Sunday, 24 January 2016

ദൈവത്തിന്റെ മകൾ

സർക്കാരിന്റെ സെൻസ്സസിന് ഒറ്റക്കു പോകാനൊരു മടി തോന്നിയതു കൊണ്ടാണ് മേരിറ്റീച്ചർ, ഭർത്താവിൻറെ ജേഷ്ടന്റെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞാറ്റയെന്നു വിളിക്കുന്ന ഡോണാക്കുട്ടിയേയും കൂടെ കൂട്ടിയത്, ഐസ്ക്രീം മേടിച്ചു കൊടുക്കാമെന്ന വ്യവസ്ഥയിൽ. 

ഓരോ വീട്ടിലും ചെന്ന് അംഗങ്ങളുടെ ഐഡന്റിറ്റി കാർഡിലെ നമ്പർ എഴുതിയെടുക്കണം, സ്ഥിതി വിവരങ്ങൾ ശേഖരിക്കണം, അംഗങ്ങളൊക്കെ എവിടെയാണെന്നും അവരുടെ ജനനത്തിയതി ശരിയാണോയെന്നുമൊക്കെ തിട്ടപ്പെടുത്തണം, ഒപ്പും മേടിക്കണം. പലയിടത്തും ആളു കാണില്ല, ഉള്ളവർക്കാണേൽ ആധാർ കാർഡ് തപ്പിയെടുക്കാൻ കഴിയണമെന്നില്ല; ചിലർക്ക്, ആരാ വരുന്നതെന്ന് സംശയം കാണും. അങ്ങിനെ കുറേ പ്രശ്നങ്ങൾ! ചിലർക്ക് ചെല്ലുന്ന ആളിന്റെ വയസ്സും താമസസ്ഥലവും വിശദാംശങ്ങളുമെല്ലാം അറിയണം. ചിലയിടത്ത് ചെന്നാൽ എന്തെങ്കിലും കുടിക്കാതെയോ കഴിക്കാതെയോ പോരാൻ പറ്റില്ല, ചിലരാകട്ടെ വീട്ടിനുള്ളിലോട്ടു കയറ്റില്ല. ചില വീട്ടിൽ കടിക്കുന്ന പട്ടി, ചില വീട്ടിൽ മാന്തുന്ന പൂച്ച. ചില സ്ഥലങ്ങളിൽ ചെന്നാൽ ഒരു വീട്ടിൽ നിന്നടുത്തിടത്തേക്ക് അരമൈലെങ്കിലും കാണും. ചിലരോട് അടുത്ത വീടു ചോദിച്ചാൽ ഒരു രൂപവും കാണില്ല. ഡോണാ കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ട് റ്റീച്ചർക്കു മുഷിപ്പ് തോന്നിയില്ല. 

മേരിറ്റീച്ചർ ഓരോ വീട്ടിലേയും വിവരങ്ങൾ അവളോടു പറയുകയും ഓരോരുത്തരും ജീവിക്കാൻ എന്തെല്ലാം ചെയ്യുന്നുവെന്നൊക്കെ സൂചിപ്പിക്കുകയും ചെയ്യും. റ്റീച്ചറിനറിയാമായിരുന്നു പ്രോത്സാഹനത്തിന്റെ വില. മിക്ക വീടുകളിലും വിദേശത്തോ ഏതെങ്കിലും പട്ടണങ്ങളിലോ ജോലി ചെയ്യുന്ന വംപൻ ശമ്പളക്കാർ കാണും. ചില വീടുകളിൽ കാരണവന്മാർ മാത്രമേ കാണൂ. ഒരിക്കലും നാട്ടിലേക്കു തിരിച്ചു വരില്ലെന്നുറപ്പുള്ള മക്കളുടെ സംരക്ഷണയിൽ അവർ കഴിയുന്നു. ചില വീടുകളിൽ ചെന്നു കാരണവന്മാരെ അന്വേഷിച്ചാൽ മൂത്ത മകളുടെ കൂടെ ഊട്ടിയിലോ കൂർഗിലോ ആണെന്നു പറയും. ഏതെങ്കിലും കെയർ ഹോമിലായിരിക്കും അവരൊക്കെയെന്ന്  മേരിറ്റീച്ചർ മറകൂടാതെ പറഞ്ഞു കൊടുക്കും. ഒരൊറ്റ ദിവസം മുഴുവനാകുന്നതിനു മുമ്പ് ജീവിതത്തിലെ ഒരുപാട് പച്ച യാഥാർഥ്യങ്ങൾ ഡോണാ മനസ്സിലാക്കി കഴിഞ്ഞിരുന്നു. 

