Tuesday 24 March 2015

നിത്യസത്യമേ, നീയെവിടെയാണ്?

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം. വാച്യാർഥത്തിലെടുത്താൽ അതൊരു വലിയ സദ്‌വാർത്തയാണ്. അതായത് എല്ലാവരും സത്യമെന്താണെന്ന് അറിയുകയും അതുവഴി സ്വാതന്ത്ര്യമെന്താണെന്ന് രുചിച്ചറിയുകയും ചെയ്യുമെന്ന്. എന്നാൽ അത് വളരെ വിരളമായി മാത്രം സംഭവിക്കുന്നതായിട്ടാണ് മനുഷ്യാനുഭവം. അതുകൊണ്ട്, ബൈബിൾ വാക്യങ്ങളുടെ കാര്യത്തിൽ പലപ്പോഴും കാണാറുള്ളതുപോലെ ഈ വാക്യത്തിലും അത്ര വ്യക്തതയില്ല എന്നു പറയേണ്ടിവരുന്നു. വാസ്തവത്തിൽ, ഉള്ളിലോ വെളിയിലോ നിലനിൽക്കുന്ന സത്യത്തെ ആര് കണ്ടെത്തുന്നുവോ, അയാൾ ആ തിരിച്ചറിവിലൂടെ, അതായത്, ആ സത്യത്തിലൂടെ സർവസ്വതന്ത്രനാകും എന്നല്ലേ അതിന്റെ പൊരുൾ? എങ്കിൽ പിന്നെ അത് അങ്ങനെത്തന്നെയങ്ങ് എഴുതരുതോ? അതായത്, സത്യമെന്തെന്ന് തെരയാനുള്ള കടമ ഓരോരുത്തർക്കും ഉണ്ട്. അത് ഗൌരവമായി എടുത്താൽ, ഒരു പക്ഷേ, നീ സത്യമെന്തെന്ന് കണ്ടെത്തിയെന്നു വരാം. അത് സംഭവിച്ചാൽ, അതിന്റെ ഫലമായി യഥാർഥ സ്വാതന്ത്ര്യമെന്തെന്നും നീ അനുഭവിച്ചറിയും. 

ഇവിടെ സത്യമെന്നത് ആരോരുമില്ലാതെ, അല്ലെങ്കിൽ ആരുടേതുമല്ലാതെ, അങ്ങനെ പ്രപഞ്ചമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന എന്തോ അല്ല. എന്തിനെയെങ്കിലും സംബന്ധിക്കുന്നതാണ് അത്. നമ്മെ സംബന്ധിച്ചിടത്തോളം സത്യമെന്നത് പ്രഥമപ്രധാനമായി നമ്മെ സംബന്ധിക്കുന്ന, അതായത് നമ്മുടെ അസ്തിത്വത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും. ചോദ്യം ചോദിക്കാനുള്ള കഴിവാണ് നമ്മെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വേർതിരിക്കുന്നതും നമ്മെ മനുഷ്യരാക്കുന്നതും. ഏതൊരാളും ആദ്യമായി ചോദിക്കുന്ന ചോദ്യം താനാരാണ്, താനിവിടെ എന്ത് ചെയ്യുന്നു, എന്തിനായി അത് ചെയ്യുന്നു എന്ന് തുടങ്ങുന്നവയാണ്. താൻ അല്ലെങ്കിൽ ഞാൻ എന്നു പറയുമ്പോൾ അതിൽ ഞാൻ നിലനിൽക്കുന്ന പ്രപഞ്ചവും ഉൾപ്പെടും. ഞാനും എന്നെ ഉൾകൊള്ളുന്ന മറ്റ് അസ്തിത്വങ്ങളും എന്നിൽ വിസ്മയം ജനിപ്പിക്കുന്നതുകൊണ്ടാണ് ബുദ്ധി വികസിക്കുന്നതോടെ നമ്മൾ മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉപജ്ഞാതാക്കളായിത്തീരുന്നത്. എന്നെപ്പറ്റി അറിയുന്നതിന്റെ ഭാഗമായി എന്റെ ഉദ്ഭവം, പരിണാമം, വികാസം, പ്രപഞ്ചത്തിന്‌ അതിലുള്ള പങ്ക് എന്നിവയെപ്പറ്റി കിട്ടുന്ന അറിവെല്ലാം ഞാൻ സമ്പാദിക്കുന്നു.

