Sunday, 13 July 2014

കണ്ണുകള്‍ മൂന്ന് – 8

ഒരിക്കല്‍ ഒരു ഗുരു തന്‍റെ ഒരു ശിക്ഷ്യന് ബോധജ്ഞാനം ഉണ്ടായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഇത് കേട്ട മറ്റൊരു ശിക്ഷ്യന്‍ ബോധജ്ഞാനം ഉണ്ടായിയെന്ന് പറയപ്പെടുന്നവനോട് ചോദിച്ചു, “ഇപ്പോള്‍ എങ്ങിനെയുണ്ട്?” ഉടന്‍ വന്നു മറുപടി, “പഴയതിലും പരിതാപകരം.” ആത്മവിശുദ്ധീകരണത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്നവരുടെ ഗതി ഇതാണ്. നാം അറിയുന്ന ഗുരുക്കന്മാരും സഹായികളുമൊക്കെ കുറച്ചു ദൂരം പോകാന്‍ നമ്മെ സഹായിച്ചേക്കും; തുടര്‍ന്നങ്ങോട്ട്, സത്യം സഞ്ചാരിയെ കൊണ്ടുപോകുന്നു. അവിടെ സഞ്ചാരി ഒറ്റക്കായിരിക്കും, അവന്‍റെ ഭൌതികഗതി വളരെ പരിതാപകരവുമായിരിക്കും. ഒറ്റക്കുള്ള യാത്ര നന്നായിരിക്കണമെന്നുണ്ടെങ്കില്‍ അത്തരമൊരു യാത്രക്ക് ഒരുവന്‍ തുടക്കം മുതലേ സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ തയ്യാറെടുത്തിരിക്കണം. ഒരു സത്യാന്വേഷി ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുതയാണിത്. സര്‍വ്വ അനുഷ്ടാനങ്ങളും, ആചാരങ്ങളും പ്രത്യയശാസ്ത്രങ്ങളും, നാം ആര്‍ജ്ജിക്കുന്ന അറിവുകളും, മനസ്സില്‍ സ്വരൂപിക്കുന്ന നിബന്ധനകളും മാര്‍ഗ്ഗരേഖകളുമെല്ലാം കുറെ ദൂരം മുന്നേറാനെ ആരെയും സഹായിക്കൂ.

സഹായ സംവിധാനങ്ങള്‍ക്ക് തന്നെ സ്വാഭാവികം കൃത്രിമം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലുണ്ട്‌. സ്വാഭാവിക മാധ്യമങ്ങള്‍ എന്തെന്നറിയാന്‍ ഒരു ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ വരെ ചെന്നാല്‍ മതി. വിളക്ക്, പ്രഭ, പുഷ്പം ഇവ കണ്ണിന്; വെടി പഞ്ചവാദ്യം, മണിനാദം, മന്ത്രധ്വനി ഇവയൊക്കെ ചെവിക്ക്; സുഗന്ധ ഇല/പുഷ്പം, ധൂമം ഇവ മൂക്കിന്; ത്രിമധുരവും തീര്‍ത്ഥവും പായസവുമൊക്കെ നാക്കിന്; കളഭവും ചന്ദനവും ഭസ്മവുമൊക്കെ ത്വക്കിന് - ഇങ്ങിനെ പഞ്ചേന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുമാറാണ് അവിടുത്തെ അനുഷ്ടാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മത ചടങ്ങുകളിലും ഇത്തരം ഒരു സമീപനം കാണാം. കല്യാണം, ഭാരതത്തില്‍ പഞ്ച വിവാഹമാണ്. മാലയിട്ട്, താലി കെട്ടി, പാണീഗ്രഹണം നടത്തി, പുടവ കൊടുത്തു, ശിരോധാരയോഴിച്ചാണ് ഹൈന്ദവ വിവാഹങ്ങള്‍ നടത്തപ്പെടുന്നത്. മാധ്യമങ്ങളെ പൊതുവേ Props and Koans എന്നു പറയാം.  ഞാനാരാണ്? തുടങ്ങിയ ചോദ്യങ്ങളും ആശയങ്ങളും ഉള്ളിലേക്ക് കടത്തി മനസ്സിനെ ചലിപ്പിക്കുന്നവ Koans (പ്രസംഗങ്ങള്‍, സൂചനാസ്പദ ധ്യാനങ്ങള്‍), പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്നവ Props (വെളിച്ചം, ശബ്ദം, ധൂമം മുതലായവ). ഇവയെല്ലാം ഒത്തു ചേരുമ്പോള്‍ ഒരു സ്വീകര്‍ത്താവിന് ലഭിക്കുന്ന അനുഭൂതി ഒരു കഞ്ചാവ് ബീഡി വലിക്കുന്നവന്‍റെതിനോട് സമമായിരിക്കാം. കഞ്ചാവ് ബീഡി ഇവിടെ കൃത്രിമ മാധ്യമമാണ്. കഞ്ചാവ് ബീഡിയുമായി എത്രദൂരം ഒരുവന്‍ പോകും? മാധ്യമങ്ങള്‍ക്ക് ഒരുവനെ കൊണ്ടു പോകാവുന്നതിനു പരിധിയുണ്ട്. മാധ്യമങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തുടക്കം മുതല്‍ മുന്നേറുന്നവനാകട്ടെ, അവസാനം വരെ പോകാനുള്ള കെല്‍പ്പുമുണ്ടായിരിക്കും. അവിടെയാണ് നിശ്ശബ്ദതയുടെ മികവ്!

