Thursday, 17 July 2014

ചക്രാകള്‍ - 12

അചിന്തനീയമായ വിധത്തിലും എണ്ണത്തിലും തരത്തിലുമുള്ള കോടാനുകോടി ഊര്‍ജ്ജരശ്മികള്‍ തലങ്ങും വിലങ്ങും പായുന്ന ഒരു വന്‍കടലാണ് ഓരോരുത്തരുടേയും ഊര്‍ജ്ജശരീരമെന്നു മനസ്സിലാക്കുമ്പോള്‍തന്നെ, ആരുടെ മനസ്സാണ് അത്ഭുതപ്പെടാത്തത്? അത്ഭുതങ്ങളൊരിക്കലും അവസാനിക്കുന്നില്ല. ഈ ഊര്‍ജ്ജരശ്മികള്‍ ആകർഷിക്കപ്പെടുന്നതിന്‍റെയും വികർഷിക്കപ്പെടുന്നതിന്‍റെയും ഫലമായി അനേകമനേകം ചുഴികള്‍ ഊര്‍ജ്ജശരീരത്തില്‍ രൂപപ്പെടും.  ഏറ്റവും കൂടുതൽ ഊർജ്ജരശ്മികൾ പ്രതിപ്രവൃത്തിക്കുന്നിടങ്ങളിൽ കൂടുതല്‍ ശക്തിയേറിയ ചുഴികള്‍ രൂപപ്പെടും. അവയെപ്പറ്റിക്കൂടി പരാമര്‍ശിക്കാതെ ഊര്‍ജ്ജ ശരീരത്തെപ്പറ്റിയുള്ള പഠനം പൂര്‍ത്തിയാവുന്നില്ല. ഈ ചുഴികളാണ് ശരീരത്തെ ഊര്‍ജ്ജചാലകങ്ങളാക്കി മാറ്റുന്നത്. ഒരു ബള്‍ബിന്‍റെ ഫിലമെന്റ്റ് കത്തണമെങ്കില്‍ അതിലൂടെ വൈദ്യുതി പ്രവഹിക്കണം. മനുഷ്യശരീരത്തില്‍ ജീവനും ബോധവും നിലനില്‍ക്കണമെങ്കിലും അതിലൂടെ സൂഷ്മോര്‍ജ്ജം അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കണം. ഊര്‍ജ്ജത്തെ സ്വീകരിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുകയെന്ന ദൌത്യം നിര്‍വ്വഹിക്കുന്നത് ഈ ഊർജ്ജച്ചുഴികളാണ്. ഊര്‍ജ്ജരശ്മികള്‍ കാരണമായ ചുഴികള്‍ക്ക് ഊര്‍ജ്ജത്തെ സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങളുണ്ട്. ഇവയെയാണ് ചക്രാകൾ എന്ന സംസ്കൃത പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യന്‍റെ  നിലനില്‍പ്പിന് സ്ഥൂലോര്‍ജ്ജവും വേണം സൂഷ്മോര്‍ജ്ജവും വേണം - ശരീരത്തിനും മനസ്സിനും. സ്ഥൂലോർജ്ജം ശരീരത്തിനും സൂഷ്മോർജ്ജം ആത്മാവിനും (മനസ്സിന്‍റെ തലങ്ങള്‍) കിട്ടിയേതീരൂ. സൂഷ്മോര്‍ജ്ജമാണ് സമൃദ്ധമായി ലഭിക്കുന്നതെങ്കില്‍ അവയില്‍ നിന്ന് സ്ഥൂലോര്‍ജ്ജം വേര്‍തിരിച്ചെടുത്ത് ശരീരത്തിനു നല്‍കാന്‍ ചക്രാകള്‍ക്ക് കഴിയും; ഭക്ഷണത്തില്‍ നിന്ന് സാത്വികാംശം വേര്‍തിരിച്ചെടുത്ത് ആത്മാവിനു നല്‍കാനും ചക്രാകള്‍ക്ക് ശേഷിയുണ്ട്. സാത്വിക ഭക്ഷണം മാത്രം കഴിക്കുന്ന വ്യക്തികള്‍ ന്യായമായും സത്സ്വഭാവികളായിരിക്കും; ഇനി സൂഷ്മോര്‍ജ്ജം സമൃദ്ധമായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളോ, അവര്‍ക്ക് സ്ഥൂലഭക്ഷണം ആവശ്യമായെന്നുമിരിക്കില്ല. ചക്രാകളില്‍ നിന്ന് നാഡികളിലൂടെ നേര്‍വസ് സിസ്റ്റത്തിലേക്കും അവിടെനിന്ന് എന്റോക്രൈന്‍ സിസ്റ്റത്തിലേക്കും തുടര്‍ന്ന് രക്തത്തിലേക്കും, അങ്ങിനെയാണ് ഊര്‍ജ്ജ കൈമാറ്റം നടക്കുന്നത്. ഖരഭക്ഷണം കഴിക്കാതെ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞ ഏറെപ്പേര്‍ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. സദ്‌ഗുരുക്കന്മാർ ഭക്ഷണപ്രിയരായിരുന്നിട്ടുമില്ല, ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്ക് നല്ല നായകരാവാനും സാധിക്കില്ല. ജീവിക്കാന്‍ ഭക്ഷണമായി വചനവും വേണമെന്ന് യേശു പറഞ്ഞത് ഓർമ്മിക്കുക. ‘അന്നന്ന് വേണ്ടയപ്പം ഞങ്ങള്‍ക്കെന്നും തരേണമേ’ യെന്നു പ്രാര്‍ഥിക്കാനാവശ്യപ്പെട്ടപ്പോള്‍ യേശു ഉദ്ദേശിച്ചത്, ഈ സൂഷ്മോര്‍ജ്ജത്തെ ആവാനാണ് വഴി. എന്‍റെ ശരീരം എന്നതുകൊണ്ട് ഉദ്ദേശിച്ചതും മറ്റൊന്നായിരിക്കില്ല. 

