പഠനം ഒരു വഴിയായപ്പോൾ ഒരു ജോലി വേണമെന്നായി; തരക്കേടില്ലാത്ത ജോലി കിട്ടിയപ്പോൾ അതിനു ചേർന്നൊരു പെണ്ണിനെ വേണമെന്നായി; അതുമായി, മക്കളുമായപ്പോൾ എല്ലാത്തിനും ചേർന്നൊരു വീടു വേണമെന്നായി.
ഒരു വർഷത്തോളം വഴിനീളെയുള്ള കെട്ടിടങ്ങളിലായിരുന്നു എന്റെ ശ്രദ്ധ!
ഒരു വർഷത്തോളം വഴിനീളെയുള്ള കെട്ടിടങ്ങളിലായിരുന്നു എന്റെ ശ്രദ്ധ!
വേണ്ടതൊക്കെ പറഞ്ഞു; എങ്കിലും, പ്ലാൻ വന്നപ്പോൾ ഉദ്ദേശിച്ചതുപോലെയൊന്നുമായിരുന്നില്ല വീട്.
ഉള്ള കാശും വേണ്ട സൌകര്യവും ഒന്നു ചേരുമ്പോൾ ഇങ്ങിനെയൊക്കെയെ വീടിരിക്കൂവെന്ന് എഞ്ചിനീയർ പറഞ്ഞു. മിസ്സിസ്സും മറുത്തൊന്നും പറഞ്ഞില്ല; അങ്ങിനെ ഒരു വീടെനിക്കുണ്ടായി.
എന്റെ ഇശ്ചക്കൊത്തു ചെയ്യാൻ ഞാനവിടെ ഒരു കാര്യം കണ്ടു വെച്ചിരുന്നു - ആരോടും മിണ്ടാതെ.
വഴിയിൽ നിന്ന് കേറിവരുന്ന ഗേറ്റിന്റെ ഇരുവശത്തും രണ്ടു കോമാടൻ തെങ്ങും തൈകൾ നടുക!
അവ നിറയെ കായിച്ചു വിളഞ്ഞു കിടക്കുന്നതു കാണുമ്പോൾ എല്ലാവരും ഒന്ന് നോക്കണം, പിന്നെ അരക്കാൻ വേണ്ടത്ര തേങ്ങയും കിട്ടണം. അത്രയൊക്കെയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
മുറ്റത്തെ ചെടിചട്ടികളിലെ അലങ്കാര ചെടികൾക്ക് കൊടുക്കുന്നതിലും കൂടുതൽ വെള്ളവും വളവും ശ്രദ്ധയുമെല്ലാം ഞാനെന്റെ കോമാടൻ മക്കൾക്ക് കൊടുത്തു.
ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു വരുന്നതുപോലെ അവ വളർന്നുകൊണ്ടുമിരുന്നു. അത് അഞ്ചടി നീളമുള്ള ഓലകൾ വീശിയപ്പോളാണ് എനിക്ക് ട്രാൻസ് ഫറും പ്രൊമോഷനും എല്ലാം കൂടി വന്നത്.
വീടു തന്ന ഐശ്വര്യമെന്നാശാരി പറഞ്ഞു.
വീടു തന്ന ഐശ്വര്യമെന്നാശാരി പറഞ്ഞു.
ചെന്നൈക്ക് കുടി മാറുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു.
കുട്ടികളുടെ റ്റി സിയും വാങ്ങി അത്യാവശ്യം വീട്ടു സാധനങ്ങളുമായി ഞങ്ങൾ ചെന്നൈക്കു തിരിച്ചു.
വീടു വൃത്തിയാക്കാൻ, മുറ്റത്തെ പുല്ലു പറിക്കാൻ ... എല്ലാത്തിനും ക്രമീകരണങ്ങൾ ചെയ്തു.
എന്റെ കോമാടന്മാരുടെ കാര്യം ആരോടും ഞാൻ പറഞ്ഞില്ല. അവളുമാരെ ആരും സ്നേഹിക്കുന്നതും എനിക്കിഷ്ടമില്ലായിരുന്നു.
രണ്ടുരണ്ടര മാസങ്ങൾ കഴിഞ്ഞാണു ഞങ്ങൾ നാട്ടിൽ തിരിച്ചു വന്നത്. ഞാനാദ്യം നോക്കിയത് എന്റെ കോമാടൻ പിള്ളേരുടെ മുഖത്തേക്കായിരുന്നു.
