Tuesday 30 September 2014

ഒരു മടങ്ങിവരാപോയിന്റ്‌


ഒരു സിനിമയോടും താത്പര്യമില്ലാത്ത ഞാൻ ഇന്നൊരു പടം മുഴുവൻ കണ്ടു. ദ ആർടിസ്റ്റ്. https://www.youtube.com/watch?v=fsB4zospwYI
അതിന്റെ അവസാനം, പടം കണ്ടത് വ്യർഥമായില്ല എന്നെനിക്ക് തീർച്ചതന്നു. ചതിക്കപ്പെട്ട ഗായത്രി അവസാനം പറയുന്നു:
"ഓരോ ജീവിതത്തിലും ഒരു മടങ്ങിവരാപോയിന്റ്‌ ഉണ്ട്. ആ സ്ഥലത്തെത്തിയാൽ പിന്നെ വിശുദ്ധമായി ആ സത്യത്തെ സ്വീകരിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെയേ നമുക്ക് ജീവിച്ചു പോകാനാവൂ. അതുകൊണ്ട് ഗുഡ്ബൈ മൈക്ൾ. ഉള്ളിൽ മുറിവേറ്റത്‌ എനിക്കും കൂടിയാണെന്ന് ഓർക്കുക. കാരണം, നമുക്ക് ജീവിക്കാൻ സ്നേഹം മാത്രം പോരാ. എത്ര ആത്മാർഥമായി ശ്രമിച്ചാലും പല വേദനകളും ഒഴിവാക്കാനാവാതെ വരും. സമയമാകുമ്പോൾ മുറിവേൽക്കെണ്ടവർക്ക് വേദനിച്ചുതന്നെ തീരണം. അതാണ്‌ ജീവിതം.
Director - Shyamaprasad Producer - M. Mani Screenplay - Shyamaprasad Starring - Fahadh Faasil,Ann Augustine,Sreeram Ramachandran,Sidhartha Siva,Srinda Ashab ...
YOUTUBE.COM

3 comments:

