Tuesday, 15 July 2014

ഊര്ജ്ജ വലയങ്ങള്‍ – 10

മനുഷ്യശരീരത്തെ ആകമാനം ആവരണം ചെയ്തിരിക്കുന്ന സൂഷ്മോര്‍ജ്ജമേഖലകളെപ്പറ്റിയുള്ള പഠനം പാശ്ചാത്യരാജ്യങ്ങളിൽ വ്യാപകമാണ്. 1911 ല്‍ ഡോ. വാള്‍ട്ടര്‍ കില്‍മര്‍ ആണ് ഓറാ നോക്കി രോഗങ്ങള്‍ മനസ്സിലാക്കുന്ന വിദ്യയാവിഷ്കരിച്ചത്. ഇതു കാണാന്‍ സഹായിക്കുന്ന ഉപായങ്ങള്‍ പുരാതന ബുദ്ധമഠങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ തന്നെ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പ്രത്യേക ഔഷധക്കൂട്ട് നിറച്ച പാത്രത്തിലേക്ക് നോക്കി അവര്‍ ഇത് കാണുമായിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള സദാ ചലിച്ചു കൊണ്ടിരിക്കുന്ന കണ്ണാടികളിലൂടെ പ്രതിശ്ചായ കടത്തിവിട്ട് ഊര്‍ജ്ജശരീരം കാണുന്ന ഉപകരണവും അവര്‍ക്കുണ്ടായിരുന്നു. എല്ലാം ഹിമാലയ പര്‍വ്വതനിരയിലെ ഏതോ ഒരു മലമടക്കിലുള്ള ഗുഹയില്‍ അഭംഗുരം സൂക്ഷിച്ചിരിക്കുന്നുവത്രേ. ഇന്ന് ഓറാ ഗോഗ്ഗിള്‍സ് (കണ്ണടകള്‍) വിദേശ മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ കിട്ടും. 
  
മനുഷ്യശരീരത്തിനു ചുറ്റുമുള്ള ഈ ഊര്‍ജ്ജ മേഖലയെയാണ് ബയോ എനര്‍ജിഫീല്‍‍ഡ്, ഹ്യുമന്‍ എനര്‍ജി ഫീല്‍‍ഡ് (HEF), ഓറാ (Aura) എന്നൊക്കെയുള്ള പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത്. ഈ ബയോപ്ലാസ്മിക് ഊര്‍ജ്ജ മേഖല, വസ്തുവിന്‍റെ ഖരം, ദ്രവം, വാതകം, പ്ലാസ്മ അവസ്ഥകള്‍ക്കും മുകളിലാണെന്ന് വാദിക്കുന്നവരും ഉണ്ട് (Dr. Victor Inyushim – Kazak University). ശരീരകോശങ്ങളില്‍ നിന്ന് വമിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അങ്ങോട്ട്‌ എത്തികൊണ്ടിരിക്കുന്ന ബഹുലക്ഷം കോടി കോടി ഊര്‍ജ്ജതരംഗങ്ങളുടെ ഒരു വന്‍കടല്‍തന്നെയാണ് ബയോഎനര്‍ജിഫീല്‍‍ഡ്; ഇവിടെ, ശരീരത്തിന്‍റെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ചുള്ള ഊര്‍ജ്ജരശ്മികളുണ്ട്. ഈ വലയങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി ചിത്രീകരിക്കപ്പെടുന്നത് മനസ്സിലാക്കാനുള്ള സൌകര്യത്തിനു വേണ്ടി മാത്രമാണ്. ഭൌതിക ശരീരത്തിനോട് ചേര്‍ന്നുള്ള ഏഴു തലങ്ങളാണ് കൂടുതലായും പരാമര്‍ശിക്കപ്പെടുന്നതെന്നതുകൊണ്ട് ഏഴു തലങ്ങളേയുള്ളൂവെന്ന് കരുതരുത്. അനാദിവരെ നമ്മെ ബന്ധിപ്പിക്കുന്ന എത്ര അതിസൂഷ്മ തലങ്ങളാണതിലുള്ളതെന്ന് ആരും തിട്ടപ്പെടുത്തിയിട്ടില്ല. 

