Saturday 3 September 2016

ഒറ്റവാതിൽ വീട്!

കുറച്ചു നാളായി റിട്ട. പ്രൊഫ. കൃഷ്ണൻനായർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു മകൾ ഡോ. ചിപ്പി മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ അറിയാവുന്ന ചിലർ പറഞ്ഞതിൽനിന്നായിരുന്നു. പകൽ മുഴുവൻ സർക്കാർ ആസ്പത്രിയുമായി കഴിഞ്ഞുകൂടുമായിരുന്നതു കൊണ്ട് അഛന്റെ പുഞ്ചിരിക്കു പിന്നിലെ ആഴങ്ങളും അതിലെ ഗൂഢാർത്തങ്ങളും ചിപ്പിക്കു ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. തിന്നാനും കുടിക്കാനും ഉടുക്കാനും സഹായിക്കാനുമാരെങ്കിലുമായാൽ എല്ലാമായല്ലോയെന്നായിരുന്നല്ലൊ താനോർത്തിരുന്നതെന്നും ചിപ്പിയോർത്തു. ഒപ്പം ശുശ്രൂഷക്കു നിന്ന മെയിൽ നഴ്സും അച്ഛനൊരു വിഷമം കാണിച്ചതായി സൂചിപ്പിച്ചിരുന്നില്ല.

പ്രൊഫ. കൃഷ്ണൻനായരെപ്പോലെ  എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുന്നവർ വളരെ അപൂർവ്വമായിരുന്നു - അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. കോളേജിലായിരുന്നപ്പോൾ അദ്ദേഹത്തോടു സ്വകാര്യദു:ഖങ്ങൾ പങ്കുവെക്കാതിരുന്നിട്ടുള്ള സഹപ്രവർത്തകർ കുറവ്. എല്ലാത്തിനും അദ്ദേഹത്തിനൊരു പരിഹാരമുണ്ടായിരുന്നു - ഒരു കൊച്ചു ചിരി, ഒപ്പം ഏതാനും സാന്ത്വനവാക്കുകളും. അതിലദ്ദേഹത്തിന്റെ പരിഹാര നിർദ്ദേശങ്ങളുമുണ്ടാവുമായിരുന്നു. അതെല്ലാവരും കേൾക്കുന്നുണ്ടായിരുന്നുവെന്നും വേണം കരുതാൻ. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിൻറെയടുത്തു വരുന്നവർ, അദ്ദേഹത്തോടിത്ര നന്ദിയോടും അനിതരസാധാരണമായ ബഹുമാനത്തോടും പെരുമാറുമായിരുമായിരുന്നില്ലല്ലൊ. റിട്ടയർ ചെയ്ത് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനു സന്ദർശകരുണ്ടായിരുന്നുവെന്നതും കൂട്ടിവായിക്കണം. നാലഞ്ചു വർഷങ്ങൾ മുമ്പു വരെ സ്വന്തം ആ പഴയ അംബാസ്സഡർ കാറുമുരുട്ടി അദ്ദേഹവും സുഹൃത്തുക്കളുടെ വീടുകളിൽ പോകുമായിരുന്നു. ആ കാർ ഇപ്പോഴും പോർച്ചിൽ തന്നെ കിടക്കുന്നു.

അദ്ദേഹത്തിന്റെ രണ്ടാണ്മക്കളിൽ  ഒരാൾ അമേരിക്കയിലും മറ്റേയാൾ ഓസ്ട്രേലിയായിലുമായിരുന്നു. നാട്ടിൽ ജോലി ചെയ്യുന്ന മകൾ ഡോക്ടർ ചിപ്പിയും, അവളുടെ ഭർത്താവും രണ്ടു മക്കളുമായിരുന്നു കൃഷ്ണൻനായർ സാറിന്റെ കൂടെ തറവാട്ടിൽ. ആൺമക്കൾ രണ്ടു പേരും മാറി മാറി വിളിച്ചിട്ടും നാടു വിടാൻ കൂട്ടാക്കാതിരുന്ന സാറാണ് പെട്ടെന്ന് ഓസ്ട്രേലിയാക്കു പോയത്. അൽപ്പം കൊളസ്ട്രോളും, അൽപ്പം പ്രഷറുമല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നതായി ചിപ്പിക്കും അറിയില്ലായിരുന്നു - അതും വീണു കിടപ്പിലായതിനുശേഷം മാത്രം കണ്ടുതുടങ്ങിയത്. അതു മെല്ലെ കൂടിക്കൊണ്ടിരുന്നല്ലോയെന്നു ചിപ്പിയോർത്തു. എല്ലാം ഒരു നിയോഗം പോലെയായിരുന്നെന്നു പറയാതെ വയ്യ. വീഴേണ്ടിയിട്ടു വീണതുമല്ല, കാലൊടിയേണ്ടിയിട്ട് ഒടിഞ്ഞതുമല്ല. നടക്കാറായതേ അദ്ദേഹം രാജ്യം വിട്ടു. ആസ്ട്രേലിയായിൽ ചെന്നു രണ്ടാഴ്ച്ച തികയും മുമ്പ് അദ്ദേഹത്തിന്റെ ഹൃദയവും നിലച്ചു - ഒരു ദിവസം, അദ്ദേഹം ഉറക്കമുണർന്നില്ല!

