Sunday 31 August 2014

ഒന്നിനുപകരം മറ്റൊന്ന്

01. 08. 2007
ഒന്നിന്റെയഭാവത്തിൽ തത്സ്ഥാനത്ത് മറ്റൊന്ന് ഭവിക്കുന്നു. ഒന്ന് ക്ഷയിക്കുന്നിടത്ത് മറ്റൊന്ന് ശക്തിയാർജ്ജിക്കുന്നു. കണ്ണില്ലാത്തവന് മറ്റൊരിന്ദ്രിയം കൂടുതൽ പ്രവര്ത്തനക്ഷമമാകുന്നു. യുക്തിയെ വരുതിക്കു നിറുത്തുമ്പോഴാണ് അനുഭൂതി ശക്തമാകുന്നത്.


അകലെയുള്ളവയെ ലഭ്യമാക്കാൻ അടുത്തുള്ളവയെ ത്യജിക്കേണ്ടിവരാം. അഹമുയർന്നാൽ അപരൻ താഴ്ത്തപ്പെടും. വാച്യാർഥങ്ങളിൽ കടിച്ചുതൂങ്ങിയാൽ അന്തരാർഥങ്ങൾ മങ്ങും. വാക്കുകളുടെയാധിക്യം കാര്യഗ്രഹണത്തെ ഹനിക്കും.

സുന്ദരേശ്വരൻ (ശിവൻ), മീനാക്ഷി (പാർവതി) എന്നീ ദേവതകൾക്കായി നിർമിച്ച മധുര മീനാക്ഷിയമ്പലത്തിന്റെ രൂപഭംഗിയും അതിനകവും പുറവും പൊതിഞ്ഞുള്ള പതിനായിരക്കണക്കിന് അതിപുരാതന കൊത്തുപണികളും ശ്രദ്ധിച്ചാൽ അന്തംവിട്ടു നിന്നുപോകും. എത്ര കൃതകൃത്യത! അതിപുരാതനമായ ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡൽഹിയിലെ കിൽജി രാജവംശം മൊത്തത്തിൽ തകർത്തുകളഞ്ഞെങ്കിലും പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി നൂറു വർഷംകൊണ്ട് പൂർവസ്ഥിതിയിൽതന്നെ അമ്പലത്തിന്റെ പുനർസൃഷ്ടി നടത്തിയത് വിജയനഗർ രാജവംശത്തിന്റെ പിൻഗാമികളാണ്. ഇന്ന് ലഭ്യമായ എല്ലാ യന്ത്രവൈദദ്ധ്യവും  ഉപയോഗിച്ചാലും ഇനി അങ്ങനെയൊന്ന് സൃഷ്ടിക്കാനാവില്ല. ശാസ്ത്രസങ്കീർണ്ണത കൂടുന്തോറും പണിയിലെ മേന്മ കൂടണമെന്നില്ല, പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ അളവിൽ. ഇന്ന് മനുഷ്യന്റെ കണ്ണുകളുടെ ശക്തിയും കഴിവുമെന്നതുപൊലെ  കരവിരുതും വളരെ കുറഞ്ഞുപോയിട്ടുണ്ട്. എന്റെ വല്യപ്പനും അപ്പനും തോക്കുണ്ടായിരുന്നു. പൊട്ടാസും വെടിമരുന്നും തനിയെ ഉരുട്ടിയെടുക്കുന്ന ഈയത്തിന്റെ ഉണ്ടകളുമൊക്കെ സൂക്ഷിക്കാൻ ചിരട്ടകൊണ്ടും തടികൊണ്ടും അവർ കടഞ്ഞെടുക്കുന്ന കുഞ്ഞു കുടുക്കകളും കലയോടെ ചെത്തിമിനുക്കിയ അവയുടെ അടപ്പുകളും എന്നെ വളരെയാകർഷിച്ചിരുന്നു. തടികൊണ്ട് അതുമിതുമൊക്കെ കടഞ്ഞെടുക്കുക എനിക്കും ഒരു ഹരമായിത്തീർന്നു. ഒരു കമ്പും കത്തിയും എപ്പോഴും ഞാൻ കൊണ്ടുനടന്നിരുന്നു.

ഐ.ക്യു.കൊണ്ട് മാത്രമളക്കാവുന്നവയല്ല മനുഷ്യന്റെ കഴിവുകൾ. eq (emotional quotient), sq (spiritual quotient), dq (digital quotient) തുടങ്ങി മറ്റു പല ബുദ്ധിമാപിനികളും ഉപയോഗിച്ചാലേ മനുഷ്യബുദ്ധിയുടെ വർണ്ണരാജികളെല്ലാം ഉൾപ്പെടുകയുള്ളൂ. Howard Gardner 1983ൽ എഴുതിയ The Frames of Mind (The theory of multiple intelligence) എന്ന കൃതിയിൽ മനുഷ്യബുദ്ധിയുടെ വ്യത്യസ്തമായ ചായ്വുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മുകളിൽ പറഞ്ഞവ കൂടാതെ ഗണിതയുക്തിപരം, സംഗീതപരം, സ്ഥലപരം, വ്യക്തിബന്ധപരം, അസ്തിത്വപരം, പ്രകൃതിപരം തുടങ്ങിയ കഴിവുകളിൽ മുന്തിയവർ സാധാരണ ഐ.ക്യു.ടെസ്റ്റിൽ വളരെ പിന്നാക്കമായിരിക്കും. അതിൽ യാതൊരു കഥയുമില്ലെന്നാണ് ഗാർഡ്നർ സമർഥിക്കുന്നത്. പരമ്പരാഗതമായ അളവുകോലുകൾ വച്ച് മനുഷ്യനെ വിലയിരുത്തുമ്പോൾ പ്രകൃത്യാലുള്ള കഴിവുകൾ തഴയപ്പെടുകയും ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ കീഴാളജനതയുടെ ബുദ്ധിശേഷികൾ നിഷേധിക്കപ്പെട്ടതുപോലുള്ള നീതിരാഹിത്യങ്ങൾ നടക്കുകയും ചെയ്യും. അങ്ങനെ വളരെയധികം പ്രതിഭകൾ ശൈശവത്തിൽ തന്നെ കൊല്ലപ്പെടുന്നു.

ഉപയോഗം കുറയുന്തോറും ഇന്ദ്രിയങ്ങളുടെ ശക്തി കുറഞ്ഞുപോകും. ഏതു കഴിവിന്റെ കാര്യത്തിലും ഇതാണ് ഗതി. സൗന്ദര്യത്തെ അന്വേഷിക്കുന്നവർ അത് കൂടുതൽ കണ്ടെത്തുന്നു. വിരക്തി ശീലിക്കുന്തോറും അതിനോടുള്ള പ്രതിപത്തി എറിവരും. ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്തോറും ആക്രാന്തം വര്ദ്ധിക്കുകയേ ഉള്ളൂ. വൃത്തിയായിട്ടെഴുതുന്തോറും അക്ഷരഭംഗി കൂടിക്കൊണ്ടിരിക്കും. ശ്രദ്ധ ചെലുത്തണം, രണ്ടുതവണ ആലോചിക്കണം എന്നുള്ള സദുപദേശം തന്നുകൊണ്ടിരിക്കാൻ ഒരാളുണ്ടായത് എത്രയോ വലിയ ഒരു ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു. ഇഷ്ടം വിലയ്ക്കുന്ന ഒരു കാരുണ്യമായിരുന്നു അത്. ഈ കുറിപ്പ് ആ ഓർമക്കുവേണ്ടിയാണ്. 

ഇല്ലാത്ത ദൈവം...

അടുത്ത ദിവസങ്ങളില്‍, ഇന്ത്യന്‍ തോട്സില്‍ (http://indianthoughts.in/article13.php), ഡോ. സുനില്‍ ജി ഗാര്‍ഗ് എഴുതിയ ദൈവത്തെപ്പറ്റിയുള്ള പോസ്റ്റ്‌ വളരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇത് വായിച്ചിട്ട് ശ്രി. സാക്കിന്‍റെ ഒരു സ്നേഹിതന്‍ എഴുതിയ ആശയവും അതിന് സാക്ക് നല്‍കിയ മറുപടിയും എന്നെ വളരെ ചിന്തിപ്പിച്ചു. ദൈവത്തെപ്പറ്റി തര്‍ക്കിക്കുന്നവര്‍ ഈ ആശയവും കൂടി അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.

