Monday, 11 August 2014

'മ'

26. 11. 2007
നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴുമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാസനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.  

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരിക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളിലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

5 comments:

  1. ഏതാനും വര്ഷയങ്ങള്ക്കു മുമ്പ് പാലായില്‍ വെച്ചു നടന്ന ഒരു പൊതു സമ്മേളനത്തിന്റെ ഏറ്റവും പിന്നില്‍, എന്നാല്‍ എല്ലാം ശ്രദ്ധിച്ച്, പക്ഷെ, എപ്പോള്‍ വേണമെങ്കിലും ഇറങ്ങി പോകാന്‍ തയ്യാറായി ഇരുന്ന സാക്ഷാല്‍ സക്കറിയാസ് നെടുങ്കനാല്‍ എന്ന വികൃതിയെ ഒരു സ്നേഹിതനാണ് എനിക്ക് പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ് രണ്ടു കൃതികള്‍ മനസ്സിരുത്തി ഞാന്‍ വായിച്ചിട്ട് അന്നെഴുതിയിരുന്നു, ഉള്ളു മുഴുവന്‍ കാണാന്‍ പറ്റുന്നില്ലെന്ന്. അന്ന് തുടങ്ങിയ ആ സ്നേഹബന്ധം ഇന്നും തുടരുന്നു, ഒരൊറ്റ വ്യത്യാസം മാത്രം – ഞാന്‍ ആരാധകനും അദ്ദേഹം മൂര്ത്തിയുമായി.
    യാഥാര്ത്യ്ത്തിന്റെ പശ്ചാത്തലത്തില്‍ ‘മ’ പോലെ വളഞ്ഞു കൂടിയിരുന്ന് അദ്ദേഹം ചിന്തിച്ചതിന്റെ പിന്നാലെ പോവാന്‍ എനിക്കാവില്ല. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹം എഴുതുന്നത്‌ ഏതോ ഒരു ദേവ ഭാഷയിലാണെന്നതല്ലാതെ അതിനെപ്പറ്റി മറ്റൊന്നും പറയാനും എനിക്ക് കഴിയുന്നില്ല. ഞാന്‍ കേള്ക്കുന്നത് അദ്ദേഹം വിതറുന്ന മുത്തുകളുടെ കിലുക്കമാണ്, ഞാന്‍ കാണുന്നത് അദ്ദേഹം വിരിച്ച പീലികളുടെ സൌന്ദര്യമാണ്. ഒരു കാര്യം പറയാതെ വയ്യ, ഇങ്ങിനെ ജീവിച്ചുപോയ ഭ്രാന്തന്മാരുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രപഞ്ചം പണ്ടേ ശൂന്യതയില്‍ വിലയം പ്രാപിക്കുമായിരുന്നു.

    ReplyDelete
    Replies
    1. അതാണ്‌ ഞാനും കരുതിയത്‌ - ഏതൊക്കെ വിധത്തിൽ ശ്രമിച്ചാലും ആർക്കും മനസ്സിലാകാത്ത ഒരവ്യക്ത ജീവിതം - അതാണ്‌ ഞാൻ. ഈ അവ്യക്തതക്കു മാറ്റം വരുത്താൻ ശ്രമിക്കേണ്ടതില്ലെന്നാണ് എന്റെ സ്വന്തം കണ്ടെത്തൽ. അത് അങ്ങനെത്തന്നെ ഇരിക്കട്ടെ. സാകല്യമായ ഒരു വ്യക്തിത്വം ആർക്കാണുള്ളത്, പരമശിവനൊഴിച്ച്. ബാഹ്യനേത്രങ്ങൾ രണ്ടും കൂപ്പി, ആജ്ഞാചക്രത്തിൽ കേന്ദ്രീകരിച്ചാണ് ശിവന്റെ കൈലാസത്തിലെ ഇരുപ്പെന്നാണ് പറയാറ്. ആ ആജ്ഞാകേന്ദ്രം മൂന്നാം തൃക്കണ്ണാണെന്നും പറയുന്നു. ബാഹ്യനേത്രങ്ങൾ അടയുമ്പോൾ മൂന്നാം കണ്ണ് പ്രവർത്തനക്ഷമ മാകുന്നു. ഉമ്മ വയ്ക്കുമ്പോൾ കണ്ണുകൾ താനേ അടയുന്നത് ഇത്തരമൊരു ഊർജ്ജപ്രവാഹത്തിനു വേണ്ടിയാണ്. ഏറ്റവും ആസ്വാദ്യകരമായതിലെല്ലാം ഈ ഇടപെടൽ (reflex) സംഭവിക്കുന്നുണ്ട്.
      ഒരു പക്ഷേ, യേശു ഇതേപ്പറ്റി ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. മത്തായി 6, 22 - 23 ൽ കണ്ണിനെപ്പറ്റി നാം വായിക്കുന്നത് പലരും പലതരത്തിൽ വിവർത്തനവും വ്യാഖ്യാനവും നടത്തിയിട്ടുള്ളത് കണ്ടിട്ടുണ്ട്. "കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും." കുറ്റമറ്റത് എന്നാൽ ആരോഗ്യമുള്ളത്. ഹീബ്രൂ സാഹിത്യ ഭാഷയിൽ ശരീരമെന്നു പറഞ്ഞാലും ആത്മാവെന്നു പറഞ്ഞാലും വ്യക്തിയെ മൊത്തം ഉൾപ്പെടുത്തണം. (ഉദാ. 'ഇതെന്റെ ശരീരമാകുന്നു' = ഇത് ഞാനാകുന്നു) അപ്പോൾ യേശു മാംസളമായ കണ്ണുകളെ ആയിരിക്കില്ല ഉദ്ദേശിച്ചത്. മലയാളം വിവർത്തനത്തിലെന്നല്ല, ഒരു ഭാഷയിലും ഈ സത്യം വെളിപ്പെടുന്നില്ല.