അദ്ദേഹത്തിന്റെ സ്വകാര്യ സൂക്ഷിപ്പുകൾ തരം തിരിക്കുന്നതിനിടയിലാണ് കുറെ കുറിപ്പുകളും കത്തുകളുമൊക്കെ  ചിപ്പിയുടെ ശ്രദ്ധയിൽപ്പെട്ടത്. കിഡ്നി മാറ്റിവെയ്കാൻ, പഠനത്തിന്, വസ്ത്രം വാങ്ങാൻ, വീട് വെക്കാൻ ...... എന്നു വേണ്ട നാനാവിധ ചിലവുകൾക്കായി അനേകം ലക്ഷങ്ങൾ അദ്ദേഹം ചിലവിട്ടതിന്റെ കണക്കുകൾ കൃത്യമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. ഗുണഭോക്താക്കളുടെ നന്ദിക്കുറിപ്പുകളായിരുന്നു ഒപ്പമുണ്ടായിരുന്ന കത്തുകൾ. പലരും വീട്ടിൽ  വന്നു പോകുന്നുവെന്നറിയാമായിരുന്നതല്ലാതെ കൂടുതലൊന്നും ചിപ്പിയറിഞ്ഞിരുന്നില്ല.

ബാങ്ക് പാസ്സ്ബുക്ക് ചിപ്പിയെടുത്തു മറിച്ചു നോക്കി. പത്തുലക്ഷം രൂപാ ഇനിയും ബാലൻസുണ്ടായിരുന്നതിൽ. അദ്ദേഹം കിടപ്പിലായതിനുശേഷം ഒരു പൈസാ പോലും അതിൽ നിന്നാരും പിൻവലിച്ചിട്ടില്ലെന്നതു ചിപ്പി ശ്രദ്ധിച്ചു. കഴിഞ്ഞയൊരു വർഷത്തെ കണക്കുകളിലും സംഭാവനകളൊന്നും കണ്ടില്ല. അദ്ദേഹം കിടപ്പിലായതിനു ശേഷം ബന്ധുക്കളല്ലാത്ത സന്ദർശകരെ താൻ വിലക്കിയിരുന്നല്ലോയെന്നു ചിപ്പിയോർത്തു.

താൻ ഒരിക്കലും കാണാതിരുന്ന അഛന്റെ മുഖം ചിപ്പി മനസ്സിൽ ഏറേനേരം കണ്ടുകൊണ്ടിരുന്നു. മക്കളോരാടും അദ്ദേഹമെന്തെങ്കിലും ബാക്കിവെക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരു കുറിപ്പുപോലും അവർക്കാർക്കും എഴുതിയിട്ടുമില്ല. വീതം വെച്ചു കൊടൂത്ത ഫലഭൂയിഷ്ടമായ മണ്ണ് ഒരു തൂമ്പാ പോലും കാണാതെ വർഷങ്ങളായി സർപ്പക്കാവുപോലെ കിടക്കുന്നു. മക്കളെല്ലാവരും ഓരോ വഴിക്കു തിരിഞ്ഞപ്പോൾ അൽപ്പകാലം കൃഷ്ണൻനായർ സാർ കൃഷി നടത്തിയിരുന്നു. ആർക്കുമതിൽ താൽപ്പര്യമില്ലെന്നറിഞ്ഞപ്പോളാണു നിർത്തിയതെന്നു പറയാം. 

ചിപ്പിക്കൊരു കാര്യം മനസ്സിലായി, ആരെയും സ്നേഹിക്കാനോ ആർക്കും ഉപകാരം ചെയ്യാനോ കഴിയാത്ത ഒരു കാലഘട്ടം അദ്ദേഹത്തിനസഹ്യമായിരുന്നു. സഹായിക്കുന്ന മക്കളെയായിരുന്നില്ല, സഹായം സ്വീകരിക്കുന്ന മക്കളെയായിരുന്നദ്ദേഹത്തിനാവശ്യം. അദ്ദേഹത്തിൻറെ ഹൃദയത്തിന് ഒരു വാതിലേ  ഉണ്ടായിരുന്നുള്ളൂ!

