Monday, 4 August 2014

ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ

05. 07. 2007
അമ്മയാം ഭൂമി 
ഭൂമി സർവ്വ ചരാചരങ്ങളുടെയും അമ്മയാണെന്ന സാമാന്യബോധം ഉത്തമമാണ്. ആ അറിവ് അനുദിനജീവിതത്തിൽ നമുക്ക് മാർഗദർശിയായിത്തീരണം. അതിന്റെ പരിണതിയിൽ, അമ്മയായിത്തന്നെ ഭൂമിയെ ഓമനിക്കുന്ന ശീലം വളർത്തിയെടുക്കണം. എങ്ങനെ? ഭൂമിയുമായി കഴിയുന്നത്ര ശാരീരിക ബന്ധം വളർത്താൻ അവസരം കണ്ടെത്തുകയാണ് പോംവഴി. ഇത് ആത്മശരീരങ്ങൾക്ക് ആരോഗ്യദായകമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്.
നിലത്തു പായ വിരിച്ചു കിടന്നുറങ്ങുന്ന ചെറുപ്പത്തിലെ ശീലം ഞാൻ ആറു വർഷമായി വീണ്ടെടുത്തിരിക്കുന്നു. അമ്മയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന പ്രതീതിയാണ് അത് തരുന്നത്. അതിനു സാധിക്കാത്തവർ, അല്പനേരമെങ്കിലും കയ്യും വിരിച്ച്, ശരീരം കഴിവതും ഗാഢമായി നിലത്തുചേർത്ത്, കമിഴ്ന്നുകിടക്കുമ്പോൾ ഈ ബന്ധത്തിന് ഒരു സവിശേഷ ആക്കമുണ്ടാകും . മനസ്സുകൊണ്ടും സ്വയം പ്രകൃതീദേവിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അവളുടെ ചൈതന്യസമ്പത്തെല്ലാം തന്നിലേയ്ക്കു ഒഴുകിയെത്താൻ യാചിക്കുക. എല്ലാ ദാനങ്ങൾക്കും നന്ദി പറയുക. ആത്മശരീരങ്ങൾക്ക് അമ്മ വച്ചുനീട്ടുന്ന വാത്സല്യത്തെ ഇഷ്ടത്തോടെ സ്വീകരിക്കുക. ഉറക്കം കുളിർമയുള്ളതായിത്തീരും. ഇതെന്റെ അനുഭവമാണ്. 

5 comments:

