Monday 14 July 2014

ഊര്ജ്ജം സമാഹരണം – 9

സ്ഥൂലശരീരം ഊര്‍ജ്ജശരീരം  എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഇതൊക്കെ വെറും ഭാവനകള്‍ എന്ന് കരുതരുത്. ചേതന വസ്തുക്കള്‍ക്ക് ചുറ്റുമുള്ള സൂഷ്മോര്‍ജ്ജ ശരീരത്തിന്‍റെ സാന്നിദ്ധ്യം ആര്‍ക്കും അറിയാം, വളരെ ലഘുവായ പരീക്ഷണങ്ങളിലൂടെ. അരണ്ട വെളിച്ചത്തില്‍ ഇളം ഷേഡുള്ള ഒരു ഭിത്തിയില്‍ നിന്നും ഒരടി മാറി ഒരാളോട് അനങ്ങാതെ നില്‍ക്കാന്‍ പറയുക. തുടര്‍ന്ന്, ഒരഞ്ചാറടി അകലത്തില്‍ നിന്ന് കൊണ്ട് ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആളിന്‍റെ ശിരസ്സിലേക്ക് നോക്കുക. ശിരസ്സിനു ചുറ്റുമുള്ള ഊര്‍ജ്ജ ശരീരത്തിന്‍റെ വെളിച്ചം കാണണമെങ്കില്‍ കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നത് തലയിലായിരിക്കരുത്, പകരം ഭിത്തിയിലായിരിക്കണം. ഇങ്ങിനെ ഓഫ് ഫോക്കസ്സില്‍ നോക്കി പരിശീലിച്ചാല്‍ കൂടുതല്‍ വ്യക്തമായി ഊര്‍ജ്ജ ശരീരം കാണാന്‍ കഴിയും. ഇപ്പറഞ്ഞതുപോലെ ശിരസ്സിനു ചുറ്റുമുള്ള ഒരു വലയം കാണാന്‍ കഴിഞ്ഞാല്‍, ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആളിനോട്‌ ശിരസ്സ്‌ വളരെ സാവധാനം ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കാന്‍ പറയുക. നിങ്ങള്‍ കണ്ട പ്രകാശ വലയം ശിരസ്സിനെ അനുധാവനം ചെയ്യുന്നത് അപ്പോള്‍ കാണാന്‍ കഴിയും. എല്ലാവരിലും ഇതാവര്‍ത്തിച്ചാലോ, എല്ലാവരും ഇങ്ങിനെ ശ്രമിച്ചാലോ ഫലം ഒന്നായിരിക്കില്ല. ഉള്ളം കൈകള്‍ നന്നായി ഏതാനും പ്രാവശ്യം ഉരസ്സിയത്തിനു ശേഷം, ഇവ മുഖാമുഖം പിടിച്ചു സാവധാനം അകറ്റുകയും അടുപ്പിക്കുകയും ചെയ്യുക, അപ്പോള്‍ ഒരു കാന്തിക മേഖലയിലെന്നപോലെ ഇടയില്‍ ഒരു ബലം അനുഭവപ്പെടുന്നത് കാണാം.