  1. ശ്രി. സാക്ക് ഒരു സിനിമാ കണ്ടു. അദ്ദേഹം മുമ്പ് സിനിമാ കാണാന്‍ പോകാറുണ്ടായിരുന്നു, അതെനിക്കറിയാം. പക്ഷെ, അദ്ദേഹം പറയുന്നു 'ഞാന്‍ ഒരുപാട് നാളുകള്‍ കൂടി ഒരു സിനിമാ കണ്ടു. അദ്ദേഹം സിനിമാ കേള്ക്കുകയായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാന്‍ കാരണം, അതിലെ നായിക അവസാനം പറയുന്ന ഈ വാചകം അദ്ദേഹത്തിന്റെ മനസ്സില്‍ എവിടെയോ ആഴത്തില്‍ തറച്ചു എന്നത് കൊണ്ടാണ്.
    ഈ സിനിമാ കണ്ടിട്ട് ശ്രി. സാക്ക് എനിക്ക് എഴുതി,
    “ഉള്ളിൽ മുറിവേറ്റത്‌ എനിക്കും കൂടിയാണെന്ന് ഓർക്കുക. കാരണം, നമുക്ക് ജീവിക്കാൻ സ്നേഹം മാത്രം പോരാ. എത്ര ആത്മാർഥമായി ശ്രമിച്ചാലും പല വേദനകളും ഒഴിവാക്കാനാവാതെ വരും. സമയമാകുമ്പോൾ മുറിവേൽക്കെണ്ടവർ വേദനിച്ചുതന്നെ തീർക്കണം. അതാണ്‌ ജീവിതം.”
    അദ്ദേഹം തുടര്ന്നു , “ഈ യാത്രയില്‍ സ്നേഹം മാത്രം പോരാ.....വേദനകള്‍ ഒരു നിയോഗമാണ്.”
    അദ്ദേഹത്തെപ്പോലെ പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച് സത്ത മാത്രം ഊറ്റിയെടുക്കാനുള്ള കഴിവ് എല്ലാവര്ക്കും കാണണമെന്നില്ല. എന്നെപ്പോലെ ആര്ത്തിിയോടെ ഭക്ഷിക്കുന്നവര്‍ തൊലി പൊളിക്കാതെയും പഴം ഭക്ഷിക്കും. ശ്രി. ബുദ്ധന്‍ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയി. രാജ്യഭരണം സുഗമമായിരിക്കാന്‍ വേണ്ടി അനേകരുടെ അനുഭവങ്ങള്‍ അദ്ദേഹത്തിന് നേരിട്ട് അറിയാനുള്ള വേദി അദ്ദേഹത്തിനു ലഭിച്ചു. എങ്കിലും അദ്ദേഹം അന്വേഷിച്ചത് കിട്ടിയില്ല. എന്താണ് ദുഃഖം, അതറിയാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെി ജീവിതം. സാക്ക് കാണുന്നത് ജീവിതത്തില്‍ എപ്പോഴോ ഒരിക്കലുള്ള ഒരു മടങ്ങി വരാ പോയിന്റാണ്. ഇപ്പോള്‍ അദ്ദേഹം ചോദിക്കുന്നത്, എന്തുകൊണ്ട് ഞാനിതിനെപ്പറ്റി തീവ്രമായി ചിന്തിചിരുന്നില്ലാ എന്നായിരിക്കണം. സ്വയം സൃഷ്ടിച്ച ആ അസന്നിഗ്ദാവസ്ഥയോടു ഞാന്‍ യോജിക്കുന്നില്ല, കാരണം ജീവിതം എന്ന് പറയുന്നത് തന്നെ മടങ്ങിവരാ പോയിന്റുകളുടെ ഒരു നീണ്ട നിര തന്നെയാണല്ലോ. സാക്കിനോട് വിയോജിക്കുന്നതും യോജിക്കുന്നതും എനിക്കൊരുപോലെയാണ്, കാരണം അത് വിയോജിക്കാന്‍ വേണ്ടിയുള്ള വിയോജിപ്പുകളോ യോജിക്കാന്‍ വേണ്ടിയുള്ള യോജിപ്പുകളോ അല്ല.
    ഒരിക്കല്‍ ഒരു സ്നേഹിതന്‍ എന്നോട് പറഞ്ഞു, എന്റെി ഒരു ലേഖനം സാക്കിന് ഇഷ്ടപ്പെട്ടില്ലെന്ന്. അന്ന് ഞാനൊത്തിരി ചിരിച്ചു, കാരണം അത് എന്നെ അദ്ദേഹത്തില്‍ നിന്ന് അകറ്റാന്‍ പോന്ന ഒരു ഘടകമേ ആയിരുന്നില്ല. ഞാന്‍ സാക്കോ സാക്ക്‌ ഞാനോ അല്ലാത്തിടത്തോളം കാലം ഈ വ്യത്യാസം അവിടുണ്ടാവും. സ്വകാര്യ ചിന്തകള്‍ ഇഴ മുറിയാതെ ഞങ്ങള്‍ കൈമാറാറുമുണ്ട്. ഞാനൊന്ന് പറയട്ടെ, അദ്ദേഹത്തിന്റെ രചനകളില്‍ എനിക്കിഷ്ടപ്പെടാത്തതായി ഒന്നും ഉണ്ടായിരുന്നിട്ടില്ല. എനിക്ക് സാക്ക് എന്ന താന്തോന്നിയെ ഒത്തിരി ഇഷ്ടമാണ്...ഒത്തിരി.
    എങ്കിലും സാക്ക്‌ സാറേ, ഈ മടങ്ങി വരാ പോയിന്റിനെപ്പറ്റി ഇത്ര മേല്‍ വെവലാതിപ്പെടരുതേ എന്ന് ഞാന്‍ അഭ്യര്ത്ഥിക്കുന്നു. സര്‍വ്വ നിമിഷങ്ങളും മടങ്ങി വരാ നിമിഷങ്ങളാണ്, ഒരു ബന്ധവും സ്ഥിരമായതുമല്ല, ദൈവികമായ സ്നേഹം മനുഷ്യന് ആസ്വദിക്കാന്‍ കഴിയുന്നതുമല്ല. എങ്കിലും സ്നേഹിക്കുന്നെങ്കില്‍ അങ്ങിനെ തന്നെ സ്നേഹിക്കുക. സ്നേഹം ദൈവമാണ് എങ്കിലും സ്വയം അറിയാന്‍ ദൈവത്തിനും വേണം ഒരുപായം. ഉപായം അറിയാത്ത ദൈവങ്ങളും ദൈവങ്ങള്‍ അല്ലാതാകുന്നില്ല.

