Monday 1 September 2014

ദൈവത്തിന്റെ പുഞ്ചിരി

30.08.2007 
നാട്ടിൽ ഇന്നോണമാണ്. ഇവിടെയാകട്ടെ ഒന്നിനും കൊള്ളാത്ത ദിവസം. ഒത്തിരി ആലോചിച്ചിരുന്നു. ജീവിതത്തിന് ഒരർഥവും കാണുന്നില്ല. എല്ലാം മൌനം, മ്ളാനം. കുറേനേരം സംസ്കൃതദീപികയുമായി മുറിയിൽത്തന്നെയിരുന്നു. പിന്നീടിറങ്ങി നടന്നു. കാട്ടിൽ നിന്ന് രണ്ട് രാത്രിത്തിരികൾ* പറിച്ചുകൊണ്ടുവന്ന് മുറ്റത്തു നട്ടുവച്ചു. അവയെ നോക്കിനിന്നപ്പോൾ ഉന്മേഷം തോന്നി. എത്ര വ്യത്യസ്തമായ മോടികളോടെയാണ്‌ പ്രകൃതി സസ്യജാലത്തെ ഒരുക്കിവച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ ആകാരവിന്യാസങ്ങൾ വെറുതേയാണോ? എങ്കിൽ പിന്നെ വിരസത എങ്ങനെയുണ്ടാകുന്നു? മാലോകർ നീതിസാരത്തിനെതിരെ ചരിക്കുന്നു. വാരിക്കൂട്ടൽ, കൂട്ടിയത് പൊലിപ്പിക്കൽ എന്നിവയാണ് ഏവരും ചെയ്യുന്നത്.  

*Nachtkerze (രാത്രിയിൽ കത്തുന്ന തിരി) എന്ന് വിളിക്കുന്ന ഈ ചെടി നിറയെ മഞ്ഞപ്പൂക്കൾ വിരിയും. പ്രത്യേകതയെന്തെന്നാൽ, രാത്രി ഒൻപത് കഴിയുന്നതോടെ നോക്കി നിൽക്കുമ്പോൾ ഏതാനും സെക്കന്റുകൾ കൊണ്ട് അവയുടെ ഇതളുകൾ ചുറ്റിക്കറങ്ങി വിടർന്നു വരും. ഓരോ തണ്ടിലും നാലഞ്ചുവീതം. എന്നെപ്പോലെ രാത്രിഞ്ചരന്മാരായ കീടങ്ങൾ പരാഗണം നടത്താനെത്തും. 350 കൊല്ലം മുമ്പ് അമേരിക്കയിൽ നിന്ന് എത്തിയവയാണ് ഈ സസ്യങ്ങൾ. Oenotherea biennis, Verbascum thapsus എന്ന രണ്ടിനങ്ങളാണ് ഇവിടെ സ്വിറ്റ്സർലൻഡിലുള്ളത്. ജർമനിയിൽ വളരുന്ന അഞ്ചാറിനങ്ങൾ വേറെയുണ്ട്.  ബീഡിപോലുള്ള കായ്കൾ നിറയെ ചീരയുടെ അരികൾ പോലുള്ളവ നൂറുകണക്കിന് കാണും. വളരുന്നിടത്ത് കാടുപോലെ പരക്കും.

ഓരോ ജീവിയുടെയും സങ്കീർണത വർദ്ധിക്കുന്തോറും പ്രപഞ്ചോർജ്ജങ്ങളുമായി സംബന്ധിക്കാനും അവയോടു പ്രതികരിക്കാനുമുള്ള കഴിവ് കുറയുകയാണോ? മനുഷ്യരുടേതിനേക്കാൾ എത്രയോ ശക്തിയേറിയതാണ് പ്രകാശവുമായി ചേർന്ന് പ്രവർത്തിക്കാൻ സസ്യങ്ങൾക്കുള്ള കഴിവ്. സൂര്യപ്രകാശത്തിന്റെ ലഭ്യതയും അളവുമനുസരിച്ച് ഇവയിലെ ഘടികാരം ചലിക്കുന്നു. വളർച്ചയുടെ ദിശപോലും സൂര്യന്റെ സഞ്ചാരപഥത്തിനനുസരിച്ച് മാറുന്നു. പ്രകാശത്തിന്റെ വഴിയേ ശാഖോപശാഖകളെ വിന്യസിക്കുന്നു. സൂര്യകടാക്ഷത്തിലവ പ്രണയാന്വിതരായി ഹർഷപുളകമണിയുന്നു. അതോടൊപ്പം, ഉള്ളതെല്ലാം ചുറ്റുമുള്ളവയുമായി പങ്കുവയ്ക്കുന്നു.  

ഓരോ പൂവും ദൈവത്തിന്റെ ചിരിയാണ്. ആ പുഞ്ചിരി 'ലൈവ്' ആയി ഒന്നുകൂടെ കാണാൻവേണ്ടി അനുരാത്രം ഞാനിതിലേ മലഞ്ചെരുവിലൂടെ നടന്നു പോകുന്നു. 

