Thursday, 28 January 2016

വിരുന്നു വന്ന വെള്ളിമൂങ്ങാ

അലക്സ്, അനൌൺസ്മെന്റ് ശ്രദ്ധിച്ചു; തന്റെ ഡൽഹി വണ്ടി രണ്ടാം നംബർ പ്ലാറ്റ്ഫോമിലേക്കു മൂന്നു മുപ്പത്തഞ്ചിനോടുകൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. 
ഇനിയും അര മണിക്കൂർ കൂടിയുണ്ട്!
അലക്സ് അടുത്തു കണ്ട സ്റ്റീൽ ചാരുബെഞ്ചിൽ പോയിരുന്നു. മൊബൈൽ ഫോൺ എടുത്തു ഫെയിസ്ബുക്കിന്റെ താളുകളിൽ കൂടി കണ്ണോടിച്ചു.
"എടാ, ഡൽഹി ഔട്ടറിൽ വന്നിട്ടുണ്ട്; രാജധാനി കേറ്റിവിട്ടിട്ടെ അത് വരൂ." ആരോ പറയുന്നത് കേട്ട് അലക്സ് തിരിഞ്ഞു നോക്കി. രണ്ടു പലഹാര കച്ചവടക്കാർ! 
പ്ലാറ്റ്ഫോമിൽ ആൾക്കാർ തീരെ ഇല്ലായിരുന്നുവെന്നു പറയാം.
"ഇക്രു ഉണ്ടായിരുന്നെങ്കിൽ തമാശ പറഞ്ഞോണ്ടിരിക്കാമായിരുന്നു." ഒരുവൻ പറഞ്ഞു. 
അലക്സ്, ഫെയിസ് ബുക്കിൽ നിന്ന് മുഖമെടുത്തു തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ തൊട്ടടുത്തു തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന ഒരേ യൂണിഫോം ധരിച്ചിരിക്കുന്ന മദ്ധ്യവയസ്കരായ രണ്ടു വാണിഭക്കാരെ കണ്ടു. വേറൊന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് അവരുടെ നർമ്മ സംഭാഷണവും കേട്ട് അലക്സ് അവിടെത്തന്നെയിരുന്നു. അവരുടെ സംഭാഷണം തുടർന്നു:
"അവൻ വലിയ ആളായിപ്പോയില്ലേ, അവൻ ഇനി വരുമെന്നു തോന്നുന്നില്ല. അവൻ പുതിയ വീടിന്റെ പണി തുടങ്ങി. ആ ക്രോസ്സിങ്ങിന്റെ അടുത്ത് അവൻ പത്തു സെന്റ്‌ ഒപ്പിച്ചു." 
"ഓ അത് ശരി! ഇന്നാളവനെ ഞാനൊന്നു വിളിച്ചാരുന്നു. ആറു മാസമായിക്കാണും. അന്നവനൊരു വെള്ളി മൂങ്ങയുടെ കാര്യം പറഞ്ഞിരുന്നു, ഇടക്കിടെ അവന്റെ കൂരയുടെ മുകളിൽ വലിച്ചു കെട്ടിയിരുന്ന പടുതായുടെ കീഴിൽ ഒരു മുഴുത്ത വെള്ളിമൂങ്ങാ വന്നിരിക്കുമെന്നവൻ പറഞ്ഞു. ആവശ്യക്കാരു വല്ലോരുമുണ്ടെങ്കിൽ പിടിച്ചു കൊടുക്കാമെന്നും പറഞ്ഞിരുന്നു. വെറുതേ കിട്ടുന്ന ഒരു ലക്ഷം കളയണോന്നവൻ ചോദിച്ചിരുന്നു. ആരെങ്കിലും വന്നു കാണും. അതിപ്പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടില്ല."
"അവനെ ഞാൻ കാണാറുണ്ട്. ഇടക്കിടെ ഐശ്വര്യഭവൻ ഹോട്ടലിൽ പലഹാരം ഉണ്ടാക്കാൻ വരും, അവിടുത്തെ കോക്കിസ്വാമി അവധിക്കു പോകുമ്പോൾ. ആ വഴിയാണല്ലോ ഞാൻ വീട്ടിലേക്കു പോകുന്നത്. വെള്ളി മൂങ്ങയുടെ കാര്യം എന്നോടും അവൻ പറഞ്ഞിരുന്നു. ആരോടും പറയരുതെന്നും പറഞ്ഞിരുന്നു."
"വെള്ളിമൂങ്ങായേ അവൻ പിടിച്ചോ?"
"ഇല്ല വെള്ളി മൂങ്ങാ അവനെ പിടിച്ചു, അതു പറഞ്ഞതവന്റെ അയിലോക്കംകാരനാ."
"അതെങ്ങിനെ?"
"അതോ, ഈ വെള്ളിമൂങ്ങായുടെ കാര്യം അവൻ ആശാനോടു പറഞ്ഞിരുന്നു. ഞങ്ങടെ നാട്ടിലൊരാശാനുണ്ട്, അൽപ്പസ്വൽപ്പം ജ്യോതിഷവും കൈനോട്ടവുമൊക്കെയായി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന ഒരാളാ. അയാളു പറഞ്ഞത്രേ, വെള്ളി മൂങ്ങാ വീട്ടിവന്നാൽ വെച്ചടി വെച്ചടി കേറ്റമാന്ന്. ആശാൻ പറഞ്ഞത് ശരിയായെന്ന് പറയാം. ഇപ്പോ അവനു വീടുമായി, മൂത്തോനു ജോലീമായി."
"അതിനവനെവിടുന്നാ കാശു കിട്ടിയെ?"