      "The light of the body is the eye. If therefore thine eye be single, (some put it as 'made single') your whole body shall be full of light. But if thine eye be evil, thy whole body shall be full of darkness." എന്നാണ് ഇംഗ്ളീഷിൽ. എന്താണോ single, evil എന്ന വാക്കുകൾകൊണ്ട് മനസ്സിലാക്കേണ്ടത്? ഒട്ടും വ്യക്തമല്ല. എന്തെങ്കിലും തെളിഞ്ഞു കിട്ടുമോ എന്നറിയാൻ ഞാൻ ഫ്രഞ്ച്, ജർമൻ പരിഭാഷകൾ നോക്കി. (The Gideons International 1956 ൽ ഇറക്കിയ മൂന്നു ഭാഷകളിൽ ഒരുമിച്ചുള്ള New Testament ഭാഗ്യവശാൽ എന്റെ കൈവശമുണ്ട്.) Sound, evil (lauter, böse) എന്നും in good shape, in poor shape (en bon e'tat, en mauvais e'tat) എന്നുമാണ് ഈ ഭാഷകളിലെ പ്രയോഗങ്ങൾ.

      ഒരു പക്ഷേ, "കണ്ണാണ് ശരീരത്തിന്റെ വിളക്ക്" എന്നിടത്ത് നമ്മൾ തുടങ്ങണം. കണ്ണുകൾ എന്ന് എന്തുകൊണ്ട് യേശു പറഞ്ഞില്ല? single eye എന്നെടുത്ത് പറയുന്നുമുണ്ട്. അപ്പോൾ ഈ കണ്ണ് നമ്മെ എല്ലാറ്റിലും നയിക്കേണ്ട പരിശുദ്ധാരൂപി ആയിക്കൂടെ? അല്ലെങ്കിൽ ആന്തരികമായ കണ്ണ്, ഉൾക്കണ്ണ്, എന്നുമെടുക്കാം. ധ്യാനത്തോട് ബന്ധിപ്പിച്ചു പറയാറുള്ള മൂന്നാം കണ്ണിനെപ്പറ്റി ജോസഫ്ജി അല്പം വിശദീകരിക്കുമെങ്കിൽ നന്നായിരുന്നു.