ഒന്നാമത്തെ മേഖല ഭൌതികവലയമാണ്. രണ്ടാമത്തെത് വൈകാരികവലയം, മൂന്നാമത്തേത് മാനസികവലയവും നാലാമാത്തേത് മുതല്‍ ആത്മീയവലയങ്ങളുമാണ്. ആദ്യ മൂന്നു വലയങ്ങൾ കാണാന്‍ കഴിഞ്ഞാല്‍ത്തന്നെ, ഒരു മനുഷ്യന്‍റെയുള്ള് ഒരു തുറന്ന പുസ്തകം പോലെ ആര്‍ക്കും വായിക്കാം. ഊര്‍ജ്ജശരീരങ്ങളെപ്പറ്റി കേട്ടിട്ടേയില്ലാത്തവര്‍ക്ക് മനസ്സിലാക്കാവുന്ന രീതിയില്‍ മാത്രം വിശദീകരണങ്ങള്‍ പരിമിതപ്പെടുത്തിയാണ് ഇതെഴുതുന്നത്. ഭൌതികശരീരത്തിലെ രോഗകാരണങ്ങളിൽ ഭൂരിഭാഗവും ഊര്‍ജ്ജശരീരത്തിന്‍റെ പ്രാഥമികവലയങ്ങളില്‍ കാണും. അവയാണ്, പ്രാണിക്ഹീലിംഗ് പോലുള്ള ഹോളിസ്റ്റിക് ചികിൽസാരീതികൾ തനതു മാർഗ്ഗങ്ങളിലൂടെ ഒഴിവാക്കി രോഗശമനം സാധിക്കുന്നത്. ഏതാണ്ട് ഒരു മുട്ടയുടെ ആകൃതിയാണ് ഊര്‍ജ്ജ ശരീരത്തിനുള്ളത്. ഗ്രാമങ്ങളില്‍ സാധാരണയൊരാളുടെ ഊര്‍ജ്ജശരീരത്തിന്‍റെ പ്രാഥമിക വലയങ്ങള്‍ക്ക് പന്ത്രണ്ടടി വ്യാസം കാണാം. ആളുകള്‍ ഇടതിങ്ങി പാര്‍ക്കുന്നിടങ്ങളില്‍ ഇത് പകുതിയായോ അതിലും താഴെയായോ കുറയും. അതേസമയം, വളരെ ശക്തിയേറിയ ഊര്‍ജ്ജശരീരങ്ങളുള്ള ഗുരുക്കന്മാരുടെ പ്രാഥമിക വലയത്തിന്‍റെ വ്യാസംതന്നെ ബഹുശതം കിലോമീറ്ററുകളോളം വരാം.

ഈ ഊര്‍ജ്ജശരീരം എത്രമാത്രം തെളിമയോടെ പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നോ അത്രയും ശക്തമായ ഒരു ഊര്‍ജ്ജസംഭരണിയുമായിരിക്കും ഈ വലയങ്ങള്‍. അതിലൂടെ ലഭിക്കുന്ന സൂഷ്മോര്‍ജ്ജവും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഭൗതികഭക്ഷണത്തിലും സൂഷ്മോര്‍ജ്ജത്തിന്‍റെ അംശമുണ്ട്. സാത്വിക ഭക്ഷണങ്ങള്‍ നിഷ്കർഷിക്കപ്പെടുന്നതിന്‍റെ കാരണമിതാണ്. ശരീരത്തിനിതിനേപ്പറ്റി വേവലാതിയില്ലെങ്കിലും അബോധമനസ്സിനുണ്ട്. ശരീരത്തിലെ 90% ദൌത്യങ്ങളും നിയന്ത്രിക്കുന്നത്‌  അബോധമനസ്സാണെന്ന് അറിയാത്തവരില്ലല്ലോ. ബോധം കൊണ്ട് ആഹാരം ദഹിപ്പിക്കാനും ഹൃദയതാളം നിയന്ത്രിക്കാനുമൊന്നും മനുഷ്യനാവില്ല. 

