"കോട്ടയംക്കാരുടെ 'ട്ട' ആരേലും പൊട്ടിക്കും. മാന്യമായിട്ടൊരുത്തൻ ആത്മഹത്യ ചെയ്യാമെന്നു വെച്ചാൽ അതും സമ്മതിക്കുവേല." സുകു ആരോടെന്നില്ലാതെ ആക്രോശിക്കുന്നു. ഹോസ്റ്റലിലെ റീഡിംഗ് റൂമാണെന്നൊ വാർഡനച്ചൻ ഓടി വരുമെന്നോയൊന്നും ഓർക്കാതെ സുകുവെന്താ ഇത്ര ചൂടാകുന്നതെന്നറിയാൻ, അടുത്തിരുന്ന ഞാൻ സുകു വായിക്കുന്ന വാർത്തയിലേക്കു കണ്ണു നീട്ടി നോക്കി.
തലക്കെട്ടു സുകു എന്നെ തൊട്ടു കാണിച്ചു - 'കുളത്തിൽ മൃതദേഹം'. ഞാനാ പത്രം വാങ്ങി ആ വാർത്ത മുഴുവൻ വായിച്ചു. അടി മുതൽ മുകൾ വരെ പടവുകളുള്ള പഞ്ചായത്തു കുളത്തിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നു സംശയിക്കുന്നുവെന്നും പത്രം എഴുതിയിരുന്നു.
"ഇതിലെന്താ ഇത്ര ചൂടാവാൻ?" ഞാൻ സുകുവിനോടു ചോദിച്ചു.
"എടോ, മാന്യമായി നിശ്ചയിച്ചുറച്ചു മരിക്കാൻ പോവുന്നവൻ, ഒരിക്കലും പടവുകളിൽ പിടിച്ചു കരക്കു കയറാൻ നോക്കില്ല. അവൻ കണ്ണുകൾ പോലും തുറക്കില്ല. ഞങ്ങൾ മലബാറുകാരെ നോക്ക്. മരണം ഞങ്ങൾക്കു പുല്ലാണ്." സുകു പറഞ്ഞു നിർത്തി.
അയാൾ കിതക്കുന്നുണ്ടോയെന്നെനിക്കു സംശയം തോന്നി.
"അതിനു പത്രക്കാരെന്തു പിഴച്ചു? ലേഖകർ കൊടുക്കുന്നതല്ലേ അവരിടൂ?" ഞാൻ ചോദിച്ചു.
"എന്നോടു മിണ്ടരുത്. നിങ്ങൾ കോട്ടയം പത്രക്കാർ ആർഷ ഭാരത സംസ്കാരത്തെ ചുരുക്കി 'ആഭാസം' എന്നെഴുതിയവരല്ലെ?" സുകു ശരിക്കും അരിശത്തിലാണെന്നാർക്കും മനസ്സിലാകുമായിരുന്നു ആ ആക്രോശം കണ്ടാൽ. എങ്കിലും ഇത്ര ചൂടാകാൻ ഇതിലെന്തിരിക്കുന്നുവെന്നു തന്നെയാണു ഞാൻ ചിന്തിച്ചത്.
പിറ്റെന്നു ഞാൻ ഹോസ്റ്റലിൽ നിന്നു കോളേജിലേക്കു നടന്നപ്പോൾ സുകുവും ഒപ്പംകൂടി.
"ആത്മഹത്യ ചെയ്യുന്നതു മരിക്കാനും ജീവിക്കാനും ഭയമില്ലാത്ത മനുഷ്യരാ. അവർ കൊല്ലപ്പെട്ടതാണെന്നു സംശയിക്കുമ്പോൾ ആ ആത്മാക്കൾക്കു മനസമാധാനം കിട്ടുമോ" സുകു ചോദിച്ചു.
'ശ്ശെടാ പുകിലേ, മനസമാധാനം ഉള്ളവരാണോ ആത്മഹത്യ ചെയ്യുന്നത്?' എന്നു ചോദിക്കാൻ എനിക്കു തോന്നിയെങ്കിലും ചോദിച്ചില്ല. ഏതായാലും ആത്മഹത്യ ചെയ്യുവാൻ മാത്രമുള്ള മനസമാധാനം സുകുവിനില്ലെന്ന് എനിക്കുറപ്പായിരുന്നു.
റൂമിനുള്ളിലായിരിക്കുന്ന സമയത്തൊന്നും സുകു ഇത്ര ചൂടായി ഞാൻ കണ്ടിട്ടില്ല; സഹമുറിയനായ എന്നോടു മുഖംവാട്ടി യാതൊന്നും സുകു പറയാറുമുണ്ടായിരുന്നില്ല.
സുകുവിനിന്നെന്തു പറ്റിയെന്നു തന്നെ ഞാൻ ചിന്തിച്ചു.
പണ്ടൊരിക്കൽ മെസ്സ് ഹാളിൽ ഇരുന്നപ്പോൾ സുകു എന്നോടു ചൊദിച്ചതു ഞാനോർക്കുന്നു.
"ഈ ശ്രീകൃഷ്ണൻ കൗരവരുടെ കൂടെ കൂടാനാണു തീരുമാനിച്ചതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?"
'നിനക്കു വട്ടാണല്ലേ?' യെന്നു ചോദിക്കാൻ അന്നു ഞാൻ തുടങ്ങിയതാ. അപ്പോഴാ മനസ്സിലേക്കു കർത്താവീശോമിശിഹാ കടന്നു വന്നത്.
പീലാത്തോസിന്റെ അരമനയിൽ വെച്ച്, 'ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം' എന്നേശു പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു കഥയെന്നു ഞാനോർത്തു.
യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്തിരുന്നില്ലെങ്കിലെന്നും ഞാനോർത്തു.
അവസാനം, ആദം ഹവ്വായോടു വിലക്കപ്പെട്ട പഴം വാങ്ങിച്ചിരുന്നില്ലെങ്കിൽ എന്നും ഞാനോർത്തു. വയറ്റിൽ സുഖമില്ലെന്നു പറഞ്ഞ് ആദാമിനൊഴിയാമായിരുന്നതേയുണ്ടായിരുന്നുള്ളല്ലോ.
ഇതാ ഇന്നു വീണ്ടും സുകു വന്നിരിക്കുന്നു.
ഞാൻ ഇംഗ്ലീഷിന്റെ ടെക്സ് ബുക്കെടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ അയാൾ അടുത്തു വന്നു ചെവിയിൽ ചോദിച്ചു.
"എടോ, ഈ ഷേക്സ്പിയർ, ഷേക്സ്പിയറിനോളം വലിപ്പമുള്ള ഒരു സാഹിത്യകാരനായിരുന്നെങ്കിൽ മാക്ബത്തിനെ ഇങ്ങിനെ അപമാനിക്കുമായിരുന്നോ?"
ഞാൻ ഒരുത്തരം പോലും പറയാനാവാതെ വിഷമിച്ചു പോയി.
എനിക്കു വട്ടാണോയെന്നാദ്യം ഞാൻ സംശയിച്ചതും അന്നായിരുന്നു.
No comments:
Post a Comment