തനിക്കു മനസ്സിലാവാത്ത പലതും ആശ്രമത്തിൽ നടക്കുന്നുവെന്നൊരു തോന്നൽ സ്വാമി ആത്മാനന്ദക്കുണ്ടായിത്തുടങ്ങിയിട്ടു കുറച്ചു നാളുകളായി. മഹാസ്വാമി ഗുരു ചൈതന്യയുടെ ഈ ബൃഹുത്തായ ആശ്രമവും സ്വത്തുകളുമെല്ലാം നോക്കി നടത്താനുള്ള ഉത്തരവാദിത്വം എത്രയോ കാലങ്ങളായി താനേറ്റു നടത്തുന്നു. ട്രസ്റ്റിന്റെ രജിസ്റ്റർ ചെയ്ത നിയമാവലിപ്രകാരവും താൻ തന്നെയാണു ട്രസ്റ്റി.
ഇപ്പോൾ മഹാസ്വാമി ഓരോ കാര്യങ്ങളിലും നേരിട്ടു തലയിടുന്നു. സ്വാമി ആത്മാനന്ദക്ക്, കാര്യങ്ങൾ അത്രക്കങ്ങു മനസ്സിലാകുന്നുണ്ടായിരുന്നില്ല.
അടുക്കളയിൽ ഉപയോഗിക്കാൻ പഴയ പ്ലേറ്റുകൾക്ക് പകരം മുന്നൂറ് സ്റ്റീൽ പ്ലേറ്റുകൾക്ക് താൻ ഓർഡർ ചെയ്തിരുന്നതാണ്. സപ്പ്ലൈ ചെയ്തതാവട്ടെ മുന്നൂറ് അലൂമിനിയം പാത്രങ്ങളും. താനാഗ്രഹിച്ചിരുന്നത് അലൂമിനിയം പാത്രങ്ങളായിരുന്നെങ്കിലും ഓർഡർ നൽകിയിരുന്നത് സ്റ്റീൽ പ്ളേറ്റുകളായിരുന്നെന്നുറപ്പ്.
ആരോടെന്തു സമാധാനം ചോദിച്ചാലും കേൾക്കാം,
'സ്വാമിതന്നെയല്ലേ ഇതു പറഞ്ഞതെന്ന്.'
ആശ്രമത്തിലെ വിശാലമായ ആമ്പൽക്കുളത്തിന്റെ ഒരു കോണിൽ താമരയും വളരട്ടെയെന്ന് കരുതി കുറേ താമരച്ചെടികൾക്ക് ഞാൻ ഓർഡർ കൊടുത്തു; കൊണ്ടുവന്നതോ നിരവധി നിറങ്ങളിലുള്ള ആമ്പൽച്ചെടികൾ; താൻ അങ്ങിനെയായിരുന്നു പറഞ്ഞിരുന്നതെനായാലും പറഞ്ഞു. രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യുന്ന നാടനിനങ്ങളല്ല പകൽ വിടരുകയും രാത്രിയിൽ കൂമ്പുകയും ചെയ്യുന്നയിനങ്ങൾ എല്ലാ നിറങ്ങളിലുമുള്ളത് കൊണ്ടുവരാനാഗ്രഹിച്ചിരുന്നുവെന്നത് ശരി. പക്ഷെ, മഹാസ്വാമിക്കതിഷ്ടപ്പെടില്ലല്ലോയെന്നറിഞ്ഞു കൊണ്ടായിരുന്നല്ലോ താമര ചെടികൾക്ക് താൻ ഓർഡർ കൊടുത്തത്.
സംഗമാലയം ഓറഞ്ചു നിറത്തിലുള്ള ചായം പൂശി വൃത്തിയാക്കാൻ പറഞ്ഞിട്ടയാൾ കൊണ്ടുവെന്നതോ, വെള്ളച്ചായം. താൻ അങ്ങിനെയാണ് പറഞ്ഞതത്രെ.
'തനിക്കെന്തെങ്കിലും ഭ്രമം സംഭവിച്ചുവോ?' സ്വാമിആത്മാനന്ദ സ്വയം ചോദിച്ചു.
'തനിക്കെന്തെങ്കിലും ഭ്രമം സംഭവിച്ചുവോ?' സ്വാമിആത്മാനന്ദ സ്വയം ചോദിച്ചു.
'മഹാസ്വാമി എന്ത് കൊണ്ടെന്നോട് പറയുന്നില്ല?' ദിവസവും പത്തും മുപ്പതും പ്രാവശ്യം സ്വാമി ആത്മാനന്ദ ഈ ചോദ്യം സ്വയം ചോദിച്ചു കൊണ്ടിരുന്നു.
'മഹാസ്വാമി സ്വന്തം കുടീറിൽ, ധ്യാനവും, ദർശനവുമായി കഴിയുന്നു. ആശ്രമവളപ്പിലൂടെ വല്ലപ്പോഴും ഒന്ന് ചുറ്റിയടിച്ചാലായി.
ആശ്രമവാസികളെല്ലാവരും അത്താഴവും കഴിഞ്ഞുള്ള സത്സംഗിന് ഒരുമിച്ചു കൂടും.
