ഊര്‍ജ്ജ ശരീരത്തിലുള്ള ഓരോതരം മാലിന്യങ്ങളും (Dead Orgone Energy) ഏതെല്ലാം പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നതെന്ന് മനുഷ്യര്‍ നിരീക്ഷിച്ചുറപ്പിച്ചിട്ടുണ്ട്. ലൂയിസാ എല്‍ ഹേ എഴുതിയ Heal Your Body എന്ന ഗ്രന്ഥം മിക്കവാറും എല്ലാത്തരം രോഗങ്ങള്‍ക്കും പ്രതിവിധിയായി വൈകാരിക തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ ബന്ധം മനസ്സിലാക്കാന്‍ കണ്ണുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക. ചെറുപ്രായത്തില്‍ അടുത്തുള്ളവ കാണാന്‍ വേണ്ടി കണ്ണടകള്‍ ഉപയോഗിക്കും, വാര്‍ദ്ധക്യത്തില്‍ അകലെയുള്ളവ കാണാനാണ് കണ്ണാടി പൊതുവേ ആവശ്യമായി വരിക. ചെറുപ്രായത്തില്‍ യാഥാര്‍ഥ്യം കാണാതെ അകലെയുള്ള സ്വപ്നങ്ങളിലേക്ക് മനുഷ്യന്‍ കണ്ണു പായിക്കുന്നുവെന്നും, വാര്‍ധക്യത്തില്‍ യാഥാര്‍ത്ഥ്യബോധം വീണ്ടെടുക്കുന്നുവെന്നും കണ്ടാല്‍ മതി. ചിന്തകളുടെ ഭാരത്താല്‍ തല കുനിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവണമല്ലോ. ചുറ്റുമുള്ള ഊര്‍ജ്ജ ശരീരത്തിന്‍റെ ഭാവങ്ങള്‍ മുഖത്തു തന്നെ ശ്രദ്ധിച്ചാല്‍ കാണാം. മുഖം മനസ്സിന്‍റെ കണ്ണാടിയാണല്ലോ. കോപവും ദുഖവുമാണ് ശരീരത്തില്‍ ഏറ്റവും വ്യാപകമായ നാശം വരുത്തുന്ന വിപത്തുകള്‍. വൈരാഗ്യവും നിരാശാബോധവും എപ്പോള്‍ എടുത്തു കളയുന്നോ അപ്പോള്‍ തന്നെ അത്ഭുതകരമായ രോഗശാന്തിയും അനുഭവപ്പെടുമെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ഈ പ്രക്രിയയില്‍ മനുഷ്യനെ സഹായിക്കുന്ന തന്ത്രങ്ങള്‍ക്ക് അടിസ്ഥാനപരമായി ഒരു തിയോളജിയും ഫിലോസഫിയും ആവശ്യമില്ല. എല്ലാ മതങ്ങളിലും സമാനമായ അത്ഭുതങ്ങള്‍ സമൃദ്ധമായി നടക്കുന്നുണ്ട്.
