Tuesday, 23 September 2014

മൌനം

പണ്ട്‌ ജപ്പാനില്‍ ധനികരും സ്വാര്‍ത്ഥരുമായ ചില വൃദ്ധര്‍ തങ്ങളുടെ യൌവനം നിലനിര്‍ത്താന്‍ ചില ഗുഢതന്ത്രങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു. കൈക്കുഞ്ഞങ്ങളെ വിലയ്ക്കെടുത്ത്‌ കിടക്കയില്‍ അവര്‍ക്ക്‌ മദ്ധ്യേ അന്തിയുറങ്ങുക. പതുക്കെ പതുക്കെ കുഞ്ഞുങ്ങളടെ നന്മകളും ഊര്‍ജ്ജവും എല്ലാം വലിച്ചടുത്ത്‌ അവര്‍ യൌവനത്തിലേക്ക്‌ തിരികെയെത്തുമെന്നായിരുന്നു വിശ്വാസം. കുഞ്ഞുങ്ങളാകട്ടെ വളരെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക്‌ വഴുതിപ്പോവുകയും… ആള്‍ക്കൂട്ടം സ്വാര്‍ത്ഥനായ ഈ വൃദ്ധനെപ്പോലെയാണ്‌. അതു നിങ്ങളില്‍ നിന്ന്‌ നൈര്‍ല്യവും വിശുദ്ധിയും ഓജസുമെല്ലാം കവര്‍ന്നെടുക്കുക മാത്രമേയുള്ളൂ. പകരം നിങ്ങള്‍ക്ക്‌ അതൊന്നും സമ്മാനിക്കുന്നുമില്ല അതുകൊണ്ടാണ്‌ ഒരു വിരുന്നിനു പോയതിനു ശേഷം മടങ്ങിയെത്തിയ നിങ്ങള്‍ ക്ഷീണിതനാവുന്നത്‌. എല്ലാത്തിനോടും മടുപ്പ്‌ അനുഭവപ്പടുന്നത്‌.
ആള്‍ക്കൂട്ടത്തെ നിശ്ചയിക്കുന്നത്‌ എണ്ണമല്ല. ഒരു നിലപാടിന്റെ പേരാണത്‌. അവബോധമില്ലാതെ പോകുന്നവരുടെ സത്രകൂട്ടങ്ങളാണത്‌. അത്താഴം, രതി, നിദ്രക്കപ്പുറത്ത്‌ ഒന്നും കാണാനിഷ്‌ടപ്പെടാത്തവരുടെ കളിയരങ്ങുകള്‍. അതില്‍ നിന്ന്‌ ഒരു കല്ലേറ്‌ ദൂരം കാത്തുസൂക്ഷിക്കുകയാണ്‌ പ്രധാനം. അഹന്തയായത്‌ വ്യാഖ്യാനിക്കപ്പെട്ടേക്കാം. യഥാര്‍ത്ഥത്തില്‍ അതൊരു ജാഗ്രതയാണ്‌, ഒന്നു കുതറി നില്‌ക്കാനുള്ള ശ്രമം. അത്രയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ കുറെ കഴിയുമ്പോള്‍ നമുക്ക്‌ നമ്മോടുതന്നെ അനിഷ്‌ടങ്ങള് ‍അനുഭവപ്പെട്ടേക്കും. സൌന്ദര്യമില്ലാതെയും ലഹരിയില്ലാതെയും ജീവിക്കേണ്ടിവരിക, എന്തൊരു ഭാരമാണ്‌.
ആള്‍ക്കൂട്ടത്തെ ഒരിക്കലും നമുക്ക്‌ ഒഴിവാക്കാനാവില്ല. വാഴ്‌വില്‍ അതിന്റെ ഇടപെടലുകളെ പൂര്‍ണ്ണമായി പ്രതിരോധിക്കാനുമാവില്ല. അതുകൊണ്ടാണ്‌ ചിലനേരമെങ്കിലും കുതറി നില്‌ക്കാനുള്ള ഒരാത്‌മീയ ഊര്‍ജ്ജം കണ്ടെത്താന്‍ ഒരാള്‍ ശ്രമിക്കേണ്ടത്‌. പകല്‍ മുഴുവന്‍ ആള്‍ക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച ക്രിസ്‌തു മലമുകളിലേക്ക്‌ അന്തികളില്‍ മടങ്ങിപ്പോയത്‌ അതുകൊണ്ടാണ്‌. ഓരോരുത്തരും തങ്ങളുടെ ഗിരിശൃംഖങ്ങളെ കണ്ടെത്തിയേ തീരൂ. മൌനമായിരിക്കാം അത്തരമൊരു മലമുകള്‍. വിശുദ്ധമായ അനുഭൂതികളുടെ മഞ്ഞ്‌ വീഴുന്ന ഒരു ഗിരികുടീരം.
