16. 10. 2007
ഉറക്കത്തിനു തൊട്ടുമുമ്പ്, പതിയെ മയങ്ങിത്തുടങ്ങുമ്പോൾ, തുറന്നൊന്നു നോക്കാൻ വച്ചിരിക്കുന്ന ഒരു ഗ്രന്ഥമുണ്ടെനിക്ക് - Jeder Satz ein Menschengesicht (ഓരോ വരിയും ഒരു മനുഷ്യമുഖം) എന്ന് പേര്. അതിൽ നിന്ന് ചിലത്.
ഉറക്കത്തിനു തൊട്ടുമുമ്പ്, പതിയെ മയങ്ങിത്തുടങ്ങുമ്പോൾ, തുറന്നൊന്നു നോക്കാൻ വച്ചിരിക്കുന്ന ഒരു ഗ്രന്ഥമുണ്ടെനിക്ക് - Jeder Satz ein Menschengesicht (ഓരോ വരിയും ഒരു മനുഷ്യമുഖം) എന്ന് പേര്. അതിൽ നിന്ന് ചിലത്.
ഞാനും ഇതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. എന്നാൽ പഴയതുമാത്രം
പഥ്യമായിട്ടുള്ളവർ കൂടെക്കഴിയുമ്പോൾ ഇക്കാര്യത്തിൽ പ്രതിബന്ധങ്ങൾ ഏറെയാണ്.
പഴയ ആശയങ്ങളിൽ സുരക്ഷിതത്വം പ്രതീക്ഷിച്ചുകഴിയുന്നവരാണ് എവിടെയും
ഭൂരിപക്ഷം. സ്വാതന്ത്ര്യം പരീക്ഷിക്കാൻ ധൈര്യം വേണം. അതില്ലാത്തവർ
കൂടെയുള്ളവരെയും സുരക്ഷിത വളയത്തിനു പുറത്തേയ്ക്ക് വിടില്ല.
ചിന്തിക്കുന്നവൻ യുദ്ധത്തിനൊരുങ്ങണം എന്ന് മാർകേസ് പറഞ്ഞത് സത്യം.
17. 10. 2007
ഗ്വേഥെയെപ്പറ്റി
സുഹൃത്തുക്കൾ പറഞ്ഞതിൽ ചിലവ. "അദ്ദേഹത്തിന്റെ സംസാരത്തെക്കാൾ മെച്ചമാണ്
അദ്ദേഹത്തിന്റെ ജീവിതം. എഴുത്തിനേക്കാൾ മെച്ചമാണ് അദ്ദേഹത്തിന്റെ സംസാരം.
മുദ്രണം ചെയ്തിട്ടുള്ളതിനേക്കാൾ മെച്ചമായവ അദ്ദേഹം എഴുതിയിട്ടുണ്ട്."
(Sämtliche Werke)17. 10. 2007
"താൻ സ്നേഹിക്കുന്നിടത്തു നിന്നലാതെ ആരുമൊന്നും പഠിക്കുകയില്ല." (Goethe)
അനേകര്‍ ഈ ബ്ലോഗ് സന്ദര്ശിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം. ചിന്തിക്കുന്നവര്‍ക്ക് ഉയിരേകാന്‍ ഇതിനു കഴിയട്ടെ. ഫാ. ഔസേപ്പറമ്പിലിനെ പോലുള്ളവര്‍ ഇതില്‍ കൊണ്ട്രിബ്യുട്ടേഴ്സ് ആയി വരട്ടെ. സാക്കിന്‍റെ ചിന്തകള്‍ക്ക് പിറകെ പോകാന്‍ എനിക്കും കഴിയുന്നില്ല. എല്ലാം പറഞ്ഞു തിര്‍ന്നിട്ടില്ല, എല്ലാം എഴുതിയും തിര്‍ന്നിട്ടില്ല എന്നാണല്ലോ പ്രമാണം. സാക്കിന്‍റെ ഡയറിക്കുറിപ്പുകള്‍ വായിച്ചാല്‍ ഏതു പട്ടവും നൂല്‍ വിശ്ചെദിച്ചു പറക്കും. Goethe യെയും Kafka യെയും ഒന്നും കൂട്ടു പിടിക്കണ്ട, കുറെ മുന്നോട്ട് പോയവര്‍ക്കെല്ലാം പറയാനുള്ളതും ഇത് തന്നെ, 'ഒന്നും പറയാനില്ല'.
