Sunday 31 January 2016

പാടത്തെ പ്രണയിച്ച വൃദ്ധൻ

ഓർമ്മകളുടെ രഥം പിന്നോട്ടുരുട്ടിയാൽ കനകത്തിന്റെ നിറവും കസ്തൂരിയുടെ സുഗന്ധവുമുള്ള അനേകം നുറുങ്ങുകൾ ആരുടേയും ഉള്ളിലേക്കൊഴുകി വരും. പ്രിൻസിപ്പൽ ഡോ. സണ്ണി പൗലോസ് അന്നു കാറിലിരിക്കുമ്പോഴെല്ലാം ചിന്തിച്ചു കൊണ്ടിരുന്നത് ഒരു ചെറിയ വലിയ കാര്യം മാത്രമായിരുന്നു, മാഗസിനിലേക്ക് ഓർമ്മയിൽ നിന്നെടുത്തു കൊടുക്കേണ്ടിയിരുന്ന താളിനെപ്പറ്റി മാത്രം!

കോളേജ് മാഗസിനിൽ ഒരു ചെറിയ അനുഭവക്കുറിപ്പെഴുതണമെന്ന് സ്റ്റുഡന്റ് എഡിറ്റർ ആവശ്യപ്പെട്ടിരുന്നു, ഡോ. സണ്ണി പൗലോസ് സമ്മതിക്കുകയും ചെയ്തിരുന്നു. സാറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ബന്ധത്തെപ്പറ്റിയാണെഴുതേണ്ടതെന്നും ആ എഡിറ്റർ ആവശ്യപ്പെട്ടിരുന്നു.

അതു കേട്ടപ്പോൾ ഡോ. സണ്ണി പൗലോസ് ഒന്നു പുഞ്ചിരിച്ചിരുന്നു. പഴയകാല പ്രണയങ്ങളുടെ ഈറനണിയിപ്പിക്കുന്ന അല്ലെങ്കിൽ കുളിരു കോരിക്കുന്ന ഒരു തുണ്ട്, അതാണവരാവശ്യപ്പെടുന്നതെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.

സ്വന്തം ഇരുപതുകളുടെ മാറത്തുകൂടി ഓർമ്മകളെ മേയാൻ വിട്ടപ്പോൾ ഒരു മാർക്കോസിനെ കണ്ടു. ഒരുന്മാദിനിയേക്കാൾ അന്നു തന്നെ പിടിച്ചു കുലുക്കിയത്‌ ആ മാർക്കോസായിരുന്നുവെന്നു ഡോ. സണ്ണി പൗലോസ് വീണ്ടും വീണ്ടും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.

മാർക്കോസ് മാറിയിട്ട് മറ്റാരും അങ്ങോട്ടു കടന്നുവരില്ലെന്നു തോന്നിയപ്പോൾ ഡോ. സണ്ണി പൗലോസ് മാർക്കോസിന്റെ കഥ തന്നെയെഴുതാൻ തീരുമാനിച്ചു.

മാർക്കോസിനെ കൊച്ചുന്നാൾ മുതൽ ഡോ. സണ്ണി പൗലോസ് അറിയുമായിരുന്നു; കാരണം, ആ വീട്ടിലെ എല്ലാപ്പണികളും ചെയ്തിരുന്നത് മാർക്കോസും അനുജൻ തോമ്മായുമായിരുന്നു. അവരുടെ വീടും ആ പറമ്പിൽ തന്നെയായിരുന്നു.

പുതുക്രിസ്ത്യാനികളോട് പൊതുവേ എല്ലാവരും അൽപ്പം അകലം പാലിക്കുന്ന കാലമായിരുന്നെങ്കിലും, തന്റെ വീട്ടുകാരാരും അവരോട് ഒരു വിവേചനവും കാണിച്ചിരുന്നില്ലല്ലോയെന്നു ഡോ. സണ്ണി ഓർത്തു. അവർക്കാ വീട്ടിൽ സർവ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. സണ്ണിക്കു പത്തു വയസ്സുള്ളപ്പോൾ തോമ്മാ മരിച്ചുപോയി, എന്തോ ഇൻഫെക്ഷൻ വന്നതായിരുന്നെന്ന് പറഞ്ഞു കേട്ടതയാൾക്കോർമ്മയുണ്ട്. ഒരു തൂമ്പാ വരുത്തിയ മുറിവായിരുന്നത്രെ കുഴപ്പക്കാരൻ.

സണ്ണി പൗലോസിനേതാണ്ട് പതിനഞ്ച് വയസ്സായപ്പോളായിരുന്നുവെന്നു തോന്നുന്നു, മാർക്കോസും കുടുംബവും കാസർഗോഡിനു കുടുംബസഹിതം കുടിയേറിയത്. അന്ന് പിടിയാവിലയ്ക് അവിടെ സ്ഥലം കിട്ടുന്ന കാലമായിരുന്നു. കാസർഗോഡിനു പോകുമ്പോൾ അയാൾക്ക് അമ്പത് വയസ്സിനു മേൽ പ്രായം ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല.

മാർക്കോസ് കാസർഗോഡിനു പോകുന്നതിനു മുമ്പുള്ള ഒരു കഥയുമല്ല ഡോ. സണ്ണി പൗലോസിനെ വേട്ടയാടിക്കൊണ്ടിരുന്നത്, പകരം അതിനു ശേഷമുള്ള ഒരു കഥയായിരുന്നു.

കാസർഗോഡിനു പോയെങ്കിലും മാർക്കോസ് എല്ലാ വർഷവും നാട്ടിൽ വന്നെല്ലാവരേയും കാണുകയും, ചാർത്തിൽ രണ്ടു മൂന്നു ദിവസമെങ്കിലും കിടക്കുകയും ചെയ്യുമായിരുന്നു. മാർക്കോസിന് നാട്ടിൽ വേറെ അടുത്ത ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. പള്ളിയിലെ ദർശനത്തിരുന്നാളിന്റെ ദിവസങ്ങളിലായിരുന്നു വന്നുകൊണ്ടിരുന്നതെന്നതുകൊണ്ട് അന്തോനീസ് പുണ്യവാന്റെ പെരുന്നാളു കൂടാനായിരിക്കും അയാൾ വരുന്നതെന്നാണ് ഡോ. സണ്ണി പൗലോസ് കരുതിയിരുന്നത്.

വന്നാൽ വെറുതെയിരിക്കുമെന്നു കരുതണ്ട. പുരയിടത്തിലെ എല്ലാ കോണുകളിലൂടെയും അയാൾ പോകുമായിരുന്നു. ഏറ്റവും കൂടുതൽ സമയം അയാൾ ചിലവിടുന്നത് പാടത്തായിരുന്നുവെന്നു വേണമെങ്കിൽ പറയാം. അയാളുടെ കരസ്പർശനം ഒരിക്കലെങ്കിലും ഏറ്റിട്ടില്ലാത്ത ഒരു മരവും വിശാലമായ ആ പുരയിടത്തിൽ ഉണ്ടായിരുന്നില്ല.

മാർക്കോസ് പോയതിനു ശേഷം പാടത്ത് കൃഷി കൃത്യസമയങ്ങളിൽ നടക്കുമായിരുന്നില്ല; പണിക്കാരുടെ ദൌർലഭ്യം തന്നെയായിരുന്നു മുഖ്യ പ്രശ്നവും.

താൻ ബി എ ക്ക് പഠിക്കുന്ന കാലം. ഒരു ദിവസം കോളേജിൽ നിന്ന് മടങ്ങുംപോൾ അയാൾ പാടത്തേക്ക് നോക്കി വരമ്പത്തു നിൽക്കുന്നതു കണ്ടു. അയാളീവർഷവും വന്നിരിക്കുന്നുവെന്നു സണ്ണി പൗലോസിനു മനസ്സിലായി. സണ്ണി പൗലോസിനെ ചിന്തിപ്പിച്ചത്, അയാൾ പാടത്തേക്ക് നോക്കി എല്ലാം മറന്നിങ്ങനെ നിൽക്കുന്നതെന്തിനായിരുന്നുവെന്നതാണ്. ആ വർഷം പാടത്തു കൃഷി ഇറക്കിയിരുന്നില്ല. പള്ള കയറി കാടുപോലെ കിടക്കുന്ന പാടത്തേക്കു നോക്കി ഇങ്ങിനെയിരിക്കാൻ മാത്രം അവിടെന്തുണ്ടെന്നാണല്ലോ താനന്നു ചിന്തിച്ചിരുന്നതെന്ന് ഡോ. സണ്ണി ഓർത്തു.

ഏതായാലും ഒരു ലോഹ്യം പറഞ്ഞേക്കാമെന്നോർത്തു സണ്ണി പൗലോസ് വീട്ടിലേക്കു കയറുന്നത് പാടത്തിന്റെ വരംപത്തെ വഴിയിലൂടെയാക്കി. തൊട്ടടുത്തെത്തിയപ്പോഴാണു മാർക്കോസ് ചേട്ടൻ സണ്ണിക്കുട്ടിയെ കണ്ടത്. കാണുമ്പോൾ അയാളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നുവെന്ന്‌ ഇന്നും ഡോ. സണ്ണി പൗലോസിനുറപ്പുണ്ടായിരുന്നു.

അയാളുടെ മനസ്സിനെ എന്താണിത്രമാത്രം വ്യസനിപ്പിച്ചതെന്ന് സണ്ണി പൗലോസിനു മനസ്സിലായില്ല.

"മാർക്കോസ് ചേട്ടനെപ്പോ വന്നു?" സണ്ണി പൗലോസ് ചോദിച്ചു.അയാൾ ഞെട്ടലോടെ തിരിഞ്ഞുനോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു.

"എന്താ മാർക്കോസ് ചേട്ടൻ കരയുകയാണോ?" സണ്ണി പൗലോസ് ചോദിച്ചു.

"ഈ പാടം ഉണ്ടാക്കിയ കഥ ഞാനോർക്കുകയായിരുന്നു. കര ഇടിച്ചു, കൈത്തോടു വഴി മാറ്റിയൊഴുക്കി ഒരുക്കിയെടുത്തതാ ഈ പാടം മുഴുവൻ. അതിനു പണിയുമ്പോൾ എനിക്കിരുപത്തഞ്ചു വയസ്സ് കാണും. നാലു വർഷങ്ങളെങ്കിലും എടുത്തു കാണും ഇത് മുഴുവൻ തീരാൻ. പിന്നൊരു മുപ്പതു വർഷം മുടങ്ങാതെയവിടെ കൃഷിയിറക്കി. എന്തൊരു വിളവായിരുന്നന്നൊക്കെ!" അയാൾ പറഞ്ഞു നിർത്തി.

"ഇനിയിപ്പോ കൃഷിയൊന്നും നടക്കില്ലെന്നാണ് പപ്പാ പറയുന്നത്. കൂലിയും കൂടുതൽ വിളവും കുറവ്. തെങ്ങും തൈ നടണമെന്നു പറയുന്നത് കേട്ടു." സണ്ണി പൗലോസ് പറഞ്ഞു.

"ഞാനീ പാടം കാണാനായിരുന്നു എല്ലാ വർഷവും വന്നുകൊണ്ടിരുന്നത്. ആറ്റുനോറ്റിരുന്നു പ്രസവിക്കുന്ന സ്ത്രീയുടെ സന്തോഷമായിരുന്നു, ഇവിടെ കൊയ്ത് നടക്കുമ്പോളെനിക്ക്." അന്നയാൾ അങ്ങിനെ പറഞ്ഞതും ഡോ. സണ്ണി പൗലോസ് ഓർമ്മിക്കുന്നുണ്ടായിരുന്നു. പിന്നിടയാൾ ആ നാട്ടിലേക്ക് വന്നിട്ടില്ല. അയാളിപ്പോഴും ഉണ്ടോയെന്നും ഡോ. സണ്ണി പൗലോസിന് നിശ്ചയമുണ്ടായിരുന്നില്ല.

വീട്ടിലെത്തി കുളിയും കഴിഞ്ഞത്താഴവും കഴിഞ്ഞ് മുറിയിലെത്തി ഡോ. സണ്ണി പൗലോസ് ആദ്യം ചെയ്തത് മാർക്കോസിന്റെ കഥയെഴുതുകയായിരുന്നു.

ഡോ. സണ്ണി പൗലോസ് ഓർത്തു, പ്രണയം, അതായിരുന്നില്ലേ മാർക്കോസ് ചേട്ടനും ആ പാടവും തമ്മിലുണ്ടായിരുന്ന ബന്ധം.

പാടത്തെ പ്രണയിച്ച വൃദ്ധനെ കൗതുകത്തോടെയല്ലാതെ ഓർമ്മിക്കാൻ ഡോ. സണ്ണി പൗലോസിനാവുമായിരുന്നില്ല.

Friday 29 January 2016

തുറക്കാതെപോയ പെൺപുസ്തകം

മുംബൈയിലെ ചർച്ച്ഗെയ്റ്റിൽനിന്ന് നരിമാൻ പോയിന്റിലേയ്കൊരു കുറുക്കുവഴിയുണ്ട്‌. അവിടെ, പഴയകാല ബോംബെയിലെ ഒരു തിരുശേഷിപ്പായി അവശേഷിച്ചിരുന്ന പോലീസ് ബാരക്കിൽ പല ഓഫീസുകളും പ്രവർത്തിക്കുന്ന കാലമായിരുന്നത്. Association for Moral and Social Hygiene in India (AMSHI) അതിലൊന്നായിരുന്നു.

വേശ്യാവൃത്തിക്കും ലൈംഗിക രോഗങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിനും ആവശ്യക്കാർക്ക് സൗജന്യ ചികിത്സക്കുമായി ഒരു ഡസനോളം ഡോക്ടർമാർ ചേർന്ന് നടത്തുന്ന സ്ഥാപനമായിരുന്നു AMSHI.
അതിന്റെ ഓഫിസ് സെക്രെട്ടറിയായി ഞാൻ ജോലി നോക്കുന്ന കാലം!

പത്തുമുതൽ നാലു വരെ മാത്രമാണ് ജോലിസമയമെങ്കിലും, കിടക്കാനൊരു സ്ഥലത്തിനുംകൂടെ കൊടുക്കാനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട് എന്റെ രാത്രികളും ആ ഓഫീസിൽ തന്നെയായിരുന്നു എന്ന് പറയാം. മനശാസ്ത്രത്തിൽ ബി എ കഴിഞ്ഞ്, ജോലിസമയം കഴിഞ്ഞുള്ള ഇടവേളയിൽ പിജിക്ക് തയ്യാറെടുക്കാൻ പണിപ്പെടുകയായിരുന്നു ഞാൻ.
ഒത്തിരി പഠിക്കാനുണ്ട്, താമസിക്കുന്നിടത്ത്‌ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ഭാഗ്യത്തിന്, ഓഫീസിലിരുന്നു തന്നെ പഠിക്കാനുള്ള അനുവാദം കിട്ടി! രാത്രി മുഴുവൻ കെട്ടിടത്തിനു കാവൽ നിൽക്കുന്ന പോലീസുകാരെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ
പഠനം കഴിഞ്ഞ് നേരം വെളുപ്പിക്കുന്നത് അവിടെ മേശപ്പുറത്തൊരു പുതപ്പു വിരിച്ചു കിടന്നാണെന്ന കാര്യം ആരും അറിയുന്നുണ്ടായിരുന്നില്ല.
ഓഫീസിൻറെ തന്നെ ബാത്റൂം ഉണ്ടായിരുന്നതുകൊണ്ട് കുളിയും അവിടെ തരപ്പെടുത്തി.

AMSHI യുടെ ഓഫീസെന്നു പറഞ്ഞാൽ പ്രധാനമായും ഒരു ഹാളും ഓഫിസ് സെക്രെട്ടറിക്കുള്ള എഴുത്ത് സാമഗ്രികളും ടൈപ് റൈറ്റർ, ഫോൺ തുടങ്ങിയവയുമുള്ള ചെറിയ മുറിയും ആയിരുന്നു. ഹാളിൽ ഈടുറ്റ പുസ്തകങ്ങൾ, കൂടുതലും മെഡിക്കൽ ബുക്ക്സ്, അടുക്കിവച്ചിരിക്കുന്ന രണ്ടു വലിയ അലമാരകൾ, മീറ്റിംഗിനു വരുന്ന മാന്യാതിഥികൾക്കുള്ള സോഫകൾ. Havelock Ellis ൻറെ Studies in the Psychology of Sex, The Task of Social Hygiene തുടങ്ങിയ കൃതികൾ ഞാനാദ്യമായി കാണുന്നതും വായിക്കുന്നതും അവിടെവച്ചാണ്‌. തൊട്ടടുത്ത് ഒരു മറാഠി/ഹിന്ദി ലൈബ്രറിയായിരുന്നു. അത് ഉച്ചകഴിഞ്ഞേ തുറക്കൂ; ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കാൻ നില്ക്കുന്ന സുധയെന്ന് പേരുള്ള പെൺകുട്ടി ചായ മേടിക്കാൻ പോകുന്ന വഴിക്ക് എനിക്കൊരു നല്ല പുഞ്ചിരി സമ്മാനിക്കുമായിരുന്നു.

അഞ്ചു മണി കഴിഞ്ഞാൽ പുറത്തു ബാരക്കിൽ പൊലീസും, അകത്ത് നേരിയയൊരു സ്വരം പോലും കേൾപ്പിക്കാതെ ഞാനുമേ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സസുഖം കഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവം കേട്ടോളൂ. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞുകാണും. ഞാനകത്തിരുന്ന് വായിക്കുകയാണ്. പുറത്ത് വലിയ ഒച്ചയും കാല്പെരുമാറ്റവും! ആരോ കതകിൽ തട്ടിയത് കൊണ്ട് ഞാൻ വാതിൽ തുറന്നു. പോലീസിനെയും കുറേ മറാഠികളെയും കണ്ട് ഞാൻ ഭയന്നുപോയി എന്ന് പറയാം. അന്ന് പതിവിനു വിപരീതമായി സുധ വീട്ടിലെത്തിയില്ല. അവളെ തിരക്കി വന്നവരായിരുന്നു അവർ എന്ന് മനസ്സിലായപ്പോഴാണ്‌ ശ്വാസം നേരെ വീണത്. ബാരക്കിൽ എന്റെ മുറിയിൽനിന്ന് മാത്രം വെളിച്ചം കണ്ടതുകൊണ്ടാണ് അവരവിടെ വന്നതെന്നെനിക്ക് മനസ്സിലായി. വേറാരും അവിടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ ഹാളിൽ കടന്നു. അവിടെ കണ്ട കാഴ്ച എന്നെയും തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഒരു സോഫയിലിരുന്നു സുധ മോങ്ങുന്നു!

