Sunday, 31 August 2014

ഒന്നിനുപകരം മറ്റൊന്ന്

01. 08. 2007
ഒന്നിന്റെയഭാവത്തിൽ തത്സ്ഥാനത്ത് മറ്റൊന്ന് ഭവിക്കുന്നു. ഒന്ന് ക്ഷയിക്കുന്നിടത്ത് മറ്റൊന്ന് ശക്തിയാർജ്ജിക്കുന്നു. കണ്ണില്ലാത്തവന് മറ്റൊരിന്ദ്രിയം കൂടുതൽ പ്രവര്ത്തനക്ഷമമാകുന്നു. യുക്തിയെ വരുതിക്കു നിറുത്തുമ്പോഴാണ് അനുഭൂതി ശക്തമാകുന്നത്.


അകലെയുള്ളവയെ ലഭ്യമാക്കാൻ അടുത്തുള്ളവയെ ത്യജിക്കേണ്ടിവരാം. അഹമുയർന്നാൽ അപരൻ താഴ്ത്തപ്പെടും. വാച്യാർഥങ്ങളിൽ കടിച്ചുതൂങ്ങിയാൽ അന്തരാർഥങ്ങൾ മങ്ങും. വാക്കുകളുടെയാധിക്യം കാര്യഗ്രഹണത്തെ ഹനിക്കും.

സുന്ദരേശ്വരൻ (ശിവൻ), മീനാക്ഷി (പാർവതി) എന്നീ ദേവതകൾക്കായി നിർമിച്ച മധുര മീനാക്ഷിയമ്പലത്തിന്റെ രൂപഭംഗിയും അതിനകവും പുറവും പൊതിഞ്ഞുള്ള പതിനായിരക്കണക്കിന് അതിപുരാതന കൊത്തുപണികളും ശ്രദ്ധിച്ചാൽ അന്തംവിട്ടു നിന്നുപോകും. എത്ര കൃതകൃത്യത! അതിപുരാതനമായ ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡൽഹിയിലെ കിൽജി രാജവംശം മൊത്തത്തിൽ തകർത്തുകളഞ്ഞെങ്കിലും പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി നൂറു വർഷംകൊണ്ട് പൂർവസ്ഥിതിയിൽതന്നെ അമ്പലത്തിന്റെ പുനർസൃഷ്ടി നടത്തിയത് വിജയനഗർ രാജവംശത്തിന്റെ പിൻഗാമികളാണ്. ഇന്ന് ലഭ്യമായ എല്ലാ യന്ത്രവൈദദ്ധ്യവും  ഉപയോഗിച്ചാലും ഇനി അങ്ങനെയൊന്ന് സൃഷ്ടിക്കാനാവില്ല. ശാസ്ത്രസങ്കീർണ്ണത കൂടുന്തോറും പണിയിലെ മേന്മ കൂടണമെന്നില്ല, പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ അളവിൽ. ഇന്ന് മനുഷ്യന്റെ കണ്ണുകളുടെ ശക്തിയും കഴിവുമെന്നതുപൊലെ  കരവിരുതും വളരെ കുറഞ്ഞുപോയിട്ടുണ്ട്. എന്റെ വല്യപ്പനും അപ്പനും തോക്കുണ്ടായിരുന്നു. പൊട്ടാസും വെടിമരുന്നും തനിയെ ഉരുട്ടിയെടുക്കുന്ന ഈയത്തിന്റെ ഉണ്ടകളുമൊക്കെ സൂക്ഷിക്കാൻ ചിരട്ടകൊണ്ടും തടികൊണ്ടും അവർ കടഞ്ഞെടുക്കുന്ന കുഞ്ഞു കുടുക്കകളും കലയോടെ ചെത്തിമിനുക്കിയ അവയുടെ അടപ്പുകളും എന്നെ വളരെയാകർഷിച്ചിരുന്നു. തടികൊണ്ട് അതുമിതുമൊക്കെ കടഞ്ഞെടുക്കുക എനിക്കും ഒരു ഹരമായിത്തീർന്നു. ഒരു കമ്പും കത്തിയും എപ്പോഴും ഞാൻ കൊണ്ടുനടന്നിരുന്നു.