  1. പ്രണവം തുടങ്ങിവെച്ച സ്നേഹിതരോട് എനിക്ക് അസൂയ തോന്നുന്നു. ഇങ്ങിനെയുള്ള നുറുങ്ങുകള്‍ എന്ത് മാത്രം ചിന്തകള്‍ പ്രസരിപ്പിക്കുന്നുവെന്നത് പറയാനാവില്ല. മനസ്സിലാക്കലിന്റെ ഒരു ഘട്ടം തുടങ്ങിയാല്‍ ആരും ഒരു ലഹരിയിലാവും, മാനുഷിക ഭ്രാന്ത് എന്നതിനെ വിളിക്കാം. ഈ ഭ്രാന്തിന്‍റെ കാലഘട്ടത്തില്‍ സദ്ഗുരുവിന്റെ ചങ്ങലയിലല്ല നമ്മളെങ്കില്‍ അപകടം ഉണ്ടാവാം. സാക്ക്‌ ഇങ്ങിനെ പിറുപിറുക്കുമ്പോള്‍ ഉന്മാദത്തില്‍ ആവുന്ന വായനക്കാരും കൂടിയുണ്ടെങ്കില്‍ പ്രണവം അര്‍ത്ഥവത്താകും സംശയം വേണ്ട. നാം നമ്മെ പ്രപഞ്ചത്തിന്റെ മടിയില്‍ സമര്‍പ്പിച്ച്‌ ആദരവോടെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുന്ന ഒരവസ്തയുടെ സുഖത്തെപ്പറ്റി സാക്ക് വീണ്ടും പറയുമ്പോള്‍ കൊതി തോന്നുന്നു. എല്ലാം മുമ്പിലുണ്ട്, പക്ഷെ, അത് സ്വീകരിക്കാനോ ആസ്വദിക്കാനോ നിര്‍ബന്ധബുദ്ധിയോടെ ശ്രമിച്ചു തുടങ്ങാന്‍ തോന്നി പോകുന്നു.
    വഴിയമ്പലത്തില്‍ വന്നു പോകുന്ന ആത്മാക്കളെപ്പോലെ ഈ ഭൂമി സന്ദര്‍ശിച്ചു പോകുന്ന നാമെന്ന മനുഷ്യര്‍ക്ക്‌ ആവശ്യം ഇത്തരം തിരിച്ചറിവുകളാണ്. യുക്തി കൊണ്ട് ഇത് കണ്ടെത്തണമെന്നില്ല. അസ്ട്രോ ഫിസിക്സില്‍ റിസേര്‍ച്ച് നടത്തുന്ന ഒരു ഗവേഷണ വിദ്യാര്തിയുമായി ഞാന്‍ അടുത്ത ദിവസം സംസാരിച്ചു. ഞാന്‍ പറഞ്ഞു, ഭാരതീയ പ്രാമാണിക ഗ്രന്ഥങ്ങളില്‍ കൂടി കടന്നു പോയാല്‍ എല്ലാം അവിടുണ്ടല്ലോ എന്ന്. അവിടെ ഇത്തരം കാര്യങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ പുതു തലമുറ എത്രമാത്രം അജ്ഞതയിലാണ് കഴിയുന്നതെന്ന് മനസ്സിലായി. ഒരു പാഠപുസ്തകത്തിലേതു പോലെ ഖണ്ഡിക തിരിച്ചു അണുവിനെപ്പറ്റി ഭാരതിയ ഗ്രന്ഥങ്ങളില്‍ ആരും കാണില്ല. അവര്‍ ഒരിക്കലും അസ്ട്രോ ഫിസിക്സിന്റെ പരിമിതികളും സാധ്യതകളും കാണില്ല. അവര്‍ക്ക് മുമ്പില്‍ ടെസ്റ്റ്‌ ട്യൂബുകളും മീറ്ററുകളും മാത്രമല്ലേ ഉള്ളൂ. പ്രകൃതി നല്‍കുന്ന അളവില്ലാത്ത അമൃത് അളന്നു കുടിക്കാന്‍ അവര്‍ നോക്കി കാത്തിരിക്കുന്നു. വേഴാമ്പലുകള്‍ക്ക് എന്നെങ്കിലും മഴ കിട്ടും, പക്ഷെ, ഇക്കൂട്ടര്‍ക്ക് ഒരിക്കലും ഒരു വര്‍ഷവും ഉണ്ടാകില്ല. സാക്കിന്റെ ഡയറി സദയം ഇവിടെ തുറന്നിടുമോ? സാക്ക്‌ ഓരോ താള് തുറക്കുമ്പോഴും ചെറുതാകുന്നതുപോലെ തോന്നുന്നു, എന്നോ കാത്തിരുന്ന ഒരു ചെറുതാകല്‍ - അത് തരുന്നത് ചൂടുള്ള ഒരു അനുഭൂതി ആണെന്നതാണ് എന്‍റെ അനുഭവം.

