Monday, 25 August 2014

ഒരു ചെറിയ നിശാഗാനം

15.01.2008

https://www.youtube.com/watch?v=Qb_jQBgzU-I എന്ന ലിങ്ക് തുറക്കുമെങ്കിൽ സംഗീതസാമ്രാട്ട് വോൾഫ്ഗാങ്ങ് അമദെവൂസ് മൊസ്സാർട്ടിന്റെ വിശ്വവിഖ്യാതവും ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നതുമായ Eine kleine Nachtmusik (ഒരു ചെറിയ നിശാഗാനം - the Serenade in G major, 1787) ആസ്വദിക്കാം.

എന്റെ ശ്രീമതി സ്വസ്ഥമായി ഉറങ്ങാൻ കിടക്കുകയാണ്. ഞാൻ കട്ടിലിന്റെയോരത്ത് ഇരിക്കുന്നുണ്ടെന്ന് അവൾക്കറിയാം. ആ ഇരുപ്പ് ഏറെനേരം തുടരുമെന്നും അതിനോടിടയിൽ അവളുറങ്ങിപ്പോകുമെന്നും അവൾക്കറിയാം. എന്നാലും അവൾ ചോദിക്കും, എന്തെടുക്കുവാ? ദിവസം മുഴുവൻ പലതായി കണ്ടവയെ ഒന്നാക്കാൻ ശ്രമിക്കുകയാണ്, ഞാൻ പറയും. എന്തൊക്കെ? എന്നവൾ വീണ്ടും കുസൃതിയോടെ ചോദിക്കും. ഓരോ ദിവസവും ഓരോ വിധത്തിലായിരിക്കും കടന്നുപോയത്. അക്കൂടെ ഇടപെട്ട ആളുകളും ചെയ്ത പണികളും വായിച്ച പുസ്തകങ്ങളും കുത്തിക്കുറിച്ചവയുമൊക്കെ കാണും. അസ്വാരസ്യങ്ങളും ചെറിയ കെറുവുകളും വിരളമായി ആശയപൊരുത്തക്കേടുകളും ഉണ്ടായേക്കാം. എന്നാൽ അവയെല്ലാം ഒരു സമഗ്രതയുടെ ചെറിയ അംശങ്ങളായിരുന്നു, കാലുഷ്യമുണ്ടാക്കി മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കേണ്ടതൊന്നും അക്കൂടെയില്ലായിരുന്നു എന്ന് തീര്ച്ച വന്നില്ലെങ്കിൽ വരുത്താനാണ് ഉറങ്ങുംമുമ്പുള്ള ആ നിവർന്നിരിക്കൽ എനിക്കുപകരിക്കാറ്‌. മിക്കവാറും എല്ലാം അപ്പപ്പോൾ തീരുകയാണ് പതിവ്. ഒന്നും ബാക്കിയിരിപ്പില്ല എന്നുറപ്പുവരുത്താനാണ് അൽപനേരം വെരുതേയിരിക്കുന്നത്. എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന പ്രപഞ്ചോർജ്ജം വന്നു പൊതിയട്ടെ എന്നാഗ്രഹിച്ച് വെറുതേ ഇരുന്നാൽ മതി. വെളിച്ചത്ത് കണ്ടതിലെല്ലാം ഉണ്ടായിരുന്നത് ഒന്നായിരുന്നു എന്നയറിവ് ഇരുട്ടത്ത് ഉള്ളിൽ വന്നു നിറയും - ആ അറിവാണ് സന്തുലിതാവസ്ഥയെ കൊണ്ടുവരുന്നത്.

