Monday 20 November 2017

ധിഷണാവ്യാപനം - ഒന്നാം ഭാഗം

(ആത്മത്വത്തിന്റെ പൊരുൾ തേടി)


ലിയ ബൗദ്ധിക-താർക്കിക വ്യായാമങ്ങൾ പരിചിതമല്ലാത്ത ഒരു ശരാശരി യുക്തിവാദി, തന്റെ നിഷേധം തുടങ്ങുന്നത്, സെമിറ്റിക് ദൈവസങ്കല്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഏകാധിപത്യത്തെയും അസഹിഷ്ണുതയെയും ചോദ്യംചെയ്തുകൊണ്ടായിരിക്കണം. 'തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് ' എന്ന വർഗ്ഗീയത, പൗരാണിക സെമിറ്റിക് ദൈവശാസ്ത്രങ്ങളുടെ സഹജമായ അന്തർധാരയാണ്. അങ്ങനെ, മറുവശത്ത് 'വിജാതീയരെ' സൃഷ്ടിക്കുന്ന ഈ മതബോധമാണ്, എല്ലാ അധിനിവേശങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും തായ്‌വേര് എന്ന ചരിത്രസത്യം, സാമാന്യബോധവും മാനവികതയുമുൾക്കൊണ്ട ഏതൊരു മനുഷ്യനെയും ഒരു നിഷേധിയാക്കും. സെമിറ്റിക് മതവിശ്വാസപ്രകാരം, തങ്ങൾ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കപ്പുറം, ആദ്ധ്യാത്മികതക്ക് മറ്റൊരുള്ളടക്കമില്ലെന്നും, അങ്ങനെയുള്ളവയൊക്കെയും തെറ്റായപഠനങ്ങളോ അന്ധവിശ്വാസങ്ങളോ ആണെന്നുമുള്ള ശാഠ്യങ്ങൾ, അക്ഷരാർത്ഥത്തിൽ, യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നതും, സ്വതന്ത്രചിന്തയെ മുളയിലേ നിരോധിക്കുന്നതുമാണ്. മനുഷ്യനെന്നാൽ, മനനമുള്ളവൻ എന്നർത്ഥം. മനനത്തെ അഥവാ ചിന്തയെ നൈസർഗ്ഗികമായി ഒഴുകാൻ അനുവദിക്കാത്തപക്ഷം, അതിന്റെ സ്വാഭാവിക പരിണതിയെന്നോണം നിഷേധം സമാരംഭിക്കും. ചിന്തയുടെ വ്യാപനത്തിലെ പ്രാഥമിക ഘട്ടമെന്നതിനാൽ, അനിവാര്യവുമാണത്. എന്നാൽ, നിഷേധം അതിൽത്തന്നെ ഒരു പ്രമാണമാവുമ്പോൾ അത്, അർത്ഥമില്ലായ്മയുടെ സ്വാതന്ത്ര്യത്തെ പ്രഘോഷിക്കുന്ന മറ്റൊരു മതമായി പരിണമിക്കുന്ന ദുരന്തമാണ് നാമിന്നു കാണുന്നത്. ബുദ്ധിയുള്ള മനുഷ്യൻ, യുദ്ധത്തിനായി കോപ്പുകൂട്ടുന്നുവെന്നതാണ് പരിതാപകരവും അതിലുപരി അത്യന്തം ഭയാനകവുമായ ദൃഷ്ടാന്തം. അതായത്, വിശ്വാസം ഉള്ളവനും ഇല്ലാത്തവനും ഫലത്തിൽ സമാനമായി പരിതോവസ്ഥകളോട് പ്രതികരിക്കുന്നു; മതം ആർത്തിയുടെ ഈറ്റില്ലവും, മതനിഷേധം അർത്ഥമില്ലായ്മയുടെ വിളംബരങ്ങളുമാകുന്ന കെട്ടുകാഴ്ചയാണ് മുഖ്യധാരാ സമൂഹത്തിന്റെ പരിശ്ചേദം! വിശ്വമാനവികതയുടെ ഹൃദയത്തിലേറ്റിരിക്കുന്ന ഏറ്റവും വലിയ മുറിവാണിത്.