Dr Sunil Ji Garg ഇങ്ങിനെ എഴുതി
Formless GOD

One of my reader’s comments on my last article ‘O Rama! O Krishna!’ forced me to write this article. The reader advised me to believe in a formless GOD. The debate about the form of GOD has been happening since long. Here I would like to quote the great thinker and scientist of our generation Professor Stephen Hawking. “When people ask me if a GOD created the universe, I tell them that the question itself makes no sense. Time didn’t exist before the big bang, so there is no time for God to make the universe in. It’s like asking directions to the edge of the earth; The Earth is a sphere; it doesn’t have an edge; so looking for it is a futile exercise. We are each free to believe what we want, and it’s my view that the simplest explanation is; there is no God. No one created our universe, and no one directs our fate. This leads me to a profound realization; there is probably no heaven and no afterlife either. We have this one life to appreciate the grand design of the universe, and for that I am extremely grateful.”

This was said by him just about a year back in April 2013, while delivering a lecture at Caltech, USA. One may also note that this was one of the most crowded moments in the history of this most prestigious Institution devoted to science and engineering. I do not know whether my ‘Sanskaars’ allow me to subscribe to the idea propounded by Prof. Hawking. What I definitely know is that, this new thought has augmented my mind’s capacity to think beyond what I have been thinking all these years. Since I studied engineering, management and medicine (naturopathy), I had been one of the luckier ones to get a feel of the world of science as well the world of practical aspects of everything. But! Whenever this question of GOD comes in front of me, I become like a primary school entrant. With the statement like Professor Hawking, I start asking myself whether even the primary knowledge about GOD is possible. Somehow! Whatever some people may argue, I have a faith in this concept of GOD. I feel whether He is formless or formed, this concept helps me in my day-to-day life. For me, this simply means that if I am a selfish person, I would definitely believe in GOD. Let me confront with people, who call their love for GOD as a selfless love.

ചോദ്യം:

Dear zach, 
Perhaps you already read' Formless God' from Indian thoughts. I have forwarded to u.  I'm very happy to read Prof.Stephen Hawkins words. That's my realisation also. I want to get your translation of it.  
Thanks.

സാക്കിന്‍റെ മറുപടി:
അതിൽ മനസ്സിലാക്കാനുള്ളത് ഹോക്കിങ്ങിന്‍റെ ആ ഉദ്ധരണി മാത്രമല്ലേ ഉള്ളൂ. അത് മാത്രം തര്ജ്ജമ ചെയ്‌താൽ മതിയോ? മനസ്സിലായെങ്കിൽ അതെന്തിന് ഇനി മലയാളത്തിലാക്കണം

തന്നെയല്ല, ഞാനതുമായി യോജിക്കുന്നില്ല. ദൈവമില്ലെന്നു ചാടി നിന്ന് പറയുന്നവർ ഇക്കാണുന്നതിനൊക്കെ ഒരു വിശദീകരണം തരണം. ഇതൊക്കെ എന്നുമുണ്ടായിരുന്നു എന്ന് പറയുന്നത് തന്നെയാണ് ദൈവമെന്നു പറയുന്നതും. എനിക്ക് മനസ്സിലാകാത്തത് എന്നെ അലട്ടുന്നിടത്തോളം നാൾ ദൈവമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ബുദ്ധികെട്ട അഹന്ത മാത്രമാണ്. അത് യുക്തിയുമല്ല, ശാസ്ത്രവുമല്ല. ആദ്യസ്ഫോടനമെന്നത് ഒരു വിശദീകരണമല്ല. ഇപ്പോൾ അവർ പറയുന്നത് ഒരു പ്രപഞ്ചത്തിന്‍റെ അവസാനത്തിൽ മറ്റൊന്ന് തുടങ്ങുന്നതിനാണ് അങ്ങനെ പറയുന്നത് എന്നാണ്. അത് നമ്മെ ഒരിടത്തും കൊണ്ടെത്തിക്കുന്നില്ല. ഒരു പുതിയ അറിവും തരുന്നില്ല. 

സത്യത്തിൽ, നമുക്ക് മനസ്സിലാകുന്നത് എത്രമാത്രമുണ്ട്? ഒട്ടുംതന്നെ ഇല്ല. അപ്പോൾ ദൈവത്തെപ്പറ്റി മിണ്ടാൻ നാമാരാണ്. ദൈവമില്ലന്നു പറയുന്നതിന്‍റെ പിന്നിൽ, ദൈവമെന്താണെന്ന് എനിക്കറിയാം എന്ന ധാരണയുണ്ട്. ഒരു ശാസ്ത്രജ്ഞനും അങ്ങനെയൊരു ധാരണക്കുള്ള കോപ്പ് തലയിലില്ല. അപ്പോൾ ദൈവമില്ലെന്നു പറയുന്നത് സ്റ്റീവൻ ഹോക്കിംഗ് ആണെങ്കിലുമത് അര്ഥശൂന്യമാണ്.  

(Indian Thoughts is a widely read international moral education service. Subscribers get profound thoughts each day by mail, written by eminent writers in turn. Subscription is free and it can be done on line from http://indianthoughts.in/ )

Thursday 28 August 2014

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.

വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007ൽ 
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. സംഭവം നേരേ തിരിച്ചാണെന്നാണ് അവന്റെ മതം. അത് പോകട്ടെ. 

ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? 
എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ് എന്നേ എനിക്ക് കരുതാനാവൂ. ഒന്നും ഞാനാഗ്രഹിക്കുന്നതുകൊണ്ടോ ഞാനറിഞ്ഞോ സംഭവിക്കുന്നതല്ല. അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ് എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ. ഹാ, ഹാ! ആർക്കും ആരുമായിരിക്കാമായിരുന്നുവെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയെങ്കിലുമാണ് ഞാൻ. പക്ഷേ, അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. അപ്പോൾ, എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

Monday 25 August 2014

ഒരു ചെറിയ നിശാഗാനം

15.01.2008

https://www.youtube.com/watch?v=Qb_jQBgzU-I എന്ന ലിങ്ക് തുറക്കുമെങ്കിൽ സംഗീതസാമ്രാട്ട് വോൾഫ്ഗാങ്ങ് അമദെവൂസ് മൊസ്സാർട്ടിന്റെ വിശ്വവിഖ്യാതവും ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നതുമായ Eine kleine Nachtmusik (ഒരു ചെറിയ നിശാഗാനം - the Serenade in G major, 1787) ആസ്വദിക്കാം.

എന്റെ ശ്രീമതി സ്വസ്ഥമായി ഉറങ്ങാൻ കിടക്കുകയാണ്. ഞാൻ കട്ടിലിന്റെയോരത്ത് ഇരിക്കുന്നുണ്ടെന്ന് അവൾക്കറിയാം. ആ ഇരുപ്പ് ഏറെനേരം തുടരുമെന്നും അതിനോടിടയിൽ അവളുറങ്ങിപ്പോകുമെന്നും അവൾക്കറിയാം. എന്നാലും അവൾ ചോദിക്കും, എന്തെടുക്കുവാ? ദിവസം മുഴുവൻ പലതായി കണ്ടവയെ ഒന്നാക്കാൻ ശ്രമിക്കുകയാണ്, ഞാൻ പറയും. എന്തൊക്കെ? എന്നവൾ വീണ്ടും കുസൃതിയോടെ ചോദിക്കും. ഓരോ ദിവസവും ഓരോ വിധത്തിലായിരിക്കും കടന്നുപോയത്. അക്കൂടെ ഇടപെട്ട ആളുകളും ചെയ്ത പണികളും വായിച്ച പുസ്തകങ്ങളും കുത്തിക്കുറിച്ചവയുമൊക്കെ കാണും. അസ്വാരസ്യങ്ങളും ചെറിയ കെറുവുകളും വിരളമായി ആശയപൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാൽ അവയെല്ലാം ഒരു സമഗ്രതയുടെ ചെറിയ അംശങ്ങളായിരുന്നു, കാലുഷ്യമുണ്ടാക്കി മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കേണ്ടതൊന്നും അക്കൂടെയില്ലായിരുന്നു എന്ന് തീര്ച്ച വന്നില്ലെങ്കിൽ വരുത്താനാണ് ഉറങ്ങുംമുമ്പുള്ള ആ നിവർന്നിരിക്കൽ എനിക്കുപകരിക്കാറ്‌. മിക്കവാറും എല്ലാം അപ്പപ്പോൾ തീരുകയാണ് പതിവ്. ഒന്നും ബാക്കിയിരിപ്പില്ല എന്നുറപ്പുവരുത്താനാണ് അൽപനേരം വെരുതേയിരിക്കുന്നത്. എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന പ്രപഞ്ചോർജ്ജം വന്നു പൊതിയട്ടെ എന്നാഗ്രഹിച്ച് വെറുതേ ഇരുന്നാൽ മതി. വെളിച്ചത്ത് കണ്ടതിലെല്ലാം ഉണ്ടായിരുന്നത് ഒന്നായിരുന്നു എന്നയറിവ് ഇരുട്ടത്ത് ഉള്ളിൽ വന്നു നിറയും - ആ അറിവാണ് സന്തുലിതാവസ്ഥയെ കൊണ്ടുവരുന്നത്.