ഏവരും അന്തംവിട്ടു നിന്നുപോയി!
മൺപാത്രത്തുണ്ട് പറ്റിപ്പിടിക്കുംപോലെ എന്റെ അണ്ണാക്ക് വരണ്ടുപോയി.
അവളെ വിളിച്ചിറക്കി അവർ ചോദ്യം ചെയ്തു തുടങ്ങി. സുധയുടെ അപ്പനായിരിക്കണം, ഒരാളെന്റെ അടുത്തു വന്ന് 'സബ് ഠീക് ഹേ സാബ്' എന്നു പറഞ്ഞിട്ട് അവളെയുംകൊണ്ട് സ്ഥലംവിട്ടു.

പിന്നീടൊരിക്കലും സുധ ലൈബ്രറിയിൽ ജോലിക്ക് വന്നിട്ടില്ല.
ഞങ്ങളുടെ പ്യൂൺ ലക്ഷ്മൺ പാണ്ഡെയാണ് പിന്നീടെന്നോടു പറഞ്ഞത്, 'സുധ ആപ് കെ പീച്ചെ ധീ (സുധ താങ്കളുടെ പിന്നാലെയായിരുന്നു)' യെന്ന്.
എന്നെ കാണുമ്പോഴൊക്കെയുള്ള ആ പാവം പെൺകുട്ടിയുടെ മധുരമായ ചിരിയുടെ അർഥവിതാനങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയോ പരിജ്ഞാനമോ അതുവരെ പഠിച്ച മന:ശാസ്ത്രത്തിൽനിന്ന് എനിക്ക് കിട്ടിയിരുന്നില്ല.

ഒരു വാക്കുപോലും എന്നോടു ചോദിക്കുകയോ സംശയം തുടിക്കുന്ന കണ്ണൂകൾകൊണ്ട് എന്നെ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതിരുന്ന ആ മറാഠികൾ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു. അതിന്റെ കാരണം ആരുമെന്നോട് ഇന്നേവരെ പറഞ്ഞിട്ടുമില്ല, മാർഗ്ഗഭ്രംശികളുടെ സുവിശേഷമായ Havelock Ellisൻറെ കൃതികളിൽപ്പോലും ഞാനതിനുത്തരം കണ്ടെത്തിയുമില്ല.

അനുബന്ധം: കാലവും സ്ഥലവും മാറ്റുക. ഇന്നത്തെ കേരളത്തിൽ ഒരന്യസംസ്ഥാന തൊഴിലാളിക്കായിരുന്നു ഈ അനുഭവമുണ്ടായതെങ്കിൽ, അതെഴുതിവയ്ക്കാൻ അയാൾക്ക്‌ ജീവൻ ബാക്കിയുണ്ടാവുമായിരുന്നോ!

- See more at: http://znperingulam.blogspot.in/2016/01/blog-post_29.html#sthash.oUCR7i4q.dpuf

Thursday 28 January 2016

വിരുന്നു വന്ന വെള്ളിമൂങ്ങാ

അലക്സ്, അനൌൺസ്മെന്റ് ശ്രദ്ധിച്ചു; തന്റെ ഡൽഹി വണ്ടി രണ്ടാം നംബർ പ്ലാറ്റ്ഫോമിലേക്കു മൂന്നു മുപ്പത്തഞ്ചിനോടുകൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. 
ഇനിയും അര മണിക്കൂർ കൂടിയുണ്ട്!
അലക്സ് അടുത്തു കണ്ട സ്റ്റീൽ ചാരുബെഞ്ചിൽ പോയിരുന്നു. മൊബൈൽ ഫോൺ എടുത്തു ഫെയിസ്ബുക്കിന്റെ താളുകളിൽ കൂടി കണ്ണോടിച്ചു.
"എടാ, ഡൽഹി ഔട്ടറിൽ വന്നിട്ടുണ്ട്; രാജധാനി കേറ്റിവിട്ടിട്ടെ അത് വരൂ." ആരോ പറയുന്നത് കേട്ട് അലക്സ് തിരിഞ്ഞു നോക്കി. രണ്ടു പലഹാര കച്ചവടക്കാർ! 
പ്ലാറ്റ്ഫോമിൽ ആൾക്കാർ തീരെ ഇല്ലായിരുന്നുവെന്നു പറയാം.
"ഇക്രു ഉണ്ടായിരുന്നെങ്കിൽ തമാശ പറഞ്ഞോണ്ടിരിക്കാമായിരുന്നു." ഒരുവൻ പറഞ്ഞു. 
അലക്സ്, ഫെയിസ് ബുക്കിൽ നിന്ന് മുഖമെടുത്തു തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ തൊട്ടടുത്തു തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന ഒരേ യൂണിഫോം ധരിച്ചിരിക്കുന്ന മദ്ധ്യവയസ്കരായ രണ്ടു വാണിഭക്കാരെ കണ്ടു. വേറൊന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് അവരുടെ നർമ്മ സംഭാഷണവും കേട്ട് അലക്സ് അവിടെത്തന്നെയിരുന്നു. അവരുടെ സംഭാഷണം തുടർന്നു:
"അവൻ വലിയ ആളായിപ്പോയില്ലേ, അവൻ ഇനി വരുമെന്നു തോന്നുന്നില്ല. അവൻ പുതിയ വീടിന്റെ പണി തുടങ്ങി. ആ ക്രോസ്സിങ്ങിന്റെ അടുത്ത് അവൻ പത്തു സെന്റ്‌ ഒപ്പിച്ചു." 
"ഓ അത് ശരി! ഇന്നാളവനെ ഞാനൊന്നു വിളിച്ചാരുന്നു. ആറു മാസമായിക്കാണും. അന്നവനൊരു വെള്ളി മൂങ്ങയുടെ കാര്യം പറഞ്ഞിരുന്നു, ഇടക്കിടെ അവന്റെ കൂരയുടെ മുകളിൽ വലിച്ചു കെട്ടിയിരുന്ന പടുതായുടെ കീഴിൽ ഒരു മുഴുത്ത വെള്ളിമൂങ്ങാ വന്നിരിക്കുമെന്നവൻ പറഞ്ഞു. ആവശ്യക്കാരു വല്ലോരുമുണ്ടെങ്കിൽ പിടിച്ചു കൊടുക്കാമെന്നും പറഞ്ഞിരുന്നു. വെറുതേ കിട്ടുന്ന ഒരു ലക്ഷം കളയണോന്നവൻ ചോദിച്ചിരുന്നു. ആരെങ്കിലും വന്നു കാണും. അതിപ്പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടില്ല."
"അവനെ ഞാൻ കാണാറുണ്ട്. ഇടക്കിടെ ഐശ്വര്യഭവൻ ഹോട്ടലിൽ പലഹാരം ഉണ്ടാക്കാൻ വരും, അവിടുത്തെ കോക്കിസ്വാമി അവധിക്കു പോകുമ്പോൾ. ആ വഴിയാണല്ലോ ഞാൻ വീട്ടിലേക്കു പോകുന്നത്. വെള്ളി മൂങ്ങയുടെ കാര്യം എന്നോടും അവൻ പറഞ്ഞിരുന്നു. ആരോടും പറയരുതെന്നും പറഞ്ഞിരുന്നു."
"വെള്ളിമൂങ്ങായേ അവൻ പിടിച്ചോ?"
"ഇല്ല വെള്ളി മൂങ്ങാ അവനെ പിടിച്ചു, അതു പറഞ്ഞതവന്റെ അയിലോക്കംകാരനാ."
"അതെങ്ങിനെ?"
"അതോ, ഈ വെള്ളിമൂങ്ങായുടെ കാര്യം അവൻ ആശാനോടു പറഞ്ഞിരുന്നു. ഞങ്ങടെ നാട്ടിലൊരാശാനുണ്ട്, അൽപ്പസ്വൽപ്പം ജ്യോതിഷവും കൈനോട്ടവുമൊക്കെയായി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന ഒരാളാ. അയാളു പറഞ്ഞത്രേ, വെള്ളി മൂങ്ങാ വീട്ടിവന്നാൽ വെച്ചടി വെച്ചടി കേറ്റമാന്ന്. ആശാൻ പറഞ്ഞത് ശരിയായെന്ന് പറയാം. ഇപ്പോ അവനു വീടുമായി, മൂത്തോനു ജോലീമായി."
"അതിനവനെവിടുന്നാ കാശു കിട്ടിയെ?"
"അതോ? അവന്റെ പെമ്പ്രന്നോർക്ക്‌ പണ്ടു ബ്രെസ്റ്റ് ക്യാൻസർ വന്നാരുന്നു. അന്നയാൾ സഹായം ചോദിച്ച്, പരിചയമുള്ള ഒരു തള്ളയുടെ അടുത്തു ചെന്നു. തള്ളയേതാന്നൊന്നും എന്നോടു പറഞ്ഞില്ല. തള്ള പൈസാ ഒന്നും കൊടുത്തില്ല, പക്ഷേ, ഒരു പച്ച മരുന്ന് പറഞ്ഞു കൊടുത്തു, പറ്റുമോന്നു നോക്കാൻ പറഞ്ഞു. ആർക്കു കൊടുത്താലും വില വാങ്ങരുതെന്നു പറഞ്ഞാ തള്ള കൂട്ടു പറഞ്ഞു കൊടുത്തത്.  സർക്കാരാശൂപത്രീലെ മരുന്നുകൊണ്ടാണോ, തള്ളയുടെ മരുന്നു കൊണ്ടാണോ, പെമ്പ്രന്നോരുടേ അസുഖം പോയി. അയാളു പറഞ്ഞത്, ഐശ്വര്യം വരുമെന്നാശാൻ പറഞ്ഞല്ലോ, അങ്ങിനെയെങ്കിൽ പണവും ഉണ്ടാകണമല്ലൊ, അതിനെന്തെങ്കിലും വഴി തുറന്നു വരുമെന്നോർത്ത് അയാള് കുറെ നോക്കിയിരുന്നുവെന്നാണ്. പക്ഷേ, വെള്ളിമൂങ്ങാ അവിടം വിട്ടു പോയിട്ടും ഒന്നും സംഭവിച്ചില്ലത്രെ. അപ്പോഴാ അയാൾ ക്യാൻസറിനമ്മൂമ്മ പറഞ്ഞു കൊടുത്ത മരുന്നിന്റെ കാര്യമോർത്തത്."
"എന്നിട്ടോ?"
"എന്നിട്ടെന്നാ, അയാളാ മരുന്നുണ്ടാക്കി ഒന്നു രണ്ടു പേർക്കു കൊടുത്തു. ഫലിച്ചാൽ കാശിനു വിൽക്കാമെന്നു തന്നെയാ കരുതിയത്‌. പിന്നങ്ങോട്ടു വെച്ചടി വെച്ചടി കേറ്റമായിരുന്നില്ലേ? ഇപ്പോ എന്തേരെപ്പേരാ അവിടെ മരുന്ന് വാങ്ങാൻ വരുന്നത്?"
"എത്ര രൂപാക്കാ വിൽക്കുന്നത്?"
"അവൻ ഒന്നും വാങ്ങുന്നില്ല. രോഗം ഭേദമായാൽ ദക്ഷിണയായി എന്തെങ്കിലും തന്നാൽ മതിയെന്നാ എല്ലാരോടും അവൻ പറഞ്ഞത്. പണം വാങ്ങിയാൽ ഇത് ഫലിക്കാതെ പോകുമെന്ന് വിശ്വസിച്ചു പോയി അവൻ."
"പിന്നെ, ഒരു സത്യശീലൻ, ഇഷ്ടികപ്പൊടി കുഴച്ചു പോലും പലഹാരം ഉണ്ടാക്കാൻ മടിക്കാത്തവനാ ആള്!"
"അതല്ല, അവനാദ്യം മരുന്ന് കൊടുത്തത് ഒരെട്ടു വയസ്സുള്ള കുട്ടിക്കാ. ആ കുട്ടി രക്ഷപ്പെട്ടു. അത് കണ്ടപ്പോ അവനു വല്യ സന്തോഷമായിപ്പോയി. ഈ മരുന്ന് ഫലിക്കാതെ പോകുന്നതിനേപ്പറ്റി അവനു പിന്നെ ചിന്തിക്കാനേ ആവുമായിരുന്നില്ല. ദക്ഷിണ കിട്ടുന്നതു തന്നെ അവനാവശ്യത്തിലും കൂടുതലാ. ഇപ്പോ." സംഭാഷണം ഇത്രയും ആയപ്പോഴേക്കും അനൗൺസ്മെന്റ്  എത്തി. അപ്പോഴേക്കും ഡൽഹി വണ്ടി പ്ലാറ്റ്ഫോമിലേക്കു പ്രവേശിച്ചും കഴിഞ്ഞിരുന്നു. 
അലക്സും ചാടിയെണീറ്റു. 
ഡൽഹി വരെ ചെന്ന് ഇന്റർവ്യൂ കഴിഞ്ഞാലും ഉദ്ദേശിച്ച ജോലി കിട്ടുമെന്ന് അലക്സിനുറപ്പില്ലായിരുന്നു. ആ സംശയം ചുഴലിക്കാറ്റു പോലെ ഉലച്ചുകൊണ്ടിരുന്ന മനസ്സിലേക്കാണ് ഒരു വെള്ളിമൂങ്ങാ പറന്നിറങ്ങിയത്. ഐശ്വര്യം കൊണ്ടുവരാൻ വെള്ളിമൂങ്ങാ യാതൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് അലക്സ് ഓർത്തു. അയാളുടെ രക്ഷ അയാൾക്കറിയാമായിരുന്ന സൂത്രം അയാൾ ഉപയോഗിച്ചുവെന്നതല്ലേയെന്ന് അലക്സ് പലപ്രാവശ്യം സ്വയം ചോദിച്ചു. ഉത്തരം അതേഅതേയെന്നു തന്നെയായിരുന്നു. അപ്പോഴേക്കും ഡൽഹിവണ്ടി ഇരുമ്പു ചക്രങ്ങൾ പാളത്തിൽ ഉരസ്സിയാലുണ്ടാകുന്ന നീണ്ട വിസിൽ ശബ്ദത്തോടെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു കഴിഞ്ഞിരുന്നു.
തന്റെ ഉള്ളിലുമില്ലേ നിരവധി സിദ്ധികൾ? അങ്ങിനേയും അലക്സ് ചിന്തിച്ചു. മുമ്പിൽ വന്നു നിന്ന എസ് -7  കമ്പാർട്ട്മെന്റ് ഒരു മൂടൽ മഞ്ഞിലെന്നപോലെ പെട്ടെന്നപ്രത്യക്ഷമായി. 
അലക്സ് യാതൊന്നും കാണുന്നുണ്ടായിരുന്നില്ല, തോളത്തു വന്നിരുന്ന വെള്ളിമൂങ്ങായെയോഴിച്ച്.
അയാൾ തിരിഞ്ഞു സ്റ്റേഷനു പുറത്തേക്ക് നടന്നു. 
ഉള്ളിലെ സിദ്ധികളെ വെള്ളിമൂങ്ങാ കൊത്തിപ്പുറത്തെടുത്തിടുന്നതയാൾ അറിഞ്ഞുകൊണ്ടിരുന്നു.

Tuesday 26 January 2016

മാതൃകാ ദമ്പതികൾ

"അറിഞ്ഞോ? കാത്തുവിനു മൂന്നാമതും...." മീനുവമ്മ  ചോദിച്ചു.
"ലബ്ബപ്പാ പറഞ്ഞിരുന്നു." മാധവനാശാരി പറഞ്ഞു. 
മാധവനാശാരിയും മീനുവമ്മയും ഭാര്യാഭർത്താക്കന്മാരാണ്. അവരുടെ സ്വകാര്യ നിമിഷങ്ങളാണ് രാത്രി ഒന്പത് മുതൽ പത്തു വരെ. ഇങ്ങിനെ ഏതെങ്കിലും ഒരു ചൂടൻ നാട്ടുവാർത്തയുമായാണ് അവരുടെ ചർച്ചാസമ്മേളനം സാധാരണ  തുടങ്ങുക.

അവർക്കു മക്കളില്ല, മക്കളുണ്ടാവാൻ മണ്ണാർക്കാട്ടോ വേളാങ്കണ്ണിയിലൊ ഹെൽത്ത് സെന്ററിലോ ഒന്നും അവർ ഇന്നേവരെ പോയിട്ടുമില്ല; അതിനേപ്പറ്റി ഒരുൽക്കണ്ഠയും അവർക്കുള്ളതായി ആരും പറഞ്ഞു കേട്ടിട്ടുമില്ല.

രാവിലെ ഒരെട്ടുമണിയോടെ മാധവനാശാരി ഉളിയും സഞ്ചിയുമായിറങ്ങും; മീനുവമ്മ തൊഴിലുറപ്പുമായി പോകും, പിന്നാലെ. മീനുവമ്മ അഞ്ചു മണിയാകുമ്പോൾ തിരിച്ചു വരും, അത്യാവശ്യം അരിസാമാനങ്ങളുമായി; മാധവനാശാരി വരുമ്പോൾ ഒന്പത് മണി കഴിയും.

വീടിനു പൂട്ടും താക്കോലുമില്ലാത്തതുകൊണ്ട് ആർക്കു വേണേലും, എപ്പോ വേണേലും ആ വീട്ടിൽ കേറാം, ഇരിക്കാം, കുടിക്കാം, കിടക്കാം. കോളണിയിലുള്ളവർക്കറിയാം അതിനുള്ളിൽ കയറിയാൽ കള്ളനും പ്രാകിയിട്ടേ ഇറങ്ങി പോകൂവെന്ന്.

ആശാരിക്കു സ്വന്തം, ഓലക്കുടിലെന്നു പറഞ്ഞതു പോലെയാ മാധവനാശാരിയുടേയും  കാര്യം. മാധവനാശാരി കണക്കു കുറിച്ചിട്ട് അവിടൊരു വീടുണ്ടാകില്ല, ഉണ്ടാകാഞ്ഞിട്ട് മീനുവമ്മക്കും പരാതിയുണ്ടായിരുന്നില്ല; അതൊരൽഭുതമെന്നേ പറയേണ്ടൂ. ഒത്തിരി മക്കളും ഇട്ടുമൂടാൻ സ്വത്തുള്ളവരുമായ സഹൃദയരായ നാട്ടുകാർക്ക്, അത്ഭുത പ്രതിഭാസങ്ങളായിരുന്നു മാധവനാശാരിയും മീനുവമ്മയും. ഇവരൊരിക്കലും പരസ്പരം പടവെട്ടിയതായി കോളണിക്കാർക്കും പറയാനില്ലായിരുന്നു.

