Saturday 5 July 2014

ഊര്ജ്ജ പഥങ്ങള്‍ - 3

ഒരിക്കലൊരു വിദ്യാര്‍ത്ഥി ഗുരുവിനോട് പറഞ്ഞു, “ഈ ധ്യാനമെന്നു പറയുന്ന പരിപാടി ഭയങ്കരം! ഒന്നുകില്‍ എനിക്ക് ഏകാഗ്രത കിട്ടുകയില്ല അല്ലെങ്കില്‍ കാലു വേദനിക്കും; ഒന്നുമല്ലെങ്കില്‍ ഉറക്കം വരും.” ഗുരു അക്ഷോഭ്യനായി മറുപടി പറഞ്ഞു, “അത് മാറിക്കൊള്ളും.” ഒരാഴ്ചകഴിഞ്ഞ് ഈ വിദ്യാര്‍ത്ഥി വീണ്ടും ഗുരുവിന്‍റെ പക്കലെത്തി പറഞ്ഞു, “ഇപ്പോള്‍ ധ്യാനിക്കുമ്പോള്‍ നല്ല സുഖം തോന്നുന്നു.” ഗുരു പറഞ്ഞു, “അതും മാറിക്കൊള്ളും.” വിപ്ലവകരമായ വളര്‍ച്ചയുടെ പാതയില്‍ വിചിത്രമായ അനേകം പടികളുണ്ട്. ഉള്ളതു തുറന്ന് പറഞ്ഞാല്‍, ആദ്യത്തെ ഒന്നോ രണ്ടോ പടിയെ സ്വയം നടക്കാനാവൂ. പിന്നങ്ങോട്ട് ഒരു സഹായി വേണം -അവിടെയാണ് ഗുരുവിന്‍റെ പ്രസക്തി. എങ്കിലും, ഒരു പരിധിവരെയെ ഗുരുവും കാണൂ, മറ്റു ഭൗതിക സാഹചര്യങ്ങൾ പ്രയോജനപ്പെടുകയും ചെയ്യൂ. അതുകൊണ്ടാണ്, സത്യത്തിലേക്കു മുന്നേറുന്നവൻ നിശ്ശബ്ദതയെ കൂട്ടുപിടിച്ചു പഠിക്കണം എന്നു പറയുന്നത്. 

ഗുരു ഇരുള്‍മാറ്റുന്നവന്‍ മാത്രമല്ല, വെളിച്ചത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളവനുമാണ്. എവിടെ നിന്നാണ് ഗുരുവിന്‍റെ ഈ കഴിവുകള്‍? അതയാള്‍ പൂർണ്ണമായും അനേക വര്‍ഷങ്ങളിലെ പഠന-ഗവേഷണങ്ങളിലൂടെ ആർജ്ജിച്ചതാണെന്ന നിഗമനം അപ്പാടെ തെറ്റാണ്. സ്വന്തം ഭൌതിക കഴിവുകളിലല്ല ഒരു യഥാര്‍ത്ഥ ഗുരു നങ്കൂരമുറപ്പിക്കുക. പ്രണവത്തില്‍ തുടങ്ങി, ശിക്ഷ്യന്‍ വരെയുള്ള ഒരു ചങ്ങലയില്‍ (ഗുരുതത്ത്വാ) ഒരു കണ്ണിയായി ഗുരു കാണും; ഗുരു ഒരിക്കലും മരിക്കുന്നുമില്ല. ഗുരുവിലൂടെ ഒഴുകുന്ന വരങ്ങളും ആദിഗുരുവിന്‍റെ പക്കല്‍ നിന്നെത്തുന്നതു മാത്രമായിരിക്കും. 

അധികമായാല്‍ അമൃതും വിഷമാകും. ഒന്നും വിഷമാകാതെ വേണ്ടത് വേണ്ട സമയത്തു ലഭിക്കണമെങ്കില്‍ ഒപ്പം ഗുരു വേണം. യോഗ്യരായ ശിക്ഷ്യന്മാര്‍ എവിടെയുണ്ടോ അവിടെ പ്രത്യക്ഷപ്പെടുകയാണ് ഗുരുക്കന്മാര്‍ ചെയ്യുന്നത്. പണ്ട്, ആശാനില്‍ നിന്നക്ഷരം പഠിക്കുന്ന ഒരു സമ്പ്രദായമാണ് നമുക്കുണ്ടായിരുന്നത്. ചിന്തംവെച്ച്, ആശാനു ദക്ഷിണയും കൊടുത്ത് കളരിയോടു സലാം പറയുമ്പോള്‍ നാം ഉറപ്പിക്കുന്നു, പഠിച്ച അക്ഷരങ്ങള്‍ ഒരിക്കലും വിനാശകാരിയായി പോകില്ലായെന്ന്. വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും, ആശാന്‍ നല്‍കിയ ഈ ലയവത്കരണം (Attunement) യോഗ്യനായ ഒരു ശിക്ഷ്യന്‍ മറക്കാനും ഇടയില്ല. അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ലയവത്കരണം വേണോ? വേണം. പഠിക്കുന്ന അക്ഷരങ്ങള്‍ ശരിയായ വളര്‍ച്ചക്ക്‌ പ്രയോജനപ്പെടാന്‍ യോഗ്യനായ ഒരു ഗുരുവില്‍ നിന്ന് ലയവത്കരണത്തിലൂടെ ദീക്ഷ എടുത്തിരിക്കണം. എല്ലാ ഭാഷകളുടെ ലിപികളും (ഉദാ: ഇംഗ്ലീഷ്) പ്രകൃതിദത്ത യന്ത്ര-മന്ത്ര തത്ത്വത്തിലുള്ളതല്ല; അത്തരം സാഹചര്യങ്ങളിൽ ലയവത്കരണത്തിനും പ്രസക്തിയില്ല. അതുപോലെ, എല്ലാ ക്രിയകള്‍ക്കും, കര്‍മ്മങ്ങള്‍ക്കും ലയവത്കരണം ആവശ്യമില്ലായെന്നും ഓർമ്മിക്കുക.