2 comments:

  1. ഈ സ്ഥലം വിട്ടുകഴിയുമ്പോഴായിരിക്കും മാതാപിതാക്കളായ നമ്മളെപ്പറ്റിയുള്ള യഥാർഥ അറിവ് അന്യർക്ക് കിട്ടുക എന്നത് വളരെ വിചിത്രമാണ്. അവനവനെപ്പറ്റിയുള്ള എന്തുമാത്രം സത്യങ്ങളാണ് മരണംവരെ ഓരോരുത്തരും ഒളിപ്പിച്ചു കൊണ്ടുനടക്കുന്നത്!

    ഈ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ടി. പത്മനാഭന്റെ 'ഗൗരി' എന്ന പുസ്തകത്തിൽനിന്ന് 'മകൻ' എന്ന കഥ ഞാൻ എന്റെ ജീവിതകൂട്ടുകാരിയെ വായിച്ചു കേൾപ്പിച്ചു. ഉന്നത വിദ്യാഭ്യാസം നേടി വലിയ ഒരു കമ്പനിയുടെ ഉദ്യോഗസ്ഥനായി വിദേശത്തു് ജോലിചെയ്യുന്ന മകന്റെ ഒരു കത്തിനായി കാത്തിരിക്കുന്ന, ആരോഗ്യവതിയല്ലാത്ത, അമ്മയും, അവരെ പരിചരിക്കുന്ന അപ്പനും ആ മകനെക്കുറിച്ചുള്ള ഓർമകളിൽ മുഴുകുന്നതാണ് കഥാസാരം. അപ്പനുമമ്മക്കും ഒന്നെഴുതാനോ, അവരെ ഒന്ന് വിളിക്കാനോ സമയമില്ലാത്ത മകൻ.
    മിടുമിടുക്കരായ തന്റെ രണ്ടു മക്കളെപ്പറ്റി ഇതേ വ്യഥയോടെ കഴിയുന്ന എന്റെ ഭാര്യയെ ആ കഥ ഞാനെന്തിന് വായിച്ചു കേൾപ്പിച്ചു എന്ന് പിന്നീട് ദുഃഖിച്ചു , കാരണം, പിന്നെയൊരു മുക്കാൽ മണിക്കൂർ അവൾ ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു, ഉറങ്ങും വരെ... എങ്ങനെ അവൾ പിടിപ്പതു ജോലിക്കിടെ അവരുടെ സുഖത്തിനായി ഓരോ മിനിറ്റും എന്തെല്ലാം ചെയ്‌തെന്നും എന്തെല്ലാം മനപ്ലാനുകൾ നെയ്തുകൊണ്ടിരുന്നെന്നും .... ശരിയാണ്, ജോയിലില്ലാത്ത ദിവസങ്ങളിൽ, അവർ സ്‌കൂളിൽനിന്നു വരുന്നത് കാത്ത് അവൾ അല്ലെർഹൈലിഗൻബെർഗ് എന്ന ആയിരം മീറ്റർ ഉയരമുള്ള മലയിലെ ഞങ്ങളുടെ വാടകവീട്ടിലെ ജനാലയിലൂടെ താഴെനിന്ന് വരുന്ന ബസും നോക്കി മണിക്കൂറുകൾ നിൽക്കുമായിരുന്നു.

    (തോമസ് മൻറെ The magic Mountain എന്ന world classic പഴയകാലത്തെ സ്‌വിറ്റ്‌സർലന്റിലെ ഒരു മലമുകളിലുള്ള ഒരു Lungenklinik ലെ സംഭവങ്ങളാണ് വിവരിക്കുന്നത്. അത്തരമൊരു rehabilitation സെന്ററിൽ ആയിരുന്നു അന്നവൾ ഹെഡ് നേഴ്‌സായി ജോലി ചെയ്തിരുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മലമുകളിലെ ശുദ്ധ വായു വേണ്ടിയിരുന്നതിനാലാണ് വളരെ ഉയർന്ന സ്ഥലങ്ങളിൽ ഇത്തരം സെന്ററുകൾ അന്ന് സ്ഥാപിച്ചിരുന്നത്. വഴിയൊക്കെ മഞ്ഞു മൂടി കിടക്കും. മഞ്ഞിൽകൂടെ വണ്ടിയോടിച് പലതവണ ഞാൻ അപകടത്തിൽ പെട്ടിട്ടുണ്ട്. ഞങ്ങൾ ചെല്ലുന്നതിനു കുറേ മുൻപുവരെ കുതിരവണ്ടികളിലായിരുന്നു ആ മലമുകളിലെ യാത്ര.)