"അതോ? അവന്റെ പെമ്പ്രന്നോർക്ക്‌ പണ്ടു ബ്രെസ്റ്റ് ക്യാൻസർ വന്നാരുന്നു. അന്നയാൾ സഹായം ചോദിച്ച്, പരിചയമുള്ള ഒരു തള്ളയുടെ അടുത്തു ചെന്നു. തള്ളയേതാന്നൊന്നും എന്നോടു പറഞ്ഞില്ല. തള്ള പൈസാ ഒന്നും കൊടുത്തില്ല, പക്ഷേ, ഒരു പച്ച മരുന്ന് പറഞ്ഞു കൊടുത്തു, പറ്റുമോന്നു നോക്കാൻ പറഞ്ഞു. ആർക്കു കൊടുത്താലും വില വാങ്ങരുതെന്നു പറഞ്ഞാ തള്ള കൂട്ടു പറഞ്ഞു കൊടുത്തത്.  സർക്കാരാശൂപത്രീലെ മരുന്നുകൊണ്ടാണോ, തള്ളയുടെ മരുന്നു കൊണ്ടാണോ, പെമ്പ്രന്നോരുടേ അസുഖം പോയി. അയാളു പറഞ്ഞത്, ഐശ്വര്യം വരുമെന്നാശാൻ പറഞ്ഞല്ലോ, അങ്ങിനെയെങ്കിൽ പണവും ഉണ്ടാകണമല്ലൊ, അതിനെന്തെങ്കിലും വഴി തുറന്നു വരുമെന്നോർത്ത് അയാള് കുറെ നോക്കിയിരുന്നുവെന്നാണ്. പക്ഷേ, വെള്ളിമൂങ്ങാ അവിടം വിട്ടു പോയിട്ടും ഒന്നും സംഭവിച്ചില്ലത്രെ. അപ്പോഴാ അയാൾ ക്യാൻസറിനമ്മൂമ്മ പറഞ്ഞു കൊടുത്ത മരുന്നിന്റെ കാര്യമോർത്തത്."
"എന്നിട്ടോ?"
"എന്നിട്ടെന്നാ, അയാളാ മരുന്നുണ്ടാക്കി ഒന്നു രണ്ടു പേർക്കു കൊടുത്തു. ഫലിച്ചാൽ കാശിനു വിൽക്കാമെന്നു തന്നെയാ കരുതിയത്‌. പിന്നങ്ങോട്ടു വെച്ചടി വെച്ചടി കേറ്റമായിരുന്നില്ലേ? ഇപ്പോ എന്തേരെപ്പേരാ അവിടെ മരുന്ന് വാങ്ങാൻ വരുന്നത്?"
"എത്ര രൂപാക്കാ വിൽക്കുന്നത്?"
"അവൻ ഒന്നും വാങ്ങുന്നില്ല. രോഗം ഭേദമായാൽ ദക്ഷിണയായി എന്തെങ്കിലും തന്നാൽ മതിയെന്നാ എല്ലാരോടും അവൻ പറഞ്ഞത്. പണം വാങ്ങിയാൽ ഇത് ഫലിക്കാതെ പോകുമെന്ന് വിശ്വസിച്ചു പോയി അവൻ."
"പിന്നെ, ഒരു സത്യശീലൻ, ഇഷ്ടികപ്പൊടി കുഴച്ചു പോലും പലഹാരം ഉണ്ടാക്കാൻ മടിക്കാത്തവനാ ആള്!"
"അതല്ല, അവനാദ്യം മരുന്ന് കൊടുത്തത് ഒരെട്ടു വയസ്സുള്ള കുട്ടിക്കാ. ആ കുട്ടി രക്ഷപ്പെട്ടു. അത് കണ്ടപ്പോ അവനു വല്യ സന്തോഷമായിപ്പോയി. ഈ മരുന്ന് ഫലിക്കാതെ പോകുന്നതിനേപ്പറ്റി അവനു പിന്നെ ചിന്തിക്കാനേ ആവുമായിരുന്നില്ല. ദക്ഷിണ കിട്ടുന്നതു തന്നെ അവനാവശ്യത്തിലും കൂടുതലാ. ഇപ്പോ." സംഭാഷണം ഇത്രയും ആയപ്പോഴേക്കും അനൗൺസ്മെന്റ്  എത്തി. അപ്പോഴേക്കും ഡൽഹി വണ്ടി പ്ലാറ്റ്ഫോമിലേക്കു പ്രവേശിച്ചും കഴിഞ്ഞിരുന്നു. 
അലക്സും ചാടിയെണീറ്റു. 
ഡൽഹി വരെ ചെന്ന് ഇന്റർവ്യൂ കഴിഞ്ഞാലും ഉദ്ദേശിച്ച ജോലി കിട്ടുമെന്ന് അലക്സിനുറപ്പില്ലായിരുന്നു. ആ സംശയം ചുഴലിക്കാറ്റു പോലെ ഉലച്ചുകൊണ്ടിരുന്ന മനസ്സിലേക്കാണ് ഒരു വെള്ളിമൂങ്ങാ പറന്നിറങ്ങിയത്. ഐശ്വര്യം കൊണ്ടുവരാൻ വെള്ളിമൂങ്ങാ യാതൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് അലക്സ് ഓർത്തു. അയാളുടെ രക്ഷ അയാൾക്കറിയാമായിരുന്ന സൂത്രം അയാൾ ഉപയോഗിച്ചുവെന്നതല്ലേയെന്ന് അലക്സ് പലപ്രാവശ്യം സ്വയം ചോദിച്ചു. ഉത്തരം അതേഅതേയെന്നു തന്നെയായിരുന്നു. അപ്പോഴേക്കും ഡൽഹിവണ്ടി ഇരുമ്പു ചക്രങ്ങൾ പാളത്തിൽ ഉരസ്സിയാലുണ്ടാകുന്ന നീണ്ട വിസിൽ ശബ്ദത്തോടെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു കഴിഞ്ഞിരുന്നു.
തന്റെ ഉള്ളിലുമില്ലേ നിരവധി സിദ്ധികൾ? അങ്ങിനേയും അലക്സ് ചിന്തിച്ചു. മുമ്പിൽ വന്നു നിന്ന എസ് -7  കമ്പാർട്ട്മെന്റ് ഒരു മൂടൽ മഞ്ഞിലെന്നപോലെ പെട്ടെന്നപ്രത്യക്ഷമായി. 
അലക്സ് യാതൊന്നും കാണുന്നുണ്ടായിരുന്നില്ല, തോളത്തു വന്നിരുന്ന വെള്ളിമൂങ്ങായെയോഴിച്ച്.
അയാൾ തിരിഞ്ഞു സ്റ്റേഷനു പുറത്തേക്ക് നടന്നു. 
ഉള്ളിലെ സിദ്ധികളെ വെള്ളിമൂങ്ങാ കൊത്തിപ്പുറത്തെടുത്തിടുന്നതയാൾ അറിഞ്ഞുകൊണ്ടിരുന്നു.