മൌനത്തെ ഭയക്കുന്ന മനുഷ്യരാണ്‌ നമുക്ക്‌ ചുറ്റും. എട്ടുമണിക്കൂര്‍ നീണ്ട ഒരു തീവണ്ടിയാത്രയില്‍ അന്നത്തെ പത്രം ഒരു പതിനാറാവര്‍ത്തി വായിക്കുന്ന കൂട്ടുയാത്രക്കാരന്‍ വെളിപ്പെടുത്തുന്ന സത്യവും മറ്റൊന്നല്ല. സ്വയം അഭിമുഖീകരിക്കാനുള്ള ഭയമാണ്‌ ഇതിനു പിന്നില്‍. കല്ലുവീണ നിരന്തരം ചിറ്റോളങ്ങള്‍ രൂപപ്പെടുന്ന തടാകമാണ്‌ പലപ്പോഴും എന്റെ മനസ്സ്‌. അതൊന്നിനെയും സത്യസന്ധമായ പ്രതിബിംബിപ്പിക്കുന്നില്ല. മനസ്സ്‌ ഒരുനിശ്ചല തടാകമായി രൂപപ്പെടുകയാണ്‌ സാന്ദ്രമൌനങ്ങളില്‍. ഞാന്‍ എന്നെത്തന്നെ ഒരു കണ്ണാടിയിലെന്നപോലെ കാണുകയാണ്‌. ജീവിതകാലം മുഴുവന്‍ ഒത്തിരി പ്രതിഷ്‌ഠകള്‍ നടത്തിയ ചെമ്പഴന്തിയിലെ ഗുരുവിന്റെ അവസാനത്തെ പ്രതിഷ്‌ഠ ഒരു കണ്ണാടിയായിരുന്നുവെന്നുള്ളത്‌ നല്ലൊരു ചിന്തയാണ്‌. മൌനം ഒരു ദര്‍പ്പണ പ്രതിഷ്‌ഠയുടെ ഭാഗമാണ്‌.
ഒത്തിരി കാര്യങ്ങളെക്കുറിച്ച്‌ വ്യാകുലപ്പെടുന്ന മാര്‍ത്തകളായി നമ്മള്‍. ഒന്നേ ആവശ്യമുള്ളു ശാന്തമായി ഇരിക്കാനാവുക എന്ന മറിയത്തിന്റെ നിലപാടിലേക്കുള്ള സഞ്ചാരമാണിത്‌. സംവേദനത്തിന്‌ വാക്കു കൂടിയേകഴിയൂ എന്നതാണ്‌ ഏറ്റവും വലിയ അബദ്ധധാരണകളില്‍ ഒന്ന്‌. പ്രണയ മഴകളില്‍ സ്‌നാനം ചെയ്‌ത്‌ നില്‌ക്കുന്ന രണ്ടുപേര്‍ക്കിടയിലെമൌനം വാക്കിനേക്കാള്‍ സൌന്ദര്യവും വാചാലവുമാണെന്ന്‌ ഒരിക്കലെങ്കിലും അറിഞ്ഞ ഒരാള്‍ക്കറിയാം. ദൈവത്തിനും എനിക്കുമിടയിലും മൌനമാണ്‌ ഏറ്റവും നല്ല പാലമെന്റ്‌. അതുകൊണ്ടാവണം ദൈവത്തിനുവേണ്ടി കാത്തുനിന്ന ഒരു പ്രവാചകന്‍ വീശിയടിച്ച കൊടുങ്കാറ്റിലും സര്‍വ്വവും ഉലച്ച ഭൂകമ്പങ്ങളിലും പെയ്‌തിറങ്ങിയ അഗ്നിജ്വാലകളിലും ദൈവത്തെ കാണാനാവാതെ കാത്തുനില്‌ക്കുമ്പോള്‍ ഒരുസൌമ്യവാതമായി ദൈവം അവന്റെ ഹൃദയത്തെ തൊട്ടത്‌.
ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി നില്‌ക്കുന്ന ഒരാള്‍ക്ക്‌ അധികമൊന്നും അതിനു സമ്മാനിക്കാനില്ല. എന്നാല്‍, ഒരു ചുവട്‌ പിന്നോട്ട്‌ മാറിനില്‍ക്കുക എന്നതിന്റെ അര്‍ത്ഥം കുറെക്കൂടി സൃഷ്‌ടിപരമായഒരു ഇടപെടല്‍ നടത്താന്‍ ഇന്ധനം കണ്ടെത്തുക എന്നാണ്‌. മുമ്പോട്ട്‌ ചാടാന്‍ ആയുന്ന ഒരാള്‍ രണ്ടു ചുവട്‌പുറകോട്ടു നീങ്ങി കുതിക്കുന്നതുപോലെ ലളിതമായ പ്രക്രിയയാണത്‌.
മൌനത്തില്‍ സ്വാഭാവികമായി കുരുക്കഴിയുന്ന ചില പ്രതി സന്ധികളുണ്ട്‌. തെറ്റില്‍ പിടിക്കപ്പെട്ട സ്‌ത്രീയുമായെത്തിയ ആള്‍ക്കൂട്ടം വലിയ രോഷാകുലരായിരുന്നു. ക്രിസ്‌തു അവിടെ ഒന്നും പറയാതെ നിലത്ത്‌ ശാന്തമായി എഴുതിക്കൊണ്ടിരിക്കുകയാണ്‌. ആ നിശ്ശ്‌ദതയുടെ ഇടവേളയില്‍ കാര്യങ്ങള്‍ കുറെക്കൂടി സംയമനത്തോട്‌ കാണാനുള്ള വെളിച്ചം അവര്‍ക്ക്‌ കിട്ടിയിട്ടുണ്ടാവണം. പിന്നീടാണ്‌ മൌനത്തില്‍ നിന്ന്‌ പൂവിട്ടൊരു വാക്ക്‌ ക്രിസ്‌തു അരുള്‍ ചെയ്‌തത്‌. “നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ”. അത്‌ സ്വീകരിക്കാനായി അവരുടെ മനസ്സ്‌ അപ്പോഴേയ്ക്കും പരുവപ്പെട്ടിരുന്നു.അവര്‍ ഓരോരുത്തരും നിശ്ശ്‌ദമായി അവിടം വിട്ടുപോയി.
ബുദ്ധനില്‍ നിന്ന്‌ ആനന്ദന്‍ പഠിച്ച പാഠവും ഇതുതന്നെ. ഒരു പുഴമുറിച്ചവര്‍ വളരെ ദൂരം സഞ്ചരിച്ചപ്പോള്‍, പെട്ടെന്ന്‌ ബുദ്ധന്‍ പറഞ്ഞു: “എനിക്ക്‌ നീയൊരു പാത്രം വെള്ളം ആ പുഴയില്‍ നിന്ന്‌ കൊണ്ടുവരിക. ആനന്ദന്‍ പുഴയരികില്‍ എത്തിയപ്പോള്‍ പുഴ കലങ്ങികിടക്കുകയാണ്‌. ഏതാനും കാളവണ്ടികള്‍ അപ്പോള്‍ അതിലൂടെ കടന്നുപോയിട്ടേ ഉള്ളു. ആനന്ദന്‍ മടങ്ങിയെത്തി പറഞ്ഞു. പുഴ കലങ്ങിക്കിടക്കുകയാണ്‌. നമുക്ക്‌ മറ്റൊരിടത്തുനിന്ന്‌ വെള്ളം കണ്ടെത്താം. ബുദ്ധന്‍ പുഞ്ചിരിച്ചു. എന്താണിത്ര തിടുക്കം നിനക്ക്‌. പുഴയ്ക്കരികെ ചെന്ന്‌ ശാന്തമായിരിക്കൂ. പുഴയ്ക്ക്‌ തെളിയാതിരിക്കാനാവില്ല…”
ആനന്ദന്‍ പുഴയ്ക്കരികില്‍ ശാന്തനായിരുന്നു. പതുക്കെ പതുക്കെ പുഴ തെളിഞ്ഞു തുടങ്ങി. പിന്നീടയാള്‍ ബുദ്ധന്‌ നന്ദി പറഞ്ഞു. ശാന്തമായിരിക്കുകയാണെങ്കില്‍ ഏത്‌ കലങ്ങിയ പുഴയും തെളിയുമെന്ന പാഠം പഠിപ്പിച്ചതിന്‌. മൌനത്തിന്‍റെ മലമുകളില്‍ മഞ്ഞുവീഴുന്നുണ്ട്‌… കൂട്ടുയാത്രക്കാരാ നിനക്കും സ്വാഗതം.