ആരാധനാലയത്തില്‍ പോയി തൊഴുതു മടങ്ങുന്നവനു ലഭിക്കാവുന്ന തരം ഒരു ഉന്മാദം ലഹരി ഉപയോഗിക്കുന്നവനും കിട്ടും. ആ വസ്തുതയാണ് മനുഷ്യനെ ലഹരിയുടെ അടിമകളാക്കുന്നത്. അസ്തിത്വത്തിന്‍റെ ജീവകേന്ദ്രം കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്തണം എന്നതാണ് ആഗ്രഹമെങ്കില്‍ ലൌകിക വസ്തുക്കളോടും പെരുമയോടുമൊക്കെയുള്ള നമ്മുടെ ബന്ധം വിശ്ചേദിക്കേണ്ടതുണ്ട്, ഒപ്പം വിശ്വാസ സംഹിതകളെയും ഉപേക്ഷിച്ചേ തീരൂ. ഇതൊക്കെ ഭാരമില്ലാത്ത വെറും സൂഷ്മ സ്ഥിതികളാണെന്നു കരുതി അവഗണിക്കരുത്. നാമ-രൂപ-വസ്തു ബന്ധങ്ങള്‍ അസ്തിത്വത്തില്‍ നിന്ന് മുറിച്ചു മാറ്റിയാല്‍ ശരീരത്തിന്‍റെ ഭാരം നന്നെ കുറയും. അങ്ങിനെ, ഭാരരഹിത ശരീരാനുഭവത്തില്‍ (levitation) വരെ എത്താം. ഭൂമിയില്‍ കാലുകള്‍ ഉറപ്പിക്കാന്‍ വിഷമിച്ച അനേകം വിശുദ്ധരുടെ കഥകള്‍ ഉണ്ട്. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍, യേശു കടലിനു മീതെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