വസ്ത്രം കൊണ്ട് മറയ്കപ്പെടാത്തതും ഏറ്റവും ശക്തിയായി സൂഷ്മോര്‍ജ്ജ പ്രസരണം അനുഭവപ്പെടുന്നതുമായ ഒരു ശരീരഭാഗമായതുകൊണ്ടാണ് തലക്ക് ചുറ്റുമുള്ള പ്രകാശം എളുപ്പത്തില്‍ കാണാന്‍ കഴിയുന്നത്‌. അരണ്ട വെളിച്ചത്തില്‍ ഓഫ് ഫോക്കസില്‍ വൃക്ഷത്തലപ്പുകളുടെ മുകളില്‍ നോക്കിയാലും ഒരു പ്രകാശം കാണാന്‍ കഴിയും. ഭൂഗോളത്തിന് ചുറ്റും കിഴക്ക് നിന്ന് പടിഞ്ഞോട്ടും വടക്ക് നിന്ന് തെക്കോട്ടുമായി സൂഷ്മോര്‍ജ്ജ രശ്മികള്‍ സദാ ചലിച്ചുകൊണ്ടിരിക്കുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഈ ഊര്‍ജ്ജം ശരീരത്തില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് വിവസ്ത്രരായി സൂര്യസ്നാനം നടത്തുന്നതും, തീവ്ര താപസ്സര്‍ ദിഗംബരരായി ജീവിക്കുന്നതുമൊക്കെ. അന്തരീക്ഷത്തിലൂടെ ലഭിക്കുന്ന സൂഷ്മോര്‍ജ്ജത്തിലെ വ്യത്യസ്ഥ തലങ്ങളുമായാണ് സ്ഥൂല ശരീരം പ്രതിപ്രവര്‍ത്തിക്കുന്നത്‌. ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്ഥ നിറങ്ങളിലാണല്ലോ ആയിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള കണ്ണാടികളിലൂടെ ചില പ്രത്യേക തരംഗങ്ങള്‍ മാത്രം കടത്തിവിട്ട് രോഗശമനം സാധ്യമാക്കുന്ന ക്രോമോതെരാപ്പി പ്രായോഗികമായ ഒരു ചികിത്സാ സമ്പ്രദായം ആണ്.

ഒരേ രീതിയിലുള്ള ഊര്‍ജ്ജ ശരീരങ്ങളുമായല്ല എല്ലാവരും ജനിക്കുന്നത്. വ്യത്യസ്ഥ കഴിവുകളും വ്യത്യസ്ഥ സിദ്ധികളുമായാണ് ഓരോരുത്തരും ഇവിടെ ആയിരിക്കുന്നത്. വി. ബൈബിളില്‍ താലന്തുകളുടെ ഒരുപമയുണ്ട്. യജമാനന്‍ മൂന്നു സേവകര്‍ക്ക് താലന്തുകള്‍ കൊടുത്തത് ഒരുപോലെയല്ല, അവരത് പ്രയോജനപ്പെടുത്തിയതും ഒരുപോലെയല്ല. പാടുക, പ്രസംഗിക്കുക, അഭിനയിക്കുക, ചിത്രം വരക്കുക തുടങ്ങിയുള്ള 52ഓളം വിശേഷ ശേഷികള്‍ മന:ശാശ്ത്രജ്ഞമാര്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴെട്ട് ഇനങ്ങളിലെങ്കിലും ഓരോരുത്തരും പ്രവീണരായിരിക്കുമെന്നും, രണ്ടെണ്ണത്തിലെങ്കിലും അതിമാനുഷികശേഷിയുള്ളവരായിരിക്കും എന്നുമാണ് അവരുടെ നിഗമനം. വ്യക്തിഗതമായ ഇശ്ച അവഗണിച്ച് സമൂഹ ഇശ്ചയുടെ പിന്നാലെ പോകുന്നവരാണ് ഒരിടത്തും മുദ്രകള്‍ പതിപ്പിക്കാനാവാതെ ജീവിതം ചിലവിടുന്നത്‌.

വിശേഷ സിദ്ധികളുടെ കാര്യത്തിലും ഈ വേര്‍തിരിവുണ്ട്. സിദ്ധികള്‍ 32 എന്നാണ് ഭാരതീയ ആചാര്യന്മാര്‍ പറയുന്നത്. ചിലര്‍ക്ക് ദര്‍ശനവരമായിരിക്കും ജന്മനാ ഉള്ളത്, ചിലര്‍ക്ക് പ്രവചന വരമായിരിക്കാം, ചിലര്‍ക്ക് രോഗശാന്തി വരമായിരിക്കാം അല്ലെങ്കില്‍ ഒന്നിലേറെ സിദ്ധികളായിരിക്കാം ഉള്ളത്. ചിലര്‍ക്ക് ഒന്നും ഉണ്ടായിരിക്കണമെന്നുമില്ല.  സിദ്ധികള്‍ ഉള്ളവര്‍ സാമാന്യ ബോധതലത്തിനപ്പുറമുള്ള ഒരു ബോധമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നര്‍ത്ഥം. ഈ സിദ്ധികള്‍ സ്വന്തം ആത്മനവീകരണത്തിനല്ലാതെ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. വാന്‍ഗോഗ് നക്ഷത്രപഥങ്ങളുടെ ചിത്രം ആന്‍റിക്ലോക്ക് വൈസ് സ്പൈറല്‍ രൂപത്തില്‍ വരച്ചപ്പോള്‍ അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു. അതാണ്‌ സത്യമെന്ന് മനുഷ്യന് ബോദ്ധ്യമാകാന്‍ പിന്നെയും ഏറെ ദശാബ്ദങ്ങള്‍ വേണ്ടി വന്നു. കുണ്ഡലിനി എന്ന ശക്തിസുന്ദരി സര്‍പ്പത്തിനെപ്പോലെ മൂന്നര ചുറ്റുമായി ഈ ദിശാരീതിയില്‍ തന്നെയാണ് ശരീരത്തിലെ മൂലാധാരത്തില്‍ വിശ്രമിക്കുന്നത്.

പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ട ഊര്‍ജ്ജം, അത് സ്ഥൂലമായാലും സൂഷ്മമായാലും ഇവിടെ സമൃദ്ധമായിട്ടുണ്ട്. ദൈവം ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ അത് അളന്നു തിട്ടപ്പെടുത്താന്‍ മനുഷ്യന് ആയിട്ടുമില്ല, ആവുകയുമില്ല. ശ്വസിക്കാനുള്ള വായുവിന്‍റെ കാര്യത്തിലാണെങ്കിലും കുടിക്കാനുള്ള വെള്ളത്തിന്‍റെ കാര്യത്തിലാണെങ്കിലും സ്ഥിതി വിഭിന്നമല്ല. വേണ്ട ഊര്‍ജ്ജം യഥേഷ്ടം ആര്‍ജ്ജിക്കാനുള്ള മാര്‍ഗ്ഗങ്ങളും പ്രപഞ്ചം ഇവിടെത്തന്നെ ഒരുക്കിയിട്ടുണ്ട്. ആ ഊര്‍ജ്ജപ്രവാഹത്തിന്‍റെ തരംഗഭാവത്തില്‍ നിന്ന് അകന്നു പോകുന്നവയ്കാണ് ആ ഊര്‍ജ്ജം ലഭിക്കാതെ പോകുന്നത്. ഈ പ്രപഞ്ചത്തിലുള്ള  സര്‍വ്വതും, അത് ഗ്രഹമോ, ഉപഗ്രഹമോ നക്ഷത്രമോ ജീവനോ പ്രകൃതിയോ എന്തുമാകട്ടെ വ്യത്യസ്ഥ ഋതങ്ങളില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു, സൂഷ്മതലത്തിലും സ്ഥൂലതലത്തിലും. ഇതിന്‍റെ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും ഒക്കെ ഉണ്ടാവുന്നത്. നവഗ്രഹങ്ങളുടെയും ചൈതന്യത്തെ വിവിധ് കോണുകളിലൂടെ സ്വീകരിച്ചു ഭൂഗോളത്തിന് പ്രയോജനകരമായ രീതിയില്‍ വിന്യസിപ്പിക്കുന്ന കൈലാസം പോലുള്ള (ജ്യോമെട്രിക്കലായി നോക്കിയാല്‍ ഉത്തമമായ) നിരവധി കേന്ദ്രങ്ങള്‍ ഭൂമിയിലുണ്ട്. 

അന്തരീക്ഷ വായുവിലെ മോളിക്യൂളുകള്‍ സ്ഥിരമായി പോസിറ്റിവോ നെഗറ്റിവോ ചാര്‍ജ്ജുള്ള കണികകളായി വിഭാജിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഇതിനുള്ള ഊര്‍ജ്ജം ഇടിമിന്നല്‍, കോസ്മിക് രശ്മികള്‍, സൂര്യന്‍, ജലധാരകള്‍ എന്നിവയില്‍ നിന്നാണ് ലഭിക്കുന്നത്. നെഗറ്റിവ് പോസിറ്റിവ് കണികകളുടെ അനുപാതം തുല്യമായിരിക്കുന്ന പുണ്യ സ്ഥലങ്ങളില്‍ കേദാര്‍നാഥ്, ഗംഗോത്രി മുതലായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഭാരതീയര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത് ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ്. നവഗ്രഹോര്‍ജ്ജം സമാഹരിക്കുവാന്‍ സഹായിക്കുന്ന രീതിയിലാണ് ശ്രീകോവിലിന്‍റെ നിര്‍മ്മാണം. ക്ഷേത്രത്തിന്‍റെ താഴികക്കുടം നെഗറ്റിവ് അയോണുകളുടെ ശക്തിയേറിയ ഒരു സ്വീകരണിയാണ്. താഴികക്കുടത്തില്‍ സ്ഥാപിക്കുന്ന നാണയ രൂപത്തിലുള്ള ഇറിഡിയം ആണ് ഇതിന്‍റെ പ്രധാന കേന്ദ്രം. ഇതിന് 2000 ഡിഗ്രി സെല്‍ഷിയസ് വരെയുള്ള ചൂട് താങ്ങാന്‍ ശേഷിയുണ്ട്. 