മണിമുത്തുവിന്റെ വീട്ടിൽ ചെന്നപ്പോൾ സമയം നാലു കഴിഞ്ഞിരുന്നു. മണിമുത്തു തമിൾനാട്ടിൽ തക്കലക്കാരനാണ്. പത്തു നാൽപ്പതു വർഷങ്ങൾക്കു മുമ്പ് മേസ്ത്രിപ്പണിക്കു കേരളത്തിൽ വന്നതാണ്. വന്നഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ മുതൽ സ്വന്തമായി കോണ്ട്രാക്റ്റ് ഏറ്റെടുക്കാൻ തുടങ്ങി. മണിമുത്തു പണിത വീടുകളായിരുന്നു ആ പ്രദേശത്തു കൂടുതലും. അയാൾ കേരളത്തിലിപ്പോൾ സ്ഥിരം! 

മേരിറ്റീച്ചറിന്റെ വീടും അയാൾ പണിതതായിരുന്നതു കൊണ്ട് അയാളെ റ്റീച്ചർ നന്നായറിയുമായിരുന്നു. അയാളെ പരിചയപ്പെട്ടിട്ട് പത്തു പതിനഞ്ചു വർഷങ്ങളായിരുന്നെങ്കിലും ആദ്യമായായിരുന്നു അയാളുടെ വീട്ടിൽ റ്റീച്ചർ വരുന്നത്. വീട്ടിലോട്ട് കയറിയതേ ഡോണായ്ക് മേസ്ത്രിയെ പരിചയപ്പെടുത്തി. അയാൾ മുഖം തെളിച്ച് പുഞ്ചിരിച്ചു കൊണ്ട് പരിചയം പ്രകടിപ്പിച്ചെങ്കിലും, ആ ചിരിയുടെ പിന്നിൽ കണ്ണുനീരിന്റെ ത്രസിപ്പുകൾ റ്റീച്ചർ ശ്രദ്ധിച്ചു. അയാളുടെ ചിരിക്ക് വാർദ്ധക്യത്തിന്റെ കിതപ്പു മറയ്കാനും കഴിയുന്നുണ്ടായിരുന്നില്ല. 