ചക്രാകളെ, ശരീരത്തിലെ സൈക്കിക് കേന്ദ്രങ്ങള്‍ എന്നാണ് വിളിക്കുന്നത്. ചിത്രം ശ്രദ്ധിക്കുക. പ്രധാന ചക്രാകള്‍ ആറെണ്ണം (ഷഡ്ചക്രാകള്‍) മാത്രം. പക്ഷെ, ഒട്ടും അപ്രധാനമല്ലാത്ത മൂര്‍ദ്ധാവിലുള്ള ചക്രായെയും (സഹസ്രാരാ) പ്രധാന ചക്രാകളില്‍ ഉള്‍പ്പെടുത്തി പ്രധാന ചക്രാകള്‍ എഴെന്നു പൊതുവേ പറയുന്നു. നട്ടെല്ലിനെ ആസ്പദമാക്കിയാണ് പ്രധാന ചക്രാകളുടെ പ്രവര്‍ത്തനം. ഓരോ ചക്രാക്കും ഒരു സ്വീകരണിയും വിക്ഷേപണിയും ഉണ്ട്. സഹസ്രാര്‍ ചക്രയുടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് നട്ടെല്ലിന്‍റെ താഴത്തെ അഗ്രത്തിലുള്ള മൂലാധാര ചക്രായാണ്. സഹസ്രാരായില്‍ സ്വീകരിക്കുന്ന സൂഷ്മോര്‍ജ്ജം ഒരു കുഴലിലൂടെയെന്നപോലെ നട്ടെല്ല് ആസ്പദമാക്കി താഴേക്ക് മൂലാധാര്‍ ചക്രയിലൂടെ കടന്നു പോവുന്നു. വഴിയിലുള്ള മറ്റു ചക്രാകള്‍ക്ക് അത് യഥേഷ്ടം സ്വീകരിക്കുകയുമാവാം. ഓരോ ചക്രാകള്‍ക്കും സ്വതന്ത്ര സ്വീകരണികളുമുണ്ട്, അവയാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്ത് കാണിച്ചിരിക്കുന്നത്. ഈ സിദ്ധാന്തം, അറിയാതെയാണെങ്കിലും നമ്മളെല്ലാം പ്രയോജനപ്പെടുത്തുന്നുണ്ട്.