മാധവനാശാരി സ്ഥലത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ആശാരിയാണെന്നു പറയാം. വലിയും ചീട്ടുകളിയുമൊന്നും മാധവനാശാരിക്കില്ല. പണിയുവാണേൽ നല്ലപോലെ പണിയുകയും ചെയ്യും. മാധവാനാശാരി ഉളി പുറത്തെടുത്താൽ ആയിരം പണം ഉറപ്പ്. പക്ഷേ, ഇതിലൊരു ചില്ലി പോലും വീട്ടിലെത്തില്ല. കേരളാ ഗവണ്മെന്റിനെ ആ പണം കൈക്കൊള്ളാനുള്ള ഭാഗ്യമുണ്ടാവൂ. സിവിൽ സപ്ലൈസ് അടഞ്ഞു കിടന്നാൽ അന്നു കിട്ടുന്നതിൽ പകുതി ഗീവർഗ്ഗീസ് പുണ്യവാളനും കൊടുക്കും, പകുതി പരമശിവനും കൊടുക്കും. രോഗങ്ങളിൽ നിന്നവരെ രക്ഷിക്കുന്നതിന് വി. ഗീവർഗ്ഗീസിനേയും ശത്രുക്കളിൽ നിന്നവരെ രക്ഷിക്കുന്ന ചുമതല സാക്ഷാൽ പരമശിവനേയുമാണ് മാധവനാശാരി ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്.

സിവിലുകാരുടെ ജവാൻ പക്ഷേ, കുടിച്ചു തീർക്കുന്നത് മാധവനാശാരി തനിച്ചല്ല. ചന്തയുടെ ഒഴിഞ്ഞ മൂലയിലുള്ള ഇറച്ചിക്കടയുടെ തട്ടിലെത്തുന്ന മാധവാനാശാരിയെ കാത്ത്, ഒരിറക്കിനു സമ്പാദിക്കാൻ കഴിവില്ലാത്ത കുഞ്ഞൂട്ടനും, ചുക്കനും, താന്തുവും, പരമനും എല്ലാം കാണും. ആയിരം രൂപക്കുള്ളതു മുഴുവൻ കപ്പയായും, കറിയായും വെള്ളമായും വാങ്ങിത്തീർത്താൽ മാധവനാശാരിക്കു തൃപ്തിയാവും. എത്ര താമസിച്ചാലും അറവുശാല വൃത്തിയാക്കിക്കഴിഞ്ഞേ മാധവനാശാരി സഞ്ചിയെടുക്കൂ. എല്ലാം കഴിയുമ്പോഴേക്കും ഒരെട്ടര കഴിയും. ഈ ഒന്നര-രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആ ദിവസങ്ങളിൽ നാട്ടിൽ നടന്നതും, ഉടനെ നടക്കാനിടയുള്ളതുമായ സർവ്വ കാര്യങ്ങളും എല്ലാരും എല്ലാരോടും പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു.

വീട്ടിൽ വന്നാൽ, അതറിഞ്ഞോ, ഇതറിഞ്ഞോയെന്ന് അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതല്ലാതെ പരസ്പരം ഒന്നും വിശദീകരിക്കേണ്ടി വരാറില്ലായിരുന്നീ ദമ്പതികൾക്ക്, തൊഴിലുറപ്പില്ലാത്ത ചുരുക്കം ചില ദിവസങ്ങളിലും ഞായറാഴ്ചകളിലുമൊഴികെ.

മാധവനാശാരിക്കു കിട്ടുന്നതിൽ ഒരു പങ്കെങ്കിലും വീട്ടിൽ കൊണ്ടു വരാത്തതുകൊണ്ടോ, ഒരു കഷണം തുണി വാങ്ങി കൊടുക്കാത്തതു കൊണ്ടോ ഒരു സിനിമയ്ക് കൊണ്ടുപോകാത്തതുകൊണ്ടോവൊന്നും, മീനുവമ്മക്കു പരാതിയില്ലായിരുന്നു; വീട്ടിലൊരു ദിവസം അടുപ്പ് പുകഞ്ഞില്ലെങ്കിൽ മാധവനാശാരിക്കും പരാതിയില്ലായിരുന്നു. മീനുവമ്മയോ മാധവനാശാരിയോ പരസ്പരം ഒരു പൈസാ പോലും കടം ചോദിച്ചിട്ടുമില്ല. മീനുവമ്മക്ക് കിട്ടുന്നതിൽ വീട്ടുചിലവ് കഴിഞ്ഞുള്ള മിച്ചം ജൗളിക്കടക്കാർക്കുള്ളതായിരുന്നു. 

പതിവു ചർച്ചാസമ്മേളനം കഴിയുമ്പോൾ മാധവനാശാരി അടുക്കളയിലേക്കു നോക്കി എടീയേയെന്നു വിളിക്കും; അന്ന് വല്ലതും വെച്ചിട്ടുണ്ടെങ്കിൽ അതെടുക്കാൻ മീനുവമ്മ അകത്തേക്ക് പോകും. മീനുവമ്മ എണീറ്റില്ലെങ്കിൽ അന്നൊന്നുമില്ലെന്നു സാരം. വയറുനിറയെ കഴിച്ചാലെന്നതു പോലെ ഒരേമ്പക്കവും വിട്ട് മാധവനാശാരി പോയി പാ വിരിച്ചു തറയിൽ കിടക്കും. മാധവനാശാരി കിടക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചു കഴിയുമായിരുന്നു. അതുപോലെ സമാധാനത്തോടെയും ആരോഗ്യത്തോടേയും കഴിഞ്ഞിരുന്ന മാധവാനാശാരിയെയാണ് പോലീസ്  പൊക്കിയത്. 

അറസ്റ്റ് നടന്നത് ഏഴുമണി കഴിഞ്ഞ സമയത്ത് അറവുശാലയിൽ നിന്നായിരുന്നതു കൊണ്ടും, നാടിനെ നടുക്കിയ വൃദ്ധദമ്പതികളുടെ കൊലപാതകം നടന്നിട്ട് വെറും രണ്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെന്നതു കൊണ്ടും, നാട്ടിൽ കഞ്ചാവ് വേട്ട സ്ഥിരമായിരുന്നതു കൊണ്ടും, ഒന്ന് രണ്ടു കള്ള നോട്ടുകൾ അവിടുത്തെ സിവിൽ സപ്ലൈസിൽ കിട്ടിയിരുന്ന വാർത്ത എല്ലാവരും അറിഞ്ഞിരുന്നതു കൊണ്ടും എന്തിനാ പോലീസ് മാധവനാശാരിയെ അറസ്റ്റ് ചെയ്തതെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. 

രാത്രിയിൽ ഒരാളെ പോലീസ് കൊണ്ടുപോയെന്നു പറഞ്ഞാൽ ഇഞ്ചനാരു പോലെയാക്കിയിട്ടെ തിരിച്ചു വിടൂവെന്നു കേട്ടിരുന്നതുകൊണ്ട് മീനുവമ്മ ആ രാത്രി മുഴുവൻ ഉറങ്ങാതെ മൂക്ക് പിഴിഞ്ഞുകൊണ്ടിരുന്നു. 

ആശ്വസിപ്പിക്കാൻ എത്തിയ കോളണിക്കാരോട് മിണ്ടാൻ മീനുവമ്മ കൂട്ടാക്കിയില്ല; എന്തെങ്കിലും ഒരു ക്ലൂ കോളനിക്കാർ പ്രതീക്ഷിച്ചിരുന്നുവെന്നു സ്പഷ്ടം. മീനുവമ്മ ഒന്നും പറയാതിരുന്നതും, പോലീസുപട്ടി ഇറച്ചിക്കട വരെ വന്നു പോയതും അവിടെ മാധനാശാരി വരാറുണ്ടെന്നറിഞ്ഞതും എല്ലാം കൂട്ടി വെച്ചു കോളനിക്കാർ ഉറപ്പിച്ചു - വൃദ്ധ ദമ്പതികളെ കൊന്നു പണം അപഹരിച്ചത് മാധവനാശാരി തന്നെ. 

പിറ്റേന്ന് പള്ളിയിൽ ഉച്ചമണിയടിക്കുന്നതിനു മുമ്പേ കൊലപാതകിയെ പിടിച്ചുവെന്ന വാർത്ത ചന്തയുടെ എല്ലാ മുക്കുകളിലും നാടിന്റെ എല്ലാ കോണുകളിലും എത്തിക്കഴിഞ്ഞിരുന്നു. മാധവനാശാരി അത്തരം ഒരു പാതകം ചെയ്യില്ലെന്നുറപ്പുള്ള ഒരേയൊരു വ്യക്തി മീനുവമ്മ മാത്രമായിരുന്നു. ഒരു മീനുവമ്മ ഒറ്റക്കു നിന്നതുകൊണ്ടെന്തു ഫലം?

പക്ഷേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആ ദിവസം സന്ധ്യ മയങ്ങുന്നതിനു മുമ്പ്, ഏമാന്മാർ മാധവനാശാരിയെ പോലീസ് ജീപ്പിൽ തന്നെ വീടിന്റെ മുറ്റത്തു കൊണ്ടിറക്കി. 

ചിരിച്ചുകൊണ്ട് ഒരു കൂസലും കൂടാതെ വീട്ടിലേക്കു കയറിയ മാധവനാശാരിയെ കണ്ടതിശയിച്ചു വാ പൊളിച്ച മീനുവമ്മ അതുപോലെതന്നെ അവിടെ നിന്നു. പോലീസ് ജീപ്പ് കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ മീനുവമ്മ ചോദിച്ചു,
"അവരുപദ്രവിച്ചോ?"
"ഇല്ല!" മാധവനാശാരി പറഞ്ഞു.
"അവരെന്നാത്തിനാ കൊണ്ടുപോയത്?"
"അതോ? ......  ഒരു കാര്യം ചോദിക്കാനായിരുന്നു. വല്യേമാൻ ഇന്നുച്ചക്കാ വന്നെ. അതുകൊണ്ടാ താമസിച്ചെ. മോനിപ്പടിക്കലെ വാവച്ചന്റെ കാർന്നോമ്മാരെ കൊന്നിട്ട് സ്വർണ്ണോം പണോം കൊണ്ടുപോയ കേസില്ലെ? അന്വേഷിക്കാൻ വന്ന പട്ടി ചന്തയിലെ ഇറച്ചിക്കട വരെ വന്നിട്ടു തിരിച്ചു പോയി. അത് കൊണ്ടാ അവരു സംശയിച്ചെ."
"ആരാന്നു മനസ്സിലായോ?"
"അവർക്കറിയില്ല, എനിക്കറിയാം. ആ പട്ടി മടങ്ങിയ വഴി മുക്കിലെ കലുങ്കിലും കുറേ നേരം മണം പിടിച്ചു നിന്നിരുന്നു. രാത്രിയിൽ അവിടുത്തെ ആളൊഴിഞ്ഞ കലുങ്കിൽ കിടന്നു വിശ്രമിക്കുന്ന ഒരേയൊരാൾ വർക്കിയാ, മേനോച്ചാലിലെ ഔസേപ്പച്ചന്റെ അനുജൻ. അവൻ കൊലപാതകവും കഴിഞ്ഞു മടങ്ങുന്ന വഴി ഇറച്ചിക്കടയിലും കിടന്നിരിക്കും കലുങ്കിലും കിടന്നിരിക്കും." 
"നിങ്ങളു പോലീസിനോട് വർക്കിയുടെ പേരു പറഞ്ഞോ?"
"ഇല്ല!"
"അതെന്താ?"
"ആരോ ഇല്ലാത്തവരാ വീട്ടിൽ കയറിയതെന്ന് പോലീസിനറിയാം. ഈ നാട്ടിലെ കുടിക്കുന്നവരാരൊക്കെയാണ്, വലിക്കുന്നവരാരൊക്കെയാണ് പണിയില്ലാത്തവരാരൊക്കെയാണ് എന്നൊക്കെയായിരുന്നവർക്കറിയേണ്ടത്. കൊന്നതാരാന്നും പോലീസ് ചോദിച്ചില്ല, ആരെയെങ്കിലും സംശയമുണ്ടോന്നും ചോദിച്ചില്ല. ഞാൻ നോക്കിയപ്പോ, ഒരു ഗതീം ഇല്ലാഞ്ഞകൊണ്ടാണല്ലൊ ആരാണേലും കട്ടത്. അവൻ നന്നാകട്ടെന്നോർത്തു കുറ്റം ഞാനങ്ങേറ്റു. ഞാനാ അവരെ കുത്തികൊന്നതെന്ന് പറഞ്ഞു. അതാ പിന്നേം താമസിച്ചെ."
"എന്നിട്ടു പോലീസ് തല്ലിയില്ലേ?"
"ഇപ്പോ പണ്ടത്തെപ്പോലെയല്ല. കൊല്ലാനെടുത്ത കത്തി കാണിച്ചു കൊടുക്കണം. വല്യേമാൻ കത്തിയെവിടേന്നു ചോദിച്ചപ്പോൾ ഞാനെന്നാ പറയാനാ? അന്നേരം അങ്ങേരെനിക്കൊട്ടൊന്നു തന്നു. വീട്ടി പോടാന്നു പറഞ്ഞു." 
"കഷ്ടമായിപ്പോയി! അവർക്കു ചേട്ടൻ പറഞ്ഞതങ്ങു കേട്ടാൽ പോരാരുന്നോ?" മീനുവമ്മ ചോദിച്ചു. 
"ശരിക്കും കഷ്ടമായിപ്പോയി! വാവച്ചന്റെ കാർന്നോമ്മാരെ കഴുത്തു ഞെരിച്ചാ കൊന്നതെന്ന കാര്യം ഞാനും മറന്നു പോയായിരുന്നു."

Sunday 24 January 2016

ദൈവത്തിന്റെ മകൾ

സർക്കാരിന്റെ സെൻസ്സസിന് ഒറ്റക്കു പോകാനൊരു മടി തോന്നിയതു കൊണ്ടാണ് മേരിറ്റീച്ചർ, ഭർത്താവിൻറെ ജേഷ്ടന്റെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞാറ്റയെന്നു വിളിക്കുന്ന ഡോണാക്കുട്ടിയേയും കൂടെ കൂട്ടിയത്, ഐസ്ക്രീം മേടിച്ചു കൊടുക്കാമെന്ന വ്യവസ്ഥയിൽ. 

ഓരോ വീട്ടിലും ചെന്ന് അംഗങ്ങളുടെ ഐഡന്റിറ്റി കാർഡിലെ നമ്പർ എഴുതിയെടുക്കണം, സ്ഥിതി വിവരങ്ങൾ ശേഖരിക്കണം, അംഗങ്ങളൊക്കെ എവിടെയാണെന്നും അവരുടെ ജനനത്തിയതി ശരിയാണോയെന്നുമൊക്കെ തിട്ടപ്പെടുത്തണം, ഒപ്പും മേടിക്കണം. പലയിടത്തും ആളു കാണില്ല, ഉള്ളവർക്കാണേൽ ആധാർ കാർഡ് തപ്പിയെടുക്കാൻ കഴിയണമെന്നില്ല; ചിലർക്ക്, ആരാ വരുന്നതെന്ന് സംശയം കാണും. അങ്ങിനെ കുറേ പ്രശ്നങ്ങൾ! ചിലർക്ക് ചെല്ലുന്ന ആളിന്റെ വയസ്സും താമസസ്ഥലവും വിശദാംശങ്ങളുമെല്ലാം അറിയണം. ചിലയിടത്ത് ചെന്നാൽ എന്തെങ്കിലും കുടിക്കാതെയോ കഴിക്കാതെയോ പോരാൻ പറ്റില്ല, ചിലരാകട്ടെ വീട്ടിനുള്ളിലോട്ടു കയറ്റില്ല. ചില വീട്ടിൽ കടിക്കുന്ന പട്ടി, ചില വീട്ടിൽ മാന്തുന്ന പൂച്ച. ചില സ്ഥലങ്ങളിൽ ചെന്നാൽ ഒരു വീട്ടിൽ നിന്നടുത്തിടത്തേക്ക് അരമൈലെങ്കിലും കാണും. ചിലരോട് അടുത്ത വീടു ചോദിച്ചാൽ ഒരു രൂപവും കാണില്ല. ഡോണാ കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ട് റ്റീച്ചർക്കു മുഷിപ്പ് തോന്നിയില്ല. 

മേരിറ്റീച്ചർ ഓരോ വീട്ടിലേയും വിവരങ്ങൾ അവളോടു പറയുകയും ഓരോരുത്തരും ജീവിക്കാൻ എന്തെല്ലാം ചെയ്യുന്നുവെന്നൊക്കെ സൂചിപ്പിക്കുകയും ചെയ്യും. റ്റീച്ചറിനറിയാമായിരുന്നു പ്രോത്സാഹനത്തിന്റെ വില. മിക്ക വീടുകളിലും വിദേശത്തോ ഏതെങ്കിലും പട്ടണങ്ങളിലോ ജോലി ചെയ്യുന്ന വംപൻ ശമ്പളക്കാർ കാണും. ചില വീടുകളിൽ കാരണവന്മാർ മാത്രമേ കാണൂ. ഒരിക്കലും നാട്ടിലേക്കു തിരിച്ചു വരില്ലെന്നുറപ്പുള്ള മക്കളുടെ സംരക്ഷണയിൽ അവർ കഴിയുന്നു. ചില വീടുകളിൽ ചെന്നു കാരണവന്മാരെ അന്വേഷിച്ചാൽ മൂത്ത മകളുടെ കൂടെ ഊട്ടിയിലോ കൂർഗിലോ ആണെന്നു പറയും. ഏതെങ്കിലും കെയർ ഹോമിലായിരിക്കും അവരൊക്കെയെന്ന്  മേരിറ്റീച്ചർ മറകൂടാതെ പറഞ്ഞു കൊടുക്കും. ഒരൊറ്റ ദിവസം മുഴുവനാകുന്നതിനു മുമ്പ് ജീവിതത്തിലെ ഒരുപാട് പച്ച യാഥാർഥ്യങ്ങൾ ഡോണാ മനസ്സിലാക്കി കഴിഞ്ഞിരുന്നു. 

മണിമുത്തുവിന്റെ വീട്ടിൽ ചെന്നപ്പോൾ സമയം നാലു കഴിഞ്ഞിരുന്നു. മണിമുത്തു തമിൾനാട്ടിൽ തക്കലക്കാരനാണ്. പത്തു നാൽപ്പതു വർഷങ്ങൾക്കു മുമ്പ് മേസ്ത്രിപ്പണിക്കു കേരളത്തിൽ വന്നതാണ്. വന്നഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ മുതൽ സ്വന്തമായി കോണ്ട്രാക്റ്റ് ഏറ്റെടുക്കാൻ തുടങ്ങി. മണിമുത്തു പണിത വീടുകളായിരുന്നു ആ പ്രദേശത്തു കൂടുതലും. അയാൾ കേരളത്തിലിപ്പോൾ സ്ഥിരം! 

