Saturday 19 July 2014

കൈവെയ്പ്പു ശുശ്രൂഷ -14

മനുഷ്യനുണ്ടായ കാലം മുതല്‍ രോഗങ്ങളുമുണ്ട്. ആരോഗ്യവാന്മാരായിരിക്കുമ്പോള്‍ സുഖം, സുഖത്തില്‍ നിന്ന് മാറുമ്പോള്‍ അസുഖം (രോഗം); ഇതാണു സ്ഥിതി. പൂര്‍ണ്ണമായും പ്രപഞ്ചത്തോടൊപ്പം, അതു നല്‍കുന്ന വിശിഷ്ടോര്‍ജ്ജവും സ്വീകരിച്ചു കൊണ്ട് ജീവിക്കുകയെന്നാല്‍ ഭൌതികയുടെ എല്ലാ മായാജാലങ്ങളില്‍ നിന്നും ഭ്രമങ്ങളില്‍നിന്നും പൂര്‍ണ്ണമായ മുക്തിപ്രാപിക്കുകയെന്നര്‍ത്ഥം. അവിടെ ആയിരിക്കലും അല്ലാതായിരിക്കലുമെല്ലാം പരിണാമത്തിലെ കണ്ണികൾ മാത്രം. പക്ഷേ, അതത്ര എളുപ്പമല്ല! പിന്നെ നമുക്ക് ചെയ്യാവുന്നത് അസുഖമാണെന്ന് മനസ്സിലാക്കി സുഖത്തിലേക്ക് വളരെ സാവധാനം അടുക്കുകയെന്നതാണ്. സുഖം തരാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. ആകമാന (ഹോളിസ്റ്റിക്) ചികിൽസാ സമ്പ്രദായങ്ങളല്ലാത്ത ചികിത്സാരീതികള്‍ രോഗത്തില്‍ നിന്ന് വിടുതല്‍ തരാന്‍ സഹായിച്ചേക്കും; പക്ഷെ അവ നമ്മെ സുഖത്തിലേക്കു നയിക്കുന്നില്ല. ആത്യന്തിക സുഖം തരാന്‍ ശേഷിയുള്ള ഒരേ ഒരു ശക്തിയേ പ്രപഞ്ചത്തിലുള്ളൂ, ഇശ്വരന്‍ മാത്രം. ആ മൂലസംഭരണിയെ അടിസ്ഥാനമാക്കി ഹോളിസ്റ്റിക് സമ്പ്രദായങ്ങൾ പ്രവർത്തിക്കുന്നു. രോഗങ്ങള്‍ക്ക് നാം മരുന്ന് കഴിക്കുന്നു; പക്ഷേ, മരുന്നുകള്‍ സൌഖ്യഹേതുവായേ പ്രവര്‍ത്തിക്കുന്നുള്ളൂ. മുറിവിന് വെച്ചുകെട്ടുന്ന മരുന്ന് തൊലിയായി മാറുന്നില്ല. ശരീരം സ്വയം പ്രവര്‍ത്തിക്കുമ്പോഴാണ് മുറിവ് കരിയുന്നത്. മുറിവ് കരിക്കാന്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്ന (Catalyst) ഒരു മാധ്യമം മാത്രമേ ആവുന്നുള്ളൂ അവിടെ ഉപയോഗിക്കുന്ന മരുന്ന്.

