Friday, 4 July 2014

അടയാളങ്ങളുടെ ലോകം - 2

ചക്രവര്‍ത്തി ഒരു സെന്‍ഗുരുവിനെ വിളിച്ച്, വിശുദ്ധ ബുദ്ധമതതത്ത്വങ്ങളുടെ ഉന്നതമായ സത്യം എന്താണെന്ന് ചോദിച്ചു. “അനന്തമായ ശൂന്യത, അതിലൊട്ടും വിശുദ്ധിയില്ല താനും." സെന്‍ഗുരു മറുപടി പറഞ്ഞു. “വിശുദ്ധി ഇല്ലെങ്കില്‍ താങ്കളാരാണ്, എന്താണ്?” ചക്രവര്‍ത്തി ചോദിച്ചു. ഉടന്‍ വന്നു ഗുരുവിന്‍റെ മറുപടി, “എനിക്കറിഞ്ഞു കൂടാ.” സത്യത്തിലേക്ക് വളരുന്നവനായാലും സത്യം അന്വേഷിക്കുന്നവനായാലും ചെന്നെത്തുന്നത് ഇത്തരം ഒരു അസന്നിഗ്ദാവസ്ഥയിലാണെന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ശൂന്യമായ ബുദ്ധിയുള്ള ഒരു മനസ്സുകൊണ്ട് ചിന്തിച്ചാലെ പ്രപഞ്ചത്തിന്‍റെ തുടക്കത്തെപ്പറ്റി ഒരു രൂപരേഖ കിട്ടൂവെന്നതു തന്നെ വിചിത്രമല്ലേ?

പ്രപഞ്ചത്തിലുള്ള വസ്തുവെന്നോ ശക്തിയെന്നോ നാം വിളിക്കുന്ന സര്‍വ്വതും അടിസ്ഥാനപരമായി ഊര്‍ജ്ജമാണെന്ന് ശാസ്ത്രം തെളിയിച്ചു; ഈ ഊര്‍ജ്ജം തരംഗങ്ങളായാണ് നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. പ്രസിദ്ധമായ ബിഗ്‌ബാംഗ് തിയറി പറയുന്നത്, സമയത്തിന്‍റെ ഒരു ഘട്ടത്തില്‍ (13.5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്) സര്‍വ്വ ഊര്‍ജ്ജവും ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്നു എന്നാണ്. ഭാരതത്തിലെ ഏതാനും പൌരാണിക പ്രാമാണികഗ്രന്ഥങ്ങളില്‍ ഏതാനും ചിലതേ ആല്‍ബര്‍ട്ട് ഐന്‍സ്റെയിന്‍ കണ്ടിരിക്കാനിടയുള്ളൂ. മനസ്സിലാക്കിയത് വെച്ചദ്ദേഹം പറഞ്ഞു, ‘പരമാണുവിനെ സംബന്ധിച്ചുള്ള ഈ അറിവുകള്‍ നേരത്തെ ഞാനറിഞ്ഞിരുന്നെങ്കിലെന്ന്'. അത്ര കൃത്യമായി നമ്മുടെ ആചാര്യന്മാര്‍ പ്രപഞ്ചത്തിന്‍റെ നിഗൂഡരഹസ്യങ്ങള്‍ കണ്ടിരുന്നു. സര്‍വ്വതും അടങ്ങിയിരുന്ന ആ ബിന്ദുവില്‍ അവര്‍ കണ്ടത് സ്വസ്വരൂപ ഭൂതമായ പ്രണവത്തെയാണ്. 