മാര്‍ഗ്ഗം എന്തായാലും ജീവാത്മാവിന്‍റെ കേന്ദ്രം മുകളിലേക്കല്‍പ്പം നീങ്ങിയാല്‍  നാം പലതും ഗ്രഹിക്കും. കാണുന്നതൊന്നും പുറം കണ്ണുകള്‍ക്കൊണ്ടായിരിക്കില്ല. ഇങ്ങിനെ കാണുന്നതും അറിയുന്നതും ആറാം ഇന്ദ്രിയം കൊണ്ടാണെന്ന് ശാസ്ത്രം പറയുന്നു. ഇത്തരം പ്രതിഭാസങ്ങളെയാണ് ടെലിപ്പതി, ടെലികൈനോസിസ് എന്നൊക്കെ പറയുന്നത്. സാധാരണ ജീവിതത്തിലാണെങ്കിലും പലര്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. ഒരു വിരുന്നുകാരന്‍ വരാന്‍ പോകുന്നുവെന്ന് വീട്ടമ്മക്ക് തോന്നുന്നതും, ഒരാള്‍ മരണപ്പെടുന്ന നിമിഷം ചില സൂചനകള്‍ ചിലര്‍ക്ക് ലഭിക്കുന്നതുമൊക്കെ ഊര്‍ജ്ജശരീരത്തിന്‍റെ ഈ പ്രവര്‍ത്തനം മൂലമാണ്. മനസ്സ് ബോധതലത്തില്‍ നിന്നും ഉപബോധമനസ്സിലേക്ക് അല്‍പ്പം മാറിയാല്‍ ഈ ആറാം ഇന്ദ്രിയം നമുക്ക് അനുഭവേദ്യമാകാം. വിശ്വാസികളുടെ കൂട്ടായ ബഹളാധിഷ്ടിത അനുഷ്ടാനങ്ങള്‍ക്കും ഇങ്ങിനെ ഒരു psychedelic അനുഭവം താത്കാലികമായി സൃഷ്ടിക്കാന്‍ കഴിയും, മാനസ്സിക-ശാരീരിക രോഗശാന്തി അനുഭവങ്ങള്‍ക്കു വരെ ഇത് കാരണമായെന്നുമിരിക്കും. ശരിയായ വളര്‍ച്ചയിലേക്ക് ലക്‌ഷ്യം വെയ്ക്കുന്നവന്‍ പുറംകോശങ്ങളുടെ ആരോഗ്യമല്ല ലക്ഷ്യമാക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹൻസരെ അദ്ദേഹത്തിന്‍റെ ശാരീരികപ്രശ്നങ്ങള്‍ കൂടെയുള്ളവര്‍ ഓര്‍മ്മിപ്പിക്കേണ്ടി വന്നുവെന്നു കേട്ടിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ പറ്റാത്ത സൂഷ്മമേഖല മനുഷ്യനായി ജനിച്ച എല്ലാവര്‍ക്കും പ്രാപ്യമാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഒരു സദ്‌ഗുരു പറയുന്ന വാക്കുകള്‍ക്കൊണ്ട് ഉദ്ദേശിക്കുന്നത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ആ വാക്കുകളുടെ സൂഷ്മശരീരം കാണേണ്ടതുണ്ട്. ആ വാക്കുകളുടെ പ്രസക്തിയും വ്യാകരണവും വിശകലനം ചെയ്തുകൊണ്ട് ജീവിതം പോക്കുന്ന ശിക്ഷ്യനെ വിഡ്ഢി എന്നല്ലാതെ എന്താ വിളിക്കുക? യേശുവിന്‍റെ വചനങ്ങള്‍ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ആദ്യം യേശുവിന്‍റെ അരൂപശരീരവുമായി  ലയവത്കരിക്കപ്പെടണം. ഗുരു ജീവിച്ചിരിക്കുന്നോ ഉയര്‍ത്തോ എന്നുള്ളതല്ല പ്രശ്നം. അന്തര്‍ജ്ഞാന ചക്ഷുസ്സ് പ്രകാശിപ്പിച്ച് ആത്മജ്ഞാനിയാകുവാന്‍ ബാഹ്യ ഇന്ദ്രിയങ്ങള്‍ നിശ്ചലമാക്കേണ്ടതുണ്ട്. ബാഹ്യമായും ആന്തരികമായും ഉള്ള നിശ്ശബ്ദതയിലൂടെ സാവധാനം ഉള്ളിലേക്ക് പോവുന്ന ധ്യാനങ്ങള്‍ ഓരോ ഇന്ദ്രിയങ്ങളുടെയും സൂഷ്മതലത്തിലേക്ക് കടക്കാന്‍ ഏതൊരുവനെയും സഹായിക്കും. അന്തര്‍ജ്ഞാനത്തെ ഉദ്ദീപിപ്പി-ക്കുന്ന ഒരു കേന്ദ്രം ഭൌതിക ശരീരത്തിലുണ്ട്, പുരികങ്ങളുടെ മദ്ധ്യേയായി. ഉത്തരം കിട്ടാതെ വിഷമിക്കുന്ന അവസരങ്ങളില്‍ അറിയാതെ പുരികം ചൊറിഞ്ഞിട്ടില്ലാത്തവര്‍ ചുരുക്കം.

