- ആത്മീയതയുടെ വിരിക്കുള്ളില്‍ വ്യാപാരം ചെയ്യുന്ന ഭൌതീകത: “അമ്മയുടെ തിരുനടയില്‍ പാസ്സ്പോര്‍ട്ട്, വിസാ വെഞ്ചിരിപ്പ്...” “നിങ്ങളുടെ ആവശ്യങ്ങള്‍ പോസ്റ്റ് ചെയ്യൂ, സമര്‍പ്പിച്ച് പ്രാര്‍ഥിക്കാം...” “മക്കളില്ലാത്തവര്‍, വിവാഹം നടക്കാത്തവര്‍, ജോലിയില്ലാത്തവര്‍, രോഗികള്‍, വിധവകള്‍, നല്ല മാര്‍ക്കോടെ പരീക്ഷയില്‍ പാസാകാന്‍ ആഗ്രഹിക്കുന്നവര്....” അങ്ങനെ പോകുന്നു പ്രാര്‍ഥനക്കുള്ളവരുടെ ലിസ്റ്റ്. ‘എന്തിനാണ് നിങ്ങള്‍ ദൈവത്തെ സമീപിക്കുന്നത്’ എന്ന ഒറ്റ ചോദ്യം കൊണ്ട് ഇവക്കൊക്കെ ഉത്തരം പറയാം. ചില ഭൌതീക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം. ഇത്തരക്കാര്‍ക്ക് കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറം ദൈവം ഒന്നുമല്ല. മതത്തെ ഒരു നീണ്ട തെണ്ടല്‍ പണിയായി മാറ്റുന്നവര്‍ ഇത്തരക്കാരാണ്. എന്നാല്‍ പുറമേ നിന്ന് നോക്കിയാല്‍ എല്ലാം പ്രാര്‍ഥനാ മയവും.
- “IMS അമ്മേ, എന്‍റെ ആശ്രയമേ...” എന്ന തലക്കെട്ടോടെ എല്ലാ ക്ലിപ്പുകളിലും തന്‍റെ പേരും ചേര്‍ത്ത് പോസ്റ്റ് ചെയ്യുന്ന ആള്‍ ഒരു പുതിയ ആചാരം (cult) ഉണ്ടാക്കിയെടുക്കാനുള്ള നിഗൂഡ ശ്രമത്തിലാണെന്ന് സംശയിക്കണം. ക്രിസ്തീയ വിശ്വാസം ക്രിസ്തു കേന്ദ്രീകൃതമാണ്. ക്രിസ്തുവിന്റെ ജീവിതത്തിനുള്ളിലാണ് മറിയത്തിന്റെ സ്ഥാനം. പക്ഷേ, ക്രിസ്തുവിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു ‘മരിയ മതം’ കെട്ടിപ്പടുക്കുകയാണ് ഈ പുരോഹിതന്‍.
- “നിങ്ങള്‍ നിയോഗം സമര്‍പ്പിക്കൂ, അച്ചന്‍ പ്രാര്‍ഥിക്കാം”- അച്ചന്റെ പ്രാര്‍ഥനക്ക് സാധാരണ ജനത്തിന്‍റെ പ്രാര്‍ഥനയേക്കാള്‍ എന്തോ കൂടുതല്‍ വില ദൈവസന്നിധിയില്‍ ഉണ്ട് എന്ന ധാരണ സൃഷ്ടിക്കുന്നു. അങ്ങനെ പുരോഹിതന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഇടനിലക്കാരന്‍ ആകുന്നു. “ദൈവസന്നിധിയില്‍ നമ്മുക്ക് ഒരു മധ്യസ്ഥനേയുള്ളൂ യേശുക്രിസ്തു”- എന്ന കാഴ്ചപ്പാടിനെ തന്നെ ചോദ്യം ചെയ്യുന്നു. ഓരോ മനുഷ്യനും ദൈവത്തെ നേരിട്ട് സമീപിക്കാന്‍ യോഗ്യനാണ്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും ഞാന്‍ പ്രാര്‍ഥിച്ചു സാധിച്ചു തരാം എന്ന മനോഭാവം പൌരോഹിത്യത്തിന്റെ അഹന്തയാണ്. പുരോഹിതന്‍ ദൈവജനത്തിന്റെ ശുശ്രൂഷകനാണ്. അത് കൂദാശകളുടെ പരികര്‍മ്മത്തിനു ദൈവജനത്തിന്റെ പ്രതിനിധിയായി സേവനം ചെയ്യാനാണ്. അല്ലാതെ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ നിന്ന് കൊടുക്കല്‍ വാങ്ങല്‍ നടത്താന്‍ അല്ല.