കൊച്ചുകുട്ടികള്‍ കരയുമ്പോള്‍ അവരെ തോളില്‍ കമഴ്ത്തി കിടത്തി ചന്തിക്കു മുകളില്‍ അമ്മമാര്‍ തട്ടുന്നത് കണ്ടിട്ടില്ലേ? ഒരുവനിലെ വികാരങ്ങള്‍ മുഴുവന്‍ സമാഹരിച്ചിരിക്കുന്നത് ആ ഭാഗത്തുള്ള സ്വാധിഷ്ടാന ചക്രയുടെ ചുറ്റുമാണ്. ആ ചക്രായെ ഊര്‍ജ്ജവത്കരിച്ച് കുട്ടിയെ ശാന്തമാക്കുകയാണ് അമ്മ ചെയ്യുന്നത്. ഒരാള്‍ മറ്റൊരാളെ ആശ്വസിപ്പിക്കുന്നത് പുറത്തു തട്ടിയാണ്. ഓരോ ചക്രായും വൈകാരിക തലത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ് അഹത്തിന്‍റെ സ്ഥാനമായും നെഞ്ചിന്‍റെ മദ്ധ്യഭാഗം അസ്തിത്വത്തിന്‍റെ കേന്ദ്രമായും കരുതപ്പെടുന്നു. അഹം കൂടുമ്പോള്‍ തലക്കനം കൂടും, ‘നാം’ ‘നമ്മള്‍’ എന്നൊക്കെ പറയുമ്പോള്‍ നാം വിരല്‍ ചൂണ്ടുന്നത് നെഞ്ചിന്‍റെ മദ്ധ്യഭാഗത്തേക്കാണല്ലോ. ഭാരതത്തിലെ ദാര്‍ശനികര്‍ ഇതെല്ലാം അടിസ്ഥാനമാക്കിയാണ് നമ്മുടെ ആചാര-പെരുമാറ്റ രീതികള്‍ ഈ നാട്ടില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇവിടെ ഗുരുക്കന്മാരേ കാണുമ്പോള്‍ ആളുകള്‍ പാദനമസ്കാരം ചെയ്യുമായിരുന്നു. ഗുരുവിന്‍റെ പാദങ്ങളാണ് അഹത്തിന്‍റെ നാശസ്ഥാനം എന്നറിഞ്ഞുകൊണ്ടായിരുന്നു അത്. ഗുരുവിന്‍റെ കാല്‍ തൊട്ടു ശിരസ്സില്‍ വെയ്ക്കുന്നതിലൂടെ ‘ഞാന്‍ എന്‍റെ സ്വന്തം അഹങ്കാരം ഇവിടെ സമര്‍പ്പിക്കുന്നുവെന്നാണ്’ പറയുന്നത്. ഗുരു തലയില്‍ വലതു കൈവെച്ച് ‘നിനക്ക് ശാന്തി ഉണ്ടാവട്ടെ’ എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. കൈകളിലൂടെയാണ് ആത്മബോധം പ്രവഹിക്കുന്നത്. ആത്മാവിന്‍റെ ദൃശ്യസ്ഥാനം കണ്ണുകളാണ്. അതുകൊണ്ടാണ് നമ്മള്‍ കണ്ണുകളില്‍ നോക്കി സംസാരിക്കുന്നത്. ആത്മലോഭം സംഭവിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ നാം അടയ്കുകയാണ് പതിവ്.

ചക്രാകള്‍ ആകെ ഏഴല്ല; ഉപചക്രാകളും ചെറു ചക്രാകളുമൊക്കെയായി എഴുന്നൂറിലേറെ ചക്രാകള്‍ ശരീരത്തിലുണ്ട്. പരമാവധി ഊര്‍ജ്ജരശ്മികള്‍ സംഗമിക്കുന്ന കേന്ദ്രങ്ങള്‍ എന്നും പ്രധാന ചക്രാകളെ വിശേഷിപ്പിക്കാം. ഇവയുടെ പ്രവര്‍ത്തനം ട്രാന്‍സ്ര്‍ഫോമറുകളുടെതുമായ  താരതമ്യപ്പെടുത്താം. ട്രാന്സ്ഫോമറുകളില്‍ എത്തുന്ന വൈദ്യുതി അതാതിന്‍റെ അടുത്തുള്ള സ്ഥലങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നുവെന്നത് പോലെ പ്രധാന ചക്രാകളുടെ സമീപത്തുള്ള ശരീരഭാഗങ്ങള്‍ക്ക് ശക്തി കിട്ടുന്നത് തൊട്ടടുത്തുള്ള പ്രധാന ചക്രാ/ചക്രാകളില്‍ നിന്നാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഉദരത്തിലുള്ള കുഞ്ഞ് മൂലാധാരാ, സ്വാധിഷ്ഠാനാ, മാനിപ്പുരാ എന്നീ ചക്രാകളില്‍ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത്. സാധാരണയിലേറെ ഊര്‍ജ്ജം കുഞ്ഞിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് മൂലാധാര ചക്രായുടെ നിയന്ത്രണത്തിലുള്ള കാലുകള്‍ക്ക് ആവശ്യത്തിന് ഊർജ്ജം കിട്ടാതെ വരും. ഇതാണ് ഗര്‍ഭിണികള്‍ക്ക് കാലുകള്‍ക്ക് വേദനയും ബലക്കുറവും അനുഭവപ്പെടാന്‍ കാരണം. 

PREVIOUS                        NEXT

No comments:

Post a Comment