കൊള്ളാവുന്ന ഒരു നല്ല വീട്, പക്ഷേ ഒന്നു പെയിന്റ് ചെയ്തിട്ട് കുറേ വർഷങ്ങളായെന്നു സ്പഷ്ടം; പരിമിതമായ വീട്ടുപകരണങ്ങളേ അവിടെ ഉണ്ടായിരുന്നതുമുള്ളൂ. അയാളുടെ ഭാര്യയെ റ്റീച്ചർ ആദ്യമായി കാണുകയായിരുന്നു. എല്ലും തോലുമേ ആ കോലത്തിലുണ്ടായിരുന്നുള്ളു. അയാളുടെ രണ്ടാണ്മക്കൾ ജോലിക്കാരാണെന്നു റ്റീച്ചർ കേട്ടിട്ടുണ്ടായിരുന്നു. എവിടെയോ ഒരു വ്യാകരണപ്പിശകുള്ളതു പോലെ റ്റീച്ചർക്കു തോന്നി. ഇരിക്കാൻ കിട്ടിയ മുഷിഞ്ഞ ബെഞ്ചിലിരുന്നു ക്ഷേമാന്വേഷണങ്ങളൊക്കെ നടത്തിക്കഴിഞ്ഞപ്പോൾ റ്റീച്ചർ പറഞ്ഞു,
"സെൻസ്സസിനു വന്നതാ, ആധാർ കാർഡൊന്നു വേണം നമ്പർ എഴുതിയെടുക്കണം." റ്റീച്ചർ പറഞ്ഞതയാൾ കേട്ടുവെന്നുറപ്പ്. 
പക്ഷേ, അയാളവിടെനിന്നനങ്ങിയില്ല. റ്റീച്ചർ വീണ്ടും പറഞ്ഞു,
"കോപ്പിയായാലും മതി." അപ്പോഴും അയാളനങ്ങിയില്ല. നഷ്ടപ്പെട്ടു പോയിക്കാണണമെന്നു റ്റീച്ചർ മനസ്സിലോർത്തു. റ്റീച്ചർ പറഞ്ഞു,
"അതിന്റെ നംബർ കിട്ടിയാലും മതി." അപ്പോഴും അയാൾ നിർവ്വികാരനായി റ്റീച്ചറെതന്നെ നോക്കി അവിടെത്തന്നെ നിന്നതേയുള്ളൂ.
"ആധാർ കാർഡില്ലേ?" റ്റീച്ചർ ചോദിച്ചു. 
"ഇല്ല!" അയാൾ പറഞ്ഞു. അൽപ്പനേരം ആരുമൊന്നും മിണ്ടിയില്ല. 
റ്റീച്ചർ രണ്ടിലൊന്നറിയാതെ പോകില്ലെന്നു മനസ്സിലായപ്പോൾ മണിമുത്തു അയാളുടെ കഥ പറഞ്ഞു. 
"മക്കൾ രണ്ടുപേരും നല്ലനിലയിൽ ഗൾഫിൽ കഴിയുന്നു; അവരുടെ കല്യാണവും കഴിഞ്ഞു മക്കളുമായി. ഇപ്പോഴും ഞാൻ പണിക്കു പോകണമെന്നാ അവരു പറയുന്നത്. അടുത്ത വർഷം തൊണ്ണൂറാകും. ഞാനവരെ ഒളിച്ചു കുറേപ്പണം മാറ്റി വെച്ചിട്ടുണ്ടെന്നാ അവരുടെ സംശയം. ഈ വീടും, വീടിരിക്കുന്ന ആകെയുള്ള  സ്ഥലവും അവർ തന്നെ വീതം വെച്ചെഴുതി വാങ്ങി. ഇങ്ങോട്ട് വരുന്നുമില്ല, ഞങ്ങൾക്കൊന്നും തരുന്നുമില്ല. എവിടെനിന്നെങ്കിലും പത്തുപൈസാ കടം വാങ്ങിയെന്നറിഞ്ഞാൽ തെണ്ടാൻ നടക്കുകാന്നയിലോക്കംകാരോടു വിളിച്ചു പറയും. ഞങ്ങൾക്ക് വേണ്ട പണം എത്തിച്ചു തരുന്നുണ്ടെന്നും നാട്ടുകാരോടു മക്കൾ പറയും. ഇനിയുമത്‌ ആരോടെങ്കിലും പറയാതിരിക്കാൻ കഴിയില്ല കുഞ്ഞേ. ഞങ്ങൾക്കെന്തിനാ ഇനിയൊരു മേൽവിലാസം?" അയാൾ പറഞ്ഞു നിർത്തി. 
"വരുമാനമൊന്നുമില്ലേ?" റ്റീച്ചർ ചോദിച്ചു. മറുപടിയായി ഊന്നു വടിയിൽ നിന്നൊരു കൈയ്യെടുത്ത് ഇല്ലായെന്നാംഗ്യം കാണിച്ചു. 
"അപ്പോൾ ചിലവു കഴിയുന്നതെങ്ങിനെയാ?" റ്റീച്ചർ ചോദിച്ചു. 
