Tuesday 8 July 2014

ഊര്ജ്ജത്തിന്റെ വിന്യാസം - 4

ഊര്‍ജ്ജത്തെ ഞാന്‍ പോസിറ്റീവും നെഗറ്റീവും എന്ന് വേര്‍തിരിക്കുകയാണ്. സര്‍വ്വതും, പോസിറ്റീവ് മാത്രമായിരിക്കുന്ന അടിസ്ഥാന ഊര്‍ജ്ജത്തില്‍ നിന്നും പരുവപ്പെട്ടത് തന്നെ. ഈ അടിസ്ഥാനോര്‍ജ്ജത്തെയാണ് ദൈവം എന്നും വിളിക്കുന്നത്‌. ചിന്തകരും ഗുരുക്കന്മാരും ഗവേഷകരുമൊന്നും ദൈവമെന്ന പദം വ്യാപകമായി ഉപയോഗിക്കാറില്ല, പകരം ഏന്തെങ്കിലും പര്യായ/വിശേഷണ പദങ്ങളാണ് അവര്‍ക്കിഷ്ടം. ദൈവം എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ദ്രവ്യശരീരമുള്ള ശക്തിയെന്നാണ് ആരുടേയും മനസ്സിലേക്ക് ആദ്യം ഒഴുകിയെത്തുന്നത്; ഇതൊഴിവാക്കുകയാണ് ഒരു ലക്‌ഷ്യം. ഈ ഊര്‍ജ്ജത്തിന് ലളിതമായ ഭാഷയില്‍ ഒരു പേരുണ്ടെങ്കില്‍ അത് ‘സ്നേഹം’ എന്നാണ്. ഇവിടെ നെഗറ്റിവ് എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് പോസിറ്റീവിറ്റി കുറഞ്ഞ ഒരു തലത്തെയാണെന്നോർക്കുക. ചൂടിന്‍റെ തന്നെ കുറഞ്ഞ അവസ്ഥയെ നാം തണുപ്പെന്നു വിളിക്കുന്നതുപോലെയെ ഉള്ളൂ ഇതും. രണ്ടും അളക്കുന്നത് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണല്ലോ.

അടയാളങ്ങളും ആകൃതികളും, ഊര്‍ജ്ജത്തിന്‍റെ സംഭരണ ശേഷിയും ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാത്വികൊര്‍ജ്ജം സമൃദ്ധമായി പ്രസരിപ്പിക്കുന്ന അനേകം ഇടങ്ങളുണ്ട് ഭൂമിയില്‍. അവ തേടി കണ്ടുപിടിച്ചു വീട് വെയ്കുകയെന്നതും നമ്മുടെ പാരമ്പര്യത്തില്‍ അന്യമായിരുന്നില്ല. ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ നമുക്കൊരു നല്ല സുഖം തോന്നിയിട്ടില്ലേ? കാരണം ഇതു തന്നെ. കടലോരത്ത് ചെന്നുപെട്ടാല്‍ നമുക്കു മടങ്ങിപോരാനെ തോന്നില്ല; പഞ്ച ഭൂതങ്ങളും സന്നിഹിതമാകുന്ന സ്ഥലമാണ് കടല്‍ത്തിരം. ഇത്തരം സാഹചര്യങ്ങളില്‍ ശരീരത്തിലുണ്ടാകുന്ന ഊര്‍ജ്ജവിന്യാസം രോഗശാന്തിക്ക് കാരണമാകും. താപസ്സന്മാര്‍ പ്രധാനമായും കന്യകാവനങ്ങളെ തിരഞ്ഞെടുത്തുവെങ്കില്‍ ഒരു കാരണം ഇതാണ്. ചുറ്റുപാടുകളുടെ സഹായവും അവരുടെ വളര്‍ച്ചക്ക്‌ അവര്‍ പ്രയോജനപ്പെടുത്തി. ചന്തക്കു പോയി വരുന്നവന്‍ ക്ഷിണിച്ചു പരവശനായി വരുമ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നവന്‍ ഉന്മേഷവാനായിരിക്കും. ചന്തയില്‍ പോയപ്പോള്‍ ഉള്ളത് കൂടി നഷ്ടപ്പെട്ടു, ക്ഷേത്രത്തില്‍ പോയപ്പോള്‍ ഏറെ ഊര്‍ജ്ജം കിട്ടി. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് നേടുന്ന ആത്മീയ വളര്‍ച്ചക്ക് പത്തര മാറ്റിന്‍റെ തിളക്കമുണ്ട്. അത് കൊണ്ടാണ്, ഒരു ഗ്രഹസ്ഥന്‍ ഒരു താപസ്സനെക്കാള്‍ മൂന്നു മടങ്ങ്‌ അനുഗ്രഹീതനാണെന്നു പറയപ്പെടുന്നത്‌. 

