Wednesday 17 September 2014

ഇറാക്കിലെ രക്തസാക്ഷികൾ

ഈയവസരത്തിൽ എന്തെഴുതിയാലും അസ്ഥാനത്താണ്. ഇവിടെ ഇടതും വലതും ഒന്നുമല്ല പ്രശ്നം. സങ്കുചിതത്വവും താൻപോരിമയുമാണ്. മതത്തിന്റെ പേരിൽ ആര് ആരെ ഉപദ്രവിച്ചാലും അത് മതത്തിനെതിരാണ് എന്നറിയാനുള്ള വിവേകം ഓരോ മതവും പഠിപ്പിക്കാത്തതാണ് കാരണം. അതുപോലെ തന്നെ സ്നേഹവും സഹായവുമെല്ലാം സ്വന്തം സമുദായത്തിലേയ്ക്ക് ചുരുങ്ങുമ്പോൾ അത് സ്നേഹമാല്ലാതാകുന്നു എന്ന സത്യവും ഇന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

രക്തസാക്ഷികളെപ്പറ്റി പറഞ്ഞാൽ, അവരുണ്ടാകുന്നത് തന്നെ മതം ജീർണിക്കുമ്പോഴാണ്. അന്യമതസ്ഥരെ കൊല്ലാൻ മാത്രം അജ്ഞത ഏതെങ്കിലും മതത്തിലെ അന്ധവിശ്വാസികൾക്ക് ഉണ്ടായാൽ ഉപദ്രവിക്കപ്പെടുന്നവർ അതനുസരിച്ച് കൂടുതൽ വിവേകമതികളായിത്തീരണം. അതായത്, ജീവരക്ഷക്കായി കയ്യൂക്കുള്ള മതത്തിലേയ്ക്ക് അങ്ങ് ചേർന്നേക്കണം. കാരണം ലളിതമാണ്. ഏതു മതവും ദൈവത്തിലെയ്ക്ക് നയിക്കുന്ന ഒരു വഴി മാത്രമാണ്. ജീവിച്ചിരിക്കുമ്പോഴാണ് അതിന്റെയാവശ്യം മരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അതിനു വിലയില്ല. അപ്പോൾ ഒരു മതത്തിന്റെ പേരിൽ മരിക്കുക എന്നത് അർഥശൂന്യമാണ്. ജീവിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ആദ്യത്തെ ആവശ്യം. ദൈവം ആവശ്യപ്പെടുന്നതും അതുതന്നെ. ഒരു നേതാവിന്റെയോ ഒരു തരം മതചിന്തയുടെയോ പേരിൽ ജീവൻ ഹോമിക്കുന്നതിൽ എന്താണർഥമുള്ളത്? തന്റെ മതത്തിന്റെ സ്ഥാപകൻ ദൈവമാണെന്ന തെറ്റായ വിചാരമാണ് അദ്ദേഹത്തിനായി ജീവൻ ഹോമിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നത്. ഒരു ദൈവവും അത് ആഗ്രഹിക്കുകയില്ല. അപ്പോൾ അങ്ങനെയൊരു ചിന്ത ജനത്തിനുണ്ടാക്കുന്നത്‌ താത്ക്കാലിക നേട്ടങ്ങൾക്കായി അവരെ ഉപയോഗിക്കുന്ന നേതാക്കളാണ്. അത്തരം നേതാക്കൾക്കായി മരിച്ചുവീഴുന്നതിലും എത്രയോ അഭികാമ്യമാണ് മറ്റൊരു മതത്തിലേയ്ക്ക് കാലുമാറുന്നത്. കാരണം, ജീവനെ പുലർത്തുന്ന ദൈവമാണ്, ഏതെങ്കിലും കുട്ടിനേതാവല്ല, മതത്തിന്റെ പിന്നിലുണ്ടാകേണ്ട കരുത്ത്. അങ്ങനെ വരുമ്പോൾ, ഈ പീഡനങ്ങളും മരണങ്ങളുമെല്ലാം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ മാത്രമാണ്.