    മക്കൾ വന്നാലുടൻ ചൂട് പാലും ഭക്ഷണവും അവരുടെ ഇരിപ്പിടത്തിൽ കൊണ്ടുചെന്നു കൊടുക്കുന്ന അമ്മ. ഒരു മാതാവിന് കൊടുക്കാവുന്ന സ്നേഹത്തിന്റെ 200 ശതമാനവും അവൾ അവർക്ക് നൽകി. ഇന്നവർ ഒന്ന് വിളിക്കാനായി അവൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. എന്താ താമസിച്ചത് എന്ന് ചോദിച്ചാൽ, ഓ, ഞാൻ ജോലി പ്രമാണിച് ചൈനയിൽ, ഇറ്റലിയിൽ, ഫ്രാൻസിൽ....ആയിരുന്നു എന്നോമറ്റോ ഉത്തരം കിട്ടും. അവളത് വിശ്വസിക്കും.
    കൊടുക്കുന്നതിന് ഒന്നും പ്രതിഫലം പ്രതീക്ഷിക്കരുത് എന്ന് ചിന്തിച്ചു ശീലിച്ച എനിക്കാകട്ടെ സ്നേഹത്തിന് ഒരു കുറവും ഇല്ലെങ്കിലും അവർ വിളിക്കണമെന്നോ അവരുമായി ഫോണിൽ സംസാരിക്കണമെന്നോ യാതൊരു നിർബന്ധവുമില്ല. നമ്മൾ ജൻമം കൊടുത്ത മക്കൾ നമ്മുടേതല്ല, ദൈവത്തിന്റേതാണ് എന്ന് ജിബ്രാനോടൊത്ത് ഞാനും മനസ്സിലാക്കിയിട്ടുണ്ട്. അവർ വിളിച്ചാൽ അവളാണ് സംസാരിക്കുക. അതും നിറുത്താതെ. മാസങ്ങളോളം നീളുന്ന എല്ലാ നന്ദികേടും ഒരു വിളിയോടെ മറക്കാൻ കഴിയുന്ന സ്ത്രീഹൃദയത്തെ ഓർത്ത് 'മാപ്പ്!' എന്ന് പറയേണ്ടിവരുന്ന മക്കളാണ് ഇന്ന് എവിടെയുമുള്ളത്. അത് മനുഷ്യസംസ്കാരത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു! അതും നിലച്ചുപോകുന്ന സമയം വരാനിരിക്കുന്നു.

    ReplyDelete
  2. സാർ എഴുതിയ കമന്റ് വായിച്ചപ്പോൾ വിഷയം ഏറെ ഗുരുതരമാണെന്നു മനസ്സിലാകുന്നു. ശരിയാണ്, ആരും ആരെയും മനസ്സിലാക്കുന്നില്ല - എല്ലാവരും പ്രതീക്ഷയിലാണ്. ഇക്കഥയിലെ നായകനായ പ്രൊഫസ്സറുടേ ബാങ്ക് ബാലൻസിൽ പോലും മക്കൾക്കാർക്കും താൽപ്പര്യമില്ല. അതും അദ്ദേഹത്തെ വേദനിപ്പിച്ചു കാണണം..... അതിലൂടെയും മക്കളുടെ പ്രഫഷണൽ സ്നേഹം അദ്ദേഹം തിരിച്ചറിഞ്ഞു കാണണം.
    മക്കളോട് അദ്ദേഹത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നെകിൽ ഒരു കത്ത് അവരിലാർക്കെങ്കിലും അദ്ദേഹം എഴുതി വെയ്കുമായിരുന്നു. അക്കാര്യം ചിപ്പി തിരിച്ചറിഞ്ഞതേയില്ല. തനിക്കു തിരിച്ചറിവുണ്ടെന്ന വിശ്വാസത്തിൽ, അല്ലെങ്കിൽ തനിക്കു മാത്രമേ അതുള്ളൂവെന്ന വിശ്വാസത്തിൽ അദ്ദേഹം ജീവിച്ചു. ഭാര്യ മരിച്ചിട്ട് എട്ടു വർഷങളായിയെന്ന് പറഞ്ഞു കത്തു തുടങുന്ന അദ്ദേഹം സ്വന്തം ജീവിതത്തെ ശ്രദ്ധിച്ചു തുടങിയതും അന്നുമുതലായിരിക്കണം.
    ഓസ്ട്രേലിയാ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മരണം തന്നെയായിരുന്നു. അവിടെച്ചെന്ന് ഏതാനും ദിവസങൾ കൂടി കഴിഞ്ഞാണ് ഹൃദയം നിലച്ചതെന്നേയുള്ളൂ. സത്യമല്ലേ? തിരിച്ചറിവുണ്ടായിരിക്കുന്നതാണ് കൂടുതൽ വേദനാജനകമെന്നു തോന്നുന്നു.

    ReplyDelete