സഹസ്രകോടിക്കണക്കിന് ഗാലക്സികളും അതിലോരോന്നിലും പതിനായിരം കോടിയോളം നക്ഷത്രങ്ങളും ഉള്ള സ്ഥൂലവും സൂക്ഷമവുമായ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവും നാം ആർജിക്കുന്നു. എന്നാൽ ഈ അറിവുകൾ ആരെയെങ്കിലും അസന്നിഗ്ദ്ധമായ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നുണ്ടോ? എത്ര വിപുലവും ആഴമുള്ളതുമായ അറിവുണ്ടായാലും ഇതിലെല്ലാം ഒരു ലക്ഷ്യമുണ്ടെന്ന സ്ഥിരീകരണം ലഭ്യമല്ലെന്ന അനുഭവമാണ് കൂടുതൽ പേർക്കും ഉള്ളത്. മറിച്ച്, നമുക്കറിയാൻ കഴിയുന്ന പ്രപഞ്ചത്തിനും അതിനുള്ളിലെ നമ്മുടെ ബൗദ്ധികജീവിതത്തിനും നിശ്ചിതമായ ഒരു ലക്ഷ്യമുണ്ടെന്ന ധൈര്യം കൈവരിക്കുന്നവർ, അത് യുക്തിയിലൂടെയല്ല, മറിച്ച്, യുക്തിയെ മറികടന്നാണ് നേടുന്നത്. അങ്ങനെയെങ്കിൽ, മനുഷ്യനെ സംബന്ധിച്ച് സത്യം എപ്പോഴും കാണാമറയത്താണ്. അല്ല, കാണാമറയത്തെങ്കിലും സത്യം എന്നൊന്ന് ഉണ്ടെന്നു പറയാൻ നമുക്കെന്തവകാശം? അപ്പോൾ പിന്നെ നമ്മെ സ്വതന്ത്രരാക്കേണ്ട ആ സത്യം എന്തായിരിക്കും? അതെവിടെയാണ്?

