Tuesday, 22 July 2014

ചിന്തകളുടെ ലോകം - 16

ഒരു സാധാരണ മനുഷ്യന്‍ ദിവസവും അറുപതിനായിരത്തോളം ചിന്തകളും പതിനായിരത്തോളം വാക്കുകളും കൈകാര്യം ചെയ്യുന്നുവെന്നാണ് ഇതേപ്പറ്റിയുള്ള പഠനങ്ങള്‍ പറയുന്നത് - ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വാക്കുകളും അസ്ഥാനത്താണ് പ്രയോഗിക്കപ്പെടുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിന്തകളുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സ്ഥിതി. നാമാര്‍ജ്ജിക്കുന്ന സൂഷ്മോര്‍ജ്ജത്തിന്‍റെ 80% വും തലയാണ് ചിലവിടുന്നത്; അതാകട്ടെ, കൂടുതലും വൃഥാ ചിന്തിക്കാനും സംസാരിക്കാനുമായാണെന്നറിയുമ്പോള്‍ ഒരു വിഷമം തോന്നുന്നുണ്ടാവും. ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനാണ് എല്ലാ അര്‍ത്ഥത്തിലുമുള്ള പഞ്ചേന്ദ്രിയങ്ങളുടെ ബന്ധനം ആചാര്യന്മാര്‍ ഇഷ്ടപ്പെട്ടിരുന്നത്. സൃഷ്ടിയുടെ പടവുകളാണ് ചിന്ത, വാക്ക്, ക്രിയ. ഇതില്‍ ആദ്യത്തെ രണ്ടു നടപടികളിലും പിഴച്ചാല്‍ സൃഷ്ടി വികലമായിരിക്കും എന്നത് അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ? ആ അര്‍ത്ഥത്തില്‍, ആവശ്യമില്ലാത്ത ചിന്തകളും വാക്കുകളും ദോഷം ചെയ്യുമെന്ന് കാണണം. അതായത്, നമ്മുടെ ഭാവി തകര്‍ക്കുന്നത് നാം തന്നെയാണെന്നത് നാം കാണുന്നില്ല. “നീ തന്നെയാണ് നിന്‍റെ നാഥന്‍, നീ തന്നെ നിന്‍റെ ഭാവിയും നിശ്ചയിക്കുന്നു” വെന്നാണ് ബുദ്ധിസ്റ്റ് പ്രമാണം. ഇവിടെയാണ്‌, ഒരു വ്യക്തി തത്വസംഹിതകളും പ്രസ്ഥാനങ്ങളുമായി ഇടയുന്നത്‌. മതങ്ങള്‍ പറയുന്നു, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ചിന്തിക്കാമെന്ന്. മടിയന്‍ പറയുന്നു, കൊള്ളാം നല്ല കാര്യം, കൂലി ഞങ്ങള്‍ തന്നുകൊള്ളാമെന്ന്. ആരെയെങ്കിലും മേലധികാരിയായിക്കണ്ട് അനുസരിക്കുന്നതിനു കുഴപ്പമൊന്നുമില്ല, നല്ലതു തന്നെ. പക്ഷേ, മനുഷ്യനു ദൈവം സാമാന്യബുദ്ധി കൊടുത്തിരിക്കുന്നത് വിവേകത്തോടെ പ്രയോജനപ്പെടുത്താനാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.  