മേരിറ്റീച്ചറിന്റെ വീടും അയാൾ പണിതതായിരുന്നതു കൊണ്ട് അയാളെ റ്റീച്ചർ നന്നായറിയുമായിരുന്നു. അയാളെ പരിചയപ്പെട്ടിട്ട് പത്തു പതിനഞ്ചു വർഷങ്ങളായിരുന്നെങ്കിലും ആദ്യമായായിരുന്നു അയാളുടെ വീട്ടിൽ റ്റീച്ചർ വരുന്നത്. വീട്ടിലോട്ട് കയറിയതേ ഡോണായ്ക് മേസ്ത്രിയെ പരിചയപ്പെടുത്തി. അയാൾ മുഖം തെളിച്ച് പുഞ്ചിരിച്ചു കൊണ്ട് പരിചയം പ്രകടിപ്പിച്ചെങ്കിലും, ആ ചിരിയുടെ പിന്നിൽ കണ്ണുനീരിന്റെ ത്രസിപ്പുകൾ റ്റീച്ചർ ശ്രദ്ധിച്ചു. അയാളുടെ ചിരിക്ക് വാർദ്ധക്യത്തിന്റെ കിതപ്പു മറയ്കാനും കഴിയുന്നുണ്ടായിരുന്നില്ല. 

കൊള്ളാവുന്ന ഒരു നല്ല വീട്, പക്ഷേ ഒന്നു പെയിന്റ് ചെയ്തിട്ട് കുറേ വർഷങ്ങളായെന്നു സ്പഷ്ടം; പരിമിതമായ വീട്ടുപകരണങ്ങളേ അവിടെ ഉണ്ടായിരുന്നതുമുള്ളൂ. അയാളുടെ ഭാര്യയെ റ്റീച്ചർ ആദ്യമായി കാണുകയായിരുന്നു. എല്ലും തോലുമേ ആ കോലത്തിലുണ്ടായിരുന്നുള്ളു. അയാളുടെ രണ്ടാണ്മക്കൾ ജോലിക്കാരാണെന്നു റ്റീച്ചർ കേട്ടിട്ടുണ്ടായിരുന്നു. എവിടെയോ ഒരു വ്യാകരണപ്പിശകുള്ളതു പോലെ റ്റീച്ചർക്കു തോന്നി. ഇരിക്കാൻ കിട്ടിയ മുഷിഞ്ഞ ബെഞ്ചിലിരുന്നു ക്ഷേമാന്വേഷണങ്ങളൊക്കെ നടത്തിക്കഴിഞ്ഞപ്പോൾ റ്റീച്ചർ പറഞ്ഞു,
"സെൻസ്സസിനു വന്നതാ, ആധാർ കാർഡൊന്നു വേണം നമ്പർ എഴുതിയെടുക്കണം." റ്റീച്ചർ പറഞ്ഞതയാൾ കേട്ടുവെന്നുറപ്പ്. 
പക്ഷേ, അയാളവിടെനിന്നനങ്ങിയില്ല. റ്റീച്ചർ വീണ്ടും പറഞ്ഞു,
"കോപ്പിയായാലും മതി." അപ്പോഴും അയാളനങ്ങിയില്ല. നഷ്ടപ്പെട്ടു പോയിക്കാണണമെന്നു റ്റീച്ചർ മനസ്സിലോർത്തു. റ്റീച്ചർ പറഞ്ഞു,
"അതിന്റെ നംബർ കിട്ടിയാലും മതി." അപ്പോഴും അയാൾ നിർവ്വികാരനായി റ്റീച്ചറെതന്നെ നോക്കി അവിടെത്തന്നെ നിന്നതേയുള്ളൂ.
"ആധാർ കാർഡില്ലേ?" റ്റീച്ചർ ചോദിച്ചു. 
"ഇല്ല!" അയാൾ പറഞ്ഞു. അൽപ്പനേരം ആരുമൊന്നും മിണ്ടിയില്ല. 
റ്റീച്ചർ രണ്ടിലൊന്നറിയാതെ പോകില്ലെന്നു മനസ്സിലായപ്പോൾ മണിമുത്തു അയാളുടെ കഥ പറഞ്ഞു. 
"മക്കൾ രണ്ടുപേരും നല്ലനിലയിൽ ഗൾഫിൽ കഴിയുന്നു; അവരുടെ കല്യാണവും കഴിഞ്ഞു മക്കളുമായി. ഇപ്പോഴും ഞാൻ പണിക്കു പോകണമെന്നാ അവരു പറയുന്നത്. അടുത്ത വർഷം തൊണ്ണൂറാകും. ഞാനവരെ ഒളിച്ചു കുറേപ്പണം മാറ്റി വെച്ചിട്ടുണ്ടെന്നാ അവരുടെ സംശയം. ഈ വീടും, വീടിരിക്കുന്ന ആകെയുള്ള  സ്ഥലവും അവർ തന്നെ വീതം വെച്ചെഴുതി വാങ്ങി. ഇങ്ങോട്ട് വരുന്നുമില്ല, ഞങ്ങൾക്കൊന്നും തരുന്നുമില്ല. എവിടെനിന്നെങ്കിലും പത്തുപൈസാ കടം വാങ്ങിയെന്നറിഞ്ഞാൽ തെണ്ടാൻ നടക്കുകാന്നയിലോക്കംകാരോടു വിളിച്ചു പറയും. ഞങ്ങൾക്ക് വേണ്ട പണം എത്തിച്ചു തരുന്നുണ്ടെന്നും നാട്ടുകാരോടു മക്കൾ പറയും. ഇനിയുമത്‌ ആരോടെങ്കിലും പറയാതിരിക്കാൻ കഴിയില്ല കുഞ്ഞേ. ഞങ്ങൾക്കെന്തിനാ ഇനിയൊരു മേൽവിലാസം?" അയാൾ പറഞ്ഞു നിർത്തി. 
"വരുമാനമൊന്നുമില്ലേ?" റ്റീച്ചർ ചോദിച്ചു. മറുപടിയായി ഊന്നു വടിയിൽ നിന്നൊരു കൈയ്യെടുത്ത് ഇല്ലായെന്നാംഗ്യം കാണിച്ചു. 
"അപ്പോൾ ചിലവു കഴിയുന്നതെങ്ങിനെയാ?" റ്റീച്ചർ ചോദിച്ചു. 
"ഞങ്ങളിപ്പോൾ ഭൂമിയിലെ പൌരന്മാരല്ല." അയാൾ നിർത്തി നിർത്തി പറഞ്ഞു. അയാൾ  വിതുമ്പുകയാണെന്നു റ്റീച്ചർക്കു മനസ്സിലായി. ചില്ലുപൊട്ടിയ ജനാലയിലൂടെ ചെല്ലാവുന്നിടത്തോളം ദൂരത്തേക്കു കണ്ണുകളും പായിച്ചയാൾ അവിടെത്തന്നെ നിന്നു. റ്റീച്ചറിനു കാര്യങ്ങളുടെ കിടപ്പേതാണ്ടു മനസ്സിലായി. 
റ്റീച്ചറിന്റെ കണ്ണുകൾ റ്റീച്ചററിയാതെ നിറഞ്ഞു. ഒന്നുമൊന്നും സംസാരിക്കാതെ ഏതാനും മിനിറ്റുകൾ. 
"മേസ്ത്രിയപ്പൂപ്പാ ..." പുറത്തു നിന്നാരോ വിളിക്കുന്ന ശബ്ദം കേട്ടു റ്റീച്ചർ വെളിയിലേക്കു നോക്കി. കൈയ്യിൽ ഒരു കുഞ്ഞു പൊതിയുമായി ഒരു പെൺകുട്ടി. അവളതു വരാന്തയിൽ വെച്ചിട്ട് ഓടി മറയുകയും ചെയ്തു.
"അയിലോക്കത്തു താമസിക്കുന്ന പള്ളീലെ കുഴിവെട്ടുകാരന്റെ കൊച്ചു മോളാ. എല്ലാരും ഉണ്ടു മിച്ചമുണ്ടെങ്കിൽ അവളു നാലുമണിയാകുമ്പം കൊണ്ടുവന്നു തരും, എന്നും." ആരും ചോദിക്കാതെ അയാൾ പറഞ്ഞു.
"ഇതൊരാൾക്കുള്ളതില്ലല്ലോ." പൊതിയിലേക്കു നോക്കി റ്റീച്ചർ പറഞ്ഞു. അയാൾ മുറ്റത്തെ കിണർ ഊന്നു വടികൊണ്ടു റ്റീച്ചറെ കാണിച്ചു. ഊന്നുവടി അകാരണമായി വിറക്കുന്നുണ്ടോയെന്നു റ്റീച്ചർ സംശയിച്ചു. പിന്നെ റ്റീച്ചറൊന്നും ചോദിച്ചില്ല. വാനിറ്റി ബാഗ് തുറന്ന് അയാൾക്കു കൊടുക്കാനേതാനും നോട്ടുകൾ തിരയുന്നതിനിടയിൽ കുഞ്ഞാറ്റ പറഞ്ഞു,
"രണ്ടൈസ്ക്രീമിന്റേയും കൂടെ." റ്റീച്ചറുടെ ഇരു കവിളുകളിലൂടെയും ഒലിച്ചിറങ്ങിയ കണ്ണുനീർ സൃഷ്ടിച്ച ചാലുകൾ മേസ്ത്രി കാണുന്നില്ലെന്നുറപ്പുണ്ടായിരുന്നതു കൊണ്ട്, റ്റീച്ചറതു തുടച്ചില്ല. തന്റെ തിക്കുമുട്ടൽ കുഞ്ഞാറ്റ അറിയുന്നുണ്ടെന്നു റ്റീച്ചർക്കുറപ്പായിരുന്നു. റ്റീച്ചർ, ഏതാനും നൂറുരൂപാ നോട്ടുകൾ മേസ്ത്രിയുടെ നേരെ നീട്ടി. ഒരൗപചാരികതയൊഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെ റ്റീച്ചർ ചോദിച്ചു,
"ഇപ്പോ വന്നയാ കുട്ടിയുടെ പേരെന്താ?" അയാൾ റ്റീച്ചറിന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു,
"ദൈവത്തിന്റെ മകളേന്നാ ഞാൻ വിളിക്കുന്നത്." അതുംകൂടി കേട്ടപ്പോഴേക്കും റ്റീച്ചറിന്റെ കണ്ണുകൾ വല്ലാതെ ചുവന്നു. ഒരു നേർത്ത ശബ്ദം പോലും പുറപ്പെടുവിക്കാനാവാത്ത വിധത്തിൽ റ്റീച്ചറുടെ തൊണ്ട ഇടറിയിരുന്നപ്പോൾ.

ഒന്നും പറയാതെ റ്റീച്ചർ മുറിക്കു പുറത്തേക്കിറങ്ങി; ഒപ്പം കുഞ്ഞാറ്റയുമുണ്ടായിരുന്നു. വഴിയിലിറങ്ങി മടങ്ങുന്നതിനിടയിൽ കുഞ്ഞാറ്റ പറഞ്ഞു,
"സ്വർഗ്ഗവും നരകവും ഇവിടെത്തന്നാ, അല്ലേയാന്റീ?"  

Friday 22 January 2016

അമ്മയുടെ മുഖം

"എടാ വാസൂ, നിയെന്താ ഇപ്പോൾ പ്രകൃതിഭംഗി മാത്രം വരക്കുന്നത്? പഴയതു പോലെ പോർട്രെയിറ്റുകൾ വരയ്ക്കാൻ പോകുന്നില്ലേ? അതായിരുന്നില്ലേ കൂടുതൽ വരുമാനം?" 
സഹദേവൻ വാസുവിനൊടു ചോദിച്ചു. 
വീടിന്റെ വശത്തെ ചാർത്തിലിരുന്നു ചക്രവാളത്തിന്റെ ചിത്രം വരയ്ക്കുകയായിരുന്നു വാസു. വാസു നല്ലൊരു ചിത്രകാരനാണ്. അയാൾ വരയ്ക്കുന്ന ജീവനുള്ള പ്രകൃതി ദൃശ്യങ്ങൾ പട്ടണത്തിലെ കരകൗശലശാലയിൽ നല്ല വിലക്ക് വിറ്റുപോകാറുണ്ട്. 
സഹദേവനും വാസുവും കുട്ടിക്കാലം മുതൽ ഒരുമിച്ചു വളർന്നു വന്ന ചെറുപ്പക്കാർ. വാസു ഇതിലും വലിയ ആളാകണമെന്നാണ് സഹദേവന്റെ ആഗ്രഹം. സഹദേവൻ പത്ര ഏജന്റായി ജോലി ചെയ്യുന്നു. സാധിക്കുന്ന സന്ദർഭങ്ങളിലെല്ലാം വാസുവിന്റെ കാര്യം വാർത്തകളിൽ സഹദേവൻ തിരുകി കയറ്റാറുണ്ട്. ഒരു മരണ വാർത്ത പത്രത്തിൽ കൊടുക്കാനായി ആരെങ്കിലും വന്നാൽ, പരേതന്റെ എണ്ണശ്ചായാ ചിത്രം വരക്കാനുള്ള ഓർഡർ കൂടി സഹദേവൻ എടുക്കുമായിരുന്നു. ഇന്നാളൊരു ബൈക്കിന്റെ പിറകിലിരുന്നു പോയ വാസുവിന്റെ വണ്ടി മറിഞ്ഞ വാർത്ത പത്രങ്ങളിൽ വന്നപ്പോൾ ആർട്ടിസ്റ്റ് വാസു ആമ്പക്കൽ തലമുടിനാരിഴക്ക്‌ രക്ഷപെട്ടുവെന്നായിരുന്നു. 
വാസു സഹദേവന്റെ മുഖത്തേക്കു തീഷ്ണമായി നോക്കിക്കൊണ്ടു പറഞ്ഞു.
"ഇപ്പോൾ പോർട്രെയിറ്റുകൾക്കുള്ള ഓർഡർ കുറവാ." 
"നീ എന്നോടെന്തിനാ കള്ളം പറയുന്നത്? ഇന്നാളു പാറംപടിക്കലെ കാർന്നോരുടെ പടം നിന്നേക്കൊണ്ട് വരപ്പിക്കാൻ അവർ വന്നതല്ലേ? നീയെന്താ പറഞ്ഞത്? ഒരു പടം വരക്കാൻ മുപ്പതിനായിരം രൂപാ ചോദിച്ചതു കൊണ്ടല്ലേ അവർ വേണ്ടാന്നു വെച്ചത്." സഹദേവൻ പറഞ്ഞുനിർത്തി. വാസു ചിത്രത്തിൽ നിന്ന് കണ്ണെടുത്തു സഹദേവനെ നോക്കി. 'നിനക്കു പത്ര വിതരണവും കാശുപിരിക്കലുമൊക്കെ കഴിഞ്ഞു വീട്ടിപ്പോയി കിടന്നുറങ്ങിക്കൂടെ' യെന്നായിരിക്കും വാസു ചോദിക്കാൻ പോകുന്നതെന്ന് സഹദേവൻ ഓർത്തു. 
"എടാ പത്രക്കാരാ, നിനക്കറിയുമോ ഒരു ചിത്രകാരൻ അനുഭവിക്കുന്ന വേദന? ഓരോ ചിത്രവും അവനെ സംബന്ധിച്ചൊരു പ്രസവമാണ്. കലാകാരന്മാരെ ആൺവർഗ്ഗത്തിൽ പെടുത്തുന്നതേ തെറ്റാ. ഒരു പോർട്രെയിറ്റ് വരക്കുന്നിടത്തോളം മാനസിക സംഘർഷം വേറൊരു പെയിന്റിഗിലും ഉണ്ടാവില്ല." വാസു പറഞ്ഞു. 
ഇടക്കിടക്കുള്ള സഹദേവന്റെ ഭവനസന്ദർശനം ഒന്നും അറിയാനും ആരെയും വിമർശിക്കാനുമൊന്നും ആയിരുന്നില്ല. വാസുവിന്റെ ചിത്രങ്ങൾ അതിന്റെ അപൂർണ്ണതയിൽ കാണുന്നതിന്റെ സുഖം സഹദേവനെ സംബന്ധിച്ചിടത്തോളം വല്ലാത്തതായിരുന്നു. വാസു ഇപ്പോഴും രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്നുണ്ടെന്ന് സഹദേവനറിയാം. പ്രായമായ അച്ഛനുമമ്മയും അപ്പുറത്തെ മുറിയിൽ കിടക്കുന്നു. അച്ഛനു കക്കൂസിൽ പോകണമെങ്കിൽ വാസു താങ്ങിയെടുത്തു കൊണ്ടുപോകണം. ഭാര്യയുണ്ട് - ശശികല. ഒരു കുട്ടിയുമുണ്ട്, ബാലു - രണ്ടുവയസ്സാകുന്നവന്. 
എല്ലാവരുടേയും കാര്യങ്ങൾ നോക്കാൻ ഈ ചാർത്തിലെരിയുന്ന അഗ്നി വേണം. സഹദേവൻ ഓരോ കാര്യങ്ങളും ചിന്തിച്ചിരുന്നു. വാസു പറഞ്ഞതയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. അത് മനസ്സിലാക്കിയിട്ടെന്ന പോലെ വാസു പറഞ്ഞു,  
"എടോ പത്രക്കാരാ, ഓരോ ചിത്രവും ഓരോ പ്രസവത്തിനു സമമാണ് ചിത്രകാരന്മാർക്ക്. പോർട്രെയിറ്റുകളെ ഗർഭം ധരിക്കാൻ എനിക്കു പഴയതുപോലെയാവുന്നില്ല. പണ്ട്, പണമുണ്ടാക്കുന്നതിനേപ്പറ്റിയും  
ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഇന്നെനിക്ക്‌ ഇങ്ങോട്ടു വരുന്ന പണത്തെയല്ല, ഉള്ളിലേക്കു തിരപോലെ തള്ളിക്കയറുന്ന സംതൃപ്തിയുടെ ശീലുകളെ പ്രണയിക്കാനാണിഷ്ടം." 
മേശവലിപ്പിൽ നിന്നൊരു ഫോട്ടോയെടുത്ത് സഹദേവനെ കാണിച്ചിട്ട് വാസു തുടർന്നു.
"ഈ ചിത്രത്തിലേക്ക് നോക്ക്: ഈ കണ്ണുകൾ കണ്ടോ - ഷൈലോക്കിന്റെ അതേ കണ്ണുകൾ. ഈ കവിളുകൾ കണ്ടോ, അവിടെ ക്രൂരതയുടെ വളവുകളുള്ള ചുളിവുകൾ. ഈ തിരുനെറ്റി കണ്ടോ; ദയയുടെ ഒരു തരിപോലും പ്രസരിപ്പിക്കാൻ ഇടയില്ലാത്ത നെറ്റിത്തടങ്ങൾ. എനിക്ക് വരക്കാൻ തോന്നുന്നില്ല പത്രക്കാരാ. മുമ്പിൽ വരുന്ന ചിത്രങ്ങളെല്ലാം തന്നെ കടന്നു കയറ്റക്കാരുടെ മുഖങ്ങൾ - എനിക്ക് വരക്കാൻ തോന്നുന്നില്ല." 
സഹദേവൻ ഒന്നും മിണ്ടിയില്ല. ആദ്യമായിട്ടായിരുന്നു ഒരു ചിത്രകാരന്റെ ഉള്ള് അയാൾ കാണുന്നത്. വാസുവിന് താൻ പറഞ്ഞത് ഇഷ്ടമായില്ലെന്നു കണ്ടപ്പോൾ സഹദേവൻ വിഷയം മാറ്റി.
"നല്ല രസമായിരിക്കുന്നു നിന്റെ കടലും ചക്രവാളവും." സഹദേവൻ പറഞ്ഞു. പണിതീരാത്ത ആ  ചിത്രത്തിലേക്കു നോക്കിക്കൊണ്ട്‌ വാസു പറഞ്ഞു. 
"നീ കാണ്, കണ്ണു തുറന്നു കാണ്  ...... ഈ കടലോ ഈ ആകാശമോ ഈ ചക്രവാളമോ, ഇവിടെ പറക്കുന്ന കടൽ കാക്കകളോ തിരമാലകൾക്കും ഓളങ്ങൾക്കും താഴെ തിമിർത്തു നടക്കുന്ന കടൽജീവികളോ  ....ഒന്നും ആരെയും ചതിക്കുന്നില്ല. അവക്കെല്ലാം ജീവനുണ്ട്. അവ ചിരിക്കുകയും കരയുകയും കോപിക്കുകയുമൊക്കെ ചെയ്യും. അതതിന്റെ ജന്മ സ്വഭാവങ്ങളാണ് അവ കാണിക്കുക. ഉറുമ്പ് കടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, പുഴ കര കവിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അതു മനസ്സിലാക്കുന്നവൻ എന്നും പ്രകൃതിയെ അമ്മയെപ്പ്പോലെയേ കാണൂ."
സഹദേവന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങളൊന്നുമായിരുന്നില്ല വാസു പറഞ്ഞുകൊണ്ടിരുന്നത്. സഹദേവൻ എല്ലാം മിണ്ടാതിരുന്നു കേട്ടതേയുള്ളൂ. സഹദേവൻ ചിന്തിച്ചത്, വാസു വലിയ ഒരു ചിത്രകാരനായി വളർന്നിരുന്നുവെങ്കിൽ അടുത്തിരുന്നിതു പോലെ കുശൂമ്പും കാര്യവും പറയുന്നത് കേൾക്കാനാവുമായിരുന്നില്ലല്ലോയെന്നാണ്. ശ്രദ്ധിച്ചു നോക്കിയപ്പോൾ, ചെതുംപിച്ചു കൊണ്ടിരിക്കുന്ന പട്ടിക കഷണങ്ങളിൽ ഉറച്ചിരിക്കുന്ന ഓടുകളുള്ള മേൽക്കൂര അഭയം കൊടുക്കുന്ന ഈ വീടിനേക്കാളും വലിയവനായി വാസു വളരുന്നത്‌ താനാഗ്രഹിച്ചിട്ടില്ലല്ലോയെന്നു സഹദേവൻ തിരിച്ചറിഞ്ഞു.
വാസു തുടർന്നു,
"പ്രകൃതിയുടെ മുഖം അതെങ്ങിനെയിരുന്നാലും എനിക്കു മനോഹരമാണ്. ആ ദൃശ്യങ്ങൾ വരക്കുമ്പോൾ അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനേക്കാളും സുരക്ഷിതത്വബോധം എനിക്കുണ്ടാവുന്നു, അത് സത്യമാണ്." 
'ഈ പ്രപഞ്ചത്തിൽ മനുഷ്യനല്ലാത്തതെല്ലാം സത് ജീവികളാണെന്നാണോ?' സഹദേവൻ സ്വയം ചോദിച്ചു. സഹദേവന്റെ ചിന്തകൾ വാസു കേട്ടിരുന്നിരിക്കണം. വാസു പറഞ്ഞു.
"അതാണു സത്യം ....അപവാദങ്ങളുണ്ടെങ്കിലും!"