എന്റെ ഇഷ്ടതൂലികയായ സി. രാധാകൃഷ്ണനെ വായിക്കുമ്പോൾ ആദ്യമൊക്കെ ഞാൻ ചിന്തിച്ചിരുന്നു, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗ്യരഥ്യയിലൂടെ നടക്കാൻ എനിക്കായില്ല എന്ന്. ഇന്ന് ഞാനങ്ങനെയല്ല വിചാരിക്കുന്നത്. അദ്ദേഹമെഴുതുകയും ഞാനത് വായിച്ച് ആസ്വദിക്കുകയും എന്നത് അതിലും സുന്ദരമല്ലേ എന്നാണ്. അന്യർ സൃഷ്ടിക്കുന്ന സൗന്ദര്യത്തിന്റെ ലഹരി ആസ്വദിക്കാനാവുക ഒരനുഗ്രഹമാണ്‌. പക്ഷികൾ ദീർഘദൂരം കൂടിപ്പറക്കുമ്പോൾ, ഇംഗ്ളീഷ് V ചരിച്ചിട്ട ആകൃതിയിൽ അവ ഒന്നോടൊന്നു ചേർന്ന് മുന്നോട്ടുപോകുന്ന പതിവുണ്ട്. വായുമർദ്ദം ലഘൂകരിക്കുന്നു എന്നതാണ് അതിന്റെ ഫലം. ഏതു പക്ഷി എവിടെ നില്ക്കുന്നു എന്നത് അപ്രധാനമാണ്. എന്നാലും മുമ്പിൽ പോകുന്നതിന് കൂടുതൽ മർദ്ദത്തെ ചെറുക്കേണ്ടതുണ്ട് എന്നതിനാൽ ആ സ്ഥാനം അവർ മാറിമാറി എടുക്കണമെന്നും അവയ്ക്കറിയാം. പ്രകൃതിയിൽ എന്ത് എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നത് നിഗൂഢമായ ഒരാന്തരീയലയത്തിന്റെ ഭാഗമാണ്. അത് അങ്ങനെയാണെന്ന അവബോധം എല്ലാ സംഭവങ്ങളെയും വരുന്നതുപോലെ സ്വീകരിക്കാൻ ഉതകുന്ന ഒരു മാനസികാവസ്ഥയെ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

സ്വതന്ത്ര വിഹായസിൽ ഒരുമിച്ചു പറക്കുന്ന പക്ഷികളിൽ ഒന്ന് മാത്രമാണ് ഞാൻ എന്നയറിവ് വിലമതിക്കാനാവാത്ത ഒരു നിധിയാണ്‌. ആത്മാവിൽ സംഘർഷമില്ലാതെ ജീവിക്കുക ഒരു കലയാണ്‌. ഇതോടോത്തുപോകുന്ന, ഭൗതികതയും ആദ്ധ്യാത്മീയതയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്, ഗീത മനസ്സിരുത്തി വായിക്കുന്നവർക്ക് കിട്ടുന്നത്. അതിൽ നിഷ്ഠകളോ ശാഠൃങ്ങളോ ഇല്ല. കലുഷിതമായവയുടെ നടുവിൽ സ്വച്ഛന്ദ്യമനുഭവിക്കുക - അതാണ്‌ സന്തുഷ്ടകരമായ ജീവിതത്തിന്റെ താക്കോൽ.

ഞാനിതൊക്കെ അവളോട്‌ വളരെ ലളിതമായി പറഞ്ഞുകൊണ്ടിരിക്കേ ആറായിരത്തി അഞ്ഞൂറ് km അപ്പുറത്തുനിന്ന് മൂത്ത മകൻ വിളിച്ചു. 'വിളിക്കണം, അമ്മക്ക് നിന്റെ സ്വരം കേൾക്കണം' എന്ന് ഒരു മെയിൽ വിട്ടതിന്റെ ഫലം. അവൾ ചോദിച്ചതിനൊക്കെ ചുരുങ്ങിയ ഉത്തരം കിട്ടിയപ്പോൾ, ഇതിൽ കൂടുതൽ അവനൊന്നും പറയില്ല എന്നറിഞ്ഞുകൊണ്ട്‌ അവൾതന്നെ സംസാരം നിറുത്തി. 'തനി അപ്പൻ' എന്നൊരു കമന്റും. ആരോടും ആവശ്യത്തിൽ കവിഞ്ഞൊന്നും മിണ്ടാത്തവരാണ് ഞാനും മകനും. തമ്മിലും അങ്ങനെത്തന്നെ. ഒരു വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. റ്റെലെഫോണിൽ സംസാരിക്കാറേയില്ല. ആവശ്യം തോന്നുമ്പോൾ എന്തെങ്കിലും വായിക്കാനുള്ളത് കൈമാറാൻ മെയിൽ ഉപയോഗിക്കും. ഞങ്ങൾക്കത് ധാരാളമാണ്. അത്യാവശ്യമാണ് ആഗ്രഹത്തിന്റെ അളവ് എന്നതാണ് ഞങ്ങളുടെ നയം. അത് പുറത്തേയ്ക്കുള്ള വാതിലുകളെ മിക്കപ്പോഴും ചാരിയിടുമെങ്കിലും ഉള്ളിലൊരാകാശം എപ്പോഴും തുറന്നുകിടക്കാനുപകരിക്കും. അത്തരമൊരു ആകാശവ്യാപ്തിയുടെ അനുഭവമുണ്ടാകാൻ, കൂട്ടംകൂടി പറക്കുന്ന പക്ഷികളിലൊന്നായി സ്വയം സങ്കല്പിച്ചുകൊണ്ട്, അമദെവൂസ് മൊസ്സാർട്ടിന്റെ ആ ചെറിയ നിശാഗാനം ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കൂ. അതാസ്വദിച്ചുകൊണ്ട്‌ എത്രയായിരങ്ങൾ കുളിർമയോടെ ഉറങ്ങിയിട്ടുണ്ടാവണം!

Tel. 9961544169 / 04822271922

Thursday 21 August 2014

Ferguson: Break-Down of Law And Order

(Swami Snehananda Jyoti (officially known as Fr. John Thekkedam) has a Christian Catholic (Syro-Malabar) background. He has degrees in philosophy, education, psychology, and theology from Jnana-Deep Vidyapeeth (JDV), Sardar Patel University, and Delhi University. His doctorate in Clinical Psychology is from St. Louis University (USA). He taught psychology in Lindenwood University (USA) and JDV, Pune (India). He was a Jesuit for 25 years. His ashrams in India and the USA spread the message of East West Awakening (eastwestawakening.org) and Vishwa Shanti Internastional Mission: an integration of the best in the East and the best, and spirituality beyond religions to develop Unity of Humanity rooted in the Kingdom of God. In his headquarters at Shanti Sadan Siddhashram in the outskirts of Munnar, Kerala, India, he models a modified version of Chaturashram life.)
Ferguson, Missouri, USA, a suburb of Saint Louis, about two miles away from Siddhashram Center for Realization where I reside presently, has attracted unwanted attention from all over the world on account of painful events unfolding there in the last 10 days. Years go, a psychiatrist friend and I had a clinic in that town where we treated emotionally disturbed persons. As I am at the ashram in solitude and retreat, events there have deeply troubled me. A brief description of events, not necessarily in chronological order, follows. On August 11, 2014, an unarmed 18-year old African-American (black) Mike Brown was shot dead in Ferguson by a white police officer. The officer fired more than 6 times. The circumstances that led to the shooting are not clear. Three independent investigations are going on. Demonstrations of protesters into the shooting demanding action against the police officer as well as the release of his name followed. When the name of the police officer was released after a few days, some footage of Mike Brown stealing an item worth more than $40 (Rs. 2400) from a store nearby and shoving a store-attendant, who tried to stop him, before the shooting was released. The robbing and the shooting were not related as the officer did not know of the robbery before the shooting incident. During the several days of ongoing demonstrations, mostly after dark into late night, confrontations between protesters and police, violence, looting of shops, and destruction of property took place. Initial hard-line tactics by the police was replaced by a softer approach which was taken advantage of by criminal elements to loot and destroy property extensively. The store-owners felt they were not protected by the police from the looters. To control violence, highway patrol, and later on national guards were called. Curfew also was imposed from midnight to 5 am. It may be important to note that while Ferguson has about 70% of blacks, and only 3 out of 53 police officers are black.

