Wednesday 23 July 2014

എങ്ങിനെ ചിന്തിക്കണം? - 17

എങ്ങിനെ ഒരാളുടെ ഉപബോധ മനസ്സിനെ പ്രോഗ്രാം ചെയ്യാമെന്ന് ജോസഫ് മര്‍ഫി എഴുതിയ ‘Powers of the Subconscious Mind’ എന്ന ഗ്രന്ഥം വളരെ വിശദമായി വിവരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കൊണ്ടായാലും എങ്ങിനെ അത്ഭുതരോഗശാന്തികള്‍ സംഭവിക്കുന്നുവെന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ഇവിടെ വളരെ പ്രാധാന്യത്തോടെ അറിയേണ്ട ഒരു കാര്യം, നാം സംസാരിക്കുന്നതെന്തോ അത് മനസ്സിലുള്ള പ്രോഗ്രാമുകളെ സൂചിപ്പിക്കുന്നുവെന്നതാണ്. മുഖഭാവങ്ങള്‍ അത് പ്രതിഫലിപ്പിച്ചിരിക്കും. വാക്കുകള്‍ ചിന്തയുടേയും സൃഷ്ടിയുടെ ഇടയിലുള്ള ഒരു സുപ്രധാന കണ്ണിയാണ് (വചനമാണ് മാംസമാകുന്നത്), അവ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടവയുമാണ്. നാം ഇശ്ചിക്കുന്നത് വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നു, തമാശക്കാണെങ്കില്‍ പോലും, നാം പറയുന്നതെന്തോ അതാവും സംഭവിക്കുക. ചിലത് സംഭവിക്കുന്നത്‌ നാം പറയുന്നതുകൊണ്ടും ഭയപ്പെടുന്നതുകൊണ്ടുമാണെന്നത് ശ്രദ്ധിക്കാതിരുന്നാല്‍ കൂടുതല്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാന്‍ മതി. നാമെന്തിനെയാണോ ഭയക്കുന്നത് അത് സംഭവിക്കും എന്നൊരു ചൊല്ല് തന്നെയുണ്ട്‌. അങ്ങിനെ സംഭവിക്കും എന്നൊരു പ്രോഗ്രാം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് നമ്മില്‍ ഭയം ഉണ്ടാകുന്നത്. ഇത്തരം വിരുദ്ധ പ്രോഗ്രാമുകള്‍ ഉള്ളില്‍ നിന്ന് എടുത്തു മാറ്റാനും ഉപായങ്ങളുണ്ട്. ഒരു വ്യക്തിയുടെ ഒരു നിമിഷം സൃഷ്ടിക്കപ്പെടുന്നത് മൂന്നു കാരണങ്ങളാലാണ്: നിയന്ത്രണമില്ലാതേ ഉള്ളില്‍ക്കൂടി കടന്നുപോവുന്ന ചിന്തകളാല്‍ (uncontrolled thoughts), പ്രത്യേക ഇശ്ചയിലേക്ക് നയിക്കുന്ന നിയന്ത്രിത ചിന്തകളാല്‍ (creative thoughts) സമൂഹബോധതലം (collective consciousness) സ്വയം തിരഞ്ഞെടുക്കുന്ന ചിന്തകളാല്‍. എന്തായാലും മതിയായ trust ഒപ്പം ഉണ്ടെങ്കിലേ സുന്ദരമായ ഒരു സൃഷ്ടിയും രൂപപ്പെടൂ.