ലയവത്കരണത്തിന് മൂന്നു ഘടകങ്ങളാണ് ആവശ്യം - ഈശ്വരൻ, മാധ്യമം, സ്വീകര്‍ത്താവ്. ഇതു മൂന്നും ഒരേ നിരയില്‍ വന്നാല്‍ ലയവത്‌കരണമായി. ഇതു സത്യത്തില്‍ ആഘോഷിക്കേണ്ടതു തന്നെയാണ്; അതിനു ചേര്‍ന്ന രീതിയിലാണ് ഈ കര്‍മ്മം ചിട്ടപ്പെടുത്തിയിരിക്കുന്നതും. ഇവിടെ, ഗുരുവിന്‍റെ ഭൌതികയോഗ്യത ഒരു പ്രശ്നമേയല്ല, ഇങ്ങിനെ ഒരു മാധ്യമമായി നില്‍ക്കാന്‍ അയാളെ മുകളിലുള്ളയൊരു കണ്ണി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂ. യേശു പരിശുദ്ധാത്മാവിനാല്‍ ശിക്ഷ്യന്മാരെ ലയവത്കരിക്കുകയാണ് ചെയ്തത്. ഈ പ്രക്രിയക്ക് മറ്റൊരു മകുടോദാഹരണമാണ് ക്രൈസ്തവ സഭകളിലെ മാമ്മോദീസാ. മാമ്മോദീസായെന്ന ചടങ്ങിലൂടെ ഒരു ശിശുവിന് കുരിശടയാളം ചാര്‍ത്തിക്കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. കുരിശെന്ന അടയാളം ശക്തിയേറിയ ഒരു ഗുരുചിഹ്നമാണ്, അതിന് ഇതുപോലൊരു ലയവത്കരണം ആവശ്യവുമായിരിക്കാം (യേശുവിനെ ക്രൂശിച്ചത് ആ രൂപത്തിലുള്ള ഒന്നിലല്ലായെന്നാണ് ഗവേഷകര്‍ പറയുന്നത്). പക്ഷേ, അതിലും ശക്തിവത്തെന്നു കരുതപ്പെടുന്ന 'ഓം', ലയവത്കരണം ഇല്ലാതെയും ഉപയോഗിക്കാം. ഒരിക്കൽ ലയവത്കരണം നടത്തിയത് ആർക്കെങ്കിലും തിരുത്താനാവുമോ? ഇല്ലായെന്നതാണ് എന്റെ അറിവ്.

കുരിശടയാളം ആ കുഞ്ഞിനെ സംരക്ഷിക്കും എന്ന വിശ്വാസത്തിനും അടിസ്ഥാനമുണ്ട്. ഈ കര്‍മ്മത്തില്‍, കുഞ്ഞിന്‍റെ ശുദ്ധചക്രാകളിലാണ് വൈദികന്‍ കുരിശടയാളം വരയ്കുന്നത്. മൂര്‍ദ്ധാവിലും, നെറ്റിയിലും, കഴുത്തിലും, നെഞ്ചിന്‍റെ നടുവിലും ആ അടയാളം രേഖപ്പെടുത്തപ്പെടുന്നു; ‘വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ’ എന്ന മന്ത്രത്തോടൊപ്പം ശുദ്ധചക്രാകളുടെ ശക്തിവത്കരണം ഒരു ക്രൈസ്തവന്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ക്രിയയും സമ്പ്രദായവും ഉദ്ദേശിക്കുന്ന അര്‍ത്ഥം ആധുനിക തലമുറയ്ക് മനസ്സിലാകുന്നില്ല, അതുകൊണ്ടാണ് മാമ്മോദീസായെന്നാല്‍ യേശു പ്രതിപാദിച്ചിട്ടില്ലാത്ത ഉത്ഭവപാപത്തിന്റെ നിവാരണിയായും മതപ്രവേശന ദീക്ഷയായുമൊക്കെ അതിനെ പരിമിതപ്പെടുത്തി വ്യാഖ്യാനിക്കുന്നത്.

ലയവത്കരണത്തെപ്പറ്റി വളരെ ചുരുക്കമായി ചില കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. ഗുരുവും ശിക്ഷ്യനുമായുള്ള ബന്ധം ആയുഷ്കാലം മുഴുവന്‍ ചൂടോടെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നന്ന്. പക്ഷെ, ഒരു ലയവത്കരണ പ്രക്രിയയും ഇങ്ങിനെയൊരു ആയുഷ്കാല ഭൌതിക ബന്ധം അനിവാര്യമായിരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ഗുരുവില്‍ നിന്ന് ലഭിച്ചതിന് പ്രതിഫലം നല്‍കി, ആ ബന്ധത്തിന് വിരാമാമിടാനും ശിക്ഷ്യനു സ്വാതന്ത്ര്യമുണ്ട്‌. അതുകൊണ്ടവൻ ഗുരുതത്ത്വായിൽ നിന്നു പുറത്താകുന്നില്ല. പ്രതിഫലം പറഞ്ഞുറപ്പിച്ച പണമാവാം, എന്തെങ്കിലും വസ്തുവാവാം, പ്രയത്നമാവാം - ഗുരു നിര്‍ദ്ദേശിച്ചാല്‍ ഒന്നും വേണമെന്നുമില്ല. എന്തായാലും, കിട്ടിയ അനുഗ്രഹം എന്നു വേണമെങ്കിലും (ചില നിയന്ത്രിത സാഹചര്യങ്ങള്‍ ഒഴിച്ച്) ശിക്ഷ്യന് ഉപയോഗിക്കാന്‍ അധികാരവും അവകാശവുമുണ്ടായിരിക്കും. അതായത്, പള്ളിയില്‍ നിന്ന് പുറത്തായാലും കുരിശുപയോഗിക്കാനുള്ള ഒരു ക്രിസ്ത്യാനിയുടെ അവകാശം ഇല്ലെന്നാകില്ലായെന്നു തന്നെ. അടയാളങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം ഒരാള്‍ അവകാശപ്പെടുത്തുമ്പോള്‍ അയാള്‍ക്ക്‌ എങ്ങിനെയൊക്കെ ഉപയൊഗിക്കണമെന്നുള്ളതിനു വ്യക്തമായ മാര്‍ഗ്ഗരേഖകളുമുണ്ട്. കുരിശിനു സ്ഥലകാലാതീതമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ട്; പക്ഷെ, അങ്ങിനെ ആ അടയാളം ഉപയോഗിക്കാന്‍ വൈദികന്‍ മുതല്‍ മേല്‍പ്പോട്ടുള്ള സ്ഥാനക്കാര്‍ക്കെ അധികാരമുള്ളൂ. എല്ലാം പ്രവൃത്തിക്കുന്നത് അനാദിയില്‍ നിന്നുവരുന്ന ഊര്‍ജ്ജശേഷിയില്‍ തന്നെ, മനുഷ്യന്‍ വെറും ഉപകരണങ്ങള്‍ മാത്രം. എല്ലാം ശൂന്യത നിയന്ത്രിക്കുന്ന ബോധതലങ്ങള്‍ മാത്രം.

