Tuesday, 7 November 2017

ഒരു കാബൂൾ യാത്ര!

കന്യാകുമാരി മുതൽ കാശ്മ്മീരിന്റെ അങ്ങേത്തലവരെ പോകുന്ന ഹിമസാഗർ എക്സ്പ്രസ്സ് എറണാകുളം വിട്ടപ്പോൾ എന്റെ സീറ്റിൽ ഒരു വയസ്സൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളത്ര വെല്യ കാശുകാരനല്ലെന്നു സ്പഷ്ടമായിരുന്നു. അവിടവിടെ തുന്നലുള്ള മുഷിഞ്ഞ എയർബാഗും, ആ വേഷവും അതാണു പറഞ്ഞത്. അദ്ദേഹവും ലുധിയാനാക്കായിരിക്കാം. രണ്ടരദിവസം ഒപ്പം കഴിയേണ്ടതല്ലേ, ഞാൻ ചോദിച്ചു, 
"എങ്ങോട്ടാ?"
"അങ്ങോട്ടാ, കാശ്മീർക്ക്."
"അവിടെയാരാ?"
"അവിടെയല്ല, കാബൂളിൽ."
"അയ്യോ! അതഫ്ഗാനിസ്ഥാനിലല്ലേ, അമ്മാവാ? പാക്കിസ്ഥാനും കഴിഞ്ഞു പോകണ്ടേ? എല്ലാത്തിനും വിസായും പാസ്‌പോർട്ടുമൊക്കെ വേണ്ടേ?" ഞാൻ ചോദിച്ചു.
ഒന്നു മടിച്ചിട്ട്, അയാൾ പറഞ്ഞു,
"സുലുക്കുട്ടി പറഞ്ഞത്...." ഇത്രയും പറഞ്ഞിട്ടയാൾ നിർത്തി. ഒരു വല്ലാത്ത അക്ഷരപ്പിശകു പോലെ തോന്നിയപ്പോൾ ഞാൻ ചോദിച്ചു,
"കാബൂളിൽ അപ്പാപ്പന്റെ ആരായുള്ളത്?"
"അവിടെ പഷ്ടൂൺ കച്ചവടക്കാരാരെയെങ്കിലും കണ്ടാൽ മതി." വൃദ്ധൻ പറഞ്ഞു.
ആ വൃദ്ധന്റെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിത്തുടങ്ങിയതു കൊണ്ട്, പിന്നെ ഞാനൊന്നും ചോദിച്ചില്ല. എനിക്കും വല്ലാണ്ടായി; ഇയാളൊരു മനോരോഗി ആയിരിക്കാനിടയില്ലെന്നു മനസ്സു പറഞ്ഞു. കാശ്മീരിൽ ചെന്നാൽ കാബൂളിനെളുപ്പത്തിൽ പോകാമെന്ന് പറഞ്ഞ് ഏതോ ഒരു സുലുക്കുട്ടി ഈ വൃദ്ധനെ പറ്റിച്ചു കാണണം. സുലുക്കുട്ടി മാപ്പു നോക്കി പറഞ്ഞതായിരിക്കാനും മതി. അയാൾ തന്റെ കഥ പറഞ്ഞു, ഹൈസ്കൂളിൽ പോകാനേ പറ്റിയില്ല. സ്വയം അദ്ധ്വാനിച്ചു സമ്പാദിച്ച വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട അയാളുടെ കഥ മിണ്ടാതിരുന്നു ഞാൻ കേട്ടു.
"ഓള് നേരത്തെ പോയി. വർത്താനം പറയാൻ വാഴയും ചേനയും കപ്പയുമുണ്ടായിരുന്നപ്പോൾ ഒന്നുമറിഞ്ഞില്ല." അയാൾ പറഞ്ഞു നിർത്തി.
"കാബൂളിൽ പോയി എന്തു വാങ്ങിക്കാനാ?" ഞാൻ ചോദിച്ചു.
"കാബൂളികൾ പ്രതിഫലം മോഹിക്കാതെ സ്നേഹിക്കുന്നവരാ." ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. അയാൾ തുടർന്നു,
"കേട്ടിട്ടില്ലേ, കാബൂളിൽ നിന്നെത്തിയ വ്യാപാരിയുടെ കഥ, സ്കൂളിൽ സാറ് പഠിപ്പിച്ചത്?"
ഒരു കൊച്ചു ബംഗാളിപെൺകുട്ടിയെ വല്ലാതെ സ്നേഹിച്ചു പോയ ടാഗോറിന്റെ കാബൂളിവാലായുടെ കഥ എനിക്കോർമ്മ വന്നു. സ്നേഹത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തിന്റെ ആഴം അന്നാണു ഞാനാദ്യമായി മനസ്സിലാക്കിയത് - ടാഗോറിനെയും.
"ഒരു വീടു പോറ്റാനല്ലേ അയാൾ വീടും കുടുംബവും ഉപേക്ഷിച്ച് കൽക്കട്ടായിൽ വന്നത്? അയാള് ജയിലീന്ന് വരുന്ന വഴി ആ കൊച്ചിനെ കാണാനല്ലേ പോയത്?" വൃദ്ധൻ ചോദിച്ചു. ഞാൻ തിരിച്ചു ചോദിച്ചു,
"ഒരു കൊച്ചു കുഞ്ഞിനെ വീടും കൂടുമില്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും കളിക്കാൻ വിടുമോ? ഈ കാബൂളിവാലാ ഒരാളെ കൊല്ലുകയും ചെയ്തില്ലേ? കല്യാണ ചിലവു വെട്ടിച്ചുരുക്കിയുണ്ടാക്കിയ നൂറു രൂപാ, ഇന്നത്തെ കണക്കിൽ ഒരു ലക്ഷം, ഒരു ബന്ധോമില്ലാത്തോന് ആരെങ്കിലും വെറുതേ കൊടുക്കുമോ? ഇതു ടാഗോർ എഴുതിയ കഥയല്ലേ അമ്മാവാ?" എങ്കിലും ഞാനതിശയിച്ചു പോയി, കുറഞ്ഞത് അറുപതു വർഷങ്ങളോളം, കാലത്തിനു മായ്കാൻ കഴിയാതിരുന്ന ഒരു സ്നേഹബന്ധത്തിന്റെ കഥ അയാൾ ഒരു തരിപോലും വിടാതെ കൊണ്ടുനടന്നിരിക്കുന്നു. അതിശയിക്കാനെന്തിരിക്കുന്നു, ഞാനും മറന്നിട്ടുണ്ടായിരുന്നില്ലത്.
ട്രയിൻ ആലുവാ സ്റ്റേഷനിലേക്കു കയറിയിരുന്നപ്പോൾ. ട്രയിനിന്റെ വാതിൽക്കൽ നിന്നുള്ള തട്ടിന്റെയും മുട്ടിന്റെയും ബഹളത്തിന്റെയും ശബ്ദം അടുത്തു വരുന്നതിനു മുമ്പ് ഞാനാ മനുഷ്യനെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു,
"നമുക്ക് ലുധിയാനായിലിറങ്ങാം, അമ്മാവനൊരിക്കലും കാബൂളിനു പോകണ്ട!" ഇത് കേട്ടപ്പോൾ എന്റെ മുഖത്തു തറച്ചു നിന്ന ആ കണ്ണുകളുടെ തിളക്കം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.

No comments:

Post a Comment