ഈശ്വരനെന്ന ശക്തിയേ പ്രാപഞ്ചിക ജീവോര്‍ജ്ജം എന്ന് വിശേഷിപ്പിച്ചുകൊണ്ട് വൈദ്യശാസ്ത്രത്തിന് അടിത്തറയിട്ട ഹിപ്പോക്രിറ്റസും സൂചിപ്പിച്ചു, അദൃശ്യമായ ഒരു ശക്തിയുടെ പ്രവര്‍ത്തനം എവിടേയും നടക്കുന്നുവെന്ന്. ഈ അദൃശ്യമായ ജീവോര്‍ജ്ജം നമുക്ക് ചുറ്റും സമൃദ്ധമായിയുണ്ട് താനും, അതിനെ സ്വീകരിക്കാന്‍ മാത്രമായി മൂര്‍ദ്ധാവില്‍ സഹസ്രാര്‍ ചക്രായുമുണ്ട്. ഈ പ്രവര്‍ത്തനം സുഗമമാണെങ്കില്‍ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രകൃതിദത്തതാളത്തില്‍ തന്നെയായിരിക്കും. ആ താളത്തിലായിരിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുകയാണ് അനുഷ്ടാനങ്ങളുടെ ആത്യന്തിക ലക്ഷ്യവും. ആ താളത്തില്‍ നിന്ന് മാറുമ്പോള്‍ സൌജന്യമായി ലഭിക്കേണ്ട ജീവോര്‍ജ്ജം സ്വീകരിക്കാന്‍ നമുക്കു പരിമിതികളുണ്ടാവുന്നു, നാം രോഗികളുമാവുന്നു. വെള്ളം കൊണ്ട് തന്നെ ചെളി കഴുകിക്കളയുന്നതു പോലെ, നമ്മുടെ ശരീരത്തില്‍ ജീവോര്‍ജ്ജത്തിന്‍റെ ഒഴുക്കിന് അനുഭവപ്പെടുന്ന തടസ്സങ്ങള്‍ ജീവോര്‍ജ്ജം കൊണ്ട് തന്നെ ശുദ്ധമാക്കാം. ഇതിനു വിലയേറിയ ഒരു യന്ത്രവും ആവശ്യമില്ല. പ്രാപഞ്ചികോര്‍ജ്ജം സ്വീകരിക്കാന്‍ ശേഷിയുള്ള ഒരാള്‍ക്ക്‌ വളരെ എളുപ്പത്തില്‍ ഇത് ചെയ്യാവുന്നതേയുള്ളൂ. ഈ ഊര്‍ജ്ജം ശരീരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ അയാളുടെ കൈകള്‍ മാത്രം മതി. ഈ തത്ത്വമാണ് കൈവെയ്പ്പു ശുശ്രൂഷകളുടെ രഹസ്യം.

കൈകള്‍, തിന്നാനും ഉടുക്കാനും ജോലി ചെയ്യുവാനുമുള്ള അവയവങ്ങളായി മാത്രം കരുതരുത്, അവ ഭൌതികമായും ആത്മിയമായും ഹൃദയത്തിന്‍റെ ഭാഗമാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പ് കൈകള്‍ക്ക് വേദന അനുഭവപ്പെടാം, കൈകളില്‍ നിന്നും  ഹൃദയത്തില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ തലച്ചോറില്‍ സ്വീകരിക്കുന്നത് ഒരേ നാഡികളിലൂടെയാണെന്നതാണ് കാരണം. ഹൃദയത്തിൽ നിന്നും വരുന്ന വേദന കയ്യിൽനിന്നുമാണെന്നു മസ്തിഷ്കം തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ഇങിനെ സംഭവിക്കുന്നത്. ഹൃദയം, ശരീരത്തിലെ സ്നേഹത്തിന്‍റെ സംഭരണിയാണ്. കൈകള്‍ നീട്ടിയാണ് നാം സ്നേഹം പ്രകടിപ്പിക്കുന്നതും, കൈകള്‍ കാട്ടിയാണ് നാം വെറുപ്പ്‌ പ്രകടിപ്പിക്കുന്നതും. കൈകളിലൂടെ സ്നേഹോര്‍ജജം പ്രവഹിപ്പിക്കാന്‍ നിരവധി തന്ത്രങ്ങളുണ്ട്. തന്ത്രങ്ങള്‍ എന്ന് പറഞ്ഞതുകൊണ്ട് തെറ്റിദ്ധരിക്കരുത്; വെള്ളം കുടിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട് എന്ന് പറയുന്നതുപോലെയേ ഇതുമുള്ളൂ. തന്ത്രം എന്തായാലും, കൈകള്‍ ആരുടേതായാലും എല്ലാം മാധ്യമങ്ങള്‍ അല്ലെങ്കില്‍ ഉപകരണങ്ങള്‍ മാത്രം; പ്രവൃത്തിക്കുന്ന ഊര്‍ജ്ജം സ്വയബുദ്ധിയുള്ള പ്രാപഞ്ചികൊര്‍ജ്ജം തന്നെയാണെന്ന് കാണുക. ഫലപ്രദമായി കൈവെയ്പ്പു ശുശ്രൂഷകള്‍ നടത്തുന്ന പലരും ലഭിക്കുന്ന രോഗശാന്തി സ്വന്തം കഴിവാണെന്ന് ധരിക്കാറുണ്ട്, സ്വന്തം വിശ്വാസപ്രമാണങ്ങളിലെ വിശിഷ്ടദൈവത്തിന്‍റെ പ്രവര്‍ത്തനമാണെന്ന് വിശദീകരിക്കാറുമുണ്ട്. ഇതൊക്കെ അഹത്തിനുള്ളിലെ അവിദ്യാനുഭവം കൊണ്ട് സംഭവിക്കുന്നതാണ്.