      Delete
    2. ഉള്ക്ക്ണ്ണുകളെപ്പറ്റി സമഗ്രമായി വിശദീകരിക്കുവാന്‍ ശേഷിയുള്ളവര്‍ ഉണ്ടാകാം; ഞാനതിന് ആളല്ലയെന്ന് ആദ്യമേ പറയട്ടെ. എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പറയാം. നാം പഞ്ചേന്ദ്രിയങ്ങള്‍ എന്ന് പറയുന്ന അവയവങ്ങള്ക്ക് ഊര്ജ്ജള ശരീരത്തില്‍ സൂഷ്മ പതിപ്പുകള്‍ ഉണ്ട് – ബാക്ക് അപ്പ്‌ പോലെയും അവ പ്രവര്ത്തിലക്കുന്നു. ഡോ. ജൊസഫ് മര്ഫി്യുടെ ‘The Powers of the Subconscious Mind’ എന്ന ഗ്രന്ഥത്തില്‍ അഞ്ചാം വയസ്സില്‍ അന്ധയായി തീര്ന്നു ഒരു പ്രഭു കുമാരിയുടെ കഥയുണ്ട്. ലൂര്‍ദ്ദില്‍ പോയി അവിടുത്തെ തീര്ത്ഥ ജലത്തില്‍ മുഖം കഴുകി അവിടെ പ്രാര്ഥിണച്ചാല്‍ സൌഖം കിട്ടുമെന്ന് അവള്‍ അന്ധമായി വിശ്വസിച്ചു, അപ്രകാരം സംഭവിക്കുകയും ചെയ്തു. പക്ഷെ, നാട്ടിലെത്തിയ അവളെ പരിശോധിച്ച വിദഗ്ദര്‍ അവളുടെ ഓപ്ടിക്കല്‍ നേര്വ്വു കള്‍ വരണ്ടുതന്നെ ഇരിക്കുന്നുവെന്നു രേഖപ്പെടുത്തി. ആറുമാസം കഴിഞ്ഞു വീണ്ടും നടത്തിയ പരിശോധനയില്‍ അവ സുഗമമായി പ്രവര്ത്തിിക്കുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. ഇവിടെ, അവളുടെ വിശ്വാസം അവളുടെ തന്നെ സൂഷ്മേന്ദ്രിയങ്ങളെ ഉപരിതലത്തിലും പ്രവര്ത്തിുക്കാന്‍ കാരണമാക്കി എന്ന് കാണേണ്ടിവരും.
      ഊര്ജ്ജക ശരീരത്തിലുള്ള സൂഷ്മെന്ദ്രിയങ്ങളുടെ പ്രവര്ത്ത നം മൂലം മൂക്ക് കൊണ്ട് മണക്കാന്‍ കഴിയാത്തതും, പുറം കണ്ണുകള്കൊപണ്ട് കാണാന്‍ കഴിയാത്തതുമൊക്കെ ധ്യാനാനുഭവത്തിലൂടെ മുന്നേറുന്ന സാധകര്ക്ക് നേരിടേണ്ടി വരുന്നുണ്ട്. രണ്ടു കണ്ണുകള്‍കൊണ്ട് കാണുന്നത് മൂന്നു Dimensions ആണെങ്കില്‍ സൂഷ്മോര്ജ്ജെ ശരീരത്തിലെ ഇന്ദ്രിയങ്ങള്‍ വിവേചിക്കുന്നത് നാലാമതും അഞ്ചാമതും ഒക്കെയുള്ള Dimensions ആണ്. സൂഷ്മ ലോകത്തു കണ്ണുകള്‍ ഒരെണ്ണം പോലും ഇല്ല, പക്ഷെ എല്ലാം അക്ഷരാര്ത്ഥതത്തില്‍ കാണുന്നതുപോലെയുണ്ടാവും അനുഭവം. ശ്രി. യോഗാനന്ദ പരമഹന്സക്ക് അദ്ദേഹത്തിന്റെക ഗുരു നല്കിോയ ഒരു നിമിഷത്തെ ദൈവികാനുഭവം അദ്ദേഹം Autobiography of a Yogi യില്‍ വര്ണ്ണി ക്കുന്നു. അദ്ദേഹം കണ്ടത് വൃക്ഷങ്ങളുടെ തടിയും ഇലകളും മാത്രമല്ല, അതിന്റെ് വേരുകളും കണ്ടു, വസ്തുക്കളുടെ അകവും പുറവും ഭാവിയും ഭൂതവും അദ്ദേഹം കണ്ടു. അതിന് പ്രത്യകം ഒരു കണ്ണുപയോഗിച്ചതായി അദ്ദേഹം പറയുന്നില്ല. പരമശിവന്റെു മൂന്നാം കണ്ണിനെയും ഭൌതിക ശരീരത്തിന്റെഅ ഒരു പ്രത്യേക ഭാഗമായി നാം വ്യാഖ്യാനിച്ചാല്‍ നമുക്ക് തെറ്റും.
      നശ്വരമായ മായാനുഭവത്തെ ജ്വലിപ്പിക്കുന്ന പുറം ഇന്ദ്രിയങ്ങള്ക്കു പകരം, ഉണരലിലേക്ക് നയിക്കുന്ന ദര്ശ്നം ഏവനെയും വെളിച്ചം മാത്രമാക്കി മാറ്റും എന്ന് യേശു ഉദ്ദേശിച്ചത് മനസ്സിലാക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല, സത്യം അതായതുകൊണ്ട്‌. ആദ്യകാല ക്രൈസ്തവ ദാര്ശരനികര്ക്ക്് ഇതൊന്നും നിഗൂഡമായ രഹസ്യങ്ങള്‍ ആയിരുന്നില്ല. കാലം മുന്നോട്ടു പോയപ്പോള്‍ ദാര്ശ്നികത എന്നൊന്ന് ഉണ്ടെന്നു പോലും അറിയാത്തവരുടെ ഒരു തലമുറ രൂപപ്പെട്ടു. അവരുടെ ഇടയില്‍ ഈ വിഷയം ചര്ച്ചവക്കിട്ടാല്‍ ഉത്തരം ഒരു നാളും ഉണ്ടാകണമെന്നില്ല.