സൂഷ്മോര്‍ജ്ജത്തെ അളക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട് - മണ്മറഞ്ഞ പല സംസ്കാരങ്ങളുടെയും സാത്വികോര്‍ജ്ജ പ്രഭവകേന്ദ്രം നാം ഇങ്ങിനെ കണ്ടെത്തിയിട്ടുമുണ്ട് (ഉദാ: AD 66 ല്‍ മഹാബലിപുരത്തുണ്ടായിരുന്ന ക്ഷേത്രം കണ്ടെടുത്തപ്പോള്‍ തയ്യാറാക്കിയ statestics report). ഊര്‍ജ്ജത്തിന്‍റെ മൂലഭാവങ്ങളെ അടിസ്ഥാനമാക്കി ഊര്‍ജ്ജദായനികളായ വ്യത്യസ്ഥ ആകൃതികളെപ്പറ്റി ഭാരതീയശാസ്ത്രങ്ങള്‍ പറയുന്നു. അതുകൊണ്ടാണ് ഹിന്ദുക്കളുടെ വിഗ്രഹങ്ങള്‍ക്ക് കൌതുകകരമായ രൂപങ്ങള്‍ ലഭിക്കുന്നത്. ഒരു മനുഷ്യന്‍റെ മുഖത്ത് ദുഃഖം മാറി സന്തോഷം വരാന്‍ വെറും ഒരു ചുളിവു പോരെ? വിഗ്രഹങ്ങള്‍ പരുവപ്പെടുത്തുമ്പോള്‍ അതീവജാഗ്രത വേണം. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഓരോ വിഗ്രഹത്തെയും ചൈതന്യദായനികളായി മാറ്റുകയാണ് അവര്‍  ചെയ്യുന്നത്. ഇവിടെ, ഒരു ഹൈന്ദവനും വിഗ്രഹത്തിലൂടെ ലഭിക്കുന്ന ചൈതന്യത്തിന്‍റെ ശ്രോതസ്സ് വിഗ്രഹം തന്നെയാണെന്ന് അവകാശപ്പെടുന്നില്ല. വിഗ്രഹങ്ങളിലൂടെ ഈശ്വരനെ കാണുമാറാകട്ടെയെന്നു പ്രാര്‍ഥിക്കുന്നതിന്‍റെ കാരണം ഇതാണ്. മൂര്‍ത്തിയല്ല ഈശ്വരനെന്ന് വേദങ്ങള്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്രൈസ്തവനും ഹിന്ദുവിനുമൊക്കെ അടി തെറ്റുന്നില്ലെയെന്നുള്ള സംശയം അസ്ഥാനത്തല്ല താനും. തത്വത്തില്‍ പ്രതീകങ്ങളായതുകൊണ്ട് ഹിന്ദുക്കള്‍ നടത്തുന്നത് വിഗ്രഹാരാധനയാണെന്നും പറയാനാവില്ല. ഒരു വിഗ്രഹത്തിന്‍റെ വലുപ്പം നോക്കി അതിനു പ്രസരിപ്പിക്കാന്‍ കഴിയുന്ന സാത്വികൊര്‍ജ്ജത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതും മൌഢ്യമായിരിക്കും. വെറുമൊരു ആറ്റമിന്‍റെ ശേഷി (ഉദാ: ആറ്റം ബോംബ്‌) നമുക്ക് ഊഹിക്കാന്‍ കഴിയുമല്ലോ.