ഐ.ക്യു.കൊണ്ട് മാത്രമളക്കാവുന്നവയല്ല മനുഷ്യന്റെ കഴിവുകൾ. eq (emotional quotient), sq (spiritual quotient), dq (digital quotient) തുടങ്ങി മറ്റു പല ബുദ്ധിമാപിനികളും ഉപയോഗിച്ചാലേ മനുഷ്യബുദ്ധിയുടെ വർണ്ണരാജികളെല്ലാം ഉൾപ്പെടുകയുള്ളൂ. Howard Gardner 1983ൽ എഴുതിയ The Frames of Mind (The theory of multiple intelligence) എന്ന കൃതിയിൽ മനുഷ്യബുദ്ധിയുടെ വ്യത്യസ്തമായ ചായ്വുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മുകളിൽ പറഞ്ഞവ കൂടാതെ ഗണിതയുക്തിപരം, സംഗീതപരം, സ്ഥലപരം, വ്യക്തിബന്ധപരം, അസ്തിത്വപരം, പ്രകൃതിപരം തുടങ്ങിയ കഴിവുകളിൽ മുന്തിയവർ സാധാരണ ഐ.ക്യു.ടെസ്റ്റിൽ വളരെ പിന്നാക്കമായിരിക്കും. അതിൽ യാതൊരു കഥയുമില്ലെന്നാണ് ഗാർഡ്നർ സമർഥിക്കുന്നത്. പരമ്പരാഗതമായ അളവുകോലുകൾ വച്ച് മനുഷ്യനെ വിലയിരുത്തുമ്പോൾ പ്രകൃത്യാലുള്ള കഴിവുകൾ തഴയപ്പെടുകയും ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ കീഴാളജനതയുടെ ബുദ്ധിശേഷികൾ നിഷേധിക്കപ്പെട്ടതുപോലുള്ള നീതിരാഹിത്യങ്ങൾ നടക്കുകയും ചെയ്യും. അങ്ങനെ വളരെയധികം പ്രതിഭകൾ ശൈശവത്തിൽ തന്നെ കൊല്ലപ്പെടുന്നു.

ഉപയോഗം കുറയുന്തോറും ഇന്ദ്രിയങ്ങളുടെ ശക്തി കുറഞ്ഞുപോകും. ഏതു കഴിവിന്റെ കാര്യത്തിലും ഇതാണ് ഗതി. സൗന്ദര്യത്തെ അന്വേഷിക്കുന്നവർ അത് കൂടുതൽ കണ്ടെത്തുന്നു. വിരക്തി ശീലിക്കുന്തോറും അതിനോടുള്ള പ്രതിപത്തി എറിവരും. ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്തോറും ആക്രാന്തം വര്ദ്ധിക്കുകയേ ഉള്ളൂ. വൃത്തിയായിട്ടെഴുതുന്തോറും അക്ഷരഭംഗി കൂടിക്കൊണ്ടിരിക്കും. ശ്രദ്ധ ചെലുത്തണം, രണ്ടുതവണ ആലോചിക്കണം എന്നുള്ള സദുപദേശം തന്നുകൊണ്ടിരിക്കാൻ ഒരാളുണ്ടായത് എത്രയോ വലിയ ഒരു ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു. ഇഷ്ടം വിലയ്ക്കുന്ന ഒരു കാരുണ്യമായിരുന്നു അത്. ഈ കുറിപ്പ് ആ ഓർമക്കുവേണ്ടിയാണ്. 

5 comments:

