Saturday, 9 January 2016

ഒരു പതിവു പ്രഭാതം

കണ്ണു തുറന്നതേ ക്ലോക്കിൽ നോക്കി, രാവിലെ അഞ്ചു മുപ്പത് - എന്നും എണീൽക്കുന്ന അതേ സമയം. 
അന്നത്തെ ഒരു പ്രത്യേകതയെന്നു പറഞ്ഞാൽ, എണീൽക്കാൻ ഞാൻ അലാറം വെച്ചിട്ടുണ്ടായിരുന്നില്ലായെന്നതാണ്. 
എന്നും കൂടെനടക്കാൻ വരുന്ന അച്യുതൻസാർ ഇന്നില്ല, അദ്ദേഹം ചാരമായിട്ട് മണിക്കൂറുകൾ തന്നെ കഴിഞ്ഞിരിക്കുന്നു. 
ഇന്നു നടക്കാനിറങ്ങണോ വേണ്ടയോ എന്നു തീരുമാനിച്ചിരുന്നില്ലെങ്കിലും ഞാൻ പ്രഭാത കൃത്യങ്ങളൊക്കെ കഴിച്ചു, പിന്നെ അറിയാതെ പൈജാമാ ധരിച്ചു റഡിയായി. 
അച്യുതൻ സാർ ഇന്നും വരുമെന്നു തന്നെ മനസ്സു പറഞ്ഞു; നീ എന്താ ഇന്നു താമസിക്കുന്നതെന്നു അച്യുതൻ സാറിനെക്കൊണ്ടു ചോദിപ്പിക്കണ്ടായെന്നു കരുതിതന്നെ അന്നും പതിവുപോലെ ഞാൻ വഴിയിലേക്കിറങ്ങി, അച്യുതൻ സാർ ഇന്നെന്നല്ല ഇനിയൊരിക്കലും വരില്ലെന്നറിഞ്ഞിരുന്നിട്ടും. 
കിഴക്കു വെള്ളകീറി കഴിഞ്ഞിരുന്നു.
വഴിയുടെ ഓരംചേർന്നു ഞാൻ നടന്നു, അച്യുതൻ സാർ കൂടെയുള്ളതു പോലെ തന്നെ. 
കരിങ്ങിലോടത്തുകാരുടെ ഗേറ്റിന്റെ മുമ്പിൽ വന്നപ്പോൾ ഞാൻ അകത്തേക്കു നോക്കി, എന്നും ആ ഗെയിറ്റിന്റെ അഴികളിൽ മാന്തിക്കൊണ്ട് ഞങ്ങളുടെ നേരെ നാക്കു നീട്ടി അണച്ചുകൊണ്ടു നിൽക്കുന്ന നായെ കണ്ടില്ല. അവൻ വഴിയിലോട്ടു നോക്കാതെ കീഴോട്ടും നോക്കി മുറ്റത്തു നിൽക്കുന്നു. എന്നും അച്യുതൻ സാർ കാണിക്കുന്നതു പോലെ, കയ്യിലിരുന്ന വടികൊണ്ടൂ ഞാൻ ഗേറ്റിൽ തട്ടി, പിന്നെ ഹെല്ലൊ പറഞ്ഞു. അവൻ പഴയതു പോലെ ഗേറ്റിൽ മാന്തിയും ചൊറിഞ്ഞും, ഗുഡ്  മോണിങ് പറഞ്ഞു. 
മാവേലി സ്റ്റോറിന്റെ മുന്നിൽ ഞാൻ വന്നപ്പോൾ പത്രക്കാരനെ കണ്ടു; എന്നും തന്നെ അവനെ അവിടെ വെച്ചാണു കാണുന്നത്. പതിവു പോലെ അവൻ രണ്ടു പത്രങ്ങൾ വെച്ചു നീട്ടീ. എന്റെ ദയനീയമായ നോട്ടം കണ്ടിട്ടാവണം അച്യുതൻ സാറിന്റെ 'മാതൃഭൂമി' അവൻ തിരിച്ചെടുത്തു. 
