Thursday 10 July 2014

ഊര്‍ജ്ജത്തിന്റെ പ്രകൃതി - 5

മന്ത്രോപയോഗം കൊണ്ട് അന്യന് ദോഷം ഇശ്ചിക്കാമെങ്കിലും അങ്ങിനെ ഭവിക്കണമെന്നില്ല. ഇതു സാധിക്കണമെങ്കില്‍ ഇരയുടെ ഊര്‍ജ്ജമേഖല പ്രായേണ ദുർബ്ബലമായിരിക്കണം; അല്ലെങ്കില്‍, അത് സുരക്ഷിതമായി നിര്‍ത്താനുള്ള ഇശ്ചാശക്തി അവിടെ ഉണ്ടായിരിക്കരുത്. എല്ലാ ഊര്‍ജ്ജവും സ്നേഹത്തില്‍ നിന്നാണ് പുറപ്പെടുന്നതെന്നു പറഞ്ഞു. ഈ സ്നേഹത്തിന്‍റെ ശക്തി അപാരമാണ്. ഒരു ശക്തിക്കും ശുദ്ധസ്നേഹത്തെ തകര്‍ക്കാന്‍ കഴിയില്ല. ആ സ്നേഹോര്‍ജ്ജ പ്രവാഹം അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരിടത്തും ദുര്‍മന്ത്രവാദങ്ങള്‍ക്ക് ഒരു പോറലും ഏല്‍പ്പിക്കാന്‍ കഴിവില്ല. ഈശ്വരനുമായി സമരസപ്പെട്ട്‌ ആയിരിക്കുന്നത് കൊണ്ട് ഇങ്ങിനെയും ഗുണമുണ്ട്.

മന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ക്രിയകള്‍ സദ്ക്രിയകളുമാവാം ദുഷ്ക്രിയകളുമാവാം. ദുര്‍മന്ത്രവാദങ്ങള്‍ ദോഷകരമാകാമെന്നു പറഞ്ഞപ്പോള്‍ സദ്‌മന്ത്രങ്ങളും ദോഷകരമാവാം എന്ന് കാണാതിരിക്കരുത്. മന്ത്രങ്ങള്‍ ഹീനസ്വരമായോ ഹീനവര്‍ണ്ണമായോ ഉശ്ചരിച്ചാല്‍ ആ വാക്കാകുന്ന വജ്രായുധം അങ്ങിനെ മന്ത്രിക്കുന്നവനെ ശിക്ഷിക്കുമെന്നാണ് പറയപ്പെടുന്നത്‌. ഗായത്രീ മന്ത്രം മാത്രമല്ല, മന്ത്രങ്ങളെല്ലാം നിഷ്കർഷിക്കപ്പെട്ട രീതിയില്‍ തന്നെ ചൊല്ലിയിരിക്കണം. ക്രിയ ഏതാണെങ്കിലും ആവാഹിക്കുന്ന ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും സ്വീകര്‍ത്താവിന് ഉണ്ടായിരിക്കണം. അല്ലെങ്കില്‍, ഒരു ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനിൽ പിടിക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. ഒരു തയ്യാറെടുപ്പും കൂടാതെ ദൈവാനുഗ്രഹം സ്വീകരിക്കാന്‍  ഇറങ്ങുന്നവര്‍ ഇതു  ശ്രദ്ധിച്ചേ മതിയാവൂ.  