വാക്കുകള്‍ ഊര്‍ജ്ജ തരംഗങ്ങളാണെന്ന് നമുക്കറിയാം. ചിന്തകളും അങ്ങിനെ തന്നെ - നഗ്നനേത്രങ്ങൾക്കൊണ്ട് നമുക്ക് കാണാനാവില്ലായെന്നേയുള്ളൂ. പക്ഷെ, ചിന്തകളുടെ ശക്തിയും സ്വഭാവവുമെല്ലാം രേഖപ്പെടുത്തുന്ന ഉപകരണങ്ങള്‍ നമുക്കിന്നുണ്ട്. ചിന്തകള്‍ക്ക് രൂപവും നിറവും ഭാരവും പിണ്ഡവും ഗുണവും ശക്തിയും എല്ലാം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആത്മീയ ചിന്തകളുടെ നിറം മഞ്ഞയും സ്വാര്‍ഥതയുടെ നിറം ഇളം തവിട്ടയും ആണെന്ന് കരുതപ്പെടുന്നു. ചില നിറങ്ങളോടുള്ള നമ്മുടെ ആസക്തി ചിന്താസരണിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ഒരേ രീതിയില്‍ ചിന്തകളെയും പരുവപ്പെടുത്തുകയാണ് യൂണിഫോമുകളുടെ ലക്‌ഷ്യം. അതേസമയം, ഒരു പ്രത്യേക നിറവുമായി ബന്ധപ്പെട്ട ഊര്‍ജ്ജചക്രാകളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്യാസിമാര്‍ കാവിവസ്ത്രം ധരിക്കുന്നത്. വെള്ളയുടെ ലക്ഷ്യവും മറ്റൊന്നല്ല, ഫലം അല്‍പ്പം വ്യത്യാസമുണ്ടെങ്കിലും. റക്ഷ്യന്‍ ശാസ്ത്രജ്ഞനായ ഫെയ്ദെവ്, ചിന്തകള്‍ക്കനുസരിച്ച് മനോശരീരത്തിലെ ആറ്റമുകള്‍ പുന:ക്രമീകരിക്കപ്പെടുന്നുവെന്നും തത്തുല്യമായ അനുരണനങ്ങള്‍ ഭൌതിക ശരീരത്തില്‍ സംഭവിക്കുമെന്നും തെളിയിച്ചു. ചിന്തകളുടെ ശരീരത്തിലുണ്ടാകുന്ന ഫലങ്ങളെപ്പറ്റി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍, നിയന്ത്രിത സാഹചര്യത്തില്‍ കായിക പരിശീലനം നടത്തിയ ആളുകളില്‍ 33% പേര്‍ക്ക് പേശീവളര്‍ച്ച സംഭവിച്ചുവെന്നു രേഖപ്പെടുത്തിയപ്പോള്‍, കായിക പരിശീലനം നടത്തുന്നതായി ചിന്തിക്കുക മാത്രം ചെയ്ത രണ്ടാമത് വിഭാഗത്തിലെ 18% ആളുകളിലും അതേ തോതിലുള്ള പേശീവളര്‍ച്ച കാണാനായി. സൈക്കോ-ന്യുറോ-ഇമ്മ്യുണോളജി പറയുന്നത് എല്ലാ ചിന്തകളും എന്‍ഡോക്രൈന്‍ ഗ്ലാന്റുകളെ സ്വാധീനിക്കുന്നുവെന്നാണ്.

പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെ സംബന്ധിച്ചിട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നു. എങ്കിലും, ചിന്ത-വാക്ക്-പ്രവൃത്തി (ചിന്ത-വചനം-മാംസം) ഈ പടികളുടെ പ്രസക്തി ആരും ചോദ്യം ചെയ്യുന്നില്ല. സൃഷ്ടി പൂര്‍ണ്ണമായിട്ടില്ലെന്നും പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും നമുക്കറിയാമല്ലോ. ഒരു മനുഷ്യന്‍റെ ചിന്തകള്‍ക്കുള്ള സൃഷ്ടിക്കാനുള്ള ശേഷിയും മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്, അളന്നിട്ടുമുണ്ട്. ചിന്തകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ചാള്‍സ് ലെഡ്ബീറ്റര്‍ എന്ന ഗവേഷകന്‍ പരിചയപ്പെടുത്തുന്ന എലമെന്റല്‍ സിദ്ധാന്തം മനസ്സിലാക്കിയാല്‍ മതി. അദ്ദേഹം പറയുന്നത് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുള്ള ബോധത്തിന്‍റെ പല അടുക്കുകളില്‍ ഉപബോധമനസ്സിന്‍റെ തലങ്ങളാണ് ഒരു ലക്‌ഷ്യം വിക്ഷേപിക്കാന്‍ പറ്റിയ വിക്ഷേപണത്തറകള്‍ എന്നാണ്. അതായത്, ഒരു ലക്‌ഷ്യം സൃഷ്ടിക്കാന്‍ ബോധമനസ്സിനെക്കാള്‍ ശക്തി ഉപബോധമനസ്സിനാണ് എന്നര്‍ത്ഥം. ബോധമനസ്സില്‍ നിന്നും ഉപബോധമനസ്സിലേക്ക് മനുഷ്യന്‍ വഴുതുന്ന സന്ധ്യക്കും, ഉപബോധമനസ്സിന്‍റെ പിടിയില്‍ നിന്നും സാവധാനം ഉണരുന്ന പ്രഭാതത്തിലും ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ക്ക് ബലം കൂടും. ഇതുപോലെ, ബോധമനസ്സ് മയങ്ങുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്ന തന്ത്രങ്ങള്‍ക്ക് കഴിയും. പക്ഷെ, ഇവ കൃത്രിമമായതുകൊണ്ട് നിയന്ത്രിത സാഹചര്യങ്ങളിലെ പ്രയോജനപ്പെടൂ.   