    ReplyDelete
  2. ബ്ളോഗിൽ വ്യക്തിപരമായ കാര്യങ്ങൾ കുറിക്കണോ എന്ന് അട്മിനിസ്ട്രെറ്റർ ഒരിക്കൽ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എന്റെ സുഹൃത്ത് ഒരു സൈക്കയാട്രിസ്റ്റിനെപ്പോലെ (സൈക്കിയാട്രിസ്റ്റ് എന്നുള്ളത് തെറ്റാണ്.) എന്റെ മാനസികാവസ്ഥയെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു. എനിക്കതിൽ വിരോധമില്ല. സന്തോഷമുണ്ട് താനും. എനിക്ക് മാനസികമായ ആരോഗ്യമുണ്ടെന്ന് ഞാൻ കരുതുന്നുണ്ടെങ്കിലും അറിയാവുന്ന ഒരാൾ എന്റെ മനസ്സിനെ ഒരിക്കൽ ഒന്നരിച്ചുപെറുക്കിയിരുന്നെങ്കിൽ എന്നെനിക്കു ആഗ്രഹമില്ലാതില്ല. പച്ചമാങ്ങായിൽനിറയെ നാരും പുളിരസവും ഉണ്ടെങ്കിലും പക്വമാകുന്നതോടെ അതിലെ നാര് കുറഞ്ഞിട്ട് നിറവും മണവും മധുരവും കൊണ്ട് നിറയുന്നതുപോലെയായിരിക്കണം വാർദ്ധക്യം എന്ന് പറയുന്ന ഗുരു യതിയോട് എനിക്ക് യോജിപ്പേ ഉള്ളൂ. പക്ഷേ, കേടുള്ള ഒരു മാങ്ങാ അടുത്തുള്ളതിലേയ്ക്ക് അസുഖം പരത്താം. “ഉള്ളിൽ മുറിവേറ്റത്‌ എനിക്കും കൂടിയാണെന്ന് ഓർക്കുക" എന്ന വാക്യം എന്റെ ഉള്ളിൽ തറച്ചത് അക്കാരണത്താലാണ്. സൂര്യോദയം പോലെ മനോഹരമായ ജീവന്റെ അവസാനവും അസ്തമയം പോലെ പ്രശാന്തസുന്ദരമാകേണ്ടതാണ്. അടുത്തുള്ളവർ സ്വയം ഉണ്ടാക്കുന്ന നരകത്തിൽ കഴിയുന്നത്‌ കാണുക ദുഃസ്സസഹമാണ്. എന്നാൽ അങ്ങനെയും കാണാറുള്ളതുകൊണ്ടാണ് "എത്ര ആത്മാർഥമായി ശ്രമിച്ചാലും പല വേദനകളും ഒഴിവാക്കാനാവാതെ വരും. സമയമാകുമ്പോൾ മുറിവേൽക്കേണ്ടവർ വേദനിച്ചുതന്നെ തീർക്കണം” എന്നത് എന്നെ ആകർഷിച്ചത്.