ഊര്‍ജ്ജത്തിനു നമുക്കറിയാവുന്ന മൂന്നു തിരിവുകളുണ്ട്, സാത്വികം, രജസ്സികം, തമസ്സികം. ഇതില്‍ സാത്വികം എന്ന് പറഞ്ഞാല്‍ ശുദ്ധ ഊര്‍ജ്ജത്തിന്‍റെ ഭാഗം, രജസ്സികം മദ്ധ്യമം, തമസ്സികം ശുദ്ധത തീരെ കുറഞ്ഞത്‌. ഈ മൂന്നു ഗുണങ്ങളിലും എല്ലാ ഗുണങ്ങളുടെയും ഭാഗങ്ങളുണ്ട്. സാത്വികാംശമാണ് നാം ഇശ്ചിക്കുന്നതെങ്കില്‍ കഴിക്കുന്ന ഭക്ഷണവും, ചെയ്യുന്ന ജോലിയും, കൈകാര്യം ചെയ്യുന്ന ചിന്തകളും സാത്വികമായിരിക്കണം. രജസ്സികത്തില്‍ ഭക്ഷിക്കലും ഉറക്കവുമ ആണ് പ്രധാനം. ഞാനാണ് കര്‍ത്താവ് എന്ന ചിന്ത രജസ്സികത്തിലാണ്. ശാന്തമായ മനസ്സും കലങ്ങാത്ത ബുദ്ധിയും ഉള്ളിടത്ത് സാത്വികം പ്രശോഭിക്കുന്നു. മാംസ ഭക്ഷണം, മദ്യം എന്നിവ പൊതുവേ തമസ്സിക ഗണത്തില്‍പ്പെടുന്നു, പച്ചക്കറികള്‍ സാത്വിക വിഭാഗത്തിലും. ഭക്ഷണം മരുന്നാണ് എന്നൊരു പ്രമാണം തന്നെയുണ്ട്‌. മാംസഭുക്കുകളായ മൃഗങ്ങള്‍ അക്രമവാസനയുള്ളവയും സസ്യ ഭക്ഷണം കഴിക്കുന്ന മൃഗങ്ങള്‍ സൌമ്യ സ്വഭാവമുള്ളവയുമാണല്ലൊ. തമസ്സിക ഭക്ഷണവും ചിന്തകളുമായി ജീവിക്കുന്നവര്‍ ഒരിക്കലും സാത്വികരല്ല, ആയിരിക്കാന്‍ കഴിയുകയുമില്ല. ഇശ്ചാശക്തി തമോഗുണത്തില്‍ നിന്നും ക്രിയാശക്തി രജോ ഗുണത്തില്‍ നിന്നും ജ്ഞാനശക്തി സത്വഗുണത്തില്‍ നിന്നും വരുന്നു. ഈ മൂന്നു ഗുണങ്ങളുമായി ജീവന്‍ ആത്മതത്ത്വത്തില്‍ നിന്ന് അകന്നു കഴിയുന്നു എന്നാണ് പറയപ്പെടുന്നത്‌. പാശ്ചാത്യം രജോഗുണ സമൃദ്ധവും ഭാരതം സാത്വിക ഗുണാത്മകവും ആണെന്നാണ്‌ കരുതപ്പെടുന്നത്.

ഭൂമിയില്‍ ഊര്‍ജ്ജത്തിന് പ്രത്യേക നിയമങ്ങള്‍ ഉണ്ടെങ്കില്‍ സൂഷ്മോര്‍ജ്ജത്തിന് ആകാശത്തിലുമുണ്ട് നിയമങ്ങള്‍. സാത്വികോര്‍ജ്ജം ഒരു ശരീരത്തില്‍ വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞാല്‍ ശരീരം ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായ ഒരു പോളാരിറ്റിയിലേക്ക് മാറുന്നുവെന്നാണ്. ഇവിടെ ഒരു ഡിസ്ചാര്‍ജ് ഉണ്ടാവാതെ നോക്കുക ആവശ്യമാണ്. ഇതുകൊണ്ടാണ് താപസ്സര്‍ മെതിയടി ഉപയോഗിക്കുന്നത്. തപസ്സിരിക്കാന്‍ പുലിത്തോല്‍ ഉപയോഗിക്കുന്നത്, അത് ഒരു നല്ല ഇൻസുലേറ്റര്‍ ആയതുകൊണ്ടാണ്‌. യോഗാ ചെയ്യുന്നവര്‍ വെറും നിലത്തു നിന്നല്ല അത് ചെയ്യുന്നത്. ഉറക്കത്തിലും ശരീരത്തിന്‍റെ പോളാരിറ്റി വ്യത്യാസം വരും. അതു കൊണ്ടാണ് വെറും നിലത്തു കിടക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്. 

ഹിന്ദുക്കള്‍ എണീല്‍ക്കുമ്പോഴേ “കരാഗ്രേ വസയതേ ലക്ഷ്മി, കരമദ്ധ്യെ സരസ്വതി, കരമൂലെ ശതഗൌരി, പ്രഭാതെ കരദര്‍ശനം” (ജ്ഞാനത്തെ എടുക്കുന്നതും, കര്‍മ്മശക്തി പ്രകടിപ്പിക്കുന്നതും, ഐശ്വര്യം സ്വീകരിക്കുന്നതുമായ കരങ്ങളാണ് ഇത്) എന്ന ശ്ലോകം ചൊല്ലിയിട്ട്‌ കൈപ്പത്തി നിലത്തമര്‍ത്തി ശരീരത്തിലെ പോളാരിറ്റി വ്യത്യാസം ക്രമപ്പെടുത്തിയതിനു ശേഷമാണ് കട്ടിലില്‍ നിന്ന് എണീല്‍ക്കുന്നതും, കാലുകള്‍ക്കൊണ്ട് ഭൂമിയെ സ്പര്‍ശിക്കുന്നതും. ഉള്ളില്‍ സംഭരിച്ചു വെച്ചിരിക്കുന്ന ഊര്‍ജ്ജം നഷ്ടമാകാതെ സൂക്ഷിക്കാനും ഭാരതത്തില്‍ ഉപായങ്ങള്‍ ഉപയോഗിച്ചിരുന്നു. ധ്യാനത്തിന് മുമ്പ് പഞ്ചേന്ദ്രിയങ്ങളെയും അവര്‍ നിയന്ത്രിച്ചിരുന്നു. ചന്ദനവും ഭസ്മവുമൊക്കെ സൂഷ്മോര്‍ജ്ജത്തിനെ സംബന്ധിച്ചിടത്തോളം ഇൻസുലേറ്ററുകളാണെന്നു മനസ്സിലാക്കിയ അവര്‍ ശരീരത്തിലെ പ്രധാന പ്രസരണ കേന്ദ്രങ്ങള്‍ അവ കൊണ്ട് മറച്ചു.