What lessons can we learn from these happenings?  Not releasing available information by the police department early on did not help. Demonstrations needed to be orderly and peaceful. Demonstrations and protests need to be non-violent; they need to stop once a fair process to redress complaints and grievances has been instituted. Protesters had a duty to stop opportunists and criminals from hijacking peaceful protests. The intentions of some of the protesters were questionable. Police officers need to be trained in human relations, diffusing tensions, and impulse control.
Blacks have legitimate grievances. They are racially profiled. They are more frequently stopped and searched. Their civil rights are more frequently violated. They have fewer opportunities for economic advancement. I wish the enormous amount of  money spent in waging war by the previous president in Iraq, for instance, were spent in improving the quality of life of the blacks and the poor in the inner city and the poor neighborhoods. While the blacks have legitimate grievances against racist elements in a white society, they are their own worst enemies. They need to take responsibility for the violence and killings they perpetrate on themselves. Recently a black woman walking with her grandchildren was caught in a crossfire between two rival black gangs and killed in north Saint Louis.

Ten years before I came to the USA in 1974, there was segregation. Civil rights laws granting civil rights to blacks were passed only in 1965 after considerable violence. Since then we have enormous progress. We even have a black president. The American society still has a long way to go. I have experienced discriminations from whites as well as blacks. There are also Indians who are covertly racists. I must also say that my experience in general with the police has not been good. America needs to do a thorough soul-searching and reorder its priorities. It does not have a healthy life-style. Over seventy percent of its population, for instance, is overweight or obese. Its constant and unhealthy anxiety or preoccupation with things such as security, weight-loss, erectile dysfunction, suing others, and looks need to go. Coming out of its smug self-complacence and an air of superiority, it needs to lay the foundation for healthy spirituality and human relations from a global perspective and value system.

Swami Snehananda Jyoti

Sunday 17 August 2014

സ്വരലയം

ഒരു സ്വപ്നത്തിലെ കഥയല്ല, കഥയിലെ സ്വപ്നമാണ് എന്നേറ്റുപറഞ്ഞുകൊണ്ടുതന്നെ ഈ അനുഭവം വെളിപ്പെടുത്തുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍നിന്നാണ് ഇതിന്റെ ഊടും പാവും ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നതുകൊണ്ടാണ് പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സിലിതു മായാതെ കിടക്കുന്നത്. ഇതിലെ സ്ഥലകാലസാന്നിദ്ധ്യങ്ങളെ അറിയാത്തവര്‍ക്ക് ഇതിന്റെ ഉള്ളുകള്ളികള്‍ അത്രയൊന്നും മനസ്സിലായെന്നുവരില്ല. എന്നിരുന്നാലും, ഉണ്മയില്‍ നിന്ന് ശൂന്യതയെ നെയ്തെടുക്കുകയാണോ, ശൂന്യതയില്‍ നിന്ന് ഉണ്മയെ സൃഷ്ടിക്കുകയാണോ ഒരു സ്വപ്നത്തിന്റെ പണി എന്ന് ചിന്തിക്കാന്‍ ഇത് പ്രേരകമായേക്കാം. രണ്ടുംകൂടിയാണ് എന്നാണെന്റെ നിഗമനം.

സസ്യവേലികളുടെ ഗ്രാമം എന്നര്‍ത്ഥം വരുന്ന Hägendorf-ല്‍ (Switzerland) നിന്ന് ആയിരം മീറ്ററോളം ഉയരമുള്ള അല്ലെർഹൈലിഗെൻബെർഗ്  (Allerheiligenberg) എന്ന കുന്നിന്മുകളിലേയ്ക്ക് ഒറ്റയ്ക്ക് നടക്കുകയാണ് ഞാന്‍. ഏപ്രില്‍ മാസത്തിലെ ഇളംചൂടുള്ള ഒരു ദിവസം. സസ്യങ്ങളായ സസ്യങ്ങളെല്ലാം തളിര്‍ത്തും പൂവിട്ടും വസന്തത്തിന്റെയാഗമനം അറിയിക്കുന്നുണ്ട്. കിളികളെല്ലാം ഉല്ലസിച്ച് ബഹളംവയ്ക്കുന്നുണ്ട്‌. നായ്ക്കളെ നടക്കാന്‍ കൊണ്ടുപോകുന്നവര്‍, അന്യര്‍ അടുത്തുവരുമ്പോള്‍, അവയെ തുടലില്‍ കുരുക്കുകയും പിന്നീട് അഴിച്ചുവിടുകയും ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് അവ കാഷ്ടിക്കുന്നത് ചെറിയ പ്ളാസ്റ്റിക് കൂടിനുള്ളിലാക്കി, വഴിയരുകില്‍ അതിനായി സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലിടുന്നത് കാണാം. മറ്റ് നടത്തക്കാര്‍ക്ക് അസഹ്യമാകുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന മര്യാദയുടെ പ്രതിഫനലങ്ങളാണ് ഇതൊക്കെ. തിരിച്ചു വീട്ടിലേയ്ക്ക് ലൈന്‍ബസ്സില്‍ പോകാമെന്ന് ഞാന്‍ കരുതി.