നമ്മുടെ പോപ്പിന് വേണ്ടത്ര വിവരമുണ്ടായിരുന്നെങ്കിൽ ഞെരുക്കം തുടങ്ങിയപ്പോഴേ ഇറാക്കിലെ കത്തോലിക്കരോട് പറയാമായിരുന്നു നിങ്ങൾ മുസ്ലിങ്ങൾ ആയിക്കൊള്ളുക. അവരുടെ ദൈവം തന്നെയാണ് നമ്മുടെ ദൈവവും. എന്നാൽ അദ്ദേഹമത് പറഞ്ഞാലും അതിനപ്പുറം പിടിവാശിയുള്ള സമാന്തര പോപ്പുമാരാണല്ലോ ഓരോ സ്ഥലത്തും വിശ്വാസികളെ അടിമത്തത്തിൽ വയ്ക്കുന്നതും നയിക്കുന്നതും അവരെക്കൊണ്ടു ഓരോന്ന് ചെയ്യിക്കുന്നതും. ഇന്ന് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ഒരു മതമർദനമുണ്ടായാൽ, 'ഒന്നും നോക്കേണ്ട, നിങ്ങൾ നിങ്ങളുടെ മർദകരുടെ മതം സ്വീകരിച്ചോളൂ' എന്ന് പറഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ധൈര്യമുള്ള എത്ര മെത്രാന്മാർ കാണും? ഒരാളും കാണില്ല, എന്തെന്നാൽ അവരെല്ലാം തീവ്രവാദികളാണ്. അവർക്കുവേണ്ടിയും അവരുടെ ദൈവത്തിനുവേണ്ടിയും ജീവൻ ബലികഴിക്കുന്ന അനുയായികളെയാണ് അവർ വളർത്തിക്കൊണ്ടിരിക്കുന്നത്. ദൈവമല്ല, അവരുടെ സ്വന്തം വയറും പെരുമയും അവരോടൊത്തു നില്ക്കുന്ന ജനക്കൂട്ടത്തിന്റെ അട്ടഹാസങ്ങളുമാണ് അവരുടെ ഉത്തേജനം, അവരുടെ മതത്തിന്റെ മർമം. അവയ്ക്കുവേണ്ടി മരിക്കാനാണ് വിശ്വാസികൾ തയ്യാറായി നില്ക്കേണ്ടത്. അപ്പോൾ ഇവിടെയും "തങ്ങളുടെ പരിശുദ്ധമായ വിശ്വാസത്തിനും തങ്ങളുടെ ദൈവത്തിന്റെ പ്രീതിക്കുമായി" ലക്ഷങ്ങൾ മരിച്ചുവീഴും. 'മതത്തിനുവേണ്ടി ലക്ഷക്കണക്കിന്‌ രക്തസാക്ഷികൾ' എന്ന് കത്തോലിക്കാമതം ചരിത്രമെഴുതും. എന്നാൽ ഇത്രയേറെ പാവം വിഡ്ഢികൾ ചത്തത് ഏതാനും ചില പമ്പരവിഡ്ഢികൾക്കു വേണ്ടി മാത്രമായിരിരുന്നു  എന്നത് ആരും പറയില്ല. പാഴായിപ്പോകുന്ന മരണത്തിനു മുമ്പിൽ ഒരു മതത്തിനും പ്രസക്തിയില്ല എന്നത് ആരും അംഗീകരിക്കുകയില്ല. ദൈവമഹത്വം എന്ന ഒരു വലിയ പാഴ് വാക്കിൽ എല്ലാം ഒതുക്കും.

ഇറാക്കിൽ സംഘർഷം ഉണ്ടായപ്പോഴേ മർദ്ദിക്കുന്നവരോടും മർദ്ദിതരോടും ഒരുപോലെ സഹാനുഭൂതി കാണിക്കുക എന്നതായിരുന്നു എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളും അവരുടെ നേതാക്കളും ചെയ്യേണ്ടിയിരുന്നത്. എവിടെയും എപ്പോഴും അതാണ്‌ ചെയ്യേണ്ടത്. മനുഷ്യർ ഏതു ഗ്രൂപപ്പിൽ പെടുന്നവരായാലും, സ്നേഹത്തിന്റെയും പരിഗണനയുടെയും പരിധിയിൽ വരണം. വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ജയിക്കാൻ ഒരു നാളും സാദ്ധ്യമല്ല എന്ന യേശുവചനം മനസ്സിലാക്കാത്ത ക്രിസ്ത്യാനികൾ ആണ് ഭൂരിപക്ഷം എന്നതുകൊണ്ടാണ് ഇത്രയും ക്രൂരത ലോകത്ത് ഇന്നും നടമാടുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊന്നും ഇതിനൊരു മാറ്റം ഉണ്ടാകുന്നില്ല. എല്ലാ ക്രൂരമരണങ്ങൾക്കും പിന്നിലുള്ള ഒരേയൊരു കാരണം ഇതാണ്. ഒരു മതത്തിന്റെ അന്ധമായ തീവ്രത മറ്റു മതങ്ങളിൽ കൂടുതൽ തീവ്രവാദികളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതുതന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന് തെളിവാണ്.

മതങ്ങളിലെല്ലാം ഉള്പ്പെടുന്നത് ഇങ്ങനെ മയക്കത്തിൽ ജീവിക്കുന്നവരാണ്. ഉണർന്നിരിക്കുന്നവർ അധികം പേർ ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം ദുർമരണങ്ങൾ സംഭവിക്കില്ലായിരുന്നു. കാരണം, അവരുടെ പ്രതിരോധം പ്രവർത്തിക്കുന്നത് സ്വന്തം സഹോദരവിശ്വാസികൾ ക്രൂശിക്കപ്പെടുമ്പോൾ മാത്രമായിരിക്കില്ല, മറിച്ച്, എവിടെ നിരാശ്രയർ പീഡിപ്പിക്കപ്പെടുമ്പോഴും അവർ തങ്ങളുടെ സഹായഹസ്തം നീട്ടികൊണ്ടിരിക്കും. അങ്ങനെ മാത്രമേ തീവ്രവാദം തോല്പ്പിക്കപ്പെടുകയുള്ളൂ. അങ്ങനെ ഉണർന്നി രിക്കുന്നവർ ക്രിസ്തുമതങ്ങളിൽ പോലും എത്ര വിരളമാണ് എന്നത് ദയനീയമാണ്.

നമ്മുടെ മതനേതാക്കൾ ആഴമായ മയക്കത്തിലാണ്. അവർ ഉണരുന്നത് പണക്കിഴി കിലുക്കുമ്പോൾ ഉണ്ടാകുന്ന കിണികിണി സ്വരം കേൾക്കുമ്പോൾ മാത്രമാണ്.


ഈ പ്രതികരണത്തിന് ആധാരമായ ലേഖനം വായിക്കാൻ 
 
 

2 comments:

  1. Here it is a beautiful article by Manoj K. Puthiyavila.

    http://www.indiavisiontv.com/2014/09/16/353384.html/2

    ReplyDelete
  2. A good friend commented thus:
    dear sir,
    the surprising thing is that these Christians survived fourteen hundred years under obscurantist islamic terror. wherever the scourge of islam reached it was the end of civilization-let it be kashmir, egypt, tunisia, asiaminor or eastern europe. europe is being steadily islamised after having resisted it for fifteen centuries. . the consequences thereof will be disastrous. europe must not consign charles martel to oblivion.

    ReplyDelete