15. 07. 07
ഉള്ളിലുറവയെടുക്കാത്ത സൌന്ദര്യം
ഉടയാടകളിൽ തിരക്കി എത്രനേരം
കണ്ണാടിയെ നാണിപ്പിക്കുന്നു
ഏത്രവട്ടം കണ്ണുകളെ മഥിപ്പിക്കുന്നു.
നാളേയ്ക്ക് വേണ്ടാത്ത രത്നങ്ങൾ തേടി
എത്രയെത്രയിന്നുകളിൽ വിയർപ്പൊഴുക്കുന്നു
വീട്ടിൽ പവിഴമിരിക്കേ എത്രയോ പേർ
വഴിയോരത്ത് മുക്കുപണ്ടം തിരയുന്നു.
ഒരുത്തിക്കു വേണ്ടാത്ത മുത്തുചിപ്പിയെ
മറ്റൊരുവൾ കണ്ടെടുത്ത് സൂക്ഷിക്കുന്നു
തെറ്ററിയുമ്പോൾ ആദ്യത്തേവൾ
പാവം കടലിനെ പഴിക്കുന്നു.
അമ്മ, സ്നേഹം, ദൈവം, രക്ഷ -
എല്ലാം ചുറ്റുവട്ടത്തായിരിക്കേ
അവയെത്തേടിയലയുന്നവർ
കണ്ടെത്തുന്നതെന്തായിരിക്കാം?
അവ തമ്മിലുള്ള ബന്ധം ആരെങ്കിലും
തപ്പിയെടുക്കട്ടെയെന്ന് കരുതി
തമ്മിലിണങ്ങാത്ത വാക്കുകൾ
കോറിയിട്ടിട്ടുപോകുന്നവർ പെരുകുന്നു.
No comments:
Post a Comment