    നിങ്ങളെന്തിനാണ് ഇങ്ങനെ എഴുതിക്കൂട്ടുന്നത്, ഒന്ന് വെറുതേയിരുന്നുകൂടേ എന്ന് പത്നി ചോദിക്കാറുണ്ട്. വിശ്രമമെന്നത് വെറുതേയിരിക്കുകയല്ല, ശ്രമത്തിന്റെ ഗതി മാറ്റുക, വിശേഷരൂപത്തിലാക്കുക എന്നതാണെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിക്കും. ചെയ്തുകൊണ്ടിരിക്കുന്നതിന്റെ മൂല്യം മാറ്റുക. എഴുതാൻ ചിന്ത പ്രവർത്തിക്കണം. അതുണ്ടായില്ലെങ്കിൽ തലച്ചോറ്‌ സാവധാനം ചത്തുപോകും. ആദ്യം തലച്ചോറും പിന്നെ ശ്വാസവും നിലയ്ക്കുന്നതിലും മെച്ചമല്ലേ മറിച്ച് സംഭവിക്കുന്നത്‌. ആഹാരത്തിൽ നിന്നുള്ള ഔഷധമല്ലാതെ മറ്റൊരു മരുന്നും - തലവേദനക്കുള്ള ഒരു ഗുളിക പോലും - ഇന്നാൾവരെ കഴിച്ചിട്ടില്ല എന്നത് എനിക്കൊരു ക്രെഡിറ്റാണ്. അത് കളഞ്ഞുകുളിക്കാൻ ആഗ്രഹിക്കുന്നില്ല.

    ഇത്രയുമായപ്പോൾ എനക്കൊരു രസം തോന്നി. സമയം പാതിരായോടടുക്കുന്നു. ലോകമെല്ലാം ഉറങ്ങുന്നു. ഹംസധ്വനി രാഗത്തിൽ പണ്ഡിത് ഹരിപ്രസാദ് ചൗരാസിയ പുല്ലാംകുഴലിൽ പാടിയ മനോഹരമായ ഒരീണം ഒന്നുചേർന്നു വായിച്ചാലോ എന്ന്. ഞാൻ മൂന്നാം കട്ടയിൽ (ഗ) തുടങ്ങുന്ന എന്റെ ഫ്ളൂട്ടെടുത്തു. പിച്ച് കിറുകൃത്യം. എത്ര നേരം അദ്ദേഹത്തോടോത്ത് അതാവർത്തിച്ചു വായിച്ചു എന്നറിയില്ല. ഹാ, എന്തൊരനുഭവം. താത്പര്യമുള്ളവർ ഒന്ന് കേൾക്കുക.
    https://www.youtube.com/watch?v=4VloVAPloX8

    ഓ, പറയാൻ വിട്ടുപോയി. 1969ൽ, ലണ്ടനിൽ നിന്ന് ഒരു മണിക്കൂർ യാത്രയുള്ള ക്രോളി എന്ന സ്ഥലത്തുള്ള ഒരു തീയേറ്ററിൽ വച്ച് ഡോക്റ്റർ ഷിവാഗോ എന്ന പടം കണ്ടതിൽ പിന്നെ വേറൊന്ന് ഒരു തീയേറ്ററിൽ കയറി കണ്ടത് രണ്ടു വര്ഷം മുമ്പ് പാലായിൽവച്ച് കണ്ട 'അമേൻ എന്ന പടമാണ്. ശ്രീ ജോർജ് മൂലെചാലിൽ കട്ടായം പറഞ്ഞു, നല്ലതാണ്, കാണണമെന്ന്. അത്ര മതിപ്പൊന്നും തോന്നിയില്ല. അത്രയ്ക്കുണ്ട് സിനിമയോടുള്ള എന്റെ ഭ്രമം. അതിനിടക്ക് ആരോ എന്നെ ഒന്ന് കൊണ്ടുപോയി, ഏതോ ഒരെണ്ണം കാണാൻ. ഇന്റർവെലിനു ഞാനിറങ്ങി വീട്ടിൽ പോയി. Artist കണ്ടത് ലാപ്‌റ്റൊപിലാണ്. 0041622165912

    ReplyDelete
  3. ഒരു സാഹിത്യകൃതിയെക്കാൾ മികച്ച സിനിമയുണ്ടാകുക എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ് . Artist അങ്ങനെയുള്ള ഒരു ചിത്രമാണ് .

    https://www.youtube.com/watch?v=GIuXDu-QUZk


    സോഫീസ് വേൾഡ് വളരെ രസകരമായ ചിത്രമാണ്

    ReplyDelete