മതപരമായ ചപലതകൾക്കും സൃഷ്ടിവാദത്തിനും ഒരു ബദലെന്ന രീതിയിൽ, നിരീശ്വരയുക്തിവാദം (Atheism) മുന്നോട്ടുവെക്കുന്ന പരിണാമസിദ്ധാന്തവും അതിജീവനശാസ്ത്രവും (Survival of the fittest) തികച്ചും യാന്ത്രികമാണ്. കൂടാതെ, ബോധത്തെയും, പരിണാമപരമായി ജീവിവർഗ്ഗങ്ങളിൽ ആവിർഭവിച്ചിട്ടുള്ള, നിഷ്കാമകർമ്മമുൾപ്പെടെ വിവിധങ്ങളായ മൂല്യങ്ങളെയും കുറിച്ച് സമഗ്രമായതൊന്നും അവതരിപ്പിക്കാൻ അതിനു കഴിയുന്നുമില്ല. അങ്ങനെ നോക്കുമ്പോൾ, മെറ്റീരിയലിസത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന മുഖ്യധാരാ ശാസ്ത്രസമീപനത്തിന്, നിരീശ്വരയുക്തിവാദം കൽപ്പിച്ചുകൊടുത്തിരിക്കുന്ന അപ്രമാദിത്വം (Infallibility) ഒരു മിഥ്യാബോധം മാത്രമാണെന്നും കാണാം. ധിഷണാവ്യാപനത്തിന്റെ ഒന്നാംഭാഗം എന്ന നിലയ്ക്ക്, പരിണാമം അന്ധവും യാദൃശ്ചികവുമായ (Blind Coincidence) ഒരു പ്രക്രിയയാണെന്നുള്ള മെറ്റീരിയലിസ്റ്റ് പ്രപഞ്ചവീക്ഷണത്തെ (Paradigm) താർക്കികമായി (Rhetorical) പ്രതിരോധിക്കാൻ ശ്രമിക്കുകയാണിവിടെ. താഴെപ്പറയുന്നവ, ന്യായമോ (Logic), ഒരുപക്ഷേ ന്യായവൈകല്യങ്ങളോ (Logical Fallacies) ആയി ഏതൊരാൾക്കും കണക്കിലെടുക്കാവുന്നതാണ്. വ്യക്തിയുടെ മാനസിക ഘടനയും, വസ്തുനിഷ്ഠമായ കാര്യഗ്രഹണശേഷിയും, മതപരമോ പ്രത്യയശാസ്ത്രപരമോ ആയ മുൻവിധികളും, വ്യക്തിയുടെതന്നെ കേവലവും സ്വതന്ത്രവുമായ ഇഷ്ടാനിഷ്ടങ്ങളും, ഈ വാദങ്ങളെ ഏതുവിധം നിർദ്ധാരണം ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന സ്വയംപ്രേരകത്വങ്ങളാണ്.     