രണ്ടു പേര്‍ അടുത്തുവന്നുവെന്നു പറഞ്ഞാല്‍ രണ്ടു പേരുടെയും ഊര്‍ജ്ജശരീരങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു എന്നു സാരം. വളരെ എളുപ്പത്തില്‍ കൂടുതലുള്ളിടത്തു നിന്ന് കുറഞ്ഞതിലേക്ക് ഊര്‍ജ്ജത്തിന്‍റെ ഒരൊഴുക്കുണ്ടാവും. രണ്ടിന്‍റെയും ഊര്‍ജ്ജസ്ഥിതി തുല്യമാകുന്നത് വരെയൊ ഒന്നിൽനിന്നു പുറത്തെടുക്കാവുന്നതിന്റെ പരമാവധി ആവുകയോ ചെയ്യുന്നതുവരെ ഇതു തുടരും. അതുകൊണ്ടാണ്, ചന്തയിലും തിരക്കിലും പെട്ട് മടങ്ങുന്നവര്‍ക്ക് അകാരണമായ ക്ഷീണം അനുഭവപ്പെടുന്നത്. രണ്ടോ അതിലേറെയോ ഊര്‍ജ്ജശരീരങ്ങള്‍ ഒന്നായും പ്രവര്‍ത്തിക്കും. ഇങ്ങിനെ പ്രവര്‍ത്തിക്കണമെങ്കില്‍ അവ തീവ്രമായ പരസ്പരസ്നേഹം കൊണ്ടു ജ്വലിക്കുക തന്നെ വേണം. പ്രേമത്തെ സൂചിപ്പിക്കുന്ന അടയാളം ഇങ്ങിനെ പരസ്പരം സമന്വയിക്കപ്പെട്ട രണ്ടു ഊര്‍ജ്ജശരീരങ്ങളുടെ ചിത്രമാണ്.

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന യേശുവിന്‍റെ വചനം ഗ്രഹിക്കാന്‍ സ്നേഹത്തിന്‍റെ ഈ സവിശേഷത മനസ്സിലാക്കിയാല്‍ മാത്രം മതി. അതിരുകളില്ലാത്ത, പരിമിതികളില്ലാത്ത, വ്യവസ്ഥകള്‍ക്കതീതമായ ദൈവമെന്ന സ്നേഹത്തിന്‍റെ മൂലബോധത്തില്‍ എത്തിച്ചേരണമെന്നുണ്ടെങ്കില്‍ പ്രപഞ്ചത്തിലുള്ള സര്‍വ്വതിനെയും സ്നേഹം കൊണ്ട് സ്വാംശീകരിച്ച് ഒന്നായി ചുരുക്കിയവനേ സാധിക്കൂ. ബുദ്ധസൂക്തങ്ങളില്‍ ‘സംഘം ശരണം ഗശ്ചാമി’ എന്നൊരു പ്രമാണം ഉണ്ട്. സത് ജനങ്ങൾ കൂട്ടുചേര്‍ന്ന് പരസ്പരം വളരണമെന്നാണ് അതുദ്ദേശിക്കുന്നത്. സമാനസ്വഭാവമുള്ള കാന്തികതരംഗങ്ങള്‍ ഒന്നുചേര്‍ന്ന് കൂടുതല്‍ ശക്തിയേറിയ ഒരു കാന്തിക മേഖലക്ക് രൂപം കൊടുക്കും എന്നതുപോലെയാണിവിടെയും; സത്സംഗിലൂടെ ഓരോരുത്തരുടെയും ഊര്‍ജ്ജശേഷി വര്‍ദ്ധിക്കും. ദുര്‍ജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം, സമ്പാദിച്ച സാത്വികോര്‍ജ്ജത്തെ അപ്പാടെ ദഹിപ്പിക്കാന്‍ പോന്നതാണ്. ഒരാളുടെ കൂട്ടുകെട്ട് ആരൊക്കെയായിട്ടാണ് എന്നറിഞ്ഞാല്‍ അയാളുടെ ഊര്‍ജ്ജസ്ഥിതി അതായത് സ്വഭാവം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേക സിദ്ധിയൊന്നും ആവശ്യമില്ല. വ്യത്യസ്ഥ സാഹചര്യങ്ങളിലും വിശുദ്ധി നിലനിര്‍ത്തുന്ന ഒരു ഗ്രഹസ്ഥന്‍ ഒരു താപസ്സനെക്കാള്‍ മൂന്നുമടങ്ങ്‌ അനുഗ്രഹീതനാണെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു.