വിഷമയമുള്ള ഭക്ഷണങ്ങള്‍, വെള്ളം, വായു, പരിസ്ഥിതി ഇവയുടെ ഒക്കെ സ്വാധീനത്തില്‍ ജീവജാലങ്ങളുടെ സ്പന്ദനതാളം തെറ്റും. ദുര്‍ചിന്തകളും ഈ ഗതിക്കു ആക്കം കൂട്ടും. പ്രകൃതി ജീവനോപാധികള്‍, പ്രകൃതി ചികിത്സ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മൂലസ്പന്ദന താളങ്ങളില്‍ ശരീരത്തെ കൊണ്ടുവരാന്‍ കഴിയും. അതുപോലെ പ്രായോഗികമാണ് യോഗാ പരിശീലനവും ഓം പോലുള്ള മന്ത്രോച്ചാരണങ്ങളും, ധ്യാന കര്‍മ്മങ്ങളും, അത് പോലുള്ള കര്‍മ്മാനുഷ്ടാനങ്ങളും. അതിലൂടെയും രോഗസൌഖ്യം സാദ്ധ്യമാകും. ചെയ്യും. ചെടികള്‍ക്ക് രാസവളം ഉപയോഗിക്കുമ്പോഴും ചെടികള്‍ എളുപ്പത്തില്‍ രോഗഗ്രസ്തമാകുന്നു. അവ കഴിക്കുന്ന മനുഷ്യരും രോഗികളാവാന്‍ അത് സഹായിക്കുന്നു. ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ഈ സത്യവും ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.

PREVIOUS                  NEXT

3 comments:

  1. ഇത്രയും വിശദമായും സാങ്കേതികധ്വനികളോടെയും ആത്മശരീരോർജ്ജങ്ങളെപ്പറ്റിയും അവയെ നിയന്ത്രിച്ചും വികസിപ്പിച്ചും കൊണ്ടുനടക്കേണ്ട രീതികളെപ്പറ്റിയുമൊക്കെ വായിക്കുമ്പോൾ ഞാൻ തികച്ചും ഏതോ മന:പ്രയാസത്തിന്റെ അങ്കലാപ്പിലായിപ്പോകുകയാണ്. ആദ്ധ്യാത്മികമായ മികവിലേയ്ക്ക് നയിക്കേണ്ട പാതയിൽ ഗുരുക്കന്മാരും പണ്ഡിതരുമൊക്കെ തിരഞ്ഞുപിടിച്ച് കുറിച്ചുവച്ചിട്ടുള്ള വിഭവങ്ങളാണല്ലോ ഇവയൊക്കെ. എന്നാൽ ഇതൊക്കെ ആനന്ദത്തെ തേടുന്ന സാധാരണക്കാരന്‌ ആവശ്യമുണ്ടോ. പരമാനന്ദപ്രാപ്തി യെന്നത് സാധാരണ ജീവിതം നയിക്കുന്ന ഏതൊരാള്ക്കും അനായാസം എത്തിച്ചേരാവുന്ന ഒന്നായിരിക്കേണ്ടതല്ലേ? ആയിരിക്കണം എന്നാണ് യേശു പഠിപ്പിച്ചത്. അതാണ്‌ ഭഗവത് ഗീതയും പഠിപ്പിക്കുന്നത്. 'ഏതു സാധാരണ ജീവിതകർമം ചെയ്തുകൊണ്ടിരിക്കുന്നവനും എന്നെ ശരണം പ്രാപിച്ചാൽ എന്റെ പ്രസാദംകൊണ്ട്, നിത്യമായ, ഒരിക്കലും നീക്കുപോക്കുവരാത്ത ആനന്ദപദം (ബ്രഹ്മസ്ഥിതി) പ്രാപിക്കുകതന്നെ ചെയ്യും എന്നു് ഗീതയുടെ അവസാനത്തെ അദ്ധ്യായം അന്പത്താറാം ശ്ളോകത്തിൽ നാം വായിക്കുന്നു.