പോസിറ്റിവ് തിങ്കിംഗിന്‍റെ ഫലം ശരീരത്തിലും അനുഭവപ്പെടും. നാം സന്തോഷവാന്മാരായിരുന്നാല്‍ ശരീരത്തിലെ മുഴുവന്‍ കോശങ്ങളും സന്തോഷവാന്മാരായിരിക്കും. ഇത് രോഗാവസ്ഥയിലുള്ള സെല്ലുകളെ സ്വാധീനിക്കുകയും ചെയ്യും. ഒരു മരുന്നിലോ ഒരു വൈദ്യനിലോയുള്ള വിശ്വാസം മാത്രം മതി മാരകരോഗങ്ങളില്‍ നിന്നു പോലും രക്ഷപ്പെടാന്‍. ഇതിനെ വൈദ്യശാസ്ത്രം Placebo Effect എന്ന് വിളിക്കുന്നു. ഒരു പ്രത്യേക ശരീരഭാഗം സുഖപ്പെടുന്നുവെന്നു നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുവെങ്കില്‍ അവിടെ സൌഖ്യവും ആരംഭിച്ചിരിക്കും. എങ്ങിനെയാണോ ഒരു അവസരം ആയിരിക്കേണ്ടതെന്ന് ഒരാള്‍ കരുതുന്നുവോ അതുപോലെ തന്നെ അത് ഭാവനയില്‍ കാണുക. അതങ്ങിനെതന്നെ സംഭവിക്കുന്നതു പോലെ പെരുമാറുകയും ചെയ്‌താല്‍ പ്രപഞ്ചത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തനം കാണാം. സംശയത്തിന്‍റെ ഒരു നാമ്പ് പോലും ഇടയില്‍ ഉണ്ടാവാന്‍ പാടില്ല. വി. ബൈബിളില്‍ ലാസ്സറസ്സിനെ യേശു ഉയര്‍പ്പിച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്. മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞ ഒരാളുടെ കല്ലറയുടെ മുമ്പില്‍ നിന്ന് ‘പിതാവേ എന്‍റെ പ്രാര്‍ത്ഥന കേട്ടതിനു ഞാന്‍ നന്ദി പറയുന്നു, ലാസ്സറെ പുറത്തു വരിക’ എന്ന് പറയുമ്പോള്‍ ലാസ്സര്‍ ജീവിച്ചിരിക്കുകയായിരുന്നില്ലായെന്ന് ഓര്‍ക്കുക. പക്ഷെ, അങ്ങിനെ ഒരവസ്ഥയെപ്പറ്റിയല്ല യേശു സംസാരിച്ചതും ചിന്തിച്ചതും. ഇത്തരം ഒരു സമീപനത്തെയാണ് കടുക് മണിയോളം വലിപ്പത്തിലെങ്കിലും ഉള്ളില്‍ ഉണ്ടായിരിക്കണമെന്ന് യേശു സൂചിപ്പിച്ചത്. ഇത്രയും ശക്തമായ ഒരു വിശ്വാസതലം ഉള്ളിലുള്ള ആര്‍ക്കും ഈ അത്ഭുതം ചെയ്യാവുന്നതേയുള്ളൂ. സ്വയം അങ്ങിനെ ഒരവസ്ഥാവിശേഷം ഉണ്ടാക്കാന്‍ ത്രാണിയില്ലെന്നു തോന്നുവര്‍ക്ക് ഈശ്വരസാന്നിദ്ധ്യം സങ്കല്‍പ്പിക്കുന്നത് പ്രയോജനം ചെയ്യും.  അത് ശരിയായാല്‍ ഇങ്ങിനെ ചെയ്യാം, ഇത് ശരിയാകുമോയെന്നു നോക്കട്ടെ  എന്നൊക്കെ ഒരിക്കലും പറയാന്‍ പാടില്ല, ചെറിയ കാര്യത്തില്‍ ആയാല്‍ പോലും. പക്ഷെ, അത്യാഗ്രഹവും അമിതാത്മവിശ്വാസവും അപകടം വരുത്തും. ചിന്തിക്കുന്നതെന്തും പ്രകൃതിയുടെ നിയമങ്ങളോട് പൊരുത്തപ്പെടുന്നതാവണം. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാല്‍ ഒരു വ്യക്തിയും ഒരു സ്ഥിതി വിശേഷവും സ്വയം അങ്ങിനെ ആകുന്നതല്ല, ബോധപൂര്‍വ്വമുള്ള ചിന്തകളിലൂടെ രൂപപ്പെട്ടതാണെന്നും കാണാം. പോസിറ്റിവ് ചിന്തകള്‍ എല്ലാ നിമിഷവും ഉണ്ടായിരിക്കാന്‍ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്.

