Friday, 1 January 2016

"ദൈവത്തെ കണ്ടുവല്ലേ?"

വീണ്ടും വീണ്ടും ഞാനാലോചിച്ചു നോക്കി. ഒരുത്തരവും ശരിയായി വരുന്നില്ല. 
'അയാളെന്താ അങ്ങിനെ പറഞ്ഞത്?'  
ഒരു വയസ്സൻ ഭിക്ഷ യാചിച്ചു വരുന്നു, അയാളുടെ കുട്ടിക്കു കലശലായ രോഗമാണെന്നും ദൈവത്തെ ഓർത്തു വല്ലതും കൊടുക്കണമെന്നും പറയുന്നു, ഞാൻ മുറിയിൽ കയറി ചില്ലറക്യാനിൽ നിന്നും കൈയ്യിൽ കിട്ടിയത്ര തുട്ടുകൾ വാരി പുറത്തു വന്ന് അതെത്രയെന്നു പോലും നോക്കാതെ അയാൾക്കു കൊടുക്കുകയും ചെയ്യുന്നു. അപ്പോൾ അയാൾ പറയുകയാ,
"ഇതു ദൈവത്തിനു പ്രയോജനം ചെയ്യില്ല സാർ!"
'അയാളെന്താ അങ്ങിനെ പറഞ്ഞത്?'
ദൈവത്തിനു വേണ്ടതു തുട്ടുകളും നോട്ടുകളും അല്ലെന്നാവുമോ അയാളുദ്ദേശിച്ചത്?
പിന്നെയും പിന്നെയും എന്റെ ജീവിതത്തിലേക്കു പിച്ചക്കാരും സഹായക്കാരും കടന്നു വന്നുകൊണ്ടിരുന്നു. ആരും പക്ഷെ, ദൈവത്തിന്റെ കാര്യം പറഞ്ഞില്ല. അതു കൊണ്ടുതന്നെ തുട്ടുകൾ വേണ്ടാത്ത ദൈവത്തിന്റെ കാര്യം ഞാനും മറന്നിരുന്നു. 
ങ്ങിനെയിരിക്കെ, ഒരാക്സിഡെന്റിൽ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ ഒരു സ്നേഹിതനെ കാണാൻ ഞാൻ അവിടം വരെ പോയി. കാലിൽ വരിഞ്ഞു മുറുക്കി പ്ലാസ്റ്ററുമിട്ട് സ്നേഹിതനവിടെ മാനം നോക്കി കിടക്കുന്നു. 
അൽപ്പനേരം അവിടെ വർത്തമാനം പറഞ്ഞിരുന്നു. വിശപ്പിന്റെ ഒരു ചെറിയ ഒരു മുരൾച്ച ഉള്ളിൽ നിന്നു കേട്ടു. ഞാനയാളോടു ചോദിച്ചു,
"ആഹാരമൊക്കെ എങ്ങിനെയാ?"
"ക്യാന്റീനിൽ നിന്നു വാങ്ങും."
"ആരാ സഹായിക്കാൻ?"
"ഇന്നു വന്നിരിക്കുന്നത് അളിയന്റെ മോനാ. അവൻ ഉണ്ണാൻ പോയിരിക്കുന്നു, വരുമ്പോൾ പൊതി കൊണ്ടുവരും." അയാൾ പറഞ്ഞു.
പിന്നെ സംസാരം വേറെ വിഷയങ്ങളിലേക്കു കടന്നു. ഇടക്കു പയ്യൻ കൈയ്യിൽ ചോറു പൊതിയുമായി വന്നു. ഞാൻ നോക്കുമ്പോൾ പ്ലാസ്റ്റിക് കൂടിനുള്ളിൽ രണ്ടു പൊതിയുണ്ട്.
"ഒന്നാർക്കാ?" ഞാൻ തെല്ലു കൗതുകത്തോടെ ചോദിച്ചു.
"ദൈവത്തിന്" അയാൾ പറഞ്ഞു. 
"ഇവിടെ വന്നാണോ ദൈവം ചോറുണ്ണുന്നത്?' ഞാൻ ചോദിച്ചു.
"എനിക്കൊരു പൊതി വാങ്ങിച്ചാൽ ദൈവത്തിനും ഞാനൊന്നു വാങ്ങും, അതാ പതിവ്. പൊതിവാങ്ങിയോന്നന്വേഷിച്ച് ദൈവം ഇവിടെ വരാറില്ല. ദൈവം താഴെ ജനറൽവാർഡ് വരേയെ വരൂ. ഇവൻ അവിടെ പൊതിയുമായി ചെല്ലുമ്പോൾ ദൈവം കൈ നീട്ടും."
പിന്നെ ദൈവത്തിന്റെ കാര്യം ഞാൻ എന്നോടു ചോദിച്ചിട്ടില്ല. 
പണ്ടൊരിക്കൽ, മകനു ചികിൽസാ സഹായം തേടി എന്നെ കാണാൻ വരികയും, കൈ നിറയെ തുട്ടുകൾ കൊടുത്തിട്ടും 'ഇതു ദൈവത്തിനു പ്രയോജനം ചെയ്യില്ല' എന്നു പറയുകയും ചെയ്ത ആ വയസ്സനെ ബസ്സ് സ്റ്റാന്റിന്റെ തിരക്കിൽ
ഞാൻ വീണ്ടും കണ്ടു. അയാൾക്കെന്നെ മനസ്സിലായിയെന്ന് അയാളുടെ  കണ്ണുകൾ പറയുന്നുണ്ടായിരുന്നു. ഒരു കൗതുകത്തിനു ഞാനടുത്തു ചെന്നയാളോടൂ ചോദിച്ചു.
"ഇപ്പോൾ ദൈവത്തിനെങ്ങിനെയുണ്ട്?" അയാൾ  ഹൃദയം തുറന്നൊന്നു ചിരിച്ചു. പിന്നെ പതിയെ എന്നോടു ചോദിച്ചു,
"ദൈവത്തെ കണ്ടുവല്ലേ?"

3 comments:

  1. A touching way of bringing people to consciousness of daily life routines where God hides himself.

    ReplyDelete
  2. Remember a priest of Trissur diocese who spoke about the mannunny in the artificialy made crib and ponnunny who lays in the atreet

    ReplyDelete