Saturday, 13 February 2016

ഭഗവാന്റെ ലീലാവിലാസം!

ഗോപാലകൃഷ്ണനോളം ദൗർഭാഗ്യവാനായ ഒരു മനുഷ്യനെ ആരും ഇന്നേവരെ കണ്ടിട്ടുണ്ടാവില്ല. സാധാരണ എല്ലാവരും ശിക്ഷ മേടിക്കുന്നത് കുറ്റം ചെയ്തിട്ടാണെങ്കിൽ ഇവിടെ പാവം ശിക്ഷ മേടിച്ചത് കുറ്റം ചെയ്യാതെയാണെന്നതാണു സത്യം. 
ഒരു കാരണവും ഇല്ലായെന്ന് പറയാനാവില്ല, പക്ഷേ, അനുഭവിക്കേണ്ടി വന്നതിനു മാത്രം അപരാധങ്ങൾ അയാൾ  ചെയ്തിട്ടില്ല.
പട്ടാളത്തിൽ ഇന്റർവ്യൂവിനു വിളിച്ചാൽ പോകണ്ടേ? 
പോകണം, പക്ഷേ പോയതു വീട്ടിൽ പറഞ്ഞിട്ടായിരുന്നില്ലായെന്നത് അത്ര വലിയ തെറ്റാണോ? ഗോപാലകൃഷ്ണൻ പ്ലസ്‌ റ്റൂവും കഴിഞ്ഞു നിരവധി സ്ഥാപനങ്ങളിൽ ജോലിക്കപേക്ഷിച്ചു ബുദ്ധിമുട്ടിയ കാലം. തിരുവനന്തപുരം മുതൽ ഡൽഹിവരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഗോപാലകൃഷ്ണന്റെ റെസ്യും എത്തിയെന്ന് പറയാം. ആദ്യം താഴ്ന്ന ജോലിയാണ്‌ കിട്ടുന്നതെങ്കിൽ അതുപേക്ഷിച്ചിട്ട് വലിയ ജോലിയിൽ കയറാമല്ലോയെന്നു തന്നെയാണ് ഗോപാലകൃഷ്ണൻ കണക്കു കൂട്ടിയത്. 
ആദ്യം തന്നെ വല്യ ജോലി കിട്ടുക സ്വാഭാവികമല്ലെന്നും ഗോപാലകൃഷ്ണനറിയാമായിരുന്നു.
ലൈബ്രറി സന്ദർശനത്തിലൂടെ ഭാരതത്തിലുള്ള എല്ലാ കമ്പനികളിലേയും ജോലി ഒഴിവുകൾ ഗോപാലകൃഷ്ണനറിയാൻ സാധിക്കുന്നുണ്ടായിരുന്നു. 
വീടിന്റെ തൊട്ടടുത്തു പബ്ലിക് ലൈബ്രറി വന്നത് ദൈവാനുഗ്രഹമെന്നു തന്നെ കരുതി നാല്പ്പത്തിയൊന്നിനു പകരം അമ്പത്തിയാറു ദിവസത്തെ നോയമ്പുമെടുത്തു ശബരിമലക്കു പോയ ഗോപാലകൃഷ്ണൻ അശുഭമായതൊന്നും ജീവിതത്തിൽ പ്രതീക്ഷിച്ചില്ല. 
ഗോപാലകൃഷ്ണനറിയാമായിരുന്നു, ഈ ഏതാനും ദിവസങ്ങളെ എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കാനായി തനിക്കുള്ളൂവെന്ന്. അത് കൊണ്ട് രാവിലെ കാപ്പികുടി കഴിയുമ്പോഴേ ഒന്നുകിൽ വായനശാലയിൽ അല്ലെങ്കിൽ ആളുകൂടുന്ന കിഴക്കേ അമ്പലക്കവലയിലെ കലുങ്കിൽ ഗോപാലകൃഷ്ണനെ കാണാമായിരുന്നു.
കാര്യങ്ങൾ മതിയായത്ര ദീർഘവീക്ഷണത്തോടെ കാണാൻ അച്ചനുമമ്മക്കും കഴിഞ്ഞില്ല; അതു ഗോപാലകൃഷ്ണന്റെ തെറ്റാകുന്നതെങ്ങിനെ? 