നെഗറ്റിവ് ചിന്തകള്‍ അപകടം വിളിച്ചു വരുത്തുമെന്ന് പറഞ്ഞു. നെഗറ്റിവ് ഇശ്ചയുള്ള എലമെന്റലുകള്‍ അനേകം പേര്‍ സൃഷ്ടിച്ചത് ഒരുമിച്ചു ചേര്‍ന്നുണ്ടാക്കിയ വിപത്താണ് അമേരിക്കയിലെ ട്വിന്‍ ടവര്‍ ദുരന്തം. ഇതുപോലൊരു രംഗം അമേരിക്കയില്‍ ഏറെ വായിക്കപ്പെട്ട ഒരു നോവലിലുമുണ്ടായിരുന്നു, ഒരു ഹോളിവുഡ് ചിത്രത്തിലുമുണ്ടായിരുന്നു. ലക്ഷക്കണക്കിന്‌ ആളുകള്‍ അതു ഭാവനയില്‍ കണ്ടു - അതു യാഥാര്‍ത്യവുമായി. പല പ്രസ്ഥാനങ്ങളിലും അല്ലെങ്കില്‍ രാഷ്ട്രങ്ങളിലും ഉള്ളില്‍ രൂപം കൊള്ളുന്ന അസ്വസ്ഥതകള്‍ വളര്‍ന്നു വരുന്നത്, അതെത്ര വലുതാണെങ്കിലും ശക്തമാണെങ്കിലും ദോഷം ചെയ്യുമെന്നുള്ളത് നിസ്തര്‍ക്കമായ കാര്യം തന്നെ. പ്രശ്നങ്ങളെ അതിന്‍റെ ശൈശവാവസ്ഥയില്‍ തന്നെ ഉന്മൂലനം ചെയ്യുകയെന്നതാണ് അറിവുള്ളവര്‍ ചെയ്യുന്നത്. ജനങ്ങളുടെയുള്ളില്‍ അക്രമവാസന വര്‍ദ്ധിക്കുന്നത് അക്രമങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇദി അമിൻ ഒരു വ്യക്തിയാണെന്നു കരുതാന്‍ പാടില്ല. അനേകമാളുകള്‍ വര്‍ഷങ്ങളായി മനസ്സില്‍ കരുതിയ വിദ്വേഷചിന്തകള്‍ ഒരു വ്യക്തിയിലൂടെ പുറത്തു വന്നൂവെന്നെയുള്ളൂ. ഈ ലോകത്തു നടക്കുന്ന പല കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ആകാശത്തുകൂടെ സഞ്ചരിക്കാനും, ചന്ദ്രനില്‍ കാലുകുത്താനുമൊക്കെയുള്ള അനേകരുടെ ഇശ്ചയാണ് ഓരോരുത്തരിലൂടെ യാഥാര്‍ത്യമാകുന്നത്. നെഗറ്റിവ് ചിന്തകളാണ് ദരിദ്രരെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യത്തിനെതിരായി  പൊരുതണം എന്നൊരാള്‍ പറയുന്നത് തന്നെ ഒരു ദരിദ്രന്‍ കൂടിയെങ്കിലും ജനിക്കാന്‍ കാരണമാകും. നെഗറ്റിവ് ചിന്തകള്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ ഉപബോധമനസ്സിനെ പ്രവൃത്തി-വാക്ക്-ചിന്ത പ്രക്രിയയിലൂടെ തിരുത്താന്‍ കഴിയും. ഇവിടെ, എനിക്കത് ആവില്ലാ എന്നതിനു പകരം എനിക്കതാവും എന്ന ചിന്തയോടെ പ്രവൃത്തിച്ചു തുടങ്ങുകയും ആവുന്നു എന്ന് പറയുകയും അങ്ങിനെ തന്നെ ചിന്തിക്കുകയും ചെയ്താല്‍ മതി. പ്രപഞ്ചത്തിന് നിങ്ങളെ സഹായിക്കാന്‍ ഒരു പ്രത്യേക പദ്ധതിയുണ്ടെന്നു തന്നെ വിശ്വസിക്കുന്നത് നല്ലത്, അത് സത്യമാണ് താനും.

ഊര്‍ജ്ജം നശിക്കുന്നില്ലാത്തതുകൊണ്ട് പ്രപഞ്ചത്തില്‍ ആരൊക്കെ എന്തൊക്കെ ചിന്തിച്ചോ അത് മുഴുവന്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അചിന്തനീയമായ എണ്ണം ചിന്താ തരംഗങ്ങളുടെ ഒരു മഹാസമുദ്രത്തിലൂടെ നാം നീന്തിക്കൊണ്ടിരിക്കുന്നു. ഈ മഹാ സമുദ്രമാകട്ടെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുമിരിക്കുന്നു.  ഒരാള്‍ ഒരിടത്തിരുന്ന് ചിന്തിക്കുന്നത് പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നുവെന്ന സത്യം നാം ശ്രദ്ധിക്കുന്നില്ല. നമ്മുടെ ചിന്തകള്‍ അനേകര്‍ വായിക്കുന്നുവെന്നത് മറ്റൊരു സത്യം. ഈ അവസ്ഥയെ ആകമാന ബോധതലം (Total Consciousness) എന്ന് വിളിക്കുന്നു. ഒരിടത്ത് ഒരു പ്രശ്നത്തിന് ഒരാള്‍ പരിഹാരം കണ്ടെങ്കില്‍ അതെ പ്രശ്നത്തിനു പരിഹാരം തേടുന്ന മറ്റൊരാള്‍ക്കും ആദ്യത്തവന്‍ കണ്ടെത്തിയ ഉത്തരം ലഭിക്കും. ആധുനിക ശിശുക്കളുടെ ബൌദ്ധിക നിലവാരം കൂടിക്കൊണ്ടിരിക്കുന്നത് ലോകത്താകെ ആനുപാതികമായാണേന്നത് ഇതിനൊരുദാഹരണം. തീവ്രമായ ഇശ്ച സ്ഥാപിച്ചിട്ടുള്ള എലമെന്റലുകളെ കാലാതീതമായി സൂക്ഷിക്കാനുള്ള വിദ്യകള്‍ പുരാതന സംസ്കാരങ്ങള്‍ മനസ്സിലാക്കിയിരുന്നു. പിരമിഡുകളില്‍ ഇപ്പോഴും ചില ശാപങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നു. നല്ല ചിന്തകള്‍ മൂന്നു പ്രാവശ്യം അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നാണ് പറയപ്പെടുന്നത്‌. അത് പ്രസരിപ്പിക്കുന്നവന്‍റെ മനോശരീരത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, ആരെ സംബന്ധിക്കുന്നതാണോ ആ ചിന്ത അയാള്‍ക്കത് ഉപകാരപ്പെടും, ആകമാന ബോധാതലത്തിലും അത് വ്യത്യാസം വരുത്തും. ദുർചിന്തകൾ ആദ്യം അതുണ്ടായ കേന്ദ്രത്തെ നശിപ്പിക്കും, മാത്രമല്ല ബൂമറാംഗുകളെപ്പോലെ അത് തിരിഞ്ഞു വന്നാഘാതമേല്‍പ്പിക്കുകയും ചെയ്യും. 

ആളുകള്‍ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വരികയും വിശ്രമിക്കുകയും പോവുകയും ചെയ്യുന്നതുപോലെ ചിന്തകള്‍ മനസ്സിലേക്ക് വരികയും പോവുകയും ചെയ്യും. പലതിനെയും നാം ശ്രദ്ധിക്കാറേയില്ല. ഒരെണ്ണത്തിനെ നാം ശ്രദ്ധിച്ചാലോ പുറത്താക്കാന്‍ ശ്രമിച്ചാലോ അല്ലെങ്കില്‍ ഒന്ന് താലോലിക്കാമെന്നു കരുതിയാലോ? അതിന്‍റെയൊരു നൂറു പതിപ്പുകള്‍ കൂടി അപ്പോള്‍ തന്നെ മനസ്സില്‍ രൂപം കൊള്ളുകയായി. നല്ലത്/ചീത്ത എന്നിങ്ങനെ അവയെ തരം തിരിക്കാന്‍ ശ്രമിച്ചാലും ഇത് തന്നെ സ്ഥിതി. ആചാര്യനായാലും ആശ്രിതനായാലും നടപടിക്രമമെല്ലാം ഒന്ന് തന്നെ. ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവയെ അവഗണിക്കുകയാണ്. ക്ഷേത്രാങ്കണത്തില്‍ ആയിരിക്കുന്ന ഒരാള്‍ ഈശ്വരചിന്തകള്‍ക്ക് പെട്ടെന്ന് അധീനനാവുന്നത് അത്തരം ചിന്തകള്‍ കൂമ്പാരം കൂട്ടിയിട്ടുള്ള ഒരു സ്ഥലത്ത് ആയിരിക്കുന്നതുകൊണ്ടാണ്. അനേകം വര്ഷം മദ്യശാലയായി പ്രവര്‍ത്തിച്ച ഒരു കെട്ടിടത്തിന്‍റെ സമീപത്തു നിന്നാല്‍ തന്നെ മദ്യപിക്കാനുള്ള ആസക്തി ഉണ്ടായെന്നിരിക്കും. ദ്രോഹ പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയും ഇതുപോലെ പുറത്തുനിന്നുള്ള ചിന്തകളുടെ സ്വാധീനത്തിലായി പോയതുകൊണ്ട് ദ്രോഹം ചെയ്തുപോയതാവാം. ഊര്‍ജ്ജരശ്മികള്‍ എല്ലാം തീരുമാനിക്കുന്ന ഈ പ്രപഞ്ചത്തില്‍, ഒരു കാര്യം ശരിയെന്നോ തെറ്റൊന്നോ പറയാനോ ഒരാള്‍ നല്ലവനെന്നോ ദുഷ്ടനെന്നോ വിധിക്കാനും മനുഷ്യന്‍ ആളല്ല.

PREVIOUS                   NEXT

No comments:

Post a Comment