Allerheiligenberg ൽ നിന്ന് ബസില്‍ കയറി ഞാന്‍ Kantonsspital Olten വരെയുള്ള റ്റിക്കറ്റെടുത്തു. Hägendorf -ല്‍ നിന്ന് 11 കി.മീ. അകലെക്കിടക്കുന്ന ടൌണ്‍ ആണ് ഓള്‍ട്ടന്‍. ‌കിഴുക്കാംതൂക്കായി പോകുന്ന വഴിയിലൂടെ ഇറങ്ങി വലിയ മണിമാളികയുള്ള ഒരു കെട്ടിടത്തിനടുത്ത് ബസ്സ്‌ നിറുത്തിയപ്പോഴാണ് സ്വപ്നകരമായ ഒരനുഭൂതിയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണരുന്നത്. അദ്ഭുതമെന്നേ പറയേണ്ടൂ, ആ ചുരുങ്ങിയ സമയംകൊണ്ട് മറ്റെവിടെയെല്ലാമോ ഞാന്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. മുംബയില്‍ ലോവര്‍ പരേലില്‍ ഒരു സിന്ധി കോളനിയുണ്ട്. അതിന്റെ കിഴക്കുഭാഗത്ത് ഒരു കുന്നുണ്ട്. ഞാന്‍ വളരെക്കാലം കയറിയിറങ്ങിയിട്ടുള്ള ആ തിട്ടയാണ് എന്തുകൊണ്ടോ എന്റെ മനസ്സിലപ്പോള്‍ തെളിഞ്ഞുവന്ന ദൃശ്യം. അവിടെ നിന്ന് പുറപ്പെടുന്ന ബെസ്റ്റ് (Bombay Electricity and State Transport) -ന്റെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ എത്ര തവണയാണ് ഞാന്‍ ഓടിക്കറിയിട്ടുള്ളത്. ആ ഓര്‍മ്മകളെ ലാളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ബസ്സില്‍നിന്നിറങ്ങി, വീണ്ടും ഏകാകിയായി അല്പംകൂടെ നടക്കാനാഗ്രഹിച്ച്, മുകളിലേയ്ക്ക് കയറുന്ന ഒരു നടപ്പാതയിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങി. അവിടെയടുത്ത്, Platz der Stille (വിശ്രാന്തിയുടെ സ്ഥലം) എന്നറിയപ്പെടുന്ന, ലോവര്‍ പരേലിലേതിനു സമാനമായ, നിരപ്പേല്‍ ഒരു കൊച്ചു ലൈബ്രറിയുണ്ട്. ഞാനവിടെ കയറി. ഒരു ഹാളില്‍ പൊതുപരിശീലനത്തിനായി വച്ചിരിക്കുന്ന ഒരു പിയാനോയില്‍, മുമ്പില്‍ പാശ്ചാത്യരീതിയില്‍ നോട്ടെഴുതിയ കടലാസില്‍ നോക്കി, വായിക്കുന്നതാരെന്നോ? സാക്ഷാല്‍ നിത്യചൈതന്യയതി! ബേതോവെന്റെ Für Elise (For Elise) എന്ന ഗീതമാണദ്ദേഹം ഒപ്പിച്ചെടുക്കാന്‍ നോക്കുന്നത്; പക്ഷേ അത്ര ശരിയാകുന്നില്ല. അടുത്തുചെന്നുനിന്ന്, ശ്രദ്ധിച്ചുകൊള്ളട്ടേയെന്നു ചോദിച്ച് ഞാന്‍ ഒന്നു ചിരിച്ചു. ആഹാ, ഇതാര്, ഇവിടെയടുത്താണോ താമസം എന്നെന്നോട് ചോദിച്ചുകൊണ്ട് അദ്ദേഹമെഴുന്നേറ്റു. സ്വിറ്റ്സര്‍ലന്റില്‍ വന്നതിന്റെ ഉദ്ദേശ്യവും മറ്റും എന്നോട് വിവരിച്ചുകൊണ്ട്, എന്റെകൂടെ ചുരം കയറി കൂടെനടന്നു. Olten -ല്‍ ഉള്ള ബെനെഡിക്റ്റിന്‍ ആശ്രമത്തിലാണ് താമസം, വാടകയല്പം കൂടുതലാണ് എന്നൊക്കെ പറഞ്ഞു. എന്റെ വീട്ടില്‍ വന്നു തങ്ങാം, ആ കാണുന്ന ഗോപുരത്തിനടുത്താണ് എന്നൊക്കെ ഞാനും പറഞ്ഞു. വീട്ടില്‍ വരാമെന്ന് മാത്രം അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു. പള്ളിയറ ശ്രീധരനെഴുതിയ 'ഗണിതം രസകരം' എന്ന കൊച്ചു പുസ്തകം എന്റെ ആണ്‍കുട്ടികള്‍ക്ക് സമ്മാനിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. കുട്ടികളെ ഒരു കണക്കു പഠിപ്പിക്കാന്‍ വേണ്ടി ഒരദ്ധ്യാപകന്‍ പറയുന്ന കഥയില്‍ ഒരൊസ്യത്തിന്റെ വിവരണം ഇങ്ങനെയാണ്: "ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍, ഭാര്യയുടെ വിഹിതത്തിന്റെ ഇരട്ടി അവന്. പെണ്‍കുഞ്ഞാണെങ്കില്‍, നേര്‍പകുതി." ഇത് കണ്ടതേ, ഞാന്‍ വാചാലനായി.

"വായിച്ചു പോകുന്നവര്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്ക്, ഒന്നും തോന്നുന്നില്ലെന്നായിരിക്കാം ഗ്രന്ഥകാരന്റെ ഭാവം. എന്നാലദ്ദേഹത്തിനു തെറ്റി. ചെയ്യുന്നതെന്തെന്നറിയാതെ, ധാരാളമെഴുത്തുകാര്‍ ഇത്തരം വികൃതഭാഷ്യങ്ങള്‍ തൊടുത്തുവിടാറുണ്ട്‌. എന്നിട്ട്, പൊതുവേദികളിലും മാധ്യമങ്ങളിലും ആണ്‍-പെണ്‍ തുല്യതക്കുവേണ്ടി പടുവായ്‌ കീറും." അല്പം കുപിതനായി ഞാന്‍ പറഞ്ഞു. ഗുരു എതിരൊന്നും പറഞ്ഞില്ല.

നിത്യചൈതന്യ യതിയുടെ കൃതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്, പലതും പഠിപ്പിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യരുടെ വിവേകചൂടാമണിയുടെ വിശദീകരണമായി യതി എഴുതിയ വേദാന്തപരിചയം (രണ്ട് വലിയ വാല്യങ്ങള്‍‍) എടുത്തുപറയേണ്ടതാണ്‌. ഇരുപതു വര്‍ഷമെടുത്തു ഇവ പൂര്‍ത്തിയാക്കാന്‍. അതും 1999 ല്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്. ഊട്ടിയില്‍ നടരാജഗുരു ഗുരുകുലം സ്ഥാപിക്കുകയും യതി അതിന്റെ സാരഥിയാകയും ചെയ്തശേഷം, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ അവിടെവച്ച് പരിചയപ്പെട്ടു. അന്ന് അടുത്തുള്ള ഒരു വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിന് ചുറ്റുംകൂടി നിന്നിരുന്നു. അത് ഞാന്‍ ഓര്‍ത്തിരിക്കാന്‍ പ്രധാന കാരണം, അവിടെ അന്ന് കണ്ട ഒരു പെണ്‍കുട്ടിയുടെ മായാത്ത രൂപമാണ്. കഷ്ടിച്ച് നാല് വയസ് കാണും അവള്‍ക്ക് പ്രായം. പേര് തെരേസ്. അവള്‍ നടക്കുന്നതും ചെയ്യുന്നതുമെല്ലാം നൃത്താത്മകമായിരുന്നു. എന്തൊരു താളലയം! അങ്ങേയറ്റം സഹജമായ അവളുടെ ആ വശ്യത പിന്നീടൊരിക്കലും എനിക്ക് മറക്കാനായിട്ടില്ല. പ്രകൃതിയില്‍ സ്ഥായിയായി ഒരു താളാത്മകഭാവം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ആദ്യം കാണിച്ചു തന്നത് ആ കൊച്ചു പൈതലാണ്. എന്തുകൊണ്ടെന്നറിയില്ല, "Für Elise" കേള്‍ക്കാനിടവരികയോ അത് മൂളിക്കൊണ്ട് നടക്കുകയോ ചെയ്യുമ്പോഴെല്ലാം, ആ കുഞ്ഞിന്റെ അഴകേറിയ രൂപവും ഭാവങ്ങളും എന്നിലേയ്ക്ക് കടന്നുവരികയും എനിക്കുണ്ടാകുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങളായിരിക്കാന്‍ കൊതിക്കയും ചെയ്തുകൊണ്ടിരുന്നു.

രസകരമായ ഒരു കഥയുണ്ട് Für Elise യുടെ സൃഷ്ടിയെപ്പറ്റി. Beethoven അതെഴുതിയത്, അദ്ദേഹം സ്നേഹിച്ചിരുന്ന ഒരു തെരേസിനുവേണ്ടിയായിരുന്നു. അവള്‍ കൈവിട്ടുപോയപ്പോള്‍, Für Theres എന്നത് Für Elise എന്ന് മാറ്റിയതാണത്രേ.

തീരെ പരിമിതമായ സ്വരങ്ങള്‍ കൊണ്ട്, A minor scale -ല്‍ അതിലളിതമായ, എന്നാല്‍ ശ്രുതിമധുരമായ ലയത്തെ സൃഷ്ടിക്കുകയാണ് ബേതോവെന്‍ അതിലൂടെ സാധിച്ചിരിക്കുന്നത്. സഡ്ജത്തില്‍ നിന്ന് വലിയ നിഷാദത്തിലേയ്ക്ക് ഒഴുകിയിറങ്ങുമ്പോളുണ്ടാകുന്ന അരസ്വരത്തിന്റെ (half note) ആവര്‍ത്തനംകൊണ്ട് വിഷാദാത്മകമായ ഒരനുഭൂതിയുണ്ടാക്കുന്ന സൂത്രമാണിതില്‍ പ്രയോഗിച്ചിരിക്കുന്നത്. പല്ലവിയുടെ ആരംഭം ഇങ്ങനെ:



ചരണത്തിലേയ്ക്ക് വരുമ്പോള്‍, ഊട്ടിക്കാരി കൊച്ചുതെരേസിന്റെ നൃത്തഭംഗികളാണ് എന്നുള്ളില്‍ നിറയുക. കീര്‍ത്തികേട്ട ഈ റ്റ്യൂണ്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:http://www.youtube.com/watch?v=yAsDLGjMhFI&feature=related 
ലിങ്ക് തുറക്കുമ്പോള്‍, ജൂലിയ ഫിഷെര്‍ പിയാനോയില്‍ ഈ സംഗീതം വായിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ മനോഹരമാണ്, അവരുടെ ശരീരം മുഴുവന്‍ സംഗീതത്തിനൊത്ത് താളാത്മകമാകുന്നതും കൈവിരലുകള്‍ കട്ടകളില്‍ ഒട്ടും മര്‍ദ്ദം ചെലുത്തുന്നതായി തോന്നിക്കാതെ, നൃത്തംവച്ച് ഒഴുകിയൊഴുകി മാറുന്നതും കാണുക. അവളുടെ ശരീരം മുഴുവന്‍, ഊട്ടിയില്‍ വച്ച് എന്റെയകതാരില്‍ കടന്നുകൂടിയ പെണ്‍കുഞ്ഞിനെപ്പോലെ, ഒരു സുന്ദരഗീതത്തിലെ താളവും ലയവുമായി മാറുന്ന അത്യപൂര്‍വമായ  അനുഭവമാണ് കാണികളിലും ശ്രോതാക്കളിലും സൃഷ്ടിക്കുന്നത്.