സൌരയൂഥത്തില്‍ ഗ്രഹങ്ങള്‍ക്കിടയില്‍ ശൂന്യതയുണ്ട്. ഈ ശൂന്യത എന്തെങ്കിലും കൊണ്ട് നിറച്ചിരുന്നെങ്കിലോ? ഈ സൌരയൂഥം അന്നേ അവസാനിച്ചേനെ. സൌരയൂഥം ഇതുപോലെ പ്രവര്‍ത്തിക്കാന്‍ വേണ്ട ബുദ്ധി ഏതെങ്കിലും പ്രത്യേക ഒരു കേന്ദ്രത്തിലുള്ളതല്ല. അത് ഈ ആകമാന ശൂന്യതയില്‍ ഒളിച്ചിരിക്കുന്നു. സൌരയൂഥത്തിലെ ആകമാന ശൂന്യതയിലും, ഗ്രഹങ്ങളുടെ അടിസ്ഥാനമായുള്ള കണികകളുടെ ഉള്ളിലുള്ള സമാനമായ ശൂന്യതയിലും എല്ലാം ഈ ബുദ്ധി (Consciousness) നിറഞ്ഞിരിക്കുന്നു. ആറ്റമുകള്‍ക്കുള്ളിലുള്ള ശൂന്യതക്കാണ് ബുദ്ധികൂടുതല്‍ എന്ന് കണ്ടുപിടിക്കാന്‍ മാത്രം ബുദ്ധി മനുഷ്യനുണ്ടായിയെന്നത് കൊണ്ട് മനുഷ്യനാണ് കൂടുതല്‍ ബുദ്ധി എന്ന് പറയാനാവില്ല. അവന്‍ പറഞ്ഞത്, സൌരയൂഥത്തിലുള്ള ഗ്രഹങ്ങളെ വിഭജിച്ചാല്‍ ആറ്റമുകള്‍ കിട്ടുന്നതുപോലെ, ആറ്റമുകളെ സൌരയൂഥങ്ങളെപ്പോലെ കരുതി വിഭജിച്ചാല്‍ വീണ്ടും ഇത്തരം നിരവധി മേഖലകള്‍ ഉണ്ടാവും എന്നാണ്. മാത്രമല്ല, കാര്യങ്ങള്‍ കൂടുതല്‍ സൂഷ്മമാവുമ്പോള്‍ ഈ ശൂന്യതയുടെ ബൌദ്ധികശേഷിയും അപാരമായി വര്‍ദ്ധിക്കുന്നുവെന്നും മനുഷ്യന്‍ കണ്ടെത്തി. നാം പിണ്ഡമെന്നു കരുതുന്ന കണികകള്‍ അടിസ്ഥാനപരമായി ഒരു ഊര്‍ജ്ജതരംഗം മാത്രമാണെന്നു പറഞ്ഞതും ഗവേഷകര്‍ തന്നെ. സബ്-ആറ്റമിക് തലത്തിനു താഴേക്കുള്ള ഗവേഷണം പിണ്ഡത്തെപ്പറ്റിയല്ല, ശുദ്ധമായ ഊര്‍ജ്ജത്തെപ്പറ്റിയാണ് - ബൌദ്ധികശേഷി അചിന്തനീയമായ ഒരു മേഖലയിലേക്ക് പോവുന്ന ഒരു ഊര്‍ജ്ജമേഖലയെപ്പറ്റി. ഗവേഷകരതിനെ അതിബോധതലം എന്ന് വിളിച്ചു. ഒപ്പം ഒരു കാര്യം പറയട്ടെ, സൌരയൂഥത്തിന് മുകളിലേക്കുള്ള ക്ഷീരപഥം തുടങ്ങിയ ക്രമങ്ങളില്‍ ശൂന്യതയുടെ ബുദ്ധിശേഷി ആനുപാതികമായി കുറയുന്നു എന്ന അഭിപ്രായം എനിക്കില്ല. മാക്രോ അഗ്രത്തും മൈക്രോ അഗ്രത്തും അതിബോധതലങ്ങള്‍ തന്നെയെന്നു കാണുക തന്നെ വേണം. വിശദീകരിക്കാനാവാത്ത ദുരൂഹത, അങ്ങിനെയെ ഇതിനെപ്പറ്റി പറയാന്‍ പറ്റൂ.