എന്റെ ഇഷ്ടതൂലികയായ സി. രാധാകൃഷ്ണനെ വായിക്കുമ്പോൾ ആദ്യമൊക്കെ ഞാൻ ചിന്തിച്ചിരുന്നു, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗ്യരഥ്യയിലൂടെ നടക്കാൻ എനിക്കായില്ല എന്ന്. ഇന്ന് ഞാനങ്ങനെയല്ല വിചാരിക്കുന്നത്. അദ്ദേഹമെഴുതുകയും ഞാനത് വായിച്ച് ആസ്വദിക്കുകയും എന്നത് അതിലും സുന്ദരമല്ലേ എന്നാണ്. അന്യർ സൃഷ്ടിക്കുന്ന സൗന്ദര്യത്തിന്റെ ലഹരി ആസ്വദിക്കാനാവുക ഒരനുഗ്രഹമാണ്‌. പക്ഷികൾ ദീർഘദൂരം കൂടിപ്പറക്കുമ്പോൾ, ഇംഗ്ളീഷ് V ചരിച്ചിട്ട ആകൃതിയിൽ അവ ഒന്നോടൊന്നു ചേർന്ന് മുന്നോട്ടുപോകുന്ന പതിവുണ്ട്. വായുമർദ്ദം ലഘൂകരിക്കുന്നു എന്നതാണ് അതിന്റെ ഫലം. ഏതു പക്ഷി എവിടെ നില്ക്കുന്നു എന്നത് അപ്രധാനമാണ്. എന്നാലും മുമ്പിൽ പോകുന്നതിന് കൂടുതൽ മർദ്ദത്തെ ചെറുക്കേണ്ടതുണ്ട് എന്നതിനാൽ ആ സ്ഥാനം അവർ മാറിമാറി എടുക്കണമെന്നും അവയ്ക്കറിയാം. പ്രകൃതിയിൽ എന്ത് എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നത് നിഗൂഢമായ ഒരാന്തരീയലയത്തിന്റെ ഭാഗമാണ്. അത് അങ്ങനെയാണെന്ന അവബോധം എല്ലാ സംഭവങ്ങളെയും വരുന്നതുപോലെ സ്വീകരിക്കാൻ ഉതകുന്ന ഒരു മാനസികാവസ്ഥയെ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

സ്വതന്ത്ര വിഹായസിൽ ഒരുമിച്ചു പറക്കുന്ന പക്ഷികളിൽ ഒന്ന് മാത്രമാണ് ഞാൻ എന്നയറിവ് വിലമതിക്കാനാവാത്ത ഒരു നിധിയാണ്‌. ആത്മാവിൽ സംഘർഷമില്ലാതെ ജീവിക്കുക ഒരു കലയാണ്‌. ഇതോടോത്തുപോകുന്ന, ഭൗതികതയും ആദ്ധ്യാത്മീയതയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്, ഗീത മനസ്സിരുത്തി വായിക്കുന്നവർക്ക് കിട്ടുന്നത്. അതിൽ നിഷ്ഠകളോ ശാഠൃങ്ങളോ ഇല്ല. കലുഷിതമായവയുടെ നടുവിൽ സ്വച്ഛന്ദ്യമനുഭവിക്കുക - അതാണ്‌ സന്തുഷ്ടകരമായ ജീവിതത്തിന്റെ താക്കോൽ.

ഞാനിതൊക്കെ അവളോട്‌ വളരെ ലളിതമായി പറഞ്ഞുകൊണ്ടിരിക്കേ ആറായിരത്തി അഞ്ഞൂറ് km അപ്പുറത്തുനിന്ന് മൂത്ത മകൻ വിളിച്ചു. 'വിളിക്കണം, അമ്മക്ക് നിന്റെ സ്വരം കേൾക്കണം' എന്ന് ഒരു മെയിൽ വിട്ടതിന്റെ ഫലം. അവൾ ചോദിച്ചതിനൊക്കെ ചുരുങ്ങിയ ഉത്തരം കിട്ടിയപ്പോൾ, ഇതിൽ കൂടുതൽ അവനൊന്നും പറയില്ല എന്നറിഞ്ഞുകൊണ്ട്‌ അവൾതന്നെ സംസാരം നിറുത്തി. 'തനി അപ്പൻ' എന്നൊരു കമന്റും. ആരോടും ആവശ്യത്തിൽ കവിഞ്ഞൊന്നും മിണ്ടാത്തവരാണ് ഞാനും മകനും. തമ്മിലും അങ്ങനെത്തന്നെ. ഒരു വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. റ്റെലെഫോണിൽ സംസാരിക്കാറേയില്ല. ആവശ്യം തോന്നുമ്പോൾ എന്തെങ്കിലും വായിക്കാനുള്ളത് കൈമാറാൻ മെയിൽ ഉപയോഗിക്കും. ഞങ്ങൾക്കത് ധാരാളമാണ്. അത്യാവശ്യമാണ് ആഗ്രഹത്തിന്റെ അളവ് എന്നതാണ് ഞങ്ങളുടെ നയം. അത് പുറത്തേയ്ക്കുള്ള വാതിലുകളെ മിക്കപ്പോഴും ചാരിയിടുമെങ്കിലും ഉള്ളിലൊരാകാശം എപ്പോഴും തുറന്നുകിടക്കാനുപകരിക്കും. അത്തരമൊരു ആകാശവ്യാപ്തിയുടെ അനുഭവമുണ്ടാകാൻ, കൂട്ടംകൂടി പറക്കുന്ന പക്ഷികളിലൊന്നായി സ്വയം സങ്കല്പിച്ചുകൊണ്ട്, അമദെവൂസ് മൊസ്സാർട്ടിന്റെ ആ ചെറിയ നിശാഗാനം ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കൂ. അതാസ്വദിച്ചുകൊണ്ട്‌ എത്രയായിരങ്ങൾ കുളിർമയോടെ ഉറങ്ങിയിട്ടുണ്ടാവണം!

