ഒറ്റക്കൊരു തീർത്ഥയാത്ര പോകണമെന്നു തോന്നി, പോവുകയും ചെയ്തു. എന്റെ തീർത്ഥയാത്രയെന്നു പറഞ്ഞാൽ പ്രകൃതിയുടെ ഷോകേസിലൂടേയുള്ള ഒരു പര്യടനമായിരുന്നു. അതിനേക്കാൾ വലിയ പുണ്യസ്ഥലങ്ങൾ എന്റെ നോട്ടത്തിൽ ഉണ്ടായിരുന്നതേയില്ല. എങ്കിലും, ഇനിയതുപോലൊരു യാത്ര പോകുമോയെന്നു ചോദിച്ചാൽ, ഇല്ലെന്നു തന്നെ പറയാം.
ആദ്യം ഞാൻ തിരഞ്ഞെടുത്തത് ശബരിമലയെന്ന പുണ്യസ്ഥലം. ആളൊഴിഞ്ഞ ഒരു വേനൽക്കാലത്തു ഞാൻ യാത്ര തിരിച്ചു, ഒറ്റക്ക്. എരുമേലി, റാന്നി, വടശ്ശേരിക്കര, പമ്പ, അപ്പാച്ചിമേട്, സന്നിധാനം, എല്ലാം, എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ, എനിക്കവിടെയെല്ലാം പോകാൻ കഴിഞ്ഞില്ല. ധർമ്മശാസ്താവിനിഷ്ടപ്പെടാഞ്ഞതു കൊണ്ടാണങ്ങിനെ സംഭവിച്ചതെന്നു വിശ്വസിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല; ഞാനൊരു യുക്തിവാദിയാണല്ലൊ!
എന്റെ സാമർത്ഥ്യം കൊണ്ടാണു ജീവൻ തിരിച്ചു കിട്ടിയതെന്നു തന്നെയാണിപ്പോഴും ഞാൻ വിശ്വസിക്കുന്നത്. എന്നും ആ സാമർത്ഥ്യം ഉണ്ടായിരിക്കണമെന്നില്ലല്ലൊ; അതുകൊണ്ടുതന്നെ ഒറ്റക്കുള്ള തീർത്ഥാടനം ഇനി വേണ്ടെന്നു വെച്ചു. തുറന്നു പറഞ്ഞാൽ അതാണു സത്യം.
എന്താ സംഭവിച്ചതെന്നു ഞാൻ പറഞ്ഞില്ലല്ലൊ.
നിലക്കലും കഴിഞ്ഞു ഞാൻ നടന്നു. സന്ധ്യയായപ്പോൾ അവിടെ വഴിയരുകിൽ ഒരു കൊച്ചു തോടിനോടു ചേർന്നൊരു താത്ക്കാലിക ഷെഡ്ഡു കണ്ടു. ആ രാത്രി അവിടെയെന്നു ഞാൻ തീരുമാനിച്ചു. എനിക്കാരെയും പേടിയുണ്ടായിരുന്നില്ല, പ്രകൃതിയെയത്രമേൽ എനിക്കു വിശ്വാസമായിരുന്നു താനും. ആ ഷെഡ്ഡിലെ മുളകൊണ്ടു കെട്ടിയുണ്ടാക്കിയ തട്ടിൽ ഞാൻ ഷീറ്റു വിരിച്ചു കിടന്നു, അപ്പോഴേ ഉറങ്ങുകയും ചെയ്തു.
ഒരു കുറുകലിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണു തുറന്നു. അന്നത്തെ ആ പൂനിലാവിൽ ഞാൻ കണ്ട ആ രൂപം മലയോളം വലിപ്പമുള്ള ഒരു കൊമ്പന്റേതുപോലുണ്ടായിരുന്നു. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ അതൊരു കൊമ്പൻ തന്നെയാണെന്നു മനസ്സിലായി. അവിടെ നിറഞ്ഞു നിന്ന മണം മാത്രം മതിയായിരുന്നു കാര്യം മനസ്സിലാക്കാൻ. ഉറക്കത്തിൽ നിന്നുണർന്നതു കൊണ്ടാണെന്നു തോന്നുന്നു, എനിക്കു വിറയലുമുണ്ടായില്ല, മരവിപ്പുമുണ്ടായില്ല.