    ഇളവില്ലാതെ ഓടിനടന്ന് പണിയെടുക്കുന്നവർക്ക് പോലും, ദൂരദേശങ്ങളിൽ തീർഥാടനത്തിനു പോകാതെയും ചെലവുള്ള യജ്ഞം ചെയ്യാതെയും യാഗങ്ങളും ഹോമബളികളും നടത്താതെയും ദൈവപ്രസാദത്തിന്റെ ധന്യതയിൽ ജീവിക്കാനാവും എന്നു തന്നെയാണ് അതിനർഥം.

    ഞാനിതു വെറുതേ കുറിക്കുകയല്ല. എനിക്ക് നല്ല പരിചയമുള്ള ഒന്നിൽകൂടുതൽ ഉദാഹരണങ്ങൾ നിരത്താനുണ്ട്. ഉദാ. എന്റെയൊരു സുഹൃത്ത്, പത്തുമുപ്പതു വർഷം ഉന്നതമായ ഉത്തവവാദിത്വം ഏറ്റെടുത്ത് വളരെപ്പേർക്ക് നേതൃത്വം കൊടുത്ത്, അതിമനോഹരമായ ഒരു സ്ഥലത്ത് ജീവിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉടുത്തിരുന്ന വസ്ത്രമൊഴിച്ചുള്ളതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. ലാളിത്യത്തോടുള്ള അഭിവാഞ്ച മാത്രമായിരുന്നു കാരണം. ഇന്നദ്ദേഹം ആരോ കൊടുത്ത പഴയ വസ്ത്രങ്ങളും ഭക്ഷണം പാകം ചെയ്യാനുള്ള അത്യാവശ്യ ഉപകരണങ്ങളും അല്ലറചില്ലറ വസ്തുക്കൾ സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള ഒരു പെട്ടിയും ഇവകളെ സൂക്ഷിക്കാനും കിടക്കാനുമായി മങ്കട്ടകൊണ്ട് സ്വയം നിർമിച്ച ഒരു മുറിയും മാത്രമായി, കൂലിപ്പണി ചെയ്തു ജീവിക്കുന്നു. എന്റെ ഈ സുഹൃത്ത് മേല്പറഞ്ഞ ബ്രഹ്മാവസ്തയിലാണെന്നാണ് എന്റെ വിശ്വാസം. നേരം കിട്ടുമ്പോൾ തന്റെ കരവിരുതുകൊണ്ടുണ്ടാക്കിയ ഉപകാരമുള്ള ഓരോരോ സാധനങ്ങൾ ആവശ്യക്കാർക്ക് കൊടുക്കുന്നതിൽ അദ്ദേഹം സന്തോഷിക്കുന്നു. ഒരിടത്തും പറ്റിപ്പിടിക്കാത്ത സ്വാതന്ത്ര്യത്തിന്റെ ഉടമകളായിട്ടാണ് ഇത്തരം വ്യക്തികളെ ഞാൻ കാണുന്നത്. അതാണ്‌ ആ ജീവിതത്തിന്റെ ഒരേയൊരു വിശേഷണം. ഒന്നും സ്വന്തമാക്കണമെന്നില്ലാതെ, എന്നാൽ പ്രകൃതിയിലും മനുഷ്യരിലുമുള്ള എല്ലാ നന്മയും ആസ്വദിച്ച് പരിപൂര്ണ സംതൃപ്തിയിൽ ജീവിക്കുക.

