Sunday, 17 August 2014

സ്വരലയം

ഒരു സ്വപ്നത്തിലെ കഥയല്ല, കഥയിലെ സ്വപ്നമാണ് എന്നേറ്റുപറഞ്ഞുകൊണ്ടുതന്നെ ഈ അനുഭവം വെളിപ്പെടുത്തുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍നിന്നാണ് ഇതിന്റെ ഊടും പാവും ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നതുകൊണ്ടാണ് പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സിലിതു മായാതെ കിടക്കുന്നത്. ഇതിലെ സ്ഥലകാലസാന്നിദ്ധ്യങ്ങളെ അറിയാത്തവര്‍ക്ക് ഇതിന്റെ ഉള്ളുകള്ളികള്‍ അത്രയൊന്നും മനസ്സിലായെന്നുവരില്ല. എന്നിരുന്നാലും, ഉണ്മയില്‍ നിന്ന് ശൂന്യതയെ നെയ്തെടുക്കുകയാണോ, ശൂന്യതയില്‍ നിന്ന് ഉണ്മയെ സൃഷ്ടിക്കുകയാണോ ഒരു സ്വപ്നത്തിന്റെ പണി എന്ന് ചിന്തിക്കാന്‍ ഇത് പ്രേരകമായേക്കാം. രണ്ടുംകൂടിയാണ് എന്നാണെന്റെ നിഗമനം.

സസ്യവേലികളുടെ ഗ്രാമം എന്നര്‍ത്ഥം വരുന്ന Hägendorf-ല്‍ (Switzerland) നിന്ന് ആയിരം മീറ്ററോളം ഉയരമുള്ള അല്ലെർഹൈലിഗെൻബെർഗ്  (Allerheiligenberg) എന്ന കുന്നിന്മുകളിലേയ്ക്ക് ഒറ്റയ്ക്ക് നടക്കുകയാണ് ഞാന്‍. ഏപ്രില്‍ മാസത്തിലെ ഇളംചൂടുള്ള ഒരു ദിവസം. സസ്യങ്ങളായ സസ്യങ്ങളെല്ലാം തളിര്‍ത്തും പൂവിട്ടും വസന്തത്തിന്റെയാഗമനം അറിയിക്കുന്നുണ്ട്. കിളികളെല്ലാം ഉല്ലസിച്ച് ബഹളംവയ്ക്കുന്നുണ്ട്‌. നായ്ക്കളെ നടക്കാന്‍ കൊണ്ടുപോകുന്നവര്‍, അന്യര്‍ അടുത്തുവരുമ്പോള്‍, അവയെ തുടലില്‍ കുരുക്കുകയും പിന്നീട് അഴിച്ചുവിടുകയും ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് അവ കാഷ്ടിക്കുന്നത് ചെറിയ പ്ളാസ്റ്റിക് കൂടിനുള്ളിലാക്കി, വഴിയരുകില്‍ അതിനായി സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലിടുന്നത് കാണാം. മറ്റ് നടത്തക്കാര്‍ക്ക് അസഹ്യമാകുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന മര്യാദയുടെ പ്രതിഫനലങ്ങളാണ് ഇതൊക്കെ. തിരിച്ചു വീട്ടിലേയ്ക്ക് ലൈന്‍ബസ്സില്‍ പോകാമെന്ന് ഞാന്‍ കരുതി.