ഒരു ഇശ്ചയെ (ലക്‌ഷ്യം) ചാള്‍സ് ലെഡ്ബീറ്റര്‍ ഒരു എലമെന്റലായി പരിചയപ്പെടുത്തുന്നു. ഈ എലമെന്റലിലുള്ള ഇശ്ചയാണ് പിന്നിട് സ്വയം പ്രവര്‍ത്തിച്ചു ക്രിയയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വരൂപിക്കുന്ന എലമെന്റലിന്റെ ശക്തി വ്യത്യസ്തമായിരിക്കും. ശക്തനായ ഒരാചാര്യന്‍റെ ഇശ്ച അപ്പോള്‍ തന്നെ ക്രിയയാകാന്‍ മാത്രം ശക്തിയുള്ളതാവാം - ശാപവും ഒരിശ്ച തന്നെ.  ഗുരുക്കന്മാര്‍ക്ക് ഒരു എലമെന്റിന്റെ ശക്തി ബഹുമടങ്ങ്‌ കൂട്ടാന്‍ ശേഷിയുണ്ട്. അതുകൊണ്ടാണ് ഗുരുവിന്‍റെ അനുഗ്രഹത്തിനു നാം ഇത്രമേല്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരാള്‍ സ്ഥാപിച്ച ഇശ്ചയുടെ ശേഷി നിര്‍വ്വിര്യമാക്കാന്‍ വിരുദ്ധ ചിന്തകള്‍ക്ക് കഴിയും. കഴിയുന്നതും ശാപവാക്കുകള്‍ ഏക്കാതിരിക്കാനും ഇശ്ചകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കഴിഞ്ഞാലെ മനോഹരമായ ഒരു സൃഷ്ടിയും സാദ്ധ്യമാകൂ. ഒരേ ഇശ്ച വീണ്ടും നമ്മള്‍ രൂപീകരിക്കുമ്പോള്‍ എലമെന്റലിന്റെ ശക്തിയും രണ്ടാകും. പലപ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ എലമെന്റലിന്റെ ശക്തി ആനുപാതികമായി കൂടിക്കൊണ്ടിരിക്കും. പലർകൂടി ആവര്‍ത്തിച്ചാലും ഇതു തന്നെ സ്ഥിതി. സമൂഹപ്രാര്‍ഥനകള്‍ ഒരു നല്ലയുദാഹരണമാണ്. ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ പരമാവധി ആളുകളെ പങ്കെടുപ്പിച്ചു സന്തോഷിപ്പിക്കുന്നതിന് പിന്നിലുള്ള രഹസ്യവും ഇതു തന്നെ. ഒരു നിശ്ചിത ശക്തി ഈ എലമെന്റലിനു കിട്ടുമ്പോള്‍ അത് സ്വയം ഉചിതമായി പ്രവര്‍ത്തിക്കുന്നു; അപ്പോള്‍, ഒരാള്‍ രൂപീകരിച്ച ഇശ്ച യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. എല്ലാ സൃഷ്ടിയുടെയും പ്രവര്‍ത്തനരീതി ഇതാണ്.

