Wednesday 16 July 2014

ഊര്ജ്ജ മോഷണം – 11

മനുഷ്യരുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ എത്രയും കൂടുതല്‍ ഊര്‍ജ്ജം എങ്ങിനെയും സമ്പാദിക്കാനുള്ള ഒരു വ്യഗ്രത കാണാന്‍ കഴിയും. ഇവിടെ, ഉപബോധമനസ്സിന്‍റെ ഇംഗിതത്തിനനുസരിച്ചാണ് അവന്‍റെ പെരുമാറ്റരീതി തന്നെ. ആരാധനാലയങ്ങളിലേക്കും, ആചാര്യ സന്നിധാനങ്ങളിലേക്കും, പുണ്യ സ്ഥലങ്ങളിലേക്കും, യോഗാ ക്രമങ്ങളിലേക്കുമെല്ലാം ഓരോരുത്തരെയും നയിക്കുന്നത് ഉപബോധ മനസ്സ് സൃഷ്ടിക്കുന്ന ഈ ഉള്‍പ്രേരണമൂലമാണ്. പുറത്തു നിന്നുള്ള പ്രേരണയല്ല അടിസ്ഥാനപരമായി ഒരുവനെ സത്യാന്വേഷി ആക്കുന്നതെന്ന് സാരം. ഒരു രോഗിയുടെ അടുത്ത്‌ ഏറെ നേരം ആയിരിക്കുന്ന ഒരാള്‍ ക്ഷിണിതനായി മടങ്ങുന്നത് രോഗിയുടെ അബോധമനസ്സ് അടുത്തു വന്നവന്‍റെ സൂഷ്മോര്‍ജ്ജം ചോര്‍ത്തിയെടുത്തതുകൊണ്ടാണ്. രോഗിക്കത് ആശ്വാസം നല്‍കും. വാസ്തവത്തില്‍ ഗുരുതരമായി കാണേണ്ട ഒരു കാര്യം തന്നെയാണ് വ്യാപകമായ ഈ ഊര്‍ജ്ജ ശോഷണം. ഒരാളുടെ ഉപബോധമനസ്സ് മറ്റൊരുവന്‍റെ ഉപബോധമനസ്സ് അറിയാതെയല്ല ഊര്‍ജ്ജം ചോര്‍ത്തുന്നത്, ചിലപ്പോള്‍ അത് ഉഭയസമ്മതപ്രകാരം ആയിരിക്കാം അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയായിരിക്കാം. അനന്ത സ്നേഹമായ ശ്രോതസ്സുമായി സദാ ബന്ധപ്പെട്ടിരിക്കുന്നവര്‍  സ്വമനസ്സോടെ ഊര്‍ജ്ജം കൈമാറുന്നവരില്‍ പെടും. വേറൊരാളുടെ സൌഖ്യം തീവ്രമായി ഇശ്ചിക്കുന്ന ഒരാള്‍ ഉള്ളത് നഷ്ടപ്പെടുത്തിയെന്നിരിക്കും. ഇങ്ങിനെയുള്ള ഊര്‍ജ്ജ കൈമാറ്റങ്ങള്‍ നോക്കെത്താത്ത ദൂരത്തുള്ള കേന്ദ്രങ്ങളുമായും സംഭവിക്കും.

ഉപബോധമനസ്സ് തട്ടിയെടുക്കുന്നത് സാത്വികൊര്‍ജ്ജം മാത്രമല്ല. ഏത് ഊര്‍ജ്ജ ശരീരത്തിലോട്ടാണോ അത് കടന്നു കയറുന്നത് ആ ശരീരത്തിലെ മാലിന്യങ്ങളുടെയും ആ ശരീരത്തിന്‍റെ കര്‍മ്മ ദോഷങ്ങളുടെയും ഒരു വീതം കൂടി അത് സ്വന്തമാക്കും. സാത്വികജീവിതം നയിക്കുന്നവര്‍ക്ക് കൂട്ടം കൂടാന്‍ താല്‍പ്പര്യം കുറയും. പക്ഷെ തമസികാംശം കൂടുതലുള്ളവര്‍ എപ്പോഴും അന്യരുടെ സഹവാസം ഇഷ്ടപ്പെടും, അവര്‍ക്കറിയാം, കൂട്ടുകെട്ടിലൂടെ സ്വന്തം അസ്തിത്വത്തില്‍ വാരിക്കൂട്ടിയ മാലിന്യങ്ങള്‍ കുറെയെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ വിതരണം ചെയ്യാമെന്ന്. അവിഹിത മാര്‍ഗ്ഗത്തിലൂടെ ഊര്‍ജ്ജ സംഭരണം നേടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അപകടമാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. ഒരു സമൂഹമായി ജീവിക്കാനുള്ള മനുഷ്യന്‍റെ ത്വരയുടെ രഹസ്യം ഇതാണ്. ഒരു ശരീരത്തിലെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയാല്‍ എന്ത് സംഭവിക്കും? ഫലം മരണം ആയിരിക്കേണ്ടതാണ്. പക്ഷെ, അങ്ങിനെയൊന്നു സംഭവിക്കാന്‍ ഉപബോധമനസ്സ് സമ്മതിക്കില്ല. എടുക്കാവുന്നതിന്‍റെ പരമാവധിക്കപ്പുറത്തെക്ക് കടക്കാന്‍ എളുപ്പമല്ല. കാട്ടാനയുടെ മുമ്പില്‍ ചെന്നുപെട്ടാല്‍ നാം പേടിച്ചു വിറക്കുകയല്ലെയുള്ളൂ, മരിച്ചു വീഴുന്നില്ലല്ലോ?

ഭയം, ഒരുവനിലെ സൂഷ്മോര്‍ജ്ജം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കും. നഷ്ടപ്പെടുന്ന ഊര്‍ജ്ജം ഭയത്തിനു കാരണമായതിലേക്കാവും ഒഴുകുക. ശപിക്കപ്പെടുന്നവന്‍റെ പകുതി ഊര്‍ജ്ജം ശപിക്കുന്നവന് കിട്ടും എന്നൊരു വരം ദുര്‍വ്വാസാവ്‌ മഹര്‍ഷിക്കുണ്ടായിരുന്നല്ലോ. വളരെ സാധാരണമായി മിക്ക ഉപബോധമനസ്സുകളും അവലംബിക്കുന്ന സൂത്രമാണ് ബലപ്രയോഗം. അച്ഛനമ്മമാരും അദ്ധ്യാപകരുമൊക്കെ കുട്ടികളുടെ നേരെ കയര്‍ക്കുന്നുവെങ്കില്‍ അതിന്‍റെ കാരണം ഇത് തന്നെ. അവര്‍ക്ക് വേണ്ടത്ര ഊര്‍ജ്ജം സമൃദ്ധമായി ഉണ്ടെങ്കിലോ, ആരുടേയും നേരെ കുതിരകയറാന്‍ ആരും തുനിയില്ല. കായിക കയ്യേറ്റമായും ഈ തന്ത്രം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അധികാരികളാണെങ്കിലും അമരക്കാരനായാലും അടിയാന്മാരാണെങ്കിലും ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ കുറ്റപ്പെടുത്താനോ കിട്ടുന്ന അവസരങ്ങളൊന്നും പൊതുവേ കളയാറില്ല.

മറ്റുള്ളവരില്‍ ഒരു ഇന്‍ഫിരിയോരിറ്റി കോമ്പ്ലക്സ് സൃഷ്ടിക്കുന്നതിലൂടെ അപരനെ അധമനാക്കി ഊര്‍ജ്ജാപഹരണം നടത്തുന്നതും വളരെ വ്യാപകമാണ്. ഈ വിഭാഗത്തില്‍ അപവാദപ്രചാരണങ്ങള്‍ നടത്തുന്നവര്‍ മാത്രമല്ല, കൂട്ടത്തില്‍ പ്രത്യേക ഇരിപ്പടം ആവശ്യപ്പെടുന്നവരും പ്രത്യേക പരിഗണന ഇഷ്ടപ്പെടുന്നവരും ഉണ്ടാവും. ആവശ്യമില്ലാത്ത എല്ലാ വാര്‍ത്തകളും ആവശ്യമില്ലാത്തിടത്തൊക്കെ കടന്നു കയറി ശേഖരിക്കുന്ന ആളുകള്‍ പ്രഗല്‍ഭരായ ഊര്‍ജ്ജ മോഷ്ടാക്കളാണ്. മറ്റുള്ളവരെ ചെറുതാക്കാന്‍ കിട്ടുന്ന ഒരവസരവും ഇവര്‍ നഷ്ടപ്പെടുത്താറില്ല. മറ്റുള്ളവരെ എളിമപ്പെടുത്തി മാത്രമല്ല, സ്വന്തം സ്ഥാനം ഉയര്‍ത്തിയും ചിലര്‍ ശക്തരാവും. മുന്തിയ വീടും അതിനു ചേര്‍ന്ന ആഡംബരങ്ങളും എല്ലാം സ്വരുക്കൂട്ടുന്നവര്‍ ഉദ്ദേശിക്കുന്നത് ശക്തി സംഭരണം അല്ലാതെ മറ്റെന്ത്? 

ചിലര്‍ ഉപയോഗിക്കുന്നത് വേറൊരു തന്ത്രമാണ്. അവരോടെന്തു ചോദിച്ചാലും അവ്യക്തമായ ഉത്തരമേ ലഭിക്കൂ. എവിടെയൊക്കെ പോയിട്ടുണ്ടെന്ന് ചോദിച്ചാല്‍ ‘ഒരുപാടിടത്ത്’ എന്നേ അവര്‍ മറുപടി പറയൂ. കേള്‍ക്കുന്നവര്‍ക്ക് ലോകം മുഴുവന്‍ അയാള്‍ പോയിട്ടുണ്ടെന്ന് തോന്നുന്ന രീതിയിലായിരിക്കും ഉത്തരം പറയുന്നതും.

വളരെ വ്യാപകവും ഫലപ്രദവുമാണെന്ന് തെളിഞ്ഞ ഒരു തന്ത്രമാണ് അനുകമ്പ പിടിച്ചു പറ്റല്‍. ഭിക്ഷക്കാര്‍ മാത്രമല്ല ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്, പിരിവുകാരും രാഷ്ട്രിയക്കാരുമെല്ലാം ഇതുപയോഗിക്കാറുണ്ട്. ‘എന്‍റെ വീടും ബന്ധുക്കളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയി. ഞാന്‍ വികലാംഗനുമാണ് സഹായിക്കണം’ എന്നൊരാള്‍ പറഞ്ഞാല്‍ അയാള്‍ ഉദ്ദേശിക്കുന്നത്, ദൈവം നിങ്ങള്‍ക്കൊക്കെ ധാരാളം ഐശ്വര്യങ്ങള്‍ നല്‍കി, എനിക്ക് കിട്ടിയ യാതനകള്‍ക്ക് നിങ്ങളും ഉത്തരവാദിയാണെന്നാണ്. ദൈവം അയാളോട് അനീതി കാട്ടിയല്ലോ, നഷ്ടപരിഹാരമായി ഞാന്‍ ഒരു വിഹിതം തരാം എന്ന് ചിന്തിച്ചു കൊണ്ട് ദാനം കൊടുക്കുന്നവന്‍ അവന്‍റെ ഊര്‍ജ്ജം ഏറെ നഷ്ടപ്പെടുത്തുന്നു. അനുകമ്പയ്ക്കുള്ള ഒരു പോരായ്മയാണിത്. ദൈവം നീതികേട്‌ കാട്ടി എന്ന ചിന്തയും ദോഷം ചെയ്യും. ഇവിടെ അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത് സഹാനുഭൂതിയോടെയാണ് അല്ലാതെ സഹതാപത്തോടെയല്ല.  ഊര്‍ജ്ജ മോഷണങ്ങളൊന്നും വൈദ്യുതി കടത്തിക്കൊണ്ടു പോകുന്നതു പോലെ ഒരു ചാലകത്തിലൂടെയല്ല സംഭവിക്കുന്നത്‌. ഈ കൈമാറ്റത്തിന് ഖരമാധ്യമം തന്നെ വേണമെന്നുമില്ല.

യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിക്കുക വഴി രോഗ സൌഖ്യം പ്രാപിച്ച രക്തശ്രാവക്കാരിയുടെ കഥ ബൈബിള്‍ പറയുന്നു. ഇതില്‍ അസ്വോഭാവികമായി യാതൊന്നുമില്ല. യോഗികളുടെ അനുഗ്രഹം കൊണ്ട് രോഗശാന്തി നേടിയവരുടെ അനേകം കഥകള്‍ എല്ലാ മതങ്ങളിലും ഉണ്ട്. ഇത്തരം സിദ്ധരുടെ ഊര്‍ജ്ജശക്തി അവരുടെ ഓരോ കോശങ്ങളിലും, അവരുപയോഗിക്കുന്ന വസ്തുക്കളിലും അവര്‍ ആയിരിക്കുന്ന ഇടങ്ങളിലും എല്ലാം ഉണ്ട്. വിശുദ്ധരായ ആളുകളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന്‍റെയും വണങ്ങുന്നതിന്‍റെയും പിന്നില്‍ ഈ വസ്തുതയാണ്. അറിയില്ലാത്ത ഒരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ദോഷം സംഭവിക്കാനും ഇടയുണ്ട്.


ഊര്‍ജ്ജനഷ്ടം തടയാന്‍ പര്യാപ്തമായ ചില അടവുകള്‍ പ്രകൃതി തന്നെ മനുഷ്യന് പറഞ്ഞു കൊടുക്കാറുണ്ട്. ഇരു കൈകളും നെഞ്ചിനോട് ചേര്‍ത്തു കെട്ടിവെയ്ക്കുന്നത് ഇതിനൊരുദാഹരണമാണ്. കുറ്റാന്വേഷകര്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് തന്നെ കൈ അഴിച്ചിടാന്‍ ആവശ്യപ്പെടും. ഊര്‍ജ്ജനാഡികളിലൂടെയുള്ള പ്രവാഹം തടയപ്പെടാതിരിക്കാനാണ് യോഗ പരിശീലിക്കുമ്പോള്‍ പ്രത്യേക ആസനങ്ങള്‍ തന്നെ  നിഷ്കര്ഷിക്കപ്പെടുന്നത്. 

PREVIOUS                        NEXT   

1 comment:

  1. Good article. Recommended book: Celstine Prophecy by James Redfield.
    http://www.amazon.co.uk/The-Celestine-Prophecy-Experiential-Guide/dp/0553503707/ref=pd_sim_b_2?ie=UTF8&refRID=1NPAEYR4Z73H08P1AFHT

    ReplyDelete