Monday 18 January 2016

അഞ്ചു പക്ഷികൾ !

അഡ്വ. ഭരതന്റെ അനുസ്മരണ യോഗവും കഴിഞ്ഞു, കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ യാദൃശ്ചികമായി അഡ്വ. രാമകൃഷ്ണനെ കണ്ടു. ഇരുത്തം വന്ന ഒരു വക്കീൽ! അദ്ദേഹത്തെപ്പറ്റി നാഷണൽ ജേർണ്ണലിൽ ലേഖനം വന്നിരിക്കുന്നു - കുടുംബ കോടതികളിലെ അനുരജ്ഞന ശ്രമങ്ങളിൽ ഏറ്റവും കൂടുതൽ വിജയം ഈ കോടതിക്കാണെന്നും ഇവിടുത്തെ വിജയശതമാനം അന്പതിനും മുകളിലാണെന്നും ഇക്കാര്യത്തിൽ അഡ്വ. രാമകൃഷ്ണൻ മാതൃകയാണെന്നും അതിൽ എഴുതിയിരുന്നു. 
അദ്ദേഹത്തെയാണ് മീഡിയേഷനു കോടതി സാധാരണ ചുമതലപ്പെടുത്തുക.
"എന്താ താങ്കളുടെ വിജയ രഹസ്യം?" അഡ്വ. പ്രസാദ് ചോദിച്ചു. ചോദ്യഭാവത്തിൽ അഡ്വ. രാമകൃഷ്ണൻ, അഡ്വ.പ്രസാദിന്റെ മുഖത്തേക്കു നോക്കി.
"ങ്ഹാ ...കുടുംബ വഴക്കുകൾ തീർത്തു ഭാര്യാഭർത്താക്കന്മാരെ യോജിപ്പിക്കുന്നതിൽ സാറിന്റെ കഴിവ് അപാരമാണെന്നു ജേർണ്ണലിൽ എഴുതിയിരിക്കുന്നു."
"ഓ ..അതോ? അതിലെന്തു രഹസ്യം? അവർക്കു പറയാനുള്ളത് ഞാൻ സൂഷ്മമായി കേൾക്കും. അവരുടെ വാദം അനുഭാവപൂർണ്ണം ആരെങ്കിലും കേട്ടുവെന്നുറപ്പായാൽ പകുതി പേരുടേയും വഴക്ക് തീരും. സ്വകാര്യ പ്രശ്നങ്ങൾ പങ്കു വെയ്ക്കാത്തതാണു പലരുടേയും പ്രശ്നം. ഒരു വളർത്തു പട്ടിയാണെങ്കിലും മതിയിവിടെ." അഡ്വ. രാമകൃഷ്ണൻ പറഞ്ഞു.
"അതെല്ലാ കൗൺസിലേ ഴ്സും ചെയ്യുന്നതല്ലേ? അതാണല്ലോ കൌൺസല്ലിങ്ങിന്റെ പ്രധാന ഭാഗം. സാറ്  പ്രത്യേകമായി എന്താ ചെയ്യുന്നതെന്നാ ഞാൻ ചോദിച്ചത്." അഡ്വ. പ്രസാദ് ചോദിച്ചു.
അഡ്വ. രാമകൃഷ്ണനോട് ആദ്യമായായിരുന്നു ഒരാളിങ്ങെനെയൊരു ചോദ്യം ചോദിച്ചത്.
"വാ! കൌൺസല്ലിങ്ങ് ഹാൾ തുറന്നാണോ കിടക്കുന്നതെന്നു നോക്കട്ടെ." അദ്ദേഹം കോടതി സമുച്ചയത്തിന്റെ ഇടത്തു വശത്തുള്ള കൊറിഡോറിലേക്കു തിരിഞ്ഞു. അഡ്വ. പ്രസാദും ഒപ്പം നടന്നു.
ഭാഗ്യത്തിനു ഹാൾ അടച്ചിട്ടുണ്ടായിരുന്നില്ല. അഡ്വ. രാമകൃഷ്ണൻ മുറിയിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്തു, പിന്നെയദ്ദേഹം സ്ഥിരം ഇരിക്കാറുള്ള കസേരയിൽ ഇരുന്നിട്ട് അഡ്വ. പ്രസാദിനോട് മുമ്പിൽ കക്ഷികൾ ഇരിക്കുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. തടിച്ച നിയമഗ്രന്ഥങ്ങളുടെ മുന്നിൽ അഡ്വ. പ്രസാദ്, അഡ്വ. രാമകൃഷ്ണനെന്ന സഹപ്രവർത്തകന്റെ മുന്നിലിരുന്നു.
"സത്യത്തിൽ ഒരു ചെറിയ ടെക്നിക്കില്ലെന്നു പറയാനാവില്ല. അഞ്ചു പക്ഷികളാണെന്റെ ഉപകരണങ്ങൾ." അഡ്വ.രാമകൃഷ്ണൻ പറഞ്ഞു.
"അഞ്ചു പക്ഷികളോ?" അഡ്വ. പ്രസാദ് ചോദിച്ചു.
"അതെ! മയിൽ, താറാവ്, വേഴാമ്പൽ, കുരുവി, പരുന്ത്. ആദ്യം അവരുടെ പ്രശ്നം എന്താണെന്നു ശ്രദ്ധിച്ചു കേൾക്കും; മിക്കവാറും കോമ്പ്ലക്സുകളായിരിക്കും വില്ലൻ. അപ്പോളവരോടു മയിലിന്റെ കഥ പറയും. സ്വന്തം പോരായ്മകളിൽ നിരാശപ്പെടാതെയും സ്വന്തം സൌന്ദര്യത്തിൽ അഹങ്കരിക്കാതെയും ലാളിത്യത്തിന്റെ പ്രതീകങ്ങളായി മാറാൻ അവരോടു പറയും. മയിലുകൾക്ക് വളരെ ചെറിയ ഒരു ദൂരമേ സഞ്ചരിക്കാൻ കഴിയൂ. അവരുടെ കഴിവുകൾ പരിമിതമാണെങ്കിലും അവക്കു ലഭിച്ചിരിക്കുന്ന പീലികളുടെ സൌന്ദര്യം മയിലുകളെ വേറിട്ടതാക്കുന്നു. ഇതിന്റെ പീലികളാണൂ ദശാവതാരങ്ങളിൽ ഒന്നായ ശ്രീക്രുഷ്ണന്റെ കിരീടത്തിലുള്ളതെന്നും പരമശിവന്റെയും പാർവതീദേവിയുടെയും പുത്രനായ സുബ്രമണ്യൻറെ വാഹനം മയിലാണെന്നും ഞാനവരെ ഓർമ്മിപ്പിക്കും. ആർത്തിപിടിച്ചുള്ള സമ്പാദന രീതിയും മയിലുകൾക്കില്ല; രാവിലേയും വൈകിട്ടുമേ മയിലുകൾ ഇര തേടൂ. ബാക്കിയുള്ള സമയം വിശ്രമിക്കും. ഇങ്ങിനെ കുടുംബാംഗങ്ങളോടൊത്തു വിശ്രമിക്കാൻ സമയം കണ്ടെത്താത്തതാണ് പ്രധാന പ്രശ്നമെന്നു കൂടി അവരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ അത്തരക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരമാകും. 

"ഇനി, ഭർത്താവോ ഭാര്യയോ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞു മാറുന്ന സ്വഭാവക്കാരാണെങ്കിൽ ഞാൻ വേഴാമ്പലിന്റെ കഥ പറയും. അത് നമ്മുടെ സംസ്ഥാന പക്ഷിയാണല്ലൊ. ഒരൊറ്റ ഇണയെ വേഴാമ്പലുകൾക്കുണ്ടാവൂ. മുട്ടക്കടയിരിക്കുന്ന ഇണയെ ആൺപക്ഷി സംരക്ഷിക്കുന്നു. കൂടുണ്ടാക്കി പെൺപക്ഷിയെ അതിനുള്ളിലാക്കി വാതിലടച്ച് ആൺ കുരുവി സംരക്ഷിക്കുന്നു. ഈ സമയത്ത് തള്ളക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഇര സമ്പാദിക്കുന്നത് ആൺ പക്ഷിയാണ്. ഈ സമയമത്രയും പുറംലോകം കാണാതെ അടയിരിക്കുന്നത് തള്ളപക്ഷിയുമാണ്. അവർ അപരനെ മനസ്സിലാക്കി  ജീവിക്കുന്നു. കുടുംബ ജീവിതത്തിന്റെ ഈ രഹസ്യം മനസ്സിലായാൽ അങ്ങിനെയുള്ള പ്രശ്നങ്ങൾ തീരും.

"ചിലപ്പോൾ താറാവുകളുടെ കഥയായിരിക്കും പറയേണ്ടി വരുക. ഏതു സാഹചര്യത്തിലും ജീവിക്കാൻ കഴിവുള്ള ഒരു പക്ഷിയാണത്. ഏതു കാലാവസ്ഥയിലുമെന്നല്ല കരയിലും വെള്ളത്തിലും, അത് കടലായാലും, സഞ്ചരിക്കുവാനും ഇരതേടുവാനും അവക്കു കഴിവുണ്ട്. ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകളേപ്പോലെ നമുക്കും കഴിയണമെന്നു പറയുമ്പോൾ സാങ്കേതിക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പലരുടെയും പ്രശ്നങ്ങൾ തീരും. സാമൂഹ്യ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും ഈ കഥ പ്രയോജനപ്പെടും. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു നീങ്ങാൻ ഇതവരെ സഹായിക്കും.

"കുരുവികളെന്ന കൊച്ചു പക്ഷികളുടെ കഥ മനസ്സിലാകുമ്പോൾ മറ്റു ചിലരുടെ പ്രശ്നങ്ങൾ തീരും. സ്വന്തം അസ്തിത്വത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്നതാണ് പലരുടേയും പ്രശ്നം. മറ്റുള്ളവരെക്കൂടി നാം പരിഗണിക്കുമ്പോൾ ജീവിതം സന്തോഷകരമായിത്തീരും. കുരുവികൾ പൂക്കളിൽ നിന്നും പൂക്കളിലേക്കു ചാടി പറക്കുന്നതിനോടൊപ്പം ആ സസ്യവംശത്തിന്റെ വളർച്ചക്കും കാരണമാകുന്നു. അവയാണ് ആ ചെടികളിൽ പരാഗണനം നടത്തുന്നത്. അവയുടെ സന്തോഷത്തിന്റെ ചിലമ്പൽ ഇടക്കിടെ കേൾക്കാമല്ലോ. കുരുവികൾ കുടിക്കുന്നിടത്തോളം മധുരമുള്ള തേൻ മറ്റേതെങ്കിലും ഒരു പക്ഷിക്കു ലഭിക്കുണ്ടോ? തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന സൺ ബേർഡ്സ്  പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരേപ്പോലെയാണു ജീവിക്കുന്നത്. അവയാകട്ടെ യാതൊന്നും സമ്പാദിക്കുന്നില്ല: അതുകൊണ്ടെന്താ? അവക്കെന്നും കിട്ടുന്നത് പുതു പുത്തൻ തേൻ. ഈശ്വരൻ നമുക്കുവേണ്ടതൊക്കെ എന്നും കരുതി വെയ്ക്കുന്നു എന്നുള്ള തിരിച്ചറിവുണ്ടാക്കാൻ ഈ കഥ ഉപകരിക്കും.


"ഇനിയൂം വേറൊരു കൂട്ടരുണ്ട്, അവർക്കു ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്തില്ല. എല്ലാ പക്ഷികളും മഴ പെയ്യുമ്പോൾ എന്തെങ്കിലും തലപ്പുകൾക്കു കീഴെ പതുങ്ങിയിരുന്നു മഴ നനയാതെ രക്ഷപ്പെടുമ്പോൾ പരുന്തുകൾ മേഘങ്ങള്ക്ക് മുകളിലൂടെ പറന്നു മഴയെ തോല്പ്പിക്കുമെന്നു പറയുമ്പോൾ അത്തരക്കാർക്ക് വേണ്ട ആത്മ ധൈര്യം കിട്ടും. കുടുംബക്കാരിൽ നിന്നുണ്ടാകുന്ന അല്ലെങ്കിൽ അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽപെട്ടുഴലുന്നവർക്ക്  ഈ പരുന്തു കഥ ഉപകാരപ്പെടും." അഡ്വ. രാമകൃഷ്ണൻ പറഞ്ഞു നിർത്തി.
"ഇത്ര സിമ്പിളാണോ ഈ കൌൺസല്ലിങ്ങ്?"
"അതേ!" അഡ്വ. രാമകൃഷ്ണൻ പറഞ്ഞു. അൽപ്പനേരത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടർന്നു.
"ഇവിടെ തീരാത്ത കേസുകളിൽ ഒരു ഭാഗത്ത് ഒരു മാനസിക രോഗി തന്നെയായിരിക്കും. ഇത് ബോദ്ധ്യമായതുകൊണ്ടും ചിലർ അനുരജ്ഞനത്തിന് തയ്യാറാകാറുണ്ട്."
"മീഡിയേഷൻ ഫലിക്കാതെ വരുമ്പോൾ നിരാശ തോന്നാറുണ്ടോ?" അഡ്വ. പ്രസാദ് ചോദിച്ചു. ഒരു പുഞ്ചിരിയോടെ അഡ്വ. രാമകൃഷ്ണൻ പറഞ്ഞു.

"വിവാഹങ്ങൾ രണ്ടു തരമുണ്ട് - മനുഷ്യൻ യോജിപ്പിച്ചതും, ഈശ്വരൻ യോജിപ്പിച്ചതും. രണ്ടാമത്തെ ഗണത്തിൽ മാത്രമേ റിപ്പയറിംഗ് നടക്കൂ. അവിടെ വൈദ്യരെ കാണുമ്പോൾ തന്നെ മുറിവുകൾ കരിയാനാണ്‌ സാദ്ധ്യത. പക്ഷേ, മനുഷ്യൻ യോജിപ്പിച്ചതിലുണ്ടാകുന്ന മുറിവുകൾ ദൈവം റിപ്പയർ ചെയ്യുകയുമില്ല, മനുഷ്യനേക്കൊണ്ട് റിപ്പയർ ചെയ്യാനാവുകയുമില്ല!"