ഇടതു കൈയ്ക് സ്വീകരിക്കാനും വലതു കൈയ്ക് കൊടുക്കാനുമുള്ള സിദ്ധികള്‍ കൂടുതലായും ഉണ്ട്. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും, വലതു കരമുയര്‍ത്തി അനുഗ്രഹിക്കുന്നതുമെല്ലാം ഇതുകൊണ്ടാണ്. മറ്റൊരാളുടെ നേരെ കൈചൂണ്ടി സംസാരിക്കുമ്പോള്‍ അപരന്‍ അസ്വസ്ഥനാകുന്നത്‌ സാധാരണം. കൈകളിലൂടെ ലഭ്യമാക്കുന്ന ഊര്‍ജ്ജം സ്പര്‍ശനം വഴിയാണ് സാധാരണ പ്രവഹിപ്പിക്കുന്നത്. എങ്കിലും, സമയത്തിനും സ്ഥലത്തിനും അതീതമായി ഊര്‍ജ്ജം പ്രവഹിപ്പിക്കാന്‍ മനുഷ്യന് കഴിയും, അതിനുള്ള ഉപായങ്ങള്‍ ഗുരുക്കന്മാരില്‍ നിന്നു തന്നെ നേടേണ്ടതാണ്. ശരീരത്തില്‍ ഒരു വേദന ഉണ്ടായാല്‍ നാമാദ്യം ചെയ്യുന്നത് കൈകൊണ്ട് ആ ഭാഗം സ്പര്‍ശിക്കുകയാണ്. ഇത് ഉള്‍പ്രേരണകൊണ്ട് സംഭവിക്കുന്നതാണ്. ഇതേ ചോദനകൊണ്ട് തന്നെയാണ് കരയുന്ന കുട്ടിയെ അമ്മ സ്പര്‍ശിക്കുന്നതും. കുട്ടികള്‍ മുതിര്‍ന്നവരുടെ സാമിപ്യമിഷ്ടപ്പെടുന്നതിനു പിന്നിലും ഇങ്ങിനെയൊരു കാര്യമുണ്ട്. ഞാനിപ്പറഞ്ഞ തത്ത്വങ്ങളുടെ നേര്‍ പ്രദര്‍ശനമാണ് ഒരു ഗുരു ശിക്ഷ്യനെ അനുഗ്രഹിക്കുന്ന രീതി. ഗുരുവിന്‍റെ കൈകള്‍ മൂര്‍ദ്ധാവില്‍ സഹസ്രാര്‍ ചക്രയുടെ മദ്ധ്യത്തില്‍ത്തന്നെ വെച്ചാണ് ഗുരു ശിക്ഷ്യനെ അനുഗ്രഹിക്കുന്നത്. തീവ്രമായ ഒരൂർജ്ജപ്രവാഹം ശക്തനായയൊരു ഗുരുവിന് സൃഷ്ടിക്കാന്‍ കഴിയും. ആ പ്രവാഹത്തിൽ തടസ്സങ്ങൾ ഇല്ലാതാവുകയും സുഖം പ്രാപ്യമാവുകയും ചെയ്യും. അതുകൊണ്ടാണ് ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും സാമിപ്യത്തിനും എല്ലാവരുമെന്നും വിലകല്‍പ്പിക്കുന്നത്.