ശ്രീകോവിലിനെ വലം വെയ്കുമ്പോൾ ഒരു ചാലകം ഊര്‍ജ്ജ രശ്മികളെ ഭേദിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ ശരീരത്തില്‍ ഊര്‍ജ്ജപ്രവാഹം ഉണ്ടാകും. എല്ലാ ഹൈന്ദവാചാരങ്ങളുടെ പിന്നിലും ശക്തമായ ഒരു ശാസ്ത്രമുണ്ട്. ഊര്‍ജ്ജ പ്രസരണത്തിന് സിമട്രി നല്ലതല്ലാത്തതുകൊണ്ടാണ് ക്ഷേത്രങ്ങളിലെ കൊടിമരം മദ്ധ്യത്തില്‍ നിന്ന് അല്‍പ്പം മാറ്റി സ്ഥാപിക്കുന്നത്. യാഗശാലയിലെ പ്രതിഷ്ടയും ശാലയുടെ മദ്ധ്യത്തിലല്ല സ്ഥാപിക്കുന്നത്. ഹൈന്ദവശാസ്ത്രപ്രകാരം മന്ത്രങ്ങളും പതിയെ ചൊല്ലേണ്ടതാണ്. വാചികം (ഉച്ചത്തില്‍ ചെല്ലുന്നത്) ഉപാംശം (പതിയെ മന്ത്രിക്കുന്നത്) മാനസം (മനസ്സില്‍ ചെല്ലുന്നത്) ഇങ്ങിനെ  മൂന്ന് രീതികളില്‍ പ്രാര്‍ഥനകളും ചൊല്ലാം. ഏറ്റവും ശക്തിയേറിയത്‌ മാനസം തന്നെ (മനനാല്‍ ത്രായതേ, ഇതി മന്ത്രാ). എങ്ങിനെയാണ് പ്രാര്‍ഥിക്കേണ്ടതെന്ന് യേശുവിനോട് ശിക്ഷ്യര്‍ ചോദിച്ചപ്പോള്‍ മുറിയില്‍ കയറി നിശ്ശബ്ദനായി പിതാവിനോട് സംവദിക്കാനാണ് യേശു ആദ്യം പറഞ്ഞത്. 

മന്ത്രങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും മുഴുവന്‍ ശേഷിയും പ്രയോജനപ്പെടണമെങ്കില്‍  അതു ചൊല്ലുന്നതിനു സമയവും കാലവുമുണ്ട്. രാമായണപാരായണത്തിന് ഉത്തമമായിട്ടുള്ളത്‌ കര്‍ക്കിടക മാസമാണ്. ഭൂമിയിലൂടെ  കടന്നു പോവുന്ന ഊര്‍ജ്ജ രശ്മികളുടെ സ്വഭാവത്തിലുള്ള വ്യതിയാനങ്ങളാണ് കാരണം. വേദങ്ങളും ഇതിഹാസങ്ങളുമൊക്കെ എഴുതപ്പെട്ടത് ഈ കലിയുഗത്തിലുള്ളവര്‍ക്ക് വേണ്ടിയല്ല എന്നൊരു വാദഗതിയുണ്ട്. പകല്‍ അദ്ധ്വാനവും കഴിഞ്ഞ് വെളിച്ചം മാറുന്നതിനു മുമ്പ് അത്താഴവും കഴിഞ്ഞ് ഈശ്വരനാമവും ജപിച്ച് ഉറങ്ങാന്‍ പോകുന്ന ഒരു ദിനചര്യയാണ്‌ പ്രകൃതി ഉദ്ദേശിക്കുന്നത്. സൂര്യപ്രകാശം ഉള്ളപ്പോള്‍ ആഹാരം കഴിച്ചാല്‍ ദഹനം എളുപ്പമാവും എന്നുള്ളത് ശാസ്ത്രസത്യമാണ്. മുസ്ലീമുകളുടെ റമദാന്‍ പകല്‍ നോയമ്പ് തികച്ചും ശാസ്ത്രിയമാണ്; വലിച്ചു വാരി തിന്നുകൊണ്ടുള്ള നോമ്പ് തുറ അശാസ്ത്രിയവുമാണ്. ഉപബോധതലത്തിലേക്ക് ഉറക്കത്തിലൂടെ ഊളിയിടുന്നത് ഈശ്വര ചിന്തയോടെ ആയിരിക്കുന്നത് കൊണ്ടുമുണ്ട് ഏറെ ഗുണങ്ങള്‍.

വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്‍റെ ആകൃതിയിലോ നിര്‍മ്മിതിയിലോ ദര്‍ശനത്തിലോ ഒക്കെ  വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും സാത്വികൊര്‍ജ്ജത്തെ ആകർഷിക്കുന്നതിലോ നിലനിര്‍ത്തുന്നതിലോ ഒക്കെ കാര്യമായ വ്യത്യാസം ഉണ്ടാക്കും. വാസ്തുശാസ്ത്രം ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. കൃത്യമായ വാസ്തു അസാദ്ധ്യമാണ്, കൃത്യമായിരിക്കണമെങ്കില്‍ വാസ്തു വിലയിരുത്തുന്നവന് ഏറെ ഉള്‍ക്കാഴ്ചയും ഉണ്ടായിരിക്കേണ്ടതുണ്ട്. തിരക്കേറിയ നഗരങ്ങളില്‍ വാസ്തു പ്രായോഗികവുമല്ല, അവിടെ അതിനൊഴിവുകള്‍ കല്പ്പിക്കുന്നുണ്ടെന്നത് മറക്കുന്നുമില്ല. എന്തായാലും, സാത്വികൊര്‍ജ്ജത്തെ സ്വീകരിക്കാന്‍ കഴിയുന്ന കല്ല്‌ മണ്ണ് തടി ഇല തുടങ്ങിയ പ്രകൃതിദത്ത സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങളിലേ, വാസ്തു പരമാവധി പ്രയോജനപ്പെടാന്‍ സാധ്യതയുള്ളു. സിമന്‍റ്, കമ്പി തുടങ്ങിയ മൃതവസ്തുക്കള്‍ സൂഷ്മോര്‍ജ്ജത്തെ നിര്‍വ്വിര്യമാക്കാന്‍ പോന്നതാണ്. പ്രകൃതിയിലുള്ള ഊര്‍ജ്ജ പ്രവാഹത്തില്‍ നാമും ആയിരിക്കുന്നില്ലെങ്കില്‍ (ഉദാ: സ്ഥിരമായി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍) അത് ശരീരത്തില്‍ ഉണ്ടാക്കുന്ന കാന്തിക പ്രതിഭാസം നടുവ് വേദനയായും കൈകാല്‍ വേദനകളായിട്ടുമൊക്കെ മാറാം. ഇവിടെ മാഗ്നറ്റിക് തെറാപ്പിയാവും ഉചിതമാതും). 

വാസ്തു അനിവാര്യമല്ലെന്നു പറയുന്നവരും ധാരാളം ഉണ്ട്. എന്തായാലും, ഒരാളുടെ ജന്മോദ്ദേശ്യം വാസ്തുവിലൂടെ മാറ്റാന്‍ കഴിയും എന്നുള്ള ചിന്ത മൌഡ്യം; നല്ലത് മാത്രമായി ഒരവസ്ഥ അസാദ്ധ്യവുമാണ്. പോസിറ്റിവിനെയും നെഗറ്റിവിനെയും തുല്യമായി നിലനിര്‍ത്തി പോസിറ്റിവിനുള്ളതും നെഗറ്റിവിനുള്ളതും അതാതിന് മികച്ച ദൌത്യത്തിനായി വേര്‍തിരിച്ചു പ്രയോജനപ്പെടുത്തുന്ന രീതി വീടുകളുടെ കാര്യത്തില്‍ എന്തായാലും അസ്ഥാനത്തല്ല. ഓരോരുത്തര്‍ക്കും ഉചിതമായതെന്തെന്നു പ്രകൃതി എപ്പോഴും മന്ത്രികൊണ്ടിരിക്കുന്നു – ചിലപ്പോള്‍ സൂചനകളിലൂടെ. ഉള്‍പ്രേരണയുടെ പിന്നാലെ പോയാല്‍ അവന്‍ ചെയ്യുന്നത് ഏറ്റവും മികച്ചതായി മാറാം. ഒരാകൃതിക്ക്, അത് വീടായാലും വസ്ത്രമായാലും വളരെ പ്രസക്തിയുണ്ടെന്ന് പറയുക മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. എത്ര കൃത്യമായ വാസ്തുവായാലും അതിനുമുണ്ട് ബാല്യവും കൌമാരവും. ഒരാകൃതിയുടെ വാര്‍ദ്ധക്യത്തില്‍, അതിനു ലഭിക്കുന്ന ഊര്‍ജ്ജം അതുതന്നെ തിന്നു തീര്‍ക്കും. കറ തീര്‍ന്ന വാസ്തുവിരുത് കാട്ടിയിട്ടുള്ള കൊട്ടാരങ്ങളില്‍ നാമാവശേഷമാകാതെ എത്രയെണ്ണം അവശേഷിക്കുന്നു?