  1. ഇതിനൊരു മൂന്നു കമന്ടുകളെങ്കിലും എഴുതാന്‍ എനിക്ക് തോന്നുന്നു. മനുഷ്യന് അനേകം താലന്തുകളുണ്ട്. ഇവയില്‍ ഏഴെട്ട് എണ്ണത്തില്‍ ഓരോരുത്തര്ക്കും് പ്രത്യേകം പ്രാവിണ്യം ഉണ്ടായിരിക്കുമെന്നും അതില്‍ ഒന്ന് രണ്ടെണ്ണത്തില്‍ സര്വ്വേരും അതിപ്രവീണരായിരിക്കുമെന്നുമാണ് മന:ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇതിനെപ്പറ്റി ഞാന്‍ ഏറെ ചിന്തിച്ചിട്ടുമുണ്ട്‌, ചില നിഗമനങ്ങളില്‍ എത്തിച്ചേര്ന്നിനട്ടുമുണ്ട്. ആകെ സിദ്ധികള്ക്ക്ങ വേണ്ടി അനുവദിച്ചിട്ടുള്ള ഊര്ജ്ജംണ അന്പിത്തിരണ്ടു സിദ്ധികള്‍ക്കുമായി തുല്യമായല്ല ഒരുവനിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതായത്, ചിലതില്‍ കൂടുതലും ചിലതില്‍ കുറവും ആയിരിക്കും ഉണ്ടായിരിക്കുക. ഇവിടെ പ്രത്യേകം ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, ഏതെങ്കിലും സിദ്ധികള്‍ പ്രകടിപ്പിക്കാനുള്ള ഒരാളുടെ കഴിവ് ശാരീരിക വൈകല്യം കൊണ്ടു തടസ്സപ്പെടുന്നെങ്കില്‍ അതിനു വേണ്ടിയിരുന്ന ഊര്ജ്ജംച മറ്റൊരു സിദ്ധിശേഷി കൂടുതല്‍ വര്ദ്ധിിക്കുന്നതിനു കാരണമാകും എന്നതാണ്. ഉദാഹരണത്തിന് കണ്ണ് കാത് തുടങ്ങിയ അവയവങ്ങള്‍ പ്രവര്ത്തിുക്കാത്തവര്ക്ക്ത മറ്റു പല കഴിവുകളും ഉണ്ടെന്നത് പൊതുവേ എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ? നമ്മെപ്പോലെ അന്ധന്മാരും സഞ്ചരിക്കുന്നുവെങ്കിലും അവരാണ് അപകടങ്ങളില്‍ പെടുന്നതില്‍ വളരെ പിറകില്‍. അന്ധന്മാരുടെ ഉള്ക്കഉണ്ണുകള്‍ അവര്ക്ക് വേണ്ട നിര്ദ്ദേതശങ്ങള്‍ കൊടുക്കുന്നുവെന്നത്‌ നാം മനസ്സിലാക്കുന്നില്ല. അംഗ വൈകല്യമുള്ളവരുടെ അസാമാന്യ കഴിവുകള്‍ പല സാഹചര്യങ്ങള്‍ കൊണ്ടും സമൂഹം ഉപയോഗപ്പെടുത്താറില്ല എന്നതാണ് സത്യം; അവരും അത് മനസ്സിലാക്കാറില്ല.
    സാക്കിന്റെക നിരീക്ഷണം നൂറു ശതമാനവും ശരിയാണ്. ഇവിടെ ജനിക്കുന്ന സര്വ്വനര്ക്കും നിലനില്ക്കാ ന്‍ വേണ്ട കഴിവ് ദൈവം കൊടുത്തിട്ടുണ്ട്; പക്ഷെ, നിലനില്ക്കാാനുള്ള സാധ്യതയെ മറ്റുള്ളവര്ക്കുരള്ള പ്രത്യേകതകളുമായി താരതമ്യം ചെയ്യുമ്പോഴാണ് കുഴപ്പം. കാലും ചിറകും ഒന്നുമില്ലാത്ത ഇഴജന്തുക്കള്‍ എത്ര സന്തോഷത്തോടെ ജീവിക്കുന്നു; അവര്ക്കു ള്ള ഇരയ്ക്കും കുറവ് അനുഭവപ്പെടാറില്ലല്ലോ. നമ്മുടെ ഭൌതിക കഴിവുകള്ക്ക്യ വേണ്ടി നാം ഊര്ജ്ജംല ചിലവിടുന്നില്ലെങ്കില്‍ അതിനു വേണ്ടിയിരുന്ന ഊര്ജ്ജം് അഭൌമിക സിദ്ധികളുടെ പ്രകാശനത്തിന് കാരണമാവും. ലൈംഗികോര്ജ്ജം ബ്രഹ്മചര്യത്തിലൂടെ ലാഭിച്ച് അത്മീയ വളര്ച്ചകക്ക് ഉതകത്തക്കതാക്കുകയെന്ന നയം ഭാരതീയ സന്യാസിമാര്‍ സ്വീകരിച്ചിരുന്നു. ഇന്നത്തെ ബ്രഹ്മചര്യത്തില്‍ നഷ്ട കണക്കുകള്‍ മാത്രമേയുള്ളൂ എന്നത് വേറൊരു കാര്യം. Realization എന്നൊരു തലത്തിലേക്ക് കടക്കണമെന്ന് ആര്ക്കെവങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവശ്യമായും അവന്‍ ഭൌതിക ഭ്രമത്തില്‍ നിന്ന് മോചിതനായല്ലേ ഒക്കൂ? കൂടുതല്‍ ചിന്തിച്ചാല്‍ ഇവിടുത്തെ പോസിറ്റിവ് അപ്പുറത്തെ നെഗറ്റിവ് ആകുന്നതെങ്ങിനെയെന്നും മനസ്സിലാകും.

    ReplyDelete
  2. Dear Zach,
    You have enumerated ever so many self-evident truths not thought of by most of us. Why? Because we go after what is new and modern and eye catching forgetting "old is gold."
    You speak of human potentials like eq (emotional quotient), sq (spiritual quotient), dq (digital quotient) and varieties of human skills that went into the making of a Meenakshi temple which are now forgotten or by passed as outdated.
    To find out what can be done to revive them all, one needs to meditate for hours on each of the points you raised. Recently I read that Cherpunkal Parish church was created in 1111 and today's bigger church was consecrated in l911, Sept.13. It was built with Vettukallu when there were no bricks and with Kummayam and sand mixed in water made pasty with the fish called Varaal, at a time when there was no cement. That structure stands today as strong as ever. We have to preserve and cultivate such God given gifts of nature, while running after ultra modern discoveries.
    We need more Zachs to remind us of this duty. Please keep provoking us. God bless you.