ബോബി ജോസ് കട്ടികാട്

2 comments:

  1. സുതാര്യമാകാനുള്ള ഇടവേളകളാകട്ടെ മൌനം. പെട്ടെന്ന് പ്രതികരിക്കാതെ ഒരിടവേളയനുവദിക്കുമെങ്കിൽ പ്രതികരണം കൂടുതൽ പക്വമാകും. Action must be followed by reaction എന്നത് തെറ്റിക്കാനാവുന്നത് മനുഷ്യമനസ്സിനു മാത്രമാണ്.

    ReplyDelete
  2. സുതാര്യമാകുക എന്ന് പറഞ്ഞാൽ പ്രകാശം കടന്നുപോകാനനുവദിക്കുക എന്നും പ്രകാശത്തിന്റെ വഴിയിലെ തടസങ്ങൾ മാറ്റുക എന്നും അർഥമാക്കാം. ഇത് മനസ്സിന്റെ മാത്രം പ്രതലത്തിലല്ല ബാധകമാകുന്നത്. ശരീരവും സുതാര്യമാകേണ്ടതുണ്ട്. നിശ്ചിത ധ്യാനാവസരങ്ങളിൽ പ്രത്യേകിച്ച് നട്ടെല്ല് നേരെയാക്കി ഇരിക്കുന്നത് രക്തയോട്ടത്തിനും ഊർജ്ജസംക്രമണത്തിനും അനിവാര്യമായ ഒരു വഴിയൊരുക്കലാണ്. ഭക്ഷണക്രമീകരണങ്ങളിൽ ആയുർവേദപാരംഗതർ നിഷ്ഠയാവശ്യപ്പെടുന്നത് അവരുദ്ദേശിക്കുന്ന തരത്തിലുള്ള ശരീരത്തിന്റെയും കൂടെ സുതാര്യതക്കു വേണ്ടിയാണ്. വിഷാംശങ്ങളും കറകളും ഉള്ളിലുല്ലപ്പോൾ ശരീരത്തിന് ജോലി വർദ്ധിക്കുന്നു, അത് വാര്ദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നു. A sound mind in a sound body എന്നതാണ് ഇവിടെയും വിവക്ഷ.
    ഒരു ചെറിയ ഉദാഹരണം കുറിക്കട്ടെ. കാപ്പിയും ചായയും ഉദ്വീപന വസ്തുക്കളാണ് എന്ന് മാത്രമല്ല അവ പുകവലിപോലെ ശരീരത്തിൽ കറയെ നിക്ഷേപിക്കും എന്നും കരുതേണ്ടിയിരിക്കുന്നു. കാപ്പിയും ചായയും നമ്മളറിയാതെ ഒരു addiction ആയിത്തീരാം. എനിക്കിവരണ്ടും addiction ആയിട്ടുണ്ട്‌ എന്ന് ഞാൻ സമ്മതിക്കില്ലെങ്കിലും, രാവിലെയും ഉച്ചതിരിഞ്ഞും ഒരു കാപ്പി അല്ലെങ്കിൽ ചായ സന്തോഷത്തോടെ കാത്തിരിക്കാറുണ്ട് എന്നത് സത്യമാണ്. ഇവ രണ്ടും ഉപയോഗിക്കാത്ത ഒരു മകനും ഒന്നുരണ്ട് നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടും അവ ഒഴിവാക്കിയേക്കാം എന്ന് തീരുമാനിക്കാൻ ഈ അടുത്തകാലം വരെ എനിക്കായില്ല. എന്നാൽ ഏതോ ഒരു മൌനവേളയിൽ ഈ ചിന്ത എന്നെ ഗ്രസിച്ചു. ആ നല്ല തീരുമാനം ഞാനും എന്റേതാക്കി. പ്രതീക്ഷിച്ചയത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നു മാത്രമല്ല, ഏതോ ഒരു ലാഘവത്വം തോന്നിത്തുടങ്ങിയിട്ടുമുണ്ട്. അത് വെറുമൊരു തോന്നലായിക്കൊള്ളട്ടെ, എന്നിരുന്നാലും സ്വയം ഒരു നിയന്ത്രണമേർപ്പെടുത്തുക എന്നതിന്റെ ഗുണം എവിടെയോ അനുഭവപ്പെടുന്നുണ്ട്. ചായക്കും കാപ്പിക്കും പകരം ഇപ്പോൾ ഞാൻ അധികമായി കുടിക്കുന്ന ശുദ്ധജലം അതിൽത്തന്നെ ശരീരത്തെ ശുദ്ധമാക്കുന്നുണ്ട് എന്നെനിക്കറിയാം. വിശുദ്ധി അല്ലെങ്കിൽ അശുദ്ധി എപ്പോഴും പരിസരങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നത് പ്രകൃതിയുടെ ഒരു രീതിയായി ഞാൻ കണക്കാക്കുന്നതുകൊണ്ട്, ഈ തീരുമാനം എനിക്കു മാത്രമല്ല ബാധകമാകുന്നത് എന്നുമെനിക്ക് ബോധ്യമുണ്ട്.

    ReplyDelete