അതിലാകട്ടെ താൻ മഹാസ്വാമിയുടെ അടുത്തു തന്നെ ഉണ്ടാവുമെങ്കിലും മഹാസ്വാമി അങ്ങിനെയൊരു സംശയം തന്നെപ്പറ്റി സൂചിപ്പിച്ചു കണ്ടില്ല.
'നടുവ് നിവർത്തി പദ്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കാൻ പറയും, തീർത്തു വയ്യാത്തവർക്കിരിക്കാൻ കസേര കൊടുക്കും; അങ്ങിനെ ശ്വ്വാസമെട് ഇങ്ങിനെ ശ്വാസമെടെന്നൊക്കെ പറയും.
ഇടക്കിടക്ക് ജീവിതത്തിലെ ശുദ്ധവൃത്തിയെപ്പറ്റിയോ ആത്മസാക്ഷാത്ക്കാരത്തേപ്പറ്റിയോ ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാലായി. മിക്കവാറും സമയം സദസ്സിലും വേദിയിലുമുള്ളവരുടെയൊക്കെ കണ്ണുകളിലേക്കു തുറിച്ചു നോക്കി സ്വാമിജി ഇരിക്കും - ഒന്നും മിണ്ടാതെ. മഹാസ്വാമിയുടെ പൊതുദർശന വേളകളിലാകട്ടെ അദ്ദേഹം വളരെ വാചാലനാണു താനും.
സ്വാമി ആത്മാനന്ദ പൊരുത്തക്കേടുകളുള്ള കണ്ണികൾ ഒന്നൊന്നായി പുറത്തെടുത്തു വിശകലനം ചെയ്തു നോക്കി.
താൻ കേൾക്കാത്ത കാര്യങ്ങൾ കേട്ടെന്നു പലരും പറയുന്ന നിരവധി സന്ദർഭങ്ങൾ! ഇനി ആശ്രമവാസികളെല്ലാം ചേർന്നു തന്നെ ഒറ്റപ്പെടുത്തുകയാണോ? ആ വഴിയും സ്വാമി ആത്മാനന്ദ ചിന്തിച്ചു.
എല്ലാറ്റിനും ഒരുത്തരമേ സ്വാമി ആത്മാനന്ദക്ക് ലഭിച്ചതുള്ളൂ - മഹാസ്വാമിയോടു തന്നെ ചോദിക്കുക.
ദർശനത്തിനു തിരക്കില്ലാതിരുന്ന ഒരു ദിവസം, അവസാനത്തെ ദർശകനായി സ്വാമി ആത്മാനന്ദ മഹാസ്വാമിയുടെ കുടീറിലേക്കു പ്രവേശിച്ചു - എല്ലാം തീരുമാനിച്ചുറച്ചതു പോലെ.
എല്ലാവരും കാണിക്കുന്നതുപോലെ അദ്ദേഹവും മഹാസ്വാമിയുടെ പാദങ്ങളിൽ തൊട്ടു സാഷ്ടാംഗനമസ്കാരം നടത്തി, തുടർന്ന് അദ്ദേഹത്തിന്റെ മിഴികളിലേക്കു ദൈന്യതയോടെ നോക്കി അവിടിരുന്നു.
മഹാസ്വാമി, മുഖ്യ ശിക്ഷ്യനെന്ന പരിഗണനയൊന്നും കാണിച്ചില്ല. ആത്മാനന്ദസ്വാമി യാതൊന്നും ചോദിച്ചതുമില്ല, മഹാസ്വാമി യാതൊന്നും പറഞ്ഞതുമില്ല.
കുറേനേരം മഹാസ്വാമിയോടൊപ്പം അവിടിരുന്നിട്ട് ആത്മാനന്ദ സ്വാമി നന്ദി പറഞ്ഞു കുടീറിനു പുറത്തിറങ്ങി.
ഇപ്പോൾ അദ്ദേഹത്തിനൊരു സംശയം, താൻ ചോദിക്കാനിരുന്നതിനുള്ള എല്ലാ മറുപടികളെല്ലാം മഹാസ്വാമി പറഞ്ഞുവോയെന്ന്!
അന്നത്തെ സത്സംഗിനും പതിവു പോലെ മഹാസ്വാമി കാര്യമായൊന്നും പറഞ്ഞില്ല.
ആ സത്സംഗിൽ ലയിച്ചിരുന്ന സ്വാമി ആത്മാനന്ദ, അന്നു പക്ഷേ, സുദീർഘമായ ഒരു പ്രഭാഷണം തന്നെ കേൾക്കുന്നുണ്ടായിരുന്നു.
മനുഷ്യർ കേൾക്കുമായിരുന്നത് തന്റെ ചിന്തകളായിരുന്നുവെന്നു സ്വാമിക്കാദ്യമായന്നു മനസ്സിലായി.
മനുഷ്യർ കേൾക്കുമായിരുന്നത് തന്റെ ചിന്തകളായിരുന്നുവെന്നു സ്വാമിക്കാദ്യമായന്നു മനസ്സിലായി.
No comments:
Post a Comment