Sunday, 3 August 2014

എളിമ

15. 09. 2007 
വിശ്വാസമെന്നാൽ പ്രകൃതിയുടെ ഭാവങ്ങളിൽ ചിലത് മാത്രമേ നാമറിയുന്നുള്ളൂ എന്നയംഗീകാരമാണ്. ജീവൻതന്നെ പ്രപഞ്ചാദ്ഭുതത്തിനു മുമ്പിലെ വിസ്മയമാണ്. എത്ര തിരഞ്ഞു ചെന്നാലും ഒടുവിലറിയുന്നത് ഒന്നുമാത്രം - മനസ്സിന്റെ കല്പനകളല്ലാതെ ഒന്നും നാമറിയുന്നില്ല എന്ന്. ഈ കല്പനകൾ നിരന്തരം തകർന്നുകൊണ്ടിരിക്കുന്നു താനും. ശൂന്യതയാണ് ബാക്കി. അവിടെ വലിപ്പവ്യത്യാസങ്ങലുള്പ്പെടെയുള്ള എല്ലാ വൈവിദ്ധ്യങ്ങളും അസംഗതമാണ്.

എങ്കിൽ,ഏകം സത്, വിപ്രാ ബഹുധാ വദന്തി (ഒന്ന് മാത്രമായ സത്യത്തെ വിദ്വാന്മാർ പലതായി പറയുന്നു) എന്നത് മൂഢന്മാർ എന്ന് തിരുത്തണം. ഒന്നിനെ മാത്രം കാണുന്നതാണ് വിദ്യയെങ്കിൽ പലതിനെ കാണുന്നത് വിഡ്ഢിത്തമാണ്. അപ്പോൾ സ്വയം വിഡ്ഢിയായി അംഗീകരിക്കുക എന്നതാണ് സത്യം, അതാണ്‌ എളിമ. തരംതിരിവുകൾക്കനുസൃതമായി വിഹരിച്ചിട്ട് വിവേകിയെന്നു സ്വയം വിലയിരുത്തുന്നത് പോഴത്തമാണെന്ന് സാരം. 

നാം കാണുന്നതും അറിയുന്നതുമൊന്നും നിത്യസത്യത്തിൽ പെടുന്നില്ലെന്നും നാമിടപെടുന്നതെല്ലാം വിഡ്ഢികളുമായിട്ടാണെന്നും, നാമും അക്കൂട്ടത്തിൽ ആണെന്നും സത്യസന്ധതയോടെ അംഗീകരിക്കാനാവുമെങ്കിൽ മാത്രമേ നമുക്ക് എളിമയുള്ളൂ. മറ്റെല്ലാം കാപട്യമാണ്.   

Tel. 9961544169 / 04822271922

No comments:

Post a Comment