സെമറ്റിക് മതങ്ങളൊന്നും ഇത്തരം നിയമങ്ങള്‍ നോക്കിയല്ല അവരുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത്. പക്ഷെ, ഉദ്ദേശശുദ്ധി (Intention) കൊണ്ട് അവ ഊര്‍ജ്ജവത്കരിക്കപ്പെടുന്നു. സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടക്കുന്നതിലൂടെ പള്ളികള്‍ സാത്വികോര്‍ജ്ജദായനികളായി മാറുന്നുണ്ടല്ലോ. ഇത് പ്രാര്‍ത്ഥനകളുടെയും കാര്യത്തില്‍ പ്രസക്തമാണ്. ഒരു പ്രാര്‍ത്ഥന അനേകം പേര്‍ അനേകം കാലങ്ങളായി എന്തുദ്ദേശത്തോടെ ആവര്‍ത്തിക്കപ്പെട്ടോ ആ ഊര്‍ജ്ജപ്രവാഹത്തില്‍ എത്തിച്ചേരാന്‍ ആ പ്രാര്‍ത്ഥന അതുപോലെ ഉരുവിട്ടാല്‍ മതി. ‘തമസ്സോ മാ ജ്യോതിർഗമയാ ....’ എന്നു തുടങ്ങുന്ന ശ്ലോകം ഉരുവിടുന്നവരെല്ലാം അത് ചൊല്ലിക്കൊണ്ടിരുന്ന സാത്വികരുടെ ഊര്‍ജ്ജഭാവത്തിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലും. പുതിയ പ്രാര്‍ഥനകള്‍ക്ക്, ഒരിക്കലും പഴയതിന്‍റെ ശൌര്യവും വീര്യവും കാണില്ല. പുതിയ അടയാളങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഇത് തന്നെയാണ് സ്ഥിതി. ഓം ഉരുവിടുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ലഭിക്കുന്നുണ്ടല്ലോ. മന്ത്രങ്ങള്‍ സൂഷ്മോര്‍ജ്ജതലത്തില്‍ മാത്രമല്ല പ്രവൃത്തിക്കുന്നത്. ഒരു പരന്ന ഗ്ലാസ്സിന്റെ പ്രതലത്തില്‍ പൂഴി മണല്‍ നിരത്തി 'ഓം' അനേകം പ്രാവശ്യം മന്ത്രിച്ചപ്പോള്‍ മണല്‍ 'ഓം'കാരത്തിന്‍റെ ആകൃതിയില്‍ മാറുന്നുവെന്നത് ഗവേഷകര്‍ പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടതാണ്. സത് മന്ത്രങ്ങളും ദുര്‍മന്ത്രങ്ങളും പ്രവൃത്തി ചെയ്യും, അത് സത്യമാണ്. 