എന്തുമാത്രം ഊര്‍ജ്ജം നഷ്ടപ്പെട്ടിട്ടും ആചാര്യന്മാരെന്തേ പിന്നെയും ഉന്മേഷവാന്മാരായി തുടരുന്നു എന്ന് ന്യായമായും സംശയിക്കാം. ഉത്തരം വ്യക്തമല്ലേ? അവര്‍ ഈശ്വരനെന്ന ഊര്‍ജ്ജശ്രോതസ്സുമായി സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. മെയിന്‍ ടാങ്കുമായി നേരിട്ടുബന്ധിപ്പിച്ച ഒരു ടാപ്പായി അവര്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ നിന്നു ശക്തിചോരുന്നത് അവരെന്തിന് പ്രശ്നമാക്കണം? അക്ഷരാര്‍ത്ഥത്തില്‍ ഇതുപോലെ ശക്തരായ നായകന്മാരാണ് പുരോഹിതരായി എല്ലാ മതങ്ങളിലും ഉണ്ടാവേണ്ടത്. ഇവര്‍ കുടിക്കുന്നത് ദൈവത്തില്‍ നിന്നും ഒഴുകുന്ന അമൃതായത് കൊണ്ട് ചില സവിശേഷതകള്‍ക്കൊണ്ട് അവരെ തിരിച്ചറിയാം. അവരെപ്പോഴും എന്തിനെയും സ്നേഹിക്കും, അവരെപ്പോഴും സന്തോഷവാന്മാരായിരിക്കും, അവര്‍ക്കു സര്‍വ്വതും സ്വീകാര്യമായിരിക്കും, അവര്‍ക്കെല്ലാത്തിനോടും നന്ദിയുണ്ടായിരിക്കും, അവരെല്ലാത്തിനെയും അനുഗ്രഹിച്ചുകൊണ്ടുമിരിക്കും. ഈ അഞ്ചു ദൈവികഗുണങ്ങള്‍ ആരിലെങ്കിലും കണ്ടാല്‍ എല്ലാം ഉപേക്ഷിച്ച് അവരെ അനുഗമിക്കുന്നതില്‍ ഒരു തെറ്റുമില്ല. അല്ലാത്തവരുടെ പിന്നാലെ പോയാല്‍ നഷ്ടമേ നിങ്ങള്‍ക്കുണ്ടാവൂ, ഉറപ്പ്!

PREVIOUS                     NEXT

4 comments:

  1. 26.7.7 ൽ എന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്ന ഈ ചിന്ത ഇവിടെ ചേരുമെന്ന് വിചാരിക്കുന്നു. അന്തരീക്ഷത്തെപ്പറ്റിയാണത്‌. അന്തർഭാഗത്തുള്ള ജഗത്തോടുകൂടിയത് എന്നാണ് അന്തരീക്ഷത്തിന്റെ അക്ഷരാർഥം. ഭൂമിക്ക് അതിന്റെ അന്തരീക്ഷം ഒരു ബാഹ്യജഗത്തിന്റെ, ബാഹ്യ ലോകത്തിന്റെ, ബാഹ്യാവരണത്തിന്റെ പ്രയോജനം ചെയ്യുന്നുണ്ട്.

    മറ്റൊരർഥത്തിൽ അന്തരീക്ഷം ആകാശത്തിനും ഭൂമിക്കുമിടക്കുള്ളത് - ഋക്ഷങ്ങൾ (നക്ഷത്രങ്ങൾ) ഉള്ളയിടം - ആണ്. ഭൂമിക്ക് ഈ ആവരണമുള്ളതുകൊണ്ടാണ്, നിസ്സാരമല്ലാത്ത വേഗത്തിൽ സ്വയം കറങ്ങുകയും സൂര്യന് ചുറ്റും ഓടിക്കൊണ്ടിരിക്കുകയും ചെയ്തിട്ടും, നമ്മൾ ഭൂനിവാസികൾക്ക് ഈ വേഗങ്ങൾ അനുഭവപ്പെടാത്തത്. കാരണം, അന്തരീക്ഷവും ഒരു കവചമെന്നോണം ഭൂമിയോടൊപ്പം സഞ്ചരിക്കുന്നു.

    ഈ സംവിധാനം ഒരോന്നിനുമനുയോജ്യമായ രീതിയിൽ ഓരോ ജീവിയേയും ജീവകോശത്തെയും പൊതിഞ്ഞുമുണ്ട്. ഈ ആവരണവും പേറിക്കൊണ്ടാണ് അവയെല്ലാം ചരിക്കുന്നത്. നമ്മളും അങ്ങനെത്തന്നെ. ഈ കവചത്തിനു പുറത്തു കടന്നാൽമാത്രമേ മറ്റൊരു ജീവിയുമായി സംസർഗം, സംവേദനം സാദ്ധ്യമാകൂ. അല്ലാത്തിടത്തോളം അഹത്തിന്റെ സ്വന്തം ഗുരുത്വം ഐക്യത്തെ ത്ടഞ്ഞുകൊണ്ടിരിക്കും.

