മൊബൈൽ ഫോണ്‍ എങ്ങനെയാണ് ഉണ്ടായത് എന്ന് നിങ്ങൾക്കറിയാമോ? ഒരു യുക്തിവാദി സ്റ്റൈലിൽ മൊബൈൽ ഫോണിന്റെ 'പരിണാമം' ഒന്ന് വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. അവതരണത്തിലെ പോരായ്മകൾ ക്ഷമിക്കുമല്ലോ?
നമുക്കറിയാം, ഫോണിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങൾ ഗ്ലാസും പ്ലാസ്റ്റിക്കും മെറ്റലും ആണ്. മണലിന്റെ സംസ്കൃതരൂപമാണ് ഗ്ലാസ്. അതുപോലെ ഓയിലിൽ നിന്ന് പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്നു. മെറ്റൽ ഖനനം ചെയ്തുമെടുക്കുന്നു.
ഇനി, സങ്കൽപ്പിക്കുക:
കാലം, 1814. പ്രസിദ്ധനായ ബയോളജിസ്റ്റ് ശ്രീ. ഡിങ്കൻ ശാസ്ത്രികൾ ഒരു മരുഭൂമിയിലൂടെ നടക്കുകയാണ്. അതിന്റെ ഭൂമിശാസ്ത്രവും ജീവികളുടെ അനുകൂലനവും പഠിക്കുകയാണ് ലക്‌ഷ്യം. അസഹ്യമായ വെയിലും, മണൽക്കാറ്റുമൊക്കെ അതിജീവിച്ച് കുറച്ചു നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷം വിദഗ്ദ്ധനായ അദ്ദേഹം മനസ്സിലാക്കി, നോക്കെത്താ ദൂരത്ത് മണൽ കൂനകളുള്ള ഈ മരുഭൂമിക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന്. ഇഴജന്തുക്കളുടെ സഞ്ചാരപരിധികളും ഗന്ധവും അദ്ദേഹത്തിന് ചില ഇൻഫർമേഷൻ നല്കി. ധാരാളം എണ്ണപ്പാടങ്ങളാലും മൂലകങ്ങളാലും സമ്പുഷ്ടമാണ് ആ മരുഭൂമിയെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ വിവരങ്ങളൊക്കെ തന്റെ പുസ്തകത്തിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന്, ബെല്ലടിക്കുന്ന പോലൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതാ, കുറച്ചകലെ ഒരു 'വെളുത്ത സാധനം' കിടക്കുന്നു. ഓടിചെന്ന് അത് കയ്യിൽ എടുത്തു. അമ്പോ, അതിൽ തന്റെ ഭാര്യയുടെ പേരു തെളിഞ്ഞു നിൽക്കുന്നു! പ്രിയപ്പെട്ട ഭാര്യയുടെ പേരുള്ളതും, 'നോക്കിയാൽ' കാണുന്നതുമായ ആ സാധനത്തെ സ്നേഹത്തോടെ അദ്ദേഹം 'നോക്കിയ' എന്നു വിളിച്ചു. എന്നിട്ട്, അത്യാവശ്യം രസതന്ത്രവും ഊർജ്ജതന്ത്രവും അറിയാമായിരുന്ന പരിണാമത്തിന്റെ വക്താവ് ഇങ്ങനെ ചിന്തിച്ചു: "മരുഭൂമിയിലെ കടുത്ത വെയിലിൽ എണ്ണപ്പാടം തിളച്ചു മറിയുകയായിരുന്നിരിക്കണം. അത് ഉപരിതലത്തിലേക്ക് വന്ന് മണലും മൂലകങ്ങളുമായി കൂടിക്കുഴഞ്ഞിട്ടുണ്ടാകണം. പിന്നീട്, ലക്ഷോപലക്ഷം വർഷങ്ങൾ ആഞ്ഞടിച്ച കൊടുങ്കാറ്റിലും, കത്തിജ്വലിച്ച മിന്നൽപിണരിലും ഇടിമുഴക്കത്തിലും പെട്ട് എണ്ണ പ്ലാസ്റ്റിക്കായും, മണൽ ഗ്ലാസ് ആയും മാറി. മെറ്റൽ തനിയെ ഖനനം ചെയ്യപ്പെട്ട് പുറത്തു വന്നു. ഇവയെല്ലാം കൂടിചേർന്ന് വളരെ 'യാദൃശ്ചികമായി' 'മൊബൈൽ പ്ലാസം' എന്നൊരു വസ്തുവായി രൂപാന്തരം പ്രാപിച്ചു. വീണ്ടും, അനേക വർഷങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് അവസാനം ഇതാ ഈ നോക്കിയ എന്ന മൊബൈൽ ഫോണിന്റെ രൂപത്തിൽ ആയിരിക്കുന്നു. അതെ, ഇതുതന്നെയാണ് മൊബൈൽ ഫോണിന്റെ പരിണാമശാസ്ത്രം"!
അങ്ങനെ, ഡിങ്കൻ ശാസ്ത്രികളുടെ മൊബൈൽ പരിണാമസിദ്ധാന്തപ്രകാരം, 'നോക്കിയ' ആണ് ഭൂമുഖത്ത് ഏറ്റവുമാദ്യം പരിണമിച്ചു പ്രത്യക്ഷപ്പെട്ട 'ഏകകോശ' മൊബൈൽ വർഗ്ഗം!
വാൽക്കഷണം:
ബാലരമയും ബാലമംഗളവും ഇപ്പോൾ യുക്തിവാദികൾക്കെതിരെ ഒന്നടങ്കം കേസ് കൊടുത്തിരിക്കുകയാണ്. മായാവിയും ഡിങ്കനുമൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ കുട്ടികളാരും മാസിക വാങ്ങുന്നില്ലത്രേ!
No comments:
Post a Comment