ഇത്തരം സൂഷ്മസത്യങ്ങള്‍, പ്രസ്ഥാനവത്കരിക്കപ്പെട്ട മതങ്ങളെല്ലാം അനുയായികളില്‍ നിന്ന് മറയ്കുന്നു. വ്യക്തിക്ക് ആത്മജ്ഞാനം നേടാനുള്ള വഴി കാട്ടിക്കൊടുത്താല്‍ പ്രസ്ഥാനം എങ്ങിനെ നിലനില്‍ക്കും? മതം പ്രസ്ഥാനമായാല്‍ ഭാരമാവുകയേയുള്ളൂവെന്ന് മുന്നേ കണ്ട ഭാരതീയ ആചാര്യന്മാര്‍, മതത്തെ ഒരു ജീവിതചര്യയായി മാത്രമേ വിഭാവനം ചെയ്തതുള്ളൂ; ഹിന്ദു എന്ന പദം, ഒരു മതത്തെയല്ല സൂചിപ്പിക്കുന്നതും. ക്രൈസ്തവര്‍ എന്ന് മതമായി മാറിയോ അന്ന് മുതല്‍ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നതിലും തെറ്റ് വരുത്തിക്കൊണ്ടിരുന്നു. വി. മത്തായിയുടെ സുവിശേഷം (6:22) ശ്രദ്ധിക്കുക.  “The light of the body is the eye: If therefore thine eye be single, thy whole body shall be full of light.” (Bible - King James version). ഈ വചനം നിരവധി  കൈകളിലൂടെ ചുറ്റിത്തിരിഞ്ഞ് മലയാളത്തില്‍ എത്തിയപ്പോള്‍ ഇങ്ങിനെയായി: “കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും” (KCBC Bible Commission version). ഇവിടെ, ഉൾക്കണ്ണൂകൾ പ്രകാശിപ്പിക്കുന്നതിനെപ്പറ്റി യേശു പറഞ്ഞു, മറ്റെന്തിനെയോപ്പറ്റി KCBC യും പറയുന്നു. ഇസ്ലാമിലും ഈ പ്രതിഭാസം കാണാം.

ചുറ്റുപാടുകളില്‍ നിന്നുള്ള അറിവുകള്‍ ഗ്രഹിക്കുകയും അതിനനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഒരുവന്‍ പറയുന്നതിനു  മുമ്പേ പറയാന്‍ ഉദ്ദേശിക്കുന്നത് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടോ? ഉള്‍ക്കണ്ണുകൾ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന സമ്പ്രദായം ബുദ്ധമതക്കാരുടെ ഇടയില്‍ ഉണ്ടായിരുന്നു. ഈ ദര്‍ശനവരവുംകൂടി ഉള്ള പണ്ഡിതരായിരുന്നു ആദ്യകാല ജ്യോതിഷികള്‍. സമ്പര്‍ക്കശേഷി ആര്‍ജ്ജിച്ച ഊര്‍ജ്ജശരീരങ്ങള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സംസാരം വളരെ പതിയെ ആയിരിക്കും. ഉച്ചസ്വരത്തില്‍ സംസാരിക്കുന്നവര്‍ മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശേഷി തീരെ കുറഞ്ഞവര്‍ ആയിരിക്കാനാണ് സാദ്ധ്യത.

PREVIOUS              NEXT

No comments:

Post a Comment