പരിണാമം 'അന്ധ'മായൊരു പ്രക്രിയയാണെന്ന് മെറ്റീരിയലിസം വിശ്വസിക്കുന്നു, അല്ലെങ്കിൽ അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും പ്രഥമമായ ചോദ്യമിതാണ്: "അന്ധവിശ്വാസങ്ങളോട് എന്തിനിത്ര കടുത്ത നിലപാട് ഉണ്ടാവണം; അതായത്, അന്ധമായി പരിണമിച്ചത് അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ, അവയോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നതുവഴി, മറ്റൊന്ന് സാധ്യമാണെന്നുള്ള യുക്തി, എന്തിലേക്കുള്ള സൂചനയാണ് തരുന്നത്? താത്ത്വികമായി, 'ഉള്ളായ്മയാണ്' അതിന്റെതന്നെ അഭാവത്തെക്കുറിച്ചുള്ള സങ്കല്പം ഉണ്ടാക്കുന്നത്. അതിനുവേണ്ടി, ഇങ്ങനെയൊരു പ്രസ്താവന സങ്കൽപ്പിക്കുക: "എന്റെ ബുദ്ധി അന്ധമാണെന്ന് എന്റെ ബുദ്ധി പറയുന്നു". ഇവിടെ, "​If ​a proposition implies its own negation​,​ it is false" എന്ന സാർവത്രികമായ തത്ത്വപ്രകാരം, മേല്പറഞ്ഞത് ഒരു പൂർവാപരഃ വൈരുധ്യമാണെന്ന് (Empirical Fallacy) കാണാം. അതായത്, പരാമൃഷ്ട പ്രസ്താവന തെറ്റാണെങ്കിൽ, എന്റെ ബുദ്ധി 'അന്ധമല്ല' എന്നുസാരം. യുക്തിവാദത്തെ സംബന്ധിച്ച്, പരിണാമം അന്ധമാണെങ്കിലും, അന്ധമായി പരിണമിച്ച യുക്തിബോധത്തിന്റെ അനുമാനശക്തിയെ​,​ അന്ധമായിത്തന്നെ വിശ്വസിച്ചാശ്രയിക്കേണ്ടിവരുന്ന വളരെ വിചിത്രമായൊരു സാഹചര്യമാണ് ഇവിടെ നിലവിൽ വരുന്നത്. അതായത്, പരിണാമത്തിനും, പരിണമിച്ചുണ്ടായവയ്ക്കും അതിൽത്തന്നെ ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ, അതേ പരിണാമത്തിന്റെ ഉൽപ്പന്നമെന്ന് കരുതപ്പെടുന്ന നമ്മുടെ യുക്തിബോധം ലക്ഷ്യപൂർണ്ണമായിരിക്കരുത്; അതിന്റെ അനുമാനം വിശ്വാസയോഗ്യവുമായിരിക്കരുത്. ഒരു നാസ്തികനെ സംബന്ധിച്ചിടത്തോളം, ചിന്തയിൽ യുക്തിപരവും, തന്റെ നിഷേധത്തിന്റെ ഉപാധി എന്നതലത്തിൽ പ്രവർത്തന വൈരുധ്യവുമാണിത്. നിർഭാഗ്യവശാൽ ഈ വൈരുധ്യം അയാളുടെ ചിന്താപരിധിയിൽ കടന്നുവരുന്നതേയില്ല​. ആയതിനാൽ, യുക്തിബോധത്തിന്റെ അനുമാനശക്തി വിശ്വാസയോഗ്യമാണെന്ന നാസ്തികന്റെ നിലപാടും, പരിണാമം അന്ധമാണെന്ന അയാളുടെ പ്രപഞ്ചവീക്ഷണവും, മേൽപ്പറഞ്ഞ പ്രസ്താവനപോലെ, പൂർവാപരഃ വൈരുധ്യങ്ങളാണെന്ന് കാണാവുന്നതാണ്.    

'കാരണ'ത്തിന്റെ (Cause) നിലനിൽപ്പ് സ്വതന്ത്രമാണ് എന്ന മുൻവിധി, 'നമ്മുടെ അനുമാനങ്ങൾ ശരിയാണ്' എന്നതിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു. കാരണ - കാര്യബന്ധിതമായാണ് 'ചിന്ത'യെന്ന യുക്തിബോധത്തിന്റെ ഉപാധി സത്യമന്വേഷിക്കുന്നത്. ചിന്ത വ്യാപരിക്കുന്നതും, അനുമാനങ്ങളിൽ എത്തിച്ചേരുന്നതും, കാരണ - കാര്യബന്ധത്തെ (The Principle of Causation) പ്രമാണമായി എടുത്തുകൊണ്ടാണ്. പ്രമാണമെന്നാൽ തെളിവ് ആവശ്യമില്ലാത്തതെന്തോ, അത്. അതായത്,  'ഒന്ന് + ഒന്ന് = രണ്ട്' (1+1 = 2) എന്ന ഗണിതക്രിയ ശരിയാണ് എന്ന് നമ്മൾ അനുമാനിക്കുന്നത്, 'ഒന്ന്' എന്ന സംഖ്യയുടെ നിലനിൽപ്പ്  സ്വതന്ത്രമാണെന്നതിനാലും, രണ്ടൊന്നുകൾ കൂട്ടിയാൽ രണ്ടാണ് എന്ന ഗണിതശാസ്ത്രപരമായ മുൻവിധിയാലുമാണ് (എന്തുകൊണ്ട് 'ഇമ്മിണി വലിയ ഒന്ന്' അല്ല എന്നത് ചിന്തനീയമാണ്). ഇവിടെ, സംഖ്യകളും അവയുടെ ക്രിയയും പ്രമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്, 'ഒന്ന്' കാരണവും 'രണ്ട്' കാര്യവുമായാണ്. അടിസ്ഥാന സംഖ്യകളുടെ സ്വതന്ത്രമായ നിലനിൽപ്പിനും, അവ തമ്മിലുള്ള ഗണിതക്രിയകളുടെ എപ്പിസ്‌റ്റമോളജിക്കും (Epistemology) തെളിവ് ആവശ്യമില്ല, കാരണം, മേൽസൂചിപ്പിച്ച പ്രകാരം അത്, ഗണിതശാസ്ത്രപരമായ മുൻവിധികളാണ് അല്ലെങ്കിൽ പ്രമാണങ്ങളാണ്. അപ്പോൾ, യുക്തിയും ബോധവും പരിണമിച്ചത്, അന്ധമായും യാദൃശ്ചികവുമായാണെന്നും അതിന് അതിൽത്തന്നെ ലക്ഷ്യബോധമില്ലെന്നും 'യുക്തിപരമായി' സ്ഥാപിക്കാൻ​,​ മേൽപ്പറഞ്ഞ അതേ ​കാരണ​ - കാര്യ​​യുക്തിയെത്തന്നെ ഗത്യന്തരമില്ലാതെ ആശ്രയിക്കേണ്ടിവരുന്നു. കാരണത്തിന് സത്താപരമായി സ്വതന്ത്രമായൊരു നിലനിൽപ്പുണ്ടെന്ന് (Ontological Existence) അവകാശപ്പെടുകയും, അതിലൂടെ സിദ്ധിച്ച കാര്യത്തിന്റെ (Effect) ലക്ഷ്യപൂർണ്ണമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയുമാണിവിടെ. സർവത്തിനും കാരണഭൂതമായൊരു പ്രപഞ്ചശക്തിയില്ല എന്നനുമാനിക്കുന്നവർ, അതില്ല എന്നു 'വീണ്ടും' പറയേണ്ടി വരുന്ന സാഹചര്യമാണ് മറ്റൊരു വൈരുദ്ധ്യം. ശൂന്യമായതിൽ ചിന്ത വ്യാപാരിക്കുകയില്ല എന്ന് അനുഭവത്താൽ സ്ഥിരീകരിക്കാനാവില്ല. ആയതിനാൽ, 'ഇല്ലാത്ത ഒന്നിനെ' നിഷേധിക്കാനാവില്ലെന്ന അതീവ ദുർഘടമായൊരു താത്ത്വികക്കടമ്പ, ഒരു നാസ്തികന് കുറുകെക്കടന്നേ മതിയാകൂ. ചുരുക്കത്തിൽ നാസ്തികയുക്തിവാദം, അടിസ്ഥാനപരമായി പൂർവാപരഃ വൈരുധ്യങ്ങൾ നിറഞ്ഞുനിൽക്കുന്നതും, താത്ത്വികമായി സ്വതന്ത്രമായൊരു നിലനില്പില്ലാത്തതുമായ ധൈഷണിക വ്യായാമവും, അതിനാൽത്തന്നെ ഇന്റലെക്ച്വൽ പാത്തോളജിയുമാണ് (Intellectual Pathology). 