പ്രണവ മന്ത്രമാണ് 'ഓം' എന്നു പറയുന്നത്. 'ഓം' എല്ലാ ക്രിയകള്‍ക്കും കൃതികള്‍ക്കും മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് സ്പഷ്ടം. 'ഓം' സസ്കൃതത്തിലെ ഒരു ലിപിയുമല്ല, അത് ഹിന്ദുവിന്റേതുമല്ല യഹൂദരുടേതുമല്ല, ആരുടേയുമല്ല്.  'ഓം' ശബ്ദം വളരെ പ്രാചീനമായ പല സംസ്കാരങ്ങളിലും ഉപയോഗിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്. 'ഓം' ചിഹ്നം ഹിന്ദു പ്രസ്ഥാനങ്ങള്‍ സ്വന്തം മതത്തിന്‍റെ ചിഹ്നമായി വ്യാപകമായി ഉപയോഗിച്ചതാണ് അത് ഹിന്ദുക്കളുടേതായി കരുതപ്പെടാന്‍ കാരണം. എസ്സക്കിയേല്‍ പ്രവാചകന്‍ ദൈവത്തിന്‍റെ സ്വരം കേട്ടുവെന്ന് അവകാശപ്പെടുന്നുണ്ട്. ആയിരം സമുദ്രങ്ങളുടെ ഇരമ്പലിനോടാണ് ആ ശബ്ദത്തെ പ്രവാചകന്‍ ഉപമിച്ചത്. ഇത് വലിയൊരു 'ഓം' ആയിരിക്കാനെ സാധ്യതയുള്ളൂവെന്ന് ഞാന്‍ കരുതുന്നു. ബൈബിള്‍ പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടും അപ്രകാരമായിരിക്കട്ടെ എന്നര്‍ത്ഥം വരുന്ന ആമ്മേന്‍ എന്ന പദം തര്‍ജ്ജമ ചെയ്യപ്പെടാതെ പോയത് അതിലെ ഓം സമാനമായ ശബ്ദം സംരക്ഷിക്കാനായിരിക്കാനെ വഴിയുള്ളൂ. 'ഓം' നെ സംബന്ധിച്ച് അകാരണമായ ഒരു ഭയമാണ് ഭാരതത്തിലെ ക്രൈസ്തവസഭകള്‍ വിശ്വാസികളില്‍ വിതച്ചത്. പക്ഷെ, ലത്തിന്‍ റീത്തില്‍ പെട്ട മിഷനറി വൈദികര്‍ മാത്രമല്ല ഇപ്പോള്‍ 'ഓം' അംഗീകരിക്കുന്നവരുടെ ഗണത്തിലുള്ളത്. 'ഓം' ന്‍റെ അംശങ്ങള്‍ എവിടെനിന്ന് വന്നുവെന്നോ 'ഓം' എന്താണ് അര്‍ത്ഥമാക്കുന്നതെന്നോ ഒക്കെ അന്വേഷിക്കുന്നതിനു മുമ്പ് 'ഓം' ന്‍റെ ഘടന എന്തായിരിക്കാം എന്ന് നോക്കാം.

ഓം നാമവും രൂപവുമുള്ള ഒരു മന്ത്രമാണ്. ഇതിനൊരു നിര്‍വ്വചനമായി ഒരു പരാമര്‍ശം കാണണമെങ്കില്‍ നചികേതസ്സ്‌ എന്ന ബ്രാഹ്മണ കുമാരനോട്  യമന്‍  പറയുന്ന കഠോപനിഷത്തിലെ ഒരു ഭാഗമേ എടുത്തു കാണിക്കുവാന്‍ ഉണ്ടാവൂ. ‘സകല വേദങ്ങളും ഏതുപദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചുകൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞുതരാം - 'ഓം' എന്നാണത്‌ എന്നാണ് അവിടെ പ്രതിപാദിച്ചിരിക്കുന്നത്. തുടങ്ങിയിടത്തു തന്നെ എല്ലാം ഒരിക്കല്‍ എത്തിച്ചേരേണ്ടതുണ്ട്. 