എന്തായാലും നമ്മളും നമ്മുടെ പ്രപഞ്ചവും ഇവിടെയുണ്ട്. അതിനെ ചോദ്യം ചെയ്താൽ പിന്നെയൊന്നിനും അർഥമില്ലതന്ന. ഇത്ര ബ്രഹ്മാണ്‍ഡമായ ഒരു സംഭവം വെറും യാദൃശ്ചികതയായിരിക്കാമോ? ആയിരിക്കാമെന്നും തങ്ങൾ കണ്ടെത്തിയ സത്യം അതാണെന്നും സ്വയം ഉറപ്പുവരുത്തി അതിൽ കൂസലില്ലായ്മയുടെ ഒരുതരം സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ഇന്ന് ഈ ലോകത്ത് ധാരാളമുണ്ട്. യാദൃശ്ചികതയുടെ ഇല്ലായ്മയിലേയ്ക്കു അഴിഞ്ഞ് ഒന്നുമല്ലാതായിപ്പോകുന്നതിൽ അവർക്ക് ഒരു പരിഭവവുമില്ല. അവർ അനുഭവിക്കുന്നത് അർഥമില്ലായ്മയുടെ സ്വാതന്ത്ര്യമാണ്. അതവരുടെ അവകാശമായി നാം വിട്ടുകൊടുക്കുക. ഓരോ ആത്മഹത്യയെയും ഇത്തരം അർഥമില്ലായ്മയുടെ വൈയക്തികമായ പ്രത്യക്ഷീകരണമായി വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാൽ എല്ലാ വൈതരണികളെയും അതിലംഘിച്ച് അവിശ്രമം ജീവന്റെ അർഥം തേടുന്നവരും ഉണ്ടെന്ന് നമുക്കറിയാം. ഞാനും നിങ്ങളും അതിൽ പെടുന്നുണ്ടായിരിക്കണം. എന്തുകൊണ്ട്? 1370 കോടി വർഷങ്ങൾക്കു മുമ്പ്, പൂജ്യം വലിപ്പവും അനന്തമായ സാന്ദ്രതയുമുള്ള, എല്ലാ ദ്രവ്യവും എല്ലാ ഊര്ജ്ജവും ഉൾക്കൊള്ളുന്ന ഒരു പരമാണുവിന്റെ വൻസ്ഫോടനത്തിൽ ആരംഭിച്ച്, സഹസ്രകോടിക്കണക്കിന് ഗാലക്സികളും ഓരോ ഗാലക്സിയിലും സഹസ്രകോടിയിലധികം നക്ഷത്രങ്ങളുള്ള, ആയിരത്തിയഞ്ഞൂറു കോടി പ്രകാശവർഷങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥൂലപ്രപഞ്ചത്തിന്റെ അതിരുകളിലുള്ള ക്വാസാർ, പൾസാർ നക്ഷത്രങ്ങളെവരെ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിവുള്ള മനുഷ്യൻ; സൂക്ഷ്മപ്രപഞ്ചത്തിൽ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടുപിടുത്തങ്ങളിലൂടെ ഒരു മീറ്ററിന്റെ നൂറുലക്ഷം കോടിയിലൊരംശം മാത്രം വലിപ്പമുള്ള പ്രോടോണ്‍, ഇലക്ട്രോണ്‍ കണങ്ങളെവരെ അപഗ്രഥിക്കാനും പഠിക്കാനും പ്രാവീണ്യം നേടിയ മനുഷ്യൻ; പരിധിയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിവാഞ്ചയോടുകൂടിയ മനുഷ്യൻ, വെറും യാദൃശ്ചികതയുടെ ഒരുത്പന്നം മാത്രമാണെന്നും, പെട്ടെന്നൊരു നിമിഷത്തിൽ വീണ്ടും ഒരു നീർക്കുമിളപോലെ ഇല്ലായമയിൽ അമർന്ന് അപ്രത്യക്ഷമാകുമെന്നും കരുതാൻ വിസ്സമ്മതിക്കുന്നതുകൊണ്ടാണ് എവിടെയോ മറഞ്ഞിരിക്കുന്ന ജീവിതസത്യത്തെ തിരഞ്ഞ് നാം പുറപ്പെടുന്നത്. ആ സത്യത്തെ കണ്ടെത്തുന്നതോടെ സമാധാനവും സംതൃപ്തിയും സ്വാതന്ത്ര്യവും കൈവരുമെന്ന് നാം വിശ്വസിക്കുകയാണ്. എന്റെ അസ്തിത്വത്തിന്റെ ഉറവിടം എന്നിൽത്തന്നെ അല്ലെന്നറിയാവുന്ന ഞാൻ, ഈ അസ്തിത്വത്തിന് മൌലികമായ ഒരുകാരണവും അർഥവും ഉണ്ടെന്നു വിശ്വസിക്കാൻ നിർബന്ധിതനാകുന്നു എന്നതാണ് എന്നെ നയിക്കുന്ന യുക്തി. താത്ത്വികമായി ഒരാധാരം ഈ വിശ്വാസത്തിന് ഇല്ലെന്നറിഞ്ഞിട്ടും അതുപേക്ഷിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല. എന്തെന്നാൽ, എനിക്കുചുറ്റും ഞാൻ അനുഭവിക്കുന്ന മനോഹാരിതക്കും ജീവസ്പന്ദനങ്ങൾക്കും എല്ലാ വിധ അഭിശപ്തതയെയും തിരുത്തുന്ന ധാർമികതക്കും ഉള്ള നീതിമത്ക്കരണം  എന്റെയീ ആയുക്തിയിലാണെന്നു വരുന്നുവെങ്കിലും അതെന്നെ ഉത്തേജിതനാക്കുന്നു. അതില്ലാതെ സ്നേഹം കൊടുക്കലും വാങ്ങലും നിഷ്പ്രഭമായിത്തീരുന്നു. 

ഈ പറഞ്ഞുവന്നതിൽ അർഥമില്ലെങ്കിൽ, എന്തുകൊണ്ട് ഇല്ലായ്മക്കു പകരം ഉള്ളായ്മ? ഉള്ളായ്മ ലക്ഷ്യഭദ്രമായിരിക്കണം. എനിക്ക് ശക്തി പകരുന്ന ഏറ്റവും വലിയ കണ്ടെത്തൽ അതാണ്‌. മറ്റൊന്നും മനസ്സിലായില്ലെങ്കിലും, ഈ രക്ഷാവള്ളിയിൽ പിടിച്ച് എനിക്ക് ജീവന്റെ നൂല്പാലം കടന്നു പോകാനാകുന്നു. ആ പോക്കിൽ മുകളിലും താഴെയും ചുറ്റിലുമുള്ള എല്ലാ സമൃദ്ധിയും സൌന്ദര്യവും കണ്ടാനന്ദിക്കാനും അനുഭവിക്കാനും, അതേ സമയം അവയിൽനിന്ന് നിഷ്പക്ഷമായി അകന്നുനിൽക്കാനും എനിക്കാവുന്നു. അതുകൊണ്ടാണ് ഞാൻ ചെയ്യുന്നത് ഞാൻ ചെയ്യുന്നതും ഞാൻ ചെയ്യാത്തത് ചെയ്യാതിരിക്കുന്നതും. അതുകൊണ്ടാണ് എന്റെ ഉത്തരവാദിത്വം എന്നോടുതന്നെയാകുന്നത്. അതുകൊണ്ടാണ് എല്ലാം അതാതിന്റെ തോതിൽ നിലനിറുത്താൻ എനിക്കാകുന്നത്. ഈ മാനസികാവസ്ഥ എല്ലാ അർഥമില്ലായ്മയിലും എന്നെ താങ്ങുകയും നിരാശതയിൽനിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപാധികൾക്കെല്ലാം നടുവിൽ നിരുപാധികമായിരിക്കുന്ന എന്തോ ഒന്ന്, അതിനെ ഞാൻ സത്യമെന്ന് വിളിക്കട്ടെ, അതാണ്‌ എന്റെയീ നിലപാടിനു പിന്നിൽ. ജീവിക്കാനെന്നപോലെ ഏതു നിമിഷവും മരണത്തിലൂടെ ഇല്ലാതാകുവാനും ഈ സത്യം എനിക്ക് കരുത്തായിത്തീരുന്നു. എന്നാലും, വാക്കുകളില്ലാതെ ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നു: എന്നെ സർവസ്വതന്ത്രനാക്കുന്ന നിത്യസത്യമേ, നീയെവിടെയാണ്?  