Sunday 17 January 2016

പറഞ്ഞതും കേട്ടതും

തനിക്കു മനസ്സിലാവാത്ത പലതും ആശ്രമത്തിൽ നടക്കുന്നുവെന്നൊരു തോന്നൽ സ്വാമി ആത്മാനന്ദക്കുണ്ടായിത്തുടങ്ങിയിട്ടു കുറച്ചു നാളുകളായി. മഹാസ്വാമി ഗുരു ചൈതന്യയുടെ ഈ ബൃഹുത്തായ ആശ്രമവും സ്വത്തുകളുമെല്ലാം നോക്കി നടത്താനുള്ള ഉത്തരവാദിത്വം എത്രയോ കാലങ്ങളായി താനേറ്റു നടത്തുന്നു. ട്രസ്റ്റിന്റെ രജിസ്റ്റർ ചെയ്ത നിയമാവലിപ്രകാരവും താൻ തന്നെയാണു ട്രസ്റ്റി. 
ഇപ്പോൾ മഹാസ്വാമി ഓരോ കാര്യങ്ങളിലും നേരിട്ടു തലയിടുന്നു. സ്വാമി ആത്മാനന്ദക്ക്, കാര്യങ്ങൾ അത്രക്കങ്ങു മനസ്സിലാകുന്നുണ്ടായിരുന്നില്ല.
അടുക്കളയിൽ ഉപയോഗിക്കാൻ പഴയ പ്ലേറ്റുകൾക്ക് പകരം മുന്നൂറ് സ്റ്റീൽ പ്ലേറ്റുകൾക്ക് താൻ ഓർഡർ ചെയ്തിരുന്നതാണ്. സപ്പ്ലൈ ചെയ്തതാവട്ടെ മുന്നൂറ് അലൂമിനിയം പാത്രങ്ങളും. താനാഗ്രഹിച്ചിരുന്നത് അലൂമിനിയം പാത്രങ്ങളായിരുന്നെങ്കിലും ഓർഡർ നൽകിയിരുന്നത് സ്റ്റീൽ പ്ളേറ്റുകളായിരുന്നെന്നുറപ്പ്.
ആരോടെന്തു സമാധാനം ചോദിച്ചാലും കേൾക്കാം, 
'സ്വാമിതന്നെയല്ലേ ഇതു പറഞ്ഞതെന്ന്.'
ആശ്രമത്തിലെ വിശാലമായ ആമ്പൽക്കുളത്തിന്റെ ഒരു കോണിൽ താമരയും വളരട്ടെയെന്ന് കരുതി കുറേ താമരച്ചെടികൾക്ക് ഞാൻ ഓർഡർ കൊടുത്തു; കൊണ്ടുവന്നതോ നിരവധി നിറങ്ങളിലുള്ള ആമ്പൽച്ചെടികൾ; താൻ അങ്ങിനെയായിരുന്നു പറഞ്ഞിരുന്നതെനായാലും പറഞ്ഞു. രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യുന്ന നാടനിനങ്ങളല്ല പകൽ വിടരുകയും രാത്രിയിൽ കൂമ്പുകയും ചെയ്യുന്നയിനങ്ങൾ എല്ലാ നിറങ്ങളിലുമുള്ളത് കൊണ്ടുവരാനാഗ്രഹിച്ചിരുന്നുവെന്നത് ശരി. പക്ഷെ, മഹാസ്വാമിക്കതിഷ്ടപ്പെടില്ലല്ലോയെന്നറിഞ്ഞു കൊണ്ടായിരുന്നല്ലോ താമര ചെടികൾക്ക് താൻ ഓർഡർ കൊടുത്തത്.
സംഗമാലയം ഓറഞ്ചു നിറത്തിലുള്ള ചായം പൂശി വൃത്തിയാക്കാൻ പറഞ്ഞിട്ടയാൾ കൊണ്ടുവെന്നതോ, വെള്ളച്ചായം. താൻ അങ്ങിനെയാണ് പറഞ്ഞതത്രെ.
'തനിക്കെന്തെങ്കിലും ഭ്രമം സംഭവിച്ചുവോ?' സ്വാമിആത്മാനന്ദ സ്വയം ചോദിച്ചു.
'മഹാസ്വാമി എന്ത് കൊണ്ടെന്നോട് പറയുന്നില്ല?' ദിവസവും പത്തും മുപ്പതും പ്രാവശ്യം സ്വാമി ആത്മാനന്ദ ഈ ചോദ്യം സ്വയം ചോദിച്ചു കൊണ്ടിരുന്നു.
'മഹാസ്വാമി സ്വന്തം കുടീറിൽ, ധ്യാനവും, ദർശനവുമായി കഴിയുന്നു. ആശ്രമവളപ്പിലൂടെ വല്ലപ്പോഴും ഒന്ന് ചുറ്റിയടിച്ചാലായി. 
ആശ്രമവാസികളെല്ലാവരും അത്താഴവും കഴിഞ്ഞുള്ള സത്സംഗിന്  ഒരുമിച്ചു കൂടും. 
അതിലാകട്ടെ താൻ മഹാസ്വാമിയുടെ അടുത്തു തന്നെ ഉണ്ടാവുമെങ്കിലും മഹാസ്വാമി അങ്ങിനെയൊരു സംശയം തന്നെപ്പറ്റി സൂചിപ്പിച്ചു കണ്ടില്ല. 
'നടുവ് നിവർത്തി പദ്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കാൻ പറയും, തീർത്തു വയ്യാത്തവർക്കിരിക്കാൻ കസേര കൊടുക്കും; അങ്ങിനെ ശ്വ്വാസമെട് ഇങ്ങിനെ ശ്വാസമെടെന്നൊക്കെ പറയും.
ഇടക്കിടക്ക് ജീവിതത്തിലെ ശുദ്ധവൃത്തിയെപ്പറ്റിയോ ആത്മസാക്ഷാത്ക്കാരത്തേപ്പറ്റിയോ ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞാലായി. മിക്കവാറും സമയം സദസ്സിലും വേദിയിലുമുള്ളവരുടെയൊക്കെ കണ്ണുകളിലേക്കു തുറിച്ചു നോക്കി സ്വാമിജി ഇരിക്കും - ഒന്നും മിണ്ടാതെ. മഹാസ്വാമിയുടെ പൊതുദർശന വേളകളിലാകട്ടെ അദ്ദേഹം വളരെ വാചാലനാണു താനും.
സ്വാമി ആത്മാനന്ദ പൊരുത്തക്കേടുകളുള്ള കണ്ണികൾ ഒന്നൊന്നായി പുറത്തെടുത്തു വിശകലനം ചെയ്തു നോക്കി.
താൻ കേൾക്കാത്ത കാര്യങ്ങൾ കേട്ടെന്നു പലരും പറയുന്ന നിരവധി സന്ദർഭങ്ങൾ! ഇനി ആശ്രമവാസികളെല്ലാം ചേർന്നു തന്നെ ഒറ്റപ്പെടുത്തുകയാണോ? ആ വഴിയും സ്വാമി ആത്മാനന്ദ ചിന്തിച്ചു. 
എല്ലാറ്റിനും ഒരുത്തരമേ സ്വാമി ആത്മാനന്ദക്ക് ലഭിച്ചതുള്ളൂ - മഹാസ്വാമിയോടു തന്നെ ചോദിക്കുക.
ദർശനത്തിനു തിരക്കില്ലാതിരുന്ന ഒരു ദിവസം, അവസാനത്തെ ദർശകനായി സ്വാമി ആത്മാനന്ദ മഹാസ്വാമിയുടെ കുടീറിലേക്കു പ്രവേശിച്ചു - എല്ലാം തീരുമാനിച്ചുറച്ചതു പോലെ. 
എല്ലാവരും കാണിക്കുന്നതുപോലെ അദ്ദേഹവും മഹാസ്വാമിയുടെ പാദങ്ങളിൽ തൊട്ടു സാഷ്ടാംഗനമസ്കാരം നടത്തി, തുടർന്ന് അദ്ദേഹത്തിന്റെ മിഴികളിലേക്കു ദൈന്യതയോടെ നോക്കി അവിടിരുന്നു.
മഹാസ്വാമി, മുഖ്യ ശിക്ഷ്യനെന്ന പരിഗണനയൊന്നും കാണിച്ചില്ല. ആത്മാനന്ദസ്വാമി യാതൊന്നും ചോദിച്ചതുമില്ല, മഹാസ്വാമി യാതൊന്നും പറഞ്ഞതുമില്ല.
കുറേനേരം മഹാസ്വാമിയോടൊപ്പം അവിടിരുന്നിട്ട് ആത്മാനന്ദ സ്വാമി നന്ദി പറഞ്ഞു കുടീറിനു പുറത്തിറങ്ങി.
ഇപ്പോൾ അദ്ദേഹത്തിനൊരു സംശയം, താൻ ചോദിക്കാനിരുന്നതിനുള്ള എല്ലാ മറുപടികളെല്ലാം മഹാസ്വാമി പറഞ്ഞുവോയെന്ന്!
അന്നത്തെ സത്സംഗിനും പതിവു പോലെ മഹാസ്വാമി കാര്യമായൊന്നും പറഞ്ഞില്ല. 
ആ സത്സംഗിൽ ലയിച്ചിരുന്ന സ്വാമി ആത്മാനന്ദ, അന്നു പക്ഷേ, സുദീർഘമായ ഒരു പ്രഭാഷണം തന്നെ കേൾക്കുന്നുണ്ടായിരുന്നു.
മനുഷ്യർ കേൾക്കുമായിരുന്നത് തന്റെ ചിന്തകളായിരുന്നുവെന്നു സ്വാമിക്കാദ്യമായന്നു മനസ്സിലായി.

Saturday 16 January 2016

എന്റെ മിടാക്കി ചീച്ച

"ഹായ് ...എന്റെ മിടാക്കി ചീച്ച..."
ശ്രീലക്ഷ്മി റ്റീച്ചർ ഓടിവന്നു കെട്ടിപ്പിടിച്ചു. ആ കരവലയത്തിനുള്ളിൽ ജാനുവിന്റെ ശരീരം അപ്പാടെ അമർന്നു. മുറ്റത്തേക്കു ജാനു കയറിയതേ റ്റീച്ചർ അവളെ കണ്ടിരുന്നു. ഇത്രമേൽ സ്നേഹപ്രകടനത്തിനു കാരണമെന്തെന്നാണു ജാനു ചിന്തിച്ചത്. ജാനുവിനെ റ്റീച്ചർ അറിയുമോയെന്നു തന്നെ ജാനു സംശയിച്ചിരുന്നു. കൃത്യം പറഞ്ഞാൽ 23 വർഷങ്ങളായിരിക്കുന്നു റ്റീച്ചറെ കണ്ടിട്ട്. എൽ കെ ജി യുടെ പടിയിറങ്ങിയതിൽ പിന്നെ ജാനു റ്റീച്ചറെ കണ്ടിട്ടുണ്ടായിരുന്നില്ല. എങ്കിലും ജാനുവിനു ശ്രീലക്ഷ്മി റ്റീച്ചറെ ഒരിക്കലും മറക്കാനാവുമായിരുന്നില്ല. അന്നു മിടുക്കി കുട്ടിയെന്നു പറഞ്ഞ് 50 മാർക്കിട്ടു തന്നതും, ചെവിയിലണിയാൻ ഒരു മുത്തുക്കമ്മൽ സമ്മാനമായി തന്നതുമൊക്കെ ജാനുവിന് മറക്കാനാവുമായിരുന്നില്ല. എത്ര പേരുടെ മുന്നിൽ വെച്ചാണ്‌ അന്ന് റ്റീച്ചർ ജാനുവിന്റെ ചെവിയിലാ കമ്മലിട്ടു തന്നതെന്നു ജാനു ഓർത്തു. സ്കൂളിൽ സ്വർണ്ണക്കമ്മൽ ഇടാൻ അനുവാദമില്ലായിരുന്നു. ജാനുവിന്റെ മിനുങ്ങുന്ന ഞാത്തുകമ്മൽ അമ്മ ഊരി വെച്ച പഴുതിലാണ് ശ്രീലക്ഷ്മി റ്റീച്ചർ ഒരു പ്ലാസ്റ്റിക് മുത്തുക്കമ്മൽ ഇട്ടുകൊടുത്തത്. എല്ലാം ജാനുവിനോർമ്മയുണ്ടായിരുന്നു. പക്ഷെ, ഇന്ന് വന്നത് തന്നെ ആദ്യക്ഷരം പഠിപ്പിച്ച ശ്രീലക്ഷ്മി റ്റീച്ചറോടു നന്ദി പറയാൻ വേണ്ടിയായിരുന്നു. 
നാളെ ജാനു ജോലിക്കു കയറുകയാണ്. ജാനുവിനെ വലിച്ചു വീട്ടിനുള്ളിലേക്കു കൊണ്ടുപോകുന്നതിനിടയിൽ റ്റീച്ചർ ചോദിച്ചു,
"ജാനുക്കുട്ടിയല്ലേ?"
"അതേ ...ജാനുക്കുട്ടി തന്നെ."
"റ്റീച്ചറെന്താ എന്നെ വിളിച്ചെ?" ജാനു ചോദിച്ചു.
"ഓ ...ഞാൻ വിളിച്ചതോ? അതു മിടാക്കി ചീച്ചേന്നാ... എല്ലാം മറന്നു പോയോ?"
ജാനു നിന്ന നിൽപ്പിൽ നഴ്സറി സ്കൂളിന്റെയും എൽ കെ ജി യുടേയുമൊക്കെ ഉള്ളിലും പുറത്തുമെല്ലാം പരതി നോക്കി മിടാക്കി ചീച്ചയെ ഒരിടത്തും കണ്ടില്ല. ജാനുവിന് മനസ്സിലായില്ലെന്നറിഞ്ഞപ്പോൾ റ്റീച്ചർ പറഞ്ഞു തുടങ്ങി.
"ഇത്ര പെട്ടെന്നു മറന്നോ? അവസാന പരീക്ഷക്കു ബുക്കിലെന്തെങ്കിലും ഒരു വാചകം എഴുതി വെയ്ക്കാൻ പറഞ്ഞപ്പോൾ നീയെന്താ എഴുതി വെച്ചതെന്നറിയാമോ?" ജാനുവിന് അപ്പോഴും മനസ്സിലായില്ല റ്റീച്ചറെന്താണു പറയുന്നതെന്ന്.
"ഇല്ലാ!" ജാനു പറഞ്ഞു.
"നീ എഴുതി വെച്ചതാ, മിടാക്കി ചീച്ചേന്ന്." അപ്പോഴും ജാനുവിനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. 
"എന്താ എഴുതി വെച്ചതെന്ന് ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞതെന്നറിയാമോ? മിടുക്കി റ്റീച്ചറെന്നാ എഴുതിയതെന്ന്." റ്റീച്ചറെന്താ ഈ കഥ മാത്രം ഓർത്തിരിക്കുന്നതെന്നു ജാനു ചിന്തിച്ചു.
"ജാനു അന്നിങ്ങനെ എഴുതിയതു കൊണ്ടാ ഞാനിന്നൊരു പ്രൊഫസ്സറായത്. ബിഎ യും പഠിച്ച്,  ഒരു കല്യാണത്തിനുള്ള യോഗ്യതയുമായി ഞാനിരിക്കുംപോഴായിരുന്നു ജാനുവിന്റെ ഈ നിരീക്ഷണം. ഞാൻ തുടർന്നു പഠിച്ചതിന്റെ കാരണം മറ്റൊന്നല്ല."
ഇപ്പോഴാണ്‌ മിടാക്കി ചീച്ച യുടെ കഥ ജാനുവിന് മനസ്സിലായത്‌.
"നീ എങ്ങിനാ വീടു കണ്ടുപിടിച്ചത്? കല്യാണം ആയിരിക്കും എവിടാ പയ്യൻ? അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒന്നു രണ്ടു പേർ എന്നെ വിവാഹത്തിനു ക്ഷണിച്ചിരുന്നു. എന്റെ മിടാക്കി ചീച്ചയും ഓർത്തല്ലോ."
"കല്യാണമായില്ല; ഞാനാ മുത്തുക്കമ്മലിന്റെ കാര്യം പറയാനാണു വന്നത്." ശ്രീലക്ഷ്മി റ്റീച്ചർ, പക്ഷേ, മുത്തുക്കമ്മലിന്റെ കാര്യം ഓർക്കുന്നുണ്ടായിരുന്നില്ല. ശ്രീലക്ഷ്മി റ്റീച്ചറിന് മനസ്സിലായില്ലെന്ന് തോന്നിയപ്പോൾ അന്നത്തെ മുത്തുക്കമ്മലിന്റെ കഥ ജാനു ഓർമ്മിപ്പിച്ചു. 
"ഒരു മുത്തുക്കമ്മൽ ചെവിയിൽ കോർത്തിട്ടിട്ടു റ്റീച്ചർ പറഞ്ഞതോർമ്മയുണ്ടോ? ജാനു വല്യ ആളാവുമ്പോൾ ഇതു റ്റീച്ചറിനു തിരിച്ചു വേണം, ഇനിയും ജാനുമാരു വരുമെന്നൊക്കെ?" ശ്രീലക്ഷ്മി റ്റീച്ചർ അതൊന്നും ഓർക്കുന്നുണ്ടായിരുന്നില്ല. 
"ഞാനാ മുത്തുക്കമ്മൽ കൊണ്ടുവന്നിട്ട്ടുണ്ട്."  ജാനു വാനിറ്റി ബാഗ് തുറന്നു ചെറിയൊരു പൊതി കൈയ്യിലെടുത്തു. അത് തുറന്നപ്പോൾ നിറം മങ്ങിയ ഒരു മുത്തുക്കമ്മൽ അതിനുള്ളിലുണ്ടായിരുന്നു. ഒന്നൊന്നായി റ്റീച്ചർ മുത്തുക്കമ്മലിന്റെ കഥ ഓർമ്മയിൽ കൊണ്ടുവന്നു. ജാനു നീട്ടിയ മുത്തുക്കമ്മൽ വാങ്ങിക്കൊണ്ട് ശ്രീലക്ഷ്മി റ്റീച്ചർ ചോദിച്ചു.
"ആട്ടെ, നീ വലിയ ആളായോ?" 
"ഇല്ല, പക്ഷേ ആകും. ഇന്നലെ റിസൽട്ട്  പത്രത്തിൽ ഉണ്ടായിരുന്നു." ജാനു പറഞ്ഞു.
"എനിക്കറിയില്ല, പറ." റ്റീച്ചർ പറഞ്ഞു. 
"ഇന്നലത്തെ പത്രത്തിൽ ഫ്രണ്ട് പേജിൽ റിസൽട്ട് വന്നിരുന്നു." ജാനു പറഞ്ഞു. പത്രത്തിൽ നിന്ന് തന്നെ കാര്യം അറിയണമെന്നു റ്റീച്ചർക്കു തോന്നി. അകത്തു പോയി തലേന്നത്തെ പത്രവുമായി റ്റീച്ചർ വന്നു. ഫ്രണ്ട് പേജിൽ തന്നെ ജാനുവിന്റെ പടം റ്റീച്ചർകണ്ടു. അതിന്റെ  അടിക്കുറിപ്പ് വായിച്ചു റ്റീച്ചർ സ്തബ്ദയായി അവിടെത്തന്നെ നിന്നു പോയി. 'മലയാളി കുട്ടിക്ക് ഐ എ എസ് റാങ്കെ'ന്നു വെണ്ടക്കാ മുഴുപ്പിൽ അവിടെഴുതിയിട്ടുണ്ടായിരുന്നു.'
"ഒരു മുത്തുക്കമ്മലിനിത്ര ശക്തിയോ?" റ്റീച്ചർ ആരും കേൾക്കാതെ സ്വയം മന്ത്രിച്ചു.