Allerheiligenberg ൽ നിന്ന് ബസില്‍ കയറി ഞാന്‍ Kantonsspital Olten വരെയുള്ള റ്റിക്കറ്റെടുത്തു. Hägendorf -ല്‍ നിന്ന് 11 കി.മീ. അകലെക്കിടക്കുന്ന ടൌണ്‍ ആണ് ഓള്‍ട്ടന്‍. ‌കിഴുക്കാംതൂക്കായി പോകുന്ന വഴിയിലൂടെ ഇറങ്ങി വലിയ മണിമാളികയുള്ള ഒരു കെട്ടിടത്തിനടുത്ത് ബസ്സ്‌ നിറുത്തിയപ്പോഴാണ് സ്വപ്നകരമായ ഒരനുഭൂതിയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണരുന്നത്. അദ്ഭുതമെന്നേ പറയേണ്ടൂ, ആ ചുരുങ്ങിയ സമയംകൊണ്ട് മറ്റെവിടെയെല്ലാമോ ഞാന്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. മുംബയില്‍ ലോവര്‍ പരേലില്‍ ഒരു സിന്ധി കോളനിയുണ്ട്. അതിന്റെ കിഴക്കുഭാഗത്ത് ഒരു കുന്നുണ്ട്. ഞാന്‍ വളരെക്കാലം കയറിയിറങ്ങിയിട്ടുള്ള ആ തിട്ടയാണ് എന്തുകൊണ്ടോ എന്റെ മനസ്സിലപ്പോള്‍ തെളിഞ്ഞുവന്ന ദൃശ്യം. അവിടെ നിന്ന് പുറപ്പെടുന്ന ബെസ്റ്റ് (Bombay Electricity and State Transport) -ന്റെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ എത്ര തവണയാണ് ഞാന്‍ ഓടിക്കറിയിട്ടുള്ളത്. ആ ഓര്‍മ്മകളെ ലാളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ബസ്സില്‍നിന്നിറങ്ങി, വീണ്ടും ഏകാകിയായി അല്പംകൂടെ നടക്കാനാഗ്രഹിച്ച്, മുകളിലേയ്ക്ക് കയറുന്ന ഒരു നടപ്പാതയിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങി. അവിടെയടുത്ത്, Platz der Stille (വിശ്രാന്തിയുടെ സ്ഥലം) എന്നറിയപ്പെടുന്ന, ലോവര്‍ പരേലിലേതിനു സമാനമായ, നിരപ്പേല്‍ ഒരു കൊച്ചു ലൈബ്രറിയുണ്ട്. ഞാനവിടെ കയറി. ഒരു ഹാളില്‍ പൊതുപരിശീലനത്തിനായി വച്ചിരിക്കുന്ന ഒരു പിയാനോയില്‍, മുമ്പില്‍ പാശ്ചാത്യരീതിയില്‍ നോട്ടെഴുതിയ കടലാസില്‍ നോക്കി, വായിക്കുന്നതാരെന്നോ? സാക്ഷാല്‍ നിത്യചൈതന്യയതി! ബേതോവെന്റെ Für Elise (For Elise) എന്ന ഗീതമാണദ്ദേഹം ഒപ്പിച്ചെടുക്കാന്‍ നോക്കുന്നത്; പക്ഷേ അത്ര ശരിയാകുന്നില്ല. അടുത്തുചെന്നുനിന്ന്, ശ്രദ്ധിച്ചുകൊള്ളട്ടേയെന്നു ചോദിച്ച് ഞാന്‍ ഒന്നു ചിരിച്ചു. ആഹാ, ഇതാര്, ഇവിടെയടുത്താണോ താമസം എന്നെന്നോട് ചോദിച്ചുകൊണ്ട് അദ്ദേഹമെഴുന്നേറ്റു. സ്വിറ്റ്സര്‍ലന്റില്‍ വന്നതിന്റെ ഉദ്ദേശ്യവും മറ്റും എന്നോട് വിവരിച്ചുകൊണ്ട്, എന്റെകൂടെ ചുരം കയറി കൂടെനടന്നു. Olten -ല്‍ ഉള്ള ബെനെഡിക്റ്റിന്‍ ആശ്രമത്തിലാണ് താമസം, വാടകയല്പം കൂടുതലാണ് എന്നൊക്കെ പറഞ്ഞു. എന്റെ വീട്ടില്‍ വന്നു തങ്ങാം, ആ കാണുന്ന ഗോപുരത്തിനടുത്താണ് എന്നൊക്കെ ഞാനും പറഞ്ഞു. വീട്ടില്‍ വരാമെന്ന് മാത്രം അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു. പള്ളിയറ ശ്രീധരനെഴുതിയ 'ഗണിതം രസകരം' എന്ന കൊച്ചു പുസ്തകം എന്റെ ആണ്‍കുട്ടികള്‍ക്ക് സമ്മാനിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. കുട്ടികളെ ഒരു കണക്കു പഠിപ്പിക്കാന്‍ വേണ്ടി ഒരദ്ധ്യാപകന്‍ പറയുന്ന കഥയില്‍ ഒരൊസ്യത്തിന്റെ വിവരണം ഇങ്ങനെയാണ്: "ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍, ഭാര്യയുടെ വിഹിതത്തിന്റെ ഇരട്ടി അവന്. പെണ്‍കുഞ്ഞാണെങ്കില്‍, നേര്‍പകുതി." ഇത് കണ്ടതേ, ഞാന്‍ വാചാലനായി.