ReplyDeleteദൈവത്തെപ്പറ്റി മിണ്ടാതിരിക്കുകയാവും ഭേദം. ഞാന്‍ നോക്കുമ്പോള്‍ ആദ്യത്തെ മണ്ടന്‍ ദൈവം തന്നെ. ഒരു പരുദീസായില്‍ ഒറ്റയ്ക്ക് ഒരു മനുഷ്യനെ മേയാന്‍ വിട്ട ദൈവം, ക്രൂരനുമല്ലേ? തടവറയില്‍, പുറം ലോകത്തുനിന്ന് ഒരുവനെ ഒറ്റപ്പെടുത്തിയല്ലേ ശിക്ഷിക്കുന്നത്? മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞാണ് ഇത് ശരിയല്ലല്ലോയെന്നു ദൈവത്തിനു തോന്നിയതത്രേ. ഈ ദൈവത്തെപ്പറ്റി ഞാന്‍ എഴുതുന്നുണ്ട് വിശദമായി.
അറിവ് തേടുന്നയാൾ സ്വയം വിട്ടുനിന്നിട്ട് അഹത്തിനപ്പുറത്തേയ്ക്കാണ് അന്വേഷിക്കുന്നതെങ്കിൽ അയാൾക്ക് വഴിതെറ്റും. ശരീരത്തിന്റെ ഒരവയവത്തെ മാറ്റി നിറുത്തിയിട്ടു മറ്റു ഭാഗത്തെ പഠിക്കാനൊരുമ്പെടുന്നതുപോലെ അർഥരഹിതമാണ് സ്വയം ജ്ഞാതാവായിക്കരുതി പ്രകൃതിയെ പഠിക്കാനൊരുങ്ങുന്നത്. എന്താണ് അറിവെന്നു നാം വിളിക്കുന്ന ആ പ്രകാശം?
ReplyDeleteദീർഘ കാലമായി ഞാനെഴുതിയിരുന്ന ദിനസരിപ്പുസ്തകം തുറന്നു കാണിക്കാൻ ആദ്യം സന്ദേഹിച്ചെങ്കിലും ജോസഫ് മറ്റപ്പള്ളിജി, മഹേശ്വർ തുടങ്ങിയ അടുത്ത സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്പോൾ ചില വിഷയങ്ങൾക്ക് പ്രതികരണമായി അതിൽ ചില കുറിപ്പുകൾ ഉത്തകുന്നതായി തോന്നി അവ എടുത്തെഴുതി. ഇപ്പോൾ തൊടുത്തുവിട്ട അറിവ്, ദൈവം എന്നീ ഒരിക്കലും തീരാത്ത വിഷയങ്ങളെപ്പറ്റിയും ഞാൻ പണ്ട് കുറിച്ചിട്ടിരുന്നവ തേടുകയേ വേണ്ടൂ. കാരണം, പുതുതായിട്ടൊന്നും ഞാൻ കണ്ടെത്തിയിട്ടില്ല. ഉദാ.
30. 11. 07
കണ്ണടക്കൂ
തുറന്നു വയ്ക്കുന്നതിലുമേറെ കാണാം
ചെവിയുമടയ്ക്കൂ
ആത്മാവിന്റെ മരമരം കേൾക്കാം
കിഴക്കോട്ടു തന്നെ നടക്കൂ
സൂര്യനോടോത്ത് പടിഞ്ഞാറുദിക്കാം
കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ
ദൈവത്തിന്റെ നിഷ്ക്കളങ്കത കാണാം
വൃദ്ധരെ സ്നേഹിക്കൂ
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം
സ്വയമറിയേണ്ടവൻ
അറിഞ്ഞതൊക്കെ പൂട്ടിവയ്ക്കട്ടെ
അളക്കേണ്ടവൻ
അളവുകോലുകളൊടിച്ചുകളയട്ടെ
അണുവിന്റെയുള്ളറയിൽപോലുമുണ്ട്
ബ്രഹ്മാണ്ഡവിസ്ത്രുതിയിലെ വിസ്മയങ്ങൾ.