ഇവിടെ, ആറ്റമുകള്‍ മുതല്‍ താഴേക്ക് അതിസൂഷ്മ ഊര്‍ജ്ജതലത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം വരുന്ന ഊര്‍ജ്ജ മേഖലയെ മാനസികോര്‍ജ്ജം എന്ന് വിളിക്കുന്നു. മനസ്സിന്‍റെ വ്യാപാരങ്ങള്‍ ഈ നേര്‍ത്ത മേഖലയിലാണ് സംഭവിക്കുന്നതെന്ന് കാണാം. ശക്തി സിദ്ധികളുടെ അനേകം മേഖലകള്‍ കടന്ന് ഇതിന്‍റെ കേന്ദ്രത്തില്‍ എത്തുമ്പോള്‍ സൃഷ്ടി-സ്ഥിതി-സംഹാര ശേഷിയുള്ള മൂല ശക്തിബിന്ദുവില്‍ എത്തും. ഈ അതിസൂഷ്മ മേഖലയുടെ വലയങ്ങളും അതിസ്ഥൂല മേഖലയുടെ വലയങ്ങളും എല്ലാം ഓരോ കണികയുടെയും ചുറ്റും ഉണ്ട്. ഇതാണ് ഓരോ ജീവകോശത്തിന്‍റെ കാര്യമെടുത്താലും സംഭവിക്കുക. അതിസൂക്ഷ്മമായ മൂല ഊര്‍ജ്ജം ഘനീഭവിച്ച് ആറ്റമായും നാം കാണുന്ന പിണ്ഡമായും മാറുന്നതെങ്ങിനെയെന്നു ചിന്തിക്കാന്‍ കഴിഞ്ഞാല്‍ ഓരോ ജീവിയും അടിസ്ഥാനപരമായി മൂല ഊര്‍ജ്ജത്തിന്‍റെ മറ്റൊരു സ്ഥായീഭാവമാണെന്നും കാണാവുന്നതെയുള്ളൂ. സ്ഥൂലത കൂടുമ്പോള്‍ സൂഷ്മതയുടെ ബലം കുറഞ്ഞേക്കാം. എന്തായാലും, അതിസൂഷ്മ ശക്തിയായ (Highest Consciousness) ദൈവമെന്ന കേന്ദ്രത്തിന്‍റെ അവിഭാജ്യ ഘടകമാണ് പ്രപഞ്ചത്തിലുള്ള സര്‍വ്വതും. നാം അടിസ്ഥാനപരമായി എല്ലാത്തിനെയും പോലെ ദൈവവുമാണ്, ദൈവപുത്രരുമാണ്. നമ്മിലെ നാമവും ഗുണവും ഭാവവും രൂപവും വൈഭവവും ഇല്ലാതാവുമ്പോള്‍ നാം ദൈവം തന്നെയായി അവശേഷിക്കുകയും ചെയ്യും. ഭാരതീയ പഠനം അനുസരിച്ച്, മൂലകോശത്തെ (ആനന്ദമയം) ജ്ഞാന-മനോ-പ്രാണ-അന്നമയ കോശങ്ങള്‍ക്കൊണ്ട് ആവരണം ചെയ്യുമ്പോള്‍ മനുഷ്യനായി. ഇതല്ലാതെ ആകണമെങ്കില്‍ ശൂന്യതയെന്നത് നമ്മില്‍ കാണാനേ പാടില്ല. എന്തുചെയ്യാം, ഓരോ കോശത്തിലും കൂടുതലുള്ളത് ശൂന്യത തന്നെ. ഇതെല്ലാം മനസ്സിലാക്കിയത് കൊണ്ടാണ് ഐന്‍സ്റെയിന്‍ പറഞ്ഞത്, പിണ്ഡം എന്ന് പറയുന്നത് യാഥാര്‍ഥ്യമല്ലെന്ന്. എവിടെ തുരന്നാലും, കാന്തിക രേഖകള്‍ വിഭജിച്ചാലും കിട്ടുന്നത് ശൂന്യതയാണെങ്കില്‍ അങ്ങിനെയല്ലേ പറയാന്‍ പറ്റൂ?
PREVIOUS                          NEXT

5 comments:

  1. T ആകൃതിയിലുള്ള കുരിശാണ് പണ്ട് ഉപയോഗിച്ചിരുന്നതെന്നാണ് ചരിത്രഗവേഷകർ പറയുന്നത് .അപ്പോൾ കുരിശ് എന്നാ പുരാതനമുദ്രയ്ക്ക് യേശുവുമായി ബന്ധമൊന്നുമില്ല.

    പുരോഹിതൻ ചെയ്യുന്ന കാട്ടിക്കൂട്ടലുകൾ എന്നല്ലാതെ മാമ്മോദീസയ്ക്ക് ഊര്ജ്ജതലത്തിൽ എന്തെങ്കിലും മാറ്റം വരുത്തുവാൻ കഴിയുന്നുണ്ടോ ? വീട്ടു മാമ്മോദീസയും അനുവദിച്ചിട്ടുണ്ടല്ലോ .അതായതു അല്മായര്ക്കും മാമ്മോദീസ കൊടുക്കാം. സ്നാപകയോഹന്നാൻ സ്നാനം കൊടുത്തത് ഒരു പ്രത്യേക അറ്റ്യുൻമെന്റ് ആയിരിക്കാം,
    യോഹന്നാന്റെ സ്നാനം കടമെടുത്ത സഭ യേശുവിനു പരിഛെദനം ചെയ്തിരുന്നു എന്ന കാരണം പറഞ്ഞു ആ ആചാരം പിന്തുടരാത്തത് എന്തു കൊണ്ടായിരിക്കും ?