'ഓം' ല്‍ നിന്ന് ഉയിരാര്‍ജ്ജിച്ചത് 'ഓം' ല്‍ തന്നെ ഒടുങ്ങണം. ഈ 'ഓം' ല്‍ ലയിക്കാനായിരുന്നിരിക്കണം സമ്പൂര്‍ണ്ണ ശുദ്ധീകരണത്തിന്‍റെതായ ഒരു പാത ഭാരതീയ ആചാര്യന്മാര്‍ തിരഞ്ഞെടുത്തത്. ഈ വേദകാല കാഴ്ച്ചപ്പാടിനനുസരിച്ചാണെങ്കിലും തുടക്കത്തില്‍ ഉണ്ടായിരുന്നത് ഒരു ഊര്‍ജ്ജശ്രോതസ്സ് മാത്രം. ഊര്‍ജ്ജത്തിന്‍റെ തരംഗഭാവത്തെപ്പറ്റി തന്നെയായിരിക്കണമല്ലോ, ജലത്തിനു മീതേ ചലിച്ചുകൊണ്ടിരുന്ന അരൂപിയെപ്പറ്റി പറയുമ്പോള്‍ ഉല്‍പ്പത്തിയുടെ പുസ്തകവും അര്‍ത്ഥമാക്കുന്നത്! ആര്‍ക്കും ഗ്രഹിക്കാനോ ചിന്തിക്കാനോ പോലും സാധിക്കുന്നതിനപ്പുറമുള്ള അതിസൂഷ്മമായ ഒരു തരംഗസ്ഥിതിയില്‍ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത്. 
ക്വാണ്ടംഫിസിക്സ് പറയുന്നത്, ഊര്‍ജ്ജം സൂഷ്മമാവുമ്പോള്‍ അതിന്‍റെ തരംഗദൈര്‍ഘ്യം ആനുപാതികമായി കുറഞ്ഞു കൊണ്ടിരിക്കും എന്നാണ്. മനുഷ്യന്‍റെ മനുഷ്യനുപോലും കണക്കു കൂട്ടാവുന്നതിലും അപ്പുറമുള്ള അന്ത്യമില്ലാത്ത ഒരന്ത്യത്തിലേക്കാണ് ഇതു നമ്മെ കൊണ്ട് പോവുക. ഈ അന്ത്യം, തുടക്കത്തിലുണ്ടായിരുന്ന ചലിച്ചുകൊണ്ടിരുന്ന അരൂപിയിലോ അല്ലെങ്കില്‍ എല്ലാം തുടങ്ങിയ പ്രണവത്തിലോ അല്ലെങ്കില്‍ കാലത്തിന്‍റെ സമയക്രമത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്ന ഒരു ബിന്ദുവിലോ ആയിരിക്കാം അവസാനിക്കുക. തരംഗങ്ങളുടെ ഗുണിതങ്ങള്‍ക്കും ഹരിതങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. സ്വരങ്ങളില്‍ ഓരോന്നും ഏതു സ്ഥായിയില്‍ വന്നാലും അതേപേരിലുള്ള സ്വരങ്ങള്‍ തന്നെ. ഇതാണ് ഓംകാരാലാപനത്തിന്‍റെ രഹസ്യം. കൃത്യമായും ഓമിന്‍റെ മന്ത്രഭാഗത്തിനുള്ള തരംഗദൈർഘ്യത്തിന്റെ ഒരു ഹരിതസ്ഥായിയില്‍ തന്നെ അത് ആലാപനം ചെയ്യുമ്പോള്‍ മൂലമന്ത്രത്തിന്‍റെ ശക്തിജ്വാല ആവഹിക്കാനാവും എന്നത് തികച്ചും ശാസ്ത്രീയമായ ഒരു വസ്തുത. ഏതു മന്ത്രവും ഉശ്ചരിക്കുന്നത് അതിനു നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ തന്നെ ആയിരിക്കേണ്ടതുണ്ട് എന്ന് പറയുന്നതിന്‍റെ രഹസ്യം ഇതാണ്. തെറ്റായ രീതിയിലുള്ള പ്രയോഗം ദോഷം ചെയ്യുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കൈസ്തവര്‍ ആമ്മേന്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത് ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്, അര്‍ഥം മനസ്സിലാക്കാതെയാണെങ്കിലും. ആദിയിലുണ്ടായിരുന്ന വചനത്തിന്‍റെ ശബ്ദഭാഗം എങ്ങിനെയിരിക്കുമെന്നതിനെപ്പറ്റി പഴയ നിയമവും പുതിയ നിയമവും ഒന്നും പറഞ്ഞിട്ടില്ല.