    james kottoor on 30th Aug. 2014

    ReplyDelete
  3. "ആദിശങ്കരനു ശേഷം ഇത്രയധികം സൌന്ദര്യലഹരിയിൽ ആറാടുന്ന മറ്റൊരു അദ്വൈതിയെ ഞാൻ അധികം വായിച്ചിട്ടില്ല" എന്ന് ചെറിയ വായിൽ വല്യവർത്തമാനം പറയാൻ തോന്നുന്നു, സാക്കിനെ വായിക്കുമ്പോൾ. സത്യം, ഒരു വലിയ പ്രേരണയാണ് ശ്രീ. സാക്ക്. അദ്ദേഹത്തിന്റെ ഉൾപ്രപഞ്ചം ബാഹ്യചോദനകളോട് എത്ര സൂക്ഷ്മമായാണ് പ്രതികരിക്കുന്നതും തമ്മിൽ ലയിക്കാൻ അനുവദിക്കുന്നതും! തൂലികയിൽ പിന്നീട് സൌന്ദര്യത്തിന്റെ ഉറവുകളിൽ നിന്നുള്ള നീരൊഴുക്കാണ്. അനുഭൂതിയോടെയാണ് എല്ലാം വായിക്കുന്നത്... പറഞ്ഞാൽ അധികമായി പോകുമോ എന്നറിയില്ല, എങ്കിലും ചിലപ്പോൾ തോന്നും സാക്കുമായി എന്തോ ഒരു പൂർവജന്മ ബന്ധമുണ്ടെന്ന്..

    ReplyDelete
    Replies
    1. എന്ത് പറഞ്ഞാലും അസ്ഥാനത്താകുന്ന ഒരു ത്രിശങ്കുവിനെപ്പോലെ എന്നെ ആക്കിക്കളയല്ലേ, മഹേശ്വരാ! അറിയാമല്ലോ ത്രിശങ്കുവിന്റെ കഥ? മറ്റൊരിടത്തും വിജയിക്കാഞ്ഞിട്ട്‌ തന്നെ സമീപിച്ചപ്പോൾ വിശ്വാമിത്രൻ സ്വർഗത്തിലേയ്ക്കയച്ച ത്രിശങ്കുവിനെ ദേവന്മാർ തള്ളി താഴെയിട്ടു. താഴേയ്ക്ക് വീണുകൊണ്ടിരുന്ന അയാളെ താങ്ങിപ്പിടിച്ച്ചുകൊണ്ട് വിശ്വാമിത്രൻ വേറൊരു സ്വർഗമുണ്ടാക്കി അതിലാക്കി. എന്റെ സ്വർഗം ഞാൻ തന്നെ നിര്മിക്കുന്നുവെന്ന തോന്നൽ ഉണ്ടാകാൻ ഒരു മിന്നാമിനുങ്ങിനെപ്പോലെ ഇടയ്ക്കിടയ്ക്ക് പ്രകാശിക്കുന്നു, അത്രമാതം.. ത്രിശങ്കുവിന് മിന്നാമിനുങ്ങെന്നും ശബ്ദതാരാവലി അർഥം കല്പിക്കുന്നുണ്ട്.

      Delete
  4. സാക്ക് എന്നെങ്കിലും ത്രിശ്ശങ്കുവില്‍ ചെല്ലും എന്നൊരു വിശ്വാസം എനിക്കില്ല. മഹേശ്വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ആദി ശങ്കരനെയും സാക്കിനെയും ഒരു പോലെ അമാനുഷികരാക്കിയെന്നാണോ അതോ തരം താഴ്ത്തിയെന്നാണോ സാക്ക് ചിന്തിക്കുന്നതെന്ന് എനിക്ക് നിശ്ചയം പോരാ. ഏതായാലും സാക്ക് ഒരു നലം തികഞ്ഞ അദ്വൈതിയാണെന്ന അഭിപ്രായം ഉള്ള വേറെയും ആളുകളുണ്ട്, എനിക്കറിയാവുന്നവരായി. മഹേശ്വര്‍ ഉള്ളത് തുറന്ന് പറഞ്ഞു. അല്‍പ്പം മറഞ്ഞിരിക്കുന്നതിനാണ് കൂടുതല്‍ സൌന്ദര്യമെന്നു മഹേശ്വര്‍ ഓര്‍ത്ത്‌ കാണില്ല. മഹേശ്വരിന്റെ സുന്ദരമായ അവതരണ ശൈലിയുടെ മുന സാക്കിന്റെ തൂലികയില്‍ നിന്നുള്ള നീരൊഴുക്കിനെ അലോസരപ്പെടുത്തിയോ എന്തോ?

    ReplyDelete