(1) ധ്യാനവും ഏകാഗ്രതയും ചിന്താപരമായ സമതയും(symmetry) കൊണ്ടുവരാം. വ്യത്യസ്തവും ഭിന്നവുമായ ഡേറ്റകളും ബാഹ്യമായ ഉദ്ദീപനങ്ങളും വിട്ട് മസ്തിഷ്‌ക്കം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുമ്പോഴാണ് ഏകാഗ്രത(concentration) സംജാതമാകുന്നത്. മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം നിര്‍ധാരണപരമായ ലാളിത്യമാണിത്. ഏകാഗ്രതയുടെ പരിണതിയാണ് ധ്യാനം(meditation). ധ്യാനിക്കുന്നയാള്‍ ചുറ്റുപാടുകളെക്കുറിച്ച് വേണ്ടത്ര ബോധവാനാകാത്തതിന്റെ കാരണമതാണ്. ചിലപ്പോള്‍ പുരാണത്തിലെ ശകുന്തളയെപ്പോലെ മറ്റെല്ലാം മറന്നെന്നുവരും. പരിണാമപരമായി നോക്കുമ്പോള്‍ നിര്‍ധാരണത്തിലെ ഈ ഏകതാനത മസ്തിഷ്‌ക്കം സുഖാനുഭവമായി രേഖപ്പെടുത്താനിടയുണ്ട്. ശാരീരികമായി അയച്ചിടുമ്പോള്‍ (relax) മസ്തിഷ്‌ക്കത്തിനും ജോലി ഫലത്തില്‍ കുറയുകയാണ്. ധ്യാനത്തിന് മുന്നാടിയായി പൊതുവെ ശരീരം അയച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
(2) ഒരൊറ്റ പ്രോഗ്രാം മാത്രം പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ നിരവധി ഓപ്പറേഷനുകള്‍ ഒരേസമയം ചെയ്യുന്നവയെക്കാളും ഉയര്‍ന്ന പ്രവര്‍ത്തനമികവ് പ്രകടമാക്കും. നിരവധി ആപ്‌ളിക്കേഷനുകള്‍ ഓരേസമയം സക്രിയമാക്കപ്പെടുമ്പോള്‍ വേഗത കുറയും. ഒരു ആപ്‌ളിക്കേഷന്‍ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ആ പ്രവര്‍ത്തനം കൂടി അവസാനിപ്പിച്ച് മെല്ലെ ഹൈബര്‍നേഷനിലേക്ക് (hibernation or sleep) പോകുമ്പോള്‍ പരമാവധി പരിമിതമായ പ്രോഗ്രാമുമായി(barest minimum progremme) കമ്പ്യൂട്ടര്‍ ധ്യാനിക്കുകയാണ്! ധ്യാനിക്കുന്നയാള്‍ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ളു എന്നതുപോലെ ഉറങ്ങുന്ന കമ്പ്യൂട്ടറും കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജമേ ചെലവിടുള്ളൂ. ജലപാനം പോലുമില്ലാതെ ധ്യാനിച്ചാല്‍ അവസാനം വടിയാകുമെന്നതുപോലെ(സമാധി എന്നാണ് ഇതിന്റെ വിളിപ്പേര്) ഉറങ്ങുന്ന കമ്പ്യൂട്ടര്‍ കുറെക്കഴിയുമ്പോള്‍ ചാര്‍ജ് നഷ്ടപ്പെട്ട് സ്വയം 'ഷട്ട്ഡൗണ്‍' ആയിപ്പോകും.
(3) നല്ല സംഗീതം മാത്രം ശ്രവിച്ചുകൊണ്ടോ ഒരു സംഭവം മാത്രം സ്മരിച്ചുകൊണ്ടോ ഇത്തരത്തില്‍ മസ്തിഷ്‌ക്കാനുഭവങ്ങളുടെ ഏകതാനതയിലേക്ക് നമുക്ക് കടക്കാനാവും. ഇത് ശരിക്കും ധ്യാനാവസ്ഥയാണ്. ഏത് വിഷയങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ചിന്തിക്കാം. കാമുകന് തന്റെ പ്രണയിനിയെ കുറിച്ച് ധ്യാനിച്ച് ആന്ദത്തിന്റെ ഉന്നതികളില്‍ എത്താനായേക്കും. പലര്‍ക്കും പല വിഷയങ്ങളോ സംഭവങ്ങളോ ധ്യാനത്തിന് കാരണമാകാം. യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ഡേറ്റകള്‍ ധ്യാനാത്മകമായി നിര്‍ധരിക്കാം. ധ്യാനനിര്‍ധാരണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകണമെന്നില്ല.
(4) ക്വാണ്ടം ഫിസിക്‌സോ ഗോളാന്തരയാത്രയോ ബ്രഹ്മമോ ഇഷ്ട സിനിമാതാരമോ ധ്യാനത്തിന് വിഷയീഭവിക്കാം. പലപ്പോഴും അതൊരു സുഖാനുഭവമായിരിക്കാന്‍ സാധ്യതയുണ്ട്. ശകുന്തളമാരും യാജ്ഞ്യവല്‍ക്യന്‍മാരും ഉണ്ടാകുന്നത് അങ്ങനെയാണ്. ഇത്തരം മസ്തിഷ്‌ക്കാനുഭവങ്ങളുടെ കാര്യത്തില്‍ നാസ്തികരെന്നോ ആസ്തികരെന്നോ ഉള്ള വ്യത്യാസമില്ല. മതവിശ്വാസികള്‍ക്ക് തന്റെ ദൈവത്തെ കുറിച്ച് മറ്റ് ഡേറ്റകള്‍ മാറ്റിവെച്ച് ധ്യാനിച്ച് സുഖാനുഭൂതിയിലെത്താം. അതിന് ഇന്ന ദൈവം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പുതിയ ദൈവത്തെ കണ്ടുപിടിക്കുകയോ 59 എന്ന സംഖ്യയെ ആരാധനമൂര്‍ത്തി ആക്കുകയോ ചെയ്യാം. ഇതൊക്കെ അതിഭൗതികതയുടെയോ ആത്മാവിന്റെയോ തെളിവായി കാണുന്നിടത്താണ് വെളിപാട് സാഹിത്യം വിരിഞ്ഞിറങ്ങുന്നത്.
Pro. Ravichandran C
No comments:
Post a Comment