സങ്കടം തോന്നിപ്പോയി, നാനാവിധങ്ങളായ പള്ളകൾക്കു നടുവിൽ എന്റെ കോമാടന്മാർ. എങ്കിലും അവരുടെ ശക്തിക്കൊരു കുറവുമുണ്ടായിരുന്നില്ല.
പിറ്റേന്നു തന്നെ ഞാൻ അവയുടെ ചുവടു വൃത്തിയാക്കി, നല്ല വളവും വാങ്ങിയിട്ടു. കോമാടന്മാരുടെ ചിരിയും കണ്ടിട്ടാണു ഞാനപ്രാവശ്യം ചെന്നൈക്കു പോയത്.
പിന്നെ ഞാൻ കോമാടന്മാരെ തേടി വന്നത് ഒരു മാസം കൂടി കഴിഞ്ഞ്. അന്നവരുടെ മുഖത്തു വല്ലാത്ത പരിഭ്രാന്തി ഞാൻ കണ്ടു, അവരുടെ ആരോഗ്യം നന്നെ ക്ഷയിച്ചിരിക്കുന്നതു പോലെ എനിക്കു തോന്നി.
അകാലത്തിൽ മെലിഞ്ഞുണങ്ങി ഇല്ലാതാവാൻ അവർ തയ്യാറെടുക്കുകയാണോയെന്നെനിക്കു തോന്നി.
ഈ കോമാടന്മാർക്കു പറ്റിയ മണ്ണായിരിക്കില്ലിതെന്നു ഞാൻ കണക്കു കൂട്ടി.
ഒത്തിരി നൊമ്പരത്തോടെയാണെങ്കിലും ഞാനെന്റെ കോമാടന്മാരെ മനസ്സുകൊണ്ടുപേക്ഷിച്ചു.
വീണ്ടൂം ഞാൻ വന്നപ്പോൾ ഒരു മൂന്നു മാസം കൂടി കഴിഞ്ഞിരുന്നു.
മനസ്സാ ഉപേക്ഷിച്ചിരുന്നെങ്കിലും ഞാനെന്റെ കോമാടന്മാരെ നോക്കി.
എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും?
എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും?
പഴയതിലും വാശിക്കവർ വളർന്നു വലുതാകുന്നു.
ചുറ്റും ആർത്തലച്ചു വളരുന്ന കാട്ടുചെടികൾക്കും ഒത്തിരിമേലെ ആ കോമാടന്മാർ വളർന്നിരുന്നു.
ചുറ്റും ആർത്തലച്ചു വളരുന്ന കാട്ടുചെടികൾക്കും ഒത്തിരിമേലെ ആ കോമാടന്മാർ വളർന്നിരുന്നു.
അടുത്ത മാസം തന്നെ അവളുമാർ പ്രസവിച്ചേക്കുമെന്നുപോലും എനിക്കു തോന്നിപ്പോയി, ആ വളർച്ച കണ്ടപ്പോൾ.
ഞാനാ കൊമാടന്മാരോടു ചോദിച്ചു,
"എന്താ കോമാടന്മാരെ നിങ്ങൾ ജീവിക്കാൻ തീരുമാനിച്ചോ?"
കാറ്റത്തിലകൾ താളത്തിൽ ചലിപ്പിച്ചു കൊണ്ടു കോമാടന്മാർ നിന്നു.
ഓലകളുടെ തുഞ്ചം കൊണ്ട് അവർ വായുവിലെന്താണെഴുതുന്നതെന്നു ഞാൻ ശ്രദ്ധിച്ചു.
ഒന്നും എഴുതുകയായിരുന്നില്ലവർ; ചുറ്റും ആർത്തലച്ചു വളരുകയായിരുന്ന, തൊട്ടാവാടിയോടും, കുറുന്തോട്ടിയോടുമൊക്കെ അവ കിന്നരിക്കുകയാണെന്ന് എനിക്കു മനസ്സിലായി.
എനിക്കൊരു കാര്യം കൂടി മനസ്സിലായി - അവരില്ലെങ്കിൽ എന്റെ കോമാടന്മാരും ഇല്ല!
No comments:
Post a Comment