മന്ത്രത്തിന്‍റെ യന്ത്ര(ശരീര)ഭാഗവും ഇതുപോലെ നിര്‍ണ്ണായകമാണ്. മന്ത്രായ്ക് ചേര്‍ന്നതായിരിക്കണം യന്ത്രം. 'ഓം' ന്‍റെ ശരീര ഭാഗവും അതുപോലെ യഥേഷ്ടം മാറ്റാവുന്ന ഒന്നല്ല. കാലഘട്ടത്തിനനുസരിച്ച് ഇതില്‍ മാറ്റങ്ങളുണ്ടാവുന്നുവെന്നൊരു വസ്തുതയും ഉണ്ട്. ഭാരതീയ ഭാഷകളെല്ലാം തന്നെ ഈ മന്ത്ര-യന്ത്ര ബന്ധമുള്ള അക്ഷരങ്ങള്‍ കൊണ്ട് രൂപികരിക്കപ്പെട്ടവയാണ്. 'അ' എന്ന ശബ്ദത്തിന്‍റെ ശരീരം 'അ' എന്ന അടയാളമാണ്. ലിപിയും ശബ്ദവും ചേര്‍ന്നുണ്ടായ ഈ ഘടകത്തെ അക്ഷരം (ക്ഷയമില്ലാത്തത്) എന്ന് തന്നെ വിളിക്കുന്നത്‌ അതുകൊണ്ടാണ്. നാം ഉപയോഗിച്ചാലും ഇല്ലെങ്കിലും 'അ' യുടെ ശബ്ദത്തിനും രൂപത്തിനും മാറ്റമില്ല. പക്ഷെ, 'അ' ശബ്ദത്തിന് മലയാളത്തിലുള്ള ഈയൊരു രൂപം മാത്രമാണെന്ന് കരുതരുത്. ഇതുപോലൊരു വ്യത്യാസമാണ് 'ഓം' ന്‍റെ കാര്യത്തിലും ഉണ്ടാവാം എന്ന് പറയുന്നത്. 'ഓം' നെപ്പോലെ ശക്തിദായകങ്ങളായ അനേകം അടയാളങ്ങള്‍ നിഗൂഡ ശാസ്ത്രങ്ങളില്‍ ഉണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി അവ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. കുരിശും ഇതുപോലൊരു ശക്തിദായകമായ അടയാളമാണ്. ആദ്യകാല മിസ്റ്റിക്കുകള്‍ ഇത് മനസ്സിലാക്കിയിരുന്നു. ആ വിശിഷ്ട അടയാളം യേശുവിന്‍റെ മരണവുമായി ബന്ധപ്പെടുത്തിയാണെങ്കിലും വിശ്വാസികള്‍ ഉപയോഗിച്ചും വന്നു. ആ കുരിശു മാറി മറ്റൊരു രൂപം അടയാളമായി വന്നപ്പോള്‍ അതിന്‍റെ ശക്തിയും അന്യമായി.