പരിണാമം യാദൃശ്ചികവും അന്ധവുമായ പ്രക്രിയയാണെന്ന് വാദിക്കുന്നവർ, ബോധപൂർവം തമസ്കരിക്കുന്ന ഒരു പരമപ്രധാന വസ്തുതയുണ്ട്, ‘ഉപയോഗക്ഷമതയിലേക്കാണ് വസ്തു പരിണമിക്കുന്നത്’ എന്നതാണത്. ഉപയോഗക്ഷമമല്ലാത്തതൊന്നും പരിണമിച്ചിട്ടില്ല​ എന്നു പൂർണ്ണമായും അവകാശപ്പെടാനാവില്ലെങ്കിലും അത്, 'ഉപയോഗക്ഷമത' എന്ന സംഭാവ്യത അപരിമേയമായി നിലനിൽക്കുന്നതുകൊണ്ടാവണമല്ലോ? അൽപ്പംകൂടി വ്യക്തമാക്കിയാൽ, 'സുഖം' എന്ന താല്പര്യമാണ് പരിണാമത്തിന്റെ (വളർച്ചയുടെ) ചലനാത്മക സിദ്ധാന്തം. മൂർത്തമായ വസ്തുവിന്റെ ‘സുഖതാല്പര്യം’ എന്ന സഞ്ചാലകത്വത്തെ (Super Conductance) മുൻനിറുത്തി, പരിണാമം ആവിഷ്കാരോന്മുഖമാകുന്നത് അമൂർത്തവും സർവാധാരവും സച്ചിദാനവുമായ ആദിപ്രജ്ഞയിലേക്കുതന്നെയാണ്. ചുരുക്കത്തിൽ, പരിണാമത്തിന്റെ ലക്‌ഷ്യം, ബോധോർജ്ജം അതിന്റെതന്നെ അനന്തമായ സാധ്യതകളിലേക്കും മഹത്തായ സ്വാതന്ത്ര്യത്തിലേക്കും, വസ്തുവിലൂടെ ‘സ്വയം’ സജ്ജമാവുക എന്ന ആവിഷ്കാരവിനോദമാണ്. ​അങ്ങനെ നോക്കുമ്പോൾ, ഉപയോഗക്ഷമതയെ (Utility) മാറ്റിനിർത്തികൊണ്ട് പരിണാമത്തെ കുറിച്ച് ചിന്തിക്കാനാവില്ല എന്നതാണ് യുക്തിയുക്തത​. എന്നാൽ, യാദൃശ്ചികമായി ആവിർഭവിച്ചതാണ് ഈ 'ഉപയോഗക്ഷമത' എന്ന് പറയുമ്പോൾ ഉണ്ടാവുന്ന മറ്റൊരു സാങ്കേതിക പ്രശ്നമിതാണ്:  'യാദൃശ്ചികത' എന്ന വാക്കിന്റെ അർത്ഥം പോലും, മറ്റൊരിക്കൽക്കൂടി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നോ, സ്ഥിരമായൊരു നിയമം ബാധകമല്ലാത്തതെന്നോ ആണ്. അങ്ങനെയെങ്കിൽ​,​ 'പ്രതിഭാസങ്ങളും' യാദൃശ്ചികതയുടെ ഉത്പന്നം തന്നെയാവാതെ വഴിയില്ല. അപ്പോൾ, സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ചോദ്യമിതാണ്: "കേവലം യാദൃശ്ചികതയുടെ ഉത്പന്നമായ പ്രതിഭാസങ്ങൾ, എങ്ങനെയാണ് സ്ഥിരാങ്കങ്ങളാൽ ക്രമീകരിക്കപ്പെട്ട് നിലനിൽക്കുന്നത്"? സ്ഥിരതയില്ലാത്ത ചിലത്​,​ സ്ഥിരതയുള്ള മറ്റൊന്നിനു രൂപംകൊടുക്കുന്നു എന്നു പറയുന്നത്, യുക്തിഭദ്രമാണോ? ശാസ്ത്രീയമായ സത്യാന്വേഷണത്തിന്റെ രീതി, പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന സ്ഥിരതയുള്ള നിയമങ്ങൾ കണ്ടെത്തുക എന്നുള്ളത് മാത്രമായതുകൊണ്ട്, അതൊരിക്കലും ഒന്നിന്റെയും നിരാസമാകുന്നില്ല; അതിന് കഴിയുകയുമില്ല. പ്രകൃതിയുടെ നിർദ്ധാരണതത്ത്വം (The law of Natural Sellection) ആവിഷ്കൃതമായതും, എണ്ണമറ്റ ജീവജാലങ്ങളുടെ വിവിധ പ്രയാണഘട്ടങ്ങളിലൂടെ, പ്രപഞ്ചത്തിനും സ്വയമേവയും പ്രതിഫലിക്കാൻ കർമശേഷിയുള്ള മനുഷ്യന്റെ ആത്മതലത്തിന് ഹേതുവായതും, ‘ആകസ്മികതകളുടെ രംഗവേദി’ എന്ന് ശാസ്ത്രബോധം ഗ്രഹിച്ചിരിക്കുന്ന ക്രിയാമണ്ഡലത്തിൽ, ലക്ഷ്യപൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു പ്രയോജകശക്തിയാലാണെന്ന് (Causal Power) തിരിച്ചറിയാൻ നാസ്തികതയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, പരിണാമം അന്ധമാണെന്ന് കരുതണമെന്നുണ്ടെങ്കിൽ, അതിനൊരു പ്രേരണയാവുന്നത്, നാസ്തികതയുടെ അതിൽത്തന്നെയുള്ള ഈ ഉണർവില്ലായ്മയാണെന്ന് പറയേണ്ടിവരും. പ്രപഞ്ചത്തിന് അതീവസൂക്ഷ്മമായ സ്വയംസംഘടനമുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ്,​ ​ജൈവികമായതൊക്കെ, അതിന്റെ സുസ്ഥിതിയിൽ​ നിലനിൽക്കാൻ സഹായിക്കത്തക്കവണ്ണം ആവിർഭവിച്ച മൂല്യാത്മകപ്രതിഭാസങ്ങളുടെ (ഉദാ: മാതൃസ്നേഹം) തുടർച്ചയേക്കാളുപരി, തന്റെ കർമ്മമേഖലയും അതിന്റെ സ്വഭാവവും തിരഞ്ഞെടുക്കാൻമാത്രം സർവസ്വതന്ത്രമായി, മനുഷ്യചേതനയിൽ പ്രകടമാകുന്ന സ്വതന്ത്രേച്ഛയും പ്രജ്ഞയുമാണ്. 'ബയോസെൻട്രിസം' പോലുള്ള ദർശനങ്ങളിലേക്ക് ചില ഭൗതികശാസ്ത്രജ്ഞരെ എത്തിച്ച ഒരു വീക്ഷണമാണിത്. 