പരബ്രഹ്മം (ദൈവം) സൃഷ്ടിക്കുന്നു സൂക്ഷിക്കുന്നു സംഹരിക്കുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ കണികകളും ചേര്‍ന്നതാണ് ദൈവം. അതായത്, സൃഷ്ടിക്കാനും സംരക്ഷിക്കാനും സംഹരിക്കാനുമുള്ള ശക്തി എല്ലാ കണികകളിലുമുണ്ട്. ഇതു മനസ്സിലാക്കാന്‍ ‘ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ മുന്തിരി വള്ളികളുമാണ്’ എന്ന് യേശു പറഞ്ഞ വചനം ശ്രദ്ധിച്ചാല്‍ മാത്രം മതി. ദൈവം സൃഷ്ടാവും എല്ലാവരും സഹസൃഷ്ടാക്കളും ആണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നമ്മെ സജീവമാക്കി നിര്‍ത്തുന്ന ജീവന്‍റെ കേന്ദ്രം കൂടുതല്‍ സൂഷ്മതയിലേക്ക് മാറ്റിയാല്‍ സൃഷ്ടിക്കാനും സൂക്ഷിക്കാനും സംഹരിക്കാനുമുളള നമ്മുടെ ശേഷിയും വര്‍ദ്ധിക്കും - ദൈവത്തിനു പ്രാപ്യമായ എല്ലാ അറിവുകളും ആനുപാതികമായി നമുക്ക് ഗ്രഹിക്കാനുമാവും. ആത്മീയമായ വളര്‍ച്ചയുടെ പാതയില്‍ സിദ്ധികളുടെ ഈ മേഖലയിലൂടെ എല്ലാ ആത്മാക്കള്‍ക്കും കടന്നു പോവേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെയും ആത്മസംയമനത്തോടെയും മുന്നേറേണ്ട ഈ പാതയില്‍ ഭൂരിഭാഗം തീര്‍ത്ഥാടകരും കാലിടറുന്ന ദയനീയമായ കാഴ്ചയാണ് നാമിന്നു കാണുന്നത്. കിട്ടിയ സിദ്ധികള്‍ (വരങ്ങള്‍) പ്രദര്‍ശിപ്പിക്കുന്നതു വഴി പഴയതിലും വലിയ തകര്‍ച്ചയിലേക്ക് അവര്‍ കൂപ്പുകുത്തുന്നു. ഞാന്‍ എന്തോക്കെയായിരിക്കുന്നുവോ അതെല്ലാം (ego) പൂര്‍ണ്ണമായും ദഹിപ്പിച്ചു കൊണ്ട് മാത്രമേ പരമസത്തയായ ആനന്ദമയ കോശത്തില്‍ വിലയം പ്രാപിക്കാന്‍ കഴിയൂ എന്ന അറിവ് ഇവിടെ പ്രയോജനം ചെയ്യുന്നില്ല. അത്ഭുതകരമായ സിദ്ധികള്‍ നേടിയ അനേകം സദ്‌കര്‍മ്മികള്‍ ഭാരതത്തില്‍ ജീവിച്ചിരുന്നു.
സത്യം മനസ്സിലാക്കി നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് ഗുരു സാന്നിദ്ധ്യത്തില്‍ മുന്നേറുന്ന അനേകര്‍ ഇപ്പോഴും ഭാരതത്തിലുണ്ട്. സിദ്ധികള്‍ അവര്‍ക്കുണ്ടെന്ന അറിവ് പോലും അവര്‍ കരിച്ചു കളയുന്നു. ലോകത്തു നടന്നുകൊണ്ടിരിക്കുന്നതെല്ലാം കൃത്യമായ സ്ഥലത്തും സമയത്തുമാണ് സംഭവിക്കുന്നതെന്നാണ് അവരുടെ നിലപാട്. ദൈവത്തെയോ മതത്തെയോ സംരക്ഷിക്കേണ്ട ബാദ്ധ്യതയും അവര്‍ ഏറ്റെടുക്കാറില്ല. അവര്‍ ഒറ്റക്കല്ല വളരുന്നത്. സമൂഹ മനസാക്ഷി (Collective Consciousness/Total Consciousness) എന്നൊരു പ്രതിഭാസമുണ്ട്. ഒരു ബലൂണിന്‍റെ ഒരു ഭാഗമായി മാത്രം വീര്‍ക്കുന്നില്ലായെന്നു പറയുന്നതുപോലെയാണിതും. ഒരാള്‍, ഏറെ ആത്മബലം ആര്ജ്ജിക്കുമ്പോള്‍ എല്ലാ ശരീരങ്ങള്‍ക്കും ആനുപാതികമായ ഒരു ബലം കിട്ടും. ഏകാന്തതയിലിരുന്നു ധ്യാനവും പ്രാര്‍ഥനയും നടത്തി ജീവിതം മുഴുവന്‍ ചിലവിടുന്ന