    ReplyDelete
  2. കുരിശിന്‍റെ ആകൃതി എന്തായിരിക്കും എന്നതിനെപ്പറ്റി എന്‍റെ സംശയങ്ങള്‍ക്ക് മറുപടി കിട്ടിയത്, റീഡേഴ്സ്‌ ഡെെജസ്റ്റ് പ്രസിദ്ധീകരിച്ച 'മിസ്ടറീസ് ഓഫ് ദി ബൈബിള്‍ എന്നാ ബ്രഹത് ഗ്രന്ഥത്തില്‍ നിന്നാണ്. ഒരുപാട് കാലം മുമ്പ് ഇല്ലാത്ത കാശുണ്ടാക്കി മേടിച്ച ആ പുസ്തകം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. ഏതാണ്ട് 300 ലേറെ ഗവേഷകരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച അവര്‍ പറയുന്നത്, കുരിശിന്‍റെ ആകൃതി അങ്ങേയറ്റം പോയാല്‍ T ആകൃതിയുള്ളതായിരിക്കാം എന്നേയുള്ളൂ. ആ അടയാളത്തിന് യേശുവുമായി ബന്ധമില്ലാ എന്നാണ് എന്‍റെ അഭിപ്രായം. കത്തോലിക്കാ സഭയുടെ തുടക്കം എങ്ങിനെയായിരുന്നെങ്കിലും ഉള്‍ക്കാഴ്ച ഉണ്ടായിരുന്ന അനേകം മിസ്ടിക്കുകള്‍ അതിലൂടെ കടന്നു പോയിട്ടുണ്ട്. സഭയുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ പ്രയോജനപ്പെടുന്നവരെ സഭ അംഗികരിച്ചു ഒറിഗനെ പ്പോലുള്ള ജ്ഞാനികളെ അവഗണിച്ചു. ജ്ഞാന ദൃഷ്ടി ഉണ്ടായിരുന്ന ക്രൈസ്തവര്‍ പറഞ്ഞ കാര്യങ്ങളായിരിക്കാം അനുഷ്ടാനങ്ങളായി ആചാരങ്ങളില്‍ കടന്നു കൂടിയത്. പക്ഷേ, ഇവക്കു കൊടുത്ത വിശദീകരണങ്ങള്‍ വെറും ബുദ്ധിക്കു നിരക്കുന്ന രീതിയിലായിപ്പോയി. ജ്ഞാനസ്നാനം എന്നാ പദത്തെപ്പറ്റി പുതിയ നിയമത്തിനു മുമ്പ് കാര്യമായ പരാമര്‍ശം ഉണ്ടായിരുന്നില്ല. സ്നാപക യോഹന്നാനാണ് പരി. ആത്മാവിനാല്‍ നിങ്ങളെ സ്നാനപ്പെടുത്തുന്നവന്‍ വരുന്നൂവെന്ന് ആദ്യം വിളിച്ചു കൂവിയത്. അതൊരു Attunement ആയിരിക്കാനാണ് സാധ്യത. പിന്നീട് യേശുവും ഇതിനു വിധേയനായതായും ഗുരുവും ശിക്ഷ്യന്മാരുമെല്ലാം ഇതാവര്‍ത്തിച്ചതായും നാം കാണുന്നു. വി. പൌലോസിന് ഇത് കിട്ടിയിട്ടില്ല. ജനിക്കുന്നതിനു മുമ്പേ അതദ്ദേഹത്തിനു കിട്ടിയിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്, പക്ഷെ, അതിലും വലിയ ജന്മമായിരുന്നിട്ടും യേശുവിന് അതാവശ്യമായിരുന്നു എന്ന വസ്തുതയുമായി തട്ടിച്ചു നോക്കിയാല്‍, ഒത്തു പോകുന്നില്ല. ഈ Attunement ജെരൂസലേം ദേവാലയത്തില്‍ പോയി എടുക്കാനല്ലേ യാക്കൂബ് അപ്പസ്തോലന്‍ വി. പൌലോസിനെ ജെരൂസലെമില്‍ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത്? Atuunement ഇല്ലാതിരുന്നതുകൊണ്ടല്ലേ യേശു പഠിപ്പിച്ച വചനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അനേകം കാര്യങ്ങള്‍ വി. പൌലോസിന് പറയേണ്ടി വന്നത്. പൌലോസ് നോക്കിയപ്പോള്‍ ജ്ഞാനസ്നാനം ഉത്ഭവ പാപം നീക്കാനാണെന്നല്ലേ കണ്ടത്.
    മാമ്മൊദീസാ ഒരു Attunement ആണെങ്കില്‍ ഊര്‍ജ്ജതലത്തില്‍ അത് വത്യാസവും വരുത്തുന്നുണ്ട്. കുരിശെന്ന അടയാളത്തെ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ഊര്‍ജ്ജ ശരീരം പരുവപ്പെടുന്നുണ്ട്. അവിടെ വൈദികന്‍ കാട്ടിക്കൂട്ടുന്നവയിലോന്നുമല്ല കാര്യം. Attunement നു ദാതാവും, മാധ്യമവും സ്വീകര്‍ത്താവും നേര്‍ രേഖയില്‍ വന്നാല്‍ മാത്രം മതി. പക്ഷേ, പലരും അവകാശപ്പെടുന്നതുപോലെ കൂദാശകള്‍ 7 ഉം Attunement കളല്ല.
    അനൂപ്‌ വീട്ട് മാമ്മൊദീസായെപ്പറ്റി ചോദിച്ചത് പ്രസക്തമാണ്. രസകരമായ ഒരു കാര്യം, ഒരു ശിശു ജനിക്കുന്നത് യാതൊരു Attunement ഉം ഇല്ലാതെ ജീവിക്കാന്‍ കെല്‍പ്പുള്ള അതിശക്തമായ ഒരവസ്ഥയിലാണ്. ശിശുക്കളെപ്പോലെ ആവാന്‍ യേശു ആവശ്യപ്പെടുമ്പോള്‍ ഇതും പരിഗണിച്ചിട്ടുണ്ടാണം. ശിശുവിന്‍റെ വളര്‍ച്ചയില്‍ ഒപ്പം കൂടുന്ന നിരവധി തരത്തിലുള്ള മാലിന്യങ്ങള്‍ സൂഷ്മോര്‍ജ്ജ മേഖലയെ വികലമാക്കുന്നുണ്ട്. അതുകൊണ്ടാണ് Initiation കള്‍ ആവശ്യമായി വരുന്നത്. ശിശുക്കള്‍ പൂര്‍ണ്ണമായും മാലിന്യ വിമുക്തരായി ആണ് ജനിക്കുന്നതെന്ന് ഞാന്‍ പറഞ്ഞില്ല.
    പരിശ്ചെദനം എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പിന്തുടരാതിരുന്നതെന്ന് പറയാന്‍ എനിക്ക് സാധിക്കുന്നില്ല. ശിക്ഷ്യന്മാര്‍ തമ്മിലും ഇക്കാര്യത്തില്‍ യോജിപ്പുണ്ടായിരുന്നില്ലല്ലോ. കാലക്രമേണ ഒരു പരിശ്ചെദന സംസ്കാര മത സമൂഹത്തില്‍ നിന്ന് വേറിട്ട്‌ നില്‍ക്കാന്‍ സഭ ആഗ്രഹിച്ച് കാണണം. അല്ലെങ്കില്‍ വി. പൌലോസിന്റെ സ്വാധീനം അവിടെയും ഉണ്ടായിരുന്നിരിക്കണം.