മെംബറുടേ വീടിന്റെ മുമ്പിൽ ചെല്ലുമ്പോൾ കൃത്യസമയമായിരിക്കും, പ്രാവുകൾ കൂട്ടത്തോടേ പറന്നുയരുന്നതു കാണാം. റോഡു കുറുകെ പറക്കുന്ന ആ കുറുകന്മാർക്കു ഞങ്ങളെ നല്ല പരിചയം ഉണ്ടായിരുന്നിരിക്കണം. ഞങ്ങളെ കാണുമ്പോളാണവ സമയം അറിയുന്നതെന്നു തോന്നുമായിരുന്നെനിക്ക്. 
അന്നു പ്രാവ്വുകൾ എന്നെ കാണൂന്നതിനു മുമ്പേ പറന്നിരുന്നു. അചുതൻ സാറാണ് ഈ നായ്ക്കളേയും പറവകളേയുമൊക്കെ എനിക്കു പരിചയപ്പെടുത്തിയിരുന്നത്. അദ്ദേഹം ഇല്ലെന്നറിഞ്ഞതു പോലെ തന്നെ പ്രകൃതി അന്നു നിശ്ശബ്ദമായിരുന്നു.
ആ വഴിക്കു നെടുകയും കുറുകെയും പറക്കുന്ന ഓരോ കാക്കയേയും, കുരുവിയേയും, ഇരട്ടവാലനേയും, ഓലേഞ്ഞാലിയേയുമെല്ലാം അച്യുതൻ സാറിനു പരിചയമായിരുന്നു. കൂട്ടത്തിൽ നടക്കാൻ വരുമായിരുന്ന നായ് കുട്ടിയേയും, ആൽത്തറയിൽ കടിപിടി കൂടാനായി മാത്രം വരുമായിരുന്ന ശ്വാനപ്രതിഭകളേയും സാറിനു നല്ല പരിചയമായിരുന്നു. എല്ലാറ്റിനോടും അച്യുതൻ സാറിനു നല്ല അടുപ്പവുമായിരുന്നു, പരസ്പരം മിണ്ടുമായിരുന്നില്ലെങ്കിലും.
അച്യുതൻ സാറിന്റെ ചിന്തകൾ ഓടിക്കൊണ്ടിരുന്നിടത്തുകൂടെയെല്ലാം ഞാനന്നു മനസ്സു പായിച്ചു. അന്നു ഞാൻ നടപ്പിന്റെ ഭാരം അറിഞ്ഞില്ല. ഒരു നിമിഷം പോലും കടന്നുപോയതും ഞാനറിഞ്ഞില്ല. 
ഞാൻ വീട്ടിൽ മടങിയെത്തിയപ്പോൾ മുറ്റത്തെ മാങ്കൊമ്പുകളിൽ നിന്നു വല്ലാത്ത കലപില കെട്ടു. എന്നും അവിടെ ഈ ബഹളം ഉണ്ടായിരുന്നതാണല്ലൊയെന്നു ഞാനോർത്തു. തൊടിയിലെ ചെടികളിൽ നിറയെ പൂക്കൾ ഞാൻ കണ്ടു. അതും ഞാൻ കാണുമായിരുന്നില്ല.
ഞാനാദ്യമായാണവയൊക്കെ ശ്രദ്ധിച്ചതെന്നതായിരുന്നു സത്യം. അന്നു പത്രവും കൈയ്യിൽപ്പിടിച്ചു ഞാനേറേ നേരം ചാരു കസേരയിൽ തന്നെ ഇരുന്നു. മോളു ചായ കൊണ്ടുവന്നതും പോയതുമൊന്നും ഞാനറിഞ്ഞതേയില്ല. 
അച്യുതൻ സാർ റിട്ടയർ ചെയ്തതിനു ശേഷം അദ്ദേഹത്തിനു മക്കളുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയുടെ കഥകൾ അദ്ദേഹം പറയുമായിരുന്നു. എങ്കിലും അദ്ദേഹം എപ്പോഴും സുസ്മേരവദനനായിരുന്നു. അതിന്റെ രഹസ്യം അന്നാണെനിക്കു മനസ്സിലായത്. 
അചുതൻസാറിന്റെ ശരീരം മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളല്ലോ!

1 comment: