Friday 1 August 2014

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും."
(തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.

പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?

"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.   

2 comments:

  1. ഇത് പ്രണവമാണ്, ഇവിടെ വരുന്നവര്‍ പ്രണവത്തിലേക്കോ അതിന്‍റെ സ്പുലിങ്ങങ്ങളിലേക്കോ നോക്കിയാല്‍ അതില്‍ അതിശയിക്കാനുമില്ല. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും ദാര്‍ശനികത ആര്‍ക്കെഴുതാന്‍ കഴിയും? സ്വര്‍ഗ്ഗത്തിന്‍റെ രസങ്ങള്‍ കാച്ചിക്കുരുക്കിയ അനുഭൂതികളെ വര്‍ണ്ണിക്കാന്‍ മാത്രം ഒരു ഭാഷ സൃഷ്ടിക്കാന്‍ നമുക്കാവുമോ? ഒഴുകുന്ന വാക്കുകളുടെ പിന്നാലെ പോയാല്‍ ചിലപ്പോള്‍ അതിന്‍റെ ഗന്ധം കിട്ടാനിടയുണ്ട്. അത് പോലും ആരെയും ലഹരി പിടിപ്പിച്ചെന്നിരിക്കും. സാക്കിന്‍റെ ഹൃദയത്തില്‍ നിന്നും കൈവിട്ടു പോയ വാക്കുകള്‍ എന്നെ ഈ പോസ്റ്റിനെ പ്പറ്റി എനിക്ക് പറയാനുള്ളൂ. നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിച്ച് ഇതിനെ വിലയിരുത്തി വികലമാക്കാന്‍ ഞാനില്ല. ഇടക്കൊന്നു മൂളിയാല്‍ അടിവേര് മുറിയുന്ന വേദന ഒരു പക്ഷേ അനുഭവപ്പെട്ടേക്കാം - ഇത് മനസ്സിരുത്തി വായിക്കുന്ന ആസ്വാദകനും, ഇത് എഴുതിപ്പോയ സാക്കിനും.

    ReplyDelete
  2. പ്രഭാതേ സുപ്ത ബുധ്യതേ = ഉറങ്ങിയവർ രാവിലെ ഉണരുന്നു. ബുധ്യതേ = ബുധ് അവഗമനേ. ബോധം വന്നുചേരുന്നതാണ് ഉണർച്ച. വെറുതേ വല്ലതും ചെയ്തുകൊണ്ടിരിക്കുന്നത് ഉണര്ച്ചയല്ല. ഉൾക്കണ്ണ് തുറക്കുന്നതാണ് ബോധഗമനം.

    അവയുടെ കൊക്ക് മാത്രമുപകരണമായിട്ടുള്ള പക്ഷികൾ നിർമിക്കുന്ന അതിമനോഹര കൂടുകൾ കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നാത്തവർ എത്രയോ ഉണ്ട്. യഥാർഥത്തിൽ മനുഷ്യബുദ്ധിയെ വിസ്മയത്തിലാഴ്ത്താനുള്ള വൈഭവം എല്ലാ ജീവികൾക്കുമുണ്ട്. സഹജജ്ഞാനമെന്നു (instinct) പറഞ്ഞാലും, പ്രകൃതി ഓരോ ജീവിയിലുമത് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത് ഒരു വലിയ രഹസ്യം തന്നെയാണ്. അതു കണ്ടാനന്ദിക്കുക ബോധോദയത്തിന്റെ ഭാഗമാണ്. അങ്ങനെ, ഉറക്കത്തിൽനിന്നു നമ്മെ ഉണർത്താൻപോരുന്ന തെന്തെല്ലാം നമ്മുടെ കണ്മുമ്പിൽ നിമിഷേന സംഭവിക്കുന്നു!

    ബോധപ്രക്രിയ നടക്കുന്നിടത്ത് ആത്മാവിൽ മുട്ടിവിളിക്കാനുള്ള അസ്തിത്വത്തിന്റെ കഴിവ് അഭേദ്യമാണ്. ഈ മുട്ടിവിളിയാണ് സ്നേഹമായി പരിണമിക്കുന്നത്‌. സ്നേഹമാണ് സൌന്ദര്യത്തെ സൃഷ്ടിക്കുന്നത്.

    Tel. 9961544169 / 04822271922

    ReplyDelete