    ReplyDelete
  3. അനൂപും മറ്റപ്പള്ളിസാറും കുറിച്ചവയിൽനിന്ന് വ്യത്യസ്തമായ ഒരു ദിശയിലേയ്ക്ക് നോക്കാൻ എന്നെ അനുവദിക്കുമല്ലോ.

    ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുന്ന ഒരദ്ഭുതമാണ് ഈ പ്രപഞ്ചം. അതിൽ മനുഷ്യബുദ്ധിയെ ഏറ്റവും അന്ധാളിപ്പിക്കുന്ന കാര്യം എന്താണെന്നാൽ, അതിന്റെ ഏറ്റവും വലിയ വിസ്തൃതിയിലും ഈ അണ്ഡകടാഹവും അതിലെ ഏറ്റവും ചെറിയ പരമാണുവും തത്ത്വത്തിലും പ്രവൃത്തിയിലും സമാനമാണെന്നതാണ്. നമ്മുടെ ശരീരം മൊത്തത്തിലെടുത്താലും - hundred trillion cells - അതിലെ ഓരോ കോശമെടുത്താലും അവയും ഈ പ്രപഞ്ചത്തെപ്പോലെതന്നെ നിരന്തരമായ മാറ്റത്തിന് വശംവദമാണ്. എപ്പോഴും പുതിയ രൂപമെടുത്തുകൊണ്ടിരിക്കുക എന്നത് ഒരു കോശത്തെ സംബന്ധിച്ചും ക്ഷീരപഥങ്ങളെ സംബന്ധിച്ചും ഏറ്റവും സ്ഥിരതയുള്ള ഏക സത്യമാണ്. മാറ്റം സംഭവിക്കുക എന്നാൽ ഊർജ്ജപ്രസരം നടന്നുകൊണ്ടിരിക്കുക എന്നുതന്നെയാണ്. നമ്മുടെ ശരീരകോശങ്ങൾക്ക് കണ്ണുണ്ടായിരുന്നെങ്കിൽ അവയിൽ ഓരോന്നും ബാക്കി ശരീരഭാഗങ്ങളെ ഓരോ ഗാലക്സിയായി കാണുമായിരുന്നു എന്ന് കാറൽ സാഗൻ പറഞ്ഞിട്ടുണ്ട്. അവയുടെ ഭൌതികമായ സംഘബലത്തെക്കാൾ വിപുലവും ഫലപ്രദവുമാണ് അവയുടെ മൊത്തത്തിലുള്ള അസ്തിത്വമികവ് എന്ന തിരിച്ചറിവും ആ കാഴ്ചയിലുൾപ്പെടും.

    ഏതു പദാർഥത്തെയുമെന്നപൊലെ, മനുഷ്യനുൾപ്പെടെ ഏതു ജീവിയേയും വെട്ടിനുറുക്കി, ഓരോ കഷണത്തെയും പിന്നെയും വീണ്ടും നുറുക്കിക്കൊണ്ടിരുന്നാൽ അവസാനം നമ്മൾ പരമാണുവിൽ ചെന്നുനില്ക്കും. ഓരോ അണുവും ശൂന്യമായ ഇടമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കിൽ രണ്ടുവസ്തുക്കൾ അല്ലെങ്കിൽ രണ്ടുപേർ നേർക്കുനേർ അടുക്കുമ്പോൾ എന്തുകൊണ്ടാണ് വഴി തടയപ്പെടുന്നത്, എന്തുകൊണ്ട് അവയ്ക്ക് പരസ്പരം നുഴഞ്ഞുകടന്ന് അപ്പുറത്തെത്തിക്കൂടാ? അല്ലെങ്കിൽ, എന്തുകൊണ്ടാണ് ദൃശ്യമായ ഒരു വസ്തുവും ഭൂമിയുടെ അഗാധതയിലേയ്ക്ക് താനേ താഴ്ന്നിറങ്ങിപ്പോകാത്തത്?

    ശൂന്യമെങ്കിലും ഓരോ കണത്തെയും പൊതിഞ്ഞു നില്ക്കുന്ന വൈദ്യുതോർജ്ജമാണ് ഇതിനു പിന്നിലെ കാരണം. ഓരോ അണുവിന്റെയും മദ്ധ്യത്തിനു (nucleus) ചുറ്റും ഇലെക്ട്രോണുകൾ ഉണ്ട്, അവയുടെ ഊര്ജ്ജം, ഋണാത്മകമാണെങ്കിലും (negative) ബലമേറിയതാണ് താനും. ഓരോ വസ്തുവിലെയും ഇലെക്ട്രോണുകൾ പരസ്പരം ചെറുത്തുനിൽക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ, (ഈ ഇലെക്ട്രിക്കൽ ശക്തിയെ ഉത്മൂലനം ചെയ്യാമെങ്കിൽ) എല്ലാം, ഈ ബ്രഹ്മാണ്ഡം പോലും, അദൃശ്യമായ വെറും പൂഴിയായി മാറും.

    എന്നാൽ അതൊരിക്കലും സംഭവിക്കുകയില്ല. പകരം, സുനിശ്ചിത നിയമങ്ങൾക്കു വിധേയമായി വികസിച്ചും ചുരുങ്ങിയും പ്രസരിച്ചുകൊണ്ടിരിക്കുന്ന ഈ ഊർജ്ജസംഹിതയിൽ, ഏതോ ഘടനാസവിശേഷതമൂലം അവബോധത്തിലെത്തിച്ചേർന്ന ജൈവസാന്നിദ്ധ്യങ്ങളായി നമ്മൾ നമ്മെത്തന്നെ തിരിച്ചറിയുന്നു. നമ്മുടെ ആരംഭത്തെയും അവസാനത്തെയുംപറ്റി അന്വേഷിക്കാനുള്ള ത്വര നമ്മിൽ സംജാതമാകുന്നു. കോട്യാനുകോടി വര്ഷം പഴക്കമുള്ള താരഭസ്മത്തിൽനിന്ന് ഉരുവായ hundred trillion cells അവയുടെ ഊര്ജ്ജത്തെ അന്യോന്യം സമജ്ഞസമാക്കി ഏകതാളത്തിലാകുമ്പോൾ ((attunement) തങ്ങളുടെ സൃഷ്ടിക്കുള്ള മൂലപദാർഥമായ പരമാണുവിന്റെതന്നെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കാൻ ശക്തിയുള്ള ഒരു പ്രതിഭാസമായി അത് വളർന്നിരിക്കുന്നു! വിശ്വമഹാപ്രപഞ്ചത്തിന്റെതന്നെ ഉദ്ദേശ്യം ഇതായിരുന്നെങ്കിൽ, നമ്മൾ തന്നെയല്ലേ എക്കാലത്തെയും ഏറ്റവും വലിയ അദ്ഭുതം?

    Tel. 9961544169 / 04822271922

    ReplyDelete
  4. വ്യത്യസ്തമായ ഒരു മേഖലയിലേക്കല്ല ഈ വിശ്ദീകരണം പോയിരിക്കുന്നത്. ഖര പദാര്‍ഥങ്ങള്‍ എന്തുകൊണ്ട് പരസ്പരം നുഴഞ്ഞു കടക്കുന്നില്ലായെന്ന വസ്തുതയിലേക്ക് ഒരു വിശദീകരണം ഇതുപോലെ ലളിതമായി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഒത്തിരി നന്ദി. സാക്ക് പറഞ്ഞ മറ്റൊരു കാര്യം ഓരോ കോശവും ഓരോ ആറ്റവും പ്രപഞ്ചത്തിന്റെ ഒരു മോഡല്‍ ആണെന്നുള്ളതാണ്. ഈ പ്രപഞ്ചത്തിന്റെ സൌന്ദര്യം എന്ന് പറയുന്നത്, ഓരോ കണികയും ഈ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലാണെന്ന് അവയ്ക്ക് അനുഭവപ്പെടുന്ന രീതിയിലാണ് സര്‍വ്വതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് തന്നെയാണ്. ഞാന്‍ നോക്കുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ എനിക്കുവേണ്ടിയെന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്താല്‍ തല മരച്ചു പോവുകയയൂള്ളൂ. സമയം കൊണ്ടും സ്ഥലം കൊണ്ടും ഓരോ പരമാണുവിനെയും ഉള്ളം കയ്യില്‍ വെച്ചു താലോലിക്കുന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച മഹാബോധതലത്തിന്റെ മുമ്പില്‍ ആര്‍ക്കു തല കുനിക്കാതിരിക്കാനാവും?
    സാക്ക് പറഞ്ഞ മറ്റൊരു കാര്യവും ശ്രദ്ധയര്‍ഹിക്കുന്നു. സ്ഥൂല ലോകത്തും സൂഷ്മ ലോകത്തും അതിന്റേതായ നിയമങ്ങള്‍ ഉണ്ട്. അത് സ്ഥാപിച്ച ശക്തി അത് ഒരിക്കലും ഭേദിക്കുകയുമില്ല. സദാ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നാമും വികസിക്കുക, അറിവിലും പെരുമാറ്റത്തിലും.

    ReplyDelete
  5. മനുഷ്യന്റെ വ്യാവഹാരിക ബുദ്ധിക്ക് ഗഹനമായ വിഷയങ്ങളാണ്‌ മറ്റപ്പള്ളി സാറിന്റെ ലേഖന പരമ്പരയിലെ 'ഊർജ്ജ പഥങ്ങൾ' എന്ന മൂന്നാം ഭാഗം. പ്രപഞ്ചത്തെ അപരിമേയ ബോധത്തിന്റെ രൂപ-ഭാവ സാക്ഷാത്കാരമായി നിരീക്ഷിക്കുന്ന യുക്തിയുക്തമായ വിശദീകരണങ്ങൾ എന്നെയെന്നും അത്യധികമായി ആകർഷിക്കാറുണ്ട്. എങ്കിലും മറ്റപ്പള്ളി സാർ കുറിച്ച കുറച്ചു കാര്യങ്ങളിൽ ഞാൻ സന്ദേഹിയാണ്. പ്രപഞ്ചത്തിലെ ഓരോ ഘടകവസ്തുവിലേയും ഊർജ്ജസ്ഥിതി വ്യത്യസ്തമാണെങ്കിലും ചില പ്രത്യേക അടയാളങ്ങളിലും രൂപങ്ങളിലും പ്രപഞ്ചസംവിധാനം ഊർജ്ജത്തിന്റെ ഉയർന്ന ഉത്തേജിതാവസ്ഥയിൽ ആണെന്ന് സങ്കൽപ്പിക്കേണ്ടി വരുന്നത്, മനുഷ്യന്റെ വ്യാവഹാരിക യാഥാർത്ഥ്യങ്ങളിലെ കേവലമായ 'അത്ഭുതങ്ങൾ' മാത്രമല്ലേ എന്നതാണ് ആ സന്ദേഹം. അതിനനുപ്പുറമുള്ള ഒരു ബോധതലത്തിലേക്കാണല്ലോ പരമാണുവിലൂടെ നാം ചെന്നെത്തുക!

    'അണു എങ്ങനെയോ അങ്ങനെയാണ് പ്രപഞ്ചസംവിധാനവും' എന്ന വേദാന്തദർശനത്തിൽ തന്നെയാണ് ക്വാണ്ടം ഫിസിക്സിന്റെ അറിവുകളും എത്തിനിൽക്കുന്നത്. ആറ്റത്തിന്റെ മൊത്തം പരിമാണത്തിന്റെ 99.99%-വും ശൂന്യതയാണ് (free space) എന്ന തിരിച്ചറിവിൽ പുതിയ ഗവേഷണങ്ങൾ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. മറ്റപ്പള്ളി സാർ ലേഖനത്തിൽ സൂചിപ്പിച്ചപോലെ, ആറ്റത്തിന്റെ രൂപ-ഭാവ സംവിധാനത്തിലെ intelligence (പ്രജ്ഞ) ഒളിഞ്ഞിരിക്കുന്നത് ഈ ശൂന്യതയിലാണെന്ന് പ്രഖ്യാപിക്കുന്നത് ശാസ്ത്രസാഹിത്യ കൃതികളിലൂടെ പ്രശസ്തയായ ഡാന സോഹർ ആണ്. തന്റെ 'ക്വാണ്ടം ആത്മാവ്' എന്ന പുസ്തകത്തിൽ, ഒരാറ്റത്തിലെ ഇലെക്ട്രോണുകൾ എന്ന ഋണാത്മക ഊർജ്ജക്ഷേത്രത്തിനും അതിന്റെ ന്യൂക്ലിയസ്സിനുമിടയിലുള്ള ഈ ശൂന്യതയെ 'ക്വാണ്ടം ശൂന്യത' (quantum vaccum) എന്നാണവർ വിളിക്കുന്നത്‌. ശുദ്ധശൂന്യതയിൽ നിന്ന് എന്തെങ്കിലും പൊട്ടിപ്പുറപ്പെടുക അനുഭവത്തിനു വിരുദ്ധമാണെങ്കിലും അവർ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് ക്വാണ്ടം ശൂന്യത ജഡമല്ലെന്നും അതിനു ബോധമുണ്ടെന്നുമാണ്.

    ശാന്തമായ സമുദ്രമാണ് ക്വാണ്ടം ശൂന്യത എന്നു സങ്കൽപ്പിക്കുക. അതിൽ പ്രത്യക്ഷപ്പെടുന്ന തിരമാലകളാണ് പ്രാപഞ്ചികവസ്തുക്കൾ. ഇതിന്റെ ആദ്യപടിയെന്നോണം ഹിഗ്ഗ്സ് ഫീൽഡ് (higgs field) വെളിപ്പെടുന്നു. ചലനാത്മകമായ ഊർജ്ജപ്രരൂപങ്ങളുടെ സ്രോതസ്സ് ഈ ഹിഗ്ഗ്സ് ഫീൽഡ് ആണ്. അതിന്റെ ബലവാഹികളായ അതിസൂക്ഷ്മ കണമാണ് ഹിഗ്ഗ്സ് ബോസോണ്‍ (higgs boson). ഒരു പാർട്ടിക്കിൾ സെക്കന്റിനുള്ളിൽ (10^-23) ഉത്ഭവിച്ച് 'കർമ്മം ചെയ്ത്' അപ്രത്യക്ഷമാകുന്ന ഈ കണം 'ദൈവകണം' എന്നാണ് അറിയപ്പെടുന്നത്. ദ്രവ്യത്തിന് 'ദ്രവ്യമാനം' എന്ന ഗുണം നൽകുന്ന വ്യവസ്ഥയാണിത് എന്ന് കരുതപ്പെടുന്നു. പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ആകർഷണബലങ്ങളുടെയും മറ്റെല്ലാ ഉപകണങ്ങളുടെയും സ്രോതസ്സ് ഈ വ്യവസ്ഥയിൽ നിന്നാകുന്നു.

    Uncertainty Priciple പ്രകാരം സൂക്ഷ്മതലങ്ങളിൽ കണങ്ങളുടെ സ്ഥാനവും പ്രവേഗവും ഒരേസമയം തിട്ടപ്പെടുത്താൻ ആവില്ല. അലങ്കോലപ്പെട്ടതും കുറെ ആകസ്മികതകളുടെയും രംഗവേദിയാണ് സൂക്ഷ്മാണുതലം എന്നാണ് മനുഷ്യന്റെ ശാസ്ത്രബോധം ഗ്രഹിച്ചിരിക്കുന്നത്. പക്ഷേ, സൂക്ഷ്മതലങ്ങളിലെ ഈ 'വൈരുധ്യങ്ങൾക്ക്' അതിൽത്തന്നെ ലക്ഷ്യബോധം ഉണ്ടെന്ന് സുവ്യക്തമാണല്ലോ; അതാണ് നാമുൾപ്പെടുന്ന ജൈവപ്രകൃതിയും സ്ഥൂലമഹാപ്രപഞ്ചവും. അങ്ങനെ നോക്കുമ്പോൾ ക്വാണ്ടം ശൂന്യത ജഡമല്ല എന്നുതന്നെയാണ് അന്തിമ നിഗമനം. ആത്മാവബോധമുണർന്നവർ ബോധമയമായ ഈ മഹാനിശ്ചലതയെ 'ബ്രഹ്മം' എന്ന് ഉള്ളിൽ അറിഞ്ഞനുഭവിക്കുന്നു.

    "കോട്യാനുകോടി വർഷം പഴക്കമുള്ള താരഭസ്മത്തിൽനിന്ന് ഉരുവായ hundred trillion cells അവയുടെ ഊർജ്ജത്തെ അന്യോന്യം സമജ്ഞസമാക്കി ഏകതാളത്തിലാകുമ്പോൾ ((attunement) തങ്ങളുടെ സൃഷ്ടിക്കുള്ള മൂലപദാർഥമായ പരമാണുവിന്റെതന്നെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കാൻ ശക്തിയുള്ള ഒരു പ്രതിഭാസമായി അത് വളർന്നിരിക്കുന്നു! വിശ്വമഹാപ്രപഞ്ചത്തിന്റെതന്നെ ഉദ്ദേശ്യം ഇതായിരുന്നെങ്കിൽ, നമ്മൾ തന്നെയല്ലേ എക്കാലത്തെയും ഏറ്റവും വലിയ അദ്ഭുതം?". ഇതിൽ കവിഞ്ഞു മറ്റൊന്നും എനിക്കും അറിയില്ല......


    ReplyDelete