    ഇത്തരക്കാർക്ക് ഈശ്വരതാത്പര്യം പോലും ഒരു സ്വത്തല്ല. ഒരു സംഹിതയിലെയും ഒരു വിധിയും അവർക്ക് ബാധകമല്ല. ഗുരുവെന്ന ബഹുമാനം സമർപ്പിച്ച്‌ ഒരാൾദൈവത്തിന്റെയും മുമ്പിൽ കുനിഞ്ഞു നിൽക്കേണ്ടതില്ല. ഈശ്വരനെയല്ലാതെ മറ്റാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതുമില്ല. സർവഭൂതഹിതമായി ഹൃത്തിൽ തെളിഞ്ഞു നില്ക്കുന്ന ഈശ്വരന്റെ പ്രസാദം ഓരോ നിമിഷവും അനുഭവിക്കുന്ന ഇത്തരം ജീവിതാവസ്ഥ എന്നെ വല്ലാതെ ആകർഷിക്കുന്നതുകൊണ്ടും, എന്റെ ജീവന ചുറ്റുപാടിൽ അതുപോലെതന്നെ ആവുംവിധം ചെയ്ത് തത്ഫലം അനുഭവിക്കുന്നതുകൊണ്ടുമാണ് ഇത്രയുമെഴുതിയത്‌. തുടരെത്തുടരെ 'പ്രണവത്തിൽ' വരുന്ന ധന്യവിചാരങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോഴും, എന്തുകൊണ്ടോ അവയോട് വേണ്ടവണ്ണം പ്രതികരിക്കാനോ ഗഹനമായ ചർച്ചകളിൽ പങ്കുചേരാനോ ഒരാക്കം തോന്നുന്നില്ല.

    ഊർജ്ജപഥങ്ങളെപ്പറ്റിയുള്ള ലേഖനപരമ്പര വായിക്കുമ്പോൾ എന്നിൽ പൊന്തിവരുന്ന ചോദ്യങ്ങളിൽ ചിലത് ഇങ്ങനെ. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും വിവിധ ഊർജ്ജങ്ങളുടെ പ്രവാഹവും പ്രവർത്തനവും വിശകലനം ചെയ്തുകൊണ്ടിരിക്കുക ആരുടെയാവശ്യമാണ്‌? ഒരു ശ്രീകോവിലിനെ നവഗ്രഹോർജ്ജം സ്വീകരിക്കാനാവുംവിധം നിർമ്മിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ എത്രമാത്രം അത് വിശ്വാസയോഗ്യമാണ്? ആന്റിക്ളോക്ക്വൈസ് സ്പൈറൽ രൂപത്തിൽ താരാപഥങ്ങളെ സങ്കല്പിച്ച വാങ്ഗോഖുമായി സംവദിക്കാവുന്നവർ എത്രപേരുണ്ടാവും? സ്വന്തം ആത്മനവീകരണത്തിനല്ലാതെ മറ്റൊരു പ്രായോഗികവശവും ഇല്ലാത്ത സവിശേഷ സിദ്ധികൾ ഒരു നിമിഷത്തേയ്ക്ക്പോലും എന്തിനുവേണ്ടി നമ്മെ ആകർഷിക്കണം? സ്വന്തം ആത്മാവ് പ്രകാശിതമല്ലെങ്കിൽ വൃക്ഷത്തലപ്പുകളിൽ 'ഓറ' കണ്ടുപിടിച്ചിട്ട് എന്തുനേടാൻ? ആണെങ്കിൽ ആരതിനു തുനിയും?