Thursday 14 January 2016

ഉച്ചക്കഞ്ഞി

പെരിങ്ങുളത്താണ് ഞാൻ മിഡിൽ സ്കൂൾ വരെ പഠിച്ചത്. ഉച്ചയൂണിന് ചുമട്ടുതൊഴിലാളി ശങ്കരേട്ടന്റെ മകൻ ഭാസ്കരനുമൊത്താണ് ഞാൻ വീട്ടിലേയ്ക്ക് പോയിരുന്നത്. 
അവന്റെ വീട് കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടെ എനിക്ക് നടക്കണം. ഊണ് കഴിഞ്ഞ് തിരികെ വരുമ്പോൾ ങ്കരൻ എന്നെയും കാത്ത് അവന്റെ വീടിന്റെ മുന്നിലുള്ള പാറപ്പുറത്ത് കാണും. ഒരിക്കൽ അവന്റെ അനിയത്തി ജാനു വലിയവായിൽ കാറുന്നതും അവന്റെ അപ്പൻ ജാള്യതയോടെ അവളുടെ അടുത്തിരിക്കുന്നതും കണ്ടു.
"എന്താ കാര്യം?" ഞാൻ ചോദിച്ചു. 
അവൻ പറഞ്ഞ കഥ എൻറെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. 
ഇന്നും ആ ഓർമ എന്നെ മഥിക്കുന്നുണ്ട്. 
"അപ്പനുണ്ണാൻ വരുമ്പോൾ", അവൻ പറഞ്ഞു തുടങ്ങി, "ജാനു കാത്തിരിക്കും, അയാള് ബാക്കി വയ്ക്കുന്ന കഞ്ഞി കുടിക്കാൻ. വീട്ടിൽ അപ്പന് മാത്രമേ ഉച്ചക്കഞ്ഞിയുള്ളൂ. ഇന്ന് അപ്പൻ എന്തോ ഓർത്തിരുന്ന് കഞ്ഞി മുഴുവൻ കുടിച്ചു തീർന്നപ്പോഴാണ്‌ ജാനുവിനെ ഓർത്തത്. അവൾക്കു സഹിക്കാനായില്ല, കാറാനും തുടങ്ങി."
"അപ്പോൾ നീയോ, നീയെന്നും എന്റെകൂടെ ഉണ്ണാൻ വരുന്നുണ്ടല്ലോ?" ഞാൻ ചോദിച്ചു.
"ഓ, ഞാൻ വെറുതേ നിന്റെ കൂടെ നടക്കുന്നുവെന്നേയുള്ളൂ," അവൻ പറഞ്ഞു.  

ഒരു ജന്മം കൂടി

റോസി അക്ഷരാർത്ഥത്തിൽ തളർന്നു പോയി. സ്വന്തം മാതാപിതാക്കന്മാരുടെ മരണവാർത്ത വന്നപ്പോഴോ, ക്ലബ്ബിലെ പ്രസിഡന്റ് മൽസരത്തിൽ തോറ്റുപോയപ്പോഴോ കിട്ടിയതിനേക്കാൾ വലിയ ഒരു ഷോക്കായിരുന്നു ഈ വാർത്ത റോസിക്കു നൽകിയത്. ക്ലബ്ബിലെ തന്റെ ശത്രുക്കളെല്ലാം വാർത്ത ആഘോഷിക്കുകയാണെന്നു റോസിക്കുറപ്പായിരുന്നു. അവരെല്ലാവരും തന്നെ ഫോൺ ചെയ്തു കഴിഞ്ഞു - ആശ്വസിപ്പിക്കാനെന്ന വ്യാജേന. എങ്ങിനെയിനി മനുഷ്യന്റെ മുഖത്തു നോക്കും? ക്ലബ്ബിൽ പോകാതിരിക്കാമെന്നു വെയ്ക്കാം, പക്ഷെ, പള്ളി... പഠിപ്പിക്കുന്ന സ്ക്കൂൾ?
എങ്ങിനെ എന്റെ പപ്പനതു ചെയ്യാൻ തോന്നി? നാലുപേരു കൂടുന്നിടത്തു ചമ്മ്രം പടിഞ്ഞിരുന്നു വയലിനിൽ ഹരിവരാസനം പാടാൻ പപ്പനെങ്ങിനെ കഴിഞ്ഞു? വീണ്ടും മൊബൈൽ ശബ്ദിച്ചു; ഇനിയൊരാളുടെ ആശ്വാസ വാക്കുകൾ കൂടി കേൾക്കാനുള്ള ശേഷി റോസിക്കുണ്ടായിരുന്നില്ല. റോസി ഫോൺ ഷട്ട് ഡൗൺ ചെയ്തു.
കുട്ടികളുടെ സ്കൂളിൽ ആരെങ്കിലും പറഞ്ഞിത് അറിയാതിരിക്കില്ല; എങ്ങിനെയവർക്കവിടെ തുടരാൻ കഴിയും? റോസി ഓർത്തു നോക്കി.
തന്റെ ബന്ധുക്കളോടൂ ഞാനെന്തു പറയും? അയൽവാസികളോടു ഞാനെന്തു പറയും? പപ്പനെന്താണു പറ്റിയതെന്നു റോസിക്കറിയില്ലായിരുന്നു. റോസി മെല്ലെയെണീറ്റു ബെഡ്ഡ് റൂമിലേക്കു ചെന്നു ഭിത്തിയിലേക്കു നോക്കി. അവിടെ അലങ്കരിച്ചു വെച്ചിരുന്ന വയലിൻ കാണാനില്ല! അപ്പോൾ കേട്ടതു ശരിതന്നെ.
നെയ്യാർ ഡാമിന്റെ മുമ്പിലുള്ള പുൽത്തകടിയിലിരുന്നു പപ്പൻ വയലിനിൽ ഹരിവരാസനം വായിക്കുന്നത് ഷേർളി പീറ്ററാണത്രെ ആദ്യം കണ്ടത്. ഷേർളി പറഞ്ഞെന്നാണല്ലോ, ശാരുവും, മിനിയും, അല്ലിയും, ചിന്തുവുമൊക്കെ പറഞ്ഞത്.
'ഹെയ് അതു പപ്പനായിരുന്നില്ല, പപ്പനേപ്പോലെയുള്ള വേറൊരുവൻ ആയിരുന്നു' വെന്നു പറയാം. അതു ശരിയാവില്ലെന്നു റോസിക്കു തോന്നി.
അതു ഞാൻ തന്നെയായിരുന്നെന്നു പപ്പൻ എല്ലാവരോടൂം വിളിച്ചു പറഞ്ഞാലോ?
നേരം സന്ധ്യയായിക്കൊണ്ടിരുന്നു. കുട്ടികൾക്കു കൂടുതൽ ഹോം വർക്കു കൊടുത്തു പറഞ്ഞുവിട്ടു.
'പപ്പൻ വരും...താമസിയാതെ വരാണ്ടിരിക്കില്ല....ഇന്നു രണ്ടിലൊന്നറിയണം...' സ്വയം ഇങ്ങിനെ പറഞ്ഞുകൊണ്ടു റോസി മുറ്റത്തേക്കിറങ്ങി. പതിവു പോലെ ചെടികൾക്കു വെള്ളം നനച്ചുകൊണ്ട് ഒന്നിന്റെ ചുവട്ടിൽ നിന്നും മറ്റൊന്നിന്റെ ചുവട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നതു റോസി അറിയുന്നുണ്ടായിരുന്നില്ല.
എത്ര പ്രതീക്ഷയോടെയായിരുന്നു, പപ്പയും മമ്മിയും കൂടി തന്നെ പപ്പന്റെ കൈകളിലേൽപ്പിച്ചു കൊടുത്തത്. സെക്രട്ടറിയേറ്റിൽ ഗസറ്റഡ് ഓഫീസറായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരിയായി വന്ന തനിക്കും ഒരുപാടൊരുപാട് പ്രതീക്ഷകളുണ്ടായിരുന്നല്ലോയെന്നും റോസി ഓർത്തു. പപ്പൻ ഒരന്തർമുഖനാണെന്നു പതിയെ മനസ്സിലായി. അൽപ്പസ്വൽപ്പം മദ്യപിക്കുമെന്നും പിന്നീട് മനസ്സിലായി. തന്നോടും കുട്ടികളോടുമൊപ്പം സല്ലപിച്ചിരിക്കുന്നതും പപ്പനത്ര ഇഷ്ടമുണ്ടായിരുന്നില്ലല്ലോയെന്നും റോസി ഓർത്തു. പകൽ സ്കൂളിലും ഒഴിവു വേളകളിൽ ക്ലബ്ബിലുമൊക്കെയായി തിരക്കിൽ പെട്ടപ്പോൾ ഉള്ളിലെ നൊമ്പരങ്ങളൊക്കെ ഓർമ്മിക്കാതിരിക്കാൻ റോസിക്കു കഴിയുമായിരുന്നു. ഇറെസ്പോൺസിബിൾ ബിഹേവിയറിനു പപ്പനു സസ്പെൻഷൻ കിട്ടിയപ്പോൾ തനിക്കുണ്ടായ ഞെട്ടൽ എത്ര വലുതായിരുന്നെന്നു റോസി ഓർത്തു നോക്കി. മിനിയാന്നദ്ദേഹം സർവ്വീസിൽ നിന്നു റിസൈൻ ചെയ്തെന്നു കേട്ടതിനു ശേഷം പപ്പന്റെ മുഖത്തു പോലും നോക്കിയിട്ടില്ല; നോക്കാൻ റോസിക്കാവുമായിരുന്നില്ല. അത്രക്കു തകർന്നു പോയിരുന്നവൾ. ഇന്നലെയും ഇന്നും പുറത്തേക്കിറങ്ങിയിട്ടില്ല; ലീവ്!
മമ്മിക്കെന്താ സുഖമില്ലേയെന്നു കുട്ടികൾ ചോദിച്ചപ്പോൾ റോസി വിതുമ്പിപ്പോയി. സാരിത്തലം കൊണ്ടു മുഖം മറച്ചു, മറുപടിയൊന്നും പറയാതെ അടുക്കളയിലേക്കുക്കൾവലിയുകയായിരുന്നു റോസി.
ആകെ തകർന്നിരിക്കുമ്പോഴാണ് ഇതുകൂടി കേൾക്കുന്നത്. സമൂഹത്തിൽ നിലയും വിലയുമുള്ള തന്റെ ഭർത്താവ്, സഞ്ചാരികൾ മദിക്കുന്ന നെയ്യാർ ഡാമിന്റെ മുറ്റത്തൊരു തണലിലിരുന്ന് ഒരു തെരുവ് ഗായകനേപ്പോലെ വയലിൻ വായിക്കുകയെന്നു വെച്ചാൽ? കടുത്ത തലവേദന തോന്നിയപ്പോൾ റോസി സോഫായിൽ പോയി കിടന്നു. അൽപ്പം കഴിഞ്ഞപ്പോൾ, മുറ്റത്തെ മണൽ ഞെരിയുന്ന ശബ്ദം.
പപ്പന്റെ കാർ!
റോസി എണീറ്റു വാതിൽക്കലേക്കു നോക്കി നിന്നു. ആ നോട്ടത്തിന്റെ തീഷ്ണതയില്പെടുന്ന ആരും ഭസ്മമായിപ്പോകുമായിരുന്നു. പക്ഷെ, പപ്പനൊന്നും സംഭവിച്ചില്ല. എങ്കിലും, അവൾ ചിന്തിക്കുന്നതെല്ലാം പപ്പൻ കേൾക്കുന്നുണ്ടായിരുന്നിരിക്കണം.
പപ്പൻ പതിവുപോലെ മുറിയിലേക്കു പോയി. പതിവിനു വിരുദ്ധമായി,  ഭിത്തിയിൽ ഫ്രെയിം ചെയ്തിട്ടിരുന്ന ഹരിറാമിന്റെ ഫോട്ടൊയുമായി പുറത്തു വന്നു. അതു റോസിയെ കാണിച്ചു കൊണ്ട് പപ്പൻ പറഞ്ഞു.
"ഹരിറാമിന്നു ലോകം അറിയുന്ന വയലിനിസ്റ്റാണ്. ഞങ്ങളൊരുമിച്ചാണൂ മ്യുസിക് ക്ലബ്ബിൽ സംഗീതം പഠിച്ചുകൊണ്ടിരുന്നത്. എല്ലാ മൽസരങ്ങളിലും ഞാനായിരുന്നു മുമ്പിൽ. എനിക്കതു തുടരാൻ കഴിഞ്ഞില്ല. പപ്പായുടേയും മമ്മിയുടേയും ആഗ്രഹം മറ്റൊന്നായിരുന്നു. അവരുടെ കടുത്ത സമ്മർദ്ദത്തിനു ഞാൻ വഴങ്ങി. അങ്ങിനെ എന്റെ വയലിൻ ഞാൻ ഭിത്തിയിൽ തൂക്കി. ഞാൻ നല്ലൊരോഫീസറാവാൻ ശ്രമിച്ചു. പക്ഷെ, എനിക്കതിനു കഴിഞ്ഞില്ല; നല്ലൊരു ഭർത്താവാകാനും കൊതിച്ചു, എനിക്കതിനും കഴിഞ്ഞില്ല. നീ അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും, എന്നും ഞാനീ വയലിൻ തുടച്ചു വൃത്തിയാക്കുമായിരുന്നു. അതിന്റെ ഞരമ്പുകളൂടേ ശ്രുതിയും ശരിയാക്കി വെയ്ക്കുമായിരുന്നു. ബോ ഞാൻ കയ്യിലെടുക്കുമായിരുന്നില്ലെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹരിവരാസനം പാടുമ്പോൾ അതെതിലേകൂടെയൊക്കെ പോകുമായിരുന്നെന്ന് എനിക്കു നിശ്ചയമായിരുന്നു. ഇന്നെനിക്കു സമാധാനമായി. എന്നിലെ സംഗീതജ്ഞൻ തളർന്നിട്ടില്ലെന്നെനിക്കുറപ്പായി. ഒരു നോട്ട് പോലും പിഴച്ചില്ല. നാളെ മുതൽ ഞാൻ ജീവിക്കാൻ തുടങ്ങുകയായി. ഹരി റാമിന്റെ  ട്രൂപ്പിൽ ഇനി മേൽ ഞാനുമുണ്ടാവും. ഞാൻ ജീവിക്കും. എനിക്കൊപ്പം നീയുമുണ്ടാവും, നമ്മുടെ മക്കളുമുണ്ടാവും." പപ്പൻ പറഞ്ഞു നിർത്തി.
റോസി സ്തബ്ദയായി എല്ലാം കേട്ട് അവിടെത്തന്നെ നിന്നതേയുള്ളു. ഇപ്പോൾ ആ കണ്ണുകളിൽ നിന്നു പകയുടെ ജ്വാലകളായിരുന്നില്ല പകരം സന്തോഷത്തിന്റെ അലകളായിരുന്നു ചുറ്റും ചിതറിക്കൊണ്ടിരുന്നത്.
അവളുടെ മനസ്സിൽ, കരഘോഷം ഏറ്റുവാങ്ങുന്ന തോമസ് സെബാസ്റ്റ്യൻ എന്ന അതുല്യ പ്രതിഭയുടെ ചിത്രമായിരുന്നപ്പോൾ!
ഹൃദയം കൊണ്ടു സംഗീതം കൊരുക്കുന്ന ഒരു മനുഷ്യനെ ആദ്യം കാണുകയായിരുന്നവളപ്പോൾ. 

Tuesday 12 January 2016

സമൃദ്ധിയുടെ രഹസ്യം

'ണിം ണിം....' പോർച്ചിലെ മണി കിണുങ്ങി. അന്നിതു നാലാം തവണയാണ്. അല്ലെങ്കിലും ഞായറാഴ്ചകളിൽ പിച്ചക്കാരുടെയും പിരിവുകാരുടേയും എണ്ണം കൂടും; അന്നെല്ലാ ഗേറ്റുകളും തുറന്നിരിക്കുന്ന ദിവസമാണല്ലൊയെന്നയാളോർത്തു. സണ്ണി രണ്ടു രൂപയുടെ ഒരു തുട്ടും എടുത്തുകൊണ്ടാണു കതകു തുറന്നതുതന്നെ. അതൊരു പിച്ചക്കാരനാണെന്നു കണ്ടതേ, ആറു വയസ്സുള്ള കൊച്ചുമോൻ ഓടിവന്നു കൈയ്യിൽ പിടികൂടി. 
"സണ്ണിപ്പപ്പാ ഞാൻ കൊടുക്കാം." പറഞ്ഞു തീരുന്നതിനു മുമ്പേ അവൻ നാണയവും പിടിച്ചുവാങ്ങി പോർച്ചിലേക്കു കുതിച്ചു. ആ അപ്പൂപ്പന്റെ മുഖത്തെ ദൈന്യതയുടെ ആഴം കൂടിയിരുന്നതു കൊണ്ടാണോ ആവോ, അവനാ വൃദ്ധന്റെ വേഷവും ഭാവവുമെല്ലാം ശ്രദ്ധിച്ചവിടെ തന്നെ നിന്നൽപ്പനേരം. കുട്ടിയുടെ മുഖത്തേക്കു നോക്കി പല്ലില്ലാത്ത മോണ മുഴുവൻ കാട്ടി പുഞ്ചിരിച്ചിട്ട്, ആ വൃദ്ധൻ നടയിറങ്ങിപ്പോവുകയും ചെയ്തു.
"പാവം...! ആരുമില്ലാരിക്കും!" അവൻ ആത്മഗതം പോലെ പറഞ്ഞു.
സണ്ണി അവനെ പിടിച്ചു കൊണ്ടു പോയി അയാളുടെയടുത്തു സോഫായിൽ ഇരുത്തി. രാവിലത്തെ കുർബ്ബാനയും കൂടി, കാപ്പികുടിയും കഴിഞ്ഞു പത്രം വായനയും കഴിഞ്ഞ സമയം. ഇതു തന്നെ തരമെന്നു കരുതി മോനെ അരികിൽ ചേർത്തു പിടിച്ചു കൊണ്ട് പ്രൊഫസ്സർ (ഡോ.) സണ്ണി മൈക്കിൾ പറഞ്ഞു തുടങ്ങി, ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടേയും രഹസ്യം.
"ചിലമനുഷ്യരുണ്ട്, സദാ എനിക്കില്ലേയില്ലേന്നു വിലപിക്കുന്നവർ, അവർക്കെന്നും ദാരിദ്ര്യം മാത്രമായിരിക്കും ഫലം. ചിലരാകട്ടെ പ്രപഞ്ചത്തിലെ ധാരാളിത്ത്വം മാത്രം കാണുന്നവരായിരിക്കും. അവർ ധാരാളിത്തത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്യും. ആകാശത്തുള്ള നക്ഷത്രങ്ങൾ നമുക്കെണ്ണിത്തീർക്കാൻ കഴിയുമോ? സമുദ്രത്തിലെ വെള്ളവും ആകാശത്തിലെ പ്രാണവായുവും നമുക്കളന്നു തീർക്കാനും കഴിയില്ല. ദൈവം നമുക്കെല്ലാം സമൃദ്ധമായി തരുന്നു. ദൈവം തരുന്ന ഈ സമൃദ്ധി കാണാത്തവൻ ദാരിദ്ര്യത്തിൽ കഴിയുന്നു." പറഞ്ഞു തീർന്നപ്പോൾ സണ്ണിക്കു വളരെ സന്തോഷം തോന്നി. ജീവിതവിജയത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വലിപ്പം മോനായിരിക്കുന്നു; ഇന്നിതാ അവൻ ഒരു പുതിയ രഹസ്യം അറിയാനുള്ള അവസരവുമൊരുക്കി തന്നിരിക്കുന്നു. അങ്ങനെയാണു സണ്ണി ചിന്തിച്ചത്.
"അപ്പോ...സണ്ണിപ്പപ്പാ, ഈ ബോധം നമുക്കുണ്ടായിരുന്നെങ്കിൽ നമ്മൾ ഒത്തിരി റൂപാ കൊടിക്കില്ലായിരുന്നോ ആ അപ്പാപ്പന്?" മോന്റെ ചോദ്യം കേട്ടു സണ്ണിയൊന്നു ഞെട്ടി. വളരെ പക്വത വന്നവരിൽനിന്നു പോലും ഇത്തരം ഒരു ചോദ്യം വന്നിട്ടില്ല. താനെത്രയോ പേഴ്സണാലിറ്റി ഡെവെലപ്മെന്റ് ക്ലാസ്സുകൾ എടുത്തിരിക്കുന്നു. ഈ ചോദ്യത്തിനും മറുപടി പറഞ്ഞുകളയാം എന്നു സണ്ണി കരുതി. അയാൾ തുടർന്നു,
"നാം എത്ര കൊടുത്താലും അവരതു കളയും, അവരെന്നും പിച്ചക്കാരായിരിക്കും. തെണ്ടണം തെണ്ടണം എന്ന ചിന്തയേ അവർക്കു കാണൂ. അത്തരക്കാരെ നമ്മൾ എന്തെങ്കിലും കൊടുത്തൊഴിവാക്കുക." സണ്ണി പറഞ്ഞു നിർത്തി.
"ഒഴിവാക്കാനാണോ നമ്മൾ നേർച്ചയിടുന്നത്?" അവന്റെ മുനയുള്ള ചോദ്യത്തിനു തക്ക മറുപടി സണ്ണിയുടെ കൈവശം ഉണ്ടായിരുന്നില്ല. ഒന്നു പുഞ്ചിരിച്ചിട്ടു സണ്ണി തുടർന്നു,
"എപ്പോഴും സമ്പന്നനാകാൻ ആഗ്രഹിക്കുന്നവർ സ്വന്തം സമ്പത്തു പങ്കു വെക്കണം. നാം നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കു വെയ്ക്കുമ്പോൾ നമുക്കു ദൈവം തരും. അപ്പോൾ നേർച്ച കൊടുക്കാതിരിക്കാമോ?" ഇല്ലായെന്ന  അർത്ഥത്തിൽ അവൻ തലയാട്ടി. 
"പങ്കു വെക്കലാകണമെങ്കിൽ നാമെന്തോരം കൊടുക്കണം?" അവൻ ചോദിച്ചു. 
"എത്ര കൊടുക്കുന്നോ അത്രയും കൂടുതൽ ദൈവം നമുക്കും തരും." ഒരു വലിയ തത്ത്വത്തിന്റെ അടിത്തറയിട്ട സന്തോഷത്തിലായിരുന്നു സണ്ണി.
ഞായറാഴ്ചകൾ ഒന്നൊന്നായി സണ്ണിയുടെ ജീവിതത്തിലേക്കു വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. 
അത്തരമൊരു സധാരണ ഞായറാഴ്ച്ചയാണു സണ്ണി ഭാര്യയേയും കുട്ടികളേയും കൂട്ടി ഒരു സിനിമാക്കിറങ്ങിയത്. കാർ ഗ്രൌണ്ടിൽ പാർക്കു ചെയ്തിറങ്ങി ടിക്കറ്റ് കൗണ്ടറിന്റെ അടുത്തു ചെന്നപ്പോളാണ് മോൻ ഒപ്പമില്ലെന്നറിഞ്ഞത്. അയാൾ തിരിഞ്ഞു നടന്നു, കാറിന്റെയടുത്തേക്ക്. ദൂരെ നിന്നേ അയാൾ മോനേ കണ്ടു; ഗ്രൗണ്ടിലെ തണൽമരത്തറയിലേക്കു നോക്കി അവൻ നിൽക്കുന്നു. അടുത്തു ചെന്നപ്പോൾ അയാളൊരു കാഴ്ച്ച കണ്ടു - ഒരമ്മാമ്മ ചോറുണ്ണുന്നു. അവരുടെ ചോറും പൊതിയിലേക്കു കണ്ണും നട്ട് ഒരു പൂച്ച തൊട്ടടുത്തിരുപ്പുണ്ടായിരുന്നു; താഴെ ഒരു നാടൻ നായയുമുണ്ടായിരുന്നു. ആ വൃദ്ധ  ഒരുരുള പൂച്ചക്കും, ഒരുരുള പട്ടിക്കും കൊടുത്തു, അടുത്ത ഉരുള അവരും കഴിച്ചു. മോനൊടൊപ്പം  അയാളും ആ കാഴ്ച്ച കുറേ നേരം നോക്കിയിരുന്നു. ആ പിച്ചക്കാരി അവരെ ശ്രദ്ധിക്കുന്നതേയുണ്ടായിരുന്നില്ല.
പതിയെ മോന്റെ കൈ പിടിച്ചു തീയേറ്ററിലേക്കു നടക്കുമ്പോൾ അയാൾക്കൊരു  പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ - നമ്മൾ പങ്കുവെയ്ക്കുന്നതിലും കൂടുതൽ ഈ അമ്മൂമ്മ പങ്കു വെയ്ക്കുന്നുണ്ടല്ലോ, പിന്നെന്താ ഈ അമ്മൂമ്മക്കു ബംഗ്ലാവും കാറുമൊന്നുമുണ്ടാകാത്തതെന്നു മോൻ ചോദിക്കരുതേയെന്നു മാത്രം. അങ്ങിനെയൊരു ചോദ്യത്തിനു കൃത്യമായ ഒരു മറുപടി പ്രൊഫ (ഡോ.) സണ്ണി മൈക്കിളിന്റെ പക്കൽ ഉണ്ടായിരുന്നില്ല. കാറിനേക്കാളും ബംഗ്ലാവിനെക്കാളുമൊക്കെ ഒത്തിരിയൊത്തിരി വിലപ്പെട്ടതാണ്‌, മുഴുവൻ പങ്കു വെയ്ക്കുമ്പോഴും ആർഭാടങ്ങൾ ഇശ്ചിക്കാത്ത സാധുക്കൾക്ക് വേണ്ടി ദൈവം മാറ്റിവെച്ചിരിക്കുന്ന സംതൃപ്തിയെന്നു പറഞ്ഞാൽ, അത് മനസ്സിലാകുന്ന പ്രായമായിരുന്നില്ലവനെന്ന് അയാൾക്കു നന്നായറിയാമായിരുന്നു. 

Sunday 10 January 2016

കൈവിട്ടുപോയ റോബെര്ടോ

പരശുറാം എക്സ്പ്രസ്സ്, പരശുരാമന്റെ മഴുവിനേക്കാൾ വേഗത്തിൽ പാളങ്ങളിലൂടെ തെന്നിയൊഴുകിക്കൊണ്ടിരുന്നു. തിരക്കിനിടയിലൂടെയും പുറത്തു മരങ്ങളും കെട്ടിടങ്ങളുമെല്ലാം പിന്നോട്ടു മാറി വഴി തരുന്നതു ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു. ട്രെയിനിന്റെ വേഗത പതിയെ കുറയുന്നതും ഏതോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്കു വണ്ടി പതിയെ പ്രവേശിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. കുറെയേറേ യാത്രക്കാർ അവിടെയിറങ്ങി. ഭാഗ്യത്തിന് എനിക്കൊരു സീറ്റ് കിട്ടി. മദ്ധ്യവസ്കരായ ദമ്പതികളായിരുന്നു ഒരു വശത്ത്. അവരുടെ മുഖം കണ്ടാൽ അവരേതോ വലിയ ചിന്തയിലാണെന്നു മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
"നിങ്ങളെന്താ ഒന്നും മിണ്ടാതിരുന്നെ, അവരെ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തു കൂടായിരുന്നോ?" സ്ത്രീ ചോദിച്ചു. പക്ഷേ, അതിനയാൾ  മറുപടിയൊന്നും പറഞ്ഞില്ല. പുറത്തേക്ക് തുറിച്ചുനോക്കി അങ്ങിനെതന്നെ അവിടെയിരുന്നതേയുള്ളൂ. ആ ചോദ്യം ആ മദ്ധ്യവയസ്കനേക്കാൾ കൂടുതൽ ചിന്തിപ്പിച്ചത് എന്നെയായിരുന്നുവന്നു തോന്നുന്നു. ഔചിത്യബോധം കണക്കിലെടുക്കാതെ തന്നെ, 'ഒന്നും പറയാനാവത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല' എന്ന് ആ സ്ത്രീയോടു വിളിച്ചു പറയണമെന്നു എനിക്കു തോന്നിയതാണ്.

അപ്പോഴാണ് കമ്പാർട്ട്മെന്റിലൂടെ ഒരു വൃദ്ധൻ ഒഴിവുള്ള സീറ്റ് തേടി വരുന്നതു ഞാൻ ശ്രദ്ധിച്ചത്; ഞാനെണീറ്റ് ആ വൃദ്ധനെ ഇരുത്തി. വീണ്ടും ഞാൻ കണ്ണൂർക്കൂള്ള കൊളുത്തിൽ മുറുകെ പിടിച്ചുനിന്നു. എന്താണവരുടെ പ്രശ്നമെന്നു കേൾക്കാൻ എനിക്കു കഴിഞ്ഞില്ല. പകരം, പണ്ടുപണ്ടൊരിക്കൽ എനിക്ക് നേരിട്ട കഷ്ടസ്ഥിതിയെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തുപോയത്‌.

1971. അന്നത്തെ ബോംബെയിൽ അന്ധേരിയിലുള്ള ഒരു സ്കൂളിൽ അസിസ്റ്റന്റ് വാർഡൻ-കം-റ്റീച്ചർ ആണ് ഞാൻ. The Haven ഒരു സാധാരണ സ്കൂളല്ല - ബുദ്ധിമാന്ദ്യവും മാനസ്സിക ദൌർബല്യങ്ങളും അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിച്ചു പഠിപ്പിക്കുന്ന സ്കൂൾ. പത്ത് വയസ് മുതൽ ഇരുപത് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അൻപതോളം പേർ. അവരുടെ കഴിവനുസരിച്ച് അല്പം ഭാഷയും സാധാരണ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ പോരുന്ന വഴികളും കുട്ടികൾക്ക് സ്വായത്തമാക്കുക എന്നത് ഓരോ അദ്ധ്യാപന്റെയും അദ്ധ്യാപികയുടെയും ഉത്തരവാദിത്വത്തിൽ പെട്ടിരുന്നു.

ഒരിക്കൽ എനിക്കൊരാശയം തോന്നി. അല്പം പ്രായമായ ഓരോ കുട്ടിയുമായി ടൌണിൽ ഒന്ന് കറങ്ങാൻ പോയാലോ? പട്ടണമൊക്കെ ഒന്ന് കാണിക്കാം, ബസിലും ട്രെയിനിലും അല്പം യാത്രയാകാം, എന്തെങ്കിലും വാങ്ങിക്കൊടുക്കാം. പ്രിൻസിപ്പലായിരുന്ന ബാണ്ട്രക്കാരൻ തെയോ മോണിസിന്റെ അനുമതിയോടെ ഗോവാക്കാരൻ റോബെര്ടോ റിബല്ലോ എന്ന 18 വയസ്സുകാരനുമായി ആദ്യം മഹാകാളി റോഡിൽനിന്ന് ബസിലും അന്ധേരിയിൽ നിന്ന് ദാദറിന് ട്രെയ്നിലും പോയിട്ട് മടങ്ങാനായിരുന്നു ഞാൻ പ്ലാനിട്ടത്‌.
ഓരോ കാര്യങ്ങൾ കാണിച്ചും പറഞ്ഞും ഞങ്ങൾ ചർച്ഗെയ്റ്റിനു പോകുന്ന ലോക്കൽ ട്രെയ്നിൽ കയറി. ഇരിക്കാനിടമില്ല. തിക്കും തിരക്കും ബോംബെയിലെ ലോക്കൽ ട്രെയ്നിൽ നിത്യശാപമാണല്ലോ. വിലെപാർലെ, കുർള, സാന്റക്രുസ്, മാട്ടുംഗ .... പിന്നിലായി. ദാദർ എത്തിയപ്പോൾ നമുക്കിവിടെ ഇറങ്ങണം, പെട്ടെന്നാവട്ടെ എന്ന് പറഞ്ഞ് ഞാനിറങ്ങി. ചുറ്റും നോക്കിയിട്ട് തൊട്ടു പുറകിൽ ഉണ്ടായിരുന്ന റോബെര്ടോയെ കാണുന്നില്ല. വീണ്ടും അകത്തേയ്ക്ക് നോക്കാൻ കഴിയും മുമ്പ് ട്രെയിൻ വിട്ടു. പ്ലാറ്റ്ഫോമിലെങ്ങും പയ്യനില്ല!

ഞാനനുഭവിച്ച വെപ്രാളത്തിന് അതിരുണ്ടോ. ഒരു മഹാ ജനപ്രവാഹത്തിലെയ്ക്ക് കൈവിട്ടുപോയ കുട്ടിയെ എവിടെ തെരക്കാൻ? അടുത്ത വണ്ടിക്കു ഞാൻ ചർച്ഗെയ്റ്റ് വരെ ചെന്ന് നോക്കി. സ്കൂളിലേയ്ക്ക് വിളിച്ചുപറഞ്ഞു. പോലീസിൽ അറിയിച്ചു. സഹായത്തിനായി ഓടിയെത്തിയ രണ്ട് സഹപ്രവർത്തകരും ഞാനും നാലഞ്ചു മണിക്കൂർ ബോറിവിലിതൊട്ട് ചർച്ഗെയ്റ്റ് വരെയുള്ള ഓരോ സ്റ്സ്റെഷനിലും ഇറങ്ങി തിരക്കിനടന്നു. റോബെര്ടോയെ കണ്ടുകിട്ടിയില്ല.

നാല് ദിവസങ്ങൾ കടന്നുപോയി. അതിനിടെ പത്രത്തിൽ വാർത്തയിട്ടു. ഗോവയിൽ നിന്ന് അവന്റെ അമ്മയെ വിളിച്ചുവരുത്തി. ഉറക്കമേയില്ല. അഞ്ചാം ദിവസം ഒരു ഫോണ്‍ വരുന്നു, ഞങ്ങൾ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉള്ള ഒരു പയ്യൻ ഒരിടത്ത് ഇരിക്കുന്നതായി കണ്ട ഒരു സ്ത്രീയുടേത്. അഴുക്കുപുരണ്ട വസ്ത്രവുമായി വളരെ ക്ഷീണിതനായിക്കഴിഞ്ഞിരുന്ന കുട്ടിയെ ഞങ്ങൾ കണ്ടെത്തി.

എന്റെ പുറകെ ഇറങ്ങാൻ തുടങ്ങിയ പയ്യന്റെ കാലിൽ ചവുട്ടി ഒരാൾ അവനെ തടയുകയും അവൻറെ കൈവശം ഞാനേല്പിച്ചിരുന്ന ചെറിയ സഞ്ചി റാഞ്ചിയെടുക്കുകയുമായിരുന്നു. തനിച്ചായിപ്പോയ അവൻ അതേ വണ്ടിയിൽ ബോറിവിലിക്കും ചർച്ഗെയ്റ്റിനുമിടക്ക് പലതവണ സഞ്ചരിച്ചിട്ട്‌, വണ്ടി നിശ്ചലമായപ്പോൾ ഇറങ്ങി പട്ടണത്തിൽ അലയുകയായിരുന്നു.

മറക്കാനാവാത്ത ഒരു ദാരുണസംഭവമായി ഇത് മനസ്സിൽ കിടക്കുമ്പോഴും, കുട്ടികളെ സ്നേഹിച്ചിരുന്ന ഒരദ്ധ്യാപനായിരുന്നു ഞാനെന്ന് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാകാം, സ്കൂളിന്റെ അധികൃതരോ കുട്ടിയുടെ അമ്മയോ എന്നെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്തിയില്ല എന്നത് നന്ദിയോടെ ഓർക്കുന്നു. ഏതു സാഹചര്യത്തിലും ആരെയും സമാശ്വസിപ്പിക്കാൻ തുനിഞ്ഞിരുന്ന ഞാൻ, അന്നു മുതലാണ് ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത ഒരു വികാരഷണ്ഡനായി മാറിയത്. ആ ദിവസങ്ങളിൽ ആർക്കും എന്നെ ആശ്വസിപ്പിക്കാൻ ആവുമായിരുന്നില്ലല്ലോ.

ട്രെയിനിന്റെ കടകടാ ശബ്ദത്തിനിടയിലൂടെ ആ മദ്ധ്യവയസ്കരുടെ മുഖത്തേക്ക് നോക്കി ഞാൻ സ്വയം മന്ത്രിച്ചു, 'സാരമില്ലെന്നു പറയാൻ എന്തെളുപ്പം'!