വിശുദ്ധന്മാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ലോകത്തിന്‍റെ ഗതി വളരെ ദയനീയമാകുമായിരുന്നു. ഒരു കുരങ്ങന്‍ കിഴങ്ങ് കഴുകിത്തിന്നാല്‍ ലോകത്തുള്ള മുഴുവന്‍ കുരങ്ങന്മാരും ആ വിദ്യ സ്വായത്തമാക്കുമെന്ന് (Hundredth Monkey Syndrome) തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നീലക്കുറിഞ്ഞിച്ചെടികള്‍ ഒരേ സമയത്തല്ലേ പൂക്കാറുള്ളത്? ഒരേ സമയം ഒരേ ആവിഷ്കാരങ്ങള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ലോകത്ത് പുത്തരിയല്ല. റേഡിയോ കണ്ടുപിടിച്ചത് ബോസും മാര്‍ക്കൊണിയും ഒരേ കാലത്തായിരുന്നല്ലോ! പുതു തലമുറ ശിശുക്കളുടെ ജ്ഞാനതലം (IQ) ഏതാണ്ട് സമാനമാണെന്നും നാം കാണുന്നുണ്ടല്ലോ. ഡോ. റൂപ്പര്ട്ട് ഷെല്‍ഡ്രേക്കിന്‍റെ മോർഫിക് റെസോണന്‍സ് സിദ്ധാന്തപ്രകാരം ഒരു ചെറിയ കണികയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റത്തിന് പോലും അതിനനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനം പ്രപഞ്ചത്തില്‍ സൃഷ്ടിക്കാതിരിക്കാന്‍ ആവില്ല. അതായത്, ഒരിടത്ത് ഒരാള്‍ ചിന്തിക്കുന്ന കാര്യം പ്രപഞ്ചത്തെ മുഴുവന്‍ സ്വാധീനിക്കുന്നു എന്ന് തന്നെ.
പ്രപഞ്ചത്തിലെ ഊര്‍ജ്ജ ശരീരങ്ങള്‍ ആശയ വിനിമയം നടത്തുവാന്‍ വ്യത്യസ്ഥ ഭാഷകളാണ് ഉപയോഗിക്കുന്നത്. ബ്രഹ്മാവിന് ബ്രഹ്മഭാഷ, ദേവന്മാര്‍ക്ക് മറ്റൊന്ന്, ഗന്ധര്‍വന്മാര്‍ക്ക് മറ്റൊന്ന്, മനുഷ്യന് നാലാമതൊന്ന്. മനുഷ്യന്‍റെ ഭാഷ ഉപയോഗിച്ചു ദൈവിക കാര്യങ്ങള്‍ വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ല. ഓരോ സൂഷ്മോര്‍ജ്ജ മേഖലയിലും അനുയോജ്യമായ ഭാഷ എന്നേ നാം മനസ്സിലാക്കേണ്ടതുള്ളൂ. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് സംവദിച്ചത് സംസ്കൃതത്തിലോ പാലിയിലോ ആയിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല. മനുഷ്യ ഭാഷയിലേക്ക് മൊഴിമാറ്റം വന്നപ്പോളുണ്ടായ 18 അദ്ധ്യായങ്ങളും ഒരാവര്‍ത്തി വായിക്കാനെടുക്കുന്ന സമയം അവരെഎടുത്തിട്ടില്ല. ഗുരുകുല സമ്പ്രദായത്തില്‍ ഗുരു മൂലജ്ഞാനം കൈമാറുന്നത് മനുഷ്യഭാഷ ഉപയോഗിച്ചായിരുന്നിരിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.
നേരത്തെ പറഞ്ഞതുപോലെ, ഉറക്കത്തില്‍ ജീവകേന്ദ്രം ഉന്നതമായ ഊര്‍ജ്ജസ്ഥിതിയിലേക്ക് മാറാറുണ്ട്. അവിടെ ജീവന്‍ ആ മേഖലയിലുള്ള അറിവുകളും സന്ദേശങ്ങളും നേരിട്ട് സ്വീകരിക്കാറുമുണ്ട്. ചിലര്‍ക്കത് ബോധമനസ്സിലേക്ക് പകര്‍ത്തി സൂക്ഷിക്കാന്‍ കഴിഞ്ഞേക്കാം എന്നേയുള്ളൂ. ഭൂരിഭാഗവും അത് അവഗണിക്കുന്നു. ദൈവികമായ പല സന്ദേശങ്ങളും സ്വപ്നത്തിലാണല്ലോ ലഭിക്കുക. ജീവാത്മാവ് ആകാശ സഞ്ചാരങ്ങള്‍ക്ക് ശരീരം വിടുമ്പോഴാണ് ഉറക്കത്തില്‍ ശരീരത്തില്‍ ഞെട്ടല്‍ അനുഭവപ്പെടുന്നത്.