    ReplyDelete
    Replies
    1. കൈവെപ്പു ശുശ്രൂഷ - 14 എന്ന പോസ്റ്റിൽ ജോസഫ്ജി കുറിച്ചിരുന്ന താഴെക്കാണുന്ന ഭാഗമാണ് ഭൂമിയോടു ചേര്ന്നു കിടക്കുന്നതിനെപ്പറ്റി ഞാൻ തന്നെ കണ്ടെത്തി ശീലിച്ച തഴക്കത്തെപ്പറ്റി ഓർത്തെടുത്ത് അതിവിടെ പകർത്തിയത്. "ഗുരുക്കന്മാരുടെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നവര്‍ ഊര്‍ജ്ജവിനിമയത്തിന് ഏറ്റവും അനുയോജ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അറിയുക. ചക്രാകളുടെ മുന്‍വശത്തുള്ള കവാടങ്ങള്‍ പുറത്തേക്കും പിന്‍വശത്തുള്ള കവാടങ്ങള്‍ അകത്തേക്കും ഊര്‍ജ്ജം കടത്തി വിടുന്നു. പിന്‍ഭാഗത്തുള്ള എല്ലാ ചക്രാ കവാടങ്ങളും തുറന്നു വയ്ക്കാന്‍ കമിഴ്ന്നു കിടക്കുന്നത് സഹായിക്കും. നീണ്ടുനിവര്‍ന്നുള്ള കിടപ്പ് നാഡികളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. അഹം പൂര്‍ണ്ണമായും പാദങ്ങളില്‍ അര്‍പ്പിക്കുന്നു എന്നൊരു മൗന പ്രഖ്യാപനമാണത് പ്രണാമം." ചക്രാകളെപ്പറ്റി എനിക്കൊന്നുമറിയില്ല. അറിയാതെതന്നെ, സാഹചര്യമൊരുക്കിയാൽ ഈ ഊർജ്ജസ്രോതസ്സുകൾ പ്രവർത്തിക്കും എന്നങ്ങു വിശ്വസിക്കകയാണ് ഞാൻ. പ്രകൃതിതന്നെ നമ്മുടെ അവയവങ്ങളിൽ ഈ ആറിവുകൾ നിക്ഷേപിച്ചിട്ടുണ്ട്‌. 'അക്യൂപ്രഷർ' ചികിത്സകർക്ക് മര്മങ്ങളെപ്പറ്റി ധാരാളമറിയാം. എന്നാൽ നമ്മുടെ ചില 'റിഫ്ലെക്സ് അക്ഷൻസ്' ശ്രദ്ധിച്ചാലും ഇക്കാര്യത്തിൽ ശരീരത്തിന്റെ സ്വതസിദ്ധമായ അറിവ് വെളിപ്പെടും. ഒരുദാഹരണം: എന്തോ ഒർമയിലേയ്ക്കു കൊണ്ടുവരാൻ ബാദ്ധപ്പെടുമ്പോൾ, നാമറിയാതെതന്നെ കൈകൾ തലയുടെ ചില മര്മസ്ഥാനങ്ങളെ ചൊറിയുകയും അല്ലെങ്കിൽ വിരലുകൾ നെറ്റിയുടെ വശങ്ങളിൽ ഞെക്കുകയും ചെയ്യാറുണ്ടല്ലോ. തലച്ചോറിന്റെ കൃത്യമായ ഒരു ഭാഗത്തെ ഉത്തേജിപ്പിക്കുക എന്നതാണ് അതിന്റെ പിന്നിലെ ലക്ഷ്യം. മറ്റപ്പള്ളിസാർ ഇത്തരം കൂടുതൽ ഉദാഹരണങ്ങൾ പറഞ്ഞു തരിക.