ഇവിടെ അല്‍പ്പം വിശദീകരണം കൂടി ആവശ്യമുണ്ട്. നല്ലയൊരു ഭാവിക്ക് കൃത്യമായതും വ്യക്തമായതുമായ ഒരു എലമെന്റൽ രൂപീകരിക്കപ്പെടണം. ഇതാണ്, നിങ്ങള്‍ ആരായിത്തിരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടികളായിരിക്കുമ്പോഴേ അദ്ധ്യാപകര്‍ നമ്മോടു ചോദിക്കുന്നത്. ആ ലക്ഷ്യം, ഓരോ പ്രാവശ്യം മനസ്സില്‍ കാണുമ്പോഴും ആ എലമെന്റലിന്‍റെ ശക്തിയും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങിനെ എലമെന്റലിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കുന്നതിലും കാര്യമില്ല. ഇതാണ് അതിന്‍റെ അര്‍ത്ഥം എന്ന് പ്രപഞ്ചത്തിനു (ഈശ്വരന്) മനസ്സിലായാലെ പ്രവൃത്തി സംഭവിക്കുന്നുള്ളൂ, കാരണം പ്രവൃത്തിക്കേണ്ടത് ഇശ്വരനാണല്ലോ. എലമെന്റലിന്റെ കാതല്‍ എന്താണെന്ന് ഈശ്വരൻ മനസ്സിലാക്കുന്നത് അത് നമ്മള്‍ പറയുമ്പോഴും അതിനു വേണ്ടി നമ്മള്‍ ഒരുങ്ങുമ്പോഴുമാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു കുട്ടിയുടെ ആഗ്രഹം ഒരു ഡോക്ടറാവണം എന്നാണെങ്കില്‍ ഡോക്ടര്‍ ആയാല്‍ എങ്ങിനെയോ അതിനനുസരിച്ച് ആ കുട്ടി പെരുമാറുകയും പ്രവൃത്തിക്കുകയും വേണം. ഒരു സ്യുട്ട് വാങ്ങാന്‍ വേണ്ടി കുടുക്കയില്‍ സ്ഥിരം പണം ഇടുക, കൺസൾട്ടേഷന്  സൌകര്യമുള്ള മുറി വീട്ടില്‍ ഒരുക്കുക തുടങ്ങിയതുപോലുള്ള കാര്യങ്ങള്‍ ഈ കുട്ടി ചെയ്യുകയും അതിനായി എല്ലാ സാഹചര്യങ്ങളും ക്രമപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈശ്വരന് കാര്യം പിടികിട്ടും. ചോദിക്കുന്നവരോടെല്ലാം ഞാന്‍ ഡോക്ടര്‍ ആവാനാണ് പഠിക്കുന്നതെന്നു പറയുമ്പോഴും കാര്യം പിടികിട്ടും. ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ഈ ലക്‌ഷ്യം പ്രപഞ്ചത്തെ അറിയിക്കുന്നോ അത്രയും നല്ല രീതിയില്‍ കാര്യം സാധിക്കപ്പെടുകയും ചെയ്യും. ഇവിടെ, സംശയത്തിന്‍റെ അംശങ്ങള്‍ എവിടെയെങ്കിലും വന്നാല്‍ ഫലത്തിലും വൈകല്യങ്ങളും തടസ്സങ്ങളും അനുഭവപ്പെടും. ചുരുക്കത്തില്‍, ഒരു ഡോക്ടറാവാന്‍ ആഗ്രഹിക്കുന്നവന്‍ ഡോക്ടറായാല്‍ എങ്ങിനെയോ അങ്ങിനെ തന്നെ ജീവിതം ചിട്ടപ്പെടുത്തണമെന്ന് മാത്രമല്ല, മറിച്ചുള്ള ചിന്തകള്‍ ഉത്തേജിപ്പിക്കാനും പാടില്ല. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥന എന്നു പറയുന്നത് ഉദ്ദേശിക്കുന്ന കാര്യം സാധിച്ചു എന്ന വിചാരത്തോടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയുകയാണ്‌.

