Tuesday, 12 January 2016

സമൃദ്ധിയുടെ രഹസ്യം

'ണിം ണിം....' പോർച്ചിലെ മണി കിണുങ്ങി. അന്നിതു നാലാം തവണയാണ്. അല്ലെങ്കിലും ഞായറാഴ്ചകളിൽ പിച്ചക്കാരുടെയും പിരിവുകാരുടേയും എണ്ണം കൂടും; അന്നെല്ലാ ഗേറ്റുകളും തുറന്നിരിക്കുന്ന ദിവസമാണല്ലൊയെന്നയാളോർത്തു. സണ്ണി രണ്ടു രൂപയുടെ ഒരു തുട്ടും എടുത്തുകൊണ്ടാണു കതകു തുറന്നതുതന്നെ. അതൊരു പിച്ചക്കാരനാണെന്നു കണ്ടതേ, ആറു വയസ്സുള്ള കൊച്ചുമോൻ ഓടിവന്നു കൈയ്യിൽ പിടികൂടി. 
"സണ്ണിപ്പപ്പാ ഞാൻ കൊടുക്കാം." പറഞ്ഞു തീരുന്നതിനു മുമ്പേ അവൻ നാണയവും പിടിച്ചുവാങ്ങി പോർച്ചിലേക്കു കുതിച്ചു. ആ അപ്പൂപ്പന്റെ മുഖത്തെ ദൈന്യതയുടെ ആഴം കൂടിയിരുന്നതു കൊണ്ടാണോ ആവോ, അവനാ വൃദ്ധന്റെ വേഷവും ഭാവവുമെല്ലാം ശ്രദ്ധിച്ചവിടെ തന്നെ നിന്നൽപ്പനേരം. കുട്ടിയുടെ മുഖത്തേക്കു നോക്കി പല്ലില്ലാത്ത മോണ മുഴുവൻ കാട്ടി പുഞ്ചിരിച്ചിട്ട്, ആ വൃദ്ധൻ നടയിറങ്ങിപ്പോവുകയും ചെയ്തു.
"പാവം...! ആരുമില്ലാരിക്കും!" അവൻ ആത്മഗതം പോലെ പറഞ്ഞു.
സണ്ണി അവനെ പിടിച്ചു കൊണ്ടു പോയി അയാളുടെയടുത്തു സോഫായിൽ ഇരുത്തി. രാവിലത്തെ കുർബ്ബാനയും കൂടി, കാപ്പികുടിയും കഴിഞ്ഞു പത്രം വായനയും കഴിഞ്ഞ സമയം. ഇതു തന്നെ തരമെന്നു കരുതി മോനെ അരികിൽ ചേർത്തു പിടിച്ചു കൊണ്ട് പ്രൊഫസ്സർ (ഡോ.) സണ്ണി മൈക്കിൾ പറഞ്ഞു തുടങ്ങി, ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടേയും രഹസ്യം.
"ചിലമനുഷ്യരുണ്ട്, സദാ എനിക്കില്ലേയില്ലേന്നു വിലപിക്കുന്നവർ, അവർക്കെന്നും ദാരിദ്ര്യം മാത്രമായിരിക്കും ഫലം. ചിലരാകട്ടെ പ്രപഞ്ചത്തിലെ ധാരാളിത്ത്വം മാത്രം കാണുന്നവരായിരിക്കും. അവർ ധാരാളിത്തത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്യും. ആകാശത്തുള്ള നക്ഷത്രങ്ങൾ നമുക്കെണ്ണിത്തീർക്കാൻ കഴിയുമോ? സമുദ്രത്തിലെ വെള്ളവും ആകാശത്തിലെ പ്രാണവായുവും നമുക്കളന്നു തീർക്കാനും കഴിയില്ല. ദൈവം നമുക്കെല്ലാം സമൃദ്ധമായി തരുന്നു. ദൈവം തരുന്ന ഈ സമൃദ്ധി കാണാത്തവൻ ദാരിദ്ര്യത്തിൽ കഴിയുന്നു." പറഞ്ഞു തീർന്നപ്പോൾ സണ്ണിക്കു വളരെ സന്തോഷം തോന്നി. ജീവിതവിജയത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വലിപ്പം മോനായിരിക്കുന്നു; ഇന്നിതാ അവൻ ഒരു പുതിയ രഹസ്യം അറിയാനുള്ള അവസരവുമൊരുക്കി തന്നിരിക്കുന്നു. അങ്ങനെയാണു സണ്ണി ചിന്തിച്ചത്.
"അപ്പോ...സണ്ണിപ്പപ്പാ, ഈ ബോധം നമുക്കുണ്ടായിരുന്നെങ്കിൽ നമ്മൾ ഒത്തിരി റൂപാ കൊടിക്കില്ലായിരുന്നോ ആ അപ്പാപ്പന്?" മോന്റെ ചോദ്യം കേട്ടു സണ്ണിയൊന്നു ഞെട്ടി. വളരെ പക്വത വന്നവരിൽനിന്നു പോലും ഇത്തരം ഒരു ചോദ്യം വന്നിട്ടില്ല. താനെത്രയോ പേഴ്സണാലിറ്റി ഡെവെലപ്മെന്റ് ക്ലാസ്സുകൾ എടുത്തിരിക്കുന്നു. ഈ ചോദ്യത്തിനും മറുപടി പറഞ്ഞുകളയാം എന്നു സണ്ണി കരുതി. അയാൾ തുടർന്നു,
"നാം എത്ര കൊടുത്താലും അവരതു കളയും, അവരെന്നും പിച്ചക്കാരായിരിക്കും. തെണ്ടണം തെണ്ടണം എന്ന ചിന്തയേ അവർക്കു കാണൂ. അത്തരക്കാരെ നമ്മൾ എന്തെങ്കിലും കൊടുത്തൊഴിവാക്കുക." സണ്ണി പറഞ്ഞു നിർത്തി.
"ഒഴിവാക്കാനാണോ നമ്മൾ നേർച്ചയിടുന്നത്?" അവന്റെ മുനയുള്ള ചോദ്യത്തിനു തക്ക മറുപടി സണ്ണിയുടെ കൈവശം ഉണ്ടായിരുന്നില്ല. ഒന്നു പുഞ്ചിരിച്ചിട്ടു സണ്ണി തുടർന്നു,
"എപ്പോഴും സമ്പന്നനാകാൻ ആഗ്രഹിക്കുന്നവർ സ്വന്തം സമ്പത്തു പങ്കു വെക്കണം. നാം നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കു വെയ്ക്കുമ്പോൾ നമുക്കു ദൈവം തരും. അപ്പോൾ നേർച്ച കൊടുക്കാതിരിക്കാമോ?" ഇല്ലായെന്ന  അർത്ഥത്തിൽ അവൻ തലയാട്ടി. 
"പങ്കു വെക്കലാകണമെങ്കിൽ നാമെന്തോരം കൊടുക്കണം?" അവൻ ചോദിച്ചു. 
"എത്ര കൊടുക്കുന്നോ അത്രയും കൂടുതൽ ദൈവം നമുക്കും തരും." ഒരു വലിയ തത്ത്വത്തിന്റെ അടിത്തറയിട്ട സന്തോഷത്തിലായിരുന്നു സണ്ണി.
ഞായറാഴ്ചകൾ ഒന്നൊന്നായി സണ്ണിയുടെ ജീവിതത്തിലേക്കു വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. 
അത്തരമൊരു സധാരണ ഞായറാഴ്ച്ചയാണു സണ്ണി ഭാര്യയേയും കുട്ടികളേയും കൂട്ടി ഒരു സിനിമാക്കിറങ്ങിയത്. കാർ ഗ്രൌണ്ടിൽ പാർക്കു ചെയ്തിറങ്ങി ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു ചെന്നപ്പോളാണ് മോൻ ഒപ്പമില്ലെന്നറിഞ്ഞത്. അയാൾ തിരിഞ്ഞു നടന്നു, കാറിന്റെയടുത്തേക്ക്. ദൂരെ നിന്നേ അയാൾ മോനേ കണ്ടു; ഗ്രൗണ്ടിലെ തണൽമരത്തറയിലേക്കു നോക്കി അവൻ നിൽക്കുന്നു. അടുത്തു ചെന്നപ്പോൾ അയാളൊരു കാഴ്ച്ച കണ്ടു - ഒരമ്മാമ്മ ചോറുണ്ണുന്നു. അവരുടെ ചോറും പൊതിയിലേക്കു കണ്ണും നട്ട് ഒരു പൂച്ച തൊട്ടടുത്തിരുപ്പുണ്ടായിരുന്നു; താഴെ ഒരു നാടൻ നായയുമുണ്ടായിരുന്നു. ആ വൃദ്ധ  ഒരുരുള പൂച്ചക്കും, ഒരുരുള പട്ടിക്കും കൊടുത്തു, അടുത്ത ഉരുള അവരും കഴിച്ചു. മോനൊടൊപ്പം  അയാളും ആ കാഴ്ച്ച കുറേ നേരം നോക്കിയിരുന്നു. ആ പിച്ചക്കാരി അവരെ ശ്രദ്ധിക്കുന്നതേയുണ്ടായിരുന്നില്ല.
പതിയെ മോന്റെ കൈ പിടിച്ചു തീയേറ്ററിലേക്കു നടക്കുമ്പോൾ അയാൾക്കൊരു  പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ - നമ്മൾ പങ്കുവെയ്ക്കുന്നതിലും കൂടുതൽ ഈ അമ്മൂമ്മ പങ്കു വെയ്ക്കുന്നുണ്ടല്ലോ, പിന്നെന്താ ഈ അമ്മൂമ്മക്കു ബംഗ്ലാവും കാറുമൊന്നുമുണ്ടാകാത്തതെന്നു മോൻ ചോദിക്കരുതേയെന്നു മാത്രം. അങ്ങിനെയൊരു ചോദ്യത്തിനു കൃത്യമായ ഒരു മറുപടി പ്രൊഫ (ഡോ.) സണ്ണി മൈക്കിളിന്റെ പക്കൽ ഉണ്ടായിരുന്നില്ല. കാറിനേക്കാളും ബംഗ്ലാവിനെക്കാളുമൊക്കെ ഒത്തിരിയൊത്തിരി വിലപ്പെട്ടതാണ്‌, മുഴുവൻ പങ്കു വെയ്ക്കുമ്പോഴും ആർഭാടങ്ങൾ ഇശ്ചിക്കാത്ത സാധുക്കൾക്ക് വേണ്ടി ദൈവം മാറ്റിവെച്ചിരിക്കുന്ന സംതൃപ്തിയെന്നു പറഞ്ഞാൽ, അത് മനസ്സിലാകുന്ന പ്രായമായിരുന്നില്ലവനെന്ന് അയാൾക്കു നന്നായറിയാമായിരുന്നു. 

No comments:

Post a Comment