      Delete
    2. സാക്കിന്റെ കുറിപ്പുകളുടെ പശ്ചാത്തലം അറിഞ്ഞപ്പോള്‍ ചിരിച്ചു പോയി. ഡയറിക്കുറിപ്പുകള്‍ 'അറിഞ്ഞതും അറിയേണ്ടതും' എന്ന ലേഖന പരമ്പരയിലെ വസ്തുതകളുമായി ഒത്തു നോക്കുകയായിരുന്നുവെന്നു കേട്ടപ്പോള്‍ കൌതുകം തോന്നി. ചുറ്റും കാണുന്നത് ആര്‍ക്കും ഒത്തു നോക്കാന്‍ വേണ്ടിയാണ് ഞാന്‍ അതെഴുതിയതും. സാക്ക് കൂടുതല്‍ ഉദാഹരണങ്ങള്‍ ചോദിക്കുന്നു. പ്രിയ സാര്‍, അങ്ങ് തന്നെ അനുദിനം അനേകം ഉദാഹരണങ്ങള്‍ കണ്ടെത്തുന്നുണ്ടല്ലോ. മൂന്നാം കണ്ണിന്റെ ക്ഷേത്രം അറിയാന്‍ വായില്‍ ഐസ് ഇട്ടിട്ട് നെറ്റിയില്‍ എവിടെയാണ് വിങ്ങല്‍ അനുഭവപ്പെടുന്നതെന്ന് അറിഞ്ഞിട്ടെന്തു കാര്യം, അത് പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍. വേദന വരുന്നിടത്ത് നാം കൈവെയ്ക്കുകയും ഊതുകയും എല്ലാം ചെയ്യുന്നത് വെറുതെ ആണെന്നാണോ കരുതിയിരിക്കുന്നത്? ആഫ്രിക്കന്‍ കുരങ്ങുകള്‍ക്ക് പണി വന്നാല്‍ ഉപയോഗിക്കേണ്ട മരുന്നും വിധവും അവര്‍ക്കറിയാം. സര്‍വ്വ അറിവും ഉള്‍ക്കൊള്ളിച്ച്ച ഒരു ചിപ്പ് ഓരോ മനുഷ്യനിലും ഉണ്ട്. അത് റിഫോര്‍മാറ്റ് ചെയ്തു കുളമാക്കിയിരിക്കുയാണ് മതങ്ങള്‍. ആ ചിപ്പ് പറയുന്നതിനും മുകളില്‍ ഒരു ദിവസം കൂടി ആയുസ്സ് നീട്ടാനുള്ള പരിശ്രമത്തിലാണ് നാം. എങ്ങിനെ വീഴാതിരിക്കും? ഒരു മെഡിക്കല്‍ കോളേജു പോലും ഇല്ലാതിരുന്ന കാലത്ത് മനുഷ്യായുസ്സു നൂറായിരുന്നെങ്കില്‍ ഇന്നത്‌ കുറഞ്ഞു കുറഞ്ഞു വരുന്നു. ഡോ. അബ്ദുല്‍ കലാം പറഞ്ഞത് പോലെ അതുടന്‍ ഇരുപത്തഞ്ചായി മാറാം.
      സാക്ക് പണ്ട് പറഞ്ഞതുപോലെ സൂര്യന്‍ എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ പാറപ്പുറത്തു പ്രപഞ്ചത്തിന്റെ മടിയില്‍ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടക്കുക (അപ്പോള്‍ നാം പ്രപഞ്ചത്തിനു ഊര്‍ജ്ജം കൊടുക്കുന്ന ഭാവത്തിലാകും). ഉള്ളത് മുഴുവന്‍ കൊടുത്തിട്ട് സന്തോഷമായി മടങ്ങുക, ഇരുള്‍ വീഴുന്നതിനു മുമ്പ്. ആ ദിവസം കുശാലായിരിക്കും.

      Delete
  2. "മനസ്സിലാക്കലിന്റെ ഒരു ഘട്ടം തുടങ്ങിയാൽ ആരും ഒരു ലഹരിയിലാവും" എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് ശരിയാണ്. മനുഷ്യൻ എത്ര നിഗൂഡവും അഗാധവുമായാണ് സ്നേഹിക്കപ്പെടുന്നത്! സൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഈ നിഗൂഡതയിലാണ് ജീവിതത്തിന്റെ അർത്ഥം എന്നൊക്കെ എനിക്ക് തോന്നാറുണ്ട്. ഒരു സൌന്ദര്യപ്രതിഭാസം എന്ന നിലയ്ക്കല്ലാതെ ജീവിതം ന്യായീകരണം അർഹിക്കുന്നില്ല എന്ന നിരീക്ഷണം തികച്ചും ശരിയല്ലേ? സ്വയം ഒരു തൂവൽ പോലെ അനുഭവപ്പെടുന്നു!

    ReplyDelete
    Replies
    1. ശരിയാണ്, മഹേശ്വർ. എല്ലാ അസ്തിത്വവും ഇല്ലാതായാലും അതിലൊരപാകതയുമില്ലെന്ന ലാഘവത്വമാണ് യഥാർഥ അസ്തിത്വം.

      Delete