അവസാനത്തെ പാദത്തിന് ഒരു വിശദീകരണമെന്നോണം കണ്ടെത്തിയ മറ്റൊരു കുറിപ്പ് ചേർക്കുന്നു. 'പ്രണവം' ജനിച്ചതോടെ, ഞാനെന്റെ പഴയ അനുദിനക്കുറിപ്പുകൾ പൊടിതട്ടിയെടുത്തു വായിക്കാൻ പ്രേരിതനായിരിക്കുന്നു.
ReplyDelete23.01.2008
അല്പഗ്രാഹികളായ ബോധങ്ങളുള്ളപ്പോൾ സർവഗ്രാഹിയായ ഒരാദിബോധം ഉണ്ടായേ തീരൂ. ഈ സത്തയെ ആറ്റത്തിനുള്ളിലെ nucleus ആയി സങ്കല്പിച്ചാൽ, ബാക്കിയൊക്കെ അതിനെ ചുറ്റിപ്പറ്റി പ്രയാണം ചെയ്യുന്ന സൂക്ഷ്മകണങ്ങളായി - electrons, protons, neutrons etc. - കരുതാം. ബ്രഹ്മാണ്ഡത്തിന്റെ ഒരു സൂക്ഷ്മപ്രതിബിംബം തന്നയാണ് ഓരോ ആറ്റവും. ആദിസ്ഫോടനമെന്ന സങ്കല്പംപോലെ ആദിസത്തയിൽ നിന്നുള്ള അല്പബോധങ്ങളുടെ വിഗിരണത്തെയും സങ്കല്പിക്കാം. ഇവയുടെയിടയിലെ അസന്തുലിതാവസ്ഥ കെട്ടടങ്ങും വരെ നമുക്ക് സമയബന്ധിതമെന്നു തോന്നുന്ന ഈ പ്രപഞ്ചപ്രതിഭാസം തുടരും. എല്ലാറ്റിനും കാരണമായി, എന്നാൽ ഒന്നിനാലും ബധിതമല്ലാതെ അനന്തസത്ത തുടരുന്നു.
നമ്മുടെ സത്യദർശനങ്ങളൊക്കെ സ്വന്തം ജീവിതാവശ്യങ്ങളിലേക്ക് തുറന്നിരിക്കുന്നു എന്ന് കാഫ്‌ക പറയുമ്പോൾ ഞാൻ ഇത്തിരി പരുങ്ങലിലാകുന്നു. സത്യത്തോടുള്ള അഭിനിവേശം എനിക്കും അത്രയൊക്കെയേ ഉണ്ടാകാനിടയുള്ളോ? ഇത്തിരിയല്ല കുറച്ചധികം ഞെരുക്കത്തിലാകുന്നുണ്ട് !
ReplyDeleteവാക്കിനു ശേഷം വെളിച്ചമുണ്ടായി. ഏതൊരു വാക്കിനു ശേഷവും അതങ്ങനെതന്നെ ആവണമേയെന്ന് ഇവിടെ എല്ലാവർക്കും അഭിലഷിക്കാം. നമ്മുടെ ചെറു ഡയറിക്കുറിപ്പുകൾ പോലും വേദമെന്നപോലെ വെളിച്ചം പ്രസരിപ്പിക്കുന്ന ഉദാത്ത സൃഷ്ടികൾ ആവട്ടെ. പക്ഷേ, പുസ്തകം അതിൽ തന്നെയൊരു ലക്ഷ്യമല്ലെന്ന ധ്വനിയോടെ, "പ്രായപൂർത്തിയായ ഒരാൾ തന്റെ വായനയെ ചുരുക്കണമെന്ന്", ആൽബെർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ ഒരുദ്ധരണിയുണ്ട്. മനുഷ്യരെ പിടിക്കുന്നവർ എന്നാണ് ക്രിസ്തു ശിഷ്യർക്ക് വിളിപ്പേര്, മനുഷ്യർ തന്നെയാവട്ടെ വായിക്കേണ്ടുന്ന നല്ല പുസ്തകങ്ങൾ.