ഇത് പോലുള്ള അടയാളങ്ങള്‍ അനവധിയുണ്ട്. അന്തകരാണാ എന്നൊരു അടയാളത്തിന്‍റെ വകഭേദമാണ് കൈരളി ടി വി യുടേത്. യിന്‍ യാംഗ് ദ്വയത്തിന്‍റെ രൂപമാണ് ദൂരദര്‍ശന്‍റെത്. ഇതുപോലുള്ള ഗൂഡ അടയാളങ്ങളാണ് ഏലസ്സുകളുടെ രൂപത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും. ഇതില്‍ സദ്‌ചിഹ്നങ്ങളുമുണ്ട് ദുര്‍ചിഹ്നങ്ങളുമുണ്ട്. ദുർചിഹ്നങ്ങള്‍ സാത്വികോര്‍ജ്ജത്തെ അകറ്റി നിര്‍ത്തുന്നതിലൂടെ നാശത്തിനു വഴിതെളിക്കും - അതുപയോഗിക്കുന്നത് പ്രസ്ഥാനങ്ങളായാലും വ്യക്തികളായാലും. പ്രത്യേക ലക്ഷ്യമുള്ള അടയാളങ്ങളില്‍ ഒന്നാണ് താലി. അത് ഹൃദയചക്രായുടെ മുകളില്‍ വരത്തക്കപോലെ (നെഞ്ചിന്‍റെ മദ്ധ്യത്തില്‍) വേണം അണിയാന്‍. ഈ അടയാളങ്ങളെ അതിന്‍റെ വലിപ്പവുമായി ബന്ധപ്പെടുത്തി ഊര്‍ജ്ജസംഭരണ ശേഷിയെ വിലയിരുത്തരുത്‌. ശിവലിംഗം പ്രതിനിധീകരിക്കുന്ന രൂപത്തിനാണ് ഏറ്റവും കുറഞ്ഞ വലിപ്പം കൊണ്ട് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത്‌. ലോകത്തുള്ള ആണവറിയാക്ടറുകള്‍ മുഴുവന്‍ തന്നെ ശിവലിംഗ ആകൃതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് കാണുക. അടയാളങ്ങളുടെ അദ്ഭുതം കാണണമെങ്കില്‍ ക്ഷേത്രങ്ങളിലെ ധ്വജങ്ങളെ നിരീക്ഷിച്ചാല്‍ മതി. ഒരെണ്ണത്തിനു പോലും ഇടിമിന്നലേറ്റ ചരിത്രമില്ല. ഊര്‍ജ്ജത്തിന്‍റെ സൂഷ്മസ്ഥിതിയെപ്പറ്റി ഒരറിവുമില്ലാതെ സൂഷ്മശരീരത്തെപ്പറ്റി വായിച്ചതുകൊണ്ട് എന്ത് കാര്യം? 

Previous                     Next

2 comments:

  1. പ്രതികരണം 1.
    മുദ്രകളെയും മന്ത്രങ്ങളെയും പ്രതീകങ്ങളാക്കി ആശയവിനിമയം നടത്തുന്നതിൽ പ്രഗത്ഭരാണ് ഭാരതീയർ. എനിക്കറിഞ്ഞുകൂടാത്ത പലതും ഈ വിഷയത്തിൽ മറ്റപ്പിള്ളി സാറിനറിയാമെന്ന് ഈ ലേഖനം തെളിയിക്കുന്നു. ഹൈന്ദവചിന്തയിലെ പുനർജനനമരണങ്ങൾ ഇത്തരമൊരു പ്രതീകമാണെന്നും അതിന്റെ അന്തരാർഥം ആധുനിക മനുഷ്യന് നിരസിക്കാനാവാത്ത ഒന്നായി വിലയിരുത്തിയത് ആധുനിക ഭൗതികശാസ്ത്രമാണെന്നും