PS. രാത്രിയിൽ രണ്ടുരണ്ടര മണിക്കൂർ ഏകനായി നടക്കുക എനിക്കൊരു ശീലമായിത്തീർന്നിരിക്കുന്നു. വേനൽക്കാലത്ത് പതിനൊന്നുമണിവരെ പ്രകാശമുള്ളതിനാൽ സായംസന്ധ്യയുടെ മൂകസൗന്ദര്യത്തിൽ തനിയെ അങ്ങനെ ചുറ്റിക്കറങ്ങുക എങ്ങനെയിരിക്കുമെന്ന് മറ്റൊരാളോട് ഞാനെങ്ങനെ പങ്കുവയ്ക്കും? സമയമുള്ളവർ André Rieu വിന്റെ ഈ Nightingale Serenade കേട്ടുനോക്കൂ. ഏതാണ്ടൊരൂഹം കിട്ടാൻ ഇതുപകരിക്കും.
https://www.youtube.com/watch?v=P0I6XsdO19Y&index=35&list=PL4C24B3952CFC5A60

2 comments:

  1. You are lucky to be there to enjoy the nature. Our own homeland has become a junkyard of dirt and waste,rotten vegetable and decaying cadavers.
    Onam to me, is just a memory. When I was a young boy, there was a vast compound adjacent to ours that belonged to the church, full of fruit trees and open space. The Onam swing and the summer breeze that bring down the ripe mangoes, all are just memories. That compound now houses about twenty five families !
    Thumpa has disappeared and so are the dragon flies. We buy flowers from tamilnadu where they specially grow flowers for Kerala with their piss and feces as manure. And people book meals at hotels for Onam and stand at the queues to get their seats ! Shame on us !

    Thanks for introducing Andre. I m surprised that I haven't listened to him till now. That song is just sedating and addictive !

    ReplyDelete
  2. സാക്ക് വിശദീകരിക്കുന്ന സാഹചര്യത്തിന് കൊടുത്തിരിക്കുന്ന ടൈറ്റില്‍ മനോഹരമായിരിക്കുന്നു. ഈ വിശാലമായ പ്രപഞ്ചത്തില്‍ താളത്തിനൊത്തു ചരിക്കാത്ത ഏക ജീവി മനുഷ്യനാണെന്ന് കരുതപ്പെടുന്നു. മറ്റുള്ളവയ്ക്കെല്ലാം ഉള്ള സൂഷ്മ ബോധം അവയെ നയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം അര്‍പ്പിക്കുക എന്നാ ദൌത്യത്തിനു വേണ്ടിയാണ്. ആവോല്ലം കണ്ടോളൂ എന്ന് പറയുന്നതുപോലെയല്ലേ ആരാമങ്ങളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. ചരക മഹര്‍ഷി ഓരോ സസ്യ ജാലങ്ങളോടും സംസാരിച്ച് അവ എങ്ങിനെയൊക്കെ മനുഷ്യന് പ്രയോജനപ്പെടുകയെന്നും ഉപദ്രവമാകുമെന്നും മനസ്സിലാക്കിയതിന്റെ ഫലമാണ് ആയുര്‍വ്വേദം.
    മനുഷ്യന് ഇരട്ട ബോധതലം ഉണ്ട് എന്നതാണ് അവന്‍റെ പോരായ്കയെന്നാണ് എന്‍റെ പക്ഷം. അവന്‍ കരുതുന്നത് എല്ലാം അവന് വേണ്ടി മാത്രമാണെന്നാണ്. അങ്ങിനെ നാം ചിന്തിക്കുമ്പോഴാണ് ദൈവത്തിന്‍റെ മുഖം വാടുന്നത്. നാം ചിരിച്ചാല്‍ ദൈവവും ചിരിക്കും, നമ്മുടെ ചിരി മറ്റുള്ളവക്ക് നമ്മെക്കൊണ്ട് പ്രയോജനപ്പെടുന്നതില്‍ നിന്നുളവാകുന്ന അനുഭൂതി കൊണ്ടായിരിക്കട്ടെ. സാക്ക് പങ്കു വെയ്ക്കുന്നത് ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു ഭ്രാന്തന്റെ വിവരക്കേടുകളാണ് (Mundane madness). ഈ മാനസികാവസ്ഥയില്‍ എത്തുന്ന ഒരാള്‍ക്ക്‌ മാത്രമേ ഭ്രാന്ത് ലോകത്തിനാണെന്ന് മനസ്സിലാകൂ.
    എപ്പോള്‍ വേണമെങ്കിലും കെട്ടുപോയേക്കാവുന്ന ജ്വാലകളില്‍ നാം പ്രകാശം കാണുന്നു, ആ ചൂടില്‍ എന്നും ഉറങ്ങാമെന്നും നാം കരുതുന്നു. അതിന്‍റെ അടിമയാവാം എന്നല്ലാതെ അത് പ്രയോജനപ്പെടില്ല. എന്നെന്നും നില നില്‍ക്കുന്നത് ദൈവത്തിന്‍റെ പുഞ്ചിരിയില്‍ നിന്നും ഉയിരാര്‍ജ്ജിക്കുന്ന വെളിച്ചവും ചൂടും മാത്രം.

    ReplyDelete