കൈവെയ്പ്പുവഴിയുള്ള രോഗശാന്തിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അതൊരു വ്യക്തിയുടെ അവകാശവും കടമയുമാണ്. പക്ഷെ, അതിനു വേണ്ടി പ്രത്യേക ഉപായങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആ ഉപായങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അനുസരിക്കേണ്ടതുണ്ട്. കൈവെപ്പു വഴി എങ്ങിനെ രോഗശാന്തി സാധ്യമാക്കാം എന്ന് വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം; പകരം, കൈവെയ്പ്പു ശുശ്രൂഷകള്‍ പ്രകൃതിദത്ത മാര്‍ഗ്ഗമാണെന്ന് പറയുക മാത്രം. എല്ലാ മനുഷ്യര്‍ക്കും ഇതിനുള്ള കഴിവുണ്ട്. ചിലപ്പോളത് ഏറിയും കുറഞ്ഞുമിരിക്കും എന്നേയുള്ളൂ. ഏറെ ശുദ്ധോര്‍ജ്ജം പ്രവഹിപ്പിക്കാന്‍ കഴിയുന്നവരുടെ കൈകള്‍ കൊണ്ട് നിര്‍മ്മിക്കുന്നവയും, നടുന്നവയുമെല്ലാം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റും. അങ്ങിനെയുള്ളവര്‍ നല്‍കുന്ന സാധനങ്ങള്‍ പൊലിക്കാറുമുണ്ടല്ലോ. മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സഹായിക്കുന്നതിന് കൈകൊടുത്തു സഹായിക്കുക എന്ന് തന്നെയല്ലേ പറയുന്നത്? 

എല്ലാ മതങ്ങളിലുമുണ്ട് കൈവെയ്പ്പു പ്രാര്‍ഥനകളും കൈ ഉപയോഗിച്ചുള്ള ഊര്‍ജ്ജ പ്രസരണവും. ഭാരതീയ ആചാര്യന്മാര്‍ കൈകള്‍ ഉയര്‍ത്തി അനുഗ്രഹിക്കാന്‍ അവലംബിച്ച അതേ മുദ്ര തന്നെയാണ് ബുദ്ധനും യേശുവും അനുവര്‍ത്തിച്ചത്. ക്രിസ്തുമതത്തില്‍ കൈവെയ്പ്പാധിഷ്ടിത പ്രാര്‍ഥനാനുഷ്ടാനങ്ങള്‍ക്ക് ആ മതത്തോളം തന്നെ പഴക്കമുണ്ട്. കിട്ടുന്നവരെക്കൊണ്ടെല്ലാം തലക്കു പിടിപ്പിക്കുന്നതും സൂക്ഷിച്ചില്ലെങ്കില്‍ അപകടം വരുത്തും - കൊടുക്കുന്നവനും കിട്ടുന്നവനും. പ്രാണിക് ഹീലിംഗില്‍ അതിനുള്ള മുന്‍കരുതലുകളേപ്പറ്റിയും പരാമര്‍ശമുണ്ട്. ഗുരുക്കന്മാരുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നവര്‍ ഊര്‍ജ്ജ വിനിമയത്തിന് ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അറിയുക. ചക്രാകളുടെ മുന്‍വശത്തുള്ള കവാടങ്ങള്‍ പുറത്തേക്കും പിന്‍വശത്തുള്ള കവാടങ്ങള്‍ അകത്തേക്കും ഊര്‍ജ്ജം കടത്തി വിടുന്നു. പിന്‍ഭാഗത്തുള്ള എല്ലാ ചക്രാകവാടങ്ങളും തുറന്നു നില്‍ക്കാന്‍ കമിഴ്ന്നു കിടക്കുന്നത് സഹായിക്കും. നീണ്ടുനിവര്‍ന്നുള്ള കിടപ്പ് നാഡികളുടെ സമ്മര്‍ദ്ദം കുറക്കുകയും ചെയ്യും. അഹം പൂര്‍ണ്ണമായും പാദങ്ങളില്‍ അര്‍പ്പിക്കുന്നു എന്നൊരു പ്രഖ്യാപനവും ഇങ്ങിനെ പ്രണാമം നടത്തുന്നവര്‍ക്കുണ്ട്.

PREVIOUS                       NEXT

No comments:

Post a Comment