മഹേശ്വർ കൈചൂണ്ടുന്നത് ഒരു വല്ലാത്ത പ്രശ്നത്തിലേയ്ക്കാണ്. പരമമായ സത്യം ഉണ്ടെന്നിരിക്കേ, നമ്മൾ അല്പബുദ്ധികൾ അതെന്നെങ്കിലും കൈയെത്തി പിടിക്കുമോ, അതുവരെ നമ്മൾ കണ്ടെത്തുന്നത് നമ്മൾ നിർമിക്കുന്ന സത്യം മാത്രമല്ലേ എന്നതാണ് ആ സന്നിഗ്ദ്ധത. അതായിരിക്കണം കാഫ്ക ഉദ്ദേശിച്ചത്. അതിന്റെ ഉത്തരമായിരിക്കാം ഗ്വേതെ പറഞ്ഞത് - താൻ സ്നേഹിക്കുന്നിടത്തു നിന്നു മാത്രമാണ് മനുഷ്യൻ പഠിക്കുന്നത്. സ്നേഹമെന്നത് അഹമില്ലാത്ത അവസ്ഥയാണെന്നത് ഓരോ നിമിഷവും ആവർത്തിച്ചുകൊണ്ടിരുന്നില്ലെങ്കിൽ നമുക്ക് വീണ്ടും കാലിടറും. അതൊട്ടും സാധാരണമല്ല താനും. അസാധാരണമായ പ്രകാശത്തിൽ ആണ്ടുപോയവർ മാതമാണ് അങ്ങനെ സ്നേഹിക്കുന്നത്. അവിടെയെത്തിയവര്ക്ക് പിന്നെ പുസ്തകങ്ങൾ ആവശ്യമേയല്ല. അതുവരെ നാം മനുഷ്യമുഖം കാണുന്നത് അവരുടെ എഴുത്തുകളിലൂടെയായിരിക്കാം - ഓരോ വാക്യവും ഒരു മനുഷ്യമുഖം - (പൊയ്മുഖങ്ങൾ പ്രദർശിപ്പിക്കാനായി എഴുതിക്കൂട്ടുന്നവർ ഭൂരിപക്ഷമാണെന്നത് നാം മറക്കേണ്ട. വെറുമൊരു സുന്ദര പ്രതിച്ഛായക്കുവേണ്ടി ഒരു ജീവിതം മുഴുവൻ പാഴാക്കുന്നവർ എത്രയുണ്ടെന്ന് ഫെയ്സ് ബുക്ക് ഒന്ന് തുറന്നു നോക്കിയാൽ ഉടനറിയാം.
ReplyDeleteനിതാന്ത ജാഗ്രതയില്ലെങ്കിൽ എത്ര നല്ല പുസ്തകം വായിക്കുമ്പോഴും നമ്മൾ കണ്ടെത്തുന്നത് നമ്മുടെ സ്വയം നിർമിതമായ സത്യത്തെയായിരിക്കും. സുവിശേഷങ്ങളുടെ കാര്യത്തിൽ നൂറ്റാണ്ടുകളായി അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ശ്രീ നാരായണഗുരുവിന്റെ എഴുത്തുകളും അങ്ങെത്തന്നെ. ഈ ആഴ്ചത്തെ മലയാളം വാരിക ശ്രദ്ധിക്കുക. (http://malayalamvaarika.com/inside.asp) അതിൽ ഗുരുവിന്റെ ദൈവദശകത്തിന്റെ ഒരു പുനർവായനയുണ്ട്. ദൈവാന്വേഷണത്തിന്റെ വഴി ഏതെന്ന് ഹരിദാസ് വളമംഗലം നന്നായി എഴുതിയിട്ടുണ്ട്.