ഋഗ്വേദത്തിന്‍റെ കാലത്ത് ബിംബങ്ങളോ, ക്ഷേത്രങ്ങളോ ജാതിയോ മതമോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട്, ആചാരങ്ങളില്ലാതെ എന്ത് വേദമെന്നായി, ആചാരങ്ങള്‍ അറിയുന്നവനും ആചരിക്കുന്നവനും ഉപദേശിക്കുന്നവനുമായി ആചാര്യന്മാരും ഉണ്ടായി. ഷഡ്ദര്‍ശനങ്ങളിലാണ് ഭാരതത്തില്‍ മതത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശം തന്നെ. മനുഷ്യന് നിലനില്‍ക്കാന്‍ സ്ഥൂലോര്‍ജ്ജവും സൂഷ്മോര്‍ജ്ജവും വേണമെന്നുകണ്ട ആചാര്യന്മാര്‍ പരമാത്മാവിനും മനുഷ്യനുമിടയില്‍ മാധ്യമങ്ങളെ പരിചയപ്പെടുത്തി, തുടര്‍ന്ന് ഉള്‍ക്കാഴ്ച യുക്തി ശാസ്ത്രത്തിന് വഴിമാറുന്നതും നാം കണ്ടു. 

പ്രപഞ്ചത്തില്‍ നാളെ സംഭവിക്കാനിരിക്കുന്നതും ഇന്നേവരെ സംഭവിച്ചതുമായ എല്ലാത്തിനേയും പറ്റിയുള്ള ഒരു വിജ്ഞാനശാല അതിബോധതലത്തിന്‍റെ ഉയര്‍ന്ന ഒരു മേഖലയില്‍ ഉണ്ടെന്നു കണ്ട ഭാരതീയ ജ്ഞാനികള്‍ക്ക് ഒരറിവും അന്യമായിരുന്നില്ല. ആക്ഷിക് രേഖകളുടെ മേഖലയെപ്പറ്റി ബുദ്ധിസ്റ്റ് ജ്ഞാനികളും സാക്ഷ്യപ്പെടുത്തുന്നു. അവിടെ നിന്നുള്ള ജ്ഞാനത്തിന്‍റെ ശീലുകള്‍ ഓരോരുത്തരിലും എത്തും; ചിലപ്പോള്‍ മിന്നല്‍പ്പിണര്‍ പോലെ വന്നുപോകുന്ന ഒരു ചിന്താരശ്മിയായിട്ടാവും അല്ലെങ്കില്‍ സ്വപ്നത്തില്‍ കാണുന്ന ഒരു രംഗമായിട്ടാവാം. ഈ വിജ്ഞാനശാല, അതിലെ അറിവുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതുള്ള ഒരുവന്‍റെ മുമ്പിലും തുറക്കപ്പെടുകയില്ലായെന്നതും യാഥാര്‍ഥ്യം. സര്‍വ്വ അറിവുകളും സമാഹരിച്ചിട്ടുള്ള ഏതോ ഒരു ബോധതലത്തെയായിരിക്കണം ആക്ഷിക് തലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