    ReplyDelete
    Replies
    1. എല്ലാ ആനന്ദാനേഷ്വണങ്ങളും ബ്രഹ്മത്തെതേടൽ തന്നെയാണ് ,തേടുന്നവൻ അറിയുന്നില്ല എന്നു മാത്രം . ബ്രഹ്മാനന്ദമാണ് പരമസുഖദം.ഊർജ്ജ സംരക്ഷണത്തെപ്പറ്റി ഒന്നും അറിയാത്ത സാധാരണക്കാർക്കു വേണ്ടി ഊർജ്ജശരീരത്തെ സംരക്ഷിക്കാനുള്ള ലളിതമായ ചിട്ടകൾ ആചാരങ്ങളും പണ്ടുള്ളവർ ഒരുക്കിയിരുന്നു . ആരതി ഉഴിയുന്നതും ,തുളസിയുടെ സാമീപ്യവും ,മുങ്ങിക്കുളിയുമെല്ലാം ഊര്ജശരീരത്തെ ശുദ്ധീകരിയ്ക്കുന്നു.
      ഊര്‍ജ്ജം യഥേഷ്ടം ആര്‍ജ്ജിക്കാനുള്ള മാര്‍ഗ്ഗങ്ങളിൽപ്പെട്ടതാണ് യോഗ. .ഊര്ജ്ജത്തിന്റെ നിയമങ്ങൾ മനസ്സിലാക്കി ശരീരത്തിലെ ഊര്ജനില ഉയർത്തിക്കൊണ്ടു വന്നാലെ മനുഷ്യശരീരം എന്ന മഹാത്ഭുതത്തിന്റെ സാദ്ധ്യതകൾ മൻസ്സിലാക്കാനാവൂ . ഊർജ്ജ കൈമാറ്റ / മോഷണത്തെ ക്കുറിച്ച് അറിയുന്നത് ആത്മീയ ജീവിതത്തിലും സഹായകമാണ് .അടുത്ത് വരുന്ന ആളുകളുടെ എനർജി സെൻസ് ചെയ്യാൻ കഴിവുണ്ടെങ്കിൽ /ഓറ കാണാൻ കഴിയുമെങ്കിൽ ആളെ മനസ്സിലാക്കാൻ ഏതാനും നിമിഷങ്ങൾ മതി .