    മറ്റൊരു വ്യക്തിയുടെ ഊർജ്ജവലയത്തിലേയ്ക്കുള്ള പ്രവേശനാനുമാതിയായി സ്നേഹത്തെ കണക്കാക്കാം. അത് ഉഭയപ്രക്രിയയാവുംപോൾ അനുരാഗവും തദ്ജന്യമായ ആനന്ദവും ഉണ്ടാവുന്നു.

    ReplyDelete
  2. ധ്യാനം, ഉള്‍ക്കാഴ്ച ഇതൊക്കെ ആധുനിക മതങ്ങള്‍ക്ക് അന്യം. പക്ഷെ ഈ രീതിയില്‍ ചിന്തിക്കുകയും പ്രത്യാശയോടെ മുന്നേറുകയും ചെയ്യുന്ന ശ്രി. സാക്ക്‌ വളരെ മുന്നേ പോയിരിക്കിന്നുവെന്ന് അദ്ദേഹത്തിന്‍റെ കുറിപ്പ് സൂചിപ്പിക്കുന്നു. ശാസ്ത്രവും മതവും ഒരേ ദിശയില്‍ തന്നെ സഞ്ചരിക്കുന്നു. ശ്രി. മറ്റപ്പള്ളിയുടെ വിശദീകരണത്തിന് കുറേക്കൂടി തെളിമ വരാന്‍ ഈ കുറിപ്പ് സഹായിക്കുന്നുവെന്ന് വ്യക്തം.

    ReplyDelete
  3. 15. 10. 07. വൈകീട്ട് ഒരു വ്യായാമത്തിനായി ഞാൻ ഓടാൻ പോകുന്ന വഴിത്താരയിൽ ഇടക്കൊന്നു നിന്നപ്പോൾ യാദൃശ്ചികമായിട്ടാണ് മുകളിലേയ്ക്ക് നോക്കിയത്. വഴിയുടെ ഇരു വശങ്ങളിലായി 20 മീറ്ററെങ്കിലും അകലത്തിൽ ദീർഘകായന്മാരായ രണ്ടു മരങ്ങൾ നില്പുണ്ടായിരുന്നു. അവയുടെ ഇടതൂര്ന്നയഗ്രങ്ങൾ തമ്മിൽ അന്തരീക്ഷത്തിൽ കോർത്തുപിണഞ്ഞ് ഒന്നുചേർന്നു നില്ക്കുന്നു! അത് സാദ്ധ്യമെന്നു ഊഹിക്കാനാവില്ലായിരുന്നു. കാരണം, തായ്ത്തടികൾ തമ്മിൽഅത്രക്കകലമുണ്ട്. മരങ്ങളിലൊന്നു മുകളിലെത്തുമ്പോൾ പടിഞ്ഞാറോട്ടും മറ്റേതു കിഴക്കോട്ടും ചരിഞ്ഞു നിന്നാണ് ഇങ്ങനെ സംപർക്കം പുലർത്തുന്നത്. അവയ്ക്കുമുണ്ടായിരിക്കണം സ്പർശനസുഖങ്ങൾ. അവരും അതിനുള്ള വഴി തേടുന്നുണ്ടാവണം. നമ്മുടെ കാഴ്ച്ചയിൽ വേറിട്ട്‌ നില്ക്കുന്ന മരങ്ങൾ തീര്ച്ചയായും മണ്ണിനടിയിൽ വേരുകളിലൂടെ പരസ്പരം സ്പർശിച്ച് വിനിമയമയം നടത്തുന്നുണ്ടെന്നത് തീർച്ച.

    മരം - രണ്ടക്ഷരമുള്ള ഒരു ശബ്ദം. മനുഷ്യശരീരഭാഗങ്ങൾ മിക്കവാറും രണ്ടക്ഷരനാമങ്ങൾ വഹിക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? തല, മുഖം, കണ്ണ്. ചെവി, മൂക്ക്, ചുണ്ട്, ... ഉള്ളിലും പുറത്തുമുള്ള മിക്ക അവയവയങ്ങളുടെയും ഭാഷാനാമങ്ങൾ ഇത്തരമാണ്.