Tel. 9961544169 / 04822271922

5 comments:

  1. Everything, except the rule ‘everything changes’ changes. Last day, I was riding through an emerging Indian city. On the way I saw a hoarding outside a School Compound which read, ‘No home works, no tuition’. Then … then … what business will be going on inside? Do they mean no books and no teachers too? I asked myself again and again. “Education is not the filling of a pail, but the lighting of a fire.” That is what William Butler Yeats, once said. Could he be the patron of this School? I thought. However, I felt my consciousness murmuring ‘Cool down man….you are yet to hear more of the same’. May be everything part of an emerging culture, I thought. I knew that overloading children with homework and tuition are forbidden in some advanced countries. I found myself unable to accept it for I still could not forget a Dad in USA finding it hard to get a space for communicating with his daughter, who every time was found busy on her mobile. What that disturbs me are the possible accompanying damages that follow. In those practical countries, where food means junk, shelter means a concrete box and dress means something transparent, things are not as pleasant as we envision. They are not going to continue long without ‘love parlours’ on every nook and corner, which sell loving words for cash. Essentials in human life have already been forcefully replaced across the world … yes, replaced with TV, Internet and Smart phone. There is perfect order everywhere as we see the world. Carlos Fuentes said, “Perfect order is the forerunner of perfect horror.” How meaningful his comment is!
    According to psychologists, the major cause of divorce by 2018 will be the smart phone. That is, our future is going to be a paradise of parentless children. Already friends and family members turn so close and yet so far at a time. The smart phone today is not dissimilar to opium in the last century. It kills off our communication skills, and poisons our hearts and souls. You don’t have to wonder any more why so many young people don’t read, can’t spell or write decently and are often inarticulate. Thanks to TV, evening home prayers have disappeared. Thanks to computer, a family never sits together for the dinner. Now, people cannot think about a city without Wi-Fi. Thanks to internet, books and teachers also are disappearing, so are values and our capacity to love. A 24 hours power cut may end up psychologically killing many. Is humanity advancing or slowly perishing?

    ReplyDelete
  2. ശ്രീ.സാക്കിന്റെ ഓരോ വാക്കും വലിയ ലിബറേഷൻ ആണ് തരുന്നത്. എപ്പോഴോ ഞാനും ഇതൊക്കെ പരീക്ഷിച്ച പോലൊരു തോന്നൽ. വായനയുടെ ലഹരിയും അതുതന്നെയാണല്ലോ; എന്റെ മാത്രം ചില സത്യാന്വേഷണ പരീക്ഷണങ്ങൾ മറ്റൊരാളുടെ തൂലികയിൽ കണ്ടെത്തുക. വായനയോട്‌ ഏറെ ആഭിമുഖ്യമുള്ള കുറച്ചു നല്ല മുതിർന്ന സുഹൃത്തുക്കൾ എന്നോടത് പങ്കുവച്ചിട്ടുമുണ്ട്.

