കുഞ്ഞനെ ആരോ ചവിട്ടിക്കൊന്നിരിക്കണം. 

സംഘത്തിൽ പലരും കൊല്ലപ്പെടാറുണ്ട്, പക്ഷെ അതുപോലല്ല ഇപ്പോൾ കാര്യങ്ങൾ. ഇതു പള്ളിവക ഊട്ടുപുരയാണ് - ഒരുപാട് വിശിഷ്ടാതിഥികൾ വരാറുള്ള സ്ഥലം. ആന്ദ്രൂവിനെ ഒരാൾ കണ്ടുവെന്ന് പറഞ്ഞാൽ ഒരു ഉറുമ്പ് കോളനി അടുത്തെവിടെയോ ഉണ്ടെന്നവർ അറിയുമെന്നു സ്പഷ്ടം. അവർ ഭക്ഷിക്കുന്നതെല്ലാം ഉറുമ്പുകൾ കഴിച്ചതിനു ശേഷമുള്ളതാണെന്നവർ അറിഞ്ഞാലത്തെ സ്ഥിതി ആന്ദ്രൂ ഉറുമ്പിന് ചിന്തിക്കാനേ വയ്യായിരുന്നു. ഉടൻ ആ പ്രദേശം മുഴുവൻ അവർ വിഷപ്പൊടി വിതറിയേക്കാം, കോളനിയിലേക്കുള്ള ദ്വാരം അടച്ചുകൂടായ്കയുമില്ല. 
പള്ളിക്കുള്ളിൽ പറന്ന ഒരീച്ചക്കു പറ്റിയത് ആന്ദ്രൂവിനറിയാം; പള്ളിക്കുള്ളിൽ കയറിക്കൂടിയ ഒരു പല്ലിയുടെ വാലുപോയതും ആന്ദ്രൂവിനറിയാം. 
ആന്ദ്രൂ വീണ്ടും സ്പർശനികൾ നിലത്ത് അമർത്തിയുരസി, ആന്ദ്രൂവിന്റെ സ്രവത്തിന്റെ ഗന്ധം ആ മാളത്തിലാകെ പരന്നു. അതിന്റെയർത്ഥവും എല്ലാവർക്കും മനസ്സിലായി - 'ഉടൻ സ്ഥലം വിടുക, ഈ രാത്രിയിൽത്തന്നെ!'