"വായിച്ചു പോകുന്നവര്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്ക്, ഒന്നും തോന്നുന്നില്ലെന്നായിരിക്കാം ഗ്രന്ഥകാരന്റെ ഭാവം. എന്നാലദ്ദേഹത്തിനു തെറ്റി. ചെയ്യുന്നതെന്തെന്നറിയാതെ, ധാരാളമെഴുത്തുകാര്‍ ഇത്തരം വികൃതഭാഷ്യങ്ങള്‍ തൊടുത്തുവിടാറുണ്ട്‌. എന്നിട്ട്, പൊതുവേദികളിലും മാധ്യമങ്ങളിലും ആണ്‍-പെണ്‍ തുല്യതക്കുവേണ്ടി പടുവായ്‌ കീറും." അല്പം കുപിതനായി ഞാന്‍ പറഞ്ഞു. ഗുരു എതിരൊന്നും പറഞ്ഞില്ല.

നിത്യചൈതന്യ യതിയുടെ കൃതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്, പലതും പഠിപ്പിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യരുടെ വിവേകചൂടാമണിയുടെ വിശദീകരണമായി യതി എഴുതിയ വേദാന്തപരിചയം (രണ്ട് വലിയ വാല്യങ്ങള്‍‍) എടുത്തുപറയേണ്ടതാണ്‌. ഇരുപതു വര്‍ഷമെടുത്തു ഇവ പൂര്‍ത്തിയാക്കാന്‍. അതും 1999 ല്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്. ഊട്ടിയില്‍ നടരാജഗുരു ഗുരുകുലം സ്ഥാപിക്കുകയും യതി അതിന്റെ സാരഥിയാകയും ചെയ്തശേഷം, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ അവിടെവച്ച് പരിചയപ്പെട്ടു. അന്ന് അടുത്തുള്ള ഒരു വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിന് ചുറ്റുംകൂടി നിന്നിരുന്നു. അത് ഞാന്‍ ഓര്‍ത്തിരിക്കാന്‍ പ്രധാന കാരണം, അവിടെ അന്ന് കണ്ട ഒരു പെണ്‍കുട്ടിയുടെ മായാത്ത രൂപമാണ്. കഷ്ടിച്ച് നാല് വയസ് കാണും അവള്‍ക്ക് പ്രായം. പേര് തെരേസ്. അവള്‍ നടക്കുന്നതും ചെയ്യുന്നതുമെല്ലാം നൃത്താത്മകമായിരുന്നു. എന്തൊരു താളലയം! അങ്ങേയറ്റം സഹജമായ അവളുടെ ആ വശ്യത പിന്നീടൊരിക്കലും എനിക്ക് മറക്കാനായിട്ടില്ല. പ്രകൃതിയില്‍ സ്ഥായിയായി ഒരു താളാത്മകഭാവം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ആദ്യം കാണിച്ചു തന്നത് ആ കൊച്ചു പൈതലാണ്. എന്തുകൊണ്ടെന്നറിയില്ല, "Für Elise" കേള്‍ക്കാനിടവരികയോ അത് മൂളിക്കൊണ്ട് നടക്കുകയോ ചെയ്യുമ്പോഴെല്ലാം, ആ കുഞ്ഞിന്റെ അഴകേറിയ രൂപവും ഭാവങ്ങളും എന്നിലേയ്ക്ക് കടന്നുവരികയും എനിക്കുണ്ടാകുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങളായിരിക്കാന്‍ കൊതിക്കയും ചെയ്തുകൊണ്ടിരുന്നു.

