ഒരാള്‍ സന്തോഷവാനാണെങ്കില്‍ എല്ലാ കോശങ്ങളും അങ്ങിനെ തന്നെയായിരിക്കും. അങ്ങിനെ തന്നെ ആ കോശങ്ങളെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ രോഗഗ്രസ്തമായ കോശങ്ങള്‍ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. ഇതാണ് Laughter therapy യുടെ രഹസ്യം. ഒരു സസ്യത്തിന്‍റെ ഒരു കോശം ടിഷ്യൂകള്‍ച്ചറില്‍ മീഡിയത്തിന്‍റെ സഹായത്താല്‍ വളര്‍ത്തിയെടുത്താല്‍, ആ മൂലകോശം ആയിരുന്ന സസ്യത്തിന്‍റെ എല്ലാ സവിശേഷ സ്വഭാവഗുണങ്ങളുമുള്ള മറ്റൊന്ന് വളര്‍ത്തിയെടുക്കാറുണ്ടല്ലോ. ഈ തത്ത്വം അടിസ്ഥാനമാക്കി പ്രവൃത്തിക്കുന്ന നിരവധി ചികിത്സാ സമ്പ്രദായങ്ങളുണ്ട്. അവയെയെല്ലാം പൊതുവേ സമ്പൂര്‍ണ്ണ സൌഖ്യദായകം എന്ന അര്‍ത്ഥത്തില്‍ ‘ഹോളിസ്ടിക്; എന്നു വിളിക്കാം. ഇവ ഹീലിംഗ് (Healing) സമ്പ്രദായങ്ങളാണ്. ശരീരത്തിന്‍റെ ഒരു ഭാഗത്തുണ്ടാവുന്ന പോരായ്മയെ, ആ ഭാഗത്തെ മാത്രം കേന്ദ്രീകരിച്ച്, ആ ഭാഗം ഒരു യന്ത്രഭാഗം പോലെ കരുതി അലോപ്പതി പോലുള്ള സമ്പ്രദായങ്ങള്‍ നടത്തുന്ന ചികിത്സകള്‍ക്ക് (Curing) വളരെ ദോഷങ്ങള്‍ ശരീരത്തിനു ചെയ്യാന്‍ കഴിയും.
ഭൌതിക ശരീരത്തിന്‍റെ മൂശ പോലെയാണ് ഊര്‍ജ്ജശരീരത്തിന്‍റെ പ്രവര്‍ത്തനം. ഊര്‍ജ്ജശരീരത്തില്‍ നിന്ന് ഭൌതികശരീരം ഉണ്ടാവുകയാണ് സംഭവിക്കുന്നതെന്ന് കരുതാന്‍ കാരണം, ശരീരം നിർജ്ജീവമായാലും ഊര്‍ജ്ജശരീരം നശിക്കുന്നില്ലായെന്ന യാഥാര്‍ത്ഥ്യംതന്നെ. ഊര്‍ജ്ജശരീരത്തിലെ വികിരണങ്ങളില്‍ അനാദിയിലേക്കുപോലും വിരല്‍ചൂണ്ടുന്ന അതിസൂഷ്മതരംഗങ്ങളുമുണ്ട്. ഒരു സമൂഹ സ്വഭാവത്തോടെയാണ് ഊര്‍ജ്ജശരീരങ്ങള്‍ പ്രണവവുമായി ബന്ധപ്പെടുന്നതെന്നും പറയാന്‍ വയ്യ. ഓരോ ഊര്‍ജ്ജശരീരത്തിനും വ്യക്തിഗതമായ ഒരു കേന്ദ്രം മൂല ഊര്‍ജ്ജ പ്രഭവസ്ഥാനത്തുള്ളതുപോലെയാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഈ സൂഷ്മ-അതിസൂഷ്മ ഊര്‍ജ്ജ പ്രതിഭാസത്തെ തന്നെയാണ് ആത്മാവ് എന്ന് വിളിക്കുന്നത്. ആലങ്കാരികമായി, ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നോ ദൈവത്തില്‍ നിന്ന് മനുഷ്യന്‍ ഉണ്ടായെന്നോ പറയാം. ആത്മസവിശേഷതകള്‍ എന്തൊക്കെയാണോ അതെല്ലാം ഫലമായ ഭൌതിക ശരീരത്തിലും കാണും. ശരീരത്തിലെ കുഴപ്പങ്ങള്‍ക്ക് ആത്മാവിലുള്ള നിബന്ധനകളെയാണ് പഴിക്കേണ്ടത്. ശരീരത്തിന്‍റെ ലക്‌ഷ്യം അത് ബന്ധപ്പെട്ടിരിക്കുന്ന ആത്മാംശത്തെ ശുദ്ധീകരിക്കുകയെന്നതാണ്. ശരീരത്തിന്‍റെ ഉപകരണമല്ല