2 comments:

  1. എന്നെയും കുറച്ചേറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്; ഈ മഹാപ്രപഞ്ചവും അതിൽ ജീവനും ജീവന്റെ നിലനില്പ്പിനുമായി ക്രമീകരിക്കപ്പെട്ടതൊക്കെയും, കേവലം യാദൃശ്ചികതയാണെന്ന യുക്തിവാദപരമായ ധാർഷ്ട്യം. കുറെ ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു. അവസാനം എനിക്കു തോന്നി, 'യാദൃശ്ചികതക്കും ഒരു പരിധിയില്ലേ'?

    'യാദൃശ്ചികത' എന്ന വാക്കിന്റെ അർത്ഥം പോലും, മറ്റൊരിക്കൽ കൂടി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നോ അല്ലെങ്കിൽ സ്ഥിരമായൊരു നിയമം ബാധകമല്ലാത്ത എന്തോ ഒന്ന് എന്നല്ലേ? അങ്ങനെയെങ്കിൽ 'പ്രതിഭാസങ്ങളും' യാദൃശ്ചികതയുടെ ഉത്പന്നം തന്നെ. ശാസ്ത്രത്തെ സംബന്ധിച്ച്, പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന സ്ഥിരതയുള്ള നിയമങ്ങൾ കണ്ടെത്തുക എന്നതാണ് അതിന്റെ രീതിയും സത്യവും. അപ്പോൾ ഒരു ചോദ്യം: " കേവലം യാദൃശ്ചികതയുടെ ഉത്പന്നമായ പ്രതിഭാസങ്ങൾ എങ്ങനെയാണ് സ്ഥിരാങ്കങ്ങളാൽ ക്രമീകരിക്കപ്പെട്ട് നിലനിക്കുന്നത്? കൂടാതെ, അവ ജീവൻ നിലനിൽക്കാൻ സഹായിക്കത്തക്കവണ്ണം തുടരുകയുമാണ്! സ്ഥിരതയില്ലാത്ത ചിലത് സ്ഥിരതയുള്ള മറ്റൊന്നിനു രൂപം കൊടുക്കുന്നു എന്നു പറയുന്നത് യുക്തിഭദ്രമാണോ? ഇവിടെ, ശാസ്ത്രത്തെ അകമഴിഞ്ഞവലംബിക്കുന്ന, അർത്ഥമില്ലായ്മയുടെ സ്വാതന്ത്ര്യം അതിൽത്തന്നെ പാളുകയല്ലേ?.

    പരിണാമം അന്ധമായൊരു പ്രക്രിയയാണ് എന്നു വാദിക്കുന്നവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്; ' ഉപയോഗക്ഷമമല്ലാത്തതൊന്നും പരിണമിച്ചിട്ടില്ല. utility ഉള്ള ഏതൊന്നിനും പിറകിൽ ഒരു intelligent design ഉണ്ട്.

    ReplyDelete
  2. Watch this. You would never more take uncertainty as the principle working behind life on earth or anywhere else in the universe.
    http://www.ted.com/talks/jim_al_khalili_how_quantum_biology_might_explain_life_s_biggest_questions?utm_source=newsletter_weekly_2015-08-29&utm_campaign=newsletter_weekly&utm_medium=email&utm_content=talk_of_the_week_image#

    ReplyDelete