എത്രപേർക്കറിയാം? എല്ലാ ലോകമതങ്ങളിലെയും ചിന്തകരിൽ ആർഷഭാരതത്തിലെ നമ്മുടെ പൂർവികർ മാത്രമാണ് വിശ്വപ്രപഞ്ചം എണ്ണമിലലാത്ത സൃഷ്ടി-സംഹാരങ്ങളിലൂടെ (creation and destruction OR beginning and end) കടന്നുപോകുന്നുണ്ട് എന്ന ആശയത്തിൽ മുറുകെപ്പിടിച്ചത്. ഹൈന്ദവ സമയസങ്കല്പം യാദൃശ്ചികമായിട്ടാണെങ്കിലും ആധുനിക ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി സാധർമ്യം പുലര്ത്തുന്നു എന്നത് ഒരദ്ഭുതംതന്നെയാണ്. ബ്രഹ്മയുഗം എന്ന വാക്കിൽ ഈ ആശയമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആധ്നിക വാനശാത്രത്തിൽ ഒരു ബ്രഹ്മയുഗത്തിന്റെ വ്യാപ്തി 8.64 ബില്ല്യൻ വര്ഷമാണ്. അത് ഭൂമിയുടെയും സൂര്യന്റെയും ഇതുവരെയുള്ള പ്രായത്തെക്കാൾ അധികവും Big-Bang എന്ന സിദ്ധാന്തം സങ്കല്പിക്കുന്ന സമയത്തിന്റെ തുടക്കം തൊട്ട് ഇന്നുവരെയുള്ളതിന്റെ ഏതാണ്ട് പകുതിയുമാണ് എന്ന് കാറൽ സാഗൻ സ്ഥിരീകരിച്ചിട്ടുണ്ട്. (If you're a layman in modern cosmology, there's no better book to read than Carl Sagan's 'Cosmos'.)

    ഇന്ത്യാക്കാർക്ക് ഓരോ പ്രകൃതിശക്തിയെയും പ്രതിനിധീകരിക്കാൻ ഓരോ ദൈവമുണ്ട്. അതിൽ ചോളരാജവാഴ്ചയുടെ കാലത്ത്, പതിനൊന്നാം നൂറ്റാണ്ടിൽ, നിർമ്മിതമായ പ്രതിമകൾ ശിവന്റെ പല അവതാരങ്ങളെ പ്രതിനിധീകരിക്കുന്നു. അതിൽ ശിവതാണ്‍ഡവത്തെ പ്രത്യക്ഷീകരിക്കുന്ന നടരാജപ്രതിമ ലോകമെങ്ങും എന്നും പ്രത്യേക ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്. നടരാജന് നാല് കൈകളുണ്ട്. അതിൽ വലത്ത്, മുകളിലുള്ള കൈയിൽ ഒരു മദ്ദളമാണ് പിടിച്ചിരിക്കുന്നത്. അതിന്റെ സ്വരം യുഗാരംഭത്തിന്റെ, സൃഷ്ടിയുടെ ആദി നിമിഷത്തിന്റെ, സ്വരമായിട്ടാണ് കരുതപ്പെടുന്നത്. അതായത്, ഓം. ഇടത്ത് മുകളിലെ കൈയിൽ കാണുന്ന തീനാളംകൊണ്ട് ഉദ്ദേശിക്കുന്നത്, കോട്യാനുകോടി വർഷങ്ങൾക്കുശേഷം വരാനിരിക്കുന്ന ഇപ്പോഴത്തെ ദൃശ്യപ്രപഞ്ചത്തിന്റെ നാശമാണ്.

    ആധുനിക ഭൌതികശാസ്ത്രം മുന്നോട്ടു വച്ച Big-Bang theory നമ്മുടെ പ്രപഞ്ചത്തിന്റെ ആരംഭത്തെ സൂചിപ്പിക്കാൻവേണ്ടിയാണെങ്കിലും അത് അതേ സമയം ഇതിനു മുമ്പുണ്ടായിരുന്ന ഒരു പ്രപഞ്ചത്തിന്റെ അവസാനവും ആകാം. അല്ലെങ്കിൽ ആദ്യസ്ഫോടനം എന്നയാശയത്തിൽ യുക്തിയില്ല. ഈ കണ്ടെത്തൽ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ആവർത്തന ജനനമരണങ്ങൾ എന്നവിശ്വാസത്തിലൂടെ പ്രതിധ്വനിച്ചു എന്നത് ചില്ലറക്കാര്യമല്ല. ബൈബിൾ വാച്യാർത്ഥത്തിൽ മനസ്സിലാക്കുന്നവർ പ്രപഞ്ചത്തിന് (ചുരുങ്ങിയത് ഭൂമിക്ക്) ഏറിയത് കുറേ ആയിരം കൊല്ലങ്ങളുടെ പ്രായം അനുവദിക്കുമ്പോൾ തത്സ്ഥാനത്ത് മായൻ സംസ്കാരം അത് കോടികളാണെന്നും, ഭാരതീയർ അത് കോട്യാനുകോടികൾ ആണെന്നും എത്രയോ ആയിരം വര്ഷങ്ങള്ക്ക് മുമ്പേ ഉറച്ചുവിശ്വസിച്ചിരുന്നു!
    തുടരും.

    ReplyDelete
    Replies
    1. സാക്ക് ഉദ്ദേശിക്കുന്നതുപോലെ ഭാരതീയ ജ്ഞാന ഗ്രന്ഥങ്ങളോ ശാസ്ത്രമോ അല്‍പ്പം കൂടുതല്‍ ഗ്രഹിച്ചിട്ടുണ്ടെന്നുള്ള ഒരു ചിന്തയോടെയല്ല ഞാനിതെഴുതുന്നത്. വേദങ്ങള്‍ക്ക് തന്നെ അനേകം ശാഖകള്‍ ഉണ്ട് (ഋഗ്വേദത്തിനു - 25, യജുര്‍ വേദത്തിനു - 108, സാമവേദത്തിന് 100, അഥര്‍വ്വ വേദത്തിനു 52). ഇത് കൂടാതെ പ്രധാനപ്പെട്ട 14 ബ്രാമണങ്ങള്‍, 4 ആരണ്യകങ്ങള്‍, 108 ഉപനിഷത്തുകള്‍, 18 പുരാണങ്ങള്‍, 18 ഉപ പുരാണങ്ങള്‍, 6 ദര്‍ശനങ്ങള്‍, 5 ഉപവേദങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍, അനേകം ശിക്ഷാ ഗ്രന്ഥങ്ങള്‍ ഇവയെല്ലാം തൊട്ടു തീരുന്നതിനു മുമ്പേ അറ്റു പോകുന്നതേയുള്ളൂ നമ്മുടെ ജീവിതം.
      സമയ ക്രമത്തെ പ്പറ്റി ഭാരതീയര്‍ കണ്ടെത്തിയിരിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും എന്നെങ്കിലും തെളിയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
      ഭൂമിയുടെ ചലനത്തെ ആസ്പദമാക്കി നാം ഒരു ദിവസത്തെ നിര്‍വ്വചിക്കുമ്പോള്‍ വലിപ്പം എന്ത് മാത്രമെന്ന് അറിയില്ലാത്ത ബ്രഹ്മാണ്ട കടാഹത്തിന്റെ സ്പന്ദനം അടിസ്ഥാനമാക്കിയാണ് ഭാരതീയജ്ഞാനികള്‍ സമയത്തെ കണ്ടത്. അതിലൊരുവനും ബ്രഹ്മ ചൈതന്യത്തെ നിര്‍വ്വചിക്കാന്‍ തുനിഞ്ഞിട്ടില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