ഇതിനൊക്കെ വെറും വിശ്വാസം പോരാ, Belief ന്‍റെയും faith ന്‍റെയും തലം കടന്ന് trust എന്ന് പറയുന്ന തലത്തില്‍ എത്തിച്ചേരണം. ഇവിടെ മനുഷ്യന്‍ യാതൊന്നും ചെയ്യുന്നില്ല, എല്ലാം പ്രപഞ്ചം കൃത്യസമയത്ത് ഭംഗിയായി ചെയ്തിരിക്കും എന്നു നാം അറിഞ്ഞിരിക്കുകയും ചെയ്യും. അലസതയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞത്; ഒരുവന്‍ അവനെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം തുടരുകയും വേണം. ഓരോന്നും എന്തിനാണ് സംഭവിക്കുന്നതെന്ന് ഇവിടെ ആരും ചിന്തിക്കുകയുമില്ല, ഒന്നിനെയും യുക്തികൊണ്ട് ബന്ധിപ്പിക്കുകയുമില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് കണ്ടുള്ള ഒരു ജീവിതം trust ല്‍ മാത്രമേ സംഭവിക്കൂ. ഇതിലേക്ക് വരാന്‍ നമ്മെ സഹായിക്കാത്ത മുഴുവന്‍ തത്ത്വസംഹിതകളും മനുഷ്യനു ദ്രോഹം ചെയ്യും, ഒരു സംശയവും വേണ്ട. പോസിറ്റിവ് തിങ്കിംഗ് എന്ന് പറയുന്നത് ശാസ്ത്രീയമാണെങ്കിലും കാതലിതുതന്നെ. പ്രപഞ്ചത്തിന്‍റെ ശക്തിയെപ്പറ്റി സംശയിക്കുന്നവരാണ് അല്‍പ്പം മുന്നിലേക്ക്‌ മാത്രം നീളുന്ന പരിമിതമായ യുക്തിയെ ആശ്രയിക്കുന്നത്. 

പ്രപഞ്ചം ആര്‍ക്കെന്തെങ്കിലും നല്‍കുന്നുവെങ്കില്‍ അത് സമൃദ്ധമായിട്ടാണെന്ന് കാണാന്‍ നാം വിഷമിക്കുന്നു. ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഉപയോഗിച്ച് തീര്‍ക്കാന്‍ നമുക്കാവില്ലെന്ന് ഓരോരുത്തരും അറിയുകയും ചെയ്യുന്നുവെന്നതാണ് വൈരുദ്ധ്യം. ഇവിടെ, ഓരോ കണികയും പ്രപഞ്ചത്തിന്‍റെ ഉള്ളം കൈയ്യിലാണെന്ന് ഓരോന്നിനും തോന്നത്തക്ക രീതിയിലാണ് പ്രപഞ്ചം ആയിരിക്കുന്നത്. ഇതാണ് ഏറ്റവും വലിയ അത്ഭുതവും. സ്ഥാപിച്ചിരിക്കുന്ന ലക്‌ഷ്യം പതറിപ്പോകാന്‍ പിന്നെയുമുണ്ട് കാരണങ്ങള്‍. ഞാനത് അര്‍ഹിക്കുന്നില്ലെന്ന ചിന്ത, എനിക്കതിനു ശേഷിയില്ലെന്ന ചിന്ത, എനിക്കത് കിട്ടുകയില്ലെന്ന ചിന്ത, സാങ്കേതിക ബുദ്ധിമുട്ടുകള്‍ എങ്ങിനെ പരിഹരിക്കുമെന്നുള്ള ചിന്ത, വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്ത ... അങ്ങിനെ പലതും. ഇതൊക്കെ ലക്ഷ്യത്തെയും വികലമാക്കും. ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള ശേഷി പ്രപഞ്ചത്തിനുണ്ടെന്ന് വിശ്വസിക്കണമെങ്കിലും ഓരോരുത്തരും വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കണമെങ്കിലും trust അത്യാവശ്യമാണ്. ഈ trust  ൽ ഒന്നിനേപ്പറ്റിയും ലവലേശം പോലും സംശയങ്ങൾ ആർക്കും കാണില്ല. 

PREVIOUS                            NEXT

No comments:

Post a Comment