നിരീശ്വരയുക്തിവാദത്തിന്റെ അപ്പസ്തോലനായി ലോകമെമ്പാടും അറിയപ്പെടുന്ന ബയോളജിസ്റ്റ് ആണ് ഡോ.റിച്ചാർഡ് ഡോക്കിൻസ്. അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തെ ഏറെ കുഴപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ ഇവയാണ്:

1. ആറ്റത്തിന്റെ ചലന സ്വഭാവത്തിലെ അസ്ഥിരത
2. പ്രപഞ്ചത്തിന്റെ സ്വയം സംഘാടനം
3. മനുഷ്യബോധം (Human Consciousness)

ഇവമൂന്നും ആധുനിക ശാസ്ത്രലോകത്തിന് ഇന്നും ഒരെത്തുംപിടിയുമില്ലാത്ത കാര്യങ്ങളാണ്.  കൃത്യമായ ഊർജ്ജപഥങ്ങളിൽ ന്യൂക്ലിയസ്സിനെ ഭ്രമണം ചെയ്യുന്ന ഉപകണങ്ങളുടെ (Sub-atomic particles) വിസ്മയനീയമായ പ്രവേഗമാണ്, അടിസ്ഥാനകണം (Fundamental Building Block) എന്ന് നാമിതുവരെ തെറ്റായി ധരിച്ചിരുന്ന ‘അണു’വിനെ (Atom) തനതുരൂപത്തിൽ നിലനിർത്തുന്നത്. അതായത്, ഈ ‘ചലന’ മില്ലെങ്കിൽ, ആറ്റം എന്നൊരു ‘കട്ടിവസ്തു’ അടിസ്ഥാനപരമായി ഇല്ല. കുറച്ചുകൂടി ആഴത്തിലേക്ക് ചെന്നാൽ, ഊർജ്ജമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല എന്നതാണ് പരമാർത്ഥം.  ഊർജ്ജത്തെ കുറിച്ച് ക്വാണ്ടം മെക്കാനിക്സിന്റെ പുതിയ കണ്ടെത്തലുകൾ, ക്ലാസിക്കൽ ഭൗതികത്തിന്റെ സ്ഥിരതാസിദ്ധാന്തം അടിസ്ഥാനപ്പെടുത്തിയുള്ള പ്രപഞ്ചവീക്ഷണത്തെ മുഴുവനായി തള്ളിക്കളഞ്ഞിരിക്കുകയാണ്. കേവലം, ഒരു ആറ്റത്തിന്റെ ചലനഗതി പോലും പ്രവചിക്കാനാവാതെ ശാസ്ത്രമിന്ന് വല്ലാതെ കുഴങ്ങുകയാണെങ്കിലും, അതൊരു സർഗ്ഗാത്മകമായ പ്രതിസന്ധിയാണ്. 

ഉള്ളതെന്താണെന്ന് നമുക്കനുഭവപ്പെടുന്നമട്ടിൽ, അതിന്റെ നാമകരണവും (Nomenclature), മനുഷ്യന്റെ ഉപയോഗാർത്ഥം, പ്രപഞ്ചതത്ത്വങ്ങൾക്ക് അനുരൂപമായി, അടിസ്ഥാന വ്യവസ്ഥകളുടെ ക്രമാത്മകമായ വിപുലീകരണവുമാണ് ശാസ്ത്രം നിർവഹിക്കേണ്ട ധർമ്മം. അല്ലാതെ, പ്രപഞ്ചത്തിന്റെ അതിസൂക്ഷമവും ലക്ഷ്യപൂർണ്ണവുമായ സമീകരണം സാധ്യമാകേണ്ടത്, യാദൃശ്ചികമായി രൂപപ്പെട്ടുവെന്ന് മെറ്റീരിയലിസം കരുതുന്ന മനുഷ്യനെയും, അവന്റെ ഒന്നര കിലോഗ്രാം വരുന്ന തലച്ചോറിനെയും യുക്തിസഹമായി തൃപ്തിപ്പെടുത്തിക്കൊണ്ടു വേണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, തികച്ചും അപഹാസ്യമാണതെന്നു മാത്രമല്ല, ആ നിലപാട് ശാസ്ത്രീയ മനോവൃത്തിയായി (Scientific Temperament) പരിഗണിക്കാനുമാവില്ല. ഇത്തരമൊരു ഘട്ടത്തിൽ, സങ്കീർണ്ണപ്രതിഭാസങ്ങളെ അതിന്റെ ഘടകവസ്തുക്കളിലേക്ക് ചുരുക്കി നിർദ്ധരിച്ചു പഠിക്കുന്ന, നിലവിലുള്ള ശാസ്ത്രീയ മാതൃകയുടെ (Reductionism) പരിമിതിയെ, സവിനയം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അവിടെ, ‘ശാസ്ത്രീയത’ യുടെ ഒരു പുനർവായന സംഭവിക്കുകയും, ആ ക്രിയാത്മകസന്ധിയിൽ നിന്ന്, ബോധത്തെയും (Consciousness) വസ്തുവിനെയും (Matter) സമഗ്രമായി കൂട്ടിയിണക്കുന്ന മറ്റൊരു ‘സൂപ്പർ സയൻസ്’ ആവിർഭവിക്കുകയും ചെയ്യും. 