    Tel. 9961544169 / 04822271922

    ReplyDelete
  4. Awareness ആണ് ഒരു അന്വേഷിക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം. ചുറ്റും കാണുന്നതില്‍ നിന്ന് മനസ്സിലാക്കാനും പഠിക്കാനും ധാരാളം, ഒപ്പം 'ഞാന്‍ എവിടെയാണ്?' എന്ന് അനുനിമിഷം തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കാനും ഇത് നമ്മെ സഹായിക്കും. ഒരാളുടെ ദൌത്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇതിലൂടെ ഒരാള്‍ക്ക്‌ കഴിയും. പ്രകൃതി എപ്പോഴും പുതിയ പുതിയ മുഖങ്ങളും ഭാവങ്ങളുമായി നമ്മുടെ മുമ്പിലുണ്ട്. നമുക്ക് വേണ്ട എല്ലാ പാഠങ്ങളും പ്രകൃതി നിശ്ശബ്ദമായി നമുക്ക് തരുന്നുണ്ടെന്നു നാം അറിയുന്നില്ലെന്നെയുള്ളൂ. സ്വസ്ഥമായിരുന്നു ചുറ്റും നിന്ന് വരുന്ന ശബ്ദങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ. നാം ഒരിക്കലും കേള്‍ക്കാത്ത ശബ്ദങ്ങള്‍ നാം കേട്ടെന്നിരിക്കും. മണ്ണിന്‍റെ മണവും വേര്‍തിരിച്ചു ആസ്വദിക്കാനും അത് സഹായിക്കും. സാക്കിന്‍റെ നിരീക്ഷണം വളരെ ഹൃദയസ്പര്‍ക്കാണ് പ്രപഞ്ചത്തില്‍ കൌതുകത്തിന് വേണ്ടി പരസ്പരം കൊള്ളുന്ന ഒരേ ഒരു വര്‍ഗ്ഗമായ മനുഷ്യന്‍ ചരാചരങ്ങള്‍ തമ്മിലുള്ള സ്നേഹം കാണുമ്പോള്‍ ലജ്ജിക്കണം. പക്ഷെ അവയെയും നാം പരസ്പരം പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്നു ഞാന്‍ സംശയിക്കുന്നു. ഓരോ സസ്യവും പരമാവധി മറ്റുള്ളതിനു വേണ്ടി ഉപയോഗിക്കപ്പെടാന്‍ കൊതിക്കുന്നു. അത് സത്യമാണ്. ബോധത്തിന്‍റെ ആവേശം കൂടുതലാകുമ്പോള്‍ ആ പ്രേരണയില്‍ നിന്ന് ഒളിച്ചോടാന്‍ ഓരോന്നും ശ്രമിക്കുന്നു. പരിണാമം മനുഷ്യന്‍ വരെയായപ്പോള്‍ തത്ത്വം നേരെ തിരിച്ചായി, എല്ലാം എനിക്കുവേണ്ടി എന്നോ അല്ലെങ്കില്‍ നമുക്കുവേണ്ടി എന്നോ ഒക്കെ ആയി. ഒരു ചെടിയില്‍ ഒരു പൂവുണ്ടാകുമ്പോള്‍ അത് മനോഹരമാക്കാന്‍ വേണ്ടി ആ ചെടിയിലെ മറ്റെല്ലാ അംശങ്ങളും ഒരു പടി താഴുന്നു - സ്വയം. അതിന്‍റെ സൌന്ദര്യത്തിനുവേണ്ടി ഇലകളും കമ്പുകളും തടിയും വേരുകളും എല്ലാം അദ്ധ്വാനിക്കുന്നു.
    പ്രപഞ്ചത്തിലെ ഈ സ്വര്‍ഗ്ഗിയ താളം മനുഷ്യന്‍ അനുവര്‍ത്തിച്ചിരുന്നെങ്കിലോ? ഇവിടുത്തെപ്പോലെ അവിടെയും ആകണമേയെന്നു ദൈവങ്ങള്‍ പ്രാര്‍ഥിച്ചേനെ. അതിനു നമുക്ക് കഴിയുമോ? കഴിയേണ്ടതാണ്.

    ReplyDelete