    സമകാലിക മലയാളം വാരികയിൽ, "ജീവിതം എന്നെ എന്തു പഠിപ്പിച്ചു?" എന്നൊരു ശീർഷകത്തിൽ, സമൂഹത്തിന്റെ മുഖ്യധാരയിൽ ഉള്ളവരും അല്ലാത്തവരുമായ വ്യക്തികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു പംക്തി ഉണ്ടായിരുന്നു. വിവിധ വ്യക്തികളുടെ അന്വേഷണത്വര എവിടെയൊക്കെയോ സംഗമിക്കുന്നുണ്ട് എന്ന് പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ, ആ ചെറിയ കോളം വായിക്കുംബോഴുള്ള ലഹരി വർദ്ധിച്ചു. ശ്രീ. സാക്കിന്റെ രചനകൾക്കും അത്തരമൊരു ലഹരി എനിക്ക് തരാനാകുന്നുണ്ട്. ആ ലേബലിൽ തന്നെ ഒരു പംക്തി നമ്മുടെ പ്രണവത്തിലും ആരംഭിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.

    ReplyDelete
    Replies
    1. "ജീവിതം എന്നെ എന്തു പഠിപ്പിച്ചു?" ഞാനും കൌതുകപൂർവ്വം വായിച്ചിരുന്നു. രസമുള്ളത്, അതെഴുതിയിരുന്ന വിഖ്യാതരുടെ കാഴ്ച്ചപ്പാടുകളേക്കാൾ വായനാസുഖം തന്നിരുന്നതും സത്യസന്ധമെന്നു തോന്നിപ്പിച്ചിരുന്നതും അത്ര വലിയ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരായിരുന്നില്ല എന്നതാണ്. എനിക്കിഷ്ടപ്പെട്ടവ കണ്ടിച്ചെടുത്തു സൂക്ഷിക്കുമായിരുന്നു. എവിടെയോ ഉണ്ട് ഇപ്പോഴും. ഏറ്റവും നല്ലതായി എനിക്ക് തോന്നിയത് ബാലചന്ദ്രമേനോൻ കുറിച്ചതായിരുന്നു. കണ്ടുകിട്ടിയാൽ ഞാനതിവിടെ പകർത്താം.

      Delete
  3. ജീവിതത്തില്‍ നിന്ന് ഒന്നും പഠിക്കാതിരുന്നെങ്കില്‍ എന്നെ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുള്ളൂ, അതെ സമയം ജീവിതത്തെ ഗ്രഹിക്കാന്‍ കഴിഞ്ഞുരുന്നുവെങ്കില്‍ എന്നും. ഏകാന്തതയില്‍ പ്രകൃതിയോടൊത്ത് പ്രകൃതിയുടെ വികൃതികളും ആസ്വദിച്ച് ആയിരിക്കുക എന്നത് ആരെയും ത്രസിപ്പിക്കുന്ന ഒരനുഭവമാണ്. പ്രകൃതിയില്‍ യാതൊന്നും ഭംഗിയില്ലാത്തതായില്ല. കഴിഞ്ഞ ദിവസം ഒരു പ്രായം ചെന്ന ആര്യവേപ്പിന്റെ തായ്ത്തടിയുടെ ചിത്രം ഞാന്‍ മൊബൈലില്‍ പകര്‍ത്തി നോക്കി. നോക്കിയാല്‍ വരണ്ടു വിണ്ടു കീറിയ തൊലി, പക്ഷെ, ഞാനാ ചിത്രം കണ്ടപ്പോള്‍ വളരെ അതിശയം തോന്നി. എത്ര മനോഹരമായ രൂപ കല്‍പ്പന! സൂഷ്മതയോടെ ശ്രദ്ധിച്ചാല്‍ ചുറ്റും നിന്നും കേള്‍ക്കുന്ന ഓരോ ശബ്ദത്തിലും സംഗിതം കേള്‍ക്കാം. പ്രപഞ്ചത്തിന്റെ ഈ മുഗ്ദവൈദഗ്ദ്യം തിരിച്ചറിഞ്ഞവര്‍ക്ക് ഇതൊരു ലഹരിയാണ്. ഈ ലഹരി നുകര്‍ന്നവര്‍ അതിനു വേണ്ടി പരക്കം പായും.
    പ്രകൃതിയുടെ മടിയില്‍ അമ്മിഞ്ഞയും നുകര്‍ന്നിരുന്നു തത്വ ശാസ്ത്രങ്ങളുടെ കുരുക്കഴിക്കാന്‍ എളുപ്പമാണ്. ഓരോന്നിനുമുള്ള ഒരേ ഒരര്‍ത്ഥം അപ്പോഴേ ഗ്രാഹ്യമാവൂ. പ്രകൃതിയില്‍ എല്ലാവരും ഒന്നാണ്, ഒരേ പോലെ ചിന്തിക്കുന്നു; അകലും തോറും നാം നമ്മില്‍ നിന്ന് തന്നെ അകലുന്നു, അവിടെ കണ്ഫൂഷ്യന്‍ മാത്രമേ കാണൂ. എന്ത് ചെയ്താലും തൃപ്തിയും കാണില്ല. തലച്ചോറു വാക്കുകളിലൂടെ വിളമ്പുന്ന സ്നേഹത്തില്‍ യുക്തി മാത്രമേ ഉള്ളൂ, അടുത്ത വാവ് വരെ അത് നില്‍ക്കണമെന്നുമില്ല. പിന്നിടാവാം എന്ന് പറഞ്ഞു നാം വേണ്ടെന്നു വെയ്ക്കുന്ന പായസം കിട്ടുമ്പോഴെല്ലാം വാരി വലിച്ചു കുടിച്ചിട്ട്‌ വിസ്തരിച്ചഭിപ്രായം പറയുന്ന സാക്കിനെപ്പോലുള്ളവരോട് എനിക്ക് അസൂയ ഉണ്ടോന്നു ചോദിച്ചാല്‍ ഉണ്ട്.