കൂടുതൽ സംഗീതാസ്വാദനം ആഗ്രഹിക്കുന്നവർക്കായി ഒരു ലിങ്ക്കൂടെ തരാം.
Für Elise glass harp ൽ വായിക്കുന്നത് അനുഭവിച്ചറിയുക. 
https://www.youtube.com/watch?v=47TGXJoVhQ8

ദിരിസന

14. 09. 2007 
"നിന്റെ ദൈവത്തെപ്പറ്റി- 
യെന്നോടു പറയൂ"
ഏതു സസ്യത്തോടും സെൻഗുരു 
ആവശ്യപ്പെടുമായിരുന്നു.

"ബദാംമരത്തോടതു പറഞ്ഞതേ
അവളടിമുടി പൂത്തു." (കസാന്ദ് സാക്കീസ്)

ഏത് ഋതുവിലും ഏതു സമയത്തും 
ഞാൻ കാണുമ്പോഴൊക്കെ 
പൂത്തുലഞ്ഞു നിന്നിരുന്ന-
യൊരു ഹരിതയുവതി 
അയലത്തുണ്ടായിരുന്നു. 
ദിരിസനയെന്നു വിളിപ്പേർ*

ഒരുനാളവളെ ആരോ പിഴുതെറിഞ്ഞു
തീരാദുഃഖത്തിലാണ്ടുപോയി ഞാൻ
എന്നാലുമാവഴി കടന്നുപോകേ-
യടിമുടി ഞാനും പൂക്കുംപോലെ 

ഇന്നതും പോയതുപോൽ -
ദൈവത്തെപ്പറ്റി മിണ്ടുന്നില്ലാരും!

*ഭംഗിയേറിയ കുഞ്ഞു പൂക്കളുണ്ടാകുന്ന ഒരു ചെടി 

Tel. 9961544169 / 04822271922

Monday 11 August 2014

'മ'

26. 11. 2007
നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴുമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാസനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.  

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരിക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളിലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

Sunday 10 August 2014

ഇനിയും ചതിക്കല്ലേ ദൈവമേ !

മഴ മഴ പെരുമഴ, എന്നത്തേക്കാളും ആസ്വാദ്യകരമായിരുന്നു പശ്ചിമ ഘട്ടത്തിന്‍റെ നെഞ്ചിലൂടെയുള്ള ഈ പെരുമഴക്കാലത്തെ എന്‍റെ യാത്ര. പച്ചപ്പില്ലാതെ ഒരു തരി മണ്ണുപോലും ഒരിടത്തുമില്ല. വേനലിന്‍റെ ക്രൂരതയില്‍ നിന്നും നിതാന്തമായ സ്വാതന്ത്ര്യത്തിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടാലെന്നപോലെ വന്യമായ ഒരാവേശം ഓരോ ചെടിയിലും മരത്തിലും പ്രകടമായിരുന്നു. പ്രകൃതി അനുവദിച്ചിട്ടുള്ളതിന്‍റെ പരമാവധി ഒരൊറ്റ നിമിഷം കൊണ്ട് വളരാനുള്ള വ്യഗ്രത ഓരോ തളിര്പ്പിലും ഞാന്‍ കണ്ടു. ഒരു സമൂഹബോധമായി അത് വളര്‍ന്നിരിക്കണം; അത്ര മനോഹരമായിരുന്നു, കണ്ണെത്താദൂരം വരെ  കൊങ്കണ്‍ റെയില്‍വേ തീരങ്ങള്‍. ഇടയില്‍ തളര്‍ന്നു പോയ രാജധാനി എക്സ്പ്രസ്സ് ഞങ്ങളുടെ എന്‍ജിനുമായി കുതിച്ചുപാഞ്ഞപ്പോള്‍ എനിക്ക് ഒരു പരാതിയും തോന്നിയില്ല; മറ്റൊരു നിറത്തില്‍ ചിന്തിക്കാനുള്ള ശേഷി ഈ മലനിരകള്‍ എന്നില്‍ നിന്നും ചോര്‍ത്തിക്കളഞ്ഞിരുന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാന്‍ ഇടയുള്ള ഇടഭിത്തികള്‍ എന്നെ ആശങ്കപ്പെടുത്തിയില്ല; നഗരത്തില്‍ ഒരു നിമിഷം വൈകി ചെന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഞാന്‍ ചിന്തിച്ചില്ല. ചിലപ്പോഴൊക്കെ പാളങ്ങളില്‍ നിന്നുയരുന്ന ഘട ഘട ശബ്ദവും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ഏറെ മൈലുകള്‍ നീണ്ടു കിടക്കുന്ന ഒരു നിബിഡ വനം കണ്ടപ്പോള്‍ ഞാനോര്‍ത്തു ഇതുപോലെതന്നെ ആയിരുന്നിരിക്കണമല്ലോ പറുദീസായുമെന്ന്. പെട്ടെന്ന് മനസ്സിലേക്ക് ഓടിവന്നത് ദൈവം ആദത്തോട് കാട്ടിയ ക്രൂരത തന്നെയാണ്. അവന് സല്ലപിക്കാന്‍ പുഴകളും, മലകളും, തരുലതാദികളും, പൂക്കളും, അനേക തരം ജന്തുമൃഗാദികളും ഉണ്ടായിരുന്നെകിലും ആദം ഒറ്റക്കായിരുന്നല്ലോ. ഒരു തടവറയിലിട്ട വേദന അവനിലത് ഉണ്ടാക്കിയിരിന്നിരിക്കാമല്ലോയെന്നു ഞാനോര്‍ത്തു.  മറ്റുള്ളവയ്ക്കെല്ലാം ഇണകളും സ്വജാതിയില്‍പ്പെട്ട സഹചാരികളും ഉണ്ടായിരുന്നുവെന്ന് തന്നെയല്ലേ നാം മനസ്സിലാക്കേണ്ടിയിരുന്നതെന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ തെറ്റ് ദൈവം കണ്ടുപിടിക്കുകയും തിരുത്തുകയും ചെയ്തു. നല്ല കാര്യം! പഴയ നിയമം പറയുന്നത് അബദ്ധങ്ങള്‍ പറ്റാത്ത ഒരു ദൈവത്തെപ്പറ്റി ആയിരുന്നില്ലെന്ന് മനസ്സിലായി. എന്തൊക്കെയോ വലിയ പദ്ധതികള്‍ മനുഷ്യകുലത്തെപ്പറ്റി ദൈവത്തിനുണ്ടായിരുന്നെന്നു പഴയ നിയമം പറയുന്നു. അവിടെയും ദൈവത്തിനു പാളിയെന്ന് വ്യക്തം. ദൈവത്തിന്‍റെ പദ്ധതികളായിരുന്നില്ലല്ലോ അവന്‍ ഇവിടെ നിറവേറ്റിയത്.
അവനെ തിരുത്താന്‍ പ്രവാചകരെ വിട്ടു, നീതിമാന്മാരെ വിട്ടു, നിയമങ്ങളെയും    മര്യാദകളെയും സ്ഥാപിച്ചു, അവസാനം മതങ്ങളെയും സൃഷ്ടിച്ചു. അവിടെയും ദൈവത്തിനു  അബദ്ധങ്ങളായിരുന്നല്ലോ പിണഞ്ഞത്. എല്ലാം കീഴ്മേല്‍ മറിയും എന്ന് മുന്നേ തിരിച്ചറിഞ്ഞത് കൊണ്ടാവണം പറുദീസായില്‍ നിന്നവനെ പുറത്താക്കിയത്. അവിടെയും ദൈവം തോറ്റുവെന്ന് എനിക്ക് തോന്നുന്നു. അവന്‍ പോയി പാലങ്ങള്‍ പണിതു, നഗരങ്ങള്‍ സൃഷ്ടിച്ചു, ഭാഷകള്‍ ഉണ്ടാക്കി, ആഭരണങ്ങള്‍ കൊരുത്തു,  അധികാരം സ്ഥാപിച്ചു. അവന്‍ കിഴക്കും പടിഞ്ഞാറും അളന്നു തിരിച്ചു, കാലവും സമയവും നിശ്ചയിച്ചു. അവന്‍ സൌരയൂഥം തുരന്നു മാളങ്ങള്‍ ഉണ്ടാക്കി അതില്‍ താമസമാക്കി. അവന്‍ ചെറുതായി ചെറുതായി ദൈവത്തോളം വലിപ്പവും വെച്ചു, വലുതായി വലുതായി ദൈവത്തോളം ശൂന്യവുമായി.