"ഞങ്ങളിപ്പോൾ ഭൂമിയിലെ പൌരന്മാരല്ല." അയാൾ നിർത്തി നിർത്തി പറഞ്ഞു. അയാൾ  വിതുമ്പുകയാണെന്നു റ്റീച്ചർക്കു മനസ്സിലായി. ചില്ലുപൊട്ടിയ ജനാലയിലൂടെ ചെല്ലാവുന്നിടത്തോളം ദൂരത്തേക്കു കണ്ണുകളും പായിച്ചയാൾ അവിടെത്തന്നെ നിന്നു. റ്റീച്ചറിനു കാര്യങ്ങളുടെ കിടപ്പേതാണ്ടു മനസ്സിലായി. 
റ്റീച്ചറിന്റെ കണ്ണുകൾ റ്റീച്ചററിയാതെ നിറഞ്ഞു. ഒന്നുമൊന്നും സംസാരിക്കാതെ ഏതാനും മിനിറ്റുകൾ. 
"മേസ്ത്രിയപ്പൂപ്പാ ..." പുറത്തു നിന്നാരോ വിളിക്കുന്ന ശബ്ദം കേട്ടു റ്റീച്ചർ വെളിയിലേക്കു നോക്കി. കൈയ്യിൽ ഒരു കുഞ്ഞു പൊതിയുമായി ഒരു പെൺകുട്ടി. അവളതു വരാന്തയിൽ വെച്ചിട്ട് ഓടി മറയുകയും ചെയ്തു.
"അയിലോക്കത്തു താമസിക്കുന്ന പള്ളീലെ കുഴിവെട്ടുകാരന്റെ കൊച്ചു മോളാ. എല്ലാരും ഉണ്ടു മിച്ചമുണ്ടെങ്കിൽ അവളു നാലുമണിയാകുമ്പം കൊണ്ടുവന്നു തരും, എന്നും." ആരും ചോദിക്കാതെ അയാൾ പറഞ്ഞു.
"ഇതൊരാൾക്കുള്ളതില്ലല്ലോ." പൊതിയിലേക്കു നോക്കി റ്റീച്ചർ പറഞ്ഞു. അയാൾ മുറ്റത്തെ കിണർ ഊന്നു വടികൊണ്ടു റ്റീച്ചറെ കാണിച്ചു. ഊന്നുവടി അകാരണമായി വിറക്കുന്നുണ്ടോയെന്നു റ്റീച്ചർ സംശയിച്ചു. പിന്നെ റ്റീച്ചറൊന്നും ചോദിച്ചില്ല. വാനിറ്റി ബാഗ് തുറന്ന് അയാൾക്കു കൊടുക്കാനേതാനും നോട്ടുകൾ തിരയുന്നതിനിടയിൽ കുഞ്ഞാറ്റ പറഞ്ഞു,
"രണ്ടൈസ്ക്രീമിന്റേയും കൂടെ." റ്റീച്ചറുടെ ഇരു കവിളുകളിലൂടെയും ഒലിച്ചിറങ്ങിയ കണ്ണുനീർ സൃഷ്ടിച്ച ചാലുകൾ മേസ്ത്രി കാണുന്നില്ലെന്നുറപ്പുണ്ടായിരുന്നതു കൊണ്ട്, റ്റീച്ചറതു തുടച്ചില്ല. തന്റെ തിക്കുമുട്ടൽ കുഞ്ഞാറ്റ അറിയുന്നുണ്ടെന്നു റ്റീച്ചർക്കുറപ്പായിരുന്നു. റ്റീച്ചർ, ഏതാനും നൂറുരൂപാ നോട്ടുകൾ മേസ്ത്രിയുടെ നേരെ നീട്ടി. ഒരൗപചാരികതയൊഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെ റ്റീച്ചർ ചോദിച്ചു,
"ഇപ്പോ വന്നയാ കുട്ടിയുടെ പേരെന്താ?" അയാൾ റ്റീച്ചറിന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു,
"ദൈവത്തിന്റെ മകളേന്നാ ഞാൻ വിളിക്കുന്നത്." അതുംകൂടി കേട്ടപ്പോഴേക്കും റ്റീച്ചറിന്റെ കണ്ണുകൾ വല്ലാതെ ചുവന്നു. ഒരു നേർത്ത ശബ്ദം പോലും പുറപ്പെടുവിക്കാനാവാത്ത വിധത്തിൽ റ്റീച്ചറുടെ തൊണ്ട ഇടറിയിരുന്നപ്പോൾ.

ഒന്നും പറയാതെ റ്റീച്ചർ മുറിക്കു പുറത്തേക്കിറങ്ങി; ഒപ്പം കുഞ്ഞാറ്റയുമുണ്ടായിരുന്നു. വഴിയിലിറങ്ങി മടങ്ങുന്നതിനിടയിൽ കുഞ്ഞാറ്റ പറഞ്ഞു,
"സ്വർഗ്ഗവും നരകവും ഇവിടെത്തന്നാ, അല്ലേയാന്റീ?"  

1 comment: