Saturday, 21 November 2015

സന്യാസത്തിന്റെ പ്രതിസന്ധി

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.

സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ.
സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.
 
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്,സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാന് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).

പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യം നിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെ പ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

No comments:

Post a Comment