സത്യം തേടി അലഞ്ഞവരെ ദൈവം പറ്റിച്ചു, ഞാനാണ് സത്യം എന്ന് പറഞ്ഞവര്‍ക്കാകട്ടെ കാണിക്കാന്‍ തെളിവുകളുമില്ലായിരുന്നു പലരും പറഞ്ഞു, ദൈവം മനുഷ്യനെ പറ്റിക്കുമെന്ന്. ഒന്നും തേടാതെ പുറം മോടികള്‍ ഒന്നൊന്നായി ഉരിഞ്ഞെറിഞ്ഞവര്‍ പറഞ്ഞു, നീ തന്നെയാണ് നിന്നെ പറ്റിക്കുന്നതെന്ന്. നിനക്ക് വേണ്ടി ചിന്തിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് എന്‍റെ ഉള്ളം എന്നോട് മന്ത്രിച്ചു. കൊങ്കണ്‍ കാടുകള്‍ എന്നോട് പറഞ്ഞു, എന്നെപ്പോലെ കാറ്റിലും മഴയിലും, വേനലിലും പിറുപിറുക്കാതെ വളരാന്‍ നോക്കാന്‍. മരവിപ്പില്‍ മനസ്സ് മടുക്കാതെ കാത്തിരിക്കുന്നു ഞാന്‍. എങ്കിലും,  ഭ്രാന്ത് മനുഷ്യകുലത്തെ വരിഞ്ഞു മുറുക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സ് മന്ത്രിച്ചു, ദൈവത്തിന് വീണ്ടും വഴി തെറ്റിയിരിക്കുന്നു. 

Thursday 7 August 2014

കൂടെയുണർന്നിരുന്ന പുസ്തകം

16. 10. 2007
ഉറക്കത്തിനു തൊട്ടുമുമ്പ്, പതിയെ മയങ്ങിത്തുടങ്ങുമ്പോൾ, തുറന്നൊന്നു നോക്കാൻ വച്ചിരിക്കുന്ന ഒരു ഗ്രന്ഥമുണ്ടെനിക്ക് - Jeder Satz ein Menschengesicht (ഓരോ വരിയും ഒരു മനുഷ്യമുഖം) എന്ന് പേര്. അതിൽ നിന്ന് ചിലത്.

പ്രായവും ചിന്തയും
"ഞാൻ 80 വയസുവരെ ജീവിച്ചത് എന്നും ഒരേ വിധത്തിൽ  കഴിയാനാണോ? അല്ല. പുതിയവയെപ്പറ്റിയും പുതിയ രീതിയിലും ചിന്തിക്കാനാണെന്റെ ശ്രമം. വഴിമുട്ടിപ്പോകാതിരിക്കാൻ, മനുഷ്യൻ മാറിക്കൊണ്ടിരിക്കണം." - Unterhaltungen mit Goethe (Conversation with Goethe) - Kazler Friedrich von Müller ഗ്വേഥെയുമായി നടത്തിയ സംഭാഷണത്തിനിടെ, ജർമൻ സാഹിത്യശാഖകളിലെല്ലാം കുലപതിയുടെ സ്ഥാനം പതിച്ചുകൊടുത്തിരുന്ന സാഹിത്യപ്രതിഭ ഗ്വേഥെ പറഞ്ഞതാണിത്. 

 ഞാനും ഇതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. എന്നാൽ പഴയതുമാത്രം പഥ്യമായിട്ടുള്ളവർ കൂടെക്കഴിയുമ്പോൾ ഇക്കാര്യത്തിൽ പ്രതിബന്ധങ്ങൾ ഏറെയാണ്‌. പഴയ ആശയങ്ങളിൽ സുരക്ഷിതത്വം പ്രതീക്ഷിച്ചുകഴിയുന്നവരാണ് എവിടെയും ഭൂരിപക്ഷം. സ്വാതന്ത്ര്യം പരീക്ഷിക്കാൻ ധൈര്യം വേണം. അതില്ലാത്തവർ കൂടെയുള്ളവരെയും സുരക്ഷിത വളയത്തിനു പുറത്തേയ്ക്ക് വിടില്ല. ചിന്തിക്കുന്നവൻ യുദ്ധത്തിനൊരുങ്ങണം എന്ന് മാർകേസ് പറഞ്ഞത് സത്യം.

17. 10. 2007
ഗ്വേഥെയെപ്പറ്റി സുഹൃത്തുക്കൾ പറഞ്ഞതിൽ ചിലവ. "അദ്ദേഹത്തിന്റെ സംസാരത്തെക്കാൾ മെച്ചമാണ് അദ്ദേഹത്തിന്റെ ജീവിതം. എഴുത്തിനേക്കാൾ മെച്ചമാണ് അദ്ദേഹത്തിന്റെ സംസാരം. മുദ്രണം ചെയ്തിട്ടുള്ളതിനേക്കാൾ മെച്ചമായവ അദ്ദേഹം എഴുതിയിട്ടുണ്ട്." (Sämtliche Werke)
 
"ഒന്നിലുംതന്നെ ഏകാഗ്രതയോടെ ശ്രദ്ധപതിക്കാതെ, ഓരോന്ന് മാറിമാറി ചെയ്തുകൊണ്ട്‌ അദ്ദേഹം അലസതക്ക്‌ കീഴ്പ്പെടുന്നു എന്നത് പരിതാപകരമാണ്. മൂന്നുനാലു മാസങ്ങളായി കെട്ടിടം വിട്ടെന്നല്ല, തന്റെ മുറിക്കു പുറത്തേയ്ക്ക്പോലും അദ്ദേഹം ഇറങ്ങിയിട്ടില്ല. അതിന്റെ പേരിലാകട്ടെ അങ്ങേർക്കൊരു അസുഖവുമൊട്ടില്ലതാനും!" (ഷില്ലർ 1803ൽ)
തന്നെപ്പറ്റി ഗ്വെഥെതന്നെ പറഞ്ഞത്: "അനുഭവങ്ങളെ ഉപയോഗിക്കുക മാത്രമാണ് എനിക്കെഴുത്ത്. എന്റെ ചുറ്റുമുള്ളവയിലെ സർഗ്ഗധന്യതയെ എന്റെ സ്വന്തം സർഗ്ഗാത്മകതയെക്കാൾ ഞാൻ വിലമതിക്കുന്നു. വായുവിൽനിന്ന് സൃഷ്ടിക്കുക ഒട്ടുമേ എന്റെ രീതിയല്ല."
"താൻ സ്നേഹിക്കുന്നിടത്തു നിന്നലാതെ ആരുമൊന്നും പഠിക്കുകയില്ല." (Goethe)

സാഹിത്യവല്ലഭാനായിരുന്ന കാഫ്ക സ്വയം വിലയിരുത്തിയത് ഇങ്ങനെ: "മനുഷ്യരോടൊത്ത് ജീവിക്കാനും അവരോടു സംസാരിക്കാനും കഴിവില്ലാത്തവനാണ് ഞാൻ. എന്നെപ്പറ്റി ചിന്തിച്ച് എന്നിലേയ്ക്ക് ആണ്ടുപോയവൻ, മുരടൻ, ചിന്താവിഹീനൻ, ഭീരു. എനിക്കാരോടുമൊന്നും പറയാനില്ല, ഒരിക്കലും."
"ഒരാൾക്ക്‌ ജീവിക്കാനത്യാവശ്യമായതെന്തോ, അതാണയാൾക്ക് സത്യം." (Franz Kafka)