      Delete
    3. "എന്റെ ശരീരം ഭക്ഷിക്കുക" എന്നതിന്റെ ധ്വനി, "എന്നെ വായിക്കുക" എന്നുതന്നെയാവണം. ഇതിൽ തന്റെ ശിഷ്യർക്ക് ഇടർച്ചയുണ്ടായത് തിരിച്ചറിഞ്ഞ് യേശു അൽപ്പംകൂടി വിശദീകരിച്ചു; "ശരീരം കൊണ്ട് പ്രയോജനമില്ല, ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്". വീണ്ടും, വെളിപാടിൽ നിന്നൊരേട് ഇങ്ങനെയാണ്; "ചുരുൾ ഞാൻ ഭക്ഷിച്ചു, അത് വായിൽ തേൻപോലെ മധുരിക്കുന്നു, ഉദരത്തിൽ കയ്ക്കുന്നു". അതായത്, പറയാൻ എളുപ്പമാണെന്നും, വാക്ക് മാംസം ധരിക്കുകയാണ് - പ്രവൃത്തി പഥത്തിലെത്തുകയാണ് -ദുഷ്കരമെന്നും അതിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനം. നമ്മൾ എന്തു ഭക്ഷിക്കുന്നോ അതായിത്തീരാനുള്ള ബാധ്യതയുണ്ട്, വായന ഒരുവനെ രൂപപ്പെടുത്തുന്നതുപോലെ. എങ്കിലും, കാവ്യഭാഷയിൽ നിന്ന് ഉണ്മയായവയെ സംസ്കരിക്കാത്തിടത്തോളം വിശ്വാസിക്ക് ഇതെന്നുമൊരു പ്രഹേളികയായി തുടരും.

      ദൈവാനുഭവത്തിന്റെ അളവുകോൽ ഒരുവന്റെ ദർശനങ്ങൾ തന്നെയാണെന്നു വിശ്വസിക്കാം. യേശുവിനെ, ക്രിസ്തുവായി - ഉണ്മയുടെ സമഗ്രമായ മൂർത്തഭാവമായി - പത്രോസിനു വെളിപ്പെട്ടു കിട്ടിയപ്പോൾ തുറന്നിരുന്ന ആ കണ്ണുതന്നെയാണ് ശരീരത്തെ മുഴുവൻ പ്രകാശിപ്പിക്കാൻ പോകുന്ന മിഴിവിളക്ക്! പരിശുദ്ധാത്മാവ് തന്നെയാണത്. "സഹായകൻ വന്നുകഴിയുമ്പോൾ എല്ലാ കാര്യങ്ങളും നിങ്ങൾ ഗ്രഹിക്കും"!

      Delete
  2. തികച്ചും വൈയക്തികമായ വിശേഷങ്ങൾ പങ്കുവെക്കാനുള്ള വേദിയാണോ നമ്മുടെ 'പ്രണവം' എന്നെനിക്കറിയില്ല, എങ്കിലും, എനിക്ക് ഗുരുതുല്യരായ രണ്ടു വ്യക്തികൾ പരസ്പരം കൊടുക്കുന്ന ബഹുമാനവും സ്നേഹവും കാണുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു. എല്ലാ ദർശനങ്ങളുടെയും എല്ലാ എഴുത്തിന്റെയും തീർത്ഥയാത്ര, മനുഷ്യനും പ്രപഞ്ചവും ഏകതാളത്തിലാകുന്ന സർവസാകല്യതയുടെ ഈ സ്നേഹസമുദ്രത്തിലേക്കാണ്. "എത്ര മനോഹരമാണ്, സഹോദരർ ഒന്നിച്ചു ജീവിക്കുന്നത്" എന്ന വചനം ഓർത്തുപോകുന്നു. വ്യക്തിയെ പൊതിഞ്ഞു നിൽക്കുന്ന ഒരു ജൈവിക സാന്നിദ്ധ്യത്തെക്കുറിച്ച് പരസ്പരം ഓർമപ്പെടുത്തുന്നതിനെക്കാൾ മനോഹരമായി വേറെയെന്തുണ്ട് നമുക്ക് കൈമാറാൻ?

    ReplyDelete