    ReplyDelete
  4. 'ജീവിതം എന്നെ എന്ത് പഠിപ്പിച്ചു' എന്നതിന്റെ ചില താളുകൾ കണ്ടെത്തി. അവയിൽനിന്ന് ചിന്താദ്യോതകമായ ചില കുറിപ്പുകൾ താഴെ.

    1. മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും പേരിൽ സ്നേഹമോ അവകാശങ്ങളോ ചോദിച്ചുവാങ്ങാൻ മുതിരാതിരിക്കുക. ചുറ്റും നനച്ചുകൊണ്ട് ഒഴുകാനേ നമുക്കവകാശമുള്ളൂ. - ഡോ. ഖദീജാ മുംതാസ്

    2. പഠിച്ചതൊന്നും പഠിപ്പല്ല; പഠിക്കാനുള്ളതിലേയ്ക്കുള്ള വഴി മാത്രം. - ജോണ്‍ പോൾ

    3. തിരക്കുകൾ ജീവിതത്തെ വേഗത്തിലാക്കുന്നു, ഒപ്പം ചെറുതും. തിരക്കില്ലാതെ ജീവിക്കുന്നവർ - ഗ്രാമീണരും വനവാസികളും - കൂടുതൽ ജീവിക്കുന്നു. - അഡ്വ. കാളീശ്വരം രാജ്

    4. യഥാർഥ മനീഷികളെപ്പോലും പണ്ടുള്ളവർ 'തരക്കേടില്ല' എന്നേ പ്രശംസിച്ചിട്ടുള്ളൂ. ഇന്ന് എല്ലാ അൽപവിഭവന്മാരും ആശ്ളേഷിക്കപ്പെടുന്നത് ഫാബുലസ്, ഫന്റാസ്റ്റിക്, ബ്രില്ല്യന്റ് എന്നൊക്കെയാണ്. സുകൃതക്ഷയം! - വി. കലാധരൻ

    5. ചൈനീസ് പഴമൊഴിപോലെ,പുരുഷൻ മതം, സമൂഹം, രാഷ്ട്രീയം എന്നീ മൂന്ന് മേല്ക്കോയ്മകൾക്ക് കീഴ്പ്പെട്ടിരിക്കുന്നെങ്കിൽ, സ്ത്രീ നാലമാതൊന്നിനുകൂടി കീഴ്പ്പെട്ടിരിക്കുന്നു - പുരുഷമേൽക്കോയ്മ. അത് സ്ത്രീയുടെ മുന്നേറ്റത്തെ കൂടുതൽ ശ്രമകരമാക്കുന്നു. - ഡോ. മേരി ജോര്ജ്

    6. എനിക്ക് നല്ലത് വരുത്തണേ എന്ന് വിലപിക്കുന്ന സ്വാർഥരായ മനുഷ്യരോടൊക്കെ ദൈവത്തിന് എന്തുമാത്രം പുച്ഛമായിരിക്കും! - കമൽ

    7.കണ്ണില്ലാത്തവർക്ക് ദൃശ്യവസ്തുക്കളാകുന്നവരാണ് ഏറ്റവും വലിയ വിഡ്ഢികൾ. -- ZachN

    ReplyDelete