എലാ ദിവസവും വിളക്കു വെയ്കുന്നതിനു മുമ്പ്  ഗോപാലകൃഷ്ണൻ വീട്ടിൽ വരും, നാമം ജപിക്കുന്നതിനു മുമ്പ് അഞ്ചു മിനിറ്റെങ്കിലും അമ്മ നാല് ദിക്കും മുഴങ്ങെ നാല് പ്രാക്ക് പ്രാകുകയും ചെയ്യുമായിരുന്നു.
'കുടുംബം വെളുപ്പിക്കാൻ ഒരു പൊട്ടൻ!' ഇതായിരിക്കുമായിരുന്നു അമ്മയുടെ അവസാനത്തെ സൂക്തം.
ഒരു മറുവാക്കു പറയാതെ ഗോപാലകൃഷ്ണൻ എല്ലാം സഹിക്കുമായിരുന്നു. അതും ഒരിക്കലും തെറ്റായിരിക്കാൻ ഇടയില്ലല്ലോ!
രാവിലെ പത്രവാർത്തകൾ മുഴുവൻ തലയിൽ കുത്തിക്കൊള്ളിച്ച് അതു വിതരണം ചെയ്യാൻ പോകുമ്പോൾ ഏതാണ്ട് ഒന്പതര കഴിയും. ആ സമയത്താണ് വടക്കെമുനയത്തെ ശാരദ കംപ്യുട്ടറ് പഠിക്കാൻ സുക്കർബെർഗ് ഇന്സ്ടിട്യുട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലെത്തുക. കണ്ടക്ടർ കരുണാകരന്റെ പെങ്ങളാണ്; ഇങ്ങോട്ടു ചിരിച്ചു കാണിക്കുമ്പോൾ അങ്ങോട്ടും ചിരിച്ചു കാണിക്കാതിരിക്കുന്നതല്ലേ തെറ്റ്? അങ്ങിനെയും ഒരു തെറ്റു ഗോപാലകൃഷ്ണൻ ചെയ്തില്ല.
ഗോപാലകൃഷ്ണൻ ആകെ ചെയ്ത തെറ്റ് പട്ടാളത്തിൽ സെലക്ഷൻ കിട്ടിയ കാര്യം ആരോടും പറഞ്ഞില്ലായെന്നതാണ്. എന്നും തന്നെ പൊട്ടാ പൊട്ടായെന്നു വിളിക്കുന്ന അമ്മയോടും അതിനെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനോടും ഗോപാലകൃഷ്ണന്റെയുള്ളിൽ കടുത്ത അമർഷമുണ്ടായിരുന്നുവെന്നു ഗോപാലകൃഷ്ണൻ തിരിച്ചറിഞ്ഞത് ജോയിനിംഗ് ഓർഡർ കയ്യിൽ കിട്ടിയപ്പോഴാണ്. 
പോസ്റ്റ് മാൻ കഴിഞ്ഞാൽ, ഈ ഓർഡർ കാണാൻ ഭാഗ്യം ലഭിച്ചത് ആ നാട്ടിൽ ഒരേയൊരാൾക്കു മാത്രം, ചായക്കടകാരൻ സുഗുണന്. സുഗുണനെ മാത്രം ഓർഡർ കാണിച്ചതിനും കാര്യമുണ്ട് - പറ്റെല്ലാം ഉടൻ തീർക്കുമെന്ന സന്ദേശം അയാൾക്ക്‌ കൊടുക്കാതിരിക്കാൻ ആവില്ലായിരുന്നു. ആ സുഗുണനോട് മൂവായിരം രൂപയും കടം വാങ്ങിക്കൊണ്ടാണ്, ഗോപാലകൃഷ്ണൻ ജോലിക്കു ചേരാൻ വണ്ടി കയറിയത്. സുഗുണനെന്തിനാ ചോദിച്ച പണം ചോദിച്ചപ്പോഴേ എടുത്തു തന്നതെന്ന് മനസ്സിലാക്കാനുള്ള പക്വത ഗോപാലകൃഷ്ണനുണ്ടായിരുന്നില്ല. ആരോടും പറയാതെയല്ലേ മമ്മൂട്ടിയും ചെന്നൈക്ക് ജോലി തേടി പോയതെന്നു സുഗുണൻ പറഞ്ഞതിന്റെ ഉദ്ദേശ്യവും ഗോപാലകൃഷ്ണന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. 