2 comments:

  1. അല്മായശബ്ദത്തിലും CCV യിലും ഗഹനമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന ശ്രീ ജോസഫ് മറ്റപ്പള്ളിയുടെ വീട്ടിലെ ഉത്തരത്തിൽ ഒരു വെള്ളിമൂങ്ങ വന്നിരിക്കാറുണ്ടെന്ന് FBൽ വായിച്ചിരുന്നു. സരസമായ കഥകൾ തുരുതുരെ എഴുതാനുള്ള വരവുംകൊണ്ടാണ് അത് വന്നതെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചതല്ല. ഇപ്പഴാണ്ടെ, വായിച്ചാലും വായിച്ചാലും തീരാത്തത്ര ബഹുവിചിത്ര കഥനകഥ!

    ReplyDelete
  2. സത്യത്തിൽ ഇങ്ങിനെ കഥയെഴുതണമെന്നു നിനച്ചതല്ല. പ്രണവം ഒരു ചലനമില്ലാതെ പോകരുതെന്നു പ്രാർത്ഥിച്ചപ്പോൾ ഒരു കഥയെഴുതിയിടാൻ ആരോ പറഞ്ഞു. അങ്ങിനെ തുടങ്ങിയതാണ്‌. സാക്കിന്റെ പ്രോത്സാഹനം അതു തുടരാൻ കാരണമായി. ചില സന്ദർഭങ്ങൾ മുന്നിൽ വരുമ്പോൾ മനസ്സതെടുത്തു മറ്റൊരു പശ്ചാത്തലത്തിലേക്കിടും, അതെഴുതുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
    നല്ല വാക്കുകൾക്കു നന്ദി. സത്യം പറയട്ടെ, വെള്ളി മൂങ്ങാ പോകുന്നില്ല.
    ജെ എം.

    ReplyDelete