ആത്മാവ്, പകരം ആത്മാവിന്‍റെ ഉപകരണമാണ് ശരീരം. ആത്മാംശത്തിന്‍റെ സ്വയം ശുദ്ധീകരിക്കാനുള്ള അഭിവാഞ്ച ശരീരത്തിലൂടെ അത് നിര്‍വ്വഹിക്കുന്നു. ആത്മാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യ ജീവിതമാണ് വിശുദ്ധീകരണത്തിന് ഏറ്റവും ഉചിതം. ഓരോ ആത്മാവിലും ശരീരം കാരണമാക്കുന്ന വ്യതിയാനങ്ങളുടെ ഫലം സകല ആത്മാവിഷ്കാരങ്ങളെയും ബാധിക്കും. ഒരാള്‍ നന്നായാല്‍ സമൂഹം നന്നാകും എന്ന് പറയാറുണ്ടല്ലോ. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണത്തിന് ഉചിതമായ ശരീരങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ, ആത്മാക്കള്‍ തമ്മില്‍ തമ്മിലും അഭിപ്രായസമന്വയം തേടാറുണ്ടെന്നു സമര്‍ഥിക്കുന്നവരുമുണ്ട്. അതായത്, ഓരോ ശരീരത്തിനും വ്യക്തിഗതമായ ഒരു ദൌത്യവും ലക്ഷ്യവും ഉണ്ടായിരിക്കുമെന്ന് തന്നെ. അതില്‍ നിന്ന് മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ വഴുതി മാറുമ്പോഴാണ് അവിശ്വസനീയമായ യാദൃശ്ച്യതകള്‍ അരങ്ങത്ത് എത്തുന്നത് തന്നെ.
ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രങ്ങള്‍ അനുസരിച്ച് ആത്മാവ് ശരീരമില്ലാതെയും ആയിരിക്കും ശരീരം മാറി മാറി സ്വീകരിച്ചു കൊണ്ടുമിരിക്കാം. ഒരു ശരീരം സ്വീകരിക്കുന്നതിന് ഇടയിലുള്ള സമയം മറ്റനേകം കാര്യങ്ങളെ ആശ്രയിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ബിഥോവന്‍ അഞ്ചാം വയസ്സില്‍ കൊരുത്ത സിംഫണികള്‍ ആരെയും അതിശയിപ്പിക്കും. എവിടെനിന്ന് കിട്ടിയതായിരിക്കും ഈ കരുത്ത്? നാം ചില സ്ഥലങ്ങള്‍ കാണുമ്പോഴും ചില വ്യക്തികളെ കാണുമ്പോഴും ചില കാര്യങ്ങള്‍ ചെയ്യുമ്പോഴുമൊക്കെ പലപ്പോഴും ഒരു മുന്‍പരിചയം അനുഭവപ്പെടുന്നുവെങ്കില്‍ അത് ആത്മാവ് മുമ്പെങ്ങോ ആര്ജ്ജിച്ചതായിരിക്കണം. പലര്‍ക്കും അവരുടെ ശരീരത്തിലുള്ള അടയാളങ്ങള്‍ കടന്നുപോയ ചിലരുമായി ബന്ധപ്പെടുത്താനായിട്ടുണ്ട്. ഇത്തരം അനേകം സാഹചര്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഈ സനാതന സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തവരെ, പുനര്‍ജന്മത്തെയും പരിണാമത്തെയും അവഗണിക്കുന്നുള്ളൂ. ആത്മാക്കള്‍ സംഭരിച്ചു വെച്ചിരിക്കുന്ന അറിവ് അല്ലെങ്കില്‍ അവയ്കു സമാഹരിക്കാവുന്ന അറിവ് അവയുമായി ബന്ധപ്പെടുന്നതിലൂടെ ശേഖരിക്കാന്‍ കഴിഞ്ഞവരുമുണ്ട്, കഴിയുന്നവരുമുണ്ട്. ഇവയും പ്രത്യേക ശാസ്ത്ര ശാഖകളാണിന്ന്.