ജീവോര്‍ജ്ജ ശ്രുംഘല തുടങ്ങുന്നത് സ്നേഹത്തിലാണെന്നു ഞാന്‍ പറഞ്ഞു; അവസാനിക്കുന്നത് ഭയത്തിലുമാണെന്നു കാണണം. ഭയം സ്നേഹത്തില്‍ നിന്നുണ്ടായ ഒരു വികാരമാണ്. പക്ഷെ, സ്നേഹം ഒരു വികാരമല്ല, അത് ശുദ്ധമായ ഊര്‍ജ്ജം മാത്രമാണ്. നാം വേര്‍തിരിച്ചിട്ടുള്ള ആയിരത്തോളം തരം വികാരങ്ങളെല്ലാം ഭയത്തിന്‍റെയും സ്നേഹത്തിന്‍റെയും വ്യത്യസ്ഥ ചേരുവകളാണ്. ഭയം ദുഷ്ടാരൂപികളുടെ മേഖലയായി കരുതുമ്പോള്‍ സ്നേഹത്തോട് അടുത്തു നില്‍ക്കുന്ന മാലാഖമാര്‍ വിശിഷ്ടാരൂപികളുമാണ്. ദൈവം മുതല്‍ ലൂസിഫര്‍ വരെയുള്ള സര്‍വ്വ ഊര്‍ജ്ജ മേഖലകളെയും വ്യക്തിവല്‍ക്കരിക്കുന്നത് ഇവയെപ്പറ്റിയൊക്കെ എളുപ്പം മനസ്സിലാക്കാന്‍ വേണ്ടി മാത്രം. ഒന്നാം ക്ലാസ്സില്‍ ഉപയോഗിച്ച സ്ലേറ്റും പെന്‍സിലും ഉയര്‍ന്ന ക്ലാസ്സുകളില്‍ നാം പ്രയോജനപ്പെടുത്താറുണ്ടോ? വളര്‍ന്ന ഒരു തെങ്ങിന് ചുറ്റുവേലി ആവശ്യമില്ലല്ലോ.
ദൈവവുമായി അല്ലെങ്കില്‍ ദൈവികാരൂപികളുമായി ഒരു ബന്ധം സ്ഥാപിക്കണമെങ്കില്‍ ഒന്നുകില്‍ നാം മുകളിലേക്ക് പോകണം അല്ലെങ്കില്‍ ദൈവം താഴേക്ക് വരണം. ദൈവം മനുഷ്യനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാം കൂടുതല്‍ താഴേക്കാണ് പോവാറ്. പറഞ്ഞു വരുന്നത്, ഉയര്‍ന്ന ഊര്‍ജ്ജ മേഖലകള്‍ മനുഷ്യനുമായി ബന്ധപ്പെടാന്‍ താത്പര്യപ്പെട്ടു താഴേക്ക് വന്നാല്‍ നാം ആയിരിക്കുന്നതിലും അകലേക്ക് മാറരുത് എന്നാണ്. വി. ബൈബിളില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് പറയുന്ന മിക്ക സന്ദര്‍ഭങ്ങളിലും ‘ഭയപ്പെടരുത്’ എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇടപെടല്‍ തുടങ്ങുന്നത്. ഭയം നമ്മെ ദൈവത്തില്‍ നിന്നകറ്റും. ഈ സത്യം അറിഞ്ഞുകൊണ്ടാണോ അറിയുന്നില്ലെന്ന് നടിച്ചുകൊണ്ടാണോ പല മതങ്ങളും വിശ്വാസികളില്‍ ഭീതിവിതച്ചുകൊണ്ട് അവരെ അനുഷ്ടാനങ്ങളില്‍ പിടിച്ചു നിര്‍ത്തുന്നത് എന്നെനിക്കറിയില്ല. ദൈവത്തിങ്കലേക്കുള്ള യാത്ര ഭീരുക്കള്‍ക്കുള്ളതല്ല, ഭയം ദൈവത്തോടായാലും.
No comments:
Post a Comment