      Delete
    2. സാക്കിന്റെ ഹൃദയത്തില്‍ തൊട്ടുള്ള കുറിപ്പിന് തക്കതായ മറുപടിയാവില്ല ഞാന്‍ കുറിക്കുന്നത്. ഇത് അന്ധകാരത്തിന്‍റെ കാലമാണ്. വെളിച്ചത്തിന്റെ സ്പുലിംഗങ്ങള്‍ക്ക് അങ്ങിങ്ങ് നിലയുറപ്പിക്കാന്‍ കഴിയുന്നൂവേന്നെയുള്ളൂ. സാക്ക്‌ പറഞ്ഞത് 1000 ശതമാനവും ശരിയാണ്. ഈ അറിവുകള്‍ എന്നല്ല ഒരറിവും ആവശ്യമില്ല പരമാത്മാവില്‍ എത്തിച്ചേരാന്‍. അറിവുകള്‍ ഇല്ലാതെ ശൂന്യവത്കരിക്കപ്പെടുകയാണ് ആത്മീയ മുന്നേറ്റത്തില്‍ പ്രസക്തിയുള്ളതും. അറിവുകള്‍ അന്വേഷിക്ക് ഭാരം ആവുക തന്നെ ചെയ്യും. പക്ഷെ, ശാസ്ത്ര സത്യങ്ങളെ പാടെ അവഗണിച്ചു കൊണ്ട് ഒരു വിശ്വാസ സംഹിത രൂപപ്പെടുത്താന്‍ മതങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയുണ്ട്. പ്രസിദ്ധമായ Jesus the Zealot എന്ന റെസ്സാ അസ്ലാന്റെ ചരിത്രത്തിലെ യേശുവിനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥവും, ഡാവിഞ്ചി കോഡ് ആധാരമാക്കിയ Holy Blood, Holy Grail എന്ന പുസ്തകവുമൊക്കെ അവസാനിക്കുന്നത് ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ ജ്ഞാനമൊക്കെ എന്തിന് എന്ന് പരോക്ഷമായി ചോദിച്ചു കൊണ്ടാണ്.
      അടുക്കി വെച്ചാല്‍ ഒരു പക്ഷെ ചന്ദ്രനോളം വരെ വന്നേക്കാവുന്ന ജ്ഞാനഗ്രന്ഥങ്ങളെല്ലാം അര്‍ത്ഥമാക്കുന്നത് പരമമായ സ്നേഹത്തില്‍ എത്തിച്ചേരുകയാണ് പരമ പ്രധാനം എന്ന് തന്നെയാണ്. അതിനുള്ള നേര്‍വഴി ലളിതമായി പറഞ്ഞു തന്ന യേശു അതുകൊണ്ട് തന്നെ എനിക്കെന്നും ഗുരുവാണ്, ഗുരുക്കന്മാരുടെ ഗുരു. പക്ഷെ, ഇതിന്‍റെ അര്‍ത്ഥം ബാക്കിയെല്ലാം തെറ്റെന്നല്ല.
      നഗരത്തിലേക്ക് പോവാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ടല്ലോ, ബസ്സ് മുതല്‍ സൈക്കിള്‍ വരെ. ഓരോന്നും അതിന്‍റേതായ പരിമിതികളോടെ ഉപയോഗിച്ചാലെ പ്രയോജനപ്പെടൂ. ഒരാള്‍ ഏതു മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നല്ല അത് നന്നായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ആ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരെയെല്ലാം വളരെ ബഹുമാനത്തോടെയെ ഞാന്‍ കാണുന്നുള്ളൂ, ഹിന്ദുവായാലും മുസ്ലീമായാലും.
      ശാസ്ത്ര/ഗൂഡ സത്യങ്ങളെല്ലാം ഒപ്പം അണിനിരത്തിക്കൊണ്ട് ബൈബിള്‍ വായിച്ചാല്‍ ആരും സമ്മതിക്കും, ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥം തന്നെ. അതിനെ ഒരു മത ഗ്രന്ഥമായി വ്യാഖ്യാനിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ പറഞ്ഞല്ലേ ഒക്കൂ. സാക്ക്‌ എവിടെ വരെ വളര്‍ന്നു എന്നതല്ല എന്നെ അലട്ടുന്ന ചോദ്യം.സാക്ക്‌ അദ്ദേഹത്തിന്റെ ധര്‍മ്മം എത്ര ഭംഗിയായി നിറവേറ്റി എന്നതാണ്. ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യവും നിലനില്‍പ്പിന്റെ രഹസ്യവും വൈവിദ്ധ്യമാണ്. ഒരു മനുഷ്യ ശരീരത്തില്‍ എല്ലാ കോശങ്ങളും കണ്ണുകള്‍ മാത്രമായി പരുവപ്പെട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? ഓരോരുത്തര്‍ക്കും അവരവരുടേതായ ദൌത്യങ്ങളുണ്ട്, ചിലര്‍ക്ക് നായക വേഷം, ചിലര്‍ക്ക് വില്ലന്‍ വേഷം. കിട്ടുന്നതെന്തോ അത് മനസ്സിലാക്കി ഓരോരുത്തരും പ്രവൃത്തിക്കുക. എന്നെ ദൈവം ഏല്‍പ്പിച്ച പ്രവൃത്തി ഇതാണ് എന്നുള്ള ഉത്തമ ബോദ്ധ്യത്തോടെയാണ് 'അറിഞ്ഞതും അറിയേണ്ടതും' ഞാന്‍ എഴുതുന്നത്. ഒരു സത്യം പറയട്ടെ, ഇങ്ങിനെ ഒരു പരമ്പര മനസ്സില്‍ കണ്ടുകൊണ്ടല്ല ഇതിന്‍റെ ആദ്യത്തെ പോസ്റ്റ്‌ പ്രണവത്തില്‍ ഇട്ടത്. പ്രണവം അനേകം ചിന്തിക്കുന്നവരെ ഇത്ര വേഗം ആകര്ഷിക്കുമെന്നും ഞാന്‍ കരുതിയില്ല. പ്രണവം ബ്ലോഗ്ഗ് ഉണ്ടായതും ഒരു നിമിഷത്തെ ചിന്തയുടെ ഫലമാണ്. അത് ഇംഗ്ലണ്ടില്‍ സംഭവിക്കണം എന്നതായിരിക്കണം ദൈവത്തിന്റെ പദ്ധതി. ഈ ബ്ലോഗ്ഗിന്‍റെ ആത്യന്തികമായ ലക്‌ഷ്യം എന്താണെന്ന് സാക്ക്‌ പറഞ്ഞിരിക്കുന്നു. ഒന്നും ആരെയും അടിച്ചെല്‍പ്പിക്കാനായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. തിരഞ്ഞെടുക്കുവാനുള്ള ശക്തി ഇതിന്‍റെ ഓരോ വായനക്കാര്‍ക്കും ഉണ്ടാവട്ടെ.

      Delete