Thursday, 28 August 2014

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.

വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007ൽ 
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. സംഭവം നേരേ തിരിച്ചാണെന്നാണ് അവന്റെ മതം. അത് പോകട്ടെ. 

ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? 
എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ് എന്നേ എനിക്ക് കരുതാനാവൂ. ഒന്നും ഞാനാഗ്രഹിക്കുന്നതുകൊണ്ടോ ഞാനറിഞ്ഞോ സംഭവിക്കുന്നതല്ല. അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ് എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ. ഹാ, ഹാ! ആർക്കും ആരുമായിരിക്കാമായിരുന്നുവെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയെങ്കിലുമാണ് ഞാൻ. പക്ഷേ, അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. അപ്പോൾ, എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

2 comments:

  1. പ്രണവത്തിലൂടെ മിഴികള്‍ തുറക്കാന്‍ സാക്ക് കാണിക്കുന്ന സൌമാനസ്യത്തിനു നന്ദി. ആസ്വദിക്കുകയും അത് ഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെങ്കിലും ഉണ്ടങ്കില്‍ സാക്ക് സന്തുഷ്ടനാണെന്നും അറിയാം. ഡയറി എഴുതി തുടങ്ങാത്തവര്‍ എഴുതി തുടങ്ങണം എന്നാണ് എനിക്കും പറയാനുള്ളത്. പണ്ട്, 1975 ല്‍ ഞാനൊരു ഡയറി എഴുത്ത് തുടങ്ങി. അതില്‍ തത്വ ചിന്തയോ മൂല്യ iവിദ്യാഭ്യാസമോ ഒന്നും ഇല്ലായിരുന്നു. ഓരോ ദിവസവും ചുറ്റുപാടും നടക്കുന്ന സാമൂഹ്യ കാര്യങ്ങളും എന്‍റെ കാഴ്ചപ്പാടും ആയിരുന്നത്. 365 ദിവസം തുടര്‍ച്ചയായി ഞാന എഴുതി ...നിര്‍ത്തി. ഇന്നും ആ സാധനം എന്‍റെ കൈയിലുണ്ട്. പിന്നീട് വായന തുടങ്ങിയപ്പോള്‍ അതിന്‍റെ സംഗ്രഹം കുറിച്ചെടുക്കലായി. അത് മൂന്നു വല്യ ഫയലുകളായി സൂക്ഷിക്കുന്നു. അറിവ് ഒരു ഭാരമാണെന്ന് മനസ്സിലാക്കാന്‍, അതായത് സാക്കിനെ പോലെ ആസ്വാദനത്തിന്റെ വഴിയെ നടക്കാന്‍ ഞാന്‍ മറന്ന് പോയി. അതെന്റെ ഒരു ദു:ഖം.

    ReplyDelete
  2. Tony wrote tome:

    That was interesting reading.
    I used to keep a diary when I was at school. There was a librarian at our local vayanasala, who used to write diary and I learned it from him. I used to write down all the little things happening around me. I wonder where my diaries have gone now. And that is one of the negative points. If you write down personal stuff, you don't know if it lands in to someone else.

    There are some interesting things about diary writing from the medical point. Have you seen the movie Bridgette Jones diary? It is called the Bridgette Jones effect.

    "Writing seems to help the brain regulate emotion unintentionally. Whether it's writing things down in a diary, writing bad poetry, or making up song lyrics that should never be played on the radio, it seems to help people emotionally," Dr Lieberman says.
    Those who write about an emotional experience show more activity in part of the brain called the right ventrolateral prefrontal cortex, which in turn dampened down neural activity linked to strong emotional feelings.

    Men seem to benefit from writing about their feelings more than women, and writing by hand had a bigger effect than typing. Keeping a diary, making up poetry and scribbling down song lyrics can help people get over emotional distress.

    Keep on writing !

    ReplyDelete