ഹോളിസ്ടിക് ചികിത്സകര്‍ പറയുന്നത് ഊര്‍ജ്ജശരീരത്തെ ചികില്‍സിച്ചാല്‍ ഭൌതികശരീരം സുഖമാകും എന്നാണ്. പ്രാണിക് ഹീലിംഗ്, റെയ്കി മുതലായ സമ്പ്രദായങ്ങള്‍ ഇതിനു മകുടോദാഹരണങ്ങളാണ്. ഊര്‍ജ്ജശരീരത്തിലെ ഭൂരിഭാഗം മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇവക്കു കഴിയും; ഊര്‍ജ്ജശരീരം ഭൗതിക ശരീരത്തിന്റെ അച്ചാണ്. മെഡിക്കല്‍ ചികിത്സാരംഗം തന്നെ ഊര്‍ജ്ജശരീരത്തിന്‍റെ ചിത്രമെടുത്ത് തകരാര്‍ എവിടെയൊക്കെയാണെന്ന് മനസ്സിലാക്കി അതു ഭൌതികതലത്തില്‍ പരിഹരിക്കാനുതകുന്ന സമ്പ്രദായത്തേപ്പറ്റി ഗൗരവമായി പഠിക്കുന്നു.
ഓരോ ശരീരവും സൂഷ്മോര്‍ജ്ജം വഴി മൂലചൈതന്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ ശരീരത്തിലാണ്; പക്ഷേ ഈ ജീവന്‍റെ കേന്ദ്രം ഓരോരുത്തരുടെയും വളര്‍ച്ചക്കനുസരിച്ച് ഈ ചങ്ങലയുടെ മറ്റേതോ ഭാഗത്തായിരിക്കാം. അത് ഭൌതിക മേഖലയിലാണെങ്കില്‍ ആ വ്യക്തിയുടെ എല്ലാ ശ്രദ്ധയും ഭൌതികകാര്യങ്ങളില്‍ മാത്രമായിരിക്കും. ജീവന്‍റെ കേന്ദ്രം വളരെ സൂഷ്മവും ഉന്നതവുമായ ഒരു മേഖലയില്‍ ഉറപ്പിച്ചിരിക്കുന്ന ഗുരുക്കന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ അവരെ അലട്ടുന്ന കാര്യങ്ങളെയല്ല. ഒരാള്‍ ഏതെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ അയാള്‍ ആത്മിയമായി എന്തുമാത്രം വളര്‍ന്ന ഒരാളാണെന്നും കാണാവുന്നതെയുള്ളൂ. ഭൌതിക ലോകത്ത് ആര്‍ക്കും ആരിലൂടെയും കടന്നു പോകാനാവില്ല; പക്ഷെ, ആത്മാക്കള്‍ക്ക് യാതൊന്നും തടസ്സവുമല്ല.
ജീവകേന്ദ്രത്തിന് അതെവിടെ നങ്കൂരം ഉറപ്പിച്ചിരുന്നാലും മൂലചൈതന്യത്തില്‍ ആയിത്തിരാനുള്ള അടങ്ങാത്ത ഒരു വ്യഗ്രത സ്വതസിദ്ധമായിട്ടുണ്ട്. ഉറക്കത്തില്‍ ജീവാത്മാവ് തിരിച്ചൊരു സഞ്ചാരം നടത്താറുണ്ട് എന്നാണ് പറയപ്പെടുന്നത്. ശിശുക്കള്‍ കൂടുതല്‍ ഉറങ്ങുന്നതിന്‍റെ കാരണം ഇതാണെന്ന് പറയുന്നവരുമുണ്ട്. സ്വന്തം ആത്മാവിന്‍റെ അസ്ഥിത്വചിന്തകള്‍ ശരീരവും അറിയുന്നുണ്ട്. ‘ഞാനാണ് ജോസഫ്’ എന്ന് മറ്റൊരാളോട് പറയുമ്പോള്‍ എന്‍റെ കൈ നെഞ്ചിന്‍റെ മദ്ധ്യ ഭാഗത്തേക്ക് അറിയാതെ പോകും. ആരും പ്രത്യേകം ഇതു പഠിപ്പിച്ചിട്ടുണ്ടാവില്ല. അത് അസ്ഥിത്വത്തിന്‍റെ കേന്ദ്രം ആണെന്ന് മനസ്സിലാക്കുന്നത് ഇതിനെപ്പറ്റി ഏറെ പഠിക്കുമ്പോള്‍ മാത്രമായിരിക്കും. കൂടുതല്‍ സാത്വികോര്‍ജ്ജം സ്വന്തമാക്കി പരമാവധി പരിണാമം പ്രാപിക്കുക, ആത്മാക്കളുടെ പരമമായ ലക്‌ഷ്യം അതായിരിക്കേണ്ടതാണ്.