Wednesday 6 August 2014

കണ്ണിന് ഇമകൾ പോലെ

04. 08. 2007
കണ്ണിന് ഇമകൾ പോലെ

ഇമകൾ കണ്ണിന്റെ പരിരക്ഷക്കായി മാത്രമുള്ളതല്ല. പ്രകൃതിയിലെ മറ്റെല്ലാറ്റിലുമെന്നപൊലെ ഇവിടെയും അനന്യമായ ചാതുരിയും സവിശേഷമായ ചേർച്ചയും നിറച്ചിരിക്കുന്നു, പ്രപഞ്ചകലാകാരൻ. പതിയെപ്പതിയെ അനങ്ങുന്ന ഇടതൂർന്ന നീണ്ടയിമകൾ കണ്ണുകളെ വശ്യമാക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണുകളെ. അക്ഷികൾക്ക് നീളം കൂട്ടാൻ മാത്രമായിട്ടല്ല, നീണ്ട ഇമകളുണ്ടെന്നു തോന്നിക്കാൻ കൂടിയാണ് ഇന്ത്യൻ പെണ്ണുങ്ങൾ വാലിട്ട് കണ്ണെഴുതുന്നത്. കണ്ണിമകൾ ഒരു പ്രതീകമാണ്. എന്തിന്റെ? ഉള്ളിലെ ഇഷ്ടത്തിന്റെ. ഇമകളെപ്പോലെയതും അയത്നം താഴുകയും ഉയരുകയും (വന്നും പോയും) ചെയ്തുകൊണ്ടിരിക്കുന്നു, അർദ്ധബോധാവസ്ഥയിൽ പോലും. പ്രണയശൃംഗാരങ്ങളിൽ കണ്ണിമകൾ എന്തെല്ലാം സംവാദനം ചെയ്യുന്നുണ്ട്!

സ്വപ്നങ്ങൾ ഹൃദയത്തെ സജീവമാക്കുന്നതുപോലെ, കാല്പനികമായതിനും ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുണ്ട്. ബുദ്ധിക്കു നിരക്കാത്ത പലതും ഹൃദയത്തിന് വെളിപ്പെട്ടുകിട്ടുന്നു. ഉദാ. ഒരു പൈതലിന്റെ മധുരപ്പുലമ്പലുകൾ മറ്റു ശ്രോതാക്കൾക്ക് അർഥദ്യോതകമാവില്ല. എന്നാൽ അതിന്റെ അമ്മക്ക് അത് മധുരതരവും ജീവദായകവുമാണ്. അതുപോലെയാണ്, നമ്മുടെ ഓർമയിൽ മായാതെ കിടക്കുന്ന ചില പിൻവിളികളും കിണുങ്ങലുകളും മുഖമുദ്രകളും.    

Tuesday 5 August 2014

ശാന്തം, സ്വസ്ഥം

5. 8. 2007 

സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:   (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.

ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.

ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് അസ്തിത്വം നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല, മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജൈവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി. 

Monday 4 August 2014

ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ

05. 07. 2007
അമ്മയാം ഭൂമി 
ഭൂമി സർവ്വ ചരാചരങ്ങളുടെയും അമ്മയാണെന്ന സാമാന്യബോധം ഉത്തമമാണ്. ആ അറിവ് അനുദിനജീവിതത്തിൽ നമുക്ക് മാർഗദർശിയായിത്തീരണം. അതിന്റെ പരിണതിയിൽ, അമ്മയായിത്തന്നെ ഭൂമിയെ ഓമനിക്കുന്ന ശീലം വളർത്തിയെടുക്കണം. എങ്ങനെ? ഭൂമിയുമായി കഴിയുന്നത്ര ശാരീരിക ബന്ധം വളർത്താൻ അവസരം കണ്ടെത്തുകയാണ് പോംവഴി. ഇത് ആത്മശരീരങ്ങൾക്ക് ആരോഗ്യദായകമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്.
നിലത്തു പായ വിരിച്ചു കിടന്നുറങ്ങുന്ന ചെറുപ്പത്തിലെ ശീലം ഞാൻ ആറു വർഷമായി വീണ്ടെടുത്തിരിക്കുന്നു. അമ്മയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന പ്രതീതിയാണ് അത് തരുന്നത്. അതിനു സാധിക്കാത്തവർ, അല്പനേരമെങ്കിലും കയ്യും വിരിച്ച്, ശരീരം കഴിവതും ഗാഢമായി നിലത്തുചേർത്ത്, കമിഴ്ന്നുകിടക്കുമ്പോൾ ഈ ബന്ധത്തിന് ഒരു സവിശേഷ ആക്കമുണ്ടാകും . മനസ്സുകൊണ്ടും സ്വയം പ്രകൃതീദേവിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അവളുടെ ചൈതന്യസമ്പത്തെല്ലാം തന്നിലേയ്ക്കു ഒഴുകിയെത്താൻ യാചിക്കുക. എല്ലാ ദാനങ്ങൾക്കും നന്ദി പറയുക. ആത്മശരീരങ്ങൾക്ക് അമ്മ വച്ചുനീട്ടുന്ന വാത്സല്യത്തെ ഇഷ്ടത്തോടെ സ്വീകരിക്കുക. ഉറക്കം കുളിർമയുള്ളതായിത്തീരും. ഇതെന്റെ അനുഭവമാണ്. 

Sunday 3 August 2014

എളിമ

15. 09. 2007 
വിശ്വാസമെന്നാൽ പ്രകൃതിയുടെ ഭാവങ്ങളിൽ ചിലത് മാത്രമേ നാമറിയുന്നുള്ളൂ എന്നയംഗീകാരമാണ്. ജീവൻതന്നെ പ്രപഞ്ചാദ്ഭുതത്തിനു മുമ്പിലെ വിസ്മയമാണ്. എത്ര തിരഞ്ഞു ചെന്നാലും ഒടുവിലറിയുന്നത് ഒന്നുമാത്രം - മനസ്സിന്റെ കല്പനകളല്ലാതെ ഒന്നും നാമറിയുന്നില്ല എന്ന്. ഈ കല്പനകൾ നിരന്തരം തകർന്നുകൊണ്ടിരിക്കുന്നു താനും. ശൂന്യതയാണ് ബാക്കി. അവിടെ വലിപ്പവ്യത്യാസങ്ങലുള്പ്പെടെയുള്ള എല്ലാ വൈവിദ്ധ്യങ്ങളും അസംഗതമാണ്.

എങ്കിൽ,ഏകം സത്, വിപ്രാ ബഹുധാ വദന്തി (ഒന്ന് മാത്രമായ സത്യത്തെ വിദ്വാന്മാർ പലതായി പറയുന്നു) എന്നത് മൂഢന്മാർ എന്ന് തിരുത്തണം. ഒന്നിനെ മാത്രം കാണുന്നതാണ് വിദ്യയെങ്കിൽ പലതിനെ കാണുന്നത് വിഡ്ഢിത്തമാണ്. അപ്പോൾ സ്വയം വിഡ്ഢിയായി അംഗീകരിക്കുക എന്നതാണ് സത്യം, അതാണ്‌ എളിമ. തരംതിരിവുകൾക്കനുസൃതമായി വിഹരിച്ചിട്ട് വിവേകിയെന്നു സ്വയം വിലയിരുത്തുന്നത് പോഴത്തമാണെന്ന് സാരം. 

നാം കാണുന്നതും അറിയുന്നതുമൊന്നും നിത്യസത്യത്തിൽ പെടുന്നില്ലെന്നും നാമിടപെടുന്നതെല്ലാം വിഡ്ഢികളുമായിട്ടാണെന്നും, നാമും അക്കൂട്ടത്തിൽ ആണെന്നും സത്യസന്ധതയോടെ അംഗീകരിക്കാനാവുമെങ്കിൽ മാത്രമേ നമുക്ക് എളിമയുള്ളൂ. മറ്റെല്ലാം കാപട്യമാണ്.   

Tel. 9961544169 / 04822271922

Friday 1 August 2014

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും."
(തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.

പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?

"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.