- സ്വര്‍ഗ്ഗം, നരകം, പിശാച് എന്നി വിശ്വാസ വിഷയങ്ങളെക്കുറിച്ച് ആധുനീക ശാസ്ത്രത്തിന്‍റെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിപുലമായ ദൈവശാസ്ത്രവിചിന്തനം നടക്കുന്ന ഈ കാലത്ത് പിശാച് എന്നാല്‍ എന്തോ ഭീകര ജീവിയാണെന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ തോന്നിക്കത്തക്കവണ്ണമുള്ള പേടിപ്പെടുത്തുന്ന ചിന്തകളും ഉച്ചാടന പ്രാര്‍ഥനകളും പോസ്റ്റ് ചെയ്യുക, സ്വര്‍ഗ്ഗം, നരകം ഇവയൊക്കെ എവിടെയോ ഉള്ള സ്ഥലങ്ങളാനെന്ന ശാസ്ത്ര മനസ്സിന് നിരക്കാത്ത മഠയത്തരങ്ങള്‍ അവതരിപ്പിക്കുക, ബന്ധനപ്രാര്‍ത്ഥ- സംരക്ഷണ പ്രാര്‍ഥന തുടങ്ങിയ പേരില്‍ അന്ധവിശ്വാസം ജനിപ്പിക്കുക എന്നി ഭവിഷ്യത്തുകള്‍ കൂടി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നുണ്ട്.
- രോഗശാന്തി കുര്‍ബാന, ഉദ്ദിഷ്ഠകാര്യസാധ്യ കുര്‍ബാന എന്ന പലതരം പേരില്‍ ക്രൈസ്തവ സഭയുടെ കൂദാശകളെ അതിന്‍റെ ആന്തരീക അര്‍ത്ഥത്തില്‍ നിന്ന് വഴിമാറ്റി വിടുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിനെ അപലപിക്കാന്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ക്രൈസ്തവ പണ്ഡിതര്‍ ഉടന്‍ ഇടപെടേണ്ടണ്ടതുണ്ട്.
- പോസ്റ്റുകളില്‍ എല്ലാം തന്നെ തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് self-promotion നടത്തുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനാണ്. സ്വയം “അച്ചന്‍” എന്ന് അഭിസംബോധന ചെയ്യുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തുന്നു. തന്‍റെ പ്രാര്‍ഥനക്ക് കൂടുതല്‍ ശക്തിയുള്ളതായി അയ്യാള്‍ സ്വയം വിചാരിക്കുന്നു. പ്രാര്‍ഥനകള്‍ നടത്തി ഗിന്നസ്ബുക്കില്‍ ഇടം നേടി അത് കൊട്ടിഘോഷിക്കാന്‍ ശ്രമിക്കുന്നു. 36,000 ലൈക്കുകള്‍ കിട്ടിയതിന് ദൈവത്തിന് നന്ദി പറയുന്നു. അങ്ങനെ ഒരു ആള്‍ദൈവം ജനിക്കുകയാണ്. (പൊള്ളയായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് താനെന്ന് അങ്ങനെ സ്വയം സമൂഹത്തിന് മുന്നില്‍ തെളിയിക്കുന്നു).
- തീര്‍ത്തും സാമൂഹ്യ പ്രതിപത്തിയില്ലാത്ത ഒരു ക്രിസ്തീയതയാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഭക്തിയുടെ തലത്തില്‍ മാത്രം മനുഷ്യനെ തളച്ചിട്ട് സ്വന്തം ആവശ്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാനും ചുറ്റുമുള്ള മനുഷ്യനെ മറക്കാനും അത് പ്രേരിപ്പിക്കുന്നു. ചെന്നൈയില്‍ മനുഷ്യര്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കാലത്ത് “IMS അമ്മയുടെ തിരുനടയില്‍” ജപമാല റാലി നടത്താന്‍ ആണ് അദ്ദേഹം ശ്രദ്ധിച്ചത്. ഇന്നോളം സമൂഹത്തിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യരെ സഹകരിപ്പിക്കുന്ന ഒരു പോസ്റ്റ് പോലും അദ്ദേഹം ഇതുവരെ FBയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. ഇത് ആത്മീയതയുടെ സ്വകാര്യവത്ക്കരണമാണ്.
good
ReplyDelete