ബുദ്ധിയും മനസ്സും ഓര്‍മ്മയുമൊക്കെ തലക്കുള്ളിലാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചവരാരും കൃത്യമായും അതെവിടെയാണെന്ന് ഇന്നേവരെ പറഞ്ഞിട്ടില്ല, കണ്ടെത്തിയിട്ടുമില്ല. ഈ പ്രവര്‍ത്തനങ്ങളെല്ലാം സൂഷ്മോര്‍ജ്ജശരീരത്തിലാണ് നടക്കുന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഭൌതിക ശരീരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, നമ്മുടെ വികാരങ്ങളും ചിന്തകളും കര്മ്മഫലങ്ങളുമെല്ലാം വൃക്ഷങ്ങളിലെ വാര്‍ഷിക വലയങ്ങള്‍ പോലെ സൂഷ്മോര്‍ജ്ജശരീരത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് കാണാന്‍ ശേഷിയുള്ളവര്‍ (Aura readers) ഇതു കാണുകയും ചെയ്യും, ഒരുവനെ മനസ്സിലാക്കുകയും ചെയ്യും. സര്‍വ്വ വികാരങ്ങളും സൂഷ്മോര്‍ജ്ജശരീരത്തില്‍ അടയാളങ്ങള്‍ സൃഷ്ടിക്കും. ഈ അടയാളങ്ങള്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട്. നല്ലവ സൂഷ്മോര്‍ജ്ജശരീരത്തിന്‍റെ ശോഭയും ശുദ്ധതയും വര്‍ദ്ധിപ്പിക്കും, അല്ലാത്തത് മാലിന്യ മേഘങ്ങളായി അവിടെ അടിഞ്ഞു കൂടും. ഇത്തരം കൂമ്പാരങ്ങള്‍ ശരീരത്തില്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടും. ഇവിടെയാണ് ഗൌതമ ബുദ്ധന്‍ നിഷ്കര്‍ഷിച്ച വികാരരഹിതമായ മുന്നേറ്റത്തിന്‍റെ (Equanimity) ശക്തി.
ശരീരം ആത്മാവിനുള്ളിലാണോ അതോ ആത്മാവ് ശരീരത്തിനുള്ളിലാണോ എന്നൊരു രസകരമായ ചോദ്യത്തിന് സാധ്യത കാണുന്നു .
ReplyDeleteഓറ ഫോട്ടോഗ്രഫി യൂറോപ്പിലെ മിക്ക ഹോളിസ്റ്റിക് ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമാണ് . അസുഖങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് ഓറയിൽ അവ കാണാനാവും അങ്ങനെ അസുഖം വരാനുള്ള സാദ്ധ്യതകൾ കണ്ടുപിടിച്ചാൽ ഹോളിസ്റ്റിക് രീതിയിൽ തന്നെ അവ പൂർണ്ണമായി സുഖപ്പെടുതാനുമാവും .,
ഓറയുടെ നിറം നോക്കി ആളുടെ സ്വഭാവത്തെപ്പറ്റിയും കുറെയൊക്കെ മനസ്സിലാക്കാം . മൊബൈൽഫോണ്‍ ദേഹത്തുള്ളപ്പോൾ ശരീരത്തിന് ചുറ്റുമുളള എനർജിഫീൽഡ് ചുരുങ്ങുകയും വീക്ക് ആവുകയും ചെയ്യാറുണ്ട് . ചിലയിനം ക്രിസ്റ്റലുകൾക്കും കല്ലുകൾക്കും ഓറയെ ശക്തിപ്പെടുതുവാനും കഴിയും