ആ കൊമ്പൻ എന്റെ നേരെ തന്നെ നോക്കിക്കൊണ്ടു ചെവിയുമാട്ടി അവിടെ നിന്നു. ഞാനാ കൊമ്പനോടു ചോദിച്ചു,
"നിനക്കെന്നെ കൊല്ലണോ, കൊന്നോളൂ." ഞാനപ്പോൾ അതിന്റെ നിയന്ത്രണത്തിലാണെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു.
എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് ആന തലയാട്ടി; അതല്ലവന്റെ ഉദ്ദേശം എന്നു പറയുന്നതു പോലെ തോന്നി.
"നിന്റെ വംശത്തിൽ പെട്ട അനേകരെ മനുഷ്യർ പീഢിപ്പിച്ചിട്ടുണ്ട്, അതിനു പ്രതികാരം ചോദിക്കുകയാണോ നിന്റെ ലക്ഷ്യം?" ഞാൻ ചോദിച്ചു.
വീണ്ടും അതേപോലൊരു 'നോ'.
വീണ്ടും ആന എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു, നോട്ടം പറിക്കാതെ.
"പറ, നിനക്കെന്തു വേണം? ഒന്നുകിൽ എന്നെ കൊല്ല്, അല്ലെങ്കിൽ എന്നെ തിന്ന്." ഞാൻ പറഞ്ഞു.
അപ്പോൾ അതു പ്രതികരിച്ചില്ല. അതിനോടു തുള്ളിയിട്ടു കാര്യമില്ലെന്നെനിക്കു മനസ്സിലായി. അതെന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെതന്നെയാണ് അവിടെത്തിയിരിക്കുന്നതെന്നു തന്നെ എനിക്കു തോന്നി. അൽപ്പം കഴിഞ്ഞപ്പോൾ വേറെയാരെയോ കാത്തിരിക്കുന്നതു പോലെ അതു പെരുവഴിയിലേക്കു തിരിഞ്ഞു നിന്നു. അവിടെ നിന്നു പോകാൻ അതിനു പ്ലാനില്ലെന്നുറപ്പായിരുന്നു, അതിന്റെ നിപ്പും ചെവിയാട്ടും കണ്ടാൽ.
"ഒരു മനുഷ്യനാണു ഞാനെങ്കിലും ഞാനാരെയും ദ്രോഹിച്ചിട്ടില്ല, പിന്നെന്തിനു നീയെന്നെ ഇങ്ങിനെ പേടിപ്പിക്കുന്നു?" ഞാൻ ചോദിച്ചു.
ഇതു പറഞ്ഞതേ, അവൻ പിന്നെയും എന്റെ നേരെ തിരിഞ്ഞു നിന്നു. അവസാനത്തെ അടവെന്ന നിലയിൽ ഞാൻ അതിനോടു പറഞ്ഞു.
"നമ്മളെല്ലാം മൃഗങ്ങളല്ലേ? വിശപ്പടക്കനല്ലാതെ മറ്റൊന്നിനെ കൊല്ലുന്നതു ന്യായമാണോ?"
ഏതായാലും അതു കുറിക്കു കൊണ്ടു. ആന മെല്ലെ തിരിഞ്ഞു നടന്നു. പെരുവഴി വിലങ്ങനെ കടന്നവൻ കുന്നുകയറി നടക്കുന്ന അവശ്വസനീയമായ കാഴ്ച്ച ഞാൻ കണ്ടു.
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം അന്നു ഞാൻ നേരിട്ടു മനസ്സിലാക്കി.
No comments:
Post a Comment