വണ്ടി തിരുവനന്തപുരത്തെത്തുന്നതിനു മുമ്പേതന്നെ ആയിരത്തിയഞ്ഞൂറു രൂപക്ക് വാങ്ങിയ നോക്കിയാ മൊബൈലിലേക്ക് ഡയറിയിലുള്ള എല്ലാ ഫോൺ നമ്പറുകളും ഗോപാലകൃഷ്ണൻ പകർത്തിയിരുന്നു. 
അച്ഛനെ വിളിക്കുന്നതിനു മുമ്പ് സുഗുണനെ വിളിച്ചു ഫോൺ ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചത് എങ്ങിനെ തെറ്റാകും?
ഒരു തെറ്റും ചെയ്യാത്ത ഗോപാലകൃഷ്ണൻ ആദ്യം അറിഞ്ഞത് ശാരദ അവിഹിത ഗർഭം ധരിച്ചിരിക്കുന്നുവെന്ന വാർത്തയാണ്. ആ വാർത്ത കാട്ടു തീയേക്കാൾ വേഗത്തിലാണ് നാടു മുഴുവൻ പ്രചരിക്കുന്നതെന്നും സുഗുണൻ പറഞ്ഞു; ഇനി ഇങ്ങോട്ടു വരാതിരിക്കുകയാ നല്ലതെന്നും സുഗുണൻ ഉപദേശിച്ചു. ഗോപാലകൃഷ്ണന് ഒന്നും മനസ്സിലായില്ല. തന്റെ പേരാണ് നാട്ടുകാർ  പറയുന്നതെന്ന് സുഗുണൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി.
ഗോപാലകൃഷ്ണന്റെ തിരോധാനം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നതും സുഗുണനായിരുന്നു. ഗോപാലകൃഷ്ണനെ സംശയിക്കാൻ കാരണമുണ്ടെന്നാദ്യം പറഞ്ഞതും സുഗുണനായിരുന്നു. ഒരിക്കലും മുടങ്ങാതെ വായനശാലയിൽ എത്തുമായിരുന്ന ഗോപാലകൃഷ്ണന്റെ പെട്ടെന്നുള്ള തിരോധാനം എല്ലാവരേയും അമ്പരപ്പിച്ചുവന്നു പറയാതെ വയ്യ. എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. 
എല്ലാവരുടേയും ആത്മഗതങ്ങൾ ഒരേപോലെയിരുന്നു - 'അവനിത്ര ഭയങ്കരനാണെന്നോർത്തില്ല!' 

എന്ത് നന്മ ചെയ്തിട്ടാ ഈ അപവാദം തന്റെ തലയിൽ നിന്നൊഴിയാനൊരു വഴിയുണ്ടായതെന്നു സുഗുണനോ, എന്ത് തെറ്റു ചെയ്തിട്ടാ ഇങ്ങിനെയൊരപവാദം കേൾക്കേണ്ടി വന്നതെന്ന് ഗോപാലകൃഷ്ണനോ മനസ്സിലായില്ല. 
ഭഗവാന്റെ ലീലാവിലാസം! അല്ലാതെന്തു പറയാൻ?

No comments:

Post a Comment