നിത്യജീവിതത്തിലെ ചില ദൃഷ്ടാന്തങ്ങൾ പോലും നമ്മുടെ നിർണ്ണയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല എന്നുമാത്രമല്ല, അവയെക്കുറിച്ച് വസ്തുനിഷ്ഠമെന്ന് കരുതിയേക്കാവുന്ന നിഗമനങ്ങൾ പോലും, വ്യക്തിയുടെ കേവലമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി മാറാം എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. നിരീശ്വരയുക്തിവാദത്തിന്റെ ആശയങ്ങളെ മേൽവിവരിച്ച പ്രകാരം ഖണ്ഡിക്കാമെങ്കിലും, അവയൊക്കെയും ദൈവാസ്തിത്വത്തിനുള്ള മതിയായ തെളിവുകളല്ല, മറിച്ച്, താർക്കികമായി ചില പൊതുവായ നിരീക്ഷണങ്ങൾ മാത്രമാണ്. ആസ്തികവും നാസ്തികവുമായ ആശയസംഘട്ടനങ്ങൾ പലപ്പോഴും എങ്ങനെയാണ് അവസാനിക്കുന്നതെന്നും, ഡോക്കിൻസിനെപ്പോലെ, മറ്റ് ആധുനിക ശാസ്ത്രജ്ഞരെയും കുഴപ്പിക്കുന്ന മൗലികമായ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും ധിഷണാവ്യാപനത്തിന്റെ അടുത്ത ഭാഗത്തിൽ വായിക്കുക.


jijobabyjose@gmail.com

Ph: 8301059625

1 comment:

  1. എന്റെ അഭിപ്രായത്തിൽ, ജിജോ ഒരുപാടു പ്രാവശ്യം വെട്ടിയും തിരുത്തിയും മനോഹരമാക്കിയ ഒരു ലേഖനമാണിതെന്നു കാണാം. ജിജോ ഇത്തരം എഴുത്തു മുടക്കേണ്ട, കാരണം ഈ തലത്തിൽ നിന്നു കൊണ്ട് കൗതുകത്തോടെ ഇത് വായിക്കുന്നവർ ഉണ്ടാകാം. എന്തൊക്കെയോ തെളിയിക്കാൻ ആവശ്യത്തിലേറെ പശ്ചാത്തലമൊരുക്കുന്നുണ്ടോയെന്നൊരു സംശയം. വായനക്കാർക്കു പരിചയമില്ലാത്ത വാക്കുകൾ വന്നാൽ ഒറ്റയടിക്ക് 'ആഴത്തിലുള്ളത്', 'ഗഹനം'... എന്നൊക്കെ വിശേഷിപ്പിച്ച് അവർ മാറ്റി വെക്കും. വായിക്കാതിരിക്കാൻ കാരണം തേടുന്ന വായനക്കാർക്ക് ഇരയാവാതെ ശ്രദ്ധിക്കുക. ഉള്ളിലുള്ളത് വായനക്കാർക്ക് ഒഴുക്കോടെ വായിക്കാൻ പാകത്തിൽ ഒരുക്കുകയെന്നത് ഒത്തിരി പ്രാക്റ്റീസ് ആവശ്യമുള്ള കല.

    ReplyDelete