സര്‍വ്വവും ഊര്‍ജ്ജമാണെന്നും, ആ ഊര്‍ജ്ജം തന്നെ ശൂന്യബോധത്തില്‍ നിന്നാണ് തുടങ്ങുന്നതെന്നും ശാസ്ത്രവും ജ്ഞാനികളും പറയുന്നു. യുക്തികൊണ്ട്, ഊര്‍ജ്ജ ലോകത്തിലെ പ്രതിഭാസങ്ങളെപ്പറ്റി ഏറെയൊന്നും ഗ്രഹിക്കാനാവില്ല. ഏതൊരു ദ്രവ്യശരീരവും തന്മാത്രകളാല്‍ നിര്‍മ്മിതമാണ്, അത് വിഭജിച്ചാല്‍ ഊര്‍ജ്ജ രേഖകളല്ലാതെ മറ്റൊന്നും കണ്ടെത്തുകയുമില്ല. ചെറുതായതുകൊണ്ട് ജീവകോശങ്ങള്‍ക്ക് ബുദ്ധി കുറയുകയല്ല കൂടുകയാണ് എന്ന് വേണം മനസ്സിലാക്കാനും. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്ന Stem Cell സ്വയം വിഭജിച്ചു വത്യസ്ഥ ദൌത്യങ്ങളുള്ള ശരീരഭാഗങ്ങളായി വളര്‍ന്ന് നൂറ് ട്രില്ല്യന്‍ സെല്ലുകളും മൂന്നര ലക്ഷം ഊര്‍ജ്ജവാഹിനികളായ നാഡീവ്യവസ്ഥയുമുള്ള ഒരു മനുഷ്യശിശുവായി രൂപപ്പെടണമെങ്കില്‍ അതിചിന്തനീയമായ ഒരു ബൌദ്ധികശേഷി ഉപയോഗിക്കപ്പെടണം. ഓരോ കോശവും എപ്പോഴും ശരീരത്തിലുള്ള നൂറ് ട്രില്ല്യന്‍ സഹകോശങ്ങളുമായി മാത്രമല്ല സമരസപ്പെടുകൊണ്ടിരിക്കുന്നത്, ചുറ്റുപാടുകളിലുണ്ടാകുന്ന വ്യതിയാനങ്ങളെയും ഇവ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതിലൊരു കോശമെടുത്തു ക്ലോണ്‍ ചെയ്‌താല്‍ അത് നിലനിന്നിരുന്ന ആകെ ശരീരത്തിന്‍റെ എല്ലാ സ്വഭാവങ്ങളുമുള്ള  ഒരു സജീവപതിപ്പ് രൂപപ്പെടുത്താനുമാവും.

ജീവകോശങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നത് ഓരോന്നും പ്രസരിപ്പിക്കുന്ന രശ്മികളിലൂടെയാണ്. ഇതിന്‍റെ ആവൃതി നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതിനും മുകളിലാണ്. ഓരോ കോശവും ഏകദേശം പതിനായിരത്തോളം വ്യത്യസ്ഥ ആവൃതിയിലുള്ള രശ്മികള്‍ പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്നു. 100 ട്രില്ല്യന്‍ കോശങ്ങളുടെ എല്ലാ സിഗ്നലുകളും 100 ട്രില്ല്യന്‍ കോശങ്ങളും സ്വീകരിക്കുകയും അനുനിനിഷം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യ ശരീരത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ; ഇതിനേക്കാള്‍ വലിയ അത്ഭുതമായി, ഈ മായാലോകത്ത് മറ്റൊന്നുമുണ്ടാവില്ല. ഈ രശ്മികള്‍ പരസ്പരം വിഘര്‍ഷിക്കുകയും ആകര്‍ഷിക്കുകയും കൂടുതല്‍ ശക്തവും വലുതുമായ പുതിയ പ്രകാശ മേഖലക്കു രൂപം കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങിനെയാണ്‌ ഏതൊരു ദ്രവ്യശരീരത്തിനും ചുറ്റുമായി ഒരു ഊര്‍ജ്ജമേഖല രൂപപ്പെടുന്നത്. ഇതിനെ Aura, Human Energy Field (HEF)Bio-Energy Field  ഇങ്ങിനെ വിവിധ പേരുകളില്‍ വിളിക്കുന്നു. 

ശുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന ആളുകളുടെ ഓറാ ഏറെ പ്രകാശമയവും വിസ്തൃതവുമായിരിക്കും. ഇത് സൂചിപ്പിക്കാനാണ് വിശുദ്ധരുടെ ശിരസ്സിനു ചുറ്റുമായി ഒരു വളയം അടയാളമായി കൊടുക്കുന്നത്. ശരീരത്തിനു ചുറ്റുമുള്ള പ്രകാശ വലയത്തെ ഭൌതികം, മാനസികം എന്നിങ്ങനെയൊക്കെ വേര്‍തിരിക്കുന്നുണ്ടെങ്കിലും ഒന്നിന് പുറത്ത് മറ്റൊന്നായല്ല ഇതിന്‍റെ സ്ഥാനം. എല്ലാ കോശങ്ങളുടെയും രശ്മികള്‍ എല്ലാ മേഖലകളെയും തലങ്ങും വിലങ്ങും ഭേദിച്ചുകൊണ്ടിരിക്കും. മനുഷ്യനെ ആവരണം ചെയുന്ന സൂഷ്മോര്‍ജ്ജ മേഖലയുടെ ചിത്രം ഭാഗികമായി കാണാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് കിര്‍ലിയന്‍ ഫോട്ടോഗ്രഫി. നല്ല ഒരു പരിശീലകന്‍റെ കീഴില്‍ എത്തിപ്പെട്ടാല്‍ നഗ്ന നേത്രങ്ങള്‍ക്കൊണ്ടും ഇതിന്‍റെ സ്ഥൂലഭാഗം കാണാന്‍ കഴിയും. 


PREVIOUS                      NEXT

No comments:

Post a Comment