രസകരമായ ഒരു കഥയുണ്ട് Für Elise യുടെ സൃഷ്ടിയെപ്പറ്റി. Beethoven അതെഴുതിയത്, അദ്ദേഹം സ്നേഹിച്ചിരുന്ന ഒരു തെരേസിനുവേണ്ടിയായിരുന്നു. അവള്‍ കൈവിട്ടുപോയപ്പോള്‍, Für Theres എന്നത് Für Elise എന്ന് മാറ്റിയതാണത്രേ.

തീരെ പരിമിതമായ സ്വരങ്ങള്‍ കൊണ്ട്, A minor scale -ല്‍ അതിലളിതമായ, എന്നാല്‍ ശ്രുതിമധുരമായ ലയത്തെ സൃഷ്ടിക്കുകയാണ് ബേതോവെന്‍ അതിലൂടെ സാധിച്ചിരിക്കുന്നത്. സഡ്ജത്തില്‍ നിന്ന് വലിയ നിഷാദത്തിലേയ്ക്ക് ഒഴുകിയിറങ്ങുമ്പോളുണ്ടാകുന്ന അരസ്വരത്തിന്റെ (half note) ആവര്‍ത്തനംകൊണ്ട് വിഷാദാത്മകമായ ഒരനുഭൂതിയുണ്ടാക്കുന്ന സൂത്രമാണിതില്‍ പ്രയോഗിച്ചിരിക്കുന്നത്. പല്ലവിയുടെ ആരംഭം ഇങ്ങനെ:



ചരണത്തിലേയ്ക്ക് വരുമ്പോള്‍, ഊട്ടിക്കാരി കൊച്ചുതെരേസിന്റെ നൃത്തഭംഗികളാണ് എന്നുള്ളില്‍ നിറയുക. കീര്‍ത്തികേട്ട ഈ റ്റ്യൂണ്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:http://www.youtube.com/watch?v=yAsDLGjMhFI&feature=related 
ലിങ്ക് തുറക്കുമ്പോള്‍, ജൂലിയ ഫിഷെര്‍ പിയാനോയില്‍ ഈ സംഗീതം വായിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ മനോഹരമാണ്, അവരുടെ ശരീരം മുഴുവന്‍ സംഗീതത്തിനൊത്ത് താളാത്മകമാകുന്നതും കൈവിരലുകള്‍ കട്ടകളില്‍ ഒട്ടും മര്‍ദ്ദം ചെലുത്തുന്നതായി തോന്നിക്കാതെ, നൃത്തംവച്ച് ഒഴുകിയൊഴുകി മാറുന്നതും കാണുക. അവളുടെ ശരീരം മുഴുവന്‍, ഊട്ടിയില്‍ വച്ച് എന്റെയകതാരില്‍ കടന്നുകൂടിയ പെണ്‍കുഞ്ഞിനെപ്പോലെ, ഒരു സുന്ദരഗീതത്തിലെ താളവും ലയവുമായി മാറുന്ന അത്യപൂര്‍വമായ  അനുഭവമാണ് കാണികളിലും ശ്രോതാക്കളിലും സൃഷ്ടിക്കുന്നത്.

കൂടുതൽ സംഗീതാസ്വാദനം ആഗ്രഹിക്കുന്നവർക്കായി ഒരു ലിങ്ക്കൂടെ തരാം.
Für Elise glass harp ൽ വായിക്കുന്നത് അനുഭവിച്ചറിയുക. 
https://www.youtube.com/watch?v=47TGXJoVhQ8

No comments:

Post a Comment