      ബിഗ്‌ ബാംഗ് പറയുന്ന ബിന്ദു, മറ്റൊന്ന് ഒടുങ്ങിയപ്പോള്‍ ഉണ്ടായതാണോ എന്ന സാക്കിന്‍റെ സംശയം അസ്ഥാനത്തല്ല. ഒരു ബ്രഹ്മാണ്ഡം അസ്തമിച്ചാല്‍ മറ്റൊന്നുണ്ടാവും. ഇത് തുടര്‍ന്നു കൊണ്ടെയിരിക്കുമെന്നു ചിന്തിക്കാവുന്നതേയുള്ളൂ. അതായത് ഇനിയും ഇതേ പോലെ നാമെല്ലാം കണ്ടെത്തേണ്ടതുണ്ട് എന്ന് തന്നെ. ജീവജാലങ്ങളുടെ കാതല്‍ ജീവനാണ്. ഇതിനെപ്പറ്റി നമ്മുടെ ഗവേഷണങ്ങള്‍ ഒരിടത്തും എത്തിയിട്ടില്ല. പ്രഷര്‍ ഇല്ലാതെ കംപ്രസ്സ് ചെയ്യാന്‍ സാധ്യമല്ലാത്ത കാര്‍ബണ്‍ ഡയോക്സൈഡിനെ പ്രഷര്‍ ഇല്ലാതെ ഇലകള്‍ എങ്ങിനെ കംപ്രസ്സ് ചെയുന്നുവെന്നു പോലും നമുക്കറിവില്ല, കൃത്യമായി. ഏതെല്ലാം ദിശയില്‍ക്കൂടി നാം ഇവയെ പഠിച്ചാലും ഒരേ ഊര്‍ജ്ജത്തില്‍ എത്തിച്ചേരുമെന്നാണ് ഞാന്‍ കരുതുന്നത്. ബിഗ്‌ ബാംഗ് കാര്‍ ആദ്യം വാതകങ്ങളാണ് തുടര്‍ന്നു ജലം ഇങ്ങിനെയാണ്‌ ഉണ്ടായതെന്ന് കരുതുന്നു. ഇവരുടെ ക്രമമനുശരിച്ചു പഞ്ചഭൂതങ്ങളില്‍ നിന്നാണ് ജീവജാലങ്ങള്‍ ഉണ്ടായതെന്ന് കാണാം. മത്സ്യ കൂര്‍മ്മ വരാഹശ്ച .... എന്നിങ്ങനെ പോകുന്ന ദശാവതാരം ജലത്തില്‍ നിന്നും തുടങ്ങുന്നു. വി. ബൈബിള്‍ ആകട്ടെ ജലത്തിന് മീതേ ചലിച്ചുകൊണ്ടിരുന്ന ഒരു ആത്മാവില്‍ നിന്ന് തുടങ്ങുന്നു. അവിടെ ആദ്യം കര്‍ത്താവ് സൃഷ്ടിച്ചത് പ്രകാശത്തെയാണ്. പ്രകാശം എന്നത് കൊണ്ട് ഇപ്പോഴും ശാസ്ത്രം അര്‍ത്ഥമാക്കുന്നത് ഊര്‍ജ്ജ രശ്മികളുടെ ഒരു വിന്യാസമാണ്. ഈ പ്രകാശത്തില്‍ നിന്ന് എന്തും സൃഷ്ടിക്കാമെന്നാല്ലെ ഐന്‍സ്റെയിനും പറഞ്ഞത്? അദ്ദേഹം ഒരു പടി കൂടി കടന്ന് സ്ഥലവും സമയവും മിഥ്യയാണെന്നും കൂടി പറഞ്ഞു. ഇത് മനസ്സിലാക്കണമെങ്കില്‍ ലോകം അല്‍പ്പ കാലം കൂടി സഞ്ചരിക്കേണ്ടി വരും.
      ഹൈന്ദവരുടെ പ്രതീകാത്മ ആചാരങ്ങളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. വിഗ്രഹത്തില്‍ ഈശ്വരനെ കാണണമെന്നല്ല, വിഗ്രഹത്തിലൂടെ ഈശ്വരനെ കാണണം എന്നാണ് അവരുടെ മതം. ഭാരതീയ ചിന്തകളെ അവഗണിച്ചുകൊണ്ടുള്ള ഒരു മത സംസ്കാരം ആപല്‍ക്കരമാണെന്നു സെമെറ്റിക്കുക്കാര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.

      Delete