PREVIOUS                NEXT

2 comments:

  1. സന്ദർശകർക്ക് സാത്വികൊര്ജ്ജം നൽകാനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവയായ എല്ലാ ആരാധനാലയങ്ങൾക്കും ഇപ്പോൾ അത് ചെയ്യാനാവുന്നുണ്ടോ ? "മലയാളം വാരിക" യിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ലേഖനം വന്നിരുന്നു. ജീവജാലങ്ങളുടെ ഊർജ്ജശരീരത്തെയും ഊർജ്ജ ത്തിന്റെ ഒഴുക്കിനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിവുള്ള ഒരാളായിരുന്നു അത് എഴുതിയത് . മിക്ക ആരാധനാലയങ്ങളും അവിടം സന്ദർശിക്കുന്നവരുടെ ഊര്ജ്ജം വലിച്ചെടുക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്.
    യൂറോപ്പിലെ പഴയപള്ളികളെല്ലാം തന്നെ നല്ല ലൊകെഷനുകളിലാണ്, ആയിരക്കണക്കിനു വർഷങ്ങൾ പ്രാർത്ഥനകൾ നടന്നിരുന്നു സ്ഥലങ്ങൾ കൈയ്യേറിയാണ് അവ നിർമ്മിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം . പാഗൻ ജനതയുടെ Holy wells കുരിശുനാട്ടി സഭ സ്വന്തമാക്കി . സ്വാതി കോര്ജ്ജം കൂടുതൽ അനുഭവപ്പെടുന്ന Thin places നെ പറ്റിയും ,Ley lines നെക്കുറിച്ചും Knights of Templar പോലെയുള്ള ക്രൈസ്തവവിഭാഗങ്ങൾക്ക്‌ അറിവുണ്ടായിരുന്നു .

    ReplyDelete
  2. അനൂപിന്‍റെ ചോദ്യം വളരെ അര്‍ത്ഥവത്താണ്. രണ്ട് ഊര്‍ജ്ജ മേഖലകള്‍ അടുത്തു വന്നാല്‍ ഊര്‍ജ്ജസ്ഥിതി രണ്ടും തുല്യമാകുന്നതു വരെ പുന:ക്രമീകരിക്കപ്പെടും. സാത്വികനായ ഒരാള്‍ തമസികരായ ആളുകളുമായി ഇടപഴകുമ്പോള്‍ അയാളുടെ സാത്വിക സ്ഥിതി അപരന്റെ ഊര്‍ജ്ജസ്ഥിതി യുമായി സമരസപ്പെടും. ഊര്‍ജ്ജച്യുതി അനുഭവിക്കുന്ന കെട്ടിടങ്ങള്‍ സന്ദര്‍ശകരുടെ ഊര്‍ജ്ജം വലിച്ചെടുക്കും. പഴയ കെട്ടിടങ്ങള്‍ താമസ യോഗ്യമല്ലെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്. രണ്ട് വ്യത്യസ്ഥ പോളാരിറ്റികളിലുള്ള കമ്പികള്‍ യോജിപ്പിച്ചാല്‍ സംഭവിക്കുന്നതെന്തോ അത് തന്നെയാണ് ഇവിടെയും സംഭവിക്കുക. ചില ആളുകളുടെ അടുത്തു നില്‍ക്കുമ്പോള്‍ ഒരു സുഖം തോന്നാറില്ലേ? അവരുടെ പക്കല്‍ നിന്നും സാത്വികൊര്‍ജ്ജം നമുക്ക് ലഭിക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്‌. ഒരാളുടെ അടുത്തോ ഒരു സ്ഥലത്തോ നില്‍ക്കുമ്പോള്‍ നമുക്ക് അസ്വസ്ഥത തോന്നുവെങ്കില്‍ ആ സാഹചര്യം ഒഴിവാക്കുക. അത് സൂചിപ്പിക്കുന്നത് നമ്മുടെ സൂഷ്മോര്‍ജ്ജം നഷ്ടപ്പെടുന്നുവേന്നാണ്. ഇത് അബോധ തലത്തില്‍ നടക്കുന്ന ഒരു പ്രവൃത്തിയാണ്‌. ഒരു രോഗിയുടെ അടുത്തു ഏറെ നേരം ആയിരിക്കുന്നവന്‍ ക്ഷിണിച്ചവശനായാവും മടങ്ങുക. കൊച്ചു കുട്ടികളെ അപരിചിതരുടെ അടുത്തു വിടാതിരിക്കുന്നതും ഇത് കൊണ്ട് തന്നെ. വ്യാപകമായി നടക്കുന്ന ഈ ഊര്‍ജ്ജ മോഷണത്തെപ്പറ്റിയും